വൈവിധ്യം—ജീവന് അനിവാര്യം
വൈവിധ്യം—ജീവന് അനിവാര്യം
ആയിരത്തിയെണ്ണൂറ്റിനാൽപ്പതുകളിൽ അയർലണ്ടിലെ ജനസംഖ്യ 80 ലക്ഷം കവിഞ്ഞു. അങ്ങനെ അത് യൂറോപ്പിലെ ഏറ്റവുമധികം ജനപ്പാർപ്പുള്ള രാജ്യമായിത്തീർന്നു. ഉരുളക്കിഴങ്ങായിരുന്നു അവിടത്തെ മുഖ്യ ആഹാരം. ലംപറുകൾ എന്നറിയപ്പെടുന്ന ഒരു ഇനമാണ് അവിടെ വ്യാപകമായി കൃഷി ചെയ്യപ്പെട്ടിരുന്നത്.
പതിവു പോലെ 1845-ലും കർഷകർ ലംപറുകൾ കൃഷിയിറക്കി. എന്നാൽ ചെടികൾക്ക് ബ്ലൈറ്റ് രോഗം പിടിപെടുകയും കൃഷി മുഴുവനും നശിക്കുകയും ചെയ്തു. “അയർലണ്ടിന്റെ ഭൂരിഭാഗവും ബുദ്ധിമുട്ടു നിറഞ്ഞ ആ വർഷത്തെ അതിജീവിച്ചു” എന്ന് അവസാന വിളവ്—അമേരിക്കൻ കൃഷിക്ക് ഭീഷണി ഉയർത്തുന്ന ജനിതക ചൂതാട്ടം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പോൾ റെയ്ബൺ എഴുതി. എന്നാൽ “പിറ്റേ വർഷം വലിയ വിപത്താണ് ഉണ്ടായത്. കർഷകർക്ക് അതേ ഇനം ഉരുളക്കിഴങ്ങുകൾ തന്നെ നടുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. അവിടെ ലഭ്യമായിരുന്ന ഏക ഇനമായിരുന്നു അത്. രോഗം വീണ്ടും വന്നു. ഇത്തവണ അത്യന്തം ശക്തിയോടെ അത് ആഞ്ഞടിച്ചു. ദുരന്തം അതിഭീകരമായിരുന്നു.” ഏകദേശം 10 ലക്ഷം പേർ പട്ടിണികിടന്നു മരിച്ചപ്പോൾ 15 ലക്ഷത്തോളം ആളുകൾ മറ്റു രാജ്യങ്ങളിലേക്ക്—കൂടുതലും ഐക്യനാടുകളിലേക്ക്—കുടിയേറിപ്പാർത്തെന്ന് ചരിത്രകാരന്മാർ കണക്കാക്കുന്നു. അവശേഷിച്ചവർ കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലുമായി.
അതേസമയം തെക്കേ അമേരിക്കയിലെ ആൻഡീസിൽ കർഷകർ പലയിനം ഉരുളക്കിഴങ്ങുകൾ കൃഷിചെയ്തു. അവയിൽ ചിലതിനെ മാത്രമേ രോഗം ബാധിച്ചുള്ളൂ. അതുകൊണ്ട് വലിയ വിപത്തൊന്നും ഉണ്ടായതുമില്ല. അപ്പോൾ വ്യക്തമായും വർഗവൈവിധ്യവും വർഗത്തിനുള്ളിലെ വൈവിധ്യവും ഒരു സംരക്ഷണമാണ്. ഒരിനം വിള മാത്രം കൃഷിചെയ്യുന്നത് ഈ അടിസ്ഥാന
അതിജീവന തന്ത്രത്തിനു വിരുദ്ധമാണ്. കാരണം, രോഗമോ കീടങ്ങളോ ചെടിയെ ആക്രമിച്ച് ഒരു പ്രദേശത്തെ കൃഷി മൊത്തം നശിപ്പിക്കാനുള്ള സാധ്യത വർധിക്കുന്നു. അതുകൊണ്ടാണ് പലപ്പോഴും പരിസ്ഥിതിക്ക് ദോഷം ചെയ്യുമെങ്കിൽ കൂടി അനേകം കർഷകരും കീടനാശിനികളെയും കളനാശിനികളെയും കുമിൾനാശിനികളെയും ഇത്ര വലിയ തോതിൽ ആശ്രയിക്കുന്നത്.അങ്ങനെയെങ്കിൽ കർഷകർ എന്തിനാണ് വ്യത്യസ്ത നാടൻ ഇനങ്ങൾ കൃഷി ചെയ്യുന്നതു നിറുത്തി ഏകവിള കൃഷി സമ്പ്രദായത്തിലേക്കു തിരിഞ്ഞിരിക്കുന്നത്? സാധാരണഗതിയിൽ സാമ്പത്തിക സമ്മർദമാണ് കാരണം. ഒരൊറ്റ ഇനം വിള കൃഷി ചെയ്യുന്നത് ആയാസരഹിതമായ വിളവെടുപ്പും ഗുണമേന്മയുള്ള വിളവും കേടിനെതിരെ സംരക്ഷണവും ഉയർന്ന ഉത്പാദനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ഇതിനു പ്രചാരം ലഭിച്ചു തുടങ്ങിയത് 1960-കളിലാണ്, ഹരിത വിപ്ലവം എന്ന ആശയത്തിന്റെ ആവിർഭാവത്തോടെ.
