എനിക്ക് അമിതമായ ഉത്കണ്ഠ എങ്ങനെ തരണം ചെയ്യാൻ കഴിയും?
യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്ക് അമിതമായ ഉത്കണ്ഠ എങ്ങനെ തരണം ചെയ്യാൻ കഴിയും?
“ഒരു യുവവ്യക്തിയെ ഏറ്റവുമധികം ഉത്കണ്ഠപ്പെടുത്തുന്നത് ഭാവിയെ കുറിച്ചുള്ള ചിന്തകൾ ആയിരിക്കാം. നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ ഓർത്ത് ഉത്കണ്ഠപ്പെടുന്നു. ഞാൻ വീട്ടിൽനിന്നു മാറിത്താമസിക്കണോ? സ്കൂളിൽ പോകണോ? മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കണമോ? വിവാഹം കഴിക്കണോ? ഇങ്ങനെ, മുന്നിലുള്ള തിരഞ്ഞെടുപ്പുകൾ പലത് ആയതിനാൽ നിങ്ങൾക്കു ഭയപ്പാടു തോന്നിയേക്കാം.”—ഷെയ്ൻ, 20 വയസ്സ്.
നിങ്ങൾ വളരെയധികം ഉത്കണ്ഠപ്പെടുന്നുണ്ടോ? പല യുവജനങ്ങളും ഉത്കണ്ഠാകുലരാണ്, അതിന്റെ കാരണങ്ങളും നിരവധിയാണ്. മാതാപിതാക്കൾക്കു മാർഗനിർദേശം നൽകാനായി പ്രസിദ്ധീകരിക്കുന്ന ഒരു വാർത്താപത്രിക ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “41 രാജ്യങ്ങളിൽ 15-നും 18-നും ഇടയിലുള്ള കൗമാരപ്രായക്കാരിൽ അടുത്തയിടെ നടത്തിയ ഒരു ലോകവ്യാപക സർവേ വെളിപ്പെടുത്തിയത്, ഇന്നത്തെ കൗമാരപ്രായക്കാർ ഏറ്റവുമധികം ആകുലപ്പെടുന്നത് ഒരു നല്ല ജോലി ലഭിക്കുന്നതിനെ കുറിച്ചാണ്.” അടുത്തതായി അവരെ ഉത്കണ്ഠപ്പെടുത്തിയത് മാതാപിതാക്കളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചിന്തയായിരുന്നു. തങ്ങൾ സ്നേഹിക്കുന്ന ആർക്കെങ്കിലും സംഭവിച്ചേക്കാവുന്ന മരണത്തെ കുറിച്ചും അവർ അങ്ങേയറ്റം ഉത്കണ്ഠപ്പെട്ടു.
“ഉയർന്ന മാർക്കുകൾ നേടാനുള്ള സമ്മർദം” അമേരിക്കയിലെ പല യുവജനങ്ങൾക്കും വളരെയധികം ഉത്കണ്ഠയ്ക്കുള്ള കാരണമായിരിക്കുന്നതായി യു.എസ്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഒരു സർവേ കണ്ടെത്തി. പല യുവജനങ്ങൾക്കും (തുടക്കത്തിൽ ഉദ്ധരിച്ച) ഷെയ്നിന്റെ അതേ വികാരം ഉള്ളതായി പ്രസ്തുത സർവേ വെളിപ്പെടുത്തി. ആഷ്ലി എന്ന ഒരു യുവതി ഇങ്ങനെ പറയുന്നു: “എനിക്ക് എന്റെ ഭാവിയെ കുറിച്ച് ഉത്കണ്ഠയുണ്ട്.”
എന്നാൽ മറ്റു യുവജനങ്ങൾ തങ്ങളുടെ ശാരീരിക സുരക്ഷിതത്വത്തെ കുറിച്ച് ഉത്കണ്ഠപ്പെടുന്നു. തങ്ങളുടെ സ്കൂളിൽ അക്രമം വർധിക്കുന്നുവെന്ന് ഐക്യനാടുകളിലെ 50 ശതമാനത്തോളം യുവജനങ്ങളും വിചാരിക്കുന്നതായി 1996-ൽ നടത്തിയ ഒരു സർവേ വ്യക്തമാക്കി. വെടിയേറ്റിട്ടുള്ള ഒരാളെയെങ്കിലും തങ്ങൾക്ക് അറിയാമെന്ന് 80 ലക്ഷത്തിലധികം കൗമാരപ്രായക്കാർ (37 ശതമാനം) പറഞ്ഞു!
