വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂകമ്പത്തിലും കുലുങ്ങാത്ത സഹോദര ഐക്യം

ഭൂകമ്പത്തിലും കുലുങ്ങാത്ത സഹോദര ഐക്യം

ഭൂകമ്പ​ത്തി​ലും കുലു​ങ്ങാത്ത സഹോദര ഐക്യം

എൽ സാൽവ​ഡോ​റി​ലെ ഉണരുക! ലേഖകൻ

രണ്ടായിരത്തൊന്ന്‌ ജനുവരി 13. രാവിലെ കൃത്യം 11:34-ന്‌ മുഴു എൽ സാൽവ​ഡോ​റി​നെ​യും കിടിലം കൊള്ളിച്ച ഒരു വൻ ഭൂകമ്പം ഉണ്ടായി. ആ ഭൂകമ്പ​ത്തി​ന്റെ ശക്തിയു​ടെ അളവ്‌ റിക്ടർ സ്‌കെ​യി​ലിൽ 7.6 ആയിരു​ന്നു. പനാമ മുതൽ മെക്‌സി​ക്കോ വരെയുള്ള പ്രദേ​ശ​ങ്ങ​ളിൽ അതിന്റെ പ്രകമ്പനം അനുഭ​വ​പ്പെട്ടു. അതുണ്ടായ സമയത്ത്‌ തങ്ങൾ എന്താണു ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌ എന്ന്‌ ആർക്കും മറക്കാൻ കഴിയു​മെന്നു തോന്നു​ന്നില്ല.

“അതിശ​ക്ത​മായ കുലുക്കം ശമിച്ച​പ്പോൾ ഞങ്ങൾ തല പൊക്കി നോക്കി. അതാ, പർവത​ത്തി​ന്റെ അഗ്രം രണ്ടായി പിളരു​ന്നു. പിന്നെ ഏതാനും നിമി​ഷ​നേ​ര​ത്തേക്ക്‌ അത്‌ അങ്ങനെ​തന്നെ നിൽക്കു​ന്നതു പോലെ തോന്നി​ച്ചു,” മിര്യാം കേസാദാ അനുസ്‌മ​രി​ക്കു​ന്നു. “‘മമ്മീ! വേഗം ഓടി​ക്കോ! എന്ന്‌ എന്റെ മകൾ ഉച്ചത്തിൽ വിളി​ച്ചു​പ​റഞ്ഞു.” പെട്ടെന്ന്‌ പർവത​മു​ഖം അടർന്നു​വീണ്‌ അവർ നിന്നി​രുന്ന ഭാഗ​ത്തേക്ക്‌ ഉരുണ്ടു. ന്വേവാ സാൻ സാൽവാ​ഥോർ അഥവാ സാന്റാ റ്റേക്ലാ​യി​ലെ ലാസ്‌ കോളി​നാസ്‌ പ്രദേ​ശത്തെ 500-ഓളം പേർക്കു ജീവൻ നഷ്ടപ്പെട്ടു. കൂടാതെ 300-ലധികം വീടുകൾ തകർന്നു തരിപ്പ​ണ​മാ​യി.

“ഞാൻ വീട്ടിൽനിന്ന്‌ ഇറങ്ങി ബസ്സ്‌ സ്റ്റോപ്പിൽ എത്തിയതേ ഉണ്ടായി​രു​ന്നു​ള്ളൂ. അപ്പോ​ഴാ​ണു ഭൂകമ്പം ഉണ്ടായത്‌,” റോക്‌സാ​നാ സാഞ്ചേസ്‌ പറയുന്നു. “കുലുക്കം നിലച്ച​പ്പോൾ, താഴെ വീണ ബാഗുകൾ പെറു​ക്കി​യെ​ടു​ക്കാൻ ഞാൻ ഒരു സ്‌ത്രീ​യെ സഹായി​ച്ചു. അപ്പോൾ, ‘തിരിച്ചു പോ​യേ​ക്കാം. അല്ലെങ്കിൽ വീട്ടി​ലു​ള്ളവർ എന്നെ കുറി​ച്ചോർത്ത്‌ വിഷമി​ക്കും’ എന്നായി എന്റെ ചിന്ത.” എന്നാൽ വീട്ടി​ലേ​ക്കുള്ള വളവു തിരിഞ്ഞ റോക്‌സാ​നാ വഴി പെട്ടെന്ന്‌ അവസാ​നി​ച്ച​താ​യി കണ്ടു. വലിയ ഒരു മൺക്കൂ​ന​യാ​യി​രു​ന്നു മുന്നിൽ. അവളുടെ വീടിന്റെ പൊടി​പോ​ലും ഇല്ലായി​രു​ന്നു!

സത്വരം സഹായം എത്തിക്കു​ന്നു

എൽ സാൽവ​ഡോ​റിൽ 28,000-ത്തിലധി​കം യഹോ​വ​യു​ടെ സാക്ഷികൾ ഉണ്ട്‌. അവരിൽ ആയിര​ക്ക​ണ​ക്കി​നു പേർ സാൽവ​ഡോ​റി​ന്റെ തീര​പ്ര​ദേ​ശത്തെ ദുരന്ത മേഖല​യി​ലാ​ണു താമസി​ക്കു​ന്നത്‌. ദുരന്ത​ത്തി​ന്റെ കെടു​തി​ക​ളിൽനി​ന്നു പൂർണ​മാ​യി വിമു​ക്ത​രാ​കു​ന്ന​തി​നു മുമ്പു​തന്നെ പലരും മറ്റുള്ള​വരെ സഹായി​ക്കാൻ മുന്നി​ട്ടി​റങ്ങി. സാന്റാ റ്റേക്ലാ​യിൽ സേവി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഞ്ചാര മേൽവി​ചാ​ര​ക​നായ മാര്യോ സ്വാ​രേസ്‌ പറയുന്നു: “ഭൂകമ്പം ഉണ്ടായി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ​പ്പോൾ ചില ക്രിസ്‌തീയ സഹോ​ദ​ര​ങ്ങൾക്ക്‌ സഹായം ആവശ്യ​മാ​ണെന്ന ഫോൺസ​ന്ദേശം എനിക്കു ലഭിച്ചു. അവർ തങ്ങളുടെ വീടു​കൾക്കു​ള്ളിൽ കുടു​ങ്ങി​പ്പോ​യി​രു​ന്നു. ഉടൻതന്നെ ഒരു കൂട്ടം സന്നദ്ധ​സേ​വ​കരെ സംഘടി​പ്പി​ച്ചു.

“അങ്ങിങ്ങാ​യി ഏതാനും മതിലു​കൾ തകർന്നു​വീ​ണു കാണു​മെ​ന്നും അവശി​ഷ്ടങ്ങൾ നീക്കം ചെയ്‌ത്‌ വഴിയു​ണ്ടാ​ക്കി​യാൽ കുടു​ങ്ങി​പ്പോ​യ​വരെ പുറ​ത്തെ​ത്തി​ക്കാൻ കഴിയു​മെ​ന്നു​മാ​ണു ഞങ്ങൾ കരുതി​യത്‌. എത്ര വലിയ നാശമാ​ണു സംഭവി​ച്ചത്‌ എന്നതിനെ കുറിച്ചു ഞങ്ങൾക്കാർക്കും യാതൊ​രു ഊഹവും ഇല്ലായി​രു​ന്നു. സംഭവ​സ്ഥ​ലത്ത്‌ എത്തിയ​പ്പോൾ വീടുകൾ എവി​ടെ​യാ​ണെന്നു ഞങ്ങൾ ചോദി​ച്ചു. ഞങ്ങൾ അവയുടെ മുകളി​ലാ​ണു നിൽക്കു​ന്നത്‌ എന്നായി​രു​ന്നു മറുപടി! ഞങ്ങൾ ശരിക്കും ഞെട്ടി​പ്പോ​യി. രണ്ടു നില കെട്ടി​ടങ്ങൾ പോലും മൂന്നു മീറ്റർ മണ്ണിന​ടി​യി​ലാ​യി​രു​ന്നു. അത്‌ അതിഭ​യ​ങ്ക​ര​മാ​യി​രു​ന്നു!”

ഉച്ച കഴിഞ്ഞ​പ്പോ​ഴേ​ക്കും അയൽസ​ഭ​ക​ളിൽനിന്ന്‌ ഏകദേശം 250 സാക്ഷികൾ സഹായി​ക്കാ​നാ​യി ആ പ്രദേ​ശത്ത്‌ എത്തി​ച്ചേർന്നു. പിക്കാ​സും കോരി​ക​യും പ്ലാസ്റ്റിക്‌ ചട്ടിക​ളും വെറും കൈക​ളും ഉപയോ​ഗിച്ച്‌ ആ സന്നദ്ധ​സേ​വകർ അതിജീ​വ​കരെ കണ്ടെത്താ​നാ​യി കിണഞ്ഞു പരി​ശ്ര​മി​ച്ചു. എന്നാൽ സാന്റാ റ്റേക്ലാ​യിൽ വളരെ ചുരുക്കം പേരെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞു​ള്ളൂ. ശ്വാസം മുട്ടി​യോ ടൺകണ​ക്കിന്‌ മണ്ണിന​ടി​യിൽ ഞെരി​ഞ്ഞ​മർന്നോ മരിച്ച നൂറു​ക​ണ​ക്കിന്‌ ആളുക​ളിൽ അഞ്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളും ഉണ്ടായി​രു​ന്നു.