ഹരിത വിപ്ലവം
ധാന്യങ്ങളുടെ—വിശേഷിച്ചും നെല്ലിന്റെയും ഗോതമ്പിന്റെയും—വ്യത്യസ്ത ഇനങ്ങൾ കൃഷിചെയ്യുന്നതിനു പകരം നല്ല വിളവു ലഭിക്കുന്ന ഒരൊറ്റ ഇനം മാത്രം കൃഷിചെയ്യാൻ ഭക്ഷ്യ ദൗർലഭ്യം ഉണ്ടാകാനിടയുള്ള രാജ്യങ്ങളിലെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെന്റുകളും കോർപ്പറേഷനുകളും വമ്പിച്ച പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. ഈ “അത്ഭുത ധാന്യങ്ങൾ” ലോകത്തിന്റെ വിശപ്പിനുള്ള പരിഹാരമായി വാഴ്ത്തപ്പെട്ടു. എന്നാൽ അവയ്ക്ക് വില കൂടുതലായിരുന്നു—സാധാരണ വിലയുടെ മൂന്നിരട്ടിയോളം. അതുപോലെ ഒരു വലിയ പരിധിവരെ വിളവ് വളങ്ങളെയും മറ്റു രാസവസ്തുക്കളെയും ട്രാക്ടർ പോലുള്ള വിലകൂടിയ ഉപകരണങ്ങളെയും ആശ്രയിച്ചിരുന്നു. എന്നിട്ടും ഗവൺമെന്റിൽനിന്നുള്ള ധനസഹായത്തോടെ ഹരിത വിപ്ലവം വലിയ പ്രചാരം നേടി. “ദശലക്ഷങ്ങളെ പട്ടിണിയിൽനിന്നു രക്ഷിച്ച [അത്] ഇപ്പോൾ ലോകത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണി ആയിരിക്കുകയാണ്” എന്ന് റെയ്ബൺ പറയുന്നു.
ഫലത്തിൽ, താത്കാലിക ലാഭം മുൻനിറുത്തി നടപ്പാക്കപ്പെട്ട ഹരിത വിപ്ലവം ദീർഘകാല അപകടങ്ങൾ വരുത്തിവെച്ചിരിക്കാം. പെട്ടെന്നുതന്നെ ഭൂഖണ്ഡങ്ങളിലെങ്ങും ഏകവിള കൃഷി സാധാരണമായിത്തീർന്നു. വളത്തിന്റെ വൻതോതിലുള്ള ഉപയോഗം കളകൾ തഴച്ചു വളരുന്നതിനിടയാക്കിയപ്പോൾ കീടനാശിനികൾ ഉപദ്രവകാരികളായ കീടങ്ങളോടൊപ്പം ഉപയോഗപ്രദമായ പ്രാണികളെയും നശിപ്പിച്ചു. നെൽപ്പാടങ്ങളിൽ വിഷരാസവസ്തുക്കൾ മത്സ്യം, ചെമ്മീൻ, ഞണ്ട്, തവള, ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ, കാട്ടുചെടികൾ എന്നിവയെല്ലാം—ഇവയിൽ മിക്കവയും ഭക്ഷണത്തിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്—നശിക്കുന്നതിന് ഇടയാക്കി. ചില കേസുകളിൽ രാസവസ്തുക്കളുടെ ഉപയോഗം കർഷകർക്കിടയിലെ വിഷബാധയിലേക്കും നയിച്ചു.
യുണൈറ്റഡ് കിങ്ഡത്തിലെ ഓപ്പൺ യൂണിവേഴ്സിറ്റി ജൈവശാസ്ത്ര അധ്യാപികയായ ഡോ. മെയ്-വാൻ ഹോ ഇങ്ങനെ എഴുതി: “‘ഹരിത വിപ്ലവ’ത്തെ തുടർന്ന് നടപ്പാക്കപ്പെട്ട ഏകവിള കൃഷി സമ്പ്രദായം ലോകമെങ്ങുമുള്ള ജൈവവൈവിധ്യത്തെയും ഭക്ഷ്യസുരക്ഷയെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു എന്നത് തർക്കമറ്റ സംഗതിയാണ്.” യുഎൻ ഭക്ഷ്യ-കാർഷിക സംഘടന പറയുന്നതനുസരിച്ച് മുഖ്യമായും വ്യവസായവത്കൃത കൃഷിരീതികൾ പിൻപറ്റിയിരിക്കുന്നതിന്റെ ഫലമായി കാർഷിക വിളകളിൽ ഒരു നൂറ്റാണ്ടു മുമ്പ് ഉണ്ടായിരുന്ന ജൈവവൈവിധ്യത്തിന്റെ 75 ശതമാനം ഇന്നു നഷ്ടമായിരിക്കുന്നു.
“ജനിതക സമാനതയുടെ സ്വീകരണത്തിലൂടെ നാം വരുത്തിവെക്കുന്ന പാരിസ്ഥിതിക അപകടസാധ്യതകൾ വളരെ വലുതാണ്” എന്ന് വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു പത്രിക മുന്നറിയിപ്പു നൽകി. ഈ അപകട സാധ്യതകളെ എങ്ങനെ നിയന്ത്രണാധീനമാക്കി നിറുത്താൻ കഴിയും? കാർഷിക ശാസ്ത്രജ്ഞരുടെ സഹായത്തിനു പുറമേ ശക്തിയേറിയ രാസവസ്തുക്കളും കർഷകർക്കുള്ള സാമ്പത്തിക സഹായവും ആവശ്യമാണ്. എന്നാൽ ഇവയെല്ലാം ഉണ്ടെങ്കിലും സുരക്ഷിതത്വം ഉറപ്പാക്കപ്പെടുന്നില്ല. ഐക്യനാടുകളിൽ ബ്ലൈറ്റ് രോഗത്തിന്റെ ഫലമായി ചോളക്കൃഷി വൻതോതിൽ നശിച്ചുപോകുന്നതിനു കാരണമായത് ജനിതക സമാനതയാണ്. അതുപോലെ ഇന്തൊനീഷ്യയിൽ അത് അഞ്ചു ലക്ഷം ഏക്കർ പ്രദേശത്തെ നെൽക്കൃഷിയുടെ നഷ്ടത്തിലും കലാശിച്ചു. എന്നാൽ അടുത്ത കാലത്ത് ഒരു പുതിയ കാർഷിക വിപ്ലവം രൂപംകൊണ്ടു തുടങ്ങിയിരിക്കുകയാണ്. കൂടുതൽ അടിസ്ഥാനപരമായ തലത്തിൽനിന്ന്, അതായത് ജീൻ തലത്തിൽനിന്ന്, ജീവൻ കൈകാര്യം ചെയ്യുന്നത് അതിൽ ഉൾപ്പെട്ടിരിക്കുന്നു.
ജീൻ വിപ്ലവം
ജനിതകശാസ്ത്ര പഠനങ്ങൾ ജൈവ സാങ്കേതികവിദ്യ എന്ന ഒരു വമ്പിച്ച വ്യവസായം പുതുതായി രൂപം കൊള്ളാൻ ഇടയാക്കിയിരിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ജനിതക എൻജിനീയറിങ് പോലുള്ള മാർഗങ്ങൾ ഉപയോഗിച്ച് അത് ജൈവശാസ്ത്രത്തെ ആധുനിക സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുകയാണു ചെയ്യുന്നത്. പുതിയ ചില ജൈവസാങ്കേതിക സ്ഥാപനങ്ങൾ കാർഷിക രംഗത്തെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവയാണ്. ഉയർന്ന വിളവ് നൽകുകയും രോഗം, വരൾച്ച, അതിശൈത്യം എന്നിവയെ ചെറുക്കുകയും അപകടകാരികളായ രാസവസ്തുക്കളുടെ ആവശ്യം കുറയ്ക്കുകയും ചെയ്യുന്ന വിത്തുകളുടെ നിർമാണ കുത്തകാവകാശം നേടിയെടുക്കാനായി അവ തീവ്രമായി യത്നിക്കുന്നു. അത്തരം ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞാൽ അതു വളരെ പ്രയോജനപ്രദമായിരിക്കും. എന്നാൽ ജനിതക എഞ്ചിനീയറിങ്ങിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന വിളകളെ കുറിച്ച് ചിലർ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.
“പ്രകൃതിയിലെ ജനിതക വൈവിധ്യത്തിനു ചില പരിധികൾ ഉണ്ട്,” ജനിതക എൻജിനീയറിങ്, ഭക്ഷണവും നമ്മുടെ പരിസ്ഥിതിയും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “ഒരു റോസിനെ മറ്റൊരു ഇനം റോസുമായി സങ്കരണം നടത്താൻ കഴിയും. എന്നാൽ ഒരു റോസിനെ ഒരിക്കലും ഒരു ഉരുളക്കിഴങ്ങുമായി സങ്കരണം നടത്താൻ കഴിയുകയില്ല. . . . അതേസമയം ജനിതക എൻജിനീയറിങ്ങിൽ സാധാരണമായി അഭിലഷണീയമായ ഒരു ഗുണമോ സവിശേഷതയോ കൈമാറ്റം ചെയ്യാനുള്ള ശ്രമത്തിൽ ഒരു വർഗത്തിൽനിന്നുള്ള ജീനുകൾ മറ്റൊരു വർഗത്തിലേക്കു മാറ്റിസ്ഥാപിക്കുന്നത് ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഉരുളക്കിഴങ്ങിനോ സ്ട്രോബെറിക്കോ ശൈത്യപ്രതിരോധശേഷി പ്രദാനം ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ ഒരു ആർട്ടിക് മത്സ്യത്തിന് (ഉദാഹരണത്തിന് ഫ്ളൗണ്ടർ) ശൈത്യപ്രതിരോധശേഷി നൽകുന്ന രാസവസ്തുവിന്റെ ഉത്പാദനത്തിലേക്കു നയിക്കുന്ന ജീൻ തിരഞ്ഞെടുത്ത് അവയിലേക്കു മാറ്റി വെച്ചേക്കാം. ബാക്ടീരിയ, വൈറസ്, പ്രാണികൾ, ജന്തുക്കൾ എന്തിന് മനുഷ്യരുടെ പോലും ജീനുകൾ സസ്യങ്ങളിലേക്കു കൈമാറ്റം ചെയ്യുക ഇപ്പോൾ സാധ്യമാണ്.” a ചുരുക്കത്തിൽ, വർഗങ്ങളെ തമ്മിൽ വേർതിരിക്കുന്ന ജനിതകഭിത്തികളെ തകർക്കാൻ ജൈവസാങ്കേതിക വിദ്യയിലൂടെ മനുഷ്യനു സാധിക്കുന്നു.
ഹരിത വിപ്ലവം പോലെതന്നെ, ചിലർ ‘ജീൻ വിപ്ലവം’ എന്നു വിശേഷിപ്പിക്കുന്നതും ജനിതക സമാനത എന്ന പ്രശ്നത്തിനു വഴിതെളിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ അത് കൂടുതലായി അങ്ങനെ ചെയ്യുന്നു. കാരണം ജനിതക ശാസ്ത്രജ്ഞർക്ക് ക്ലോണിങ്ങും ടിഷ്യൂ കൾച്ചറും പോലുള്ള പ്രക്രിയകളിലൂടെ തനിപ്പകർപ്പുകൾ അഥവാ ക്ലോണുകൾ ഉത്പാദിപ്പിക്കാൻ കഴിയും. അതുകൊണ്ട് ജൈവവൈവിധ്യ ശോഷണത്തെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നു. എന്നാൽ ജനിതക വ്യതിയാനം വരുത്തിയ സസ്യങ്ങൾ പുതിയ ചില പ്രശ്നങ്ങളും ഉയർത്തുന്നു. നമ്മെയും