വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അടിമക്കച്ചവടം ദൈവം അനുവദിച്ചതോ?

അടിമക്കച്ചവടം ദൈവം അനുവദിച്ചതോ?

ബൈബി​ളി​ന്റെ വീക്ഷണം

അടിമ​ക്ക​ച്ച​വടം ദൈവം അനുവ​ദി​ച്ച​തോ?

കൂറ്റൻ പഞ്ഞി​ക്കെ​ട്ടു​ക​ളു​ടെ ഞെരി​ഞ്ഞ​മ​രുന്ന ഭാരത്താൽ കൂനി​പ്പോയ, വിയർപ്പിൽ കുളിച്ച ആ കറുത്ത മനുഷ്യർ കപ്പലിൽനിന്ന്‌ ഇറങ്ങാ​നുള്ള പലകപ്പാ​ല​ത്തി​ലൂ​ടെ ഏന്തിവ​ലിഞ്ഞ്‌ മുന്നോ​ട്ടു നീങ്ങുന്നു. ഊറയ്‌ക്കി​ടാത്ത തോലു​കൊണ്ട്‌ ഉണ്ടാക്കിയ ചാട്ടവാ​റു​കൾ ഉപയോ​ഗിച്ച്‌ നിർദ​യ​രായ യജമാ​ന​ന്മാർ അവരെ പ്രഹരി​ക്കു​ന്നു. ഹൃദയം​പൊ​ട്ടി കരയുന്ന അമ്മമാ​രു​ടെ കൈക​ളിൽനിന്ന്‌ ഉറക്കെ നിലവി​ളി​ക്കുന്ന കുട്ടി​കളെ ബലമായി പിടി​ച്ചു​മാ​റ്റി ഏറ്റവു​മ​ധി​കം തുകയ്‌ക്കു ലേലം വിളിച്ച ആൾക്കു വിൽക്കു​ന്നു. അടിമ​ത്തത്തെ കുറിച്ചു ചിന്തി​ക്കു​മ്പോൾ നിങ്ങളു​ടെ മനസ്സി​ലേക്കു വരുന്ന ഘോര​മായ, കറുത്ത ചിത്രങ്ങൾ ഇതൊ​ക്കെ​യാ​കാം.

വിരോ​ധാ​ഭാ​സ​മെന്നു പറയട്ടെ, പല അടിമ​ക്ക​ച്ച​വ​ട​ക്കാ​രും അടിമ​ക​ളു​ടെ ഉടമസ്ഥ​രും അങ്ങേയറ്റം മതഭക്തി​യുള്ള വ്യക്തി​ക​ളാ​യി​രു​ന്നെന്നു പറയ​പ്പെ​ടു​ന്നു. ചരി​ത്ര​കാ​ര​നായ ജയിംസ്‌ വോൾവിൻ ഇപ്രകാ​രം എഴുതി: “തങ്ങളുടെ അടിമ​ക്ക​പ്പ​ലു​കൾ പാശ്ചാത്യ ദേശ​ത്തേക്കു തിരി​ച്ചു​വി​ടവേ, തങ്ങളെ അനു​ഗ്ര​ഹി​ച്ച​തിന്‌, ആഫ്രി​ക്ക​യി​ലെ കച്ചവട​ത്തിൽ ധനനഷ്ട​മൊ​ന്നു​മി​ല്ലാ​തെ വൻ ലാഭം നേടി​ത്ത​ന്ന​തിന്‌ യൂറോ​പ്പു​കാ​രും അമേരി​ക്ക​ക്കാ​രു​മായ അത്തരം നൂറു​ക​ണ​ക്കിന്‌ ആളുകൾ കർത്താ​വി​നെ സ്‌തു​തി​ച്ചി​രു​ന്നു.”

അടിമ​ക്ക​ച്ച​വ​ട​ത്തി​നു ദൈവ​ത്തി​ന്റെ അനുമതി ഉണ്ടെന്നു പോലും ചിലർ പറഞ്ഞി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, അടിമത്ത സംവി​ധാ​നം “ദൈവം​തന്നെ ഏർപ്പെ​ടു​ത്തി​യ​താണ്‌” എന്ന്‌ 1842-ൽ മെഥഡിസ്റ്റ്‌ സഭയുടെ പൊതു സമ്മേള​ന​ത്തിൽ നടത്തിയ ഒരു പ്രഭാ​ഷ​ണ​ത്തിൽ അലക്‌സാ​ണ്ടർ മക്കെയ്‌ൻ പ്രസ്‌താ​വി​ച്ചു. മക്കെയ്‌ന്റെ അഭി​പ്രാ​യം ശരിയാ​യി​രു​ന്നോ? അടിമ​ക്ക​ച്ച​വ​ട​ത്തി​ന്റെ ഭാഗമാ​യി മക്കെയ്‌ന്റെ നാളു​ക​ളിൽ സർവസാ​ധാ​ര​ണ​മാ​യി നടന്നി​രുന്ന സംഗതി​കൾ, പെൺകു​ട്ടി​കളെ തട്ടി​ക്കൊ​ണ്ടു​പോ​യി ബലാൽസം​ഗം ചെയ്യു​ന്ന​തും കുടും​ബാം​ഗ​ങ്ങളെ ഹൃദയ​ഭേ​ദ​ക​മായ വിധത്തിൽ വേർപി​രി​ക്കു​ന്ന​തും അടിമ​കളെ ക്രൂര​മാ​യി പ്രഹരി​ക്കു​ന്ന​തു​മൊ​ക്കെ ദൈവം അംഗീ​ക​രി​ച്ചി​രു​ന്നു​വോ? ഇന്നു മൃഗീ​യ​മായ അവസ്ഥക​ളിൽ അടിമ​കളെ പോലെ ജീവി​ക്കാ​നും വേല ചെയ്യാ​നും നിർബ​ന്ധി​ത​രായ ദശലക്ഷ​ങ്ങ​ളു​ടെ കാര്യ​മോ? നീചമായ അത്തരം പെരു​മാ​റ്റത്തെ ദൈവം അനുവ​ദി​ക്കു​ന്നു​വോ?

അടിമ​ത്ത​വും ഇസ്രാ​യേ​ല്യ​രും

‘മനുഷ്യൻ മനുഷ്യ​ന്റെ മേൽ ദോഷ​ത്തി​ന്നാ​യി അധികാ​രം’ നടത്തി​യി​രി​ക്കു​ന്നു എന്ന്‌ ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 8:9) മനുഷ്യൻ വികസി​പ്പി​ച്ചെ​ടുത്ത അടിമ​ത്ത​ത്തി​ന്റെ മർദക രൂപങ്ങ​ളിൽ ആയിരി​ക്കാം ഈ വാക്യ​ത്തി​ന്റെ സത്യത ഏറ്റവു​മ​ധി​കം പ്രതി​ഫ​ലി​ച്ചു കാണു​ന്നത്‌. അടിമത്തം മൂലമുള്ള യാതന​കൾക്കു നേരെ യഹോ​വ​യാം ദൈവം കണ്ണടയ്‌ക്കു​ന്നില്ല.

ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തിൽ ഉളവായ ഒരു സാഹച​ര്യം കണക്കി​ലെ​ടു​ക്കുക. “കളിമ​ണ്ണും ഇഷ്ടകയും വയലിലെ സകലവി​ധ​വേ​ല​യും സംബന്ധി​ച്ചുള്ള കഠിന പ്രവൃ​ത്തി​യാ​ലും അവരെ​ക്കൊ​ണ്ടു കാഠി​ന്യ​ത്തോ​ടെ ചെയ്യിച്ച സകല​പ്ര​യ​ത്‌ന​ത്താ​ലും [മിസ്ര​യീ​മ്യർ] അവരുടെ ജീവനെ കൈപ്പാ​ക്കി” എന്നു ബൈബിൾ പറയുന്നു. ഇസ്രാ​യേ​ല്യർ “അടിമ​വേ​ല​നി​മി​ത്തം നെടു​വീർപ്പി​ട്ടു നിലവി​ളി​ച്ചു; അടിമ​വേല ഹേതു​വാ​യുള്ള നിലവി​ളി ദൈവ​സ​ന്നി​ധി​യിൽ എത്തി.” അവരുടെ ദുഃസ്ഥി​തി സംബന്ധിച്ച്‌ യഹോവ നിസ്സം​ഗ​നാ​യി​രു​ന്നോ? ഒരിക്ക​ലു​മില്ല. മറിച്ച്‌, “ദൈവം അവരുടെ നിലവി​ളി കേട്ടു; ദൈവം അബ്രാ​ഹാ​മി​നോ​ടും യിസ്‌ഹാ​ക്കി​നോ​ടും യാക്കോ​ബി​നോ​ടും തനിക്കുള്ള നിയമ​വും ഓർത്തു.” കൂടാതെ, യഹോവ തന്റെ ജനത്തോട്‌ ഇങ്ങനെ പറയു​ക​യും ചെയ്‌തു: “ഞാൻ നിങ്ങളെ മിസ്ര​യീ​മ്യ​രു​ടെ ഊഴി​യ​വേ​ല​യിൽനി​ന്നു ഉദ്ധരിച്ചു അവരുടെ അടിമ​യിൽനി​ന്നു നിങ്ങളെ വിടു​വി​ക്കും.”—പുറപ്പാ​ടു 1:14; 2:23, 24; 6:6-8.

മർദക​മാ​യ അടിമ​ത്ത​ത്തി​ലൂ​ടെ ‘മനുഷ്യൻ മനുഷ്യ​ന്റെ​മേൽ ഭരണം നടത്തു​ന്നതി’നെ യഹോവ അംഗീ​ക​രി​ച്ചി​ല്ലെന്നു വ്യക്തമാണ്‌. എന്നാൽ ദൈവം പിൽക്കാ​ലത്ത്‌ തന്റെ ജനത്തിന്റെ ഇടയിൽ അടിമത്തം അനുവ​ദി​ച്ചി​ല്ലേ? ഉവ്വ്‌, അവൻ അങ്ങനെ ചെയ്‌തു. പക്ഷേ ഇസ്രാ​യേ​ലിൽ നിലവി​ലി​രുന്ന അടിമത്തം, ചരി​ത്ര​ത്തി​ലു​ട​നീ​ളം നിലനി​ന്നി​ട്ടുള്ള മർദക അടിമ​ത്ത​ത്തിൽനി​ന്നു തികച്ചും ഭിന്നമാ​യി​രു​ന്നു.

ആളുകളെ തട്ടി​ക്കൊ​ണ്ടു​പോ​യി വിൽക്കു​ന്നത്‌ മരണക​ര​മായ ഒരു കുറ്റമാ​ണെന്ന്‌ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​ത്തിൽ പറഞ്ഞി​രു​ന്നു. കൂടാതെ, അടിമ​കളെ സംരക്ഷി​ക്കു​ന്ന​തി​നുള്ള മാർഗ​നിർദേശം യഹോവ പ്രദാനം ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, ഒരു യജമാനൻ തന്റെ അടിമ​യ്‌ക്ക്‌ അംഗഭം​ഗം വരുത്തി​യാൽ അവനെ സ്വത​ന്ത്ര​നാ​യി വിട്ടയ​യ്‌ക്ക​ണ​മാ​യി​രു​ന്നു. യജമാനൻ പ്രഹരി​ച്ചതു നിമിത്തം ഒരു അടിമ മരിച്ചു​പോ​യാൽ, യജമാ​ന​നെ​യും കൊല്ല​ണ​മാ​യി​രു​ന്നു. സ്‌ത്രീ​ക​ളായ ബന്ദിക​ളെ​യും അടിമകൾ ആക്കാമാ​യി​രു​ന്നു, അല്ലെങ്കിൽ അവരെ ഭാര്യ​മാ​രാ​യി എടുക്കാ​മാ​യി​രു​ന്നു. എന്നാൽ കേവലം ലൈം​ഗിക സംതൃ​പ്‌തി​ക്കാ​യി അവരെ ഉപയോ​ഗി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു. കൂലി​ക്കെ​ടുത്ത പണിക്കാ​രോ​ടെന്ന പോലെ ആദര​വോ​ടും ദയയോ​ടും കൂടെ അടിമ​ക​ളോ​ടു പെരു​മാ​റാൻ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ അടിസ്ഥാന തത്ത്വം നീതി​ഹൃ​ദ​യ​രായ ഇസ്രാ​യേ​ല്യ​രെ പ്രേരി​പ്പി​ച്ചി​രു​ന്നി​രി​ക്കണം.—പുറപ്പാ​ടു 20:10; 21:12, 16, 26, 27; ലേവ്യ​പു​സ്‌തകം 22:10, 11; ആവർത്ത​ന​പു​സ്‌തകം 21:10-14.

