വിദ്വേഷത്തിന്റെ മൂലകാരണങ്ങൾ
വിദ്വേഷത്തിന്റെ മൂലകാരണങ്ങൾ
മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ വിദ്വേഷം തലപൊക്കി. ഉല്പത്തി 4:8-ലെ ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.” “അവനെ കൊല്ലുവാൻ സംഗതി എന്തു?” എന്നു ബൈബിൾ എഴുത്തുകാരനായ യോഹന്നാൻ ചോദിക്കുന്നു. “തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.” (1 യോഹന്നാൻ 3:12) വിദ്വേഷത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നായ അസൂയ ഹാബേലിന്റെ ജീവനപഹരിച്ചു. “അസൂയ പുരുഷനെ കോപാകുലനാക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 6:34 (പി.ഒ.സി. ബൈബിൾ) പറയുന്നു. സമൂഹത്തിലെ സ്ഥാനം, സമ്പത്ത്, വിഭവങ്ങൾ, മറ്റു നേട്ടങ്ങൾ എന്നിവയെ ചൊല്ലിയുള്ള അസൂയ നിമിത്തം ആളുകൾ ഇന്നും തമ്മിലടിക്കുന്നു.
അജ്ഞതയും ഭയവും
എന്നാൽ വിദ്വേഷത്തിന്റെ നിരവധി കാരണങ്ങളിൽ ഒന്നു മാത്രമാണ് അസൂയ. പലപ്പോഴും വിദ്വേഷത്തിനു തിരി കൊളുത്തുന്ന ഘടകങ്ങളാണ് അജ്ഞതയും ഭയവും. “ദ്വേഷിക്കാൻ പഠിക്കുന്നതിനു മുമ്പ് ഭയപ്പെടാനാണ് ഞാൻ പഠിച്ചത്,” അക്രമാസക്തമായ ഒരു വർഗീയവാദി സംഘത്തിലെ ഒരു യുവ അംഗം പറഞ്ഞു. മിക്കപ്പോഴും അത്തരം ഭയത്തിന്റെ ഏറ്റവും അടിസ്ഥാന കാരണം അജ്ഞതയാണ്. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്, മുൻവിധിയുള്ള ആളുകൾ “ലഭ്യമായ തെളിവിനു നിരക്കാത്ത” നിഗമനങ്ങൾ വെച്ചുപുലർത്താൻ പ്രവണത കാണിക്കുന്നു. “മുൻവിധിയുള്ളവർക്ക്, മുന്നമേ നിശ്ചയിച്ചുറച്ച തങ്ങളുടെ അഭിപ്രായങ്ങൾക്കു വിരുദ്ധമായ വസ്തുതകളെ വളച്ചൊടിക്കാനും തെറ്റായി ചിത്രീകരിക്കാനും അവഗണിക്കാനും പോലുമുള്ള പ്രവണത ഉണ്ട്” എന്നും അതു പ്രസ്താവിക്കുന്നു.
ഈ അഭിപ്രായങ്ങൾ എവിടെനിന്നാണു വരുന്നത്? ഇന്റർനെറ്റിലെ ഒരു ഇൻഫർമേഷൻ സർവീസ് വെബ് സൈറ്റ് ഇപ്രകാരം പറയുന്നു:
“സാംസ്കാരികമായ പല മുൻവിധികൾക്കും നിദാനം കഴിഞ്ഞകാല സംഭവങ്ങളാണ്, എന്നാൽ നമ്മുടെതന്നെ ജീവിതത്തിലെ കഴിഞ്ഞകാല സംഭവങ്ങളാണ് നമ്മുടെ പല മുൻവിധികൾക്കും കാരണം.”ഉദാഹരണത്തിന്, അമേരിക്കയിലെ അടിമക്കച്ചവടം വെള്ളക്കാർക്കും ആഫ്രിക്കൻ വംശജർക്കും ഇടയിൽ സംഘർഷത്തിന്റെ ഒരു കാലഘട്ടത്തിനു തുടക്കം കുറിച്ചു, ഇന്നോളം അതു നിലനിന്നിരിക്കുന്നു. മിക്കപ്പോഴും നിഷേധാത്മകമായ വർഗീയ വീക്ഷണങ്ങൾ മാതാപിതാക്കളിൽനിന്ന് കുട്ടികൾക്കു കൈമാറിക്കിട്ടുന്നു. അങ്ങനെ “കറുത്തവർഗക്കാരുമായി യാതൊരു സമ്പർക്കവും ഇല്ലാതിരുന്ന ഒരു സാഹചര്യത്തിൽ” താൻ അവർക്കെതിരെ നിഷേധാത്മക വർഗീയ വികാരങ്ങൾ വളർത്തിയെടുത്തതായി വെള്ളക്കാരനായ ഒരു വർഗീയവാദി തുറന്നു പറഞ്ഞു.
