ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
“മനസ്സാക്ഷിയുടെ തടവുകാർ”ക്ക് തായ്വാൻ പൊതുമാപ്പ് നൽകുന്നു
“നിർബന്ധിത സൈനിക സേവനത്തിനു വിസമ്മതിച്ചതിന്റെ പേരിൽ ജയിലിലാക്കപ്പെട്ട ‘മനസ്സാക്ഷിയുടെ തടവുകാരായ’ 19 പേർ ഉൾപ്പെടെ 21 കുറ്റവാളികൾക്ക് [തായ്വാൻ] പ്രസിഡന്റ് ചെൻ ഷ്വേ-ബിയാൻ മാപ്പു നൽകി”യതായി ദി ചൈന പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. തന്മൂലം, “മതപരമായ കാരണങ്ങളാൽ നിർബന്ധിത സൈനിക സേവനത്തിനു വിസമ്മതിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ട യഹോവയുടെ സാക്ഷികളായ 19 പേർക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ [2000 ഡിസംബർ 10-ന്] വിടുതൽ ലഭിക്കും” എന്നും അതു പ്രസ്താവിച്ചു. ഈ 19 പേരിൽ 14 പേരെയും പരോളിൽ വിട്ടിരുന്നു. പത്തു വർഷത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രത്യേക മാപ്പു നൽകപ്പെടുന്നത്. അഭിഭാഷകനായ നൈജൽ ലി—അദ്ദേഹത്തിന്റെ നിയമകാര്യ ഓഫീസാണ് സാക്ഷികളുടെ കേസ് നടത്തിയത്—ഇങ്ങനെ പറഞ്ഞു: “സാക്ഷികളും അവരുടെ സമാധാനപാലന ഉദ്യമവും എന്റെ ഹൃദയത്തെ സ്പർശിച്ചു. . . . അവരുടെ സമാധാന തിരഞ്ഞെടുപ്പ് ഉന്നതമായ മാനുഷിക മൂല്യത്തിന്റെ ഒരു പ്രതിഫലനമാണ്. തന്മൂലം അവർ നമ്മുടെ പ്രത്യേക ആദരവിന് അർഹരാണ്.”(g01 9/8)
‘പുതിയ കാറി’ന്റെ ഗന്ധം
കെട്ടിടങ്ങളുടെ അകത്തെ പെയിന്റിലെയും കാർപെറ്റിലെയും മറ്റും രാസപദാർഥങ്ങളും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. ജപ്പാനിൽ ഇതിനെ “സിക്ക്-ഹൗസ് സിൻഡ്രം” എന്നാണു വിളിക്കുന്നത്. എന്നാൽ പുത്തൻ കാറുകൾക്കുള്ളിലെ വസ്തുക്കളും ഉയർന്ന അളവിൽ വിഷപദാർഥങ്ങൾ പുറത്തുവിടുന്നതായി ദ ഡെയ്ലി യോമിയൂറി പത്രം പറയുന്നു. ഒരു പുതിയ വാഹനം പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ, ആരോഗ്യ-ക്ഷേമ മന്ത്രാലയം ഹാനികരമായ പദാർഥങ്ങളുടെ കാര്യത്തിൽ വീടുകൾക്കായി നിശ്ചയിച്ചിരുന്ന പരിധിയുടെ 34 ഇരട്ടി ഒസാക്കാ സംസ്ഥാന പൊതുജനാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ അതിൽ കണ്ടെത്തുകയുണ്ടായി. വാഹനം ഒരു വർഷം ഉപയോഗിച്ചതിനു ശേഷം പോലും രാസപദാർഥങ്ങളുടെ അളവ് അനുവദനീയമായ അളവിലും കൂടുതലായിരുന്നു എന്ന് കാണപ്പെട്ടു. ദേശീയ പൊതുജനാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇവാവോ ഊച്ചിയാമാ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഒരുവൻ ദീർഘനേരം ഒരു വാഹനത്തിന്റെ ഉള്ളിലായിരിക്കുമ്പോൾ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.” എങ്ങനെ? അദ്ദേഹം പറയുന്നു: “പുറത്തു നിന്നുള്ള വായു കാറിനകത്തു കൂടി കടത്തിവിടുക, ഒരു വീടിന്റെ കാര്യത്തിൽ ചെയ്യുന്നതിനെക്കാൾ എളുപ്പത്തിൽ ഇതു ചെയ്യാൻ കഴിയും.”(g01 9/8)
ചോക്കലേറ്റ്—ആരോഗ്യത്തിനു നല്ലതോ?