തങ്ങളുടെ കടങ്ങൾ കൊടു​ത്തു തീർക്കാൻ ചില യഹൂദർ സ്വമേ​ധയാ മറ്റു യഹൂദ​രു​ടെ അടിമ​ക​ളാ​യി. ആ സമ്പ്രദാ​യം പട്ടിണി​യിൽനി​ന്നുള്ള സംരക്ഷണം മാത്ര​മാ​യി​രു​ന്നില്ല, മറിച്ച്‌ അതിൽനി​ന്നു കരകയ​റാ​നും അവരെ സഹായി​ച്ചു. കൂടാതെ, അടിമകൾ ആഗ്രഹി​ക്കു​ന്ന​പക്ഷം യഹൂദ കലണ്ടർ പ്രകാ​ര​മുള്ള പ്രത്യേക അവസര​ങ്ങ​ളിൽ അവരെ സ്വത​ന്ത്ര​രാ​യി വിടണ​മാ​യി​രു​ന്നു. a (പുറപ്പാ​ടു 21:2; ലേവ്യ​പു​സ്‌തകം 25:10; ആവർത്ത​ന​പു​സ്‌തകം 15:12) ഒരു “അടിമ എപ്പോ​ഴും ഒരു മനുഷ്യൻ ആയി, ചില സ്വാഭാ​വിക മനുഷ്യാ​വ​കാ​ശങ്ങൾ ഉള്ള ഒരു വ്യക്തി ആയി വീക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു; ആ അവകാ​ശ​ങ്ങളെ ലംഘി​ക്കാൻ അവന്റെ യജമാ​നനു പോലും അധികാ​ര​മി​ല്ലാ​യി​രു​ന്നു” എന്ന്‌ അടിമ​കളെ കുറി​ച്ചുള്ള ന്യായ​പ്ര​മാണ നിയമ​ങ്ങളെ കുറിച്ചു പ്രതി​പാ​ദി​ക്കവേ, യഹൂദ പണ്ഡിത​നായ മോസസ്‌ മെൽസി​നെർ പ്രസ്‌താ​വി​ച്ചു. ചരി​ത്ര​ത്താ​ളു​കളെ പങ്കില​മാ​ക്കി​യി​രി​ക്കുന്ന മർദക​മായ അടിമത്ത വ്യവസ്ഥി​തി​യിൽനിന്ന്‌ എത്ര വിഭിന്നം!

അടിമ​ത്ത​വും ക്രിസ്‌ത്യാ​നി​ക​ളും

അടിമത്തം ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ജീവി​ച്ചി​രുന്ന റോമാ സാമ്രാ​ജ്യ​ത്തി​ന്റെ സാമ്പത്തിക വ്യവസ്ഥി​തി​യു​ടെ ഭാഗമാ​യി​രു​ന്നു. അതിനാൽ ചില ക്രിസ്‌ത്യാ​നി​കൾ അടിമ​ക​ളാ​യി​രു​ന്നു, മറ്റു ചിലർക്ക്‌ അടിമകൾ ഉണ്ടായി​രു​ന്നു. (1 കൊരി​ന്ത്യർ 7:21, 22, ഓശാന ബൈബിൾ) അതിനർഥം യേശു​വി​ന്റെ ശിഷ്യ​ന്മാർ അടിമ​ക​ളു​ടെ​മേൽ മർദക​മായ അധീശ​ത്വം പുലർത്തി​യി​രു​ന്നു എന്നാണോ? തീർച്ച​യാ​യും അല്ല! റോമൻ നിയമം എന്ത്‌ അനുവ​ദി​ച്ചി​രു​ന്നാ​ലും, തങ്ങളുടെ അധികാ​ര​ത്തി​നു കീഴി​ലു​ള്ള​വ​രോ​ടു ക്രിസ്‌ത്യാ​നി​കൾ മോശ​മാ​യി പെരു​മാ​റി​യില്ല എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. ക്രിസ്‌ത്യാ​നി ആയിത്തീർന്നി​രുന്ന തന്റെ അടിമ ആയിരുന്ന ഒനേസി​മൊ​സി​നെ “സഹോ​ദരൻ” ആയി കാണാൻ പൗലൊസ്‌ അപ്പൊ​സ്‌തലൻ ഫിലേ​മോ​നോ​ടു പറഞ്ഞു. bഫിലേ​മോൻ 10-17.