തങ്ങളിൽനിന്നു വ്യത്യസ്തരായ ആളുകൾ ഒന്നിനും കൊള്ളാത്തവർ ആണെന്നു വിശ്വസിക്കുന്നവരുമുണ്ട്. മറ്റു വർഗത്തിലോ സംസ്കാരത്തിലോ പെട്ട ആരിലെങ്കിലും നിന്നുണ്ടായ ഒരു അനുഭവത്തിന്റെ ഫലമായിട്ടാകാം ഈ അഭിപ്രായം രൂപംകൊണ്ടിരിക്കുന്നത്. ആ അനുഭവം മനസ്സിൽ വെച്ചുകൊണ്ട്, പ്രസ്തുത വർഗത്തിലോ സംസ്കാരത്തിലോ ഉള്ള സകലരും മോശമായ സ്വഭാവവിശേഷതകൾ ഉള്ളവരാണെന്ന് അവർ കണ്ണുമടച്ചു നിഗമനം ചെയ്യുന്നു.
വ്യക്തികളിൽ രൂഢമൂലമായ മുൻവിധി അതിൽത്തന്നെ ദോഷകരമാണെന്നിരിക്കെ, അത് ഒരു ജനതയെയോ വർഗത്തെയോ ഒന്നാകെ ബാധിക്കുന്നെങ്കിൽ അതിനു മാരകമായിത്തീരാൻ കഴിയും. ഒരുവന്റെ ദേശീയതയും തൊലിയുടെ നിറവും സംസ്കാരവും ഭാഷയും തന്നെ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാക്കുന്നു എന്ന വിശ്വാസം രൂഢമൂലമായ മുൻവിധിക്കും വിദേശീയമായ എല്ലാത്തിനോടുമുള്ള വിദ്വേഷത്തിനും ഇടയാക്കിയേക്കാം. അത്തരം രൂഢമൂലമായ മുൻവിധി 20-ാം നൂറ്റാണ്ടിൽ പലപ്പോഴും അക്രമത്തിലേക്കു നയിക്കുകയുണ്ടായി.
എന്നാൽ, വിദ്വേഷവും മുൻവിധിയും അവശ്യം ത്വക്കിന്റെ നിറമോ ദേശീയതയോ സംബന്ധിച്ചുള്ളത് ആയിരിക്കണമെന്നില്ല. “ഒരു നാണയം കറക്കിയിട്ടുകൊണ്ട് എന്നതുപോലെ വെറുതെ ആളുകളെ രണ്ടു ഗ്രൂപ്പുകളായി തിരിക്കുന്നുവെന്നു കരുതുക, തങ്ങളുടേത് ഏതു ഗ്രൂപ്പാണോ അതിനോട് അവർക്ക് ആഭിമുഖ്യം തോന്നാൻ അതു മതി” എന്നു പെൻസിൽവേനിയ സർവകലാശാലയിലെ
ഗവേഷകനായ ക്ലാർക്ക് മക്കോളി എഴുതുന്നു. മൂന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന ഒരു അധ്യാപിക പ്രസിദ്ധമായ ഒരു പരീക്ഷണത്തിന്റെ ഭാഗമെന്ന നിലയിൽ അതു പ്രകടിപ്പിച്ചു കാണിച്ചു. ക്ലാസ്സിലെ കുട്ടികളെ അവർ നീല കണ്ണുള്ളവർ എന്നും തവിട്ടു കണ്ണുള്ളവർ എന്നും രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. രണ്ടു വിഭാഗങ്ങളും തമ്മിൽ ശത്രുത ഉടലെടുക്കാൻ അധികം സമയം വേണ്ടിവന്നില്ല. വ്യത്യസ്ത സ്പോർട്സ് ടീമുകളോടുള്ള ആഭിമുഖ്യം പോലെ നിസ്സാരമായ കാര്യങ്ങളിൽ പോലും വ്യത്യസ്ത വിഭാഗക്കാർ തമ്മിൽ ഉഗ്രമായ സംഘട്ടനങ്ങൾ ഉണ്ടായിട്ടുണ്ട്.ഇത്രയധികം അക്രമം എന്തുകൊണ്ട്?
ശത്രുത മിക്കപ്പോഴും അക്രമാസക്തമായ വിധങ്ങളിൽ പ്രകടിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഗവേഷകർ അത്തരം വിഷയങ്ങളെ കുറിച്ച് ഗഹനമായ പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, അവർക്ക് ഇപ്പോഴും സിദ്ധാന്തങ്ങൾ മുന്നോട്ടു വെക്കാനേ കഴിയുന്നുള്ളൂ. മനുഷ്യ അക്രമത്തെയും ഹിംസയെയും കുറിച്ചുള്ള വളരെയേറെ ഗവേഷണ വിവരങ്ങൾ ക്ലാർക്ക് മക്കോളി സമാഹരിക്കുകയുണ്ടായി. “അക്രമാസക്ത കുറ്റകൃത്യത്തിന് യുദ്ധം ചെയ്യുന്നതിനോടും യുദ്ധത്തിൽ വിജയിക്കുന്നതിനോടും ബന്ധമുണ്ട്” എന്നു സൂചിപ്പിക്കുന്ന ഒരു പഠനം അദ്ദേഹം ഉദ്ധരിക്കുന്നു. “ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ പങ്കെടുത്ത രാഷ്ട്രങ്ങൾ, പ്രത്യേകിച്ചും ആ യുദ്ധങ്ങളിൽ വിജയിച്ച രാഷ്ട്രങ്ങൾ, യുദ്ധശേഷം നരഹത്യയിൽ കൂടുതലായി ഏർപ്പെട്ടതായി കാണുന്നു” എന്നു ഗവേഷകർ കണ്ടെത്തി. ബൈബിൾ പറയുന്നതനുസരിച്ച്, യുദ്ധത്തിന്റെ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. (മത്തായി 24:6) മറ്റു തരത്തിലുള്ള അക്രമത്തിന്റെ വർധനയ്ക്ക് ഒരുപക്ഷേ അത്തരത്തിലുള്ള യുദ്ധങ്ങൾ ഏതെങ്കിലും വിധത്തിൽ സംഭാവന ചെയ്തിട്ടുണ്ടായിരിക്കുമോ?
മറ്റു ചില ഗവേഷകർ മനുഷ്യന്റെ അക്രമസ്വഭാവത്തിനു ജൈവശാസ്ത്രപരമായ വിശദീകരണം തേടുന്നു. ചില തരത്തിലുള്ള അക്രമ സ്വഭാവങ്ങളെ “മസ്തിഷ്കത്തിലെ സിറോട്ടോണിന്റെ താഴ്ന്ന അളവിനോട്” ബന്ധപ്പെടുത്താൻ ഒരു ഗവേഷണത്തിൽ ശ്രമം നടന്നു. മനുഷ്യന്റെ അക്രമസ്വഭാവം മനുഷ്യ ജീനുകളിൽ ഒളിഞ്ഞുകിടക്കുന്നു എന്നതാണ് പ്രസിദ്ധമായ മറ്റൊരു അനുമാനം. “[വിദ്വേഷത്തിൽ] അധികവും സഹജമായിരിക്കാം” എന്ന് ഒരു രാഷ്ട്ര മീമാംസകൻ വാദിച്ചു.
