വിദ്വേഷത്തിന്റെ ചങ്ങല പൊട്ടിച്ചെറിയൽ
വിദ്വേഷത്തിന്റെ ചങ്ങല പൊട്ടിച്ചെറിയൽ
“നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ.”—മത്തായി 5:44.
രണ്ടു ശത്രു രാഷ്ട്രങ്ങളുടെ നേതാക്കന്മാർ ദിവസങ്ങളോളം സജീവമായ സമാധാന ചർച്ചകൾ നടത്തി. ശക്തമായ ഒരു വ്യവസായവത്കൃത രാജ്യത്തിന്റെ പ്രസിഡന്റ് അതിൽ സംബന്ധിക്കുകയും ഇരുനേതാക്കന്മാരെയും രമ്യതയിലാക്കാൻ തന്റെ ഗണ്യമായ സ്വാധീനവും കഴിവുകളും ഉപയോഗിക്കുകയും ചെയ്തു. എങ്കിലും, ഒടുവിൽ ഫലം ഏറെ നിരാശാജനകമായിരുന്നു. ആഴ്ചകൾക്കുള്ളിൽ പ്രശ്നങ്ങൾ വീണ്ടും തലപൊക്കി. “രണ്ടു ദശാബ്ദങ്ങൾക്കുള്ളിൽ ഇരുകൂട്ടരും തമ്മിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അക്രമം” എന്നാണ് ന്യൂസ്വീക്ക് മാസിക അതിനെ വിളിച്ചത്.
വിവിധ വംശീയ, ദേശീയ വിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷവും ശത്രുതയും ഇല്ലാതാക്കാൻ രാഷ്ട്രനേതാക്കൾ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അവ ഇപ്പോഴും ലോകമെങ്ങും അടക്കിവാഴുന്നു. വിദ്വേഷപൂരിതമായ സംഭവങ്ങളുടെ എണ്ണവും തീവ്രതയും വർധിക്കുകയാണ്. അജ്ഞതയും രൂഢമൂലമായ മുൻവിധിയും ദുഷ്പ്രചാരണവും അതിനു വളംവെക്കുകയും ചെയ്യുന്നു. ഇന്നത്തെ നേതാക്കന്മാർ പുത്തൻ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ വൃഥാ ശ്രമിക്കവേ, ഏറ്റവും നല്ല പരിഹാരം പഴയ ഒന്നാണെന്ന്, ഗിരിപ്രഭാഷണത്തിന്റെ അത്ര പഴക്കമുള്ളതാണെന്ന്, കാണാൻ അവർ പരാജയപ്പെടുന്നു. ആ പ്രഭാഷണം നടത്തിയപ്പോൾ, ദൈവത്തിന്റെ വഴികൾ അനുസരിച്ചു ജീവിക്കാൻ യേശുക്രിസ്തു തന്റെ ശ്രോതാക്കളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. പ്രസ്തുത അവസരത്തിലാണ് മുകളിൽ ഉദ്ധരിച്ച “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ” എന്ന പ്രസ്താവന അവൻ നടത്തിയത്. വിദ്വേഷത്തിനും മുൻവിധിക്കുമുള്ള ഏറ്റവും നല്ല പരിഹാരമാർഗം ആ ഉദ്ബോധനമാണ്, അതാണ് സാധ്യമായ ഏക പരിഹാര മാർഗവും!
ശത്രുക്കളെ സ്നേഹിക്കുക എന്ന ആശയത്തെ അങ്ങേയറ്റം ആദർശപൂർണവും അതേസമയം അപ്രായോഗികവുമായി സന്ദേഹവാദികൾ തള്ളിക്കളഞ്ഞേക്കാം. എന്നാൽ വെറുക്കുന്നതിനു പഠിക്കാൻ ആളുകൾക്കു കഴിയുമെങ്കിൽ, വെറുക്കാതിരിക്കാൻ പഠിക്കാനും അവർക്കു കഴിയുമെന്നു നിഗമനം ചെയ്യുന്നത് ന്യായമല്ലേ? അതുകൊണ്ട് യേശുവിന്റെ വാക്കുകൾ മനുഷ്യവർഗത്തിന് യഥാർഥ പ്രത്യാശ ഏകുന്നു. ദീർഘകാല ശത്രുത പോലും ഇല്ലാതാക്കാൻ സാധിക്കുമെന്ന് അവ പ്രകടമാക്കുന്നു.
