നിങ്ങൾക്കു സഹായം ലഭ്യമാണ്
നിങ്ങൾക്കു സഹായം ലഭ്യമാണ്
‘ഒരു കപ്പ് പാനീയത്തിൽ നാൽപ്പത്തൊമ്പത് ഉറക്കഗുളികകൾ കലർത്തിയിരിക്കുന്നു. ഇതു കുടിക്കണോ വേണ്ടയോ?’ സ്വിറ്റ്സർലൻഡിലെ 28-കാരനായ ഒരാൾ തന്നോടുതന്നെ ചോദിച്ചു. ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതിനെ തുടർന്ന് അദ്ദേഹത്തെ കടുത്ത വിഷാദം പിടികൂടിയിരുന്നു. എന്നാൽ അത് ഇറക്കിക്കഴിഞ്ഞപ്പോൾ അദ്ദേഹം ചിന്തിച്ചു: ‘വേണ്ട. എനിക്കു മരിക്കേണ്ട!’ സന്തോഷകരമെന്നു പറയട്ടെ, അക്കഥ വിവരിക്കാൻ തക്കവണ്ണം അദ്ദേഹം അതിജീവിച്ചു. ആത്മഹത്യ ചെയ്യണമെന്ന തോന്നൽ എല്ലായ്പോഴും മരണത്തിലേക്കു നയിക്കുന്നില്ല.
രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള യു.എസ്. കേന്ദ്രങ്ങളിലെ അലക്സ് ക്രോസ്ബി കൗമാരപ്രായക്കാരുടെ ആത്മഹത്യാ ശ്രമങ്ങളെ കുറിച്ച് ഇപ്രകാരം പറഞ്ഞു: “ഏതാനും മണിക്കൂർ നേരത്തേക്ക് ആണെങ്കിൽ പോലും അതു തടയാൻ കഴിഞ്ഞാൽ നിങ്ങൾക്ക് അവരെ അതിൽനിന്നു പിന്തിരിപ്പിക്കാൻ കഴിയും. തക്കസമയത്ത് ഇടപെടുന്നതിലൂടെ വളരെയധികം പേരുടെ ആത്മഹത്യ തടയാൻ നിങ്ങൾക്കു കഴിയും. അങ്ങനെ നിങ്ങൾക്ക് അവരുടെ ജീവൻ രക്ഷിക്കാനാകും.”
ജപ്പാൻ മെഡിക്കൽ കോളെജിലെ ജീവരക്ഷാ-അടിയന്തിര സഹായ കേന്ദ്രത്തിൽ പ്രവർത്തിക്കവേ, പ്രൊഫസർ ഹിസാഷി കൂറോസാവാ ജീവിക്കാനുള്ള ആഗ്രഹം വീണ്ടെടുക്കാൻ ആത്മഹത്യയുടെ വക്കോളം എത്തിയ നൂറുകണക്കിന് ആളുകളെ സഹായിക്കുകയുണ്ടായി. അതേ, തക്കസമയത്തെ ഇടപെടൽകൊണ്ട് ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയും. എന്തു സഹായമാണ് ആവശ്യമായിരിക്കുന്നത്?
അടിസ്ഥാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ
കഴിഞ്ഞ ലേഖനത്തിൽ കണ്ടതു പോലെ ആത്മഹത്യ ചെയ്യുന്നവരിൽ 90 ശതമാനവും മാനസിക തകരാറുകളോ മയക്കുമരുന്ന്-ലഹരിപാനീയ ദുരുപയോഗ പ്രശ്നങ്ങളോ ഉള്ളവരാണെന്നു ഗവേഷകർ പറയുന്നു.