മോശമായ ചായ്വുകളോടും പോരായ്മകളോടും കൂടിയാണ് അപൂർണ മനുഷ്യർ ജനിക്കുന്നതെന്നു ബൈബിൾ പറയുന്നുണ്ട്. (ഉല്പത്തി 6:5; ആവർത്തനപുസ്തകം 32:5) തീർച്ചയായും, അത് എല്ലാ മനുഷ്യരുടെയും കാര്യത്തിൽ സത്യമാണ്. എന്നാൽ എല്ലാ മനുഷ്യരും മറ്റുള്ളവരോട് അന്യായമായ വിദ്വേഷം പുലർത്തുന്നില്ല. അതു വളർത്തിയെടുക്കുന്നതാണ്. ശിശുക്കളിൽ “നശീകരണ പ്രവണത ഒട്ടുംതന്നെ ഇല്ല . . . പ്രചോദനം നൽകുന്ന ഏതൊരു വസ്തുവിനെയും ഏതൊരു വ്യക്തിയെയും സമീപിച്ചുകൊണ്ട് അവർ ക്രിയാത്മക സ്വഭാവം പ്രകടമാക്കുന്നു” എന്ന് വിഖ്യാത മനഃശാസ്ത്രജ്ഞനായ ഗോർഡൻ ഡബ്ലിയു. ഓൾപോർട്ട് അഭിപ്രായപ്പെട്ടു. അക്രമസ്വഭാവവും മുൻവിധിയും വിദ്വേഷവും പ്രാഥമികമായും മനുഷ്യർ വളർത്തിയെടുക്കുന്നവ ആണെന്ന് അത്തരം അഭിപ്രായങ്ങൾ സ്ഥാപിക്കുന്നു! ദ്വേഷിക്കാൻ പഠിക്കുന്നതിനുള്ള മനുഷ്യന്റെ കഴിവിനെ വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്നവർ വളരെയധികം മുതലെടുത്തിരിക്കുന്നു.
മനസ്സിനെ വിഷലിപ്തമാക്കുന്നു
നവനാസി സ്കിൻഹെഡുകൾ, കു ക്ലുക്സ് ക്ലാൻ തുടങ്ങിയ നിരവധി വിദ്വേഷ വിഭാഗങ്ങളുടെ നേതാക്കന്മാർ ഇതിന്റെ മുൻനിരക്കാരാണ്. ഈ വിഭാഗങ്ങൾ തങ്ങളുടെ പ്രസ്ഥാനത്തിൽ ചേർക്കാനായി മിക്കപ്പോഴും നോട്ടമിടുന്നത് പ്രശ്നബാധിത കുടുംബങ്ങളിൽനിന്നു തങ്ങൾക്കു വലയിലാക്കാൻ കഴിയുന്ന യുവജനങ്ങളെയാണ്. അരക്ഷിതത്വവും അപകർഷതാബോധവും ഉള്ള യുവജനങ്ങൾ, വിദ്വേഷ വിഭാഗങ്ങൾ തങ്ങളെ സ്വന്തമെന്ന പോലെ കരുതുന്നു എന്ന് വിചാരിച്ചേക്കാം.