മനുഷ്യർ സഹമനു​ഷ്യ​രെ അടിമ​ക​ളാ​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ ആദി​മോ​ദ്ദേ​ശ്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്ന​താ​യി ബൈബി​ളിൽ യാതൊ​രു സൂചന​യും ഇല്ല. മാത്രമല്ല, ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ അടിമത്ത സമ്പ്രദാ​യ​ത്തി​ലൂ​ടെ മനുഷ്യർ മറ്റു മനുഷ്യ​രു​ടെ​മേൽ ഉടമസ്ഥത നേടു​ന്നതു സംബന്ധി​ച്ചുള്ള യാതൊ​രു പ്രവച​ന​ങ്ങ​ളും ബൈബി​ളിൽ ഇല്ല. പകരം, വരാനി​രി​ക്കുന്ന ആ പറുദീ​സ​യിൽ, നീതി​മാ​ന്മാർ ‘ഓരോ​രു​ത്ത​നും താന്താന്റെ മുന്തി​രി​വ​ള്ളി​യു​ടെ കീഴി​ലും അത്തിവൃ​ക്ഷ​ത്തി​ന്റെ കീഴി​ലും പാർക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യില്ല.’—മീഖാ 4:4.

വ്യക്തമാ​യും, ഏതെങ്കി​ലും വിധത്തിൽ മറ്റുള്ള​വരെ ദ്രോ​ഹി​ക്കു​ന്ന​തി​നു ബൈബിൾ അനുമതി നൽകു​ന്നില്ല. മറിച്ച്‌, മനുഷ്യ​രു​ടെ ഇടയിലെ ആദരവി​നെ​യും സമത്വ​ത്തെ​യും അതു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 10:34, 35) മറ്റുള്ളവർ തങ്ങളോട്‌ ഇടപെ​ടാൻ ആഗ്രഹി​ക്കു​ന്നതു പോലെ മറ്റുള്ള​വ​രോ​ടും ഇടപെ​ടാൻ അതു മനുഷ്യ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (ലൂക്കൊസ്‌ 6:31) മാത്രമല്ല, ആളുകളെ അവരുടെ സാമൂ​ഹിക നില ഗണ്യമാ​ക്കാ​തെ ശ്രേഷ്‌ഠ​രാ​യി വീക്ഷി​ക്കാൻ ബൈബിൾ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (ഫിലി​പ്പി​യർ 2:3) ഈ തത്ത്വങ്ങൾ പല ജനതക​ളി​ലും, പ്രത്യേ​കി​ച്ചും സമീപ നൂറ്റാ​ണ്ടു​ക​ളിൽ, നിലനി​ന്നു​പോ​ന്നി​ട്ടുള്ള അടിമത്ത സമ്പ്രദാ​യ​വു​മാ​യി ഒട്ടും നിരക്കു​ന്നില്ല. (g01 9/8)

[അടിക്കു​റി​പ്പു​കൾ]

a അടിമകൾക്കു തങ്ങളുടെ യജമാ​ന​നോ​ടൊ​പ്പം തുടരാ​നുള്ള ക്രമീ​ക​രണം ഉണ്ടായി​രു​ന്നു​വെന്ന വസ്‌തുത, ഇസ്രാ​യേ​ല്യ​രു​ടെ ഇടയിലെ അടിമത്തം മർദക​മാ​യി​രു​ന്നില്ല എന്നു കാണി​ക്കു​ന്നു.

b സമാനമായി ഇന്നു ചില ക്രിസ്‌ത്യാ​നി​കൾ തൊഴിൽ ഉടമക​ളും മറ്റു ചിലർ തൊഴി​ലാ​ളി​ക​ളു​മാണ്‌. ഒരു ക്രിസ്‌തീയ തൊഴി​ലു​ടമ തന്റെ കീഴിൽ ജോലി ചെയ്യു​ന്ന​വരെ ദ്രോ​ഹി​ക്കു​ക​യി​ല്ലാ​ത്തതു പോലെ, ഒന്നാം നൂറ്റാ​ണ്ടി​ലെ യേശു​വി​ന്റെ ശിഷ്യ​ന്മാർ ക്രിസ്‌തീയ തത്ത്വങ്ങൾ അനുസ​രി​ച്ചാണ്‌ ദാസന്മാ​രോട്‌ ഇടപെ​ട്ടി​രു​ന്നത്‌.—മത്തായി 7:12.