കെന്റെ—രാജാക്കന്മാരുടെ വസ്ത്രം
കെന്റെ—രാജാക്കന്മാരുടെ വസ്ത്രം
ഘാനയിലെ ഉണരുക! ലേഖകൻ
കപ്പികളുടെയും ലിവറുകളുടെയും താളാത്മക ശബ്ദത്തിനൊത്ത് ആ തുന്നൽക്കാരന്റെ കൈകൾ അനായാസം അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുകൊണ്ടിരുന്നു. തന്റെ മുന്നിലുള്ള വർണഭംഗിയാർന്ന, വീതികുറഞ്ഞ നീണ്ട തുണിക്കഷണത്തിലാണ് അയാളുടെ ശ്രദ്ധ. തന്റെ പെരുവിരലുകൾകൊണ്ട് അയാൾ കൂട്ടിപ്പിടിച്ചിരിക്കുന്ന കയറുകളാണ് കണ്ണിച്ചട്ടങ്ങളെ—തറിയുടെ മുൻഭാഗത്തായി ആറ് മീറ്റർ നീണ്ടുകിടക്കുന്ന പാവുകണ്ണികളെ വേർതിരിച്ച് ശരിയായ സ്ഥാനത്തു പാകുന്ന താരുചുറ്റിയ ഊട്ടുകഴകളെ—പ്രവർത്തിപ്പിക്കുന്നത്. a അയാളുടെ വിരലുകൾ അകന്നുനിൽക്കുന്ന പാവുകണ്ണികളുടെ ഇടയിലേക്ക് വർണഭംഗിയാർന്ന പട്ടുനൂലുകൾ ഓരോന്നായി ധ്രുതഗതിയിൽ കടത്തിവിടുന്നു. ഇങ്ങനെ ഊടുനൂലുകൾ കടത്തിയശേഷം അവ വലിച്ചുമുറുക്കി കഴിയുമ്പോൾ കൈത്തറിത്തുണിയുടെ പണി പൂർത്തിയായി.
ഇങ്ങനെ നെയ്തെടുക്കുന്ന തുണിക്കഷണത്തിന് പത്തു സെന്റിമീറ്റർ വീതിയേ കാണൂ. പക്ഷേ അത് വർണാഭവും സങ്കീർണ രൂപമാതൃകകളോടു കൂടിയതും ആയിരിക്കും. തനിമയാർന്ന കെന്റെ വസ്ത്രം പൂർത്തിയായി കഴിയുമ്പോൾ നെയ്ത്തുകാരന്റെ മുഖത്ത് സംതൃപ്തിയുടെ ഒരു പുഞ്ചിരി കാണാം.
ഒരു പ്രാചീന കല
ആയിരക്കണക്കിനു വർഷങ്ങളായി വിദഗ്ധ കരവേലക്കാർ നെയ്ത്ത് എന്ന പുരാതന കലയിൽ ഏർപ്പെട്ടിട്ടുണ്ട്. ചണം, പരുത്തി, പട്ട് എന്നിവയിൽനിന്ന് സുലഭമായി ലഭിക്കുന്ന നൂലുകളാണ് നെയ്ത്തുവേലയ്ക്ക് ഉപയോഗിക്കുന്നത്. വേരുകളിൽനിന്നും സസ്യങ്ങളുടെ ഇലകളിൽ നിന്നും പ്രാഥമിക നിറങ്ങൾ തയ്യാറാക്കുന്നു. തങ്ങൾ നെയ്യുന്ന തുണിയിൽ ലളിതമായ ഡിസൈനുകളും രൂപമാതൃകകളും ഉണ്ടാക്കാൻ ഈ പ്രാഥമിക നിറങ്ങൾ നെയ്ത്തുകാരെ സഹായിക്കുന്നു.
ആഫ്രിക്കയിലെ നാടോടികൾക്കിടയിലെ നെയ്ത്തുകാർ ഓരോ സ്ഥലത്തേക്ക് എളുപ്പത്തിൽ കൊണ്ടുപോകാവുന്ന ചെറിയ തറികൾ ഉണ്ടാക്കിയെടുത്തു. സ്ട്രിപ്പ് ലൂമുകൾ എന്ന് അറിയപ്പെട്ടിരുന്ന ഈ തറികളിൽ 7.5 സെന്റിമീറ്റർ മുതൽ 11.5 സെന്റിമീറ്റർ വരെ വീതിയുള്ള
തുണിക്കഷണങ്ങളേ ഉണ്ടാക്കാൻ സാധിക്കുമായിരുന്നുള്ളൂ. വീതികുറഞ്ഞ നീണ്ട ഈ തുണിക്കഷണങ്ങളുടെ നെടിയ വശങ്ങൾ ചേർത്തുവെച്ച് തുന്നിയെടുക്കുന്ന വലിയ വസ്ത്രങ്ങൾ കുപ്പായംപോലെ ധരിക്കാമായിരുന്നു. ഒപ്പം കൊണ്ടുനടക്കാൻ കഴിയുമായിരുന്ന സ്ട്രിപ്പ് ലൂമുകൾ മരുഭൂമികളിലൂടെയും നദികൾക്കു കുറുകെയും പർവതങ്ങളിലൂടെയും മറ്റും കൊണ്ടുപോയിരുന്നത് ചുമട്ടുമൃഗങ്ങളുടെ പുറത്തു വെച്ചായിരുന്നു. പുരാതന വാണിജ്യ മാർഗങ്ങളിലൂടെ കൊണ്ടുപോയിരുന്ന ഈ സ്ട്രിപ്പ് ലൂമുകൾ അവ ഉപയോഗിച്ചിരുന്ന ആളുകളുടെമേൽ വലിയ സ്വാധീനം ചെലുത്തി.വസ്ത്രത്തോടുള്ള ആഗ്രഹം
യൂറോപ്യൻ പര്യവേക്ഷകർ ഗോൾഡ് കോസ്റ്റ് b എന്നു വിളിച്ചിരുന്ന ധാതുസമൃദ്ധമായ പ്രദേശത്തെ നൂറ്റാണ്ടുകളായി നിയന്ത്രിച്ചിരുന്നത് പശ്ചിമാഫ്രിക്കയിലെ രാജാക്കന്മാരും ഗോത്രമുഖ്യന്മാരും ആയിരുന്നു. അവിടെ വലിയ അളവിൽ സ്വർണം ഖനനം ചെയ്തിരുന്നതുകൊണ്ട് അവിടത്തെ അഷാന്തി രാജാക്കന്മാർക്കും അവരുടെ ഭവനക്കാർക്കും വളരെയധികം സമ്പത്തുണ്ടായി. സ്വർണാഭരണങ്ങളും പ്രത്യേകമായി നെയ്തെടുത്ത വിശേഷ വസ്ത്രങ്ങളും അണിഞ്ഞ് ഈ രാജാക്കന്മാരും അവരുടെ പ്രധാനികളും പ്രജകൾക്കു മുമ്പാകെ തങ്ങളുടെ സമ്പത്തും പ്രതാപവും അധികാരവും പ്രദർശിപ്പിച്ചിരുന്നു. ഈ ഭരണാധിപന്മാർ ധരിച്ചിരുന്ന അപൂർവമായ വസ്ത്രം കെന്റെ എന്നു വിളിക്കപ്പെടാൻ ഇടയായി. ഒരു കൊട്ടയുടെ നെയ്ത്തിനോട് സമാനമായ ഇതിന്റെ നെയ്ത്തിനെ സൂചിപ്പിക്കുന്ന ഒരു പദമായിരിക്കാം അത്. ഗോൾഡ് കോസ്റ്റിലെ മറ്റു ഗോത്രങ്ങളും മേൽപ്പറഞ്ഞതുപോലുള്ള, വീതികുറഞ്ഞ നീണ്ട തുണികൾ നെയ്തിരുന്നു. എന്നാൽ അഷാന്തി രാജാക്കന്മാരെ സംബന്ധിച്ചിടത്തോളം, രാജകീയ പ്രതാപത്തിന്റെയും പദവിയുടെയും പ്രതീകമായിത്തീർന്നു കെന്റെ വസ്ത്രം.
സ്ട്രിപ്പ് ലൂമുകളിൽ നെയ്ത്തു നടത്തിയിരുന്നവർ പ്രാദേശികമായി ഉണ്ടാക്കിയ പരുത്തിനൂലാണ് ഉപയോഗിച്ചിരുന്നത്. നീലനൂൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. തദ്ദേശവാസികൾക്ക്, വരകളുടെയും ചതുരങ്ങളുടെയും ലളിതമായ ഡിസൈനുകളുള്ള തുണിത്തരങ്ങൾ നെയ്തുകൊടുക്കുന്നതിനായി തെളിമ കുറഞ്ഞ പരുത്തിത്തുണിയിൽ ഈ നീലനൂലുകൾ നെയ്തു പിടിപ്പിച്ചിരുന്നു.
രാജാവ് ധരിച്ചിരുന്ന കെന്റെ വസ്ത്രത്തിന്റെ നെയ്ത്തു നേർമയേറിയത് ആയിരുന്നു, അതു നെയ്യാൻ പ്രത്യേക നെയ്ത്തുകാർതന്നെ ഉണ്ടായിരുന്നു. ഉയർന്ന ഗുണമേന്മയുള്ള വസ്ത്രങ്ങൾ നെയ്യാൻ വിദഗ്ധരായ രാജകീയ നെയ്ത്തുസംഘങ്ങളെ കൊട്ടാരത്തിൽ ആക്കിവെച്ചിരുന്നു. ഈ നെയ്ത്തുവിദ്യ മറ്റാരും അറിയാതെ സൂക്ഷിച്ചിരുന്ന ഒരു രഹസ്യം ആയിരുന്നു. രാജാവിനും കൊട്ടാര ഉപയോഗത്തിനും മാത്രമായി ഉണ്ടാക്കിയിരുന്ന രൂപമാതൃകകളും ഡിസൈനുകളും മറ്റു നെയ്ത്തുകാർ നെയ്തുണ്ടാക്കാൻ പാടില്ലായിരുന്നു. തനതായ ഡിസൈനും രൂപമാതൃകയുമുള്ള നൂറുകണക്കിനു വസ്ത്രങ്ങൾ രാജാവിന് ഉണ്ടായിരുന്നു. പരമ്പരാഗതമായി, രാജാവ് ഒരു വസ്ത്രം പൊതുജനങ്ങളുടെ മുമ്പാകെ ഒന്നിലധികം പ്രാവശ്യം ധരിക്കുമായിരുന്നില്ല.
നിറത്തിനു വേണ്ടിയുള്ള അന്വേഷണം
പതിനാറാം നൂറ്റാണ്ടിൽ ഗോൾഡ് കോസ്റ്റിൽ മറ്റൊരു തരത്തിലുള്ള തുണി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ ഈ തുണി ഉണ്ടാക്കിയത് ആഫ്രിക്കൻ സ്ട്രിപ്പ് ലൂമുകളിൽ അല്ലായിരുന്നു. വിദൂര നാടുകളിൽ നിർമിച്ചിരുന്ന ആ തുണികൾ ആനക്കൊമ്പും സ്വർണവും അതുപോലെ അടിമകളെയും തേടിപ്പോയ ആദ്യകാല യൂറോപ്യൻ നാവികരാണ് അവിടെ കൊണ്ടുവന്നത്. ഇങ്ങനെ ഇറക്കുമതി ചെയ്യപ്പെട്ട തുണികളിൽ ആകർഷകമായ കടുംവർണങ്ങളിലുള്ള നൂലുകൾ ഉണ്ടായിരുന്നു. ചെമപ്പും മഞ്ഞയും പച്ചയും നിറങ്ങളിലുള്ള നൂലുകൾകൊണ്ട് നെയ്തുണ്ടാക്കിയ വർണഭംഗിയാർന്ന ഈ തുണികൾ പെട്ടെന്നുതന്നെ അമൂല്യമായ ഒരു വിപണന വസ്തുവായി മാറി. ആ വിലയേറിയ തുണികൾ യൂറോപ്യൻ
വ്യാപാരികളിൽനിന്നു വാങ്ങാനുള്ള സാമ്പത്തികശേഷി അധികമാർക്കും ഉണ്ടായിരുന്നില്ല. തീരത്തിനടുത്തായി കാത്തുകിടന്നിരുന്ന കപ്പലുകളിലേക്ക് സ്വർണത്തിന്റെയും ആനക്കൊമ്പിന്റെയും അടിമകളുടെയും പ്രവാഹത്തെ നിയന്ത്രിച്ചിരുന്ന സമ്പന്നരായ അഷാന്തി വർഗക്കാർക്കേ അതു വാങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, അഷാന്തി രാജാവിനും അദ്ദേഹത്തിന്റെ മുഖ്യന്മാർക്കും പ്രിയം നെയ്തുണ്ടാക്കിയ ആ തുണികൾ ആയിരുന്നില്ല.അവ കിട്ടിക്കഴിഞ്ഞാൽ, നെയ്ത്തുകാർ വളരെ പണിപ്പെട്ട് വർണനൂലുകൾ അഴിച്ചെടുക്കുകയും വസ്ത്രത്തിന്റെ ബാക്കിയുള്ള ഭാഗങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു. എന്നിട്ട് അമൂല്യമായ ഈ നൂലുകൾ ഉപയോഗിച്ച് സ്ട്രിപ്പ് ലൂമുകളിൽ അവർ വീണ്ടും നെയ്ത്തു നടത്തുമായിരുന്നു. വ്യത്യസ്ത വർണങ്ങളിലുള്ള അസംസ്കൃത വസ്തുക്കൾ കൂടുതൽ ലഭ്യമായതോടെ മുമ്പത്തേതിലും അധികമായി സർഗാത്മകവും സാങ്കേതികവുമായ തങ്ങളുടെ കഴിവുകൾ തുണിനെയ്ത്തിൽ ഉപയോഗിക്കാനുള്ള പ്രചോദനം ലഭിച്ചുതുടങ്ങി, അതുപോലെ പുത്തൻ രീതികളും തഴച്ചുവളർന്നു. മറ്റു ഗോത്രങ്ങളിലെ വിദഗ്ധരായ നെയ്ത്തുകാരെ അഷാന്തി രാജാക്കന്മാർ നെയ്ത്തിനായി നിയമിച്ചിരുന്നു. അങ്ങനെ അതുല്യ ഗുണമേന്മയുള്ള കെന്റെ വസ്ത്രങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടു തുടങ്ങി.
മത്സ്യങ്ങൾ, പക്ഷികൾ, പഴവർഗങ്ങൾ, ഇലകൾ, സൂര്യാസ്തമയങ്ങൾ, മഴവില്ലുകൾ, പ്രകൃതിയിലെ മറ്റു ദൃശ്യങ്ങൾ എന്നിവയൊക്കെ തുണികളിൽ സ്ഥാനം പിടിക്കാൻ തുടങ്ങി. അവ അതിസൂക്ഷ്മമായ വിശദാംശങ്ങളും ആലങ്കാരിക അർഥവും നിറഞ്ഞതായിരുന്നു. ഇടയിൽ സ്വർണനൂലുകൾ ഉപയോഗിച്ച് നെയ്തെടുത്ത തുണികൾ സമ്പന്നതയുടെ പ്രതീകമായിരുന്നു. പച്ച നവചൈതന്യത്തെയും കറുപ്പ് ദുഃഖത്തെയും പ്രതിനിധാനം ചെയ്തു. ചെമപ്പ് കോപത്തിന്റെയും വെള്ളിനിറം പരിശുദ്ധിയുടെയും പ്രതീകമായിരുന്നു.
നെയ്ത്തുകാർ ഒരു തുണി നെയ്തെടുക്കാൻതന്നെ ക്ഷമയോടെ, തിടുക്കം കൂട്ടാതെ മാസങ്ങളോളം അധ്വാനിച്ചു. തങ്ങളുടെ വൈദഗ്ധ്യത്തിന്റെയും സർഗാത്മകതയുടെയും മാനദണ്ഡമായി അത് ഉപയോഗിക്കപ്പെടുമെന്ന് അവർക്ക് അറിയാമായിരുന്നു. അപൂർവവും വില കൂടിയതുമായ കെന്റെ വസ്ത്രങ്ങൾ വാങ്ങാൻ കഴിയുന്നവർ നന്നേ ചുരുക്കമായിരുന്നതിനാൽ, അത്തരം മികച്ച വസ്ത്രങ്ങളുടെ ആവശ്യം പരിമിതമായിരുന്നു.
