വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കോഴി—സുലഭം, പ്രിയങ്കരം

കോഴി—സുലഭം, പ്രിയങ്കരം

കോഴി—സുലഭം, പ്രിയ​ങ്ക​രം

കെനിയയിലെ ഉണരുക! ലേഖകൻ

സാധ്യ​ത​യ​നു​സ​രിച്ച്‌, ഭൂമി​യിൽ ഏറ്റവു​മ​ധി​കം കാണ​പ്പെ​ടുന്ന പക്ഷിയാണ്‌ കോഴി. ചില കണക്കുകൾ പ്രകാരം അവയുടെ എണ്ണം 1,300 കോടി​യി​ലും അധികം വരും! ഇതിന്റെ ഇറച്ചി ആളുകൾക്കു വളരെ പ്രിയ​ങ്ക​ര​മാണ്‌, ഇപ്പോൾ 3,314 കോടി​യി​ല​ധി​കം കിലോ​ഗ്രാം ഇറച്ചി​യാണ്‌ ഓരോ വർഷവും ഉപയോ​ഗി​ക്കു​ന്നത്‌. അതു​പോ​ലെ, ഗോള​മെ​ങ്ങു​മുള്ള കോഴി​ക​ളിൽനിന്ന്‌ പ്രതി​വർഷം ഏതാണ്ട്‌ 60,000 കോടി മുട്ടക​ളും ലഭിക്കു​ന്നു.

പാശ്ചാത്യ നാടു​ക​ളിൽ കോഴി സുലഭ​മാണ്‌, അതു​കൊ​ണ്ടു​തന്നെ അവയ്‌ക്കു വിലയും കുറവാണ്‌. ദശകങ്ങൾക്കു മുമ്പ്‌ ഐക്യ​നാ​ടു​ക​ളിൽ ഒരു സ്ഥാനാർഥി തന്നെ വിജയി​പ്പി​ക്കു​ന്ന​തി​നു നൽകിയ തിര​ഞ്ഞെ​ടു​പ്പു വാഗ്‌ദാ​നം ‘എല്ലാവ​രു​ടെ​യും ചട്ടിയിൽ ഒരു കോഴി’ എന്നതാ​യി​രു​ന്നു. എന്നാൽ കാലം മാറി, പണക്കാർക്കു മാത്രമല്ല സാധാ​ര​ണ​ക്കാർക്കു പോലും ഇപ്പോൾ കോഴി​യി​റച്ചി ഭക്ഷിക്കാൻ കഴിയും. വിശേ​ഷ​ത​യാർന്ന ഈ പക്ഷി പ്രിയ​ങ്ക​ര​വും സുലഭ​വും ആയിത്തീർന്നത്‌ എങ്ങനെ​യാണ്‌? ദരിദ്ര രാജ്യ​ങ്ങ​ളി​ലെ അവസ്ഥ എന്താണ്‌? ഈ സമൃദ്ധി​യിൽ അവർക്കും പങ്കു​ചേ​രാൻ കഴിയു​മെന്ന പ്രതീ​ക്ഷ​യ്‌ക്കു വകയു​ണ്ടോ?

ഈ പക്ഷിയെ സംബന്ധിച്ച വിവരങ്ങൾ

ഇന്നത്തെ വളർത്തു കോഴി ഏഷ്യയി​ലെ ചെമന്ന കാട്ടു​കോ​ഴി​യു​ടെ പിൻഗാ​മി​യാണ്‌. കോഴി​യെ അനായാ​സം വീട്ടിൽ വളർത്താൻ കഴിയു​മെന്ന്‌ മനുഷ്യൻ പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​ക്കി. എന്തിന്‌, ഏതാണ്ട്‌ 2,000 വർഷങ്ങൾക്കു മുമ്പ്‌ യേശു, കോഴി തന്റെ കുഞ്ഞു​ങ്ങളെ ചിറകിൻ കീഴിൽ ചേർക്കു​ന്ന​തി​നെ കുറിച്ചു പരാമർശി​ക്കു​ക​യു​ണ്ടാ​യി. (മത്തായി 23:37; 26:34) അത്തര​മൊ​രു ദൃഷ്ടാ​ന്ത​ത്തി​ന്റെ ഉപയോ​ഗം, അക്കാലത്ത്‌ പൊതു​വേ ആളുകൾക്ക്‌ ഈ പക്ഷി പരിചി​ത​മാ​യി​രു​ന്നു​വെന്നു സൂചി​പ്പി​ക്കു​ന്നു. എന്നാൽ വാണിജ്യ അടിസ്ഥാ​ന​ത്തിൽ കോഴി​യും മുട്ടയും വൻതോ​തിൽ ഉത്‌പാ​ദി​പ്പി​ക്കാൻ തുടങ്ങി​യത്‌ 19-ാം നൂറ്റാ​ണ്ടിൽ മാത്ര​മാണ്‌.

ഇന്ന്‌, വളർത്തു പക്ഷിക​ളു​ടെ ഇറച്ചി​യു​ടെ കൂട്ടത്തിൽ ഏറ്റവു​മ​ധി​കം ജനപ്രീ​തി​യു​ള്ളത്‌ കോഴി​യി​റ​ച്ചി​ക്കാണ്‌ എന്നതിൽ സംശയ​മില്ല. ദശലക്ഷ​ക്ക​ണ​ക്കി​നു കുടും​ബങ്ങൾ—പട്ടണങ്ങ​ളിൽ പോലും—വീട്ടാ​വ​ശ്യ​ങ്ങൾക്കും വാണിജ്യ ആവശ്യ​ത്തി​നു​മാ​യി കോഴി​കളെ വളർത്തു​ന്നു. കോഴി​കളെ പോലെ വ്യത്യസ്‌ത ഭൂപ്ര​ദേ​ശ​ങ്ങ​ളിൽ വളരാൻ കഴിവുള്ള വളർത്തു പക്ഷിക​ളും മൃഗങ്ങ​ളും നന്നേ ചുരു​ക്ക​മാണ്‌. പല രാജ്യ​ങ്ങ​ളും അവിടത്തെ പ്രത്യേക കാലാ​വ​സ്ഥ​യ്‌ക്കും ആവശ്യ​ങ്ങൾക്കും ഇണങ്ങുന്ന ഇനം കോഴി​കളെ വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടുണ്ട്‌. ഓസ്‌​ട്രേ​ലി​യ​യി​ലെ ഓസ്‌ട്രാ​ലോർപ്‌; മെഡി​റ്റ​റേ​നി​യൻ സ്വദേ​ശി​യെ​ങ്കി​ലും ഐക്യ​നാ​ടു​ക​ളി​ലു​ള്ള​വർക്ക്‌ പ്രിയ​ങ്ക​ര​മാ​യി​ത്തീർന്ന പ്രശസ്‌ത​മായ ലെഗോൺ; ഐക്യ​നാ​ടു​ക​ളിൽ പ്രജനനം ചെയ്‌തെ​ടുത്ത ന്യൂ ഹാംപ്‌ഷയർ, പ്ലൈമൗത്ത്‌ റോക്ക്‌, റോഡ്‌ ഐലൻഡ്‌ റെഡ്‌, വൈയൻഡോട്ട്‌; ഇംഗ്ലണ്ടി​ലെ കോർണിഷ്‌, ഓർപി​ങ്‌ടൺ, സസെക്‌സ്‌ തുടങ്ങി​യവ അതിൽ പെടുന്നു.

മൃഗസം​ര​ക്ഷ​ണ​ത്തി​നാ​യുള്ള ആധുനിക ശാസ്‌ത്രീയ രീതികൾ അവലം​ബി​ച്ച​തി​ന്റെ ഫലമായി കോഴി​വ​ളർത്തൽ ഇന്ന്‌ ഏറ്റവും വിജയ​പ്ര​ദ​മായ കാർഷിക വ്യവസാ​യ​ങ്ങ​ളിൽ ഒന്നായി​ത്തീർന്നി​രി​ക്കു​ന്നു. ഐക്യ​നാ​ടു​ക​ളി​ലെ കൃഷി​ക്കാർ കോഴി​ക​ളു​ടെ തീറ്റയു​ടെ​യും കൂടു​ക​ളു​ടെ​യും കാര്യ​ത്തിൽ വളരെ​യ​ധി​കം ശ്രദ്ധ പുലർത്തു​ന്നു. കൂടാതെ, ശാസ്‌ത്രീ​യ​മായ രോഗ​നി​യ​ന്ത്രണ രീതി​ക​ളും അവർ ഉപയോ​ഗി​ക്കു​ന്നു. കോഴി​കളെ വൻതോ​തിൽ ഉത്‌പാ​ദി​പ്പി​ക്കാ​നാ​യി സ്വീക​രി​ക്കുന്ന ഇത്തരം മാർഗങ്ങൾ വളരെ ക്രൂര​മാ​ണെ​ന്നാ​ണു ചിലരു​ടെ പക്ഷം. എന്നാൽ ഈ പക്ഷികളെ പ്രജനനം ചെയ്യു​ന്ന​തി​നുള്ള കൂടുതൽ ഫലപ്ര​ദ​മായ രീതികൾ വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തിൽനിന്ന്‌ ഇതു കർഷകരെ പിന്തി​രി​പ്പി​ച്ചി​ട്ടില്ല. ആധുനിക രീതി​ക​ളു​ടെ സഹായ​ത്തോ​ടെ, ഇന്ന്‌ ഒരൊറ്റ ആൾക്ക്‌ 25,000 മുതൽ 50,000 വരെ കോഴി​കളെ വളർത്താൻ കഴിയും. വെറും മൂന്നു മാസം കൊണ്ട്‌ പക്ഷികൾക്ക്‌ വിപണ​ന​ത്തി​നു വേണ്ട തൂക്കം വെക്കും. a