സംഘടിത ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ങ്ങൾ

രാജ്യത്ത്‌ ഉടനീ​ള​മുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾ ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെട്ടു. കോമാ​സാ​ഗ്വാ, ഓസാ​റ്റ്‌ലാൻ, സാന്റാ ഏലേനാ, സാൻറ്റ്യാ​ഗോ ദേ മാറിയാ, ഊസൂ​ലൂ​ട്ടാൻ എന്നിവി​ട​ങ്ങ​ളി​ലെ പല സാക്ഷി​കൾക്കും തങ്ങളുടെ ഭവനങ്ങൾ നഷ്ടപ്പെ​ട്ടി​രു​ന്നു. രാജ്യ​ഹാ​ളു​ക​ളും സ്വകാര്യ ഭവനങ്ങ​ളും ശേഖരണ കേന്ദ്ര​ങ്ങ​ളാ​യി ഉപയോ​ഗി​ച്ചു. എഡ്വിൻ എർണാൻഡെസ്‌ എന്ന സഞ്ചാര മേൽവി​ചാ​രകൻ ഇങ്ങനെ പറയുന്നു: “സഹോ​ദ​രങ്ങൾ വളരെ നല്ല പിന്തു​ണ​യാ​ണു നൽകി​യത്‌. ഭക്ഷണം, വസ്‌ത്രം, മെത്തകൾ, മരുന്ന്‌, എന്തിന്‌, ശവസം​സ്‌കാര ചടങ്ങു​കൾക്ക്‌ ആവശ്യ​മായ പണം പോലും അവർ കൊണ്ടു​വന്നു.”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശിക ബ്രാഞ്ച്‌ ഓഫീസ്‌ നിയമിച്ച ഒരു ദുരി​താ​ശ്വാ​സ കമ്മിറ്റി, ദുരന്തം അത്രകണ്ടു ബാധി​ക്കാഞ്ഞ സഭകൾ ഗുരു​ത​ര​മാ​യി ബാധി​ക്ക​പ്പെ​ട്ട​വ​രു​ടെ അടിയ​ന്തിര ആവശ്യ​ങ്ങൾക്കാ​യി കരുതു​ന്ന​തി​നു വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. 10 മുതൽ 20 വരെ സാക്ഷികൾ അടങ്ങിയ പ്രവർത്തന സംഘങ്ങൾ രൂപീ​ക​രി​ച്ചു. കെട്ടി​ട​ങ്ങ​ളു​ടെ കേടു​പാ​ടു​കൾ തീർക്കുന്ന ചുമതല ഈ സംഘങ്ങൾക്കാ​യി​രു​ന്നു.

കൂടാതെ, സാധാ​ര​ണ​ഗ​തി​യിൽ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാണ ചുമത​ല​യുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേഖല നിർമാ​ണ​ക്ക​മ്മി​റ്റി​കൾ ഭവനര​ഹി​തർക്ക്‌ താത്‌കാ​ലിക താമസ​സൗ​ക​ര്യ​ങ്ങൾ പണിയു​ന്ന​തി​നു വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. എൽ സാൽവ​ഡോ​റിൽ തകര ഷീറ്റു​ക​ളു​ടെ വില കുത്തനെ ഉയർന്ന​തി​നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഗ്വാട്ടി​മാല ബ്രാഞ്ച്‌ ഇത്തരം വളരെ​യ​ധി​കം ഷീറ്റുകൾ സംഭാവന ചെയ്‌തു. ഐക്യ​നാ​ടു​ക​ളി​ലെ​യും ഹോണ്ടു​റാ​സി​ലെ​യും ബ്രാഞ്ചു​കൾ താത്‌കാ​ലിക പാർപ്പി​ട​ങ്ങ​ളു​ടെ ചട്ടക്കൂടു നിർമി​ക്കു​ന്ന​തിന്‌ ആവശ്യ​മായ തടി നൽകി.