നമ്മുടെ പരിസ്ഥിതിയെയും അവ എങ്ങനെ ബാധിക്കും എന്നതു പോലുള്ളവ. “നാം കാർഷിക ജൈവസാങ്കേതികവിദ്യയുടെ ഒരു പുതിയ യുഗത്തിലേക്ക് ഉയർന്ന പ്രതീക്ഷകളുമായി യാതൊരുവിധ നിയന്ത്രണങ്ങളോ അനന്തരഫലങ്ങളെ കുറിച്ചുള്ള ശരിയായ ധാരണകളോ ഇല്ലാതെ കണ്ണുമടച്ച് പായുകയാണ്” എന്ന് ശാസ്ത്ര ലേഖകനായ ജെറമി റിഫ്കിൻ പറഞ്ഞു. b
എന്നിരുന്നാലും ജനിതക തലത്തിൽ ജീവൻ കൈകാര്യം ചെയ്യാനുള്ള കഴിവ് വളരെ പ്രയോജനപ്രദമായിരുന്നേക്കാം. അതുകൊണ്ട് പുതിയ വിത്തുകളുടെയും ജനിതക വ്യതിയാനം വരുത്തിയ മറ്റു ജീവികളുടെയും നിർമാണകുത്തകാവകാശം ലഭിക്കാനായി കമ്പനികൾ മത്സരിക്കുകയാണ്. അതേസമയം സസ്യവർഗങ്ങളുടെ നാശം ഒരു വ്യത്യാസവുമില്ലാതെ തുടരുകയും ചെയ്യുന്നു. നേരത്തേ പരാമർശിച്ചതു പോലെ വിനാശം ഒഴിവാക്കാനായി ചില ഗവൺമെന്റുകളും സ്വകാര്യ സ്ഥാപനങ്ങളും വിത്തു ബാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. വരുംതലമുറകൾക്ക് കൃഷിചെയ്യുന്നതിന് ആവശ്യമായ വൈവിധ്യമാർന്ന വിത്തുകൾ ലഭ്യമാക്കാൻ ഈ ബാങ്കുകൾക്കു സാധിക്കുമോ?
വിത്തു ബാങ്കുകൾ—വംശനാശത്തിന് എതിരെയുള്ള ഇൻഷ്വറൻസോ?
ഇംഗ്ലണ്ടിലെ ക്യൂവിലുള്ള റോയൽ ബൊട്ടാണിക്ക് ഗാർഡൻസ് ‘സഹസ്രാബ്ദ വിത്തു ബാങ്ക് പദ്ധതി’ എന്നറിയപ്പെടുന്ന ഒരു പദ്ധതി ഏറ്റെടുത്തിരിക്കുന്നു. “ഏറ്റവും വലിയ അന്താരാഷ്ട്ര പരിരക്ഷണ സംരംഭങ്ങളിൽ ഒന്ന്” എന്നാണ് അവർ അതിനെ വിശേഷിപ്പിക്കുന്നത്. പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങൾ പിൻവരുന്നവയാണ്: (1) 2010-ഓടെ ലോകത്തിലെ, വിത്ത് ഉത്പാദിപ്പിക്കുന്ന വൃക്ഷസസ്യാദികളുടെ 10 ശതമാനം—24,000-ത്തിലേറെ വർഗങ്ങൾ—ശേഖരിച്ചു സൂക്ഷിക്കുക, (2) അതിനൊക്കെ വളരെ മുമ്പുതന്നെ യുണൈറ്റഡ് കിങ്ഡത്തിലെ വിത്ത് ഉത്പാദിപ്പിക്കുന്ന വൃക്ഷസസ്യാദികളുടെ വിത്തുകൾ ശേഖരിച്ചു സൂക്ഷിക്കുക. മറ്റു രാഷ്ട്രങ്ങളും വിത്തു ബാങ്കുകൾ—ജീൻ ബാങ്കുകൾ എന്നും ചിലപ്പോൾ വിളിക്കപ്പെടുന്നു—സ്ഥാപിച്ചിട്ടുണ്ട്.
വിത്തു ബാങ്കുകളിൽ ശേഖരിച്ചു വെച്ചിട്ടുള്ള ദശലക്ഷക്കണക്കിനു വിത്തുകളിൽ കുറഞ്ഞത് 90 ശതമാനമെങ്കിലും ഗോതമ്പ്, നെല്ല്, ചോളം, കാക്കച്ചോളം,
ഉരുളക്കിഴങ്ങ്, സവാള, വെള്ളുത്തുള്ളി, കരിമ്പ്, പരുത്തി, സോയാബീൻസ്, മറ്റു ബീൻസ് എന്നിങ്ങനെ ഭക്ഷ്യയോഗ്യവും അല്ലാത്തതുമായി വളരെ ഉപയോഗപ്രദമായ സസ്യങ്ങളുടെ വിത്തുകളാണ് എന്ന് ജീവശാസ്ത്രജ്ഞനായ ജോൺ ടക്സിൽ പറയുന്നു. എന്നാൽ വിത്തുകൾ ജീവനുള്ള വസ്തുക്കളാണ്. അവയുടെ ഉള്ളിലെ ഊർജ ശേഖരങ്ങൾ ഇല്ലാതായാൽ പിന്നെ അവയ്ക്കു മുളയ്ക്കാനോ വളരാനോ കഴിയുകയില്ല. അതുകൊണ്ട് വിത്തു ബാങ്കുകളെ എത്രമാത്രം ആശ്രയിക്കാൻ കഴിയും?ബാങ്കിന്റെ പ്രശ്നങ്ങൾ
വിത്തു ബാങ്കുകളുടെ നടത്തിപ്പിനു പണം ആവശ്യമാണ്. ടക്സിൽ പറയുന്നതനുസരിച്ച് ഒരു വർഷം ഏകദേശം 30 കോടിയോളം ഡോളർ. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ തുക പോലും അപര്യാപ്തമായിരിക്കാം. കാരണം “ജീൻ ബാങ്കുകളിൽ ഉള്ള വിത്തുകളിൽ 13 ശതമാനം മാത്രമാണ് ദീർഘകാലത്തേക്ക് കേടൊന്നും വരാതെ സംരക്ഷിക്കാവുന്ന സൗകര്യങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത്.” വിത്തുകൾ സൂക്ഷിക്കുന്നതിന് വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തപ്പോൾ അവയ്ക്ക് ആയുസ്സ് കുറവായിരിക്കും. അതുകൊണ്ട് അടുത്ത തലമുറ വിത്തുകൾ ലഭിക്കുന്നതിന് അവ നേരത്തേ നടേണ്ടി വരുന്നു. ഇല്ലെങ്കിൽ വിത്തു ബാങ്കുകൾ വിത്തു മോർച്ചറികളായി മാറും. ഇത് തീർച്ചയായും കൂടുതൽ ജോലിക്കാരുടെ ആവശ്യം ഉളവാക്കുന്നു. അതാകട്ടെ, ഇപ്പോൾത്തന്നെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിത്തീർക്കുന്നു.
“കറന്റ് കട്ട്, ശീതീകരണ ഉപകരണങ്ങൾക്കു സംഭവിക്കുന്ന തകരാറ്, വേണ്ടത്ര ജോലിക്കാരുടെ അഭാവം എന്നിങ്ങനെ പലതരം ബുദ്ധിമുട്ടുകളെ നേരിട്ടിരിക്കുന്നതിനാൽ” യു.എസ്.എ-യിലെ കൊളറാഡോയിലുള്ള ‘ദേശീയ വിത്തു സംരക്ഷണ ലബോറട്ടറി’യിൽ “വിത്തുകൾ തരംതിരിക്കപ്പെടാതെ കുന്നുകൂടി കിടക്കുകയാണ്” എന്ന് മാറ്റത്തിന്റെ വിത്തുകൾ—ജീവനുള്ള നിധി (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. കൂടാതെ, രാഷ്ട്രീയ അട്ടിമറികളും സാമ്പത്തിക മാന്ദ്യവും പ്രകൃതി വിപത്തുകളുമെല്ലാം വിത്തു ബാങ്കുകളെ ബാധിക്കും.
വിത്തുകൾ ദീർഘകാലം സൂക്ഷിക്കുമ്പോൾ മറ്റു പ്രശ്നങ്ങളും സംജാതമാകുന്നു. സ്വാഭാവിക ചുറ്റുപാടുകളിൽ ആയിരിക്കുന്ന സസ്യങ്ങൾക്ക് പരിമിതമെങ്കിലും ചില അവസ്ഥകളുമായി ഇണങ്ങിച്ചേരാനുള്ള പ്രധാനപ്പെട്ട കഴിവുണ്ട്. ഇത് രോഗങ്ങളെയും മറ്റു വെല്ലുവിളികളെയും തരണംചെയ്യാൻ അവയെ സഹായിക്കുന്നു. എന്നാൽ വിത്തു ബാങ്കിനുള്ളിലെ സംരക്ഷിത ചുറ്റുപാടിൽ കഴിയുന്ന സസ്യങ്ങൾക്ക് ഏതാനും തലമുറകൾ കഴിയുമ്പോൾ ആ ശേഷിയിൽ കുറേ നഷ്ടമായേക്കാം. വളരെ നല്ല സൗകര്യങ്ങൾ ഉണ്ടെങ്കിൽ പല സസ്യങ്ങളുടെയും വിത്തുകൾ നടേണ്ടി വരുന്നതിനുമുമ്പായി നൂറ്റാണ്ടുകളോളം സൂക്ഷിക്കാൻ കഴിഞ്ഞേക്കും. ഇത്തരം പരിമിതികളും അനിശ്ചിതത്വങ്ങളും ഉണ്ടെങ്കിലും വിത്തു ബാങ്കുകളുടെ അസ്തിത്വം തന്നെ മനുഷ്യവർഗത്തിന്റെ ഭക്ഷ്യവിളകളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയുടെ പ്രതിഫലനമാണ്.