ഇറച്ചി​യു​ടെ ഒരു ഉറവ്‌

നഗരങ്ങ​ളി​ലാ​യാ​ലും കൊച്ചു ഗ്രാമ​ങ്ങ​ളി​ലാ​യാ​ലും ഈ വളർത്തു പക്ഷിയു​ടെ ഇറച്ചി ലഭിക്കാത്ത ഒരു ഹോട്ട​ലോ റെസ്റ്ററ​ന്റോ കണ്ടെത്തുക ബുദ്ധി​മു​ട്ടാ​യി​രി​ക്കും. ലോക​ത്തി​ലെ മിക്ക ഫാസ്റ്റ്‌-ഫുഡ്‌ റെസ്റ്ററ​ന്റു​ക​ളി​ലും കോഴി​യി​റച്ചി ലഭിക്കു​ന്നു. ഇപ്പോ​ഴും വിശേ​ഷാ​വ​സ​ര​ങ്ങ​ളിൽ കോഴി വിഭവങ്ങൾ വിളമ്പാൻ ഇഷ്ടപ്പെ​ടു​ന്നവർ ഉണ്ട്‌. ഇന്ത്യ പോലുള്ള ചില രാജ്യ​ങ്ങ​ളിൽ വളരെ രുചി​ക​ര​മാ​യി കോഴി​യി​റച്ചി പാകം ചെയ്യു​ന്ന​തി​നുള്ള വ്യത്യ​സ്‌ത​മായ അനേകം രീതികൾ വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടുണ്ട്‌. ചുവന്ന മുളക്‌ ഉപയോ​ഗി​ച്ചു തയ്യാറാ​ക്കുന്ന ലാൽ മുർഗി; ഇറച്ചി ചെറു​താ​യി പിച്ചി​ക്കീ​റി തയ്യാറാ​ക്കുന്ന കുർഗി മുർഗി; ഇഞ്ചി ധാരാളം ഉപയോ​ഗി​ക്കുന്ന അദ്രക്‌ മുർഗി എന്നിങ്ങ​നെ​യുള്ള വിഭവങ്ങൾ എത്ര രുചി​ക​ര​മാ​ണെ​ന്നോ!

കോഴി​യി​റ​ച്ചി ആളുകൾ ഇത്ര ഇഷ്ടപ്പെ​ടാൻ കാരണം എന്താണ്‌? വ്യത്യസ്‌ത ചേരു​വകൾ ചേർത്ത്‌ വ്യത്യസ്‌ത രീതി​ക​ളിൽ സ്വാദി​ഷ്‌ഠ​മാ​യി അതു തയ്യാറാ​ക്കാ​നാ​കും. അങ്ങനെ തയ്യാറാ​ക്കാ​നാ​കുന്ന മറ്റ്‌ ആഹാര​സാ​ധ​നങ്ങൾ വളരെ ചുരു​ക്ക​മാണ്‌. കോഴി​യി​റച്ചി എങ്ങനെ കഴിക്കാ​നാണ്‌ നിങ്ങൾക്ക്‌ ഇഷ്ടം? പൊരി​ച്ചോ, ചുട്ടോ, അതോ കറി​വെ​ച്ചോ? ഏത്‌ പാചക​പു​സ്‌തകം നോക്കി​യാ​ലും, വളരെ രുചി​ക​ര​മായ രീതി​യിൽ കോഴി​യി​റച്ചി പാകം ചെയ്യാ​നുള്ള ഡസൻ കണക്കിനു പാചക​വി​ധി​കൾ നിങ്ങൾ കണ്ടെത്തും എന്നതിൽ സംശയ​മില്ല.

