വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഠിനമെങ്കിലും മൃദുലം

കഠിനമെങ്കിലും മൃദുലം

കഠിന​മെ​ങ്കി​ലും മൃദുലം

അത്‌ ഉപയോ​ഗിച്ച്‌ പിയാ​നോ സംഗീതം പൊഴി​ക്കു​ന്നു, ജെറ്റ്‌ വിമാ​നങ്ങൾ സൂപ്പർസോ​ണിക്‌ ശബ്ദമു​ണ്ടാ​ക്കു​ന്നു, വാച്ചുകൾ പ്രവർത്തി​ക്കു​ന്നു, മോ​ട്ടോർ യന്ത്രങ്ങൾ മുരളു​ന്നു, അംബര​ചും​ബി​കൾ ഉയരുന്നു, തൂക്കു​പാ​ലങ്ങൾ തൂങ്ങുന്നു. എന്താണത്‌?

അതാണ്‌ ഉരുക്ക്‌. വൻകിട നിർമാണ പ്രവർത്ത​ന​ങ്ങൾക്ക്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌ അത്‌. സപ്‌ത​സാ​ഗ​രങ്ങൾ മുറി​ച്ചു​ക​ട​ക്കുന്ന കൂറ്റൻ കപ്പലുകൾ നിർമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ അത്‌ ഉപയോ​ഗി​ച്ചാണ്‌. അതു​കൊണ്ട്‌ ഉണ്ടാക്കിയ കുഴലു​കൾ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ അകലെ​യുള്ള കിണറു​ക​ളിൽനിന്ന്‌ എണ്ണയും പ്രകൃ​തി​വാ​ത​ക​വും എത്തിക്കു​ന്നു. അനുദിന ജീവി​ത​ത്തിൽ മനുഷ്യന്‌ ഇത്ര ബഹുമുഖ ഉപയോ​ഗ​മുള്ള മറ്റൊരു വസ്‌തു​വും ഇല്ലതന്നെ. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ജോലി​സ്ഥ​ല​ത്തേക്കു പോകുന്ന ബസിന്റെ ഉരുക്കു​നാ​ട​ക​ളുള്ള റേഡിയൽ ടയറു​കളെ കുറി​ച്ചോ നിങ്ങൾ താമസി​ക്കുന്ന കെട്ടി​ട​ത്തി​ലെ ലിഫ്‌റ്റി​നെ ഉയർത്തു​ക​യും താഴ്‌ത്തു​ക​യും ചെയ്യുന്ന ഉരുക്കു കമ്പികളെ കുറി​ച്ചോ ചിന്തി​ക്കുക. നിങ്ങളു​ടെ കണ്ണടയി​ലെ ഉരുക്കു വിജാ​ഗി​രി​ക​ളു​ടെ​യും നിങ്ങൾ ചായ ഇളക്കുന്ന ഉരുക്കു (സ്റ്റീൽ) സ്‌പൂ​ണി​ന്റെ​യും കാര്യ​മോ? ഈടു​നിൽക്കു​ന്ന​തും എന്നാൽ മൃദു​ല​വു​മായ ഈ ലോഹ​ത്തിന്‌ ആയിര​ക്ക​ണ​ക്കിന്‌ ഉപയോ​ഗ​ങ്ങ​ളുണ്ട്‌. അത്‌ എങ്ങനെ​യാണ്‌ ഉണ്ടാക്കു​ന്നത്‌, അതിനെ ഇത്ര ഉപയോ​ഗ​പ്ര​ദ​മാ​ക്കു​ന്നത്‌ എന്താണ്‌?