യേശുവിന്റെ പ്രസംഗം കേട്ട യഹൂദന്മാരുടെ സാഹചര്യം പരിചിന്തിക്കുക. ശത്രുക്കളെ കണ്ടെത്താൻ അവർക്ക് അകലെയൊന്നും പോകേണ്ടിയിരുന്നില്ല. ആ പ്രദേശത്ത് അധീശത്വം പുലർത്തിയിരുന്ന റോമൻ സൈന്യങ്ങൾ യഹൂദന്മാരിൽനിന്നു മർദകമായി നികുതി പിരിക്കുകയും അവർക്കെതിരെ രാഷ്ട്രീയ കുതന്ത്രങ്ങൾ പ്രയോഗിക്കുകയും അവരെ ദ്രോഹിക്കുകയും ചൂഷണത്തിന് ഇരകളാക്കുകയും ചെയ്തിരുന്നു. (മത്തായി 5:39-42) നിസ്സാരമായ വിയോജിപ്പുകൾ പരിഹരിക്കാതെ വളരാൻ അനുവദിച്ചതു നിമിത്തം ചിലർ സഹയഹൂദരെ പോലും ശത്രുക്കളായി വീക്ഷിച്ചിരുന്നിരിക്കാം. (മത്തായി 5:21-24) തങ്ങളെ ദ്രോഹിക്കുകയും വേദനിപ്പിക്കുകയും ചെയ്ത വ്യക്തികളെ തന്റെ ശ്രോതാക്കൾ സ്നേഹിക്കണമെന്ന് യേശുവിന് യഥാർഥത്തിൽ പ്രതീക്ഷിക്കാൻ കഴിയുമായിരുന്നോ?
“സ്നേഹ”ത്തിന്റെ അർഥം
‘സ്നേഹം’ എന്നതുകൊണ്ട് യേശു ഇവിടെ പരാമർശിച്ചത് രണ്ടു സുഹൃത്തുക്കൾക്ക് ഇടയിൽ ഉള്ളതു പോലുള്ള വാത്സല്യത്തെ അല്ല എന്നത് ആദ്യംതന്നെ മനസ്സിലാക്കുക. മത്തായി 5:44-ൽ സ്നേഹം എന്നതിന് ഉപയോഗിച്ചിരിക്കുന്നത് അഗാപെ എന്ന ഗ്രീക്കുപദത്തിന്റെ ഒരു രൂപമാണ്. ആ പദത്തിന് തത്ത്വങ്ങളാൽ നയിക്കപ്പെടുന്ന അഥവാ ഭരിക്കപ്പെടുന്ന സ്നേഹം എന്ന അർഥമാണുള്ളത്. അതിൽ ഊഷ്മളമായ വാത്സല്യം അവശ്യം ഉണ്ടായിരിക്കണമെന്നില്ല. നീതിനിഷ്ഠമായ തത്ത്വങ്ങളാൽ നയിക്കപ്പെടുന്നതിനാൽ അത്തരം സ്നേഹം, മറ്റുള്ളവർ എങ്ങനെ പെരുമാറിയാലും അവരുടെ ഉത്തമ താത്പര്യങ്ങൾ അന്വേഷിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് വ്യക്തിപരമായ ശത്രുതകളെ കവിഞ്ഞുപോകാൻ അഗാപെ സ്നേഹത്തിനു കഴിയും. തന്നെ ക്രൂശിച്ച റോമൻ പടയാളികളെ ശപിക്കുന്നതിനു പകരം, ബൈബിൾ പറയുന്നതു പോലെ പിൻവരുന്ന രീതിയിൽ പ്രാർഥിച്ചപ്പോൾ അത്തരത്തിലുള്ള സ്നേഹം യേശുതന്നെ പ്രകടമാക്കി: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ.”—ലൂക്കൊസ് 23:34.
