ഒരു ആഗോള പ്രശ്നം
ഒരു ആഗോള പ്രശ്നം
“ആത്മഹത്യ ഗുരുതരമായ ഒരു സാമൂഹിക ആരോഗ്യ പ്രശ്നമാണ്.”—ഡേവിഡ് സാച്ചെർ, യു.എസ്. സർജൻ ജനറൽ, 1999-ൽ.
ആപ്രസ്താവനയിലൂടെ ചരിത്രത്തിൽ ആദ്യമായി ഐക്യനാടുകളിലെ ഒരു സർജൻ ജനറൽ ആത്മഹത്യയെ ഒരു സാമൂഹിക പ്രശ്നമായി എടുത്തുകാട്ടി. ആ രാജ്യത്തിപ്പോൾ സ്വയം ജീവൻ ഒടുക്കുന്നവരുടെ എണ്ണം മറ്റുള്ളവരാൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തെക്കാൾ കൂടുതലാണ്. ആത്മഹത്യ തടയൽ അടിയന്തിര ദേശീയ ശ്രദ്ധ അർഹിക്കുന്ന ഒരു വിഷയമായിരിക്കുന്നതായി യു.എസ്. സെനറ്റ് പ്രഖ്യാപിച്ചതിൽ അതിശയമില്ല.
എന്നാൽ, 1997-ൽ 1,00,000-ത്തിന് 11.4 ആയിരുന്ന ഐക്യനാടുകളിലെ ആത്മഹത്യാ നിരക്ക് 2000-ത്തിൽ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച 1,00,000-ത്തിന് 16 എന്ന ആഗോള നിരക്കിലും കുറവാണ്. കഴിഞ്ഞ 45 വർഷംകൊണ്ട് ലോകവ്യാപകമായി ആത്മഹത്യാ നിരക്കുകളിൽ 60 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ലോകവ്യാപകമായി ഒരൊറ്റ വർഷത്തിൽ പത്തു ലക്ഷത്തോളം പേർ ജീവനൊടുക്കുന്നു. അതായത്, ഏതാണ്ട് ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യ വീതം!
എന്നാൽ ഈ സ്ഥിതിവിവരക്കണക്കുകളൊന്നും പ്രശ്നത്തിന്റെ വ്യാപ്തി പൂർണമായി വെളിപ്പെടുത്തുന്നില്ല. പലപ്പോഴും, മരിച്ച വ്യക്തിയുടെ ബന്ധുക്കൾ അത് ഒരു ആത്മഹത്യ ആയിരുന്നുവെന്ന സംഗതി നിഷേധിക്കുന്നതായി കാണുന്നു. കൂടാതെ, ഓരോ ആത്മഹത്യ നടക്കുമ്പോഴും 10 മുതൽ 25 വരെ ആത്മഹത്യാ ശ്രമങ്ങൾ വിജയിക്കാതെ പോകുന്നുവെന്നു കണക്കാക്കപ്പെടുന്നു. ഐക്യനാടുകളിലെ ഹൈസ്കൂൾ വിദ്യാർഥികളിൽ 27 ശതമാനം പോയ വർഷം ആത്മഹത്യയെ കുറിച്ചു ഗൗരവപൂർവം ചിന്തിച്ചിരുന്നുവെന്ന് ഒരു സർവേ വെളിപ്പെടുത്തി. സർവേയിൽ പങ്കെടുത്തവരിൽ 8 ശതമാനം പേർ തങ്ങൾ അതിനു ശ്രമിച്ചുവെന്ന് പറഞ്ഞു. പ്രായപൂർത്തിയായവരിൽ 5 മുതൽ 15 വരെ ശതമാനം ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുള്ളതായി മറ്റു ചില പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു.
വിഭിന്ന സംസ്കാരങ്ങൾ
ആത്മഹത്യയോടുള്ള ആളുകളുടെ വീക്ഷണം വളരെ വ്യത്യസ്തമാണ്. ചിലർ അതിനെ ഒരു കുറ്റകൃത്യമായി കാണുന്നു. മറ്റു ചിലർക്ക് അത് ഭീരുത്വത്തിന്റെ ഒരു പ്രകടനമാണ്. ഇനിയും വേറെ ചിലർ സംഭവിച്ചുപോയ തെറ്റിനു പ്രായശ്ചിത്തം ചെയ്യാനുള്ള അന്തസ്സാർന്ന ഒരു വിധമായി അതിനെ കാണുന്നു. ഒരു ആദർശത്തെയോ പ്രസ്ഥാനത്തെയോ ഉന്നമിപ്പിക്കുന്നതിനുള്ള ശ്രേഷ്ഠമായ ഒരു മാർഗമായി അതിനെ കാണുന്നവർ പോലും ഉണ്ട്. ഇത്തരം വ്യത്യസ്ത വീക്ഷണഗതികൾ ഉള്ളത് എന്തുകൊണ്ടാണ്? ഇതിൽ സംസ്കാരം വളരെ വലിയ പങ്കു വഹിക്കുന്നു. വാസ്തവത്തിൽ, സംസ്കാരത്തിന് “ആത്മഹത്യാ സാധ്യതയെ സ്വാധീനിക്കാൻ” പോലും കഴിഞ്ഞേക്കാം എന്ന് ദ ഹാർവാർഡ് മെന്റൽ ഹെൽത്ത് ലെറ്റർ സൂചിപ്പിക്കുന്നു.