വിദ്വേഷത്തെ ഉന്നമിപ്പിക്കാൻ ചിലർ ഉപയോഗിച്ചിട്ടുള്ള പ്രത്യേകിച്ചും ശക്തമായ ഒരു ഉപാധിയാണ് ഇന്റർനെറ്റ്. അടുത്ത കാലത്തെ ഒരു കണക്ക് അനുസരിച്ച്, വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്ന 1,000-ത്തോളം വെബ് സൈറ്റുകൾ ഇന്റർനെറ്റിൽ ഉണ്ട്. അത്തരം വെബ് സൈറ്റുകളിൽ ഒന്നിന്റെ ഉടമ പിൻവരുന്നപ്രകാരം വീമ്പിളക്കിയതായി ദി ഇക്കണോമിസ്റ്റ് മാസിക പറയുന്നു: “ഇന്റർനെറ്റിലൂടെ ഞങ്ങളുടെ വീക്ഷണം ലക്ഷക്കണക്കിന് ആളുകളുടെ പക്കൽ എത്തിക്കാൻ കഴിഞ്ഞിരിക്കുന്നു.” അയാളുടെ വെബ് സൈറ്റിൽ “കുട്ടികളുടെ പേജ്” പോലും ഉണ്ട്.
കുട്ടികൾ സംഗീതത്തിനായി ഇന്റർനെറ്റിൽ തിരയുമ്പോൾ, വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്ന സംഗീതം ഉള്ള വെബ് സൈറ്റുകൾ യാദൃച്ഛികമായി കണ്ടെത്തിയേക്കാം. അത്തരം സംഗീതം സാധാരണഗതിയിൽ വളരെ ഉച്ചത്തിലുള്ളതും ഉഗ്രവും വരികൾ തീവ്രമായ വർഗീയ വികാരങ്ങളെ ഉണർത്തുന്ന സന്ദേശങ്ങൾ അടങ്ങിയവയുമാണ്. കൂടാതെ ഈ വെബ് സൈറ്റുകൾ വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്ന ന്യൂസ്ഗ്രൂപ്പുകൾ, ചാറ്റ് റൂമുകൾ, മറ്റ് വെബ് സൈറ്റുകൾ എന്നിവയിലേക്കു പോകാനുള്ള വഴി തുറക്കുന്നു.
വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്ന ചില വെബ് സൈറ്റുകളിൽ യുവജനങ്ങൾക്കായുള്ള കളികളും മറ്റു പ്രവർത്തനങ്ങളും അടങ്ങുന്ന പ്രത്യേക ഭാഗങ്ങൾ ഉണ്ട്. വർഗീയവാദത്തെയും യഹൂദവിരോധത്തെയും പ്രോത്സാഹിപ്പിക്കാൻ നവനാസികളുടെ ഒരു വെബ് സൈറ്റ് ബൈബിളിനെ ഉപയോഗിക്കാൻ ശ്രമിക്കുന്നു. വർഗീയവാദ വിവരങ്ങൾ അടങ്ങിയ പദപ്രശ്നങ്ങൾക്കുള്ള ഒരു പേജും ഈ വിഭാഗത്തിനുണ്ട്. എന്താണ് അതിന്റെ ഉദ്ദേശ്യം? “ഞങ്ങളുടെ പോരാട്ടം എന്തിനാണെന്നു മനസ്സിലാക്കാൻ വെള്ളക്കാരായ യുവജനങ്ങളെ സഹായിക്കുക എന്നതാണ്.”
