ആളുകൾ ജീവിതം അവസാനിപ്പിക്കുന്നത് എന്തുകൊണ്ട്?
ആളുകൾ ജീവിതം അവസാനിപ്പിക്കുന്നത് എന്തുകൊണ്ട്?
“ആത്മഹത്യയിലേക്കുള്ള പാതകളിൽ ഒരുപോലെയുള്ള രണ്ടെണ്ണമില്ല. അവ ഓരോന്നും അത്യന്തം സ്വകാര്യവും നിഗൂഢവും ഭയങ്കരവുമായത് ആണ്.”—കെയ് റെഡ്ഫീൽഡ് ജെയ്മിസൺ, മനോരോഗവിദഗ്ധ.
“ജീവിതം ദുരിതമാണ്.” 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ജപ്പാനിലെ ഒരു പ്രശസ്ത എഴുത്തുകാരനായ റിയുനോസൂക്കേ ആക്കുത്താഗാവാ ആത്മഹത്യ ചെയ്യുന്നതിനു മുമ്പായി എഴുതിവെച്ച വാക്കുകളാണവ. എന്നിരുന്നാലും, “തീർച്ചയായും മരിക്കാൻ എനിക്ക് ആഗ്രഹമില്ല, പക്ഷേ . . . ” എന്നായിരുന്നു അദ്ദേഹത്തിന്റെ ആ വാചകത്തിന്റെ തുടക്കം.
ആക്കുത്താഗാവായെ പോലെതന്നെ ആത്മഹത്യ ചെയ്യുന്ന പലരും അങ്ങനെ ചെയ്യുന്നത് യഥാർഥത്തിൽ മരിക്കാൻ ആഗ്രഹിക്കുന്നതു കൊണ്ടല്ല, മറിച്ച് തങ്ങളുടെ ജീവിതത്തിൽ അപ്പോൾ “നടന്നുകൊണ്ടിരിക്കുന്നത് എന്തായിരുന്നാലും, അത് അവസാനിപ്പിക്കാൻ” ആഗ്രഹിക്കുന്നതു കൊണ്ടാണ് എന്ന് ഒരു മനശ്ശാസ്ത്ര പ്രൊഫസർ പ്രസ്താവിച്ചു. ആത്മഹത്യാ കുറിപ്പുകളിൽ സർവസാധാരണമായി കണ്ടുവരുന്ന വാചകങ്ങൾ അതാണു സൂചിപ്പിക്കുന്നത്. ‘ഇനി എനിക്കിതു സഹിക്കാൻ വയ്യാ’ അല്ലെങ്കിൽ ‘ഇനി ഞാൻ എന്തിനു ജീവിക്കണം?’ എന്നിങ്ങനെയുള്ള വാക്കുകൾ ജീവിതത്തിന്റെ കയ്പേറിയ യാഥാർഥ്യങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള ആഴമായ ഒരു ആഗ്രഹത്തെയാണു പ്രതിഫലിപ്പിക്കുന്നത്. എന്നാൽ ഒരു ചികിത്സകൻ പറഞ്ഞതുപോലെ, ആത്മഹത്യ ചെയ്യുന്നത് “ജലദോഷം ഭേദമാക്കാൻ ഒരു ന്യൂക്ലിയർ ബോംബ് പ്രയോഗിക്കുന്നതു പോലെയാണ്.”
ആളുകൾ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും, അതിനു പ്രേരിപ്പിക്കുന്നതായി പൊതുവേ കണ്ടുവരുന്ന ചില ഘടകങ്ങളുണ്ട്.
പ്രേരക ഘടകങ്ങൾ
ഇളംപ്രായക്കാർ മറ്റുള്ളവർക്കു വളരെ നിസ്സാരമെന്നു തോന്നിയേക്കാവുന്ന കാര്യങ്ങളെ പ്രതി നിരാശരായി ആത്മഹത്യ ചെയ്യുന്നത് അസാധാരണമല്ല. മറ്റുള്ളവർ തങ്ങളെ വേദനിപ്പിക്കുകയും അതു സംബന്ധിച്ച് യാതൊന്നും ചെയ്യാൻ കഴിയാതെയിരിക്കുകയും ചെയ്യുമ്പോൾ സ്വന്തം
മരണത്തിലൂടെ പകരം വീട്ടാൻ കഴിയുമെന്ന് അവർക്കു തോന്നിയേക്കാം. ആത്മഹത്യാ പ്രവണതയുള്ളവരെ ചികിത്സിക്കുന്നതിൽ വിദഗ്ധനായ ജപ്പാനിലെ ഹിരോഷി ഇനാമൂര ഇങ്ങനെ എഴുതി: “സ്വന്തം മരണത്തിലൂടെ, തങ്ങളെ പീഡിപ്പിച്ചവരെ ശിക്ഷിക്കാൻ കുട്ടികൾ ആഗ്രഹിക്കുന്നു.”അടുത്തകാലത്ത് ബ്രിട്ടനിൽ നടന്ന ഒരു സർവേ കാണിക്കുന്നത്, കുട്ടികൾ വളരെ മോശമായ പെരുമാറ്റത്തിനു വിധേയരാകുമ്പോൾ അവർ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഏതാണ്ട് ഏഴു മടങ്ങ് കൂടുതലാണെന്നാണ്. ഈ കുട്ടികൾ അനുഭവിക്കുന്ന വൈകാരിക വേദന യഥാർഥമാണ്. തൂങ്ങിമരിച്ച ഒരു 13 വയസ്സുകാരൻ തന്റെ ആത്മഹത്യാ കുറിപ്പിൽ തന്നെ പീഡിപ്പിക്കുകയും പണം ബലമായി പിടിച്ചുവാങ്ങുകയും ചെയ്ത അഞ്ചു പേരുടെ പേരുകൾ എഴുതി വെക്കുകയുണ്ടായി. “ദയവായി മറ്റു കുട്ടികളെ രക്ഷിക്കൂ,” അവൻ എഴുതി.
സ്കൂളിലെ പ്രശ്നങ്ങൾ, നിയമക്കുരുക്കുകൾ, പ്രേമ നൈരാശ്യം, മോശമായ റിപ്പോർട്ടു കാർഡ്, പരീക്ഷയോടു ബന്ധപ്പെട്ട സമ്മർദം, ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകൾ എന്നിവയൊക്കെ മറ്റു പലരെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചേക്കാം. ഉന്നത വിജയം നേടുന്ന കൗമാരപ്രായക്കാർക്ക് സകലത്തിലും പൂർണത കൈവരിക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കാം. ഒരു തിരിച്ചടിയോ പരാജയമോ ഉണ്ടാകുമ്പോൾ—അത് യഥാർഥമായാലും സാങ്കൽപ്പികമായാലും—അവർ ആത്മഹത്യക്ക് ഒരുമ്പെടുന്നു.
മുതിർന്നവർക്കിടയിൽ ആത്മഹത്യക്കു പ്രേരിപ്പിക്കുന്നതായി പൊതുവേ കണ്ടുവരുന്ന ഘടകങ്ങളാണ് സാമ്പത്തികവും ജോലിസംബന്ധവുമായ പ്രശ്നങ്ങൾ. അനേക വർഷത്തെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് അടുത്തകാലത്ത് ജപ്പാനിലെ ആത്മഹത്യാ നിരക്ക് പ്രതിവർഷം 30,000-ത്തിലും അധികമായി ഉയർന്നു. മൈനിച്ചി ഡെയ്ലി ന്യൂസ് പറയുന്ന പ്രകാരം, ആത്മഹത്യ ചെയ്ത മധ്യവയസ്കരായ പുരുഷന്മാരിൽ 75 ശതമാനത്തോളം അങ്ങനെ ചെയ്തത് “സാമ്പത്തിക ബാധ്യതകൾ, ബിസിനസ് പരാജയങ്ങൾ, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയുടെ ഫലമായുള്ള പ്രശ്നങ്ങൾ” നിമിത്തമായിരുന്നു. കുടുംബ പ്രശ്നങ്ങളും ആത്മഹത്യയിലേക്കു നയിച്ചേക്കാം. ഫിന്നിഷ് ഭാഷയിലുള്ള ഒരു വർത്തമാനപ്പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “അടുത്തകാലത്ത് വിവാഹമോചനം നേടിയ മധ്യവയസ്കരായ പുരുഷന്മാർ” ഏറ്റവുമധികം ആത്മഹത്യാ പ്രവണത ഉള്ളവരുടെ കൂട്ടത്തിൽ പെടുന്നു. ആത്മഹത്യയെ കുറിച്ചു ചിന്തിക്കുന്ന പെൺകുട്ടികളിൽ മിക്കവരും തകർന്ന ഭവനങ്ങളിൽ നിന്നുള്ളവരാണെന്ന് ഹംഗറിയിലെ ഒരു പഠനം വെളിപ്പെടുത്തി.