ലോകം വ്യാപകമായ ഒരു വിധത്തിൽ യേശുവിന്റെ പഠിപ്പിക്കലുകൾ സ്വീകരിക്കുകയും പരസ്പരം സ്നേഹിച്ചുതുടങ്ങുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാർഥ്യത്തിനു നിരക്കുന്ന സംഗതിയാണോ? അല്ല. കാരണം, ഈ ലോകം ഇനിയും നാശത്തിലേക്കു കൂപ്പുകുത്തുമെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. “ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും” എന്ന് 2 തിമൊഥെയൊസ് 3:13, 14 മുൻകൂട്ടി പറയുന്നു. എന്നാൽ, ബൈബിൾ പഠിക്കുന്നതിലൂടെ നീതിനിഷ്ഠമായ തത്ത്വങ്ങൾ സംബന്ധിച്ച നല്ല വിദ്യാഭ്യാസം നേടിക്കൊണ്ട് വ്യക്തികൾക്ക് വിദ്വേഷത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ സാധിക്കും. ഈ വിധത്തിൽ തങ്ങൾക്കു ചുറ്റും വ്യാപിച്ചിരിക്കുന്ന വിദ്വേഷത്തെ ചെറുക്കാൻ വ്യക്തികൾക്കു കഴിഞ്ഞിട്ടുണ്ടെന്ന് തെളിവുകൾ വ്യക്തമായി സൂചിപ്പിക്കുന്നു. ചില യഥാർഥ അനുഭവങ്ങൾ പരിചിന്തിക്കുക.
സ്നേഹിക്കാൻ പഠിക്കുന്നു
പതിമൂന്ന് വയസ്സുള്ള ഹോസേ ഒരു തീവ്രവാദി സംഘത്തിലെ അംഗമെന്ന നിലയിൽ ഗറില്ലാ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. a തനിക്കു ചുറ്റും കണ്ട അനീതികൾക്ക് ഉത്തരവാദികൾ എന്നു പറയപ്പെട്ടവരെ വെറുക്കാൻ അവൻ പഠിപ്പിക്കപ്പെട്ടു. അവരെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. തന്റെ സുഹൃത്തുക്കളിൽ പലരും മരിച്ചുവീഴുന്നതു കണ്ടപ്പോൾ അവനിൽ കടുത്ത നീരസവും പ്രതികാരചിന്തയും ഉടലെടുത്തു. ബോംബുകൾ ഉണ്ടാക്കുമ്പോൾ അവൻ തന്നോടുതന്നെ ഇങ്ങനെ ചോദിക്കുമായിരുന്നു, ‘ഇത്രയധികം കഷ്ടപ്പാടുകൾ ഉള്ളത് എന്തുകൊണ്ടാണ്? ഒരു ദൈവം ഉണ്ടെങ്കിൽ, അവൻ ഇതൊന്നും കാണുന്നില്ലേ?’ പലപ്പോഴും ആശയക്കുഴപ്പവും വിഷാദവും നിമിത്തം അവൻ കരയുമായിരുന്നു.
ഹോസേ ഒടുവിൽ സ്ഥലത്തെ യഹോവയുടെ സാക്ഷികളുടെ സഭയുമായി സമ്പർക്കത്തിൽ വന്നു. തന്റെ ആദ്യ സഭായോഗത്തിൽത്തന്നെ അവിടത്തെ സ്നേഹപുരസ്സരമായ അന്തരീക്ഷം അവൻ ശ്രദ്ധിച്ചു. ഊഷ്മളവും സൗഹാർദപരവുമായ രീതിയിൽ എല്ലാവരും അവനെ അഭിവാദനം ചെയ്തു. പിന്നീട് “ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?” എന്ന വിഷയത്തെ കുറിച്ചുള്ള ചർച്ചയിൽ അവന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിച്ചു. b
കാലക്രമത്തിൽ, തന്റെ ജീവിതത്തിലും ചിന്താരീതിയിലും മാറ്റങ്ങൾ വരുത്താൻ ബൈബിളിൽനിന്നുള്ള 1 യോഹന്നാൻ 3:14, 15, ഓശാന ബൈ.