എന്നാൽ വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരുമൊന്നും ഭ്രാന്തൻ സംഘങ്ങളുടെ ഭാഗമല്ല. ബാൾക്കൻ ഉപഭൂഖണ്ഡത്തിൽ അടുത്തകാലത്തു നടന്ന പോരാട്ടങ്ങളെ കുറിച്ച് എഴുതിയ ഒരു സാമൂഹിക ശാസ്ത്രജ്ഞൻ ആളുകൾ ആദരിക്കുന്ന ചില ഗ്രന്ഥകർത്താക്കളെയും പൊതുജനങ്ങൾ പുലർത്തുന്ന അഭിപ്രായത്തിനുമേൽ വലിയ സ്വാധീനമുള്ള മറ്റുള്ളവരെയും കുറിച്ച് ഇങ്ങനെ എഴുതി: “തങ്ങളുടെ സ്വന്തനാട്ടുകാരുടെ ഏറ്റവും അധമമായ ചായ്വുകളെ തൃപ്തിപ്പെടുത്തുകയും അവരുടെ തീക്ഷ്ണമായ വിദ്വേഷത്തെ ആളിക്കത്തിക്കുകയും . . . യാതൊരു പെരുമാറ്റവും തെറ്റല്ലെന്നു വീക്ഷിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് അവരുടെ ന്യായബോധത്തെ ഇരുട്ടിലാഴ്ത്തുകയും യാഥാർഥ്യത്തെ കോട്ടിക്കളയുകയും ചെയ്യുന്ന വിധത്തിലുള്ള എഴുത്തുശൈലി [അവർ] സ്വീകരിച്ചതു കണ്ട് ഞാൻ സ്തംഭിച്ചുപോയി.”
ഇക്കാര്യത്തിൽ പുരോഹിതന്മാർക്കുള്ള പങ്കിനെ കണ്ടില്ലെന്നു നടിക്കാനാവില്ല. വിശുദ്ധ വിദ്വേഷം: 90-കളിലെ മതപോരാട്ടങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ജയിംസ് എ. ഹോട്ട് ഞെട്ടിക്കുന്ന ഈ പ്രസ്താവന നടത്തുന്നു: “മനുഷ്യരോടു ദയയും താത്പര്യവും പ്രകടിപ്പിക്കാൻ പ്രതീക്ഷിക്കപ്പെടുന്ന മതം വിദ്വേഷത്തെയും യുദ്ധത്തെയും ഭീകരപ്രവർത്തനത്തെയും ഉന്നമിപ്പിക്കുന്ന ഏറ്റവും വലിയ ഘടകമായിത്തീർന്നിരിക്കുന്നു എന്നതാണ് 1990-കളിലെ വലിയൊരു വൈരുദ്ധ്യം.”
അതിനാൽ, വിദ്വേഷത്തിന്റെ കാരണങ്ങൾ ബഹുലവും സങ്കീർണവുമാണ്. വിദ്വേഷപൂരിതമായ ചരിത്രത്തിലെ തെറ്റുകൾ ആവർത്തിക്കുന്നതു തടയാൻ മനുഷ്യവർഗത്തിന് യാതൊരു മാർഗവും ഇല്ലെന്നാണോ അതിന്റെ അർഥം? വിദ്വേഷം ഉളവാക്കുന്ന തെറ്റിദ്ധാരണയെയും അജ്ഞതയെയും ഭയത്തെയും മറികടക്കാൻ വ്യക്തിപരമായും ആഗോളതലത്തിലും എന്തെങ്കിലും ചെയ്യാനാകുമോ?(g01 8/8)
[6-ാം പേജിലെ ആകർഷകവാക്യം]
മുൻവിധിയും വിദ്വേഷവും ആളുകൾ വളർത്തി എടുക്കുന്നതാണ്!
[4, 5 പേജുകളിലെ ചിത്രം]
വിദ്വേഷത്തിന്റെയും മുൻവിധിയുടെയും . . .
. . . വികാരങ്ങളോടെയല്ല നാം ജനിച്ചിരിക്കുന്നത്
[7-ാം പേജിലെ ചിത്രം]
വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്ന വിഭാഗങ്ങൾ യുവജനങ്ങളെ തങ്ങളുടെ പ്രസ്ഥാനങ്ങളിൽ ചേർക്കാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നു
[7-ാം പേജിലെ ചിത്രം]
പലപ്പോഴും പോരാട്ടങ്ങൾക്ക് വളംവെച്ചുകൊടുക്കുന്നത് മതമാണ്
[കടപ്പാട്]
AP Photo