ധാരാ​ള​മാ​യി ലഭിക്കു​ന്ന​തി​നാൽ പല രാജ്യ​ങ്ങ​ളി​ലും കോഴിക്ക്‌ വിലയും താരത​മ്യേന കുറവാണ്‌. കൂടാതെ പോഷ​കാ​ഹാര വിദഗ്‌ധ​രു​ടെ മിത്ര​വു​മാ​ണിത്‌. കാരണം മനുഷ്യ ശരീര​ത്തിന്‌ അനിവാ​ര്യ​മായ മാംസ്യം, ജീവകങ്ങൾ, ധാതുക്കൾ എന്നിവ കോഴി​യി​റ​ച്ചി​യിൽ സമൃദ്ധ​മാ​യുണ്ട്‌. എങ്കിലും ഇതിൽ കലോറി, പൂരിത കൊഴുപ്പ്‌, മറ്റു കൊഴു​പ്പു​കൾ എന്നിവ കുറവാണ്‌.

വികസ്വര രാജ്യ​ങ്ങ​ളു​ടെ ഭക്ഷ്യാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റൽ

എന്നാൽ കോഴി​യും കോഴി​മു​ട്ട​യും എല്ലാ രാജ്യ​ങ്ങ​ളി​ലും അത്ര സുലഭമല്ല എന്നതാണു വസ്‌തുത. ‘കാർഷിക വിജ്ഞാ​ന​ത്തി​നും സാങ്കേ​തിക വിദ്യ​ക്കു​മാ​യുള്ള സമിതി’ നിയമിച്ച ഒരു ദൗത്യ​സം​ഘ​ത്തി​ന്റെ പിൻവ​രുന്ന റിപ്പോർട്ടി​ന്റെ വീക്ഷണ​ത്തിൽ ഇതു പ്രാധാ​ന്യം അർഹി​ക്കു​ന്നു: “2020-ാം ആണ്ട്‌ ആകു​മ്പോ​ഴേ​ക്കും ലോക ജനസംഖ്യ 770 കോടി ആയി വർധി​ക്കു​മെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. . . . എന്നാൽ ഈ ജനസം​ഖ്യാ വർധന​വിൽ അധിക​വും (95%) വിക്വസര രാജ്യ​ങ്ങ​ളിൽ സംഭവി​ക്കു​മെ​ന്നാ​ണു പ്രതീ​ക്ഷി​ക്കു​ന്നത്‌.” ഇപ്പോൾത്തന്നെ 80 കോടി​യോ​ളം ആളുകൾ വികല​പോ​ഷണം അനുഭ​വി​ക്കു​ന്ന​വ​രാണ്‌ എന്ന വസ്‌തുത കണക്കി​ലെ​ടു​ക്കു​മ്പോൾ ഈ പ്രസ്‌താ​വന കൂടുതൽ ഗൗരവ​മു​ള്ള​താണ്‌!

എന്നാൽ വർധി​ച്ചു​വ​രുന്ന ഈ ജനസമൂ​ഹ​ങ്ങ​ളു​ടെ വിശപ്പ്‌ അടക്കു​ന്ന​തി​ലും കർഷകർക്കു വളരെ ആവശ്യ​മായ വരുമാ​നം പ്രദാനം ചെയ്യു​ന്ന​തി​ലും കോഴിക്ക്‌ വളരെ വലിയ പങ്കുവ​ഹി​ക്കാ​നാ​കു​മെന്നു വിദഗ്‌ധർ കരുതു​ന്നു. എന്നാൽ കോഴി​കളെ വൻതോ​തിൽ ഉത്‌പാ​ദി​പ്പി​ക്കുക എന്നത്‌ പാവപ്പെട്ട കർഷകരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു യഥാർഥ വെല്ലു​വി​ളി​യാണ്‌. ഒന്നാമ​താ​യി, ദരിദ്ര രാജ്യ​ങ്ങ​ളിൽ കോഴി​കളെ വളർത്തു​ന്നത്‌ മുഖ്യ​മാ​യും ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലെ ചെറിയ കൃഷി​യി​ട​ങ്ങ​ളി​ലോ വീടിന്റെ പിന്മു​റ്റ​ത്തോ ഒക്കെയാണ്‌. ഇത്തരം രാജ്യ​ങ്ങ​ളിൽ വളരെ ചുരു​ക്ക​മാ​യി​ട്ടേ കോഴി​കളെ സംരക്ഷിത ചുറ്റു​പാ​ടു​ക​ളിൽ വളർത്താ​റു​ള്ളൂ. ദിവസം മുഴു​വ​നും ഭക്ഷണത്തി​നാ​യി തിരഞ്ഞു​കൊ​ണ്ടും മറ്റും അവ യഥേഷ്ടം ചുറ്റി​ന​ട​ക്കു​ന്നു. സന്ധ്യക്കു തിരി​ച്ചെ​ത്തുന്ന കോഴി​കൾ മരക്കൊ​മ്പു​ക​ളി​ലോ ലോഹ​നിർമിത കൂടു​ക​ളി​ലോ രാപാർക്കു​ന്നു.

ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ വളരുന്ന കോഴി​ക​ളിൽ അനേക​വും ചത്തൊ​ടു​ങ്ങു​ന്ന​തിൽ അതിശ​യ​മില്ല—മാരക​മായ ന്യൂകാ​സിൽ രോഗം പിടി​പെട്ട്‌ ചിലതും മനുഷ്യ​രും മൃഗങ്ങ​ളു​മായ ഇരപി​ടി​യ​ന്മാ​രു​ടെ കൈയിൽ അകപ്പെട്ട്‌ മറ്റുള്ള​വ​യും. മിക്ക കർഷകർക്കും കോഴി​കളെ ശരിയായ രീതി​യിൽ വളർത്തു​ന്ന​തിന്‌ ആവശ്യ​മായ അറിവോ ആസ്‌തി​യോ ഇല്ല. അതു​കൊണ്ട്‌ അവയ്‌ക്ക്‌ ആവശ്യ​മായ തീറ്റയും ഉചിത​മായ കൂടു​മൊ​ക്കെ നൽകു​ന്ന​തി​ലും അവയെ രോഗ​ങ്ങ​ളിൽ നിന്നു സംരക്ഷി​ക്കു​ന്ന​തി​ലും അവർ പരാജ​യ​പ്പെ​ടു​ന്നു. തന്മൂലം ഇപ്പോൾ വികസ്വര രാജ്യ​ങ്ങ​ളി​ലെ കർഷകർക്ക്‌ ഈ മണ്ഡലത്തിൽ ആവശ്യ​മായ അറിവു പകർന്നു കൊടു​ക്കാ​നുള്ള പരിപാ​ടി​കൾ ആരംഭി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഐക്യ​രാ​ഷ്‌ട്ര ഭക്ഷ്യ-കാർഷിക സംഘടന അടുത്ത​കാ​ലത്ത്‌ “കോഴി​ക​ളു​ടെ ഉത്‌പാ​ദനം വർധി​പ്പി​ച്ചു​കൊണ്ട്‌ ആഫ്രിക്കൻ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലെ പാവങ്ങളെ സഹായി​ക്കു​ന്ന​തി​നുള്ള” ഒരു പഞ്ചവത്സര പദ്ധതിക്കു രൂപം​കൊ​ടു​ത്തു.

സദു​ദ്ദേ​ശ്യ​പ​ര​മായ ഇത്തരം പദ്ധതി​ക​ളു​ടെ ഫലം എന്തായി​രി​ക്കു​മെന്ന്‌ കാത്തി​രു​ന്നു കാണേ​ണ്ടി​യി​രി​ക്കു​ന്നു. ഭൂമി​യി​ലെ ഭൂരി​ഭാ​ഗം ജനങ്ങൾക്കും ഒരു കോഴി​ക്ക​ഷണം പോലും കഴിക്കാൻ വകയില്ല എന്ന അറിവ്‌ സമ്പന്ന രാജ്യ​ങ്ങ​ളി​ലു​ള്ള​വർക്ക്‌ ചിന്തയ്‌ക്കു വക നൽകേ​ണ്ട​താണ്‌. അത്തരം പാവങ്ങൾക്ക്‌ ‘എല്ലാവ​രു​ടെ​യും ചട്ടിയിൽ ഒരു കോഴി’ എന്ന ആശയം ഒരു വിദൂര സ്വപ്‌നം പോലെ കാണ​പ്പെ​ട്ടേ​ക്കാം. (g01 10/8)