തൊഴിൽ വിരാമവും ശാരീരിക രോഗങ്ങളും പ്രമുഖമായ പ്രേരക ഘടകങ്ങളാണ്, പ്രത്യേകിച്ചും പ്രായമായവർക്കിടയിൽ. രോഗം മാരകമായിരിക്കുമ്പോൾ മാത്രമേ രോഗി ആത്മഹത്യയെ കുറിച്ചു ചിന്തിക്കൂ എന്നില്ല. പലപ്പോഴും അത് അസഹ്യമായി തോന്നുമ്പോൾ രക്ഷപ്പെടാനുള്ള ഒരു മാർഗമെന്ന നിലയിൽ വ്യക്തി ആത്മഹത്യയിലേക്കു തിരിയുന്നു.
എന്നിരുന്നാലും, ആത്മഹത്യ ചെയ്തുകൊണ്ടല്ല എല്ലാവരും ഇത്തരം ഘടകങ്ങളോടു പ്രതികരിക്കുന്നത്. വാസ്തവത്തിൽ ഭൂരിപക്ഷം ആളുകളും ഇത്തരം സമ്മർദപൂരിതമായ സാഹചര്യങ്ങളെ നേരിടുമ്പോൾ ജീവനൊടുക്കുന്നില്ല എന്നതാണു സത്യം. അങ്ങനെയെങ്കിൽ, ഭൂരിപക്ഷം പേരും ആത്മഹത്യയെ ഒരു പ്രശ്നപരിഹാരമായി കാണാത്തപ്പോൾ ചിലർ മാത്രം അതിനെ അങ്ങനെ വീക്ഷിക്കാനുള്ള കാരണം എന്താണ്?
മറഞ്ഞിരിക്കുന്ന ചില ഘടകങ്ങൾ
“മരിക്കാനുള്ള തീരുമാനം വലിയൊരു അളവുവരെ ഒരുവൻ സംഭവങ്ങളെ വീക്ഷിക്കുന്ന വിധത്തെ ആശ്രയിച്ചിരിക്കുന്നു” എന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ മനോരോഗ ചികിത്സാ പ്രൊഫസറായ കെയ് റെഡ്ഫീൽഡ് ജെയ്മിസൺ പറയുന്നു. “മിക്ക മനസ്സുകളും ആരോഗ്യമുള്ള അവസ്ഥയിൽ ഒരു സംഭവത്തെയും ആത്മഹത്യക്കു പ്രേരിപ്പിക്കാൻ തക്ക ഗുരുതരമായ ഒന്നായി വീക്ഷിക്കുകയില്ല” എന്ന് അവർ കൂട്ടിച്ചേർക്കുന്നു. പല ഘടകങ്ങൾ—ചിലത് അത്ര പ്രത്യക്ഷമായിരിക്കുകയില്ല—ഒന്നിച്ചു പ്രവർത്തിക്കുമ്പോഴാണ് ഒരു വ്യക്തി ആത്മഹത്യക്കു തുനിയുന്നതെന്ന് യു.എസ്. മാനസികാരോഗ്യ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഈവ് കെ. മോഷ്ചിറ്റ്സ്കി പറയുന്നു. അത്ര പ്രത്യക്ഷമല്ലാത്ത അഥവാ മറഞ്ഞിരിക്കുന്ന ഘടകങ്ങളിൽ മാനസികവും ആസക്തിപരവുമായ തകരാറുകൾ, ജനിതക ഘടന, മസ്തിഷ്ക രസതന്ത്രം എന്നിവ ഉൾപ്പെടുന്നു. നമുക്കിപ്പോൾ അവയിൽ ചിലതു പരിശോധിക്കാം.