ദ്രുത​ഗ​തി​യി​ലുള്ള ഈ പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം നടക്കുന്ന സമയത്ത്‌ ഭൂചല​നങ്ങൾ പിന്നെ​യും ഉണ്ടായി​ക്കൊ​ണ്ടി​രു​ന്നു. ചില പ്രദേ​ശ​ങ്ങ​ളിൽ ആളുക​ളെ​ല്ലാം വഴിയിൽ പ്ലാസ്റ്റിക്‌ ടാർപോ​ളി​നും പഴന്തു​ണി​യും കൊണ്ട്‌ കൂടാരം കെട്ടി അതിലാണ്‌ ഉറങ്ങി​യത്‌. എല്ലാവ​രും വല്ലാതെ ഭയന്നു പോയി​രു​ന്നു. ഫെബ്രു​വരി 12 ആയപ്പോ​ഴേ​ക്കും മൊത്തം 3,486 ശക്തി കുറഞ്ഞ പ്രകമ്പ​നങ്ങൾ രേഖ​പ്പെ​ടു​ത്ത​പ്പെട്ടു.

രണ്ടാമ​തും ഒരു വലിയ ഭൂകമ്പം

ആദ്യത്തെ ഭൂകമ്പം ഉണ്ടായി ഒരു മാസം കഴിഞ്ഞ്‌, 2001 ഫെബ്രു​വരി 13-നു രാവിലെ 8:22-ന്‌ എൽ സാൽവ​ഡോ​റി​ന്റെ മധ്യഭാ​ഗത്ത്‌ മറ്റൊരു ഭൂകമ്പം ഉണ്ടായി. റിക്ടർ സ്‌കെ​യി​ലിൽ അതിന്റെ ശക്തിയു​ടെ അളവ്‌ 6.6 ആയിരു​ന്നു. ഒരിക്കൽക്കൂ​ടി യഹോ​വ​യു​ടെ സാക്ഷികൾ പെട്ടെ​ന്നു​തന്നെ രക്ഷാ​പ്ര​വർത്ത​ന​ത്തി​ലും ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ത്തി​ലും അടിയ​ന്തി​ര​മാ​യി മുഴുകി. നോയെ ഇരാ​യെറ്റാ എന്നു പേരുള്ള ഒരു മൂപ്പൻ ഇങ്ങനെ വിശദീ​ക​രി​ച്ചു: “ഓരോ സഭാ പുസ്‌ത​കാ​ധ്യ​യന നിർവാ​ഹ​ക​നും പോയി തന്റെ കൂട്ടത്തി​ലുള്ള എല്ലാവ​രും സുരക്ഷി​ത​രാ​ണോ എന്ന്‌ ഉറപ്പു​വ​രു​ത്തി.”

സാൻ വിസെന്റേ, കോഹൂ​തെ​പെകെ എന്നീ നഗരങ്ങ​ളെ​യും അവയുടെ പ്രാന്ത​പ്ര​ദേ​ശ​ങ്ങ​ളെ​യും ഭൂകമ്പം വലിയ തോതിൽ ബാധിച്ചു. സാൻ പേഡ്രോ നോനൂ​വാൽകോ, സാൻ മിഗെൽ ടേപേ​സോൺടെസ്‌, സാൻ ഹ്വാൻ ടേപേ​സോൺടെസ്‌ എന്നീ പട്ടണങ്ങൾ തകർന്നു തരിപ്പ​ണ​മാ​യി. കൂസ്‌ക​റ്റ്‌ലാ​നി​ലെ ഏതാണ്ട്‌ പൂർണ​മാ​യി നശിപ്പി​ക്ക​പ്പെട്ട കാൻഡെ​ലാ​ര്യാ എന്ന പ്രദേ​ശത്ത്‌ ഒരു പള്ളിവക സ്‌കൂൾ തകർന്നു​വീണ്‌ 20 കുട്ടികൾ മരിച്ചു. ഒരു പ്രാ​ദേ​ശിക സാക്ഷി​യായ സാൽവ​ഡോർ ട്രെഹോ ഇങ്ങനെ പറയുന്നു: “ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ​പ്പോൾ വഴിയിൽനിന്ന്‌ ആരോ ‘ട്രെഹോ സഹോ​ദരാ!’ എന്നു വിളി​ക്കു​ന്നത്‌ ഞാൻ കേട്ടു. ആദ്യം പൊടി​യ​ല്ലാ​തെ മറ്റൊ​ന്നും കാണാൻ കഴിഞ്ഞില്ല. അപ്പോൾ അതാ, കോഹൂ​തെ​പെ​കെ​യിൽ നിന്നുള്ള സാക്ഷികൾ. ഞങ്ങൾ എങ്ങനെ​യി​രി​ക്കു​ന്നു എന്ന്‌ അറിയാൻ വന്നതാ​യി​രു​ന്നു അവർ!”