കൂടുതലായ അറിവ് ഹോസേയെ സഹായിച്ചു. “സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. . . . ദ്വേഷിക്കുന്നവൻ കൊലയാളിയാണ്. കൊലയാളിയിൽ നിത്യജീവൻ കുടികൊള്ളുന്നില്ല” എന്ന് അവൻ പഠിച്ചു.—എന്നാൽ, തീവ്രവാദികളായ തന്റെ സുഹൃത്തുക്കളുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് വളരെ ദുഷ്കരമായിരുന്നു. അവൻ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ പോകുന്ന ഓരോ പ്രാവശ്യവും ആളുകൾ അവനെ പിന്തുടർന്നു. ഹോസേയിൽ അത്തരമൊരു പരിവർത്തനം വരുത്തിയത് എന്താണെന്ന് അറിയാൻ അവന്റെ ചില മുൻസുഹൃത്തുക്കൾ ഏതാനും യോഗങ്ങളിൽ സംബന്ധിക്കുക പോലും ചെയ്തു. അവൻ ഒരു ഒറ്റിക്കൊടുപ്പുകാരനോ അപകടകാരിയോ അല്ലെന്നു ബോധ്യമായതിൽപ്പിന്നെ അവർ അവനെ ശല്യം ചെയ്തിട്ടില്ല. 17-ാമത്തെ വയസ്സിൽ, യഹോവയുടെ സാക്ഷികളിൽ ഒരുവനായി ഹോസേ സ്നാപനമേറ്റു. പെട്ടെന്നുതന്നെ അവൻ മുഴുസമയം സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി. ആളുകളെ വധിക്കാൻ ആസൂത്രണം ചെയ്യുന്നതിനു പകരം, ഇപ്പോൾ അവൻ സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം അവരുടെ പക്കൽ എത്തിക്കുന്നു!
വംശീയ അതിർവരമ്പുകൾ മറികടക്കുന്നു
വംശീയ കൂട്ടങ്ങളിലെ അംഗങ്ങൾക്ക് തങ്ങളെ വേർതിരിച്ചു നിറുത്തുന്ന പ്രതിബന്ധങ്ങൾ മറികടക്കാൻ കഴിയുമോ? ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള അംഹാരിക് സംസാരിക്കുന്ന ഒരു കൂട്ടം യഹോവയുടെ സാക്ഷികളുടെ കാര്യം പരിചിന്തിക്കുക. ഏതാണ്ട് 35 പേർ അടങ്ങിയതാണ് ഈ കൂട്ടം—20 എത്യോപ്യക്കാരും 15 എറിട്രിയക്കാരും. അടുത്തകാലത്ത് ആഫ്രിക്കയിൽ എറിട്രിയക്കാരും എത്യോപ്യക്കാരും കടുത്ത യുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും, ഇവർ സമാധാനപൂർവം ഐക്യത്തിൽ ഒന്നിച്ച് ആരാധിക്കുന്നു.
എത്യോപ്യക്കാരനായ ഒരു സാക്ഷിയോട് അയാളുടെ കുടുംബാംഗങ്ങൾ ഇങ്ങനെ പറഞ്ഞിരുന്നു: ‘എറിട്രിയക്കാരെ ഒരിക്കലും വിശ്വസിക്കരുത്!’ എന്നാൽ ഇപ്പോൾ അദ്ദേഹം എറിട്രിയക്കാരായ സഹക്രിസ്ത്യാനികളെ വിശ്വസിക്കുന്നു എന്നു മാത്രമല്ല, അവരെ സഹോദരാ, സഹോദരീ എന്നു വിളിക്കുകയും ചെയ്യുന്നു! എറിട്രിയക്കാർ സാധാരണഗതിയിൽ ടിഗ്രിന്യ ഭാഷയാണ് സംസാരിക്കുന്നതെങ്കിലും, അവർ എത്യോപ്യൻ സഹോദരങ്ങളുടെ ഭാഷയായ അംഹാരിക് പഠിക്കാൻ തീരുമാനിച്ചു. തങ്ങൾക്ക് ഒരുമിച്ചു ബൈബിൾ പഠിക്കാൻ കഴിയുന്നതിനായിരുന്നു അത്. “സമ്പൂർണ്ണതയുടെ ബന്ധമായ” ദൈവിക സ്നേഹത്തിന്റെ ശക്തിയുടെ എത്ര വിസ്മയകരമായ സാക്ഷ്യം!—കൊലൊസ്സ്യർ 3:14.
കഴിഞ്ഞകാലത്തോടു വിട പറയുന്നു
മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് ഒരുവൻ വിധേയനായിരിക്കുന്നെങ്കിലോ? തന്നെ പീഡിപ്പിച്ചവരോടു ശത്രുത പുലർത്തുക സ്വാഭാവികമല്ലേ? ജർമനിയിൽ നിന്നുള്ള ഒരു സാക്ഷിയായ മാൻഫ്രേറ്റിന്റെ കാര്യം പരിചിന്തിക്കുക. യഹോവയുടെ സാക്ഷികളിൽ ഒരുവനാണെന്ന ഒറ്റ കാരണത്താൽ അദ്ദേഹത്തിന് ആറു വർഷം കമ്മ്യൂണിസ്റ്റ് ജയിലിൽ കഴിയേണ്ടിവന്നു. എന്നാൽ അദ്ദേഹത്തിനു തന്റെ ശത്രുക്കളോട് റോമർ 12:17, 18.