എന്നാൽ, സകലതരം ഉത്കണ്ഠകളും അത്രയ്ക്കു കടുത്തതല്ല. പല യുവജനങ്ങളെയും സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഉത്കണ്ഠ തങ്ങളുടെ സാമൂഹിക ജീവിതത്തെ കുറിച്ചാണ്. മാതാപിതാക്കളെ ഉദ്ദേശിച്ചുള്ള ഒരു ഇന്റർനെറ്റ് മാസിക ഇപ്രകാരം പറയുന്നു: “കാമുകനോ കാമുകിയോ ഉണ്ടായിരിക്കുന്നതു നിമിത്തം കൗമാരപ്രായക്കാർ ഉത്കണ്ഠപ്പെടുന്നു, എന്നാൽ സുഹൃത്തുക്കളാരും ഇല്ലാത്തതിനെ സംബന്ധിച്ചാണ് അവർക്കു കൂടുതലും ഉത്കണ്ഠയുള്ളത്.” മേഗൻ എന്ന ഒരു കൗമാരപ്രായക്കാരി ഇങ്ങനെ വിലപിക്കുന്നു: “പരിഷ്കാരിയായി, വളരെ അറിവുള്ള ഒരാളായി മറ്റുള്ളവർ കണക്കാക്കണമെങ്കിൽ എന്തു ചെയ്യണം? എനിക്കു കുറെ കൂട്ടുകാരെ വേണം.” സമാനമായി, 15 വയസ്സുള്ള നാതാനായേൽ എന്ന ക്രിസ്തീയ യുവാവ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സ്കൂളിലെ കുട്ടികളുടെ ഉത്കണ്ഠ സ്റ്റൈലുകളെ കുറിച്ചാണ്. തങ്ങൾ നടക്കുകയും സംസാരിക്കുകയും മറ്റുള്ളവരുടെ മുമ്പാകെ കാണപ്പെടുകയും ചെയ്യുന്നതിനെ കുറിച്ച് അവർ വേവലാതിപ്പെടുന്നു. മറ്റുള്ളവർ തങ്ങളെ മണ്ടന്മാരായി വീക്ഷിച്ചേക്കുമോ എന്നാണ് അവരുടെ ഭയം.”
പ്രശ്നങ്ങൾ—ഒരു സന്തതസഹചാരി
ഉത്കണ്ഠകളില്ലാത്ത ജീവിതം നയിക്കാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എന്നാൽ ബൈബിൾ ഇങ്ങനെ പറയുന്നു: “സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.” (ഇയ്യോബ് 14:1) അതിനാൽ പ്രശ്നങ്ങൾ—അവയോടൊപ്പമുള്ള ഉത്കണ്ഠകളും—മനുഷ്യന്റെ സന്തതസഹചാരിയാണ്. എന്നാൽ ഉത്കണ്ഠകളെയും വേവലാതികളെയും കുറിച്ചാണ് നിങ്ങൾ ഏറെയും ചിന്തിക്കുന്നതെങ്കിൽ, നിങ്ങൾ നിങ്ങൾക്കുതന്നെ വളരെയധികം ഹാനി വരുത്തിവെച്ചേക്കാം. “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു” എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു.—സദൃശവാക്യങ്ങൾ 12:25.
അനാവശ്യ ഉത്കണ്ഠ ഒഴിവാക്കാനുള്ള ഒരു മാർഗം സ്വന്തം പെരുമാറ്റം നിയന്ത്രിക്കുക എന്നതാണ്. 16 വയസ്സുള്ള ആന്ന ഇങ്ങനെ പറയുന്നു: “എന്റെ ക്ലാസ്സിലെ മിക്ക കുട്ടികൾക്കും ഗർഭിണിയാകുന്നതിനെയും ലൈംഗിക രോഗങ്ങൾ പിടിപെടുന്നതിനെയും കുറിച്ചാണ് ഉത്കണ്ഠ.” എന്നാൽ ബൈബിളിന്റെ ധാർമിക നിലവാരങ്ങളോടു പറ്റിനിൽക്കുന്നതിനാൽ നിങ്ങൾക്ക് അത്തരം ഉത്കണ്ഠകൾ ഒഴിവാക്കാനാകും. (ഗലാത്യർ 6:7) അപ്പോൾപ്പോലും, നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നതോ എളുപ്പം പരിഹരിക്കാവുന്നതോ ആയിരിക്കില്ല. നിങ്ങൾക്ക് എങ്ങനെ അമിതമായ ഉത്കണ്ഠ ഒഴിവാക്കാൻ കഴിയും?