കാർബ​ണും പരലു​ക​ളും

രണ്ടു വിരുദ്ധ ഘടകങ്ങ​ളായ ഇരുമ്പി​ന്റെ​യും കാർബ​ണി​ന്റെ​യും സങ്കരമാണ്‌ ഉരുക്ക്‌. ശുദ്ധമായ ഇരുമ്പ്‌ മിക്ക ലോഹ​ങ്ങ​ളെ​യും പോലെ മൃദു​വാണ്‌. അതു​കൊ​ണ്ടു​തന്നെ കഠിന​മായ ഉപയോ​ഗ​ത്തിന്‌ അതു യോജി​ച്ചതല്ല. കാർബൺ ഒരു അലോ​ഹ​മാണ്‌. കാർബ​ണി​ന്റെ രണ്ടു ഭിന്നരൂ​പ​ങ്ങ​ളാണ്‌ വജ്രങ്ങ​ളും ഇല്ലറക്ക​രി​യും. എന്നാൽ ഉരുക്കിയ ഇരുമ്പി​നോട്‌ അൽപ്പം കാർബൺ ചേർത്താൽ കിട്ടു​ന്നത്‌ കാർബ​ണിൽനി​ന്നു വളരെ വ്യത്യ​സ്‌ത​വും ഇരുമ്പി​നെ​ക്കാൾ ബലമേ​റി​യ​തു​മായ ഒരു ഉത്‌പ​ന്ന​മാണ്‌.

ഉരുക്കു​നിർമാ​ണ​ത്തിൽ ഏറ്റവും പ്രധാനം പരൽ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു ഘടകമാണ്‌. ഇരുമ്പിൽ പരലുകൾ അടങ്ങി​യി​രി​ക്കു​ന്നു എന്ന്‌ നിങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നോ? a വാസ്‌ത​വ​ത്തിൽ, ഇരുമ്പിന്‌ വഴക്കവും തിളക്ക​വും മറ്റു ഗുണങ്ങ​ളും പകരു​ന്ന​തും ഈ പരൽ സ്വഭാ​വ​മാണ്‌. എന്നാൽ ഇരുമ്പു പരലുകൾ ഒരു പടികൂ​ടി മുന്നി​ട്ടു​നിൽക്കു​ന്നു.

പരലു​കൾക്ക്‌ ഉരുക്കി​ന്മേ​ലുള്ള ഫലം

ഉരുക്കി​യെ​ടുത്ത ഇരുമ്പ്‌ മറ്റു മൂലക​ങ്ങ​ളു​മാ​യി കലർത്തി​യാണ്‌ ഉരുക്ക്‌ ഉണ്ടാക്കു​ന്നത്‌. ആ സംയുക്തം തണുത്ത്‌ ഖരമാ​കു​മ്പോൾ, ഇരുമ്പ്‌ മറ്റു പദാർഥ​ങ്ങളെ ലയിപ്പിച്ച്‌ അവയെ അതിന്റെ പരൽ ഘടനയി​ലേക്കു സ്വാം​ശീ​ക​രി​ക്കു​ന്നു. മറ്റു ലോഹ​ങ്ങ​ളും ഇതു​പോ​ലെ​യാ​ണു പ്രവർത്തി​ക്കു​ന്നത്‌. എന്നാൽ ഇതിൽ ഇരുമ്പി​ന്റെ പ്രത്യേ​കത എന്താണ്‌?

ഖരാവ​സ്ഥ​യിൽ ആയിരി​ക്കു​മ്പോൾ പോലും ചൂടാ​ക്കി​യാൽ ഇരുമ്പി​ന്റെ പരൽ ഘടനയ്‌ക്കു മാറ്റം വരുത്താ​മെ​ന്നത്‌ അതിന്റെ ഒരു പ്രത്യേ​ക​ത​യാണ്‌. ഈ പ്രത്യേ​കത നിമിത്തം താരത​മ്യേന അടഞ്ഞ രൂപത്തി​ലുള്ള അവസ്ഥയിൽനിന്ന്‌ തുറന്ന അവസ്ഥയി​ലേ​ക്കും തിരി​ച്ചും ഇരുമ്പ്‌ പരലു​കളെ മാറ്റാ​നാ​കും. നന്നായി നിർമിച്ച ഒരു വീടിന്റെ ഭിത്തികൾ വശങ്ങളി​ലേക്കു ചലിക്കു​ക​യും നിങ്ങൾ ഇരിക്കു​മ്പോൾ മുറി​യു​ടെ തറ താഴേ​ക്കും മുകളി​ലേ​ക്കും നീങ്ങു​ക​യും ചെയ്യു​ന്ന​താ​യി സങ്കൽപ്പി​ക്കുക. ഉരുക്കാ​തെ​തന്നെ ഇരുമ്പി​നെ ഉയർന്ന താപനി​ല​യിൽ ചൂടാ​ക്കി​യ​ശേഷം തണുപ്പി​ക്കു​മ്പോൾ അതിന്റെ പരലു​കൾക്കു​ള്ളിൽ സംഭവി​ക്കു​ന്നത്‌ അതാണ്‌.