ഒരു മധ്യ യൂറോപ്യൻ രാജ്യമായ ഹംഗറിയുടെ കാര്യം എടുക്കുക. അവിടത്തെ ഉയർന്ന ആത്മഹത്യാ നിരക്കിനെ ഡോ. സോൾട്ടാൻ റിമെർ ഹംഗറിയുടെ “ദുഃഖകരമായ ‘പൈതൃകം’” എന്നു വിളിക്കുന്നു. എന്തിനും ഏതിനും ആത്മഹത്യ ചെയ്യാനുള്ള ഒരു പ്രവണത ഹംഗറിക്കാർക്ക് ഉള്ളതായി ഹംഗറിയുടെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ബേലാ ബുധാ പറയുന്നു. അദ്ദേഹം പറയുന്നതനുസരിച്ച്, “അവനു കാൻസറാണ്—അതെങ്ങനെ അവസാനിപ്പിക്കണമെന്ന് അവനറിയാം” എന്ന രീതിയിലുള്ള പ്രതികരണം അവിടെ സാധാരണമാണ്.
ഇന്ത്യയിൽ ഒരു കാലത്ത് സതി എന്ന മതാചാരം നിലനിന്നിരുന്നു. ഒരു വിധവ തന്റെ ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കുന്ന ഈ ആചാരം നിരോധിച്ചിട്ട് ഇപ്പോൾ വർഷങ്ങളായെങ്കിലും അതു മുഴുവനായും തുടച്ചുനീക്കപ്പെട്ടെന്നു പറയാനാവില്ല. ഒരു റിപ്പോർട്ട് അനുസരിച്ച്, ഒരു സ്ത്രീ ഈ രീതിയിൽ ആത്മാഹുതി നടത്തിയപ്പോൾ ആ സ്ഥലത്തെ അനേകരും അതിനെ ഒരു പാവന കർമമായി ചിത്രീകരിക്കാൻ ശ്രമിച്ചു. ഇന്ത്യയുടെ ആ ഭാഗത്ത് “25-ഓളം സ്ത്രീകൾ ഏതാണ്ട് അത്രയുംതന്നെ വർഷത്തിനിടയിൽ ഭർത്താക്കന്മാരുടെ ചിതയിൽ ചാടി മരിച്ചിട്ടുണ്ട്” എന്ന് ഇന്ത്യാ ടുഡേ പറയുന്നു.
ശ്രദ്ധേയമെന്നു പറയട്ടെ, ജപ്പാനിൽ വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ മൂന്നിരട്ടി ആളുകളാണ് ആത്മഹത്യ ചെയ്യുന്നത്! “ആത്മഹത്യയെ ഒരിക്കലും കുറ്റംവിധിച്ചിട്ടില്ലാത്ത ജപ്പാന്റെ പരമ്പരാഗത സംസ്കാരം വളരെ അനുഷ്ഠാനപരവും വ്യവസ്ഥാപിതവുമായ ഉദരം കീറിയുള്ള ആത്മഹത്യാ രീതിക്ക് (സെപ്പുക്കു അല്ലെങ്കിൽ ഹരാകിരീ) പേരുകേട്ടതാണ്” എന്ന് ജപ്പാൻ—ഒരു സചിത്ര വിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു.