അതുകൊണ്ട് യു.എസ്. മാനസിക ആരോഗ്യ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഈവ് കെ. മോഷ്ചിറ്റ്സ്കി ഇങ്ങനെ പറയുന്നു: “എല്ലാ പ്രായക്കാരിലും ആത്മഹത്യ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം മാനസികവും ആസക്തിപരവുമായ തകരാറുകൾ തടയുക എന്നതാണ്.”എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ഇത്തരം തകരാറുകൾ ഉള്ള പലരും സഹായം തേടാൻ ശ്രമിക്കുന്നില്ല. എന്തുകൊണ്ട്? “കാരണം, ഇത്തരക്കാരെ കുറിച്ച് സമൂഹത്തിൽ വളരെ കടുത്ത മുൻവിധിയാണ് ഉള്ളത്” എന്ന് ടോക്കിയോ മെട്രോപോളിറ്റൻ മനോരോഗ ഇൻസ്റ്റിറ്റ്യൂട്ടിലെ യോഷിട്ടോമോ താക്കാഹാഷി പറയുന്നു. അതിന്റെ ഫലമായി, തങ്ങൾക്ക് എന്തോ കുഴപ്പമുണ്ടെന്ന സൂചന ഉള്ളവർ പോലും ഉടനെ ചികിത്സ തേടാൻ മടിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ നാണക്കേട് തങ്ങൾക്ക് ഒരു പ്രതിബന്ധമാകാൻ എല്ലാവരുമൊന്നും അനുവദിക്കുന്നില്ല. 17 വർഷം ടെലിവിഷനിൽ സ്വന്തം പരിപാടി അവതരിപ്പിച്ചിട്ടുള്ള ജപ്പാനിലെ പ്രശസ്ത ടെലിവിഷൻ അനൗൺസറായ ഹിരോഷി ഓഗാവാ താൻ ഒരു വിഷാദരോഗിയാണെന്നും ആത്മഹത്യയുടെ വക്കോളം എത്തിയിട്ടുണ്ടെന്നും പരസ്യമായി സമ്മതിച്ചു. “മനസ്സിനെ ബാധിക്കുന്ന ഒരു ജലദോഷം എന്നാണു വിഷാദത്തെ വിളിച്ചിരിക്കുന്നത്,” ഓഗാവാ പറഞ്ഞു. അത് ആർക്കും വരാം, എന്നാൽ സുഖം പ്രാപിക്കുക സാധ്യമാണ് എന്ന് അദ്ദേഹം വിശദീകരിച്ചു.
ആരോടെങ്കിലും സംസാരിക്കുക
“ഒറ്റയ്ക്കായിരിക്കുമ്പോൾ സാധാരണഗതിയിൽ ഒരുവൻ തന്റെ പ്രശ്നത്തെ അങ്ങേയറ്റം വലുതും പരിഹാരമില്ലാത്തതുമായി കാണാൻ ചായ്വു കാട്ടുന്നു” എന്ന് നേരത്തേ ഉദ്ധരിച്ച ഹംഗറിയിലെ ആരോഗ്യ ഉദ്യോഗസ്ഥനായ ബേലാ ബുധാ പറയുന്നു. ഈ നിരീക്ഷണം ബൈബിളിലെ ഒരു പുരാതന സദൃശവാക്യത്തിന്റെ ജ്ഞാനത്തിന് അടിവരയിടുന്നു: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.”—സദൃശവാക്യങ്ങൾ 18:1.
ജ്ഞാനപൂർവകമായ ആ വാക്കുകൾക്കു ചെവികൊടുക്കുക. സ്വയം ഒറ്റപ്പെടുത്തിക്കൊണ്ട് വ്യക്തിപരമായ പ്രശ്നങ്ങളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴാൻ അനുവദിക്കരുത്. വിശ്വസിക്കാനും ഉള്ളുതുറന്നു സംസാരിക്കാനും കഴിയുന്ന ഒരാളെ കണ്ടെത്തുക. ‘എന്നാൽ എനിക്ക് അങ്ങനെയാരും ഇല്ല’ എന്നു നിങ്ങൾ പറഞ്ഞേക്കാം. മാനസികാരോഗ്യ വിദഗ്ധനായ ഡോ. നായോക്കി സാറ്റോ പറയുന്നതനുസരിച്ച് അങ്ങനെ
തോന്നുന്ന പലരുമുണ്ട്. തങ്ങളുടെ ബലഹീനതകൾ മറ്റുള്ളവർ മനസ്സിലാക്കുമെന്നു ഭയന്ന് കാര്യങ്ങൾ തുറന്നു സംസാരിക്കാൻ മടിക്കുന്ന രോഗികളുണ്ട് എന്ന് അദ്ദേഹം പറയുന്നു.ശ്രദ്ധിക്കാൻ മനസ്സൊരുക്കമുള്ള ഒരാളെ എവിടെ കണ്ടെത്താനാകും? പല സ്ഥലങ്ങളിലും ഒരു ആത്മഹത്യാരോധക കേന്ദ്രത്തിന്റെയോ സ്വകാര്യ ദുഃഖങ്ങൾ പങ്കിടാവുന്ന ഒരു ടെലിഫോൺ സർവീസിന്റെയോ വൈകാരിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയസമ്പന്നനായ ഒരു പ്രശസ്ത ഡോക്ടറുടെയോ സഹായം തേടാൻ കഴിഞ്ഞേക്കും. എന്നാൽ സഹായത്തിന്റെ മറ്റൊരു ഉറവെന്ന നിലയിൽ ചില വിദഗ്ധർ മതത്തിലേക്കു വിരൽ ചൂണ്ടുന്നു. അതിന് എങ്ങനെയാണു സഹായിക്കാൻ കഴിയുക?
ആവശ്യമായ സഹായം കണ്ടെത്തുന്നു
ബൾഗേറിയയിൽനിന്നുള്ള മാരിൻ എന്ന വ്യക്തിയുടെ കാര്യം എടുക്കുക. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള അദ്ദേഹം തന്റെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഒരു ദിവസം യാദൃച്ഛികമായി അദ്ദേഹത്തിന് ഒരു മത മാസിക ലഭിച്ചു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം ആയിരുന്നു അത്. മാസികയിൽ പറഞ്ഞിരുന്നത് അനുസരിച്ച്, തന്നെ വന്നു കാണാൻ അദ്ദേഹം യഹോവയുടെ സാക്ഷികളെ ക്ഷണിച്ചു. അതിന്റെ ഫലം എന്തായിരുന്നുവെന്ന് മാരിൻ വിശദീകരിക്കുന്നു: “ജീവൻ നമ്മുടെ സ്വർഗീയ പിതാവിന്റെ ദാനമാണെന്നും നമുക്കുതന്നെ ഹാനി വരുത്തിവെക്കാനോ മനഃപൂർവം ജീവിതം അവസാനിപ്പിക്കാനോ ഉള്ള അധികാരം നമുക്കില്ലെന്നും ഞാൻ അവരിൽനിന്നു മനസ്സിലാക്കി. അങ്ങനെ ആത്മഹത്യ ചെയ്യാനുള്ള ആഗ്രഹം ഞാൻ ഉപേക്ഷിച്ചു, ഞാൻ വീണ്ടും ജീവിതത്തെ സ്നേഹിച്ചുതുടങ്ങി!” മാരിന് ക്രിസ്തീയ സഭയിൽനിന്നുള്ള സ്നേഹപൂർവകമായ പിന്തുണയും ലഭിച്ചു. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും അദ്ദേഹം പറയുന്നു: “എന്റെ ദിവസങ്ങൾ ഇപ്പോൾ സന്തോഷവും സമാധാനവും നിറഞ്ഞവയാണ്. ആനന്ദകരമായ എത്രയെത്ര കാര്യങ്ങളാണ് എനിക്കു ചെയ്യാനുള്ളത്—അവയ്ക്കെല്ലാം സമയം കിട്ടാത്തതിന്റെ കുഴപ്പമേ ഉള്ളു ഇപ്പോൾ! ഇതിനെല്ലാം ഞാൻ യഹോവയോടും അവന്റെ സാക്ഷികളോടും കടപ്പെട്ടിരിക്കുന്നു.”
തുടക്കത്തിൽ പരാമർശിച്ച സ്വിറ്റ്സർലൻഡുകാരനായ വ്യക്തിക്കും യഹോവയുടെ സാക്ഷികളിൽനിന്നു സഹായം ലഭിച്ചു. തങ്ങളോടൊപ്പം വന്നു താമസിക്കാൻ തന്നെ ക്ഷണിച്ച “ഒരു ക്രിസ്തീയ കുടുംബത്തിന്റെ ദയയെ” കുറിച്ച് അദ്ദേഹം പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പിന്നീട് വളരെക്കാലത്തേക്ക് ദിവസവും [യഹോവയുടെ സാക്ഷികളുടെ] സഭയിലെ അംഗങ്ങൾ മാറിമാറി എന്നെ ഭക്ഷണത്തിനു ക്ഷണിക്കുമായിരുന്നു. അതിഥിപ്രിയത്തോടെയുള്ള ഈ പെരുമാറ്റം മാത്രമല്ല ആരോടെങ്കിലുമൊന്നു സംസാരിക്കാൻ കഴിഞ്ഞതും എനിക്കു വലിയ സഹായമായി.”
ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങളും അദ്ദേഹത്തിനു വളരെ പ്രോത്സാഹനമേകി. വിശേഷിച്ചും സത്യദൈവമായ യഹോവയ്ക്ക് മനുഷ്യവർഗത്തോടുള്ള സ്നേഹത്തെ കുറിച്ചുള്ള അറിവ്. (യോഹന്നാൻ 3:16) തീർച്ചയായും നാം യഹോവയുടെ ‘മുമ്പിൽ ഹൃദയം പകരുമ്പോൾ’ അവൻ അതു ശ്രദ്ധിക്കുന്നു. (സങ്കീർത്തനം 62:8) “യഹോവയുടെ കണ്ണു . . . ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” ഇത് ആളുകളുടെ കുറ്റം കണ്ടുപിടിക്കാനല്ല, മറിച്ച് ‘തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിനാണ്.’ (2 ദിനവൃത്താന്തം 16:9) യഹോവ നമുക്കു പിൻവരുന്ന ഉറപ്പു നൽകുന്നു: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.”—യെശയ്യാവു 41:10.
എബ്രായർ 6:19; സങ്കീർത്തനം 37:10, 11, 29.
ഒരു പുതിയ ലോകത്തെ കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം സംബന്ധിച്ച് ആ സ്വിറ്റ്സർലൻഡുകാരൻ ഇപ്രകാരം പറഞ്ഞു: “ഇത് എന്റെ നിരാശ കുറയ്ക്കുന്നതിൽ വളരെ വലിയ പങ്കു വഹിച്ചിരിക്കുന്നു.” “ആത്മാവിന്റെ ഒരു നങ്കൂരം” എന്നു വിശേഷിപ്പിച്ചിരിക്കുന്ന ഈ പ്രത്യാശയിൽ ഭൂമിയിലെ പറുദീസയിൽ നിത്യമായി ജീവിക്കാം എന്ന വാഗ്ദാനം ഉൾപ്പെടുന്നു.—നിങ്ങളുടെ ജീവൻ മറ്റുള്ളവർക്കു വിലപ്പെട്ടത്
നിങ്ങൾക്ക് ആരുമില്ലെന്നും നിങ്ങൾ മരിച്ചാൽ അത് ആരെയും ബാധിക്കാൻ പോകുന്നില്ലെന്നും തോന്നുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം എന്നതു ശരിയാണ്. എന്നാൽ ഒരു കാര്യം ഓർക്കുക: ഒറ്റയ്ക്കാണെന്നു തോന്നുന്നതും യഥാർഥത്തിൽ ഒറ്റയ്ക്ക് ആയിരിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ബൈബിൾ കാലങ്ങളിലെ ഒരു പ്രവാചകനായ ഏലീയാവ് തന്റെ ജീവിതത്തിലെ അങ്ങേയറ്റം നിരാശ തോന്നിയ ഒരു ഘട്ടത്തിൽ യഹോവയോട് ഇപ്രകാരം പറഞ്ഞു: ‘[അവർ] നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു.’ അതേ, താൻ തീർത്തും ഒറ്റയ്ക്കാണെന്ന് ഏലീയാവിനു തോന്നി—അതിന് അവനു തക്ക കാരണവുമുണ്ടായിരുന്നു. അവന്റെ സഹ പ്രവാചകന്മാരിൽ അനേകരും വധിക്കപ്പെട്ടിരുന്നു. സ്വന്തം ജീവനു ഭീഷണി ഉണ്ടായതിനെ തുടർന്ന് അവൻ രക്ഷപ്പെട്ട് ഓടുകയായിരുന്നു. എന്നാൽ അവൻ യഥാർഥത്തിൽ ഒറ്റയ്ക്കായിരുന്നോ? അല്ല. ഇരുളടഞ്ഞ ആ സമയങ്ങളിൽ, അവനെപ്പോലെതന്നെ സത്യദൈവത്തെ വിശ്വസ്തമായി സേവിക്കാൻ ശ്രമിക്കുന്ന നിർമലരായ മറ്റ് 7,000 പേർ ഉണ്ടായിരുന്നുവെന്ന് യഹോവ അവനെ അറിയിച്ചു. (1 രാജാക്കന്മാർ 19:1-18) നിങ്ങളെ സംബന്ധിച്ചോ? നിങ്ങൾക്ക് ആരുമില്ലെന്ന തോന്നൽ അടിസ്ഥാനരഹിതം ആയിരുന്നേക്കാമോ?
നിങ്ങളെ കുറിച്ചു കരുതലുള്ളവരുണ്ട്. നിങ്ങളുടെ മാതാപിതാക്കൾ, ഇണ, കുട്ടികൾ, സുഹൃത്തുക്കൾ എന്നിവരൊക്കെ ഇതിൽ പെട്ടേക്കാം. എന്നാൽ അവർ മാത്രമല്ല ഉള്ളത്. നിങ്ങളിൽ താത്പര്യമുള്ള, നിങ്ങൾക്കു പറയാനുള്ളത് ശ്രദ്ധിക്കാനും നിങ്ങളോടൊപ്പവും നിങ്ങൾക്കായും പ്രാർഥിക്കാനും സന്നദ്ധരായ പക്വതയുള്ള ക്രിസ്ത്യാനികളെ യഹോവയുടെ സാക്ഷികളുടെ സഭയിൽ നിങ്ങൾ കണ്ടെത്തും. (യാക്കോബ് 5:14, 15) ഇനി, അപൂർണ മനുഷ്യർ എല്ലാവരുംതന്നെ കൈയൊഴിഞ്ഞാലും ഒരിക്കലും നിങ്ങളെ ഉപേക്ഷിക്കുകയില്ലാത്ത ഒരുവനുണ്ട്. പുരാതനകാലത്തെ ദാവീദ് രാജാവ് ഇങ്ങനെ പറഞ്ഞു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (സങ്കീർത്തനം 27:10) അതേ, യഹോവ ‘നിങ്ങൾക്കായി കരുതുന്നു.’ (1 പത്രൊസ് 5:7) യഹോവയുടെ കണ്ണിൽ നിങ്ങൾ മൂല്യമുള്ളവരാണെന്ന കാര്യം ഒരിക്കലും മറക്കരുത്.
ജീവൻ ദൈവത്തിന്റെ ദാനമാണ്. ചില സമയങ്ങളിൽ ഒരു ദാനം എന്നതിനെക്കാൾ അത് ഒരു ഭാരമായിരിക്കുന്നതു പോലെ തോന്നിയേക്കാം എന്നതു ശരിതന്നെ. എന്നാൽ നിങ്ങൾ വളരെ വിലപ്പെട്ട ഒരു സമ്മാനം ആർക്കെങ്കിലും കൊടുക്കുന്നുവെന്നും അയാൾ അതു ശരിക്ക് ഉപയോഗിക്കുന്നതിനു മുമ്പുതന്നെ എറിഞ്ഞുകളയുന്നുവെന്നും വിചാരിക്കുക. നിങ്ങൾക്ക് എന്തു തോന്നും? അപൂർണ മനുഷ്യരായ നാം ജീവനെന്ന ദാനം ശരിക്കും ഉപയോഗിക്കാൻ തുടങ്ങിയിട്ടു കൂടിയില്ല. വാസ്തവത്തിൽ, ഇപ്പോൾ നാം നയിക്കുന്ന ജീവിതം ദൈവദൃഷ്ടിയിൽ ‘സാക്ഷാലുള്ള ജീവൻ’ അല്ല എന്നു ബൈബിൾ സൂചിപ്പിക്കുന്നു. (1 തിമൊഥെയൊസ് 6:19) അതേ, സമീപ ഭാവിയിൽ നമ്മുടെ ജീവിതം പൂർണവും കൂടുതൽ അർഥവത്തും സന്തുഷ്ടവും ആയിരിക്കും. അതെങ്ങനെ?
ബൈബിൾ ഇപ്രകാരം പറയുന്നു: “അവൻ [ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:3-5എ) ആ വാക്കുകൾ നിവൃത്തിയേറുമ്പോൾ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളത് ആയിരിക്കുമെന്നു ഭാവനയിൽ കാണാൻ ശ്രമിക്കുക. അതിനെ കുറിച്ചു നന്നായി, സമയം എടുത്തു ചിന്തിക്കുക. മനസ്സിൽ പൂർണവും വർണാഭവുമായ ഒരു ചിത്രം സൃഷ്ടിക്കാൻ ശ്രമിക്കുക. ആ ചിത്രം വെറും മിഥ്യ അല്ല. മുൻകാലങ്ങളിൽ യഹോവ തന്റെ ജനവുമായി ഇടപെട്ടിട്ടുള്ള വിധത്തെ കുറിച്ചു ധ്യാനിക്കുമ്പോൾ, അവനിലുള്ള നിങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമായിത്തീരുകയും നിങ്ങളെ സംബന്ധിച്ചിടത്തോളം ആ ചിത്രം കൂടുതൽ യഥാർഥമായിത്തീരുകയും ചെയ്യും.—സങ്കീർത്തനം 136:1-26.
ജീവിക്കാനുള്ള നിങ്ങളുടെ ആഗ്രഹം പൂർണമായി വീണ്ടെടുക്കാൻ കുറെ സമയം വേണ്ടിവന്നേക്കാം. നമ്മുടെ ‘കഷ്ടത്തിൽ ഒക്കെയും നമ്മെ ആശ്വസിപ്പിക്കുന്ന, സർവ്വാശ്വാസവും നല്കുന്ന ദൈവത്തോട്’ പ്രാർഥിക്കുന്നതിൽ തുടരുക. (2 കൊരിന്ത്യർ 1:3, 4; റോമർ 12:12; 1 തെസ്സലൊനീക്യർ 5:17) യഹോവ നിങ്ങൾക്ക് ആവശ്യമുള്ള ശക്തി തരും. ജീവൻ അമൂല്യമാണെന്ന് അവൻ നിങ്ങളെ പഠിപ്പിക്കും.—യെശയ്യാവു 40:29. വ്യക്തി ആത്മഹത്യക്ക് ഉപയോഗിച്ചേക്കാവുന്ന വസ്തുക്കൾ—പ്രത്യേകിച്ചും തോക്കുകൾ—നീക്കം ചെയ്യാനും വിദഗ്ധർ നിർദേശിക്കുന്നു. സാഹചര്യം ഗുരുതരമാണെന്നു തോന്നുന്നെങ്കിൽ വൈദ്യസഹായം സ്വീകരിക്കാൻ വ്യക്തിയെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. അങ്ങേയറ്റത്തെ ചില സാഹചര്യങ്ങളിൽ വ്യക്തിക്കുവേണ്ടി നിങ്ങൾതന്നെ ഏതെങ്കിലും തരത്തിലുള്ള അടിയന്തിര വൈദ്യ സഹായം തേടേണ്ടത് ആവശ്യമായി വന്നേക്കാം. (g01 10/22)
[9-ാം പേജിലെ ചതുരം/ചിത്രം]
ആത്മഹത്യാ പ്രവണതയുള്ളവരെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?