‘ജ്ഞാനപൂർവം ഉത്കണ്ഠപ്പെടുക’
ഉത്കണ്ഠകൾ തങ്ങളെ തളർത്തിക്കളയാൻ പലരും അനുവദിക്കുന്നു. ഉത്കണ്ഠയെ ക്രിയാത്മകമായ പ്രവൃത്തിയിലേക്കു തിരിച്ചുവിട്ടുകൊണ്ട് ഒരുവന് “ജ്ഞാനപൂർവം ഉത്കണ്ഠപ്പെടാൻ” കഴിയുമെന്നു കൗമാരപ്രായക്കാർക്കുള്ള ഒരു മാസികയിൽ വന്ന ഒരു ലേഖനം പ്രസ്താവിച്ചു! ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ ബൈബിളിൽ നിരവധി തത്ത്വങ്ങൾ അടങ്ങിയിട്ടുണ്ട്. സദൃശവാക്യങ്ങൾ 21:5 പറയുന്നതു പരിചിന്തിക്കുക: “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു.” ഉദാഹരണത്തിന്, സഭയിലെ ചില സുഹൃത്തുക്കളുമൊത്ത് നിങ്ങൾ ഒരു കൂടിവരവ് നടത്തുന്നുവെന്നു വിചാരിക്കുക. ശരിയായ ആസൂത്രണം ഉണ്ടെങ്കിൽ നല്ലൊരു ശതമാനം ഉത്കണ്ഠയും ഒഴിവാക്കാവുന്നതേയുള്ളൂ. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘വാസ്തവത്തിൽ ആരെയൊക്കെയാണ് വിളിക്കേണ്ടത്? അവർ എപ്പോൾ എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്? അവർ എപ്പോൾ പോകാൻ ഞാൻ പ്രതീക്ഷിക്കുന്നു? ലഘുഭക്ഷണങ്ങൾ എത്രത്തോളം വേണ്ടിവരും? എല്ലാവർക്കും ആസ്വാദ്യമായ ചില രസകരമായ പരിപാടികൾ എന്തൊക്കെയാണ്?’ നിങ്ങൾ എത്രയധികം ചിന്തിച്ച് കാര്യങ്ങൾ ചെയ്യുന്നുവോ നിങ്ങളുടെ കൂടിവരവും അത്രയധികം നന്നാകാനുള്ള സാധ്യതയുണ്ട്.
എന്നിരുന്നാലും, കാര്യങ്ങൾ സങ്കീർണമാകാൻ അനുവദിച്ചുകൊണ്ട് നിങ്ങൾക്ക് ഉത്കണ്ഠ സൃഷ്ടിക്കാൻ കഴിയും. തന്റെ അതിഥിയെ സത്കരിക്കുന്നതിൽ അമിതമായി മുഴുകിയിരുന്ന ഒരു സ്ത്രീക്ക് യേശുക്രിസ്തു ഈ ബുദ്ധിയുപദേശം നൽകി: “അല്പമേ വേണ്ടു; അല്ല, ഒന്നു മതി.” (ലൂക്കൊസ് 10:42) അതുകൊണ്ട് നിങ്ങളോടുതന്നെ ചോദിക്കുക, ‘ഈ കൂടിവരവ് വിജയപ്രദമാക്കാൻ വാസ്തവത്തിൽ എന്താണു പ്രധാനം?’ കാര്യങ്ങൾ ലളിതമാക്കുന്നത് നിങ്ങളുടെ ഉത്കണ്ഠ കുറയ്ക്കാൻ സഹായിച്ചേക്കാം.
മറ്റൊരു ഉത്കണ്ഠ സ്കൂളിലെ നിങ്ങളുടെ സുരക്ഷ സംബന്ധിച്ചായിരിക്കാം. അവിടത്തെ അന്തരീക്ഷത്തിനു മാറ്റം വരുത്താൻ നിങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ ആത്മസംരക്ഷണത്തിനായി നിങ്ങൾക്കു പ്രായോഗിക നടപടികൾ സ്വീകരിക്കാനാകും. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു” എന്ന് സദൃശവാക്യങ്ങൾ 22:3 പറയുന്നു. അപകടകരമായ സ്ഥലങ്ങൾ—ആളൊഴിഞ്ഞ സ്ഥലങ്ങളും റൗഡികൾ ഒന്നിച്ചു കൂടാൻ സാധ്യതയുള്ള, ഉത്തരവാദിത്വപ്പെട്ടവരുടെ കണ്ണെത്താത്ത ഇടങ്ങളുമൊക്കെ—ഒഴിവാക്കുന്നത് നിങ്ങൾ കുഴപ്പത്തിൽ ചെന്നുചാടാനുള്ള സാധ്യത കുറച്ചേക്കാം.
ഇനിയും, പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉത്കണ്ഠ വരുത്തിവെച്ചേക്കാം. നിങ്ങൾക്ക് ഒരുപക്ഷേ ധാരാളം ഗൃഹപാഠം ചെയ്യാനുണ്ടാകാം, അതെല്ലാം ചെയ്തുതീർക്കാൻ സമയം കിട്ടുമോ എന്ന് നിങ്ങൾ ഉത്കണ്ഠപ്പെട്ടേക്കാം. ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്തുക’ എന്ന ഫിലിപ്പിയർ 1:10-ലെ (NW) തത്ത്വം വളരെ സഹായകമാണ്. മുൻഗണനകൾ വെക്കാൻ പഠിക്കുക! ഏതു നിയമനമാണ് ഏറ്റവും പ്രധാനമെന്നു നിർണയിച്ചിട്ട് അത് ആദ്യം ചെയ്തുതീർക്കാൻ ശ്രമിക്കുക. എന്നിട്ട്, അടുത്തതു ചെയ്യുക. ക്രമേണ സാഹചര്യം നിയന്ത്രണവിധേയമാകുന്നതായി നിങ്ങൾ കണ്ടെത്തും.
ഉപദേശം ആരായുക
യുവപ്രായത്തിൽ ആരൻ തന്റെ പരീക്ഷകളെ കുറിച്ചു വളരെയധികം ഉത്കണ്ഠപ്പെട്ടിരുന്നു, തന്മൂലം അവനു നെഞ്ചുവേദന പോലും ഉണ്ടായി. അവൻ ഇങ്ങനെ പറയുന്നു: “ഞാൻ അച്ഛനോടും അമ്മയോടും സംസാരിച്ചു, അവർ എന്നെ ഒരു ഡോക്ടറുടെ അടുക്കലേക്ക് അയച്ചു. പരിശോധനയ്ക്കു ശേഷം എന്റെ ഹൃദയത്തിനു യാതൊരു തകരാറും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു, ഉത്കണ്ഠ ശരീരത്തെ എങ്ങനെ ബാധിച്ചേക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. പരീക്ഷകൾക്കായി കഴിയുന്നത്ര ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞ സ്ഥിതിക്ക്, ഇനി സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചു ചിന്തിച്ചാൽ മതിയെന്നു മനസ്സിലാക്കാൻ മാതാപിതാക്കൾ എന്നെ സഹായിച്ചു. എന്റെ ഉത്കണ്ഠ മാറി, ഒപ്പം നെഞ്ചുവേദനയും. നന്നായി പരീക്ഷ എഴുതാനും എനിക്കു സാധിച്ചു.”
സദൃശവാക്യങ്ങൾ 12:25 മുഴുവനായി ഇപ്രകാരം പറയുന്നു: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” നിങ്ങളുടെ “മനോവ്യസന”ത്തെ കുറിച്ചു നിങ്ങൾ തുറന്നു സംസാരിക്കുന്നെങ്കിലേ ‘നല്ല വാക്ക്’ നിങ്ങൾക്കു ലഭിക്കുകയുള്ളൂ!