ബുഷിദോ—ജപ്പാന്റെ ആത്മാവ് (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പിൽക്കാലത്ത് സർവരാജ്യസഖ്യത്തിന്റെ
ഉപ-സെക്രട്ടറി-ജനറൽ എന്ന നിലയിൽ സേവിച്ച ഇനാസോ നിട്ടോബേ മരണത്തോടുള്ള ജപ്പാൻകാരുടെ ഈ ആകർഷണത്തെ കുറിച്ചു വിശദീകരിച്ചു. അദ്ദേഹം എഴുതി: “മധ്യയുഗങ്ങളിൽ പ്രചാരത്തിൽ വന്ന ഇത് [സെപ്പുക്കു] കുറ്റകൃത്യങ്ങൾക്കു പ്രായശ്ചിത്തം ചെയ്യാനും തെറ്റുകൾക്കു ക്ഷമ ചോദിക്കാനും അപമാനത്തിൽനിന്നു രക്ഷപ്പെടാനും സുഹൃത്തുക്കളെ തിരികെ നേടാനും ആത്മാർഥത തെളിയിക്കാനും യോദ്ധാക്കൾ അവലംബിച്ച ഒരു നടപടി ആയിരുന്നു.” അനുഷ്ഠാനപരമായ ഈ ആത്മഹത്യാ രീതി ഇപ്പോൾ നിലവിൽ ഇല്ലെന്ന് പൊതുവേ പറയാമെങ്കിലും സാമൂഹിക ശ്രദ്ധ പിടിച്ചുപറ്റുന്നതിന് ചുരുക്കം ചിലർ ഇപ്പോഴും അതു ചെയ്യാറുണ്ട്.ഇതിൽനിന്നു വ്യത്യസ്തമായി, ക്രൈസ്തവലോകത്തിൽ ആത്മഹത്യയെ ഒരു കുറ്റകൃത്യമായാണ് വളരെക്കാലം വീക്ഷിച്ചിരുന്നത്. ആറും ഏഴും നൂറ്റാണ്ടുകൾ ആയപ്പോഴേക്കും റോമൻ കത്തോലിക്ക സഭ ആത്മഹത്യ ചെയ്യുന്നവരെ സഭാഭ്രഷ്ടരായി പ്രഖ്യാപിക്കുകയും അവരുടെ ശവസംസ്കാര ചടങ്ങുകൾ നടത്താൻ വിസമ്മതിക്കുകയും ചെയ്തുതുടങ്ങി. ചില സ്ഥലങ്ങളിൽ മതപരമായ തീക്ഷ്ണത ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില വിചിത്ര ആചാരങ്ങൾ—ജഡം കഴുമരത്തിൽ തൂക്കുക, ഹൃദയത്തിലൂടെ ഒരു കുറ്റി കുത്തിയിറക്കുക എന്നിങ്ങനെയുള്ളവ—രൂപംകൊള്ളാൻ ഇടയാക്കിയിട്ടുണ്ട്.
വൈരുദ്ധ്യം എന്നു പറയട്ടെ, ആത്മഹത്യാ ശ്രമത്തിന് ചിലയിടങ്ങളിൽ വധശിക്ഷ നൽകപ്പെട്ടിരുന്നു. തൊണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് 19-ാം നൂറ്റാണ്ടിൽ ഒരു ഇംഗ്ലീഷുകാരനെ തൂക്കിക്കൊല്ലുകയുണ്ടായി. ആ മനുഷ്യൻ ശ്രമിച്ചിട്ടു സാധിക്കാഞ്ഞ കാര്യം അങ്ങനെ അധികാരികൾ സാധിച്ചുകൊടുത്തു. കാലം കടന്നുപോയപ്പോൾ ആത്മഹത്യാ ശ്രമത്തിനുള്ള ശിക്ഷയ്ക്കു മാറ്റം വന്നെങ്കിലും ആത്മഹത്യയും ആത്മഹത്യാ ശ്രമവും മേലാൽ കുറ്റകൃത്യങ്ങൾ അല്ലെന്ന് ബ്രിട്ടീഷ് പാർലമെന്റ് പ്രഖ്യാപിച്ചത് 1961-ൽ മാത്രമാണ്. അയർലൻഡിൽ 1993 വരെ അത് ഒരു കുറ്റകൃത്യമായിത്തന്നെ നിലനിന്നു.
ആത്മഹത്യയെ, ചില സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന ഒരു മാർഗമായി ശുപാർശ ചെയ്യുന്ന എഴുത്തുകാരും ഇന്നുണ്ട്. 1991-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിൽ മാരക രോഗങ്ങളുള്ളവർക്കു മറ്റുള്ളവരുടെ സഹായത്തോടെ ആത്മഹത്യ ചെയ്യാനുള്ള വിവിധ മാർഗങ്ങൾ നിർദേശിച്ചിരുന്നു. പിന്നീട്, മാരക രോഗങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും പലരും പുസ്തകത്തിൽ നിർദേശിച്ചിരുന്ന ഒരു രീതി ഉപയോഗിച്ച് ആത്മഹത്യ ചെയ്യുന്നതായി കണ്ടെത്തി.
ഒരുവന്റെ പ്രശ്നങ്ങൾക്കുള്ള യഥാർഥ പരിഹാരം ആത്മഹത്യയാണോ? അതോ ജീവിതം തുടരുന്നതിന് തക്കതായ കാരണങ്ങൾ ഉണ്ടോ? ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നതിനു മുമ്പ്, ആത്മഹത്യക്കു പ്രേരിപ്പിക്കുന്നത് എന്താണെന്നു നമുക്ക് ആദ്യം പരിശോധിക്കാം. (g01 10/22)
[4-ാം പേജിലെ ആകർഷകവാക്യം]
ലോകവ്യാപകമായി ഒരൊറ്റ വർഷത്തിൽ പത്തു ലക്ഷത്തോളം പേർ ജീവനൊടുക്കുന്നു. അതായത്, ഏതാണ്ട് ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യ വീതം!