എപ്പോഴെങ്കിലും വിദ്വേഷം തോന്നുകയോ പ്രതികാരം ചെയ്യണമെന്ന ചിന്ത ഉണ്ടാവുകയോ ചെയ്തിരുന്നോ? “ഇല്ല” എന്ന് അദ്ദേഹം പറഞ്ഞു. സാർബ്രൂയെക്ക റ്റ്സൈറ്റുങ് എന്ന ജർമൻ പത്രം പറയുന്നതനുസരിച്ച്, മാൻഫ്രേറ്റ് ഇങ്ങനെ വിശദീകരിച്ചു: “അനീതി പ്രവർത്തിക്കുകയോ അനീതിക്കു പകരം ചെയ്യുകയോ ആണെങ്കിൽ, . . . പുതിയ ഒരു അനീതിയിലേക്കു നയിക്കുന്ന ഒരു പ്രക്രിയയ്ക്കു തുടക്കമിടുകയായിരിക്കും നാം ചെയ്യുക.” മാൻഫ്രേറ്റ് വ്യക്തമായും ബൈബിളിലെ പിൻവരുന്ന വാക്കുകൾ ബാധകമാക്കി: “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാതെ . . . കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.”—വിദ്വേഷമില്ലാത്ത ഒരു ലോകം!
ഇക്കാര്യത്തിൽ യഹോവയുടെ സാക്ഷികൾ പൂർണരാണ് എന്ന് അവകാശപ്പെടുന്നില്ല. മുൻകാല ശത്രുതയും വിദ്വേഷവും മറികടക്കുക എളുപ്പമല്ലെന്ന് അവർ പലപ്പോഴും കണ്ടെത്തുന്നു. ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ തുടർച്ചയായ കഠിന ശ്രമം ആവശ്യമാണ്. എന്നാൽ പൊതുവേ, യഹോവയുടെ സാക്ഷികൾ വിദ്വേഷത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാനുള്ള ബൈബിളിന്റെ ശക്തിയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ഭവന ബൈബിൾ അധ്യയന ക്രമീകരണത്തിലൂടെ, വർഗീയവാദത്തിന്റെയും രൂഢമൂലമായ മുൻവിധിയുടെയും ചങ്ങല പൊട്ടിച്ചെറിയാൻ അവർ ഓരോ വർഷവും ആയിരങ്ങളെ സഹായിക്കുന്നു. c (“വിദ്വേഷത്തെ തരണം ചെയ്യാൻ ബൈബിളിന്റെ ബുദ്ധിയുപദേശം” എന്ന ചതുരം കാണുക.) വിദ്വേഷത്തെയും അതിന്റെ കാരണങ്ങളെയും പാടേ തുടച്ചുമാറ്റുന്ന, ഉടൻ നടക്കാൻ പോകുന്ന ആഗോള വിദ്യാഭ്യാസ പരിപാടിയുടെ ഒരു ചെറിയ പൂർവദൃശ്യം മാത്രമാണ് ആ വിജയം. ദൈവത്തിന്റെ രാജ്യത്തിന്റെ അഥവാ ആഗോള ഗവൺമെന്റിന്റെ കീഴിലായിരിക്കും ആ ഭാവി വിദ്യാഭ്യാസ പരിപാടി നടക്കുക. മാതൃകാ പ്രാർഥനയിൽ ആ രാജ്യത്തിനായി “നിന്റെ രാജ്യം വരേണമേ” എന്നു പ്രാർഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചു.—മത്തായി 6:9, 10.