ഈ ഘടകങ്ങളിൽ പ്രധാനപ്പെട്ടവയാണ് വിഷാദം, വികാര വ്യതിയാനങ്ങൾ, ശിഥിലവ്യക്തിത്വം എന്നിങ്ങനെയുള്ള മാനസിക തകരാറുകളും മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ദുരുപയോഗം പോലെയുള്ള ഹാനികരമായ ആസക്തികളും. യൂറോപ്പിലും ഐക്യനാടുകളിലും
നടത്തിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ആത്മഹത്യകളിൽ 90 ശതമാനത്തിനും ഇത്തരം തകരാറുകളുമായി ബന്ധമുണ്ടെന്നാണ്. വാസ്തവത്തിൽ സ്വീഡനിലെ ഗവേഷകർ കണ്ടെത്തിയതനുസരിച്ച്, ഇങ്ങനെയുള്ള തകരാറുകളൊന്നും ഇല്ലാത്ത പുരുഷന്മാർക്കിടയിലെ ആത്മഹത്യാ നിരക്ക് 1,00,000-ത്തിന് 8.3 ആയിരുന്നപ്പോൾ വിഷാദം അനുഭവിക്കുന്നവർക്കിടയിൽ അത് 1,00,000-ത്തിന് 650 ആയിരുന്നത്രേ! പൗരസ്ത്യ ദേശങ്ങളിലും ആത്മഹത്യയിലേക്കു നയിക്കുന്ന ഘടകങ്ങൾ സമാനമാണെന്നു വിദഗ്ധർ പറയുന്നു. എന്നുവരികിലും, വിഷാദവും പ്രേരക ഘടകങ്ങളും ഉള്ളപ്പോൾ പോലും ആത്മഹത്യ ഒഴിവാക്കാനാകാത്തത് ആയിത്തീരുന്നില്ല.പ്രൊഫസർ ജെയ്മിസൺ—ഇവർതന്നെ ഒരിക്കൽ ആത്മഹത്യക്കു ശ്രമിക്കുകയുണ്ടായി—ഇങ്ങനെ പറയുന്നു: “അവസ്ഥകൾ മെച്ചപ്പെടുമെന്നു വിശ്വാസമുള്ളിടത്തോളം കാലം ആളുകൾക്കു വിഷാദത്തെ തരണം ചെയ്യാൻ കഴിയുന്നതായി കാണപ്പെടുന്നു.” എന്നാൽ നിരാശ വർധിച്ചു വർധിച്ച് സഹിക്കാൻ വയ്യാത്ത ഘട്ടത്തിൽ എത്തുമ്പോൾ ആത്മഹത്യാ പ്രവണതയെ തടുക്കാനുള്ള മനസ്സിന്റെ പ്രാപ്തി ദുർബലമായിത്തീരുന്നതായി അവർ കണ്ടെത്തി. തുടർച്ചയായ ഉപയോഗത്താൽ ഒരു കാറിന്റെ ബ്രേക്കു തേഞ്ഞുതേഞ്ഞ് കനം കുറയുന്നതിനോട് അവർ ഈ സ്ഥിതിവിശേഷത്തെ ഉപമിച്ചു.
അത്തരമൊരു പ്രവണത തിരിച്ചറിയുന്നതു പ്രധാനമാണ്. കാരണം വിഷാദത്തിനു ചികിത്സയുണ്ട്. നിസ്സഹായതയുടെ വികാരങ്ങളെ തരണം ചെയ്യാനാവും. അടിസ്ഥാന ഘടകങ്ങൾക്കു ശ്രദ്ധ നൽകുമ്പോൾ ആത്മഹത്യയിലേക്കു നയിച്ചേക്കാവുന്ന ഹൃദയവേദനകളോടും സമ്മർദങ്ങളോടും ആളുകൾ വ്യത്യസ്തമായി പ്രതികരിച്ചേക്കാം.
ആത്മഹത്യക്കു പിന്നിലെ മറഞ്ഞിരിക്കുന്ന മറ്റൊരു അടിസ്ഥാന ഘടകം ആളുകളുടെ ജനിതക ഘടനയാണെന്നു ചിലർ കരുതുന്നു. ഒരു വ്യക്തിയുടെ പ്രകൃതം എങ്ങനെയുള്ളത് ആയിരിക്കുമെന്നു നിശ്ചയിക്കുന്നതിൽ ജീനുകൾ ഒരു പങ്കു വഹിക്കുന്നു എന്നതു ശരിയാണ്. അതുപോലെ ചില കുടുംബ പരമ്പരകളിൽ മറ്റുള്ളവയെ അപേക്ഷിച്ച് ആത്മഹത്യകൾ കൂടുതലായി നടന്നിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. എന്നിരുന്നാലും, “ആത്മഹത്യാ പ്രവണത കൂടുതലുള്ള ഒരു ജനിതക ഘടന ഉണ്ടെന്നു വിചാരിച്ച് ആത്മഹത്യ ഒഴിവാക്കാനാവില്ല എന്നില്ല” എന്നു ജെയ്മിസൺ പറയുന്നു.