ആത്മഹത്യ ചെയ്യാൻ തോന്നുന്നുവെന്ന് ആരെങ്കിലും നിങ്ങളോടു പറയുന്നെങ്കിൽ എന്തു ചെയ്യണം? “നല്ല ശ്രോതാവായിരിക്കുക,” രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായുള്ള യു.എസ്. കേന്ദ്രങ്ങൾ (സി ഡി സി) ഉപദേശിക്കുന്നു. തന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അയാളെ അനുവദിക്കുക. എന്നാൽ മിക്കപ്പോഴും ആത്മഹത്യാ പ്രവണതയുള്ള വ്യക്തി തുറന്ന് ഇടപെടാനും ആശയവിനിമയം നടത്താനും വിമുഖത കാണിക്കുന്നു. അയാൾ അനുഭവിക്കുന്ന നിരാശയും വേദനയും യഥാർഥമാണെന്ന് അംഗീകരിക്കുക. അയാളുടെ പെരുമാറ്റത്തിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുള്ള ചില മാറ്റങ്ങളെ കുറിച്ചു ദയാപൂർവം സൂചിപ്പിക്കുന്നെങ്കിൽ, ഉള്ളുതുറന്നു സംസാരിക്കുന്നതിന് വ്യക്തിയെ പ്രേരിപ്പിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.
ശ്രദ്ധിക്കുമ്പോൾ സഹാനുഭൂതി പ്രകടമാക്കുക. “വ്യക്തിയുടെ ജീവൻ നിങ്ങൾക്കും മറ്റുള്ളവർക്കും വിലപ്പെട്ടതാണെന്ന് ഊന്നിപ്പറയുന്നതു പ്രധാനമാണ്” എന്ന് സി ഡി സി പറയുന്നു. അയാളുടെ മരണം നിങ്ങളെയും മറ്റുള്ളവരെയും തളർത്തിക്കളയുമെന്ന് അയാളെ അറിയിക്കുക. സ്രഷ്ടാവ് അയാൾക്കായി കരുതുന്നുണ്ടെന്നു കാണാൻ വ്യക്തിയെ സഹായിക്കുക.—1 പത്രൊസ് 5:7.
വ്യക്തി ആത്മഹത്യക്ക് ഉപയോഗിച്ചേക്കാവുന്ന വസ്തുക്കൾ—പ്രത്യേകിച്ചും തോക്കുകൾ—നീക്കം ചെയ്യാനും വിദഗ്ധർ നിർദേശിക്കുന്നു. സാഹചര്യം ഗുരുതരമാണെന്നു തോന്നുന്നെങ്കിൽ വൈദ്യസഹായം സ്വീകരിക്കാൻ വ്യക്തിയെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. അങ്ങേയറ്റത്തെ ചില സാഹചര്യങ്ങളിൽ വ്യക്തിക്കുവേണ്ടി നിങ്ങൾതന്നെ ഏതെങ്കിലും തരത്തിലുള്ള അടിയന്തിര വൈദ്യ സഹായം തേടേണ്ടത് ആവശ്യമായി വന്നേക്കാം.
[11-ാം പേജിലെ ചതുരം]
‘ഇങ്ങനെ തോന്നുന്നതിന് ദൈവം എന്നോടു ക്ഷമിക്കുമോ?’
യഹോവയുടെ സാക്ഷികളുമായുള്ള സഹവാസം ആത്മഹത്യയെ കുറിച്ചുള്ള ചിന്ത അകറ്റാൻ അനേകരെ സഹായിച്ചിട്ടുണ്ട്. എന്നാൽ ജീവിത സമ്മർദങ്ങളോ വിഷാദമോ ഏതൊരാളെയും ബാധിക്കാവുന്നതാണ്. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുള്ള ക്രിസ്ത്യാനികളെ പലപ്പോഴും ആഴമായ കുറ്റബോധം വേട്ടയാടുന്നു. കുറ്റബോധം അവരുടെ വിഷമാവസ്ഥയെ ഒന്നുകൂടെ വഷളാക്കുകയേ ഉള്ളൂ. അതുകൊണ്ട്, ഇത്തരം വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാകും?