ആധുനിക കെന്റെ
കാലം കടന്നുപോയതോടെ, രാജാക്കന്മാരുടെയും പ്രബലരായ മുഖ്യന്മാരുടെയും സ്വാധീനം കുറയാൻ തുടങ്ങി. രാജാക്കന്മാരെയും സാധാരണക്കാരെയും തമ്മിൽ ഒരു വസ്ത്രം ഉപയോഗിച്ച് വേർതിരിക്കേണ്ട ആവശ്യം ഇല്ലാതായി. ഈ മനോഹരമായ വസ്ത്രത്തിന്റെ ആവശ്യം വർധിക്കുകയും രാജകീയേതര ആവശ്യങ്ങൾക്കായി അത് ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. ആവശ്യം വർധിച്ചതോടെ വസ്ത്രങ്ങൾ പെട്ടെന്ന് നെയ്തെടുക്കേണ്ട അവസ്ഥ വന്നു. അതുകൊണ്ടുതന്നെ കെന്റെ വസ്ത്രങ്ങളുടെ ഗുണനിലവാരവും നിർമാണ വൈദഗ്ധ്യവും വിലയും താണു.
ഇപ്പോൾ അധികവും സിന്തറ്റിക് നൂലുകൾ ഉപയോഗിച്ചാണ് കെന്റെ നെയ്യുന്നത്. എന്നിട്ട് അത് ബാഗുകൾ, ടൈകൾ, ബെൽറ്റുകൾ, തൊപ്പികൾ, ഉടയാടകൾ എന്നിവ വൻതോതിൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കഠിനാധ്വാനവും സമയവും ആവശ്യമായ കഴിഞ്ഞകാല രീതികൾ ഉപയോഗിച്ച് കെന്റെ വസ്ത്രങ്ങൾ ഉണ്ടാക്കുന്നതിൽ അധികമാർക്കും താത്പര്യമില്ല. ഉയർന്ന ഗുണനിലവാരം പുലർത്തിയിരുന്ന പണ്ടത്തെ കെന്റെ വസ്ത്രങ്ങൾ അമൂല്യമായി കണക്കാക്കപ്പെടുന്നു, ചില കുടുംബങ്ങൾ അതു തലമുറകൾ തോറും കൈമാറുന്നു. അതേ, അതുല്യമായ ഗുണമേന്മയും വിസ്മയിപ്പിക്കുന്ന നിർമാണ വൈദഗ്ധ്യവും വഹിക്കുന്ന കെന്റെ വസ്ത്രം ലളിതമായ ഒരു മരത്തറിയിൽ ഉണ്ടാക്കിയിരുന്ന, രാജാക്കന്മാരുടെ വസ്ത്രം എന്നു വാഴ്ത്തപ്പെട്ടിരുന്ന കാലം എന്നേ അസ്തമിച്ചു.(g01 9/22)
[അടിക്കുറിപ്പുകൾ]
a നെയ്യാൻ തറിയിൽ നീളത്തിൽ ഇട്ടിരിക്കുന്ന നൂലുകളെ പാവ് എന്നും ഈ പാവുനൂലുകൾക്കു കുറുകെയുള്ള നൂലുകളെ ഊട് എന്നും വിളിക്കുന്നു.
b ഇന്നത്തെ ഘാന.
[16-ാം പേജിലെ ചിത്രങ്ങൾ]
സ്ട്രിപ്പ് ലൂമുകൾ ഭാരം കുറഞ്ഞതും കൂടെ കൊണ്ടുപോകാൻ എളുപ്പവുമാണ്
[17-ാം പേജിലെ ചിത്രം]
നെയ്ത്തുകാരൻ കാൽപ്പാദങ്ങൾ ഉപയോഗിച്ച് കണ്ണിച്ചട്ടങ്ങൾ പ്രവർത്തിപ്പിക്കുന്നു