[അടിക്കു​റി​പ്പു​കൾ]

a മുട്ടകൾക്കായി കോഴി​കളെ വളർത്താ​റു​ണ്ടെ​ങ്കി​ലും, ഐക്യ​നാ​ടു​ക​ളിൽ 90 ശതമാനം കോഴി​ക​ളെ​യും വളർത്തു​ന്നത്‌ ഇറച്ചിക്കു വേണ്ടി​യാണ്‌.

[22-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

പാകം ചെയ്യാത്ത ഇറച്ചി സുരക്ഷി​ത​മാ​യി കൈകാ​ര്യം ചെയ്യൽ

“പാകം ചെയ്യു​ന്ന​തി​നു മുമ്പ്‌ കോഴി​യി​റ​ച്ചി​യിൽ സാൽമോ​ണെല്ല ബാക്‌ടീ​രിയ പോ​ലെ​യുള്ള ഉപദ്ര​വ​കാ​രി​ക​ളായ സൂക്ഷ്‌മാ​ണു​ക്കൾ ഉണ്ടായി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌. അതു​കൊണ്ട്‌ അതു കൈകാ​ര്യം ചെയ്യു​മ്പോൾ ശ്രദ്ധി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. അതിനു മുമ്പും പിമ്പും എല്ലായ്‌പോ​ഴും കൈ കഴുകുക. അതു​പോ​ലെ ഇറച്ചി വെട്ടു​ന്ന​തിന്‌ ഉപയോ​ഗി​ക്കുന്ന ബോർഡ്‌, കത്തി, കത്രിക എന്നിങ്ങ​നെ​യുള്ള ഉപകര​ണങ്ങൾ ചൂടുള്ള സോപ്പു വെള്ളത്തിൽ കഴുകാ​നും മറക്കരുത്‌. തിളച്ച വെള്ളത്തിൽ കഴുകാ​വു​ന്ന​തരം ബോർഡ്‌ ഇറച്ചി വെട്ടാൻ ഉപയോ​ഗി​ക്കു​ന്നതു നല്ലതാ​യി​രി​ക്കും . . . സാധ്യ​മെ​ങ്കിൽ അത്‌ ഈ ഉദ്ദേശ്യ​ത്തി​നു മാത്ര​മാ​യി മാറ്റി​വെ​ക്കുക. ശീതീ​ക​രിച്ച ഇറച്ചി പാകം ചെയ്യു​ന്ന​തി​നു മുമ്പ്‌ പൂർണ​മാ​യും മൃദു​വാ​കാൻ അനുവ​ദി​ക്കുക.”—പാചക​ക്കാ​രന്റെ അടുക്കള ബൈബിൾ (ഇംഗ്ലീഷ്‌).

[20-ാം പേജിലെ ചിത്രം]

വൈറ്റ്‌ ലെഗോൺ, ഗ്രേ ജംഗിൾ ഫൗൾ, ഓർപി​ങ്‌ടൺ, പോളിഷ്‌ സസെക്‌സ്‌, സ്‌പെ​ക്കിൾഡ്‌ സസെക്‌സ്‌ എന്നിവ കോഴി​യു​ടെ വിവിധ ഇനങ്ങളാണ്‌

[കടപ്പാട്‌]

വൈറ്റ്‌ ലെഗോൺ ഒഴികെ എല്ലാം: © Barry Koffler/www.feathersite.com

[21-ാം പേജിലെ ചിത്രങ്ങൾ]

കോഴികളുടെ ഉത്‌പാ​ദനം വർധി​പ്പി​ക്കു​ന്ന​തിന്‌ വികസ്വര രാജ്യ​ങ്ങ​ളി​ലെ കർഷകരെ സഹായി​ക്കാൻ ശ്രമങ്ങൾ നടന്നു​വ​രു​ന്നു

[21-ാം പേജിലെ ചിത്രം]

ഐക്യനാടുകളിൽ 90 ശതമാനം കോഴി​ക​ളെ​യും വളർത്തു​ന്നത്‌ ഇറച്ചിക്കു വേണ്ടി​യാണ്‌