പകരം വീട്ടുന്നതിൽ എന്താണു തെറ്റ്?
യുവജനങ്ങൾ ചോദിക്കുന്നു . . .
പകരം വീട്ടുന്നതിൽ എന്താണു തെറ്റ്?
“അവൻ എന്നെ അപമാനിച്ചു.”—കൊലക്കുറ്റത്തിനു ജയിൽശിക്ഷ അനുഭവിക്കുന്ന 15 വയസ്സുകാരൻ കോണിൽ.
സ്കൂളിലെ നൃത്ത വേളയിൽ ഒരു അധ്യാപികയെ കൊന്ന 14 വയസ്സുള്ള ആൻഡ്രൂ താൻ അധ്യാപകരെയും മാതാപിതാക്കളെയും വെറുക്കുന്നുവെന്നും തന്നെ നിരസിക്കുന്നതിനാൽ പെൺകുട്ടികളോടു തനിക്കു ദേഷ്യമാണെന്നും പറഞ്ഞു.
ടൈം മാസിക ഇതിനെ “മാരകമായ ഒരു പ്രവണത” എന്നു വിളിക്കുന്നു. കോപാകുലനായ ഒരു യുവാവ് സ്കൂളിലേക്ക് ഒരു തോക്ക് ഒളിച്ചു കടത്തിക്കൊണ്ടുവന്ന് തന്റെ സഹപാഠികൾക്കും അധ്യാപകർക്കും നേരെ നിറയൊഴിക്കുന്നു. ഇത്തരം ദാരുണ സംഭവങ്ങൾ ഐക്യനാടുകളിൽ സർവസാധാരണം ആയിത്തീർന്നുകൊണ്ടിരിക്കുന്നതു പോലെ കാണുന്നതിനാൽ ഒരു ടിവി വാർത്താശൃംഖല ഈ പ്രവണതയെ “അക്രമ വിസ്ഫോടനം” എന്നു വിശേഷിപ്പിച്ചു.
സന്തോഷകരമെന്നു പറയട്ടെ, സ്കൂളുകളിൽ നടക്കുന്ന ഇത്തരം വെടിവെപ്പുകൾ ഇന്നും താരതമ്യേന കുറവാണ്. എന്നിരുന്നാലും, അടുത്തകാലത്തെ ക്രോധാവേശം പൂണ്ടുള്ള അക്രമപ്രവർത്തനങ്ങൾ ചില യുവജനങ്ങൾ യഥാർഥത്തിൽ എത്രമാത്രം കോപിഷ്ഠരാണെന്നു വെളിപ്പെടുത്തുന്നു. എന്താണ് ഇത്തരം പൊട്ടിത്തെറികളുടെ പ്രേരകഘടകങ്ങൾ? ചില യുവാക്കളെ രോഷം കൊള്ളിച്ചത് അധികാരത്തിൽ ഇരിക്കുന്നവരുടെ കൈയിൽനിന്ന് അവർക്ക് അനുഭവിക്കേണ്ടി വന്ന അനീതിയോ അവർ നടത്തിയ അധികാര ദുർവിനിയോഗമോ ആയിരുന്നു. മറ്റുള്ളവരെ കോപിഷ്ഠരാക്കിയത് സമപ്രായക്കാരിൽ നിന്നുള്ള തുടർച്ചയായ പരിഹാസമായിരുന്നു. ഒരു സഹപാഠിക്കു നേരെ നിറയൊഴിച്ച 12 വയസ്സുള്ള ഒരു ബാലന്—അവൻ പിന്നീട് സ്വയം വെടിവെച്ചു—തന്റെ അമിതവണ്ണത്തെ പ്രതി പരിഹാസം സഹിക്കേണ്ടി വന്നിരുന്നു.