ബൈബിൾ കാലങ്ങളിലും ചില വിശ്വസ്ത സ്ത്രീപുരുഷന്മാർ ജീവിതത്തെ കുറിച്ച് അങ്ങേയറ്റം നിഷേധാത്മകമായ വികാരങ്ങൾ പ്രകടിപ്പിച്ചു എന്ന വസ്തുത ഓർക്കുന്നതു നല്ലതാണ്. ഗോത്രപിതാവായ ഇസ്ഹാക്കിന്റെ ഭാര്യ റിബെക്കാ ഒരു കുടുംബ പ്രശ്നത്തെ ചൊല്ലി വളരെയധികം വിഷമിച്ച ഒരു സന്ദർഭത്തിൽ “എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു” എന്നു പറഞ്ഞു. (ഉല്പത്തി 27:46) മക്കൾ, ആരോഗ്യം, സമ്പത്ത്, സാമൂഹിക പദവി എന്നിവയെല്ലാം നഷ്ടപ്പെട്ട ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “എന്റെ ജീവൻ എനിക്കു വെറുപ്പായ്തോന്നുന്നു.” (ഇയ്യോബ് 10:1) ഒരിക്കൽ മോശെ ദൈവത്തോട് “ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ” എന്ന് അപേക്ഷിച്ചു. (സംഖ്യാപുസ്തകം 11:15) ദൈവത്തിന്റെ പ്രവാചകനായ ഏലീയാവ് ഒരിക്കൽ പറഞ്ഞു: “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ.” (1 രാജാക്കന്മാർ 19:4) “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു” എന്ന് പ്രവാചകനായ യോനാ പലവട്ടം പറഞ്ഞു.—യോനാ 4:8.
അത്തരം തോന്നലുകൾ ഉണ്ടായതിന് യഹോവ ഈ വ്യക്തികളെ കുറ്റം വിധിച്ചോ? ഇല്ല. അവരുടെ വാക്കുകൾ ബൈബിളിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനു പോലും അവൻ ഇടയാക്കി. എന്നാൽ ഈ വിശ്വസ്ത ദൈവദാസരിൽ ആരും തങ്ങളെ ആത്മഹത്യയിലേക്കു നയിക്കാൻ അത്തരം വികാരങ്ങളെ അനുവദിച്ചില്ല എന്നു ശ്രദ്ധിക്കുന്നതു പ്രധാനമാണ്. യഹോവ അവരെ വിലപ്പെട്ടവരായി വീക്ഷിച്ചു; അവർ ജീവിച്ചിരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. ദുഷ്ടന്മാരുടെ ജീവനെ കുറിച്ചു പോലും ദൈവം കരുതുന്നു എന്നതാണു വാസ്തവം. തങ്ങളുടെ വഴി വിട്ടുതിരിഞ്ഞ് ‘ജീവിക്കാൻ’ അവൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. (യെഹെസ്കേൽ 33:11) അപ്പോൾപ്പിന്നെ, അവന്റെ അംഗീകാരം നേടാൻ ആഗ്രഹിക്കുന്നവർ ജീവിച്ചിരിക്കണമെന്ന് അവന് എത്രയധികം ആഗ്രഹം ഉണ്ടായിരിക്കും!
ദൈവം നമുക്കു തന്റെ പുത്രന്റെ മറുവില യാഗം, ക്രിസ്തീയ സഭ, ബൈബിൾ, പ്രാർഥന എന്ന പദവി എന്നിവയൊക്കെ തന്നിരിക്കുന്നു. ദൈവം നമ്മുടെ പ്രാർഥന കേൾക്കാതിരിക്കത്തക്കവണ്ണം ഒരിക്കലും തിരക്കുള്ളവനല്ല. താഴ്മയോടും ആത്മാർഥതയോടും കൂടെ തന്നെ സമീപിക്കുന്ന ഏവരുടെയും പ്രാർഥനകൾ അവൻ ശ്രദ്ധിക്കുകതന്നെ ചെയ്യുന്നു. ‘അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നമുക്ക് ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലാം.’—എബ്രായർ 4:16.
[12-ാം പേജിലെ ചതുരം]
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ?
ഒരു വ്യക്തി ആത്മഹത്യ ചെയ്യുമ്പോൾ അയാളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നു. പലരും ദുരന്തത്തിനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു. ‘അന്ന് ഞാൻ കുറച്ചുകൂടെ സമയം അവനോടൊത്തു ചെലവഴിച്ചിരുന്നെങ്കിൽ,’ ‘ആ സമയത്ത് ഞാൻ എന്റെ നാവിനെ അടക്കിയിരുന്നെങ്കിൽ,’ ‘അവനെ സഹായിക്കാൻ ഞാൻ കുറെക്കൂടെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ’ എന്നൊക്കെ അവർ പറയുന്നു. അതിന്റെ സൂചന ഇതാണ്: ‘ഞാൻ ഇത് അല്ലെങ്കിൽ അത് ചെയ്തിരുന്നെങ്കിൽ എന്റെ പ്രിയപ്പെട്ട വ്യക്തി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു.’ എന്നാൽ മറ്റൊരു വ്യക്തിയുടെ ആത്മഹത്യയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതിൽ എന്തെങ്കിലും ന്യായമുണ്ടോ?
