കോപിഷ്ഠരോട് ഞാൻ എങ്ങനെ ഇടപെടണം?
യുവജനങ്ങൾ ചോദിക്കുന്നു . . .
കോപിഷ്ഠരോട് ഞാൻ എങ്ങനെ ഇടപെടണം?
“അവൻ കോപംകൊണ്ടു വിറയ്ക്കുകയായിരുന്നു. ഞാൻ കാഴ്ചയ്ക്ക് ചെറുതായിരുന്നതുകൊണ്ടായിരിക്കണം, അവൻ എന്നെ അടിക്കാൻ ഓങ്ങി. പുറകോട്ടു മാറിക്കൊണ്ട് ഞാൻ പറഞ്ഞു: ‘ഒരു നിമിഷം, ഒന്നു നിൽക്കൂ! ഒരു നിമിഷം! എന്തിനാണ് എന്നെ അടിക്കുന്നത്? ഞാനതിനു നിന്നോട് ഒന്നും ചെയ്തില്ലല്ലോ. നീ എന്തിനാണു ദേഷ്യപ്പെടുന്നതെന്നു പോലും എനിക്ക് അറിയില്ല. പ്രശ്നം എന്താണെങ്കിലും നമുക്കു പറഞ്ഞുതീർക്കാവുന്നതല്ലേയുള്ളൂ.’” —16 വയസ്സുകാരൻ ഡേവിഡ്.
നിങ്ങൾക്ക് എപ്പോഴെങ്കിലും ഒരു റൗഡിയുടെ കോപത്തെ നേരിടേണ്ടി വന്നിട്ടുണ്ടോ? നമ്മുടെ കാലത്ത് ആളുകൾ “ഉഗ്രന്മാരും സൽഗുണദ്വേഷികളും” ആയിരിക്കുമെന്ന് ബൈബിൾ മുൻകൂട്ടി പറഞ്ഞു. (2 തിമൊഥെയൊസ് 3:3, 4) ‘കോപശീലനോടും ക്രോധമുള്ള മനുഷ്യനോടുംകൂടെ നടക്കാതിരിക്കാൻ’ നിങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ടായിരിക്കാമെങ്കിൽപ്പോലും കോപിഷ്ഠരായ വ്യക്തികളെ ഒഴിവാക്കാൻ കഴിയാത്ത ചില സാഹചര്യങ്ങൾ ഉണ്ടായേക്കാം. (സദൃശവാക്യങ്ങൾ 22:24) അത്തരമൊരു സാഹചര്യത്തിൽ അകപ്പെടുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
കോപത്തോട് എങ്ങനെ പ്രതികരിക്കും?
ഇന്നു പല യുവജനങ്ങളും തിരിച്ച് കോപം പ്രകടിപ്പിച്ചുകൊണ്ടു പ്രതികരിച്ചേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നത് കൂടുതൽ വേദന വരുത്തിവെക്കുകയേ ഉള്ളൂ. കൂടാതെ, നിയന്ത്രണം വിട്ട് പെരുമാറുന്നെങ്കിൽ നിങ്ങളും, കോപിക്കുന്ന വ്യക്തിയുടെ അതേ നിലയിലേക്കു താഴുകയായിരിക്കും. സദൃശവാക്യങ്ങൾ 26:4 പറയുന്നു: “നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.” ഈ വാക്കുകൾ എത്ര സത്യമാണെന്ന് കയ്പേറിയ അനുഭവത്തിലൂടെ യുവാവായ ജെറമി മനസ്സിലാക്കി. ഒരിക്കൽ സ്കൂളിലെ ഉച്ചഭക്ഷണ സമയത്ത് നടന്ന ഒരു സംഭവം അവൻ ഓർക്കുന്നു: “ഞങ്ങളുടെ സ്കൂളിലെ ഒരു കൂട്ടം കുട്ടികൾ എപ്പോഴും പരസ്പരവും മറ്റുള്ളവരെയും കളിയാക്കിയിരുന്നു. അവർ പലപ്പോഴും എന്നെ കുറിച്ചും സംസാരിച്ചിരുന്നു. സാധാരണഗതിയിൽ ഞാനത് അത്ര കാര്യമാക്കിയിരുന്നില്ല. എന്നാൽ അവരിൽ ഒരാൾ എന്റെ അമ്മയെ കുറിച്ചു പറയാൻ തുടങ്ങിയപ്പോൾ എനിക്കു സഹിച്ചില്ല. ഞാൻ ചാടിയെണീറ്റ് കോപത്തോടെ അവന്റെ നേരെ പാഞ്ഞുചെന്നു.” ഫലമോ? “അവൻ എന്നെ അടിച്ച് ഒരു പരുവമാക്കി” എന്ന് ജെറമി പറയുന്നു.
ബൈബിൾ ജ്ഞാനപൂർവമായ ഈ ബുദ്ധിയുപദേശം നൽകുന്നു: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 15:1) അതേ, കോപിച്ചിരിക്കുന്ന ഒരു വ്യക്തിയോട് ‘കഠിനവാക്കുകൾ’ പറയുന്നത് സാഹചര്യത്തെ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. അതേസമയം, മൃദുവായ ഒരു ഉത്തരത്തിന് പലപ്പോഴും ചൂടുപിടിച്ച ഒരു സാഹചര്യത്തെ തണുപ്പിക്കാനും കാര്യങ്ങളെ ശാന്തമാക്കാനും കഴിയും.
തുടക്കത്തിൽ പരാമർശിച്ച ഡേവിഡിനെ ഓർക്കുക. കോപം തോന്നാനുള്ള കാരണം എന്താണെന്ന് തന്നെ ആക്രമിക്കാൻ വന്ന വ്യക്തിയെക്കൊണ്ടു പറയിപ്പിക്കാൻ അവനു കഴിഞ്ഞു. ആരോ അവന്റെ ഉച്ചഭക്ഷണം മോഷ്ടിച്ചുവത്രേ. അതിന്റെ ദേഷ്യം മുഴുവനും ആദ്യം കണ്ട വ്യക്തിയുടെ മേൽ തീർക്കുകയായിരുന്നു അവൻ. “എന്നെ അടിച്ചാൽ ഭക്ഷണം തിരിച്ചുകിട്ടില്ലല്ലോ,” ഡേവിഡ് ന്യായവാദം ചെയ്തു. കാന്റീനിൽ പോകാമെന്ന് ഡേവിഡ് പറഞ്ഞു. “അവിടത്തെ സ്ത്രീയെ എനിക്കു പരിചയമുണ്ടായിരുന്നