ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
മഴക്കാടുകൾ
ഇന്ത്യയിൽ, ദക്ഷിണ സംസ്ഥാനമായ കേരളത്തിൽ മാത്രമേ മഴക്കാടുകൾ ഉള്ളുവെന്നാണു കരുതപ്പെട്ടിരുന്നത്. എന്നാൽ, അടുത്ത കാലത്ത് പരിസ്ഥിതിവാദിയായ സൗമ്യദീപ് ദത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസ്സമിന്റെയും അരുണാചൽപ്രദേശിന്റെയും അതിർത്തിപ്രദേശത്ത് 500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു മഴക്കാടു കണ്ടെത്തിയതായി ന്യൂ ഡൽഹിയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ഡൗൺ ടു എർത്ത് എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. ഈ വനത്തിൽ നാനാതരം വന്യജീവികൾ ഉണ്ട്. “ആന, കടുവ, ക്ലൗഡഡ് പുള്ളിപ്പുലി, ചൈനീസ് ഉറുമ്പുതീനി, തേവാങ്ക് കരടി, സാമ്പാർ മാൻ, ഹൂലോക്ക് ആൾക്കുരങ്ങുകൾ, കാലിജ് വണ്ടാരക്കോഴികൾ, വേഴാമ്പലുകൾ, മരത്താറാവ് എന്നിങ്ങനെയുള്ള അപൂർവയിനങ്ങൾ ഉൾപ്പെടെ 32 വർഗങ്ങളിൽ പെട്ട സസ്തനികളും 260 തരം പക്ഷികളും” ഇവിടെയുണ്ട്. എന്നാൽ വനോത്പന്നങ്ങൾക്കുള്ള അന്താരാഷ്ട്ര ഡിമാൻഡ് പല മഴക്കാടുകളെയും അപകടത്തിലാക്കുന്നു എന്ന് ഡൗൺ ടു എർത്ത് പറയുന്നു. അമിതശേഖരണം നിമിത്തം അത്തരം ഉത്പന്നങ്ങൾ തീർന്നുപോയാൽ, മഴക്കാടുകളെ പരിരക്ഷിക്കാനാവില്ലെന്നും അവിടം കൃഷിസ്ഥലമായി മാറ്റാനേ സാധിക്കുകയുള്ളുവെന്നും പ്രകൃതിവാദികൾ ഭയപ്പെടുന്നു.(g01 10/8)
കപ്പലുകൾ രോഗം പരത്തുന്നു
“കപ്പലുകളിൽ സ്ഥിരകഭാരമായി ഉപയോഗിക്കുന്ന ജലം ലോകമെങ്ങും രോഗം പരത്തുകയും മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യജാലങ്ങൾക്കും ഭീഷണി ഉയർത്തുകയും ചെയ്യുന്നു” എന്ന് ലണ്ടനിലെ ദ ഡെയ്ലി ടെലഗ്രാഫ് പറയുന്നു. ഇങ്ങനെ സ്ഥിരകഭാരമായി ഉപയോഗിക്കുന്ന ജലം കപ്പലുകൾ കടലിലോ ഇടത്താവളങ്ങളായി ഉപയോഗിക്കുന്ന തുറമുഖങ്ങളിലോ കളയുന്നു. സമുദ്രസഞ്ചാരം നടത്തുന്ന കപ്പലുകളിൽ സ്ഥിരകഭാരമായി ഉപയോഗിക്കുന്ന ജലത്തിൽ വളരെയധികം ബാക്ടീരിയയും വൈറസുകളും അടങ്ങിയിരിക്കുന്നതായി അമേരിക്കയിലെ മേരിലാൻഡിലുള്ള ‘സ്മിത്സോണിയൻ പരിസ്ഥിതി ഗവേഷണ കേന്ദ്ര’ത്തിലെ ഗവേഷകർ കണ്ടെത്തി. ചെസപ്പിക്ക് ഉൾക്കടലിൽ വെച്ച് പരിശോധനാ വിധേയമാക്കിയ 15 കപ്പലുകളിലെ സ്ഥിരകഭാര ജലത്തിൽനിന്ന് എടുത്ത പ്ലവകങ്ങളിലും കോളറയ്ക്കു കാരണമായ ബാക്ടീരിയം ഉള്ളതായി തെളിഞ്ഞു. ഒരു ലിറ്റർ സ്ഥിരകഭാര ജലത്തിൽ ശരാശരി 83 കോടി ബാക്ടീരിയയും 740 കോടി വൈറസുകളും അടങ്ങിയിരുന്നു—മറ്റു സൂക്ഷ്മജീവികളുടെ എണ്ണത്തെക്കാൾ ആറു മുതൽ എട്ടു വരെ മടങ്ങ് അധികമായിരുന്നു അത്.(g01 10/8)
“സാങ്കേതിക സമ്മർദം”
“സാങ്കേതിക സമ്മർദം,” അതായത് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള സമ്മർദം ഹേതുവായുള്ള നൈരാശ്യം, വർധിക്കുന്നതായി പറയപ്പെടുന്നു എന്ന് കാനഡയിലെ മക്ലീൻസ് മാസിക റിപ്പോർട്ടു ചെയ്യുന്നു. “പുത്തൻ സാങ്കേതികവിദ്യകളുടെ ഉപയോഗം പഠിക്കുകയെന്ന ഒരിക്കലും അവസാനിക്കാത്ത പ്രക്രിയയും ഇ-മെയിൽ, ഫോൺ കോളുകൾ ഓട്ടോമാറ്റിക്കായി തിരിച്ചുവിടുന്ന കമ്പ്യൂട്ടർ സംവിധാനം, മൊബൈൽ ഫോണുകൾ എന്നിവ പോലുള്ള കണ്ടുപിടിത്തങ്ങളുടെ ഫലമായി തൊഴിൽ ജീവിതവും ഗാർഹിക ജീവിതവും വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥയും ഒക്കെയാണ്” ഇതിനു കാരണമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഈ അവസ്ഥ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? അതിർവരമ്പുകൾ വെക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഒരു പ്രത്യേക സംഗതി ഉപയോഗിക്കുന്നത് ജീവിതത്തെ വാസ്തവത്തിൽ ലളിതമാക്കുമോ അതോ അതിനെ ഒന്നുകൂടി സങ്കീർണമാക്കുകയേ ഉള്ളോ എന്നു ചിന്തിക്കുക. ഒരു പുതിയ സാങ്കേതികവിദ്യയിൽനിന്നു പൂർണ പ്രയോജനം നേടണമെങ്കിൽ അതു നന്നായി പഠിച്ചെടുക്കാൻ സമയം മാറ്റിവെക്കേണ്ടി വരുമെന്ന സംഗതി മനസ്സിൽ പിടിക്കുക. “ദിവസവും കുറച്ചു സമയത്തേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കാതിരിക്കാൻ നിശ്ചയിക്കുക,” എന്നിട്ട് പ്രാധാന്യമുള്ള മറ്റു കാര്യങ്ങൾക്ക് ആ സമയം ചെലവിടുക. “ഒരു നിശ്ചിത പ്രവർത്തന പട്ടികയോടു പറ്റിനിൽക്കുന്നതിനു പകരം, തങ്ങളുടെ ഇ-മെയിലുകൾ പരിശോധിക്കുകയെന്ന അടിസ്ഥാന പിഴവ് വരുത്തിക്കൊണ്ടാണ് ആളുകൾ തങ്ങളുടെ ദിവസം തുടങ്ങുന്നത്” എന്ന് വാൻകൂവറിലെ ഫലോത്പാദനക്ഷമതാ വിദഗ്ധനായ ഡാൻ സ്റ്റാംപ് അഭിപ്രായപ്പെടുന്നു. “അങ്ങനെ ദിവസത്തിലെ ഏറ്റവും നല്ല ഒന്നര മണിക്കൂർ സമയം പാഴായിപ്പോകുന്നു.”(g01 10/22)
കടുവാ ഗർജനം
കടുവാ ഗർജനം മറ്റു മൃഗങ്ങളെ മാത്രമല്ല ചിലപ്പോൾ മനുഷ്യരെയും നിശ്ചേഷ്ടരാക്കുന്നതായി കാണപ്പെടുന്നത് എന്തുകൊണ്ടാണ്? “കടുവ താഴ്ന്ന വ്യാപ്തിമണ്ഡലമുള്ള ‘ഇൻഫ്രാസൗണ്ട്’ ശബ്ദം പുറപ്പെടുവിക്കുന്നു എന്നും അതു വളരെ താഴ്ന്നതാകയാൽ മനുഷ്യർക്കു ശ്രവിക്കാൻ കഴിയില്ലെന്നും” അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഉള്ള ഫോണാ കമ്മ്യൂണിക്കേഷൻസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചതായി ലണ്ടനിലെ ദ സൺഡേ ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. 20 ഹെർട്സിനു മുകളിൽ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ മാത്രമേ മനുഷ്യർക്കു കേൾക്കാൻ സാധിക്കൂ. എന്നാൽ, “കടുവ 18 ഹെർട്സോ അതിനു താഴെയുള്ളതോ ആയ ഇൻഫ്രാസൗണ്ട് മുരൾച്ചകളും നമുക്കു കേൾക്കാവുന്ന ഗർജനവും കൂട്ടിക്കലർത്തുന്നു. പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായ ഡോ. എലിസബത്ത് വോൺ മുഗന്റേലർ പറയുന്നതനുസരിച്ച്, അതിന്റെ ഫലമായി മനുഷ്യർക്ക് വാസ്തവത്തിൽ ആ ഗർജനം അനുഭവപ്പെടുകയും ക്ഷണനേരത്തേക്ക് അവർ നിശ്ചേഷ്ടരായിത്തീരുകയും ചെയ്യുന്നു” എന്ന് പത്രം വിശദീകരിക്കുന്നു. കടുവാ പരിശീലകർ എന്ന നിലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്നവർക്കു പോലും ഇത് അനുഭവപ്പെട്ടിട്ടുണ്ട്.(g01 10/8)
കുട്ടികൾ സ്വന്തം പുസ്തകങ്ങൾ എഴുതുന്നു
വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ, സ്വന്തമായി ചെറുപുസ്തകങ്ങൾ എഴുതാനും അവയ്ക്കു ചിത്രങ്ങൾ വരയ്ക്കാനും സാംബിയയിലെ
സ്കൂൾ കുട്ടികളെ അധികൃതർ പ്രോത്സാഹിപ്പിക്കുന്നു എന്ന് സാംബിയ ഡെയ്ലി മെയ്ൽ റിപ്പോർട്ടു ചെയ്യുന്നു. “സാംബിയയിലെ കുട്ടികൾക്കു തീർത്തും അപരിചിതമായ കാര്യങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചുള്ള പുസ്തകങ്ങളാണ് മിക്ക സ്കൂളുകളിലെയും ഗ്രന്ഥശാലകളിൽ ഉള്ളത്” എന്ന് ഒരു ഗവൺമെന്റ് റിപ്പോർട്ടു പറയുന്നു. “കുട്ടികൾതന്നെ പുസ്തകങ്ങൾ എഴുതുന്നതുകൊണ്ടുള്ള നേട്ടം ആ പുസ്തകങ്ങൾ അവരുടെ തലത്തിൽ പെട്ടതും അവരുടെ താത്പര്യങ്ങൾക്കു യോജിക്കുന്നതുമായിരിക്കും എന്നതാണ്.” ആ കഥകളിൽ ചിലത് സ്കൂളിലെയോ ക്ലാസ്സ്മുറിയിലെയോ ലൈബ്രറികളിൽ സ്ഥാനം പിടിക്കുകയോ റേഡിയോയിൽ വായിച്ചു കേൾപ്പിക്കുകയോ പ്രസിദ്ധീകരിക്കുക പോലുമോ ചെയ്തേക്കാം. ഡെയ്ലി മെയ്ൽ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “വായനാ സാമഗ്രികൾ ലഭ്യമാക്കാനുള്ള വളരെ ചെലവു കുറഞ്ഞ മാർഗമാണിത്, ഇതിനു കടലാസും പേനയും മാത്രമേ വേണ്ടൂ. വിരളവും വിലയേറിയതുമായ ഒരു വിഭവം (പുസ്തകങ്ങൾ) ഉണ്ടാക്കാൻ സമൃദ്ധമായുള്ള മറ്റൊന്ന് (വിദ്യാർഥികൾ) ഉപയോഗപ്പെടുത്താനുള്ള ഒരു മാർഗം കൂടിയാണ് ഇത്.”(g01 10/22)മലമ്പനിക്കുള്ള മരുന്ന് മേലാൽ ഫലപ്രദമല്ല
‘സാംബിയയിൽ മലമ്പനിക്കെതിരെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ ക്ലോറോക്വിൻ, ചികിത്സയും ഔഷധങ്ങളും പ്രദാനം ചെയ്യുന്ന ഗവൺമെന്റ് കേന്ദ്രങ്ങളിൽ ആ രോഗത്തിന് എതിരെയുള്ള പ്രഥമ ചികിത്സ എന്ന സ്ഥാനത്തുനിന്ന് ഘട്ടം ഘട്ടമായി മാറ്റാൻ പോകുകയാണെന്നും’ പകരം ഏറെ ഫലപ്രദമായ മരുന്നുകൾ ഉപയോഗിക്കുമെന്നും ടൈംസ് ഓഫ് സാംബിയ റിപ്പോർട്ടു ചെയ്യുന്നു. “ഓരോ വർഷവും സാംബിയയിൽ മലമ്പനിമൂലം മരിക്കുന്ന അഞ്ചു വയസ്സിൽ താഴെയുള്ള 25,000 കുട്ടികളിൽ 12,000 പേരുടെയും ജീവൻ അപഹരിക്കുന്നത് ക്ലോറോക്വിനോടുള്ള പ്രതിരോധം ആണ്” എന്ന് ഒരു പഠനം സൂചിപ്പിച്ചതിനെ തുടർന്നാണ് ഘട്ടം ഘട്ടമായി ആ മരുന്നു നീക്കം ചെയ്യാൻ പരിപാടി ഇട്ടിരിക്കുന്നത്. ആഫ്രിക്കയിലെ മിക്ക പൂർവ, ദക്ഷിണ രാജ്യങ്ങളിലും ഈ മാറ്റം നിലവിൽ വന്നിരിക്കുകയാണ്. “കഴിഞ്ഞ 30 വർഷത്തിലധികം ഈ രാജ്യത്ത് ക്ലോറോക്വിൻ വിജയപ്രദമായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഈ രാജ്യത്തെ മുഖ്യ കൊലയാളിയായ മലമ്പനിക്കെതിരെ പോരാടുന്നതിൽ അതു മേലാൽ ഫലപ്രദമല്ല” എന്ന് ടൈംസ് പറയുന്നു. (g01 10/22)
രാസമരുന്നുകളെക്കാൾ മെച്ചം കളകൾ
ചോളക്കൃഷി മെച്ചപ്പെടുത്താൻ പൂർവാഫ്രിക്കൻ കർഷകർ രാസമരുന്നുകൾക്കു പകരം കളകൾ ഉപയോഗിക്കുകയാണ് എന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. പൂർവാഫ്രിക്കയിലെ ചോളക്കൃഷിക്കാർ തങ്ങളുടെ കൃഷിക്കു ഭീഷണി ഉയർത്തുന്ന രണ്ടു ഘടകങ്ങളെ നേരിടുന്നു. അതിലൊന്ന് വർഷംതോറും 1,000 കോടി ഡോളർ മൂല്യമുള്ള ചോളം നശിപ്പിക്കുന്ന പരാദ സസ്യമായ സ്ട്രിഗ ആണ്. ചോളം നട്ടിരിക്കുന്ന നിരകൾക്ക് ഇടയിൽ ഡെസ്മോഡിയം എന്നു വിളിക്കപ്പെടുന്ന ഒരു കള നട്ടാൽ സ്ട്രിഗ വളരുകയില്ലെന്ന് കെനിയയിലെ ഗവേഷകനായ സൈയഡിൻ ഹാൻ കണ്ടെത്തി. വിളകൾ നശിപ്പിക്കുന്ന മറ്റൊന്ന് തണ്ടുതുരപ്പൻ കീടത്തിന്റെ ലാർവയാണ്. മിക്ക വർഷങ്ങളിലും അത് ചോളക്കൃഷിയുടെ മൂന്നിലൊന്നു നശിപ്പിക്കുന്നു. എന്നാൽ, ഈ തണ്ടുതുരപ്പന്മാർ ഒരു പ്രാദേശിക കളയായ നേപ്പിയർ പുല്ല് തിന്നുന്നതു കൂടുതൽ ഇഷ്ടപ്പെടുന്നതായി ഹാൻ കണ്ടെത്തി. ഈ കള കൃഷിസ്ഥലത്ത് നടുകവഴി കർഷകർ കീടങ്ങളെ ചോളത്തിൽനിന്ന് അകറ്റുന്നു. ആ പുല്ല് ഉത്പാദിപ്പിക്കുന്ന പശിമയുള്ള ഒരു പദാർഥം ലാർവകളെ കെണിയിലാക്കി കൊല്ലുന്നു. “അതു രാസമരുന്നുകളെക്കാൾ മെച്ചമാണ്, ചെലവാണെങ്കിൽ വളരെ കുറവും,” ഹാൻ പറയുന്നു. “അതിന്റെ ഫലമായി ഇവിടത്തെ കൃഷിയിടങ്ങളിലെ വിളവ് 60 മുതൽ 70 വരെ ശതമാനം വർധിച്ചിരിക്കുന്നു.”(g01 10/8)