ഈ രണ്ടാമത്തെ ദുരന്ത​ത്തിന്‌ ഇരയാ​യ​വർക്ക്‌ ആവശ്യ​മായ സംഗതി​കൾ പ്രദാനം ചെയ്യു​ന്ന​തിന്‌ അയൽസ​ഭകൾ ഒരിക്കൽക്കൂ​ടി സംഘടി​ത​മാ​യി. തങ്ങൾക്കു​തന്നെ മുട്ട്‌ അനുഭ​വ​പ്പെ​ട്ടി​രുന്ന സാഹച​ര്യ​ത്തി​ലും മറ്റുള്ള​വരെ സഹായി​ക്കാ​നുള്ള പദവി​ക്കാ​യി അപേക്ഷിച്ച ഒന്നാം നൂറ്റാ​ണ്ടി​ലെ മക്കദോ​ന്യ ക്രിസ്‌ത്യാ​നി​ക​ളു​ടെ ദൃഷ്ടാന്തം അവർ പിൻപറ്റി. ഉദാഹ​ര​ണ​ത്തിന്‌, ആദ്യത്തെ ഭൂകമ്പ​ത്തിൽ വലിയ കെടു​തി​കൾ അനുഭ​വിച്ച സാന്റി​യാ​ഗോ ടെക്‌സാ​ക്വാ​ങ്‌ഗോസ്‌ നഗരത്തി​ലുള്ള സഭകളി​ലെ സഹോ​ദ​രങ്ങൾ അടുത്തുള്ള സാൻ മിഗെൽ ടേപേ​സോൺടെ​സി​ലെ തങ്ങളുടെ സഹോ​ദ​ര​ങ്ങൾക്ക്‌ ഭക്ഷണം തയ്യാറാ​ക്കി ചൂടോ​ടെ എത്തിച്ചു കൊടു​ത്തു.

എൽ സാൽവ​ഡോ​റി​ലെ ഭൂകമ്പ​ങ്ങ​ളിൽ മൊത്തം 1,200-ലധികം ആളുകൾ മരിച്ച​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. അടുത്തുള്ള ഗ്വാട്ടി​മാ​ല​യിൽ വേറെ എട്ടു പേർ മരിച്ചു.

ശ്രമങ്ങൾ വിലമ​തി​ക്ക​പ്പെ​ടു​ന്നു

ദുരി​ത​ബാ​ധി​തരെ സഹായി​ക്കാ​നുള്ള സാക്ഷി​ക​ളു​ടെ സംഘടിത ശ്രമങ്ങൾ മറ്റു ദുരി​താ​ശ്വാ​സ സംഘങ്ങൾ വിലമ​തി​ച്ചു. ദുരി​താ​ശ്വാ​സ കേന്ദ്ര​മാ​യി ഉപയോ​ഗിച്ച ഒരു രാജ്യ​ഹാ​ളിൽ അവശ്യ വസ്‌തു​ക്കൾ എത്തിക്കു​ന്ന​തിന്‌ ഒരു ദേശീയ അടിയ​ന്തിര സഹായ കമ്മിറ്റി​യു​ടെ വാഹനം എത്തിയ​പ്പോൾ അവരുടെ ഒരു പ്രതി​നി​ധി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഞങ്ങൾ എത്രയോ കേന്ദ്രങ്ങൾ സന്ദർശി​ച്ചു, എന്നാൽ ക്രമമു​ള്ള​താ​യി കണ്ട ആദ്യ​ത്തേത്‌ ഇതാണ്‌. നിങ്ങൾക്ക്‌ എന്റെ അഭിന​ന്ദ​നങ്ങൾ!” മറ്റ്‌ കേന്ദ്ര​ങ്ങ​ളിൽ സംഭവി​ച്ചതു പോലെ ആരും ട്രക്കിനെ പൊതി​യു​ക​യോ പരസ്‌പരം ഉന്തുക​യോ തള്ളുക​യോ ഒന്നും ചെയ്‌തില്ല. സംഭാവന ചെയ്യപ്പെട്ട വസ്‌തു​ക്കൾ സ്വീക​രി​ക്കു​ന്ന​തിൽ പ്രായ​മു​ള്ള​വർക്കു മുൻഗണന നൽകി.

സാക്ഷികൾ തങ്ങളുടെ ദുരി​താ​ശ്വാ​സ പ്രവർത്ത​നങ്ങൾ സഹവി​ശ്വാ​സി​ക​ളു​ടെ ഇടയിൽ മാത്ര​മാ​യി ഒതുക്കി​നി​റു​ത്തി​യില്ല. ഉദാഹ​ര​ണ​ത്തിന്‌, സാൻ വിസെ​ന്റേ​യിൽ രാജ്യ​ഹാ​ളി​ന്റെ ചുറ്റു​വ​ട്ടത്തു താമസി​ക്കുന്ന സാക്ഷി​ക​ള​ല്ലാത്ത അനേകർ രാജ്യ​ഹാ​ളി​ന്റെ മുറ്റത്ത്‌ അഭയം തേടി. അവരി​ലൊ​രാ​ളായ റേഹിനാ ഡൂറാൻ ഡി കാന്യാസ്‌ ഇങ്ങനെ പറഞ്ഞു: “ഇവിടെ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളിൽ ആളുകൾക്ക്‌ തങ്കം​കൊ​ണ്ടുള്ള ഹൃദയ​മാണ്‌ ഉള്ളത്‌. അവർ ഗേറ്റുകൾ തുറന്ന്‌ ‘ഇങ്ങോട്ടു പോരൂ!’ എന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ ഇവി​ടെ​യെത്തി. രാത്രി ഞങ്ങൾ ഉറങ്ങു​മ്പോൾ പോലും അവർ ഊഴമ​നു​സ​രിച്ച്‌ ഞങ്ങൾക്കു കാവൽ നിൽക്കു​ന്നു.”

പാർപ്പിട ക്രമീ​ക​ര​ണങ്ങൾ ചെയ്യുന്നു

നാശന​ഷ്ടങ്ങൾ വിലയി​രു​ത്തിയ ശേഷം ആവശ്യ​മു​ള്ള​വർക്കു പാർപ്പി​ടങ്ങൾ പണിയാ​നുള്ള ശുപാർശകൾ ബ്രാഞ്ച്‌ ഓഫീ​സി​ലേക്ക്‌ അയയ്‌ക്കു​ക​യു​ണ്ടാ​യി. അങ്ങനെ വീടു നഷ്ടപ്പെ​ട്ട​വർക്കാ​യി താത്‌കാ​ലിക ഭവനങ്ങ​ളു​ടെ പണി തുടങ്ങി. ഭാഗി​ക​മാ​യി തകർന്ന വീടുകൾ നന്നാക്കാ​നുള്ള ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്യ​പ്പെട്ടു. കഠിനാ​ധ്വാ​നി​ക​ളായ പണിക്കാർ അടങ്ങിയ വിദഗ്‌ധ നിർമാണ സംഘങ്ങൾ എല്ലാവ​രു​ടെ​യും ശ്രദ്ധ പിടി​ച്ചു​പറ്റി. അവർ ജോലി ചെയ്യു​ന്നതു കാണാൻ അയൽക്കാർ പുറത്തി​റങ്ങി നിൽക്കു​മാ​യി​രു​ന്നു.

താൻ കുറേ​ക്കാ​ല​മാ​യി കാത്തി​രി​ക്കുന്ന നഗരസഭാ പ്രവർത്ത​ക​രാണ്‌ ഈ പണിക്കാ​രെന്നു കരുതിയ ഒരു സ്‌ത്രീ തന്റെ സ്ഥലം വൃത്തി​യാ​ക്കു​ന്ന​തിൽ സഹായി​ക്കാൻ ആരും വന്നില്ല എന്ന പരാതി​യു​മാ​യി എത്തി. അപ്പോൾ അയൽവ​ക്ക​ത്തുള്ള കുട്ടികൾ പറഞ്ഞു: “അല്ല, ഇവർ നഗരസഭാ പ്രവർത്ത​കരല്ല, രാജ്യ​പ്ര​വർത്ത​ക​രാണ്‌!” സാക്ഷി​യ​ല്ലാത്ത മോയി​സെസ്‌ ആന്റോ​ണി​യോ ഡിയാസ്‌ എന്ന മറ്റൊരു വ്യക്തി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “യഹോ​വ​യു​ടെ സാക്ഷികൾ ആവശ്യ​മു​ള്ള​വരെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണു​ന്നത്‌ നല്ല ഒരു അനുഭ​വ​മാണ്‌. അവരു​ടേത്‌ വളരെ ഐക്യ​മുള്ള ഒരു സംഘട​ന​യാണ്‌. ദൈവ​ത്തി​നു നന്ദി, ഞങ്ങൾ പാവങ്ങളെ സഹായി​ക്കാ​നുള്ള സന്മനസ്സ്‌ അവർക്കുണ്ട്‌. ഞാൻ അവരോ​ടൊ​ത്തു പ്രവർത്തി​ച്ചി​രി​ക്കു​ന്നു. തുടർന്നും അതിന്‌ ഞാൻ ആഗ്രഹി​ക്കു​ന്നു.”

താത്‌കാ​ലി​ക വീടു പണിതു​കി​ട്ടിയ ഒരു ക്രിസ്‌തീയ സഹോ​ദരി ഇപ്രകാ​രം പറഞ്ഞ​പ്പോൾ കരഞ്ഞു​പോ​യി: “എന്റെ ഭർത്താ​വി​നും എനിക്കും നന്ദി പ്രകടി​പ്പി​ക്കാൻ വാക്കു​ക​ളില്ല—ആദ്യം യഹോ​വ​യോ​ടും പിന്നെ ഞങ്ങളെ അറിയുക പോലു​മി​ല്ലാ​ഞ്ഞി​ട്ടും സത്വരം ഞങ്ങളുടെ സഹായ​ത്തി​നെ​ത്തിയ ഈ സഹോ​ദ​ര​ങ്ങ​ളോ​ടും.”

ഏപ്രിൽ പകുതി ആയപ്പോ​ഴേ​ക്കും ഭൂകമ്പ​ബാ​ധി​തർക്കാ​യി സാക്ഷികൾ 567 താത്‌കാ​ലിക ഭവനങ്ങൾ പണിതു​ക​ഴി​ഞ്ഞി​രു​ന്നു. കൂടാതെ 100-ഓളം കുടും​ബ​ങ്ങൾക്ക്‌, കേടു​പാ​ടു​കൾ സംഭവിച്ച തങ്ങളുടെ വീടുകൾ നന്നാക്കു​ന്ന​തിന്‌ ആവശ്യ​മായ സാധന​സാ​മ​ഗ്രി​കൾ ലഭിച്ചു. സഹായം ആവശ്യ​മുള്ള എല്ലാ കുടും​ബ​ങ്ങൾക്കും കയറി​ക്കി​ട​ക്കാൻ ഒരു ഇടം ലഭി​ച്ചെന്ന്‌ ഉറപ്പു​വ​രു​ത്തി​യ​ശേഷം, നന്നാക്കു​ക​യോ പുതു​ക്കി​പ്പ​ണി​യു​ക​യോ ചെയ്യേ​ണ്ടി​യി​രുന്ന 92 രാജ്യ​ഹാ​ളു​ക​ളി​ലേക്കു സാക്ഷികൾ ശ്രദ്ധ തിരിച്ചു.

ജീവിതം വീണ്ടും കെട്ടി​പ്പ​ടു​ക്കു​ന്നു

കെട്ടി​ട​ങ്ങ​ളും വീടു​ക​ളും പുതു​ക്കി​പ്പ​ണി​തു കിട്ടി​യ​തിൽ മാത്രമല്ല, തങ്ങൾക്ക്‌ ആത്മീയ​വും വൈകാ​രി​ക​വു​മായ പ്രോ​ത്സാ​ഹനം കിട്ടി​യ​തി​ലും അനേകർ അങ്ങേയറ്റം നന്ദിയു​ള്ള​വ​രാ​യി​രു​ന്നു.

മുമ്പ്‌ പരാമർശിച്ച മിര്യാം ഇങ്ങനെ പറഞ്ഞു: “ഭൂചല​നങ്ങൾ തുടർന്നും ഉണ്ടായി​ക്കൊ​ണ്ടി​രുന്ന ആ സാഹച​ര്യ​ത്തിൽ എനിക്കു വല്ലാത്ത ആശങ്ക തോന്നിയ സമയങ്ങൾ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ സഹോ​ദ​രങ്ങൾ ഊഷ്‌മ​ള​ത​യു​ടെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും ഒരു നിരന്തര ഉറവാ​യി​രു​ന്നു. അവർ ഇല്ലായി​രു​ന്നെ​ങ്കിൽ ഞങ്ങളുടെ സ്ഥിതി എന്താ​യേനേ?”

സഭയി​ലൂ​ടെ യഹോവ പ്രകട​മാ​ക്കിയ സ്‌നേ​ഹ​പൂർവ​ക​മായ കരുത​ലിന്‌ ഭൂകമ്പത്തെ അതിജീ​വി​ച്ച​വ​രു​ടെ​മേൽ അതിശ​യ​ക​ര​മായ ഫലങ്ങളാണ്‌ ഉണ്ടായത്‌. കോമാ​സാ​ഗ്വാ​യിൽ ആദ്യത്തെ ഭൂകമ്പ​ത്തിൽ മിക്ക സാക്ഷി​ക​ളു​ടെ​യും വീടു​കൾക്കു കേടു​പാ​ടു​കൾ സംഭവി​ക്കു​ക​യോ അവ തകരു​ക​യോ ചെയ്‌തി​രു​ന്നു. എന്നിരു​ന്നാ​ലും ഏപ്രിൽ, മേയ്‌ മാസങ്ങ​ളിൽ അവിടത്തെ 17 സാക്ഷി​ക​ളിൽ 12 പേർ പയനി​യ​റിങ്‌ നടത്തി. അതേത്തു​ടർന്ന്‌ 2 പേർ സാധാരണ പയനി​യർമാ​രാ​യി​ത്തീർന്നു.