ഈ മാറ്റങ്ങൾ സംഭവി​ക്കു​മ്പോൾ കാർബ​ണി​ന്റെ സാന്നി​ധ്യം ഉണ്ടെങ്കിൽ, കടുപ്പ​മുള്ള ഒരു ലോഹ​സ​ങ്കരം മൃദു​വാ​കു​ക​യും മൃദു​വാ​യത്‌ കടുപ്പ​മു​ള്ളത്‌ ആയിത്തീ​രു​ക​യും ചെയ്യും. ഉരുക്കു നിർമാ​താ​ക്കൾ ഈ തത്ത്വം പ്രയോ​ജ​ന​പ്പെ​ടു​ത്തി​ക്കൊണ്ട്‌ തണുപ്പി​ക്കൽ, പതംവ​രു​ത്തൽ, കാച്ചൽ തുടങ്ങിയ ഊഷ്‌മോ​പ​ചാര രീതികൾ (Heat treatments) ഉപയോ​ഗിച്ച്‌ തങ്ങളുടെ ഉത്‌പ​ന്ന​ത്തി​ന്റെ കാഠി​ന്യം ക്രമ​പ്പെ​ടു​ത്തു​ന്നു. b എന്നാൽ അതിലു​മേറെ കാര്യങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു.

മാംഗ​നീസ്‌, മോളി​ബ്‌ഡെനം, നിക്കൽ, വനേഡി​യം, സിലിക്കൺ, ലെഡ്‌, ക്രോ​മി​യം, ബോ​റോൺ, ടങ്‌സ്റ്റൺ, അല്ലെങ്കിൽ സൾഫർ തുടങ്ങിയ മറ്റു മൂലക​ങ്ങ​ളു​മാ​യി കലർത്തു​മ്പോൾ ഉരുക്ക്‌ കടുപ്പ​മു​ള്ള​തോ മൃദു​വോ ആയിത്തീ​രുക മാത്രമല്ല ചെയ്യു​ന്നത്‌, അതു ബലമു​ള്ള​തും കഠിന​വും അടിച്ചു രൂപ​പ്പെ​ടു​ത്താ​വു​ന്ന​തും ദ്രവീ​ക​ര​ണ​രോ​ധി​ത​വും യന്ത്രങ്ങൾകൊണ്ട്‌ മുറി​ക്കാ​വു​ന്ന​തും വഴക്കമു​ള്ള​തും കാന്തിക-അകാന്തിക സ്വഭാ​വ​മു​ള്ള​തു​മൊ​ക്കെ ആയിത്തീ​രു​ന്നു. ആ പട്ടിക ഇവിടം​കൊണ്ട്‌ അവസാ​നി​ക്കു​ന്നില്ല. വ്യത്യസ്‌ത ചേരു​വ​ക​ളും താപനി​ല​യും ഉപയോ​ഗിച്ച്‌ ഒരു റൊട്ടി​ക്കാ​രൻ പലതരം റൊട്ടി​കൾ നിർമി​ക്കു​ന്നതു പോലെ, നാനാ​തരം സങ്കര​ലോ​ഹ​ങ്ങ​ളും ഊഷ്‌മോ​പ​ചാര രീതി​ക​ളും ഉപയോ​ഗിച്ച്‌ ഉരുക്കു നിർമാ​താ​ക്കൾ തനതു സവി​ശേ​ഷ​ത​യുള്ള ആയിര​ക്ക​ണ​ക്കി​നു​തരം ഉരുക്കു​കൾ ഉത്‌പാ​ദി​പ്പി​ക്കു​ന്നു. 12,000 ടൺ ഭാരമുള്ള തീവണ്ടി​കളെ പോലും വഹിക്കുന്ന ഉരുക്കു​പാ​ള​ങ്ങ​ളും വാച്ചിന്റെ ബാലൻസ്‌ വീൽ താങ്ങി​നി​റു​ത്തുന്ന, സൂചി​മു​ന​യു​ടെ അത്ര വലിപ്പ​മുള്ള ഉരുക്കു (സ്റ്റീൽ) ബെയറി​ങ്ങു​ക​ളും ഇതിന്റെ ഉദാഹ​ര​ണ​ങ്ങ​ളാണ്‌.

ഉരുക്കു​നിർമാ​ണം—അന്നും ഇന്നും

നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ ലോഹ​നിർമാ​താ​ക്കൾ ഇരുമ്പി​നെ പാത്ര​ങ്ങ​ളും ആയുധ​ങ്ങ​ളും ആക്കി​യെ​ടു​ത്തു. ഉരുക്കിയ ഇരുമ്പി​ലെ (അയിര്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന ധാതു​വാ​ഹക പാറയിൽനിന്ന്‌ വേർതി​രി​ച്ചെ​ടുത്ത ഇരുമ്പ്‌) മറ്റു ഘടകങ്ങൾ ആ ലോഹ​ത്തി​നു കടുപ്പ​വും ബലവും നൽകു​ന്ന​താ​യി അവർ കണ്ടെത്തി. ചൂടാ​ക്കിയ ഒരു ഇരുമ്പ്‌ ഉപകരണം വെള്ളത്തിൽ മുക്കി തണുപ്പി​ച്ചാൽ അതിന്റെ കാഠി​ന്യം വർധി​ക്കു​ന്ന​താ​യും അവർ മനസ്സി​ലാ​ക്കി. ഇന്ന്‌ കൊല്ലന്റെ ഉലയ്‌ക്കു പകരം കൂറ്റൻ ചൂളക​ളും ചുറ്റി​ക​യ്‌ക്കും അടകല്ലി​നും പകരം ഭീമാ​കാ​ര​മായ റോളിങ്‌ മില്ലു​ക​ളു​മാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. എങ്കിലും, ഇരുമ്പ്‌ അടിച്ചു​രൂ​പ​പ്പെ​ടു​ത്താൻ പണ്ടുകാ​ലത്ത്‌ കായ​ശേ​ഷി​യു​ള്ളവർ ഉപയോ​ഗിച്ച അതേ അടിസ്ഥാന തത്ത്വങ്ങൾ തന്നെയാണ്‌ ആധുനി​ക​കാ​ലത്ത്‌ ഉരുക്കു​നിർമാ​ണം നടത്തു​ന്ന​വ​രും ഉപയോ​ഗി​ക്കു​ന്നത്‌. അവർ (1) ഇരുമ്പ്‌ ഉരുക്കു​ന്നു, (2) മറ്റു ലോഹങ്ങൾ ചേർക്കു​ന്നു (3) ഉരുക്ക്‌ തണുക്കാൻ അനുവ​ദി​ക്കു​ന്നു, (4) രൂപ​പ്പെ​ടു​ത്തി ഊഷ്‌മോ​പ​ചാ​രം ചെയ്യുന്നു.

ഇതോ​ടൊ​പ്പം കൊടു​ത്തി​രി​ക്കുന്ന ചതുര​ത്തി​ലെ അളവുകൾ ശ്രദ്ധി​ക്കുക. അവ വളരെ​യ​ധി​ക​മാ​ണെന്നു തോന്നി​യാ​ലും ഒരു ഉരുക്കു മില്ലിന്‌ ഒറ്റ ദിവസം​കൊണ്ട്‌ അതെല്ലാം ഉപയോ​ഗി​ച്ചു​തീർക്കാൻ കഴിയും. ഈ മില്ലിന്‌ വിശാ​ല​മായ ഒരു പ്രദേ​ശം​തന്നെ വേണം, അതിന്റെ ഒടുങ്ങാത്ത വിശപ്പിന്‌ വളരെ​യ​ധി​കം ധാതു​ക്ക​ളും.

അത്ഭുത​ക​ര​മായ ഒരു ലോഹം പല രൂപത്തിൽ

ഉരുക്കി​ന്റെ ഉപയോ​ഗം അസാധാ​ര​ണ​മായ പല സ്ഥലങ്ങളി​ലും കാണാം. ഒരു വലിയ പിയാ​നോ​യു​ടെ മൂടി​യു​ടെ അടിയിൽ നിങ്ങൾ അതു കണ്ടേക്കാം. ഏറ്റവും കടുപ്പ​മുള്ള ഒരുതരം ഉരുക്കു​കൊണ്ട്‌ ഉണ്ടാക്കി​യി​രി​ക്കുന്ന അതിലെ ലോഹ​ക്കമ്പി മനോ​ഹ​ര​മായ സംഗീതം പൊഴി​ക്കു​ന്നു. ഹാഡ്‌ഫീൽഡ്‌ മാംഗ​നീസ്‌ ഉരുക്ക്‌, പാറകൾ പൊടി​ക്കുന്ന യന്ത്രത്തി​ന്റെ നിർമാ​ണ​ത്തിൽ ഉപയോ​ഗി​ക്കു​ന്നു, അതു കല്ലുകളെ എത്ര ശക്തിയാ​യി ഇടിക്കു​ന്നു​വോ അതനു​സ​രിച്ച്‌ ഉരുക്കി​ന്റെ കടുപ്പ​വും ഏറിവ​രും. സ്റ്റെയിൻലെസ്‌ സ്റ്റീൽ ഉപയോ​ഗിച്ച്‌ ശസ്‌ത്ര​ക്രി​യാ കത്തിക​ളും മുന്തി​രി​ത്തൊ​ട്ടി​ക​ളും ഐസ്‌ക്രീം മെഷീ​നു​ക​ളും മറ്റും ഉണ്ടാക്കു​ന്നു. മുടി​യി​ഴ​കൾപോ​ലെ എണ്ണിത്തീർക്കാൻ ബുദ്ധി​മു​ട്ടാണ്‌ ഉരുക്കി​ന്റെ നാനാ ഉപയോ​ഗ​ങ്ങ​ളും.

ലോക​ത്തി​ലാ​കെ 80,00,00,000 ടൺ ഉരുക്കാണ്‌ പ്രതി​വർഷം ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌. ഭൂമി​യി​ലെ സുലഭ​മായ മൂലക​ങ്ങ​ളിൽ ഒന്നായ ഇരുമ്പ്‌ ഇല്ലായി​രു​ന്നെ​ങ്കിൽ അതിൽ ഒരു ഗ്രാം പോലും കാണു​മാ​യി​രു​ന്നില്ല. അതു​പോ​ലെ, കൽക്കരി​യും ചുണ്ണാ​മ്പു​ക​ല്ലും ധാരാ​ള​മാ​യി ഉള്ളതി​നാൽ ഭാവി​യി​ലും ഉരുക്ക്‌ ലഭ്യമാ​കു​മെ​ന്നു​തന്നെ കരുതാം.

അടുത്ത പ്രാവ​ശ്യം നിങ്ങൾ ഒരു ലോഹ​സൂ​ചി​കൊണ്ട്‌ വസ്‌ത്രം തുന്നു​ക​യോ ഒരു ലോഹ​നിർമിത ചൂണ്ട​കൊണ്ട്‌ മീൻ പിടി​ക്കു​ക​യോ ഒരു സ്‌ക്രൂ​ഡ്രൈവർ ഉപയോ​ഗി​ക്കു​ക​യോ ചങ്ങല​കൊണ്ട്‌ ബന്ധിച്ച ഒരു ഗേറ്റ്‌ തുറക്കു​ക​യോ വാഹന​ത്തിൽ സഞ്ചരി​ക്കു​ക​യോ നിലമു​ഴു​ക​യോ ചെയ്യു​മ്പോൾ, ഇതെല്ലാം സാധ്യ​മാ​ക്കുന്ന ഇരുമ്പി​ന്റെ​യും കാർബ​ണി​ന്റെ​യും അസാധാ​രണ സങ്കരമായ ഉരുക്കി​നെ കുറിച്ചു ചിന്തിക്കുക.(g01 9/8)

[അടിക്കു​റി​പ്പു​കൾ]

a ഖരാവസ്ഥയിലുള്ള ഒരു മൂലക​ത്തി​ന്റെ​യോ മൂലക​സം​യു​ക്ത​ത്തി​ന്റെ​യോ ഏകകമാണ്‌ പരൽ, ഓരോ പരലി​ലെ​യും ആറ്റങ്ങളു​ടെ ഘടന ഒരു​പോ​ലെ​യാണ്‌.

b ഉയർന്ന താപനി​ല​യി​ലുള്ള ഇരുമ്പി​നെ പെട്ടെന്ന്‌ തണുപ്പി​ക്കു​ന്ന​താണ്‌ ആദ്യത്തെ രീതി. ക്രമേ​ണ​യുള്ള തണുപ്പി​ക്ക​ലാണ്‌ പതംവ​രു​ത്ത​ലി​ലും കാച്ചലി​ലും ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌.