മസ്തിഷ്ക രസതന്ത്രത്തിനും ഒരു അടിസ്ഥാന പങ്കു വഹിക്കാൻ കഴിയും. മസ്തിഷ്കത്തിൽ ശതകോടിക്കണക്കിനു ന്യൂറോണുകൾ രാസവൈദ്യുത സംജ്ഞകൾ പരസ്പരം കൈമാറിക്കൊണ്ട് ആശയവിനിമയം നടത്തുന്നു. നാഡീ തന്തുക്കളുടെ അറ്റങ്ങൾ ശാഖകളായി പിരിയുന്നിടത്ത് സിനാപ്സുകൾ എന്നറിയപ്പെടുന്ന ചെറിയ വിടവുകളുണ്ട്. ഈ വിടവുകളിലൂടെ വിവരങ്ങൾ രാസപരമായി കടത്തിക്കൊണ്ടു പോകുന്നത് നാഡീ പ്രേഷകങ്ങൾ (neurotransmitters) ആണ്. നാഡീ പ്രേഷകങ്ങളിൽ ഒന്നായ സിറോട്ടോണിന്റെ അളവിന് വ്യക്തികളിൽ കണ്ടുവരുന്ന ആത്മഹത്യാ പ്രവണതയുമായി ബന്ധമുണ്ടായിരിക്കാമെന്നു കരുതപ്പെടുന്നു. മസ്തിഷ്കത്തിനുള്ളിൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു വ്യക്തിയിൽ സിറോട്ടോണിന്റെ അളവ് കുറയുമ്പോൾ . . . ജീവിത സന്തുഷ്ടിയുടെ നീരുറവകൾ വറ്റിപ്പോയേക്കാം. തന്മൂലം സ്വന്തം അസ്തിത്വത്തിലുള്ള ഒരു വ്യക്തിയുടെ താത്പര്യം വാടിക്കരിയുകയും വിഷാദത്തിനും ആത്മഹത്യയ്ക്കുമുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.”
എന്നാൽ ആത്മഹത്യ ചെയ്യാൻ ആരും വിധിക്കപ്പെട്ടിട്ടില്ല എന്നതാണു വസ്തുത. ദശലക്ഷക്കണക്കിന് ആളുകൾ ഹൃദയവേദനകളും സമ്മർദങ്ങളും വിജയകരമായി തരണം ചെയ്യുന്നു. സമ്മർദങ്ങളോട് ഹൃദയവും മനസ്സും പ്രതികരിക്കുന്ന വിധമാണ് ചിലരെ ആത്മഹത്യയിലേക്കു നയിക്കുന്നത്. പ്രത്യക്ഷമായ പ്രേരക ഘടകങ്ങൾക്കു മാത്രമല്ല മറഞ്ഞിരിക്കുന്ന അടിസ്ഥാന ഘടകങ്ങൾക്കും ശ്രദ്ധ നൽകേണ്ടതുണ്ട്.
അങ്ങനെയെങ്കിൽ, ജീവിതത്തെ വീണ്ടും സ്നേഹിച്ചു തുടങ്ങാൻ സഹായിക്കുന്ന ഏറെ ക്രിയാത്മകമായ ഒരു വീക്ഷണം നട്ടുവളർത്താൻ എന്തു ചെയ്യാൻ കഴിയും? (g01 10/22)
[6-ാം പേജിലെ ചതുരം]
ലിംഗഭേദവും ആത്മഹത്യയും
ഐക്യനാടുകളിൽ നടത്തിയ ഒരു പഠനമനുസരിച്ച്, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ആത്മഹത്യക്കു ശ്രമിക്കാനുള്ള സാധ്യത രണ്ടു മുതൽ മൂന്നു വരെ മടങ്ങ് കൂടുതലാണെങ്കിലും വിജയസാധ്യത കൂടുതൽ പുരുഷന്മാർക്കാണ്—നാലു മടങ്ങ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ വിഷാദത്തിന് അടിപ്പെടാൻ ചുരുങ്ങിയത് ഇരട്ടി സാധ്യത എങ്കിലുമുണ്ട്. അവർക്കിടയിൽ ആത്മഹത്യാ ശ്രമങ്ങൾ കൂടുതൽ ആയിരിക്കുന്നതിന്റെ കാരണവും ഇതായിരിക്കാം. എന്നിരുന്നാലും, അവരുടെ വിഷാദരോഗങ്ങൾ തീവ്രത കുറഞ്ഞതായിരിക്കാം എന്നതിനാൽ അവർ ആത്മഹത്യക്കായി അവലംബിക്കുന്ന മാർഗങ്ങളും കാഠിന്യം കുറഞ്ഞതായിരിക്കാനാണ് സാധ്യത. നേരെ മറിച്ച്, തങ്ങളുടെ ശ്രമം വിജയിക്കുമെന്ന് ഉറപ്പുവരുത്തുന്ന രീതിയിലുള്ളതും കൂടുതൽ സാഹസികവുമായ മാർഗങ്ങൾ അവലംബിക്കാൻ പുരുഷന്മാർ ചായ്വു കാട്ടുന്നു.