ആത്മഹത്യ നടന്നുകഴിഞ്ഞ് അതിന്റെ സൂചനകൾ തിരിച്ചറിയുന്നതു വളരെ എളുപ്പമാണെന്ന് ഓർക്കുക. എന്നാൽ അതിനു മുമ്പ് അത് അങ്ങനെയല്ല. ബൈബിൾ ഇങ്ങനെ പറയുന്നു: “ഹൃദയത്തിന്റെ ദുഃഖം അതിനുമാത്രമേ അറിഞ്ഞുകൂടൂ; അതിന്റെ സന്തോഷത്തിലും അന്യർക്കു പങ്കില്ല.” (സദൃശവാക്യങ്ങൾ 14:10, പി.ഒ.സി. ബൈബിൾ) മറ്റൊരു വ്യക്തിയുടെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കുക ചിലപ്പോൾ അസാധ്യമാണ്. ആത്മഹത്യാ പ്രവണതയുള്ള പലർക്കും തങ്ങളുടെ ഉള്ളിന്റെയുള്ളിലെ വികാരങ്ങൾ മറ്റുള്ളവരുമായി, അടുത്ത കുടുംബാംഗങ്ങളുമായി പോലും പങ്കുവെക്കാൻ കഴിയാറില്ല.
ദുഃഖം വാക്കുകളിലൂടെ പ്രകടമാക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം വ്യക്തികളിലെ ആത്മഹത്യാ പ്രവണത തിരിച്ചറിയാനുള്ള സൂചനകളെ കുറിച്ചു ചർച്ചചെയ്യവേ ഇങ്ങനെ പറഞ്ഞു: “ഇത്തരം സൂചനകൾ തിരിച്ചറിയുക സാധാരണഗതിയിൽ എളുപ്പമല്ല എന്നതാണു വാസ്തവം.” ഇനി നിങ്ങൾ ആത്മഹത്യയുടെ ചില സൂചനകൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ തന്നെയും അത് നിങ്ങൾക്കു തടയാൻ കഴിയുമായിരുന്നു എന്നതിന് യാതൊരു ഉറപ്പുമില്ല എന്നും അതേ പുസ്തകം പറയുന്നു. സ്വയം പീഡിപ്പിക്കുന്നതിനു പകരം നിങ്ങൾക്ക് ജ്ഞാനിയായ ശലോമോൻ രാജാവിന്റെ വാക്കുകളിൽനിന്ന് ആശ്വാസം നേടാൻ കഴിയും: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) നിങ്ങളുടെ പ്രിയപ്പെട്ടയാൾ ഒരു അഗ്നിനരകത്തിൽ ദണ്ഡനം അനുഭവിക്കുകയല്ല. ആത്മഹത്യയിലേക്കു നയിച്ച മാനസികവും വൈകാരികവുമായ തീവ്രവേദനയിൽനിന്ന് അയാൾ മോചിതനായിരിക്കുന്നു. അയാൾ കഷ്ടപ്പാട് അനുഭവിക്കുകയല്ല; കേവലം വിശ്രമിക്കുകയാണ്.
ഒരുപക്ഷേ ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി, നിങ്ങൾ ഉൾപ്പെടെ, ജീവിച്ചിരിക്കുന്നവരുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ജീവിച്ചിരിക്കുമ്പോൾ “ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക” എന്നു ശലോമോൻ തുടർന്നു പറഞ്ഞു. (സഭാപ്രസംഗി 9:10) ആത്മഹത്യ ചെയ്തിട്ടുള്ളവരുടെ ഭാവി ജീവിത പ്രതീക്ഷകൾ “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായ” യഹോവയുടെ കരങ്ങളിലാണെന്ന ഉറപ്പ് നിങ്ങൾക്ക് ഉണ്ടായിരിക്കാൻ കഴിയും.—2 കൊരിന്ത്യർ 1:3. a
[അടിക്കുറിപ്പുകൾ]
a 1990 സെപ്റ്റംബർ 8 ലക്കം ഉണരുക!യിൽ (ഇംഗ്ലീഷ്) വന്ന “ബൈബിളിന്റെ വീക്ഷണം: ആത്മഹത്യ—പുനരുത്ഥാനമുണ്ടോ?” എന്ന ലേഖനത്തിൽ ആത്മഹത്യ ചെയ്തവർക്കുള്ള ഭാവിപ്രതീക്ഷയെ കുറിച്ചുള്ള സമനിലയുള്ള ഒരു വീക്ഷണം നിങ്ങൾക്കു കാണാൻ കഴിയും.
[8-ാം പേജിലെ ചിത്രങ്ങൾ]
ആരോടെങ്കിലും സംസാരിക്കുക
[10-ാം പേജിലെ ചിത്രം]
നിങ്ങളുടെ ജീവൻ മറ്റുള്ളവർക്കു വിലപ്പെട്ടതാണ്