വിദ്വേഷം—ഒരു ആഗോള പകർച്ചവ്യാധി
വിദ്വേഷം—ഒരു ആഗോള പകർച്ചവ്യാധി
ഒരു ഭീകരജീവി ഭൂഗോളത്തിലെങ്ങും സ്വൈരവിഹാരം നടത്തുകയാണ്. അതിന്റെ പേരാണ് വിദ്വേഷം.
അടുത്ത കാലത്തെ ഒരു വംശീയ വെടിപ്പാക്കലിന്റെ ദാരുണ ഫലങ്ങളിൽനിന്നു ബാൾക്കൻ മേഖലയിലെ ഒരു പ്രദേശം ഇനിയും മുക്തമായിട്ടില്ല. നൂറ്റാണ്ടുകളായി നിലനിന്ന ശത്രുത കൂട്ടസംഹാരത്തിലേക്കും ബലാത്സംഗങ്ങളിലേക്കും നയിച്ചു, ആളുകൾക്കു നാടു വിടേണ്ടിവന്നു. ശത്രുക്കൾ വീടുകളിലും ഗ്രാമങ്ങളിലും കൊള്ളയും കൊള്ളിവെപ്പും നടത്തി, വിളകൾ നശിപ്പിച്ചു, വളർത്തുമൃഗങ്ങളെ കൊന്നൊടുക്കി, തത്ഫലമായി പട്ടിണിയും പരിവട്ടവും നടമാടി. മാത്രമല്ല, എങ്ങും കുഴിബോംബുകൾ പാകിയിരിക്കുന്നു.
ദക്ഷിണ പൂർവേഷ്യയിലെ ഈസ്റ്റ് റ്റിമോറിൽ, നിഷ്ഠുരമായ കൊലപാതകങ്ങളെയും പീഡനത്തെയും നിർദയമായ വെടിവെപ്പിനെയും നിർബന്ധിത കുടിയിറക്കലിനെയും ഭയന്ന് 7,00,000 ആളുകൾക്കു സ്വന്തദേശം വിട്ട് പലായനം ചെയ്യേണ്ടിവന്നു. അവരുടെ പിന്നിൽ ശേഷിച്ചതോ അനധികൃത സൈനികരാൽ കൊള്ളയടിക്കപ്പെട്ട ഒരു ദേശവും. “വേട്ടയാടപ്പെടുന്ന ഒരു മൃഗത്തെപ്പോലെ തോന്നുന്നു എനിക്ക്,” തിക്താനുഭവങ്ങൾ സഹിക്കേണ്ടിവന്ന ഒരാൾ പറഞ്ഞു.
മോസ്കോയിൽ ഭീകരപ്രവർത്തകർ സ്ഥാപിച്ച ശക്തിയേറിയ ഒരു ബോംബു പൊട്ടി ഒരു അപ്പാർട്ടുമെന്റ് തകർന്നു. സ്ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ നിർദോഷികളായ 94 പേരുടെ ശരീരങ്ങൾ ചിന്നിച്ചിതറി. 150-ലേറെ പേർക്കു പരിക്കേറ്റു. അത്തരമൊരു ഭീകരസംഭവം കഴിയുമ്പോൾ ആളുകൾ ചോദിക്കുന്നു, ‘അടുത്തത് ആരായിരിക്കും?’
കാലിഫോർണിയയിലെ ലോസാഞ്ചലസിൽ ഒരു വർഗീയവാദി ഒരു കൂട്ടം നഴ്സറി കുട്ടികൾക്കു നേരെ നിറയൊഴിക്കുകയും പിന്നീട് ഫിലിപ്പീൻസുകാരനായ ഒരു പോസ്റ്റുമാനെ വെടിവെച്ചു കൊല്ലുകയും ചെയ്തു.
വിദ്വേഷത്തെ നിസ്സംശയമായും ഒരു ആഗോള പകർച്ചവ്യാധി എന്നു വിളിക്കാനാകും. വർഗീയമോ വംശീയമോ മതപരമോ ആയ ശത്രുത നിയമരാഹിത്യവുമായി കൈകോർക്കുമ്പോൾ എന്തു സംഭവിക്കുന്നുവെന്ന് ഓരോ ദിവസത്തെയും വാർത്താ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാഷ്ട്രങ്ങളും സമുദായങ്ങളും കുടുംബങ്ങളും ഛിന്നഭിന്നമാകുന്നതും രാഷ്ട്രങ്ങളിൽ കൂട്ട നരഹത്യ നടക്കുന്നതും നാം കാണുന്നു. ചിലർ “വ്യത്യസ്തർ” ആയിരിക്കുന്നതിന്റെ പേരിൽ മാത്രം വാക്കുകൾക്കു വിവരിക്കാനാവാത്തത്ര മനുഷ്യത്വഹീനമായ പ്രവൃത്തികൾ അവർക്കു നേരെ നടക്കുന്നതായി നാം കാണുന്നു.
വിദ്വേഷമെന്ന ഭീകരജീവിയെ എന്നെങ്കിലും കൂട്ടിലടയ്ക്കണമെങ്കിൽ, അത്തരം ദ്വേഷകരമായ അക്രമം എങ്ങനെ ഉടലെടുക്കുന്നു എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. വിദ്വേഷം മനുഷ്യ ജീനുകളിൽ ഉൾനട്ടിരിക്കുന്നതാണോ, അതോ മനുഷ്യൻ വളർത്തിയെടുക്കുന്നതാണോ? വിദ്വേഷത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ സാധിക്കുമോ?(g01 8/8)
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Kemal Jufri/Sipa Press