സസ്യവർഗങ്ങളുടെ വംശനാശം തടയാനുള്ള ഏറ്റവും നല്ല മാർഗം അവയുടെ സ്വാഭാവിക ചുറ്റുപാടുകൾ സംരക്ഷിക്കുകയും വിളകളിൽ കൂടുതൽ വൈവിധ്യം വളർത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ ചെയ്യുന്നതിന് പക്ഷേ “മനുഷ്യന്റെ ആവശ്യങ്ങളും പ്രകൃതിയും തമ്മിൽ ഒരു പുതിയ സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ട്” എന്ന് ടക്സിൽ പറയുന്നു. എന്നാൽ വ്യാവസായികവും സാമ്പത്തികവുമായ പുരോഗതിക്കു പിന്നാലെ പരക്കംപായുന്ന മനുഷ്യൻ പ്രകൃതിയുമായി ‘ഒരു പുതിയ സന്തുലിതാവസ്ഥ കൈവരിക്കും’ എന്നു ചിന്തിക്കുന്നത് യാഥാർഥ്യബോധത്തിനു നിരക്കുന്നതാണോ? അതും, കൃഷി പോലും ഉയർന്ന സാങ്കേതികവിദ്യയും ലാഭേച്ഛയും മുഖമുദ്രയായുള്ള വൻബിസിനസ് ലോകത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ. മറ്റെന്തെങ്കിലും പോംവഴി ഉണ്ടായിരുന്നേ തീരൂ. (g01 9/22)
[അടിക്കുറിപ്പുകൾ]
a ജനിതക വ്യതിയാനത്തിനു വിധേയമാക്കിയ ഭക്ഷ്യവസ്തുക്കൾ മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യത്തെയും പരിസ്ഥിതിയെയും എങ്ങനെ ബാധിച്ചേക്കാം എന്നതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. യാതൊരു ബന്ധവുമില്ലാത്ത ജീവികൾക്കിടയിലെ ജീൻ കൈമാറ്റം ധാർമിക ആശങ്കകൾക്കു വഴിതെളിച്ചിരിക്കുന്നു.—2000 ഏപ്രിൽ 22 ലക്കം ഉണരുക!യുടെ 25-7 പേജുകൾ കാണുക.
b “ഒരു കളനാശിനിയെ ചെറുക്കാനായി ജനിതക വ്യതിയാനം വരുത്തിയ” യൂറോപ്യൻ ഷുഗർ ബീറ്റുകൾക്ക് “മറ്റൊരു കളനാശിനിയെ ചെറുക്കാനുള്ള ജീനുകളും അബദ്ധത്തിൽ ലഭിച്ചതായി” ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഉദ്ദേശിച്ചിരുന്നതിൽനിന്നു വ്യത്യസ്തമായി മറ്റൊരു കളനാശിനിയെ ചെറുക്കാൻ തക്കവണ്ണം ജനിതക വ്യതിയാനം വരുത്തിയിരുന്ന ഒരു ബീറ്റ് ഇനവുമായി പരാഗണം നടന്നതിന്റെ ഫലമായാണ് തെറ്റായ ജീൻ ഈ ബീറ്റുകളിൽ കടന്നുകൂടിയത്. കളനാശിനികളോടു പ്രതിരോധശേഷിയുള്ള വിളകളുടെ വ്യാപകമായ ഉപയോഗം കളനാശിനികളൊന്നും ഫലിക്കാത്ത സൂപ്പർ കളകൾ ജന്മമെടുക്കുന്നതിലേക്കു നയിച്ചേക്കാം എന്നു ചില ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.
[7-ാം പേജിലെ ചതുരം/ചിത്രം]
കർഷകൻ ‘വംശനാശ ഭീഷണി നേരിടുന്ന ഒരു വർഗ’മോ?