ഈ സ്വർഗീയ ഗവൺമെന്റിന്റെ കീഴിൽ ‘ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കും’ എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 11:9; 54:13) മിക്കപ്പോഴും ഉദ്ധരിക്കപ്പെടുന്ന യെശയ്യാ പ്രവാചകന്റെ വാക്കുകൾക്ക് അപ്പോൾ ഒരു ആഗോള നിവൃത്തി ഉണ്ടാകും: “[ദൈവം] ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” (യെശയ്യാവു 2:4) അങ്ങനെ ദൈവംതന്നെ വിദ്വേഷത്തിന്റെ ചങ്ങല നിത്യമായി പൊട്ടിച്ചെറിയും.(g01 8/8)
[അടിക്കുറിപ്പുകൾ]
a ഇത് യഥാർഥ പേരല്ല.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ “ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?” എന്ന 8-ാം അധ്യായം കാണുക.
c നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുകവഴി സൗജന്യ ഭവന ബൈബിൾ അധ്യയനത്തിൽ നിന്നുള്ള പ്രയോജനം നിങ്ങൾക്ക് നേടാനാകും.
[11-ാം പേജിലെ ചതുരം]
വിദ്വേഷത്തെ തരണം ചെയ്യാൻ ബൈബിളിന്റെ ബുദ്ധിയുപദേശം
● “നിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ?” (യാക്കോബ് 4:1) സ്വാർഥ മോഹങ്ങൾ നിയന്ത്രിക്കാൻ പഠിച്ചാൽ, പലപ്പോഴും മറ്റുള്ളവരുമായുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കഴിയും.
● “ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കേണം.” (ഫിലിപ്പിയർ 2:4) അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കാനാകുന്ന മറ്റൊരു മാർഗം സ്വന്തം താത്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്കു ശ്രദ്ധ കൊടുക്കുക എന്നതാണ്.
● “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.” (സങ്കീർത്തനം 37:8) നാശകരമായ പ്രവണതകൾ നമുക്കു നിയന്ത്രിക്കാനാകും, നാം അങ്ങനെ ചെയ്യേണ്ടതുമാണ്.
● ‘ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ ദൈവം ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.’ (പ്രവൃത്തികൾ 17:24, 26) നാമെല്ലാം ഒരേ മനുഷ്യ കുടുംബത്തിലെ അംഗങ്ങൾ ആയതിനാൽ നമ്മുടെ വർഗം മറ്റൊരു വർഗത്തെക്കാൾ ശ്രേഷ്ഠമാണെന്നു വിചാരിക്കുന്നതിൽ യാതൊരു അർഥവുമില്ല.
● “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.” (ഫിലിപ്പിയർ 2:3) മറ്റുള്ളവരെ അവജ്ഞയോടെ വീക്ഷിക്കുന്നത് തെറ്റാണ്—കാരണം മറ്റു വ്യക്തികൾക്ക് പലപ്പോഴും നമുക്ക് ഇല്ലാത്ത പ്രാപ്തികളോ കഴിവുകളോ ഉണ്ടായിരിക്കും. ഏതെങ്കിലും ഒരു വർഗത്തിലോ സംസ്കാരത്തിലോ പെട്ടവർക്കു നല്ലതായ സകലത്തിന്റെയും കുത്തകാവകാശമുണ്ടെന്നു വിചാരിക്കരുത്.
● ‘അവസരം കിട്ടുംപോലെ എല്ലാവർക്കും നന്മചെയ്ക.’ (ഗലാത്യർ 6:10) വർഗമോ സംസ്കാരമോ ഏതെന്നു നോക്കാതെ മറ്റുള്ളവരോടു സൗഹൃദം പുലർത്താനും അവരെ സഹായിക്കാനും മുൻകൈ എടുക്കുന്നെങ്കിൽ, വലിയൊരു അളവുവരെ ആശയവിനിമയ വിടവ് നികത്താനും തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും നമുക്കു സാധിക്കും.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
എത്യോപ്യക്കാരും എറിട്രിയക്കാരുമായ സാക്ഷികൾ ഒത്തൊരുമിച്ച് സമാധാനത്തോടെ ആരാധിക്കുന്നു
[10-ാം പേജിലെ ചിത്രം]
കമ്മ്യൂണിസ്റ്റ് ജയിലിനെ അതിജീവിച്ച മാൻഫ്രേറ്റ് വിദ്വേഷത്തിന് അടിമപ്പെടാൻ വിസമ്മതിച്ചു
[10-ാം പേജിലെ ചിത്രം]
ആളുകളെ ഭിന്നിപ്പിച്ചു നിറുത്തുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കാൻ ബൈബിളിനു സഹായിക്കാനാകും