[23-ാം പേജിലെ ചതുരം]

10,000 ടൺ ഉരുക്കി​നു വേണ്ട അസംസ്‌കൃത പദാർഥ​ങ്ങൾ

6,500 ടൺ കൽക്കരി

13,000 ടൺ ഇരുമ്പ​യിര്‌

2,000 ടൺ ചുണ്ണാ​മ്പു​കല്ല്‌

2,500 ടൺ ഉരുക്കിൻ കഷണങ്ങൾ

150,00,00,000 ലിറ്റർ ജലം

80,000 ടൺ വായു

[20, 21 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

ഉരുക്ക്‌ നിർമി​ക്കുന്ന വിധം

ദൃശ്യ ലാളി​ത്യം കിട്ടാൻ ചില വിശദാം​ശങ്ങൾ ചേർത്തി​ട്ടി​ല്ല

ഉരുക്കുനിർമാണത്തിന്‌ താപം ആവശ്യ​മാണ്‌. താപമാ​പി​നി​യെ അഥവാ തെർമോ​മീ​റ്റ​റി​നെ വഴികാ​ട്ടി​യാ​യി ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഉരുക്കു​നിർമാ​ണം എങ്ങനെ നടക്കുന്നു എന്ന്‌ നമുക്കു നോക്കാം.

1400° സെൽഷ്യസ്‌.വായു കടക്കാത്ത അറകൾക്കു​ള്ളി​ലെ വലിയ അടുപ്പു​ക​ളിൽ കൽക്കരി ചൂടാക്കി കൽക്കരി​ക്ക​ഷ​ണങ്ങൾ ദഹിപ്പി​ക്കാ​തെ​തന്നെ അതിലെ മാലി​ന്യ​ങ്ങൾ നീരാ​വി​യാ​ക്കി കളയുന്നു. കോക്ക്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന ശേഷി​ക്കുന്ന കരിക്ക​ഷ​ണങ്ങൾ തുടർന്നുള്ള പ്രക്രി​യ​യ്‌ക്ക്‌ ആവശ്യ​മായ താപവും കാർബ​ണും നൽകുന്നു.

1650° സെൽഷ്യസ്‌.കോക്ക്‌, ഇരുമ്പ​യിര്‌, ചുണ്ണാ​മ്പു​കല്ല്‌ തുടങ്ങിയ അസംസ്‌കൃത വസ്‌തു​ക്കൾ തീയും അതിത​പിത വായു​വു​മുള്ള ഒരു ബ്ലാസ്റ്റു​ചൂ​ള​യി​ലേക്ക്‌ നിക്ഷേ​പി​ക്കു​ന്നു. കോക്ക്‌ കത്തുന്നു, ഭയങ്കര​മായ ചൂടിൽ ഇരുമ്പ​യി​രി​ലെ മാലി​ന്യ​ങ്ങൾ ചുണ്ണാ​മ്പു​ക​ല്ലു​മാ​യി ലയിച്ച്‌ ഉപോ​ത്‌പ​ന്ന​മായ സ്ലാഗ്‌ അഥവാ കിട്ടം ഉണ്ടാകു​ന്നു. ഇത്‌ ദ്രവരൂ​പ​ത്തിൽ ചൂളയു​ടെ അടിഭാ​ഗത്ത്‌ ഇരുമ്പി​നു മീതെ​യാ​യി പൊങ്ങി​ക്കി​ട​ക്കു​ന്നു. തുടർന്ന്‌ ഈ സ്ലാഗ്‌ ഒരു കണ്ടെയ്‌ന​റി​ലേക്കു നീക്കം ചെയ്യുന്നു. തുടർന്ന്‌ ദ്രവരൂ​പ​ത്തി​ലുള്ള ഇരുമ്പ്‌ ലേഡിൽ കാറു​ക​ളി​ലാ​ക്കി ഉരുക്കു​നിർമാണ ശാലയി​ലേക്കു കൊണ്ടു​പോ​കു​ന്നു.

1650° സെൽഷ്യസ്‌.ശ്രദ്ധാ​പൂർവം വേർതി​രിച്ച 90 ടൺ പാഴ്‌ ഇരുമ്പു​ക​ഷ​ണങ്ങൾ ഒമ്പതു മീറ്റർ ഉയരത്തിൽ ഏതാണ്ട്‌ കോണാ​കൃ​തി​യി​ലുള്ള ഒരു വലിയ പാത്ര​ത്തി​ലേക്ക്‌ ഇടുന്നു. ഇതിനെ അടിസ്ഥാന ഓക്‌സി​ജൻ ചൂള എന്നാണു വിളി​ക്കു​ന്നത്‌. ഒരു വലിയ തവി, ദ്രവരൂ​പ​ത്തി​ലുള്ള ഇരുമ്പി​നെ ആ ഇരുമ്പു​ക​ഷ​ണ​ങ്ങ​ളി​ലേക്ക്‌ ഒഴിക്കു​ന്നു. എന്നിട്ട്‌ ആ പാത്ര​ത്തി​ലേക്ക്‌ വെള്ളം​കൊണ്ട്‌ തണുപ്പിച്ച, ലാൻസ്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു കുഴൽ ഇറക്കുന്നു. അതിന്റെ ഫലമായി തീപ്പൊ​രി​കൾ ഉണ്ടാകാ​റുണ്ട്‌. ലാൻസിൽനിന്ന്‌ അതി​വേ​ഗ​ത്തിൽ ശുദ്ധമായ ഓക്‌സി​ജൻ വലിയ ശബ്ദത്തോ​ടെ പ്രവഹി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, കത്തുന്ന അടുപ്പി​ന്മേൽ ഇരിക്കുന്ന സൂപ്പു​പോ​ലെ ലോഹം വെട്ടി​ത്തി​ള​യ്‌ക്കാൻ തുടങ്ങു​ന്നു. രാസ​പ്ര​വർത്ത​നങ്ങൾ നടക്കുന്നു. ഒരു മണിക്കൂ​റിൽ കുറഞ്ഞ സമയം​കൊണ്ട്‌ ചൂളയി​ലെ പ്രവർത്ത​നങ്ങൾ കഴിഞ്ഞി​രി​ക്കും. 300 ടൺ വീതം ദ്രവരൂ​പ​ത്തി​ലുള്ള ഉരുക്ക്‌—ഇതിനെ ഹീറ്റ്‌ എന്നാണ്‌ വിളി​ക്കു​ന്നത്‌—വലിയ വാഹക തവിക​ളി​ലേക്കു മാറ്റുന്നു. തുടർന്ന്‌ സങ്കര​ലോ​ഹങ്ങൾ ചേർത്ത്‌ ഈ ചൂടു​ലാ​യനി വാർപ്പ്‌ യന്ത്രങ്ങ​ളിൽ ഒഴിക്കു​ന്നു. അങ്ങനെ ഉരുക്കിന്‌ രൂപം കൈവ​രു​ന്നു.

1200° സെൽഷ്യസ്‌.ചുട്ടു​പ​ഴുത്ത ഉരുക്കി​നെ ഉരുളു​കൾക്കി​ട​യിൽ വെച്ച്‌ അമർത്തി ആവശ്യ​മു​ള്ളത്ര കനത്തിൽ എടുക്കു​ന്നു. ഈ പ്രവർത്തനം ലോഹത്തെ കാഠി​ന്യ​മു​ള്ള​താ​ക്കു​ന്നു, തന്മൂലം ഈ ഉരുക്കി​നെ തുടർന്നു രൂപ​പ്പെ​ടു​ത്താൻ വളരെ ശ്രമം ആവശ്യ​മാണ്‌.

സാധാരണ താപനില.ഉരുക്ക്‌ വാർത്തെ​ടുത്ത്‌, മുറിച്ച്‌, ചൂടാ​ക്കി​യോ തണുപ്പി​ച്ചോ ഉരുളു​കൾക്കി​ട​യി​ലൂ​ടെ കടത്തി​വിട്ട്‌, അമ്ലലാ​യ​നി​ക​ളിൽ മുക്കി ശുദ്ധീ​ക​രിച്ച്‌ എടുത്തി​രി​ക്കു​ന്നു. അത്‌ ആവർത്തി​ച്ചാ​വർത്തിച്ച്‌ ചൂടാ​ക്കി​യ​താണ്‌. ഒടുവിൽ താപം സാധാരണ നിലയി​ലേക്കു താഴുന്നു. ദ്രവരൂ​പ​ത്തി​ലുള്ള ഉരുക്ക്‌ അഥവാ ഹീറ്റ്‌ ഉരുക്കു​പാ​ളി​ക​ളു​ടെ അടുക്കു​ക​ളാ​യി മാറുന്നു. ഒരു ലോഹ പണിപ്പു​ര​യിൽ അതിനെ ഒരു ഓഫീസ്‌ കെട്ടി​ട​ത്തി​നു വേണ്ട കുഴലു​ക​ളാ​ക്കി മാറ്റുന്നു.