മദ്യപിച്ച് സൈക്കിൾ ഓടിക്കാതിരിക്കുക
മദ്യപിച്ചശേഷം സൈക്കിൾ ഓടിക്കുന്നത് മദ്യപിച്ച് കാർ ഓടിക്കുന്ന അത്രയുംതന്നെ അപകടകരമായിരിക്കാമെന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. “സൈക്കിൾ ഓടിക്കുന്നതിൽ കാർ ഓടിക്കുമ്പോഴത്തേതിനെക്കാൾ മാനസിക പ്രവർത്തനം ആവശ്യമായ ചലനങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാലും അതിനു കൂടുതൽ ശാരീരിക ഏകോപനം ആവശ്യമായിരിക്കുന്നതിനാലും ലഹരിപാനീയത്തിനു വളരെ വലിയ ഒരു ഫലമാണുള്ളത്” എന്ന് അമേരിക്കയിലെ മേരിലാൻഡിലുള്ള ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഗ്വോഹ്വാ ലി പറയുന്നു. ലിയും സഹപ്രവർത്തകരും 466 പേരെ ഉൾപ്പെടുത്തി ഒരു പഠനം നടത്തി. അതിൽ നാലോ അഞ്ചോ പെഗ് കഴിച്ചിട്ട് സൈക്കിൾ ഓടിച്ചവർക്ക് അല്ലാത്തവരെ അപേക്ഷിച്ച് അപകടങ്ങൾ ഉണ്ടാകാനോ അവർ കൊല്ലപ്പെടാനോ ഉള്ള സാധ്യത 20 ഇരട്ടി ആയിരുന്നെന്ന് അവർ കണ്ടെത്തി. ഒരു പെഗ് കഴിക്കുന്നതു പോലും സൈക്കിൾ ഓടിക്കലിനെ ആറ് ഇരട്ടി അപകടം പിടിച്ചതാക്കിത്തീർത്തു. “അതിനെക്കാൾ കഷ്ടം സൈക്കിൾ ഓടിക്കുന്നവർ കൂടുതലായി കുടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാനുള്ള സാധ്യത കുറയുന്നു എന്നതാണ്,” ന്യൂ സയന്റിസ്റ്റ് പറയുന്നു.(g01 10/22)
വാഴയിൽനിന്ന് കടലാസ്
സാധാരണ ഗതിയിൽ വാഴക്കുല വെട്ടിക്കഴിഞ്ഞാൽ വാഴത്തട വളമാകാൻ വെറുതെ നിലത്ത് ഇട്ടേക്കുകയാണു പതിവ്. എന്നാൽ വാഴത്തടകളിൽനിന്നു കടലാസ് നിർമിക്കുന്നതിൽ നഗോയിയ സിറ്റി യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർ ഹിരോഷി മോറിഷിമ വിജയിച്ചതായി ജപ്പാനിലെ ആസാഹി ഷിംബൂൺ എന്ന പത്രം പറയുന്നു. വാഴയുടെ നാരുകൾ “നീളമുള്ളതും ബലിഷ്ഠവും കടലാസ് ഉണ്ടാക്കുന്നതിനുള്ള ഒരു അസംസ്കൃത പദാർഥമായ മാനിലാ ചണത്തിന്റെ അത്രതന്നെ നല്ല ഗുണനിലവാരം ഉള്ളതുമാണ്.” വാഴത്തട യന്ത്രത്തിലിട്ട് ഉണ്ടാക്കുന്ന കടലാസ് സാധാരണ എഴുതാൻ ഉപയോഗിക്കുന്ന കടലാസിന്റെ അത്രയുംതന്നെ ഗുണനിലവാരം ഉള്ളതാണ്. അത് റീസൈക്ലിങ് നടത്തി എടുക്കുന്ന കടലാസിനെക്കാൾ ബലിഷ്ഠമാണെന്നു തെളിയുകയും ചെയ്തിരിക്കുന്നു. “ലോകത്തിലെ 123 രാജ്യങ്ങളിൽ ഇപ്പോൾ വാഴ കൃഷി ചെയ്യുകയും അതിലൂടെ പ്രതിവർഷം 5,80,00,000 ടൺ വാഴയ്ക്കാ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് വളരെ പ്രതീക്ഷയ്ക്കു വക നൽകുന്നു” എന്ന് ആ പത്രം പറയുന്നു. (g01 10/22)