ചോക്കലേറ്റ് ആരോഗത്തിനു നല്ലതാണെന്നു ചിലർ പറയുന്നതായി ജപ്പാനിലെ നിഹോൺ കേസി ഷിംബുൺ എന്ന പത്രം പ്രസ്താവിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ചോക്കലേറ്റിൽ അടങ്ങിയിരിക്കുന്ന കൊക്കോ പോളിഫിനോൾ എന്ന പദാർഥം ധമനീകാഠിന്യവും (Arteriosclerosis) കാൻസറും തടയാൻ സഹായിക്കുന്നു. മാത്രമല്ല, പ്രതിരോധശേഷിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാനും സമ്മർദത്തിൽനിന്നു സൗഖ്യം പ്രാപിക്കാൻ ശരീരത്തെ സഹായിക്കാനും ചോക്കലേറ്റ് ഫലപ്രദമാണെന്നു പറയപ്പെടുന്നു. ഇബാരാക്കി ക്രിസ്റ്റ്യൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഹിരോഷിഗെ ഇത്താക്കൂര ഇങ്ങനെ പറയുന്നു: “ധാരാളം കൊക്കോ ബീൻസും വളരെ കുറച്ച് പഞ്ചസാരയും എണ്ണയും ഉപയോഗിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ചോക്കലേറ്റ് ഏറ്റവും ഫലപ്രദമാണ്.” എന്നാൽ “പച്ചയും മഞ്ഞയും നിറത്തിലുള്ള പച്ചക്കറികളും” ശരീരത്തിന് ആവശ്യമായ “പലതരം പോളിഫിനോൾ അടങ്ങിയ പ്രോട്ടീനുകളും” കഴിക്കുന്നതിന്റെ പ്രാധാന്യവും ആ പ്രൊഫസർ ഊന്നിപ്പറയുകയുണ്ടായി.(g01 9/8)
കടലാസുതന്നെ ഇപ്പോഴും അഭികാമ്യം
ഓഫീസുകളിൽ കമ്പ്യൂട്ടറുകൾ കൂടുതലായി ഉപയോഗിക്കുകയും വിവരങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ സംഭരിച്ചുവെക്കുകയും ചെയ്യുന്നതോടെ കടലാസിന്റെ ഉപയോഗം കുറയുമെന്ന് കാൽ നൂറ്റാണ്ടിലധികം മുമ്പ് പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ, കടലാസിന്റെ ആവശ്യം ഇപ്പോഴും വർധിക്കുകയാണ്. വാൻകൂവർ സൺ പത്രം പറയുന്നതനുസരിച്ച്, സിറോക്സ്, ഫാക്സ് മെഷീനുകളിൽ, കാനഡക്കാർ 1992-ൽ ഉപയോഗിച്ചതിലും 25 ശതമാനം കൂടുതൽ കടലാസ് 1999-ൽ ഉപയോഗിച്ചു. “കുട്ടികൾ ഉൾപ്പെടെ ഓരോ കാനഡക്കാരനും 30 കിലോഗ്രാം കടലാസ്” എന്നതിനു തുല്യമാണ് അത്. ഓഫീസ് ജീവനക്കാർ വിവരങ്ങൾ നോക്കാൻ ആദ്യം കമ്പ്യൂട്ടറുകളാണ് ഉപയോഗിക്കുന്നതെങ്കിലും, അവർ അപ്പോഴും വിവരങ്ങൾ കടലാസിൽ അച്ചടിച്ചെടുക്കാൻ ആഗ്രഹിക്കുന്നതായി അവരുടെ ഇടയിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവരുടെ കാര്യത്തിലും അത് സത്യമാണ് എന്നു സൺ പത്രം പറയുന്നു. “കടലാസ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്” കുട്ടികളാണ്, കാരണം കമ്പ്യൂട്ടർ സ്ക്രീനിൽ തങ്ങൾ സൃഷ്ടിക്കുന്നതും കാണുന്നതുമായ സകലതും കടലാസിൽ അച്ചടിച്ചെടുക്കാൻ അവർ ആഗ്രഹിക്കുന്നു. (g01 9/22)