ഒരു ഉരുക്കു​മി​ല്ലി​ന്റെ അധിക​ഭാ​ഗ​വും ഉരുക്കു​കൊ​ണ്ടു​തന്നെ ഉണ്ടാക്കി​യത്‌ ആയതി​നാൽ അവ നിർമാ​ണ​ത്തി​നി​ട​യിൽ എന്തു​കൊ​ണ്ടാണ്‌ ഉരുകി​പ്പോ​കാ​ത്തത്‌? ചൂളകൾ, ലേഡിൽ കാറുകൾ, കൂറ്റൻ തവികൾ എന്നിവ​യു​ടെ ഉൾഭാ​ഗത്ത്‌ ഉരുകി​പ്പോ​കാത്ത, അല്ലെങ്കിൽ താപത്തെ ചെറു​ത്തു​നിൽക്കുന്ന, വസ്‌തു​കൊണ്ട്‌ നിർമിച്ച ഇഷ്ടികകൾ പാകി​യി​രി​ക്കു​ന്നു. അടിസ്ഥാന ഓക്‌സി​ജൻ ചൂളയിൽ ഒരു മീറ്റർ കനത്തിൽ ഈ ഇഷ്ടികകൾ പാകണം. എന്നാൽ അതിക​ഠിന ചൂട്‌ ഈ ഇഷ്ടിക​ക​ളെ​യും ബാധി​ക്കു​മെ​ന്ന​തി​നാൽ, ഇടയ്‌ക്കി​ട​യ്‌ക്ക്‌ അവ മാറ്റി പുതിയവ പാകേ​ണ്ട​തുണ്ട്‌.

[രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

1. ഇരുമ്പു​നിർമാ​ണം

1400° സെൽഷ്യസ്‌ കൽക്കരി → കോക്ക്‌ അടുപ്പു​കൾ

1650° സെൽഷ്യസ്‌ ഇരുമ്പ​യിര്‌ → ബ്ലാസ്റ്റ്‌

ചുണ്ണാ​മ്പു​കല്ല്‌ → ചൂള

ദ്രവരൂ​പ​ത്തി​ലുള്ള ഇരുമ്പ്‌

2. ഉരുക്കു​നിർമാ​ണം

1650° സെൽഷ്യസ്‌ പാഴ്‌ ഇരുമ്പു കഷണങ്ങൾ → അടിസ്ഥാന

ചുണ്ണാ​മ്പും ഫ്‌ളക്‌സും → ഓക്‌സി​ജൻ

ഓക്‌സി​ജൻ → ചൂള

3.ശീതീ​ക​രണം

തുടർച്ച​യായ വാർക്കൽ

ഉരുക്കു കട്ടി

ഉരുക്കു ബാർ

ഉരുക്കു സ്ലാബ്‌

4.അവസാന മിനു​ക്കു​പണി

1200° സെൽഷ്യസ്‌ ഉരുക്ക്‌ ഉരുളു​കൾക്കി​ട​യിൽ

ഉരുട്ടി രൂപ​പ്പെ​ടു​ത്തു​ന്നു

(കമ്പിക​ളോ ബീമു​ക​ളോ)

സിങ്ക്‌ പൂശുന്നു

ശീതീ​ക​രിച്ച്‌ ഉരുളു​കൾക്കി​ട​യി​ലൂ​ടെ കടത്തി​വി​ടു​ന്നു

ചൂടാക്കി ഉരുളു​കൾക്കി​ട​യി​ലൂ​ടെ കടത്തി​വി​ടു​ന്നു

സാധാരണ താപനില

[ചിത്രം]

ആളുകളുടെ വലിപ്പം ശ്രദ്ധി​ക്കു​ക

[19-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

വാച്ച്‌ ഒഴികെ 19-21 പേജു​ക​ളി​ലെ എല്ലാ ചിത്രങ്ങളും: Courtesy of Bethlehem Steel