ഉത്കണ്ഠ നിങ്ങളെ ഭാരപ്പെടുത്തുന്നതായി തോന്നുന്നെങ്കിൽ, അത് മനസ്സിൽ ഒതുക്കിവെക്കാൻ ശ്രമിക്കരുത്. മുമ്പ് ഉദ്ധരിച്ചഒന്നാമതായി, ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചു മാതാപിതാക്കളുമായി സംസാരിക്കുക. അവർ പ്രായോഗിക മൂല്യമുള്ള ചില നിർദേശങ്ങൾ നൽകിയേക്കാം. സഹായം ലഭിക്കുന്ന മറ്റൊരു ഉറവിടം നിങ്ങളുടെ പ്രാദേശിക ക്രിസ്തീയ സഭയിലെ ആത്മീയ പക്വതയുള്ള അംഗങ്ങളാണ്. 15 വയസ്സുള്ള ജനെൽ ഇങ്ങനെ പറയുന്നു: “ഹൈസ്കൂളിൽ പോകുന്ന കാര്യത്തിൽ എനിക്കു വല്ലാത്ത ഉത്കണ്ഠ തോന്നി. മയക്കുമരുന്നുകൾ, ലൈംഗികത, അക്രമം എന്നു വേണ്ട എല്ലാത്തിനോടും ഒരു പേടി. എന്നാൽ ഞാൻ സഭയിലെ ഒരു മൂപ്പനോട് ഇതു സംബന്ധിച്ചു സംസാരിച്ചു. അദ്ദേഹം എനിക്കു പ്രായോഗികമായ ചില നിർദേശങ്ങൾ തന്നു. സ്കൂളിലെ സാഹചര്യം എനിക്കു കൈകാര്യം ചെയ്യാനാകുമെന്നു മനസ്സിലായപ്പോൾ എനിക്ക് വളരെ പെട്ടെന്ന് ആശ്വാസം തോന്നി.”
കാര്യങ്ങൾ മാറ്റിവെക്കാതിരിക്കുക
ചെയ്യേണ്ടതാണെങ്കിലും അത്ര സുഖകരമല്ലെന്നു തോന്നുന്നതിനാൽ, നാം ചില കാര്യങ്ങൾ പിന്നത്തേക്കു മാറ്റിവെക്കാറുണ്ട്. ഉദാഹരണത്തിന്, 19 വയസ്സുള്ള ഷെവോണിന് ഒരു സഹക്രിസ്ത്യാനിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായി. കാര്യങ്ങൾ തുറന്നു സംസാരിക്കണമെന്നു തോന്നിയെങ്കിലും, അവൾ അതു പിന്നത്തേക്കു മാറ്റിവെച്ചു. “മാറ്റിവെക്കുന്തോറും അത് എന്നെ കൂടുതൽ കൂടുതൽ അസ്വസ്ഥയാക്കി,” അവൾ പറയുന്നു. അത്തരം പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്ന മത്തായി 5:23, 24-ലെ യേശുവിന്റെ വാക്കുകൾ ഷെവോൺ ഓർത്തു. “ഒടുവിൽ ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ എനിക്ക് എന്തൊരു ആശ്വാസമായെന്നോ,” അവൾ പറയുന്നു.
അത്ര സുഖകരമല്ലാത്ത ഒരു നിയമനമോ ഒരു കൂടിക്കാഴ്ചയോ നിങ്ങൾ പിന്നത്തേക്കു മാറ്റിവെക്കാറുണ്ടോ? അതു പെട്ടെന്നുതന്നെ ചെയ്തുതീർക്കുക, അപ്പോൾ നിങ്ങളുടെ ഉത്കണ്ഠ കുറയും.
ഗുരുതരമായ പ്രശ്നങ്ങൾ
എല്ലാ പ്രശ്നങ്ങളും അത്ര എളുപ്പം പരിഹരിക്കാനാവില്ല. ആബ്ദൂർ എന്ന ഒരു യുവാവിന്റെ കാര്യം നോക്കുക. അവന്റെ അമ്മയ്ക്ക് അർബുദം പിടിപെട്ടിരുന്നു, അമ്മയെയും അനുജനെയും നോക്കേണ്ട ചുമതല ആബ്ദൂറിന്റെ ചുമലിലായി. സ്വാഭാവികമായും തന്റെ അമ്മയുടെ അവസ്ഥയിൽ അവന് ഉത്കണ്ഠയുണ്ട്. എന്നാൽ അവൻ പറയുന്നു: “‘വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?’ എന്ന യേശുവിന്റെ വാക്കുകളിൽനിന്നു ഞാൻ ഒരു സംഗതി മനസ്സിലാക്കുന്നു. ആകുലപ്പെടുന്നതിനു പകരം, പ്രശ്നത്തെ കുറിച്ചു വിലയിരുത്തി നല്ല ഫലങ്ങൾ കൈവരുത്തുന്നത് എന്താണെന്നു നിർണയിക്കാൻ ഞാൻ ശ്രമിക്കുന്നു.”—മത്തായി 6:27.
ഒരു പ്രതിസന്ധി നേരിടുമ്പോൾ ശാന്തരായിരിക്കുന്നത് അത്ര എളുപ്പമല്ല. അങ്ങേയറ്റം മനോവ്യസനം അനുഭവിക്കുന്ന ചിലർ തങ്ങളുടെ ശാരീരിക ആവശ്യങ്ങൾ അവഗണിക്കുന്നു, അവർ ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാറില്ല. നിങ്ങൾക്ക് അടിസ്ഥാന പോഷണം ലഭിക്കാതെ വരുമ്പോൾ “സമ്മർദത്തിന്റെ ഫലങ്ങളെ ചെറുത്തുനിൽക്കാൻ നിങ്ങൾക്കു പ്രാപ്തി കുറവായിരിക്കും, മാത്രമല്ല നിങ്ങൾ സാരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വിധേയരായേക്കാം” എന്ന് സമ്മർദം തരണം ചെയ്യാൻ നിങ്ങളുടെ കൗമാരത്തിലുള്ള കുട്ടിയെ സഹായിക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. അതുകൊണ്ട് നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. വേണ്ടത്ര വിശ്രമവും പോഷണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
ബൈബിളിന്റെ പിൻവരുന്ന ബുദ്ധിയുപദേശം ബാധകമാക്കിക്കൊണ്ട് നിങ്ങൾക്ക് ഏറ്റവും വലിയ ആശ്വാസം കണ്ടെത്താൻ കഴിയും: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) തുടക്കത്തിൽ ഉദ്ധരിച്ചിരിക്കുന്ന ഷെയ്ൻ തന്റെ ഭാവി സംബന്ധിച്ച് ഉത്കണ്ഠപ്പെട്ടിരുന്നു. “ഞാൻ ദൈവത്തിന്റെ വചനത്തിലും അവന്റെ ഉദ്ദേശ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി,” അവൻ പറയുന്നു. ദൈവത്തെ സേവിക്കാൻ ജീവിതം ഉപയോഗിച്ചാൽ തന്റെ ഭാവിജീവിതം സന്തുഷ്ടമായിരിക്കുമെന്ന് അവൻ പെട്ടെന്നുതന്നെ മനസ്സിലാക്കി. (വെളിപ്പാടു 4:11) “ഞാൻ എന്നെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതു നിറുത്തി. എനിക്കു ചിന്തിക്കാൻ ഏറെ പ്രാധാന്യമുള്ള കാര്യങ്ങൾ ഉണ്ടായി,” ഷെയ്ൻ പറയുന്നു.
അതുകൊണ്ട് നിങ്ങൾ അങ്ങേയറ്റം ഉത്കണ്ഠപ്പെടുന്നതായി തോന്നുമ്പോൾ, നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ക്രിയാത്മക മാർഗങ്ങൾ തേടുക. പക്വതയുള്ളവരുടെ ഉപദേശം തേടുക. സർവോപരി, യഹോവ “നിങ്ങൾക്കായി കരുതുന്നതാകയാൽ” നിങ്ങളുടെ ഉത്കണ്ഠകൾ അവനെ അറിയിക്കുക. (1 പത്രൊസ് 5:7) അവന്റെ സഹായത്താൽ ഒരുപക്ഷേ നിങ്ങൾക്ക് അമിതമായ ഉത്കണ്ഠ മറികടക്കാൻ സാധിച്ചേക്കും. (g01 9/22)
[13-ാം പേജിലെ ചിത്രം]
നിങ്ങളുടെ ഉത്കണ്ഠകളെ കുറിച്ച് അച്ഛനോടും അമ്മയോടും സംസാരിക്കുക
[14-ാം പേജിലെ ചിത്രം]
നിങ്ങൾ പ്രശ്നങ്ങൾ എത്ര നേരത്തേ പരിഹരിക്കുന്നുവോ നിങ്ങളുടെ ഉത്കണ്ഠയും അത്ര വേഗം അവസാനിക്കും