എന്നിരുന്നാലും ചൈന ഇതിനൊരു അപവാദമാണ്. അവിടെ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് ആത്മഹത്യ ചെയ്യുന്നതിൽ വിജയിക്കുന്നത്. വാസ്തവത്തിൽ, ലോകത്തിൽ സ്ത്രീകളുടെ ഇടയിലെ ആത്മഹത്യകളിൽ ഏതാണ്ട് 56 ശതമാനവും നടക്കുന്നത് ചൈനയിൽ, പ്രത്യേകിച്ചും അവിടത്തെ ഗ്രാമപ്രദേശങ്ങളിൽ, ആണെന്ന് ഒരു പഠനം കാണിക്കുന്നു. അവിടത്തെ സ്ത്രീകൾ പെട്ടെന്നൊരു ആവേശത്തിൽ നടത്തുന്ന ആത്മഹത്യാ ശ്രമങ്ങളിൽ ഏറെയും വിജയിക്കുന്നതിൽ മാരകമായ കീടനാശിനികൾ എളുപ്പം ലഭ്യമാണെന്നുള്ള വസ്തുത ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.
[7-ാം പേജിലെ ചതുരം/ചിത്രം]
ആത്മഹത്യയും ഏകാന്തതയും
ആളുകൾ വിഷാദത്തിന് അടിപ്പെടുന്നതിനും ആത്മഹത്യ ചെയ്യുന്നതിനും ഇടയാക്കുന്ന ഘടകങ്ങളിലൊന്ന് ഏകാന്തതയാണ്. ഫിൻലൻഡിൽ ആത്മഹത്യകളെ കുറിച്ചുള്ള ഒരു പഠനത്തിനു നേതൃത്വം നൽകിയ യോയുക്കോ ല്യോൺക്വിസ്റ്റ് ഇങ്ങനെ പറഞ്ഞു: “[ആത്മഹത്യ ചെയ്തവരിൽ] അനേകരുടെയും ദൈനംദിന ജീവിതം ഏകാന്തത നിറഞ്ഞതായിരുന്നു. വളരെയധികം ഒഴിവുസമയം ഉണ്ടായിരുന്നെങ്കിലും അവർക്കു വേണ്ടത്ര സാമൂഹിക സമ്പർക്കം ഇല്ലായിരുന്നു.” ജപ്പാനിൽ മധ്യവയസ്കരായ പുരുഷന്മാർക്കിടയിലെ ആത്മഹത്യാ നിരക്കിൽ അടുത്തകാലത്ത് ഉണ്ടായ വൻ വർധനയ്ക്കു കാരണം “ഒറ്റപ്പെടൽ” ആണെന്ന് അവിടത്തെ ഹാമമാറ്റ്സൂ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ മനോരോഗവിദഗ്ധനായ കെൻഷിരോ ഓഹാറാ അഭിപ്രായപ്പെട്ടു.
[5-ാം പേജിലെ ചിത്രം]
മുതിർന്നവർക്കിടയിൽ ആത്മഹത്യക്കു പ്രേരിപ്പിക്കുന്നതായി പൊതുവേ കണ്ടുവരുന്ന ഘടകങ്ങളാണ് സാമ്പത്തികവും ജോലിസംബന്ധവുമായ പ്രശ്നങ്ങൾ