മിക്ക യുവജനങ്ങളും ഇത്തരത്തിലുള്ള അങ്ങേയറ്റത്തെ അക്രമപ്രവൃത്തികളിൽ ഏർപ്പെടുന്നതിനെ കുറിച്ച് ഒരിക്കലും ഗൗരവപൂർവം ചിന്തിക്കുകയില്ല എന്നതു ശരിയാണ്. എന്നിരുന്നാലും, വർഗത്തിന്റെ പേരിലുള്ള തരംതിരിവിനോ ക്രൂരമായ പെരുമാറ്റത്തിനോ പരിഹാസത്തിനോ പാത്രമാകുമ്പോൾ ഉണ്ടാകുന്ന വേദനയെ തരണം ചെയ്യുക എളുപ്പമല്ല. തന്റെ സ്കൂൾ ദിനങ്ങളെ കുറിച്ച് ഓർത്തുകൊണ്ട് ബെൻ ഇപ്രകാരം പറയുന്നു: “എനിക്ക് എപ്പോഴും എന്റെ പ്രായത്തിലുള്ള മിക്ക കുട്ടികളെക്കാളും പൊക്കം കുറവായിരുന്നു. കൂടാതെ മുടി വടിച്ചുകളഞ്ഞിരുന്നതിനാൽ മറ്റു കുട്ടികൾ എന്നെ നിരന്തരം കളിയാക്കുകയും എന്റെ തലയ്ക്ക് അടിക്കുകയും ചെയ്യുമായിരുന്നു. ഇത് എന്നെ വളരെ ദേഷ്യം പിടിപ്പിച്ചു. സഹായത്തിനായി സ്കൂൾ അധികാരികളെ സമീപിച്ചപ്പോൾ അവർ എന്നെ അവഗണിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. അത് എന്റെ കോപം ആളിക്കത്തിച്ചു! ഒരു തോക്ക് എടുത്ത് ഇവരെയൊക്കെ വെടിവെക്കുന്നതിൽനിന്ന് എന്നെ തടഞ്ഞ ഏക സംഗതി അതു കിട്ടാൻ എനിക്ക് ഒരു മാർഗവും ഇല്ലായിരുന്നു എന്നതായിരുന്നു.”
തങ്ങളെ വേദനിപ്പിച്ചവരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന യുവജനങ്ങളെ നിങ്ങൾ എങ്ങനെ വീക്ഷിക്കണം? മറ്റുള്ളവരുടെ ദുഷ്പെരുമാറ്റം നിങ്ങൾക്കു സഹിക്കേണ്ടി വരുന്നെങ്കിൽ എന്തു ചെയ്യണം? ഉത്തരത്തിനായി ദൈവവചനം എന്തു പറയുന്നുവെന്നു ശ്രദ്ധിക്കുക.
ആത്മനിയന്ത്രണം—ശക്തിയുടെ തെളിവ്!
ദുഷ്പെരുമാറ്റവും അനീതിയും പണ്ടേയുള്ളതാണ്. ഒരു ബൈബിൾ എഴുത്തുകാരൻ ഇപ്രകാരം ബുദ്ധിയുപദേശിച്ചു: “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.” (സങ്കീർത്തനം 37:8) ഒട്ടുമിക്കപ്പോഴും ആത്മനിയന്ത്രണത്തിന്റെ അഭാവം മൂലമാണ് ക്രോധം ഉണ്ടാകുന്നത്. അനന്തരഫലങ്ങളെ കുറിച്ച് യാതൊരു ചിന്തയുമില്ലാതെയാണ് അതു പ്രകടിപ്പിക്കപ്പെടുന്നത്. കോപത്താൽ ‘മുഷിയാൻ’ സ്വയം അനുവദിക്കുന്നത് ഒരു പൊട്ടിത്തെറിയിൽ കലാശിച്ചേക്കാം! എന്തായിരിക്കാം അതിന്റെ ഫലം?
കയീനെയും ഹാബെലിനെയും കുറിച്ചുള്ള ബൈബിൾ ദൃഷ്ടാന്തം പരിചിന്തിക്കുക. കയീന്നു തന്റെ അനുജനായ ഹാബെലിനോട് “ഏററവും കോപമുണ്ടായി.” തത്ഫലമായി “അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.” (ഉല്പത്തി 4:5, 8) അനിയന്ത്രിത കോപം പ്രകടമാക്കിയതിന്റെ മറ്റൊരു ദൃഷ്ടാന്തം ശൗൽ രാജാവായിരുന്നു. യുവാവായ ദാവീദിന്റെ സൈനിക നേട്ടങ്ങളിൽ അസൂയാലുവായ ശൗൽ ദാവീദിനു നേരെ മാത്രമല്ല തന്റെ സ്വന്തം പുത്രനായ യോനാഥാന്റെ നേർക്കു പോലും കുന്തം എറിഞ്ഞു!—1 ശമൂവേൽ 18:11; 19:10; 20:30-34.
കോപം തോന്നുന്നതു ന്യായമായിരിക്കുന്ന സന്ദർഭങ്ങളുണ്ട് എന്നതു ശരിയാണ്. എന്നാൽ ന്യായമായ കോപം പോലും നിയന്ത്രിച്ചില്ലെങ്കിൽ ദോഷത്തിൽ കലാശിച്ചേക്കാം. ഉദാഹരണത്തിന്, ശേഖേം തങ്ങളുടെ സഹോദരിയായ ദീനായെ മാനഭംഗപ്പെടുത്തിയെന്നു മനസ്സിലാക്കിയപ്പോൾ ശിമെയോനും ലേവിക്കും കോപം തോന്നിയത് തീർച്ചയായും ന്യായമായിരുന്നു. എന്നാൽ സമനില കാത്തുസൂക്ഷിക്കുന്നതിനു പകരം അവർ അക്രമത്തിലേക്കു നയിക്കുന്നതരം കോപം ഉടലെടുക്കുന്നതിന് ഇടയാക്കി. “ഞങ്ങളുടെ സഹോദരിയോടു അവന്നു ഒരു വേശ്യയോടു എന്നപോലെ പെരുമാറാമോ” എന്ന പിന്നീടുള്ള അവരുടെ വാക്കുകളിൽ അതു പ്രകടമാണ്. (ഉല്പത്തി 34:31) കോപം അതികഠിനമായി തീർന്നപ്പോൾ അവർ “താന്താന്റെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്നു” ശേഖേമിന്റെ ഗ്രാമത്തിലെ “ആണിനെയൊക്കെയും കൊന്നുകളഞ്ഞു.” അവരുടെ ക്രോധം സാംക്രമികമായിരുന്നു. കാരണം ‘യാക്കോബിന്റെ മറ്റു പുത്രന്മാരും’ (NW) പിന്നീട് ഹിംസാത്മകമായ ആ ആക്രമണത്തിൽ പങ്കുചേർന്നു. (ഉല്പത്തി 34:25-27) അനേകം വർഷങ്ങൾ കഴിഞ്ഞുപോലും അവരുടെ പിതാവായ യാക്കോബ് ശിമെയോന്റെയും ലേവിയുടെയും ആ അനിയന്ത്രിത കോപത്തെ അപലപിച്ചു.—ഉല്പത്തി 49:5-7.
ഇതിൽനിന്ന് നാം പ്രധാനപ്പെട്ട ഒരു സംഗതി മനസ്സിലാക്കുന്നു: അനിയന്ത്രിത കോപം ശക്തിയുടെയല്ല, മറിച്ച് ബലഹീനതയുടെ തെളിവാണ്. സദൃശവാക്യങ്ങൾ 16:32 (ഓശാന ബൈബിൾ) ഇങ്ങനെ പറയുന്നു: “ദീർഘക്ഷമയുള്ളവൻ ശക്തനെക്കാളും ആത്മനിയന്ത്രണം ഉള്ളവൻ നഗരം പിടിച്ചടക്കുന്നവനെക്കാളും ശ്രേഷ്ഠനാണ്.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)
പകരം വീട്ടുന്നതിലെ ബുദ്ധിമോശം
അതുകൊണ്ട് തിരുവെഴുത്തുകൾ നൽകുന്ന ബുദ്ധിയുപദേശം ഇതാണ്: ‘ആർക്കും തിന്മക്കു പകരം, തിന്മ ചെയ്യരുത്. നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ.’ (റോമർ 12:17, 19) പകരം വീട്ടുന്നത്—അതിൽ ഉൾപ്പെട്ടിരിക്കുന്നത് ശാരീരിക ഉപദ്രവമായാലും ക്രൂരമായ വാക്കുകളായാലും—ഒരിക്കലും ദൈവികമല്ല. കൂടാതെ, അത്തരം പകരംവീട്ടൽ അപ്രായോഗികവും ബുദ്ധിശൂന്യവുമാണ്. അക്രമം പലപ്പോഴും കൂടുതൽ അക്രമത്തിലേക്കു നയിക്കുന്നു എന്നതാണ് ഒരു കാരണം. (മത്തായി 26:52) അതുപോലെ ക്രൂരമായ വാക്കുകൾ മിക്കപ്പോഴും കൂടുതൽ ക്രൂരമായ വാക്കുകൾക്കു വഴിതെളിക്കുന്നു. പലപ്പോഴും ന്യായമായ കാരണങ്ങൾ നിമിത്തമല്ല ആളുകൾ കോപിക്കുന്നത് എന്ന കാര്യവും മനസ്സിൽ പിടിക്കുക. ഉദാഹരണത്തിന്, നിങ്ങളെ നീരസപ്പെടുത്തിയ വ്യക്തിക്ക് യഥാർഥത്തിൽ നിങ്ങളോട് എന്തെങ്കിലും പകയുണ്ടായിരുന്നു എന്നതു സംബന്ധിച്ചു നിങ്ങൾക്ക് ഉറപ്പുണ്ടോ? അതോ അയാൾ വെറുതെ ചിന്തിക്കാതെയും പക്വതയില്ലാതെയും പെരുമാറി എന്നേയുള്ളോ? ഇനി ദുഷ്ടമായ ആന്തരത്തോടെയാണ് അതു ചെയ്തത് എന്നിരിക്കട്ടെ. അത്തരമൊരു സാഹചര്യത്തിൽപ്പോലും പകരം വീട്ടുന്നത് ഉചിതമായിരിക്കുമോ?
സഭാപ്രസംഗി 7:21, 22-ലെ ബൈബിളിന്റെ ബുദ്ധിയുപദേശം ശ്രദ്ധിക്കുക: “പറഞ്ഞുകേൾക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുതു; നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിന്നു തന്നേ. നീയും പല പ്രാവശ്യം മററുള്ളവരെ ശപിച്ച പ്രകാരം നിനക്കു മനോബോധമുണ്ടല്ലോ.” നിങ്ങളെ കുറിച്ചു മറ്റുള്ളവർ മോശമായ കാര്യങ്ങൾ പറയുന്നതു കേൾക്കുക അത്ര സുഖകരമായ കാര്യമല്ല എന്നതു ശരിതന്നെ. എന്നാൽ അതു ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് എന്നു ബൈബിൾ കാണിക്കുന്നു. പറയാൻ പാടില്ലാഞ്ഞ പല കാര്യങ്ങൾ നിങ്ങളും മറ്റുള്ളവരെ കുറിച്ചു പറഞ്ഞിട്ടുണ്ട് എന്നതു ശരിയല്ലേ? അപ്പോൾ മറ്റാരെങ്കിലും നിങ്ങളെ കുറിച്ചു മോശമായ എന്തെങ്കിലും പറയുമ്പോൾ അമിതമായി പ്രതികരിക്കുന്നത് എന്തിനാണ്? പലപ്പോഴും പരിഹസിക്കപ്പെടുമ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി അത് അവഗണിക്കുക എന്നതാണ്.
സമാനമായി, ആരെങ്കിലും നിങ്ങളോടു മോശമായി പെരുമാറി എന്നു തോന്നുമ്പോഴും അമിതമായി പ്രതികരിക്കുന്നതു ബുദ്ധിമോശമാണ്. ചില സഹക്രിസ്ത്യാനികളുമായി ബാസ്കറ്റ്ബോൾ കളിച്ചുകൊണ്ടിരുന്നപ്പോൾ സംഭവിച്ച ഒരു സംഗതിയെ കുറിച്ച് ഡേവിഡ് എന്ന കൗമാരപ്രായക്കാരൻ പറഞ്ഞു: “മറ്റേ ടീമിലുള്ള ഒരാൾ പന്തുവെച്ച് എന്നെ എറിഞ്ഞു.” അത് അവൻ അറിഞ്ഞുകൊണ്ട് ചെയ്തതാണെന്നു പെട്ടെന്നുതന്നെ നിഗമനം ചെയ്തുകൊണ്ട് ഡേവിഡ് പ്രതികരിച്ചു. അവൻ തിരിച്ച് പന്തുവെച്ച് ആ കളിക്കാരനെ എറിഞ്ഞു. “എനിക്ക് അപ്പോൾ വല്ലാത്ത കോപം തോന്നി,” ഡേവിഡ് സമ്മതിച്ചു പറയുന്നു. എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിനു മുമ്പ് ഡേവിഡ് യഹോവയോടു പ്രാർഥിച്ചു. അവൻ സ്വയം ചോദിച്ചു, ‘ഞാൻ എന്താണീ ചെയ്യുന്നത്, ഒരു ക്രിസ്തീയ സഹോദരനുമായി വഴക്കടിക്കുകയോ?’ പിന്നീട് അവർ പരസ്പരം ക്ഷമ ചോദിച്ചു.
അത്തരം സാഹചര്യങ്ങളിൽ യേശുക്രിസ്തുവിന്റെ ദൃഷ്ടാന്തം ഓർക്കുന്നതു നല്ലതാണ്. ‘[അവൻ] തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.’ (1 പത്രൊസ് 2:23) അതേ, സമ്മർദത്തിൻ കീഴിലായിരിക്കുമ്പോൾ പ്രതികരിക്കുന്നതിനു പകരം ദൈവത്തോടു പ്രാർഥിക്കുക, ആത്മനിയന്ത്രണം പാലിക്കാനുള്ള സഹായത്തിനായി അവനോട് അപേക്ഷിക്കുക. ‘തന്നോടു യാചിക്കുന്നവർക്കു’ അവൻ സമൃദ്ധമായി ‘പരിശുദ്ധാത്മാവിനെ കൊടുക്കും.’ (ലൂക്കൊസ് 11:13) ആരെങ്കിലും നിങ്ങളെ ദ്രോഹിക്കുമ്പോൾ, പ്രതികാരം ചെയ്യുന്നതിനു പകരം നിങ്ങൾക്ക് ഒരുപക്ഷേ ആ വ്യക്തിയെ സമീപിച്ച് അതേക്കുറിച്ച് അയാളുമായി സംസാരിക്കാൻ കഴിഞ്ഞേക്കും. (മത്തായി 5:23, 24) സ്കൂളിലെ ഒരു റൗഡിയിൽ നിന്നോ മറ്റോ ഉള്ള തുടർച്ചയായ ദ്രോഹത്തിന് നിങ്ങൾ ഇരയാകുന്നെങ്കിൽ അക്രമത്തിലേക്കു നയിച്ചേക്കാവുന്ന ഒരു ഏറ്റുമുട്ടലിനുള്ള സാഹചര്യം ഉണ്ടാക്കരുത്. പകരം, നിങ്ങളെത്തന്നെ സംരക്ഷിക്കാൻ വേണ്ട പ്രായോഗിക പടികൾ സ്വീകരിക്കുക. a
രോഷം കൈവെടിഞ്ഞ ഒരു യുവതി
പല യുവജനങ്ങളും ഈ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുകയും നല്ല ഫലങ്ങൾ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, കാത്രീനയുടെ അനുഭവം പരിചിന്തിക്കുക. തീരെ കുഞ്ഞായിരിക്കുമ്പോൾ അവൾ ദത്തെടുക്കപ്പെട്ടു. അവൾ ഇങ്ങനെ പറയുന്നു: “എന്റെ പെറ്റമ്മ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയാഞ്ഞതിനാൽ എനിക്ക് എന്റെ ദേഷ്യം നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരുന്നു. ആ ദേഷ്യം മുഴുവനും ഞാൻ കാണിച്ചിരുന്നത് എന്റെ വളർത്തമ്മയോടായിരുന്നു. അവരെ വേദനിപ്പിക്കുമ്പോൾ ഞാൻ എന്റെ പെറ്റമ്മയോട് പകരം വീട്ടുകയാണെന്ന് എന്തുകൊണ്ടോ എനിക്കു തോന്നിയിരുന്നു. അതിനായി എന്നാലാവുന്നതെല്ലാം ഞാൻ ചെയ്തു—ചീത്തപറച്ചിൽ, നിലത്ത് ശക്തിയായി ചവിട്ടൽ, ഒരു കാരണവുമില്ലാതെ കലിതുള്ളൽ എന്നുവേണ്ട എല്ലാം. കതകു വലിച്ചടയ്ക്കുന്നതായിരുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംഗതി. ‘നിങ്ങളോട് എനിക്കു വെറുപ്പാണ്!’ എന്നു ഞാൻ പറയുമായിരുന്നു—ഇതെല്ലാം ഞാൻ ചെയ്തത് എനിക്കു വളരെ കോപം ഉണ്ടായിരുന്നതിനാലാണ്. പിന്തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ഈ സംഗതികളൊക്കെ ചെയ്തുവെന്ന് എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല.”
കാത്രീനയെ തന്റെ കോപം നിയന്ത്രിക്കാൻ സഹായിച്ചത് എന്താണ്? അവൾ ഇങ്ങനെ മറുപടി പറയുന്നു: “ബൈബിൾ വായന! നമ്മുടെ വികാരങ്ങൾ യഹോവയ്ക്ക് അറിയാവുന്നതിനാൽ ഇതു വളരെ പ്രധാനമാണ്.” തന്റെ പ്രത്യേക കുടുംബ സാഹചര്യത്തെ കുറിച്ചുള്ള ഉണരുക! ലേഖനങ്ങൾ സകുടുംബം വായിച്ചതും കാത്രീനയ്ക്ക് വളരെ ആശ്വാസം പ്രദാനം ചെയ്തു. b “ഞങ്ങൾക്ക് എല്ലാവർക്കും ഒരുമിച്ചിരുന്ന് ഓരോരുത്തരുടെയും വികാരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു” എന്ന് അവൾ പറയുന്നു.
നിങ്ങൾക്കും കോപത്തെ നിയന്ത്രിക്കാൻ പഠിക്കാനാവും. പരിഹാസം, പീഡനം, ദുഷ്പെരുമാറ്റം എന്നിവ സഹിക്കേണ്ടി വരുമ്പോൾ സങ്കീർത്തനം 4:4-ലെ (പി.ഒ.സി. ബൈബിൾ) “കോപിച്ചുകൊള്ളുക, എന്നാൽ പാപം ചെയ്യരുത്” എന്ന വാക്കുകൾ ഓർക്കുക. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) വിനാശകമായ കോപത്തിനു വഴിപ്പെടുന്നത് ഒഴിവാക്കാൻ ആ വാക്കുകൾ നിങ്ങളെ സഹായിക്കും. (g01 10/22)
[അടിക്കുറിപ്പുകൾ]
a അനീതി കാണിക്കുന്ന അധ്യാപകരെയും സ്കൂളിലെ റൗഡികളെയും വഴക്കാളികളെയും എങ്ങനെ കൈകാര്യം ചെയ്യാം എന്നതു സംബന്ധിച്ചുള്ള പ്രായോഗിക ബുദ്ധിയുപദേശത്തിനായി 1984 ഫെബ്രുവരി 8 (ഇംഗ്ലീഷ്); 1986 ജൂൺ 8; 1990 ഡിസംബർ 8 ഉണരുക!കളിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ” ലേഖനങ്ങൾ കാണുക.
b 1996 മേയ് 8 ലക്കം ഉണരുക!യിൽ വന്ന “ദത്തെടുക്കൽ—സന്തോഷങ്ങൾ, വെല്ലുവിളികൾ” എന്ന ലേഖനപരമ്പര കാണുക.
[15-ാം പേജിലെ ചിത്രം]
പലപ്പോഴും പരിഹസിക്കപ്പെടുമ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി അത് അവഗണിക്കുക എന്നതാണ്