രണ്ടാമത്തെ ഭൂകമ്പം ഏറ്റവു​മ​ധി​കം ബാധിച്ച കൂസ്‌ക​റ്റ്‌ലാൻ പ്രദേ​ശത്തെ സഭകൾ തങ്ങളുടെ പ്രത്യേക സമ്മേളന ദിനം മാർച്ചിൽ നടത്തി. റെക്കോർഡ്‌ ഹാജരാ​യി​രു​ന്നു സമ്മേള​ന​ത്തിന്‌—1,535 പേർ. 22 പേർ സ്‌നാ​പ​ന​മേറ്റു. ഹാജരാ​യി​രുന്ന അനേക​രു​ടെ​യും ഭവനങ്ങൾ ഭൂകമ്പ​ത്തിൽ തകർന്നി​രു​ന്നെ​ങ്കി​ലും സംഘാ​ട​കരെ അതിശ​യി​പ്പി​ച്ചു​കൊണ്ട്‌ അവർ സമ്മേളന ഹാളി​നാ​യി അകമഴിഞ്ഞ്‌ സംഭാവന ചെയ്‌തു.

സാൻ വിസെ​ന്റെ​യിൽനി​ന്നുള്ള ഒരു സാക്ഷി​യു​ടെ പിൻവ​രുന്ന വാക്കുകൾ അനേക​രു​ടെ​യും നന്ദി പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​വ​യാണ്‌: “ദുരന്തങ്ങൾ ഉണ്ടാകു​മ്പോൾ സംഘടന എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്ന​തെന്ന്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഞാൻ വായി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ ഞാൻ അതു വ്യക്തി​പ​ര​മാ​യി അനുഭ​വി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. സഹോ​ദ​ര​വർഗം ഞങ്ങളെ പിന്തു​ണച്ചു. ക്രിസ്‌തീയ സ്‌നേഹം പ്രവൃ​ത്തി​പ​ഥ​ത്തിൽ ആയിരി​ക്കു​ന്നത്‌ ഞങ്ങൾ കണ്ടിരി​ക്കു​ന്നു. ഈ ഏകീകൃത ജനതയു​ടെ ഭാഗമാ​യി​രി​ക്കു​ന്നത്‌ എത്ര വലിയ പദവിയാണ്‌!”(g01 10/22)

[23-ാം പേജിലെ ചിത്രം]

ഭൂകമ്പത്തിന്റെ ഫലമായി ഉണ്ടായ മണ്ണിടി​ച്ചി​ലിൽ ലാസ്‌ കോളി​നാ​സി​ലെ 300-ലധികം വീടുകൾ തകർന്നു

[കടപ്പാട്‌]

Bottom of pages 23-5: Courtesy El Diario de Hoy

[24-ാം പേജിലെ ചിത്രം]

ഗ്രാമീണർ പിക്കാ​സും കോരി​ക​യും ബക്കറ്റു​ക​ളു​മൊ​ക്കെ രക്ഷാ​പ്ര​വർത്ത​ന​ത്തിന്‌ ഉപയോ​ഗി​ച്ചു

[കടപ്പാട്‌]

Courtesy of La Prensa Gráfica (photograph by Milton Flores/Alberto Morales/Félix Amaya)

[25-ാം പേജിലെ ചിത്രം]

ടെപെക്കോയോയിലെ രാജ്യ​ഹാൾ തകർന്ന നിലയിൽ

[26-ാം പേജിലെ ചിത്രം]

ടെപെക്കോയോയിലെ സഹോ​ദ​രങ്ങൾ യോഗങ്ങൾ നടത്താൻ പെട്ടെ​ന്നു​തന്നെ ഒരു താത്‌കാ​ലിക ഹാൾ പണിതു

[26-ാം പേജിലെ ചിത്രങ്ങൾ]

സാക്ഷികൾ പെട്ടെ​ന്നു​തന്നെ രാജ്യ​ഹാ​ളു​കൾ പുതു​ക്കി​പ്പ​ണി​യു​ക​യും 500-ലധികം താത്‌കാ​ലിക ഭവനങ്ങൾ നിർമി​ക്കു​ക​യും ചെയ്‌തു

[26-ാം പേജിലെ ചിത്രം]

കേടുപാടു സംഭവിച്ച തങ്ങളുടെ വീട്‌ പുതു​ക്കി​പ്പ​ണി​യു​ന്നത്‌ കൃതജ്ഞ​താ​പൂർവം നോക്കി​നിൽക്കുന്ന ഒറ്റയ്‌ക്കുള്ള ഒരു അമ്മയും മകളും