“എല്ലാ വ്യവസായവത്കൃത രാഷ്ട്രങ്ങളിലും 1950 മുതൽ കർഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവു സംഭവിച്ചിരിക്കുന്നു, ചില പ്രദേശങ്ങളിൽ 80-ലധികം ശതമാനം പോലും,” വേൾഡ് വാച്ച് എന്ന പത്രിക പറയുന്നു. ഉദാഹരണത്തിന് ഐക്യനാടുകളിൽ ഇപ്പോൾ ജയിൽപ്പുള്ളികളുടെ എണ്ണത്തിലും കുറവാണ് കർഷകരുടെ എണ്ണം. ഭൂമി ഉപേക്ഷിച്ചുള്ള ഈ പ്രയാണത്തിന് ഇടയാക്കിയിരിക്കുന്നത് എന്താണ്?
കുറയുന്ന വരുമാനം, കൃഷിയോടു ബന്ധപ്പെട്ട് ഉണ്ടാകുന്ന കടബാധ്യതകളുടെ വർധനവ്, വർധിച്ചുവരുന്ന ദാരിദ്ര്യം, യന്ത്രവത്കരണത്തിലെ വർധനവ് എന്നിവയാണ് മുഖ്യ ഘടകങ്ങൾ. 1910-ൽ ഭക്ഷ്യവസ്തുക്കൾക്കായി ഐക്യനാടുകളിലെ ആളുകൾ ചെലവഴിച്ച ഓരോ ഡോളറിനും ഏകദേശം 40 സെന്റ് വെച്ച് കർഷകർക്കു ലഭിച്ചിരുന്നു. എന്നാൽ 1997 ആയപ്പോഴേക്കും കർഷകന്റെ വീതം 7 സെന്റ് ആയി കുറഞ്ഞു. വേൾഡ് വാച്ച് പറയുന്നതനുസരിച്ച് “ഒരു റൊട്ടിക്കു വേണ്ടി ചെലവഴിക്കുന്ന ഡോളറിൽ 6 സെന്റ് മാത്രമാണ് ഗോതമ്പു കൃഷിക്കാരനു ലഭിക്കുന്നത്.” അതിന്റെ അർഥം റൊട്ടിയുടെ പൊതിക്കു വേണ്ടി ഉപഭോക്താക്കൾ ചെലവഴിക്കുന്ന പണവും ഗോതമ്പു കൃഷിക്കാരനു ലഭിക്കുന്ന പണവും ഏതാണ്ട് തുല്യം ആണെന്നാണ്. ഇതിലും കഷ്ടമാണ് വികസ്വര രാജ്യങ്ങളിലെ കർഷകരുടെ സ്ഥിതി. ഓസ്ട്രേലിയയിലോ യൂറോപ്പിലോ ഉള്ള ഒരു കർഷകന് ബുദ്ധിമുട്ടുള്ള ഒരു വർഷത്തെ തരണം ചെയ്യാൻ ബാങ്കിൽനിന്നു ലോൺ ലഭിച്ചേക്കാം; എന്നാൽ പശ്ചിമാഫ്രിക്കയിലുള്ള ഒരു കർഷകനു രണ്ടാമതൊന്നു ശ്രമിക്കാനുള്ള അവസരം ലഭിച്ചെന്നു വരില്ല. അയാൾ ചിലപ്പോൾ അതിജീവിക്കുക പോലും ഇല്ലായിരിക്കാം.
[7-ാം പേജിലെ ചിത്രങ്ങൾ]
“‘ഹരിത വിപ്ലവ’ത്തെ തുടർന്ന് നടപ്പാക്കപ്പെട്ട ഏകവിള കൃഷി സമ്പ്രദായം ലോകമെങ്ങുമുള്ള ജൈവവൈവിധ്യത്തെയും ഭക്ഷ്യസുരക്ഷയെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു.”—ഡോ. മെയ്-വാൻ ഹോ
[കടപ്പാട്]
Background: U.S. Department of Agriculture
Centro Internacional de Mejoramiento de Maíz y Trigo (CIMMYT)
[8-ാം പേജിലെ ചിത്രങ്ങൾ]
ഇംഗ്ലണ്ടിലെ സഹസ്രാബ്ദ വിത്തു ബാങ്ക് അമൂല്യമായ സസ്യവിത്തുകൾ ശേഖരിച്ചു സൂക്ഷിക്കുന്നു
[കടപ്പാട്]
© Trustees of Royal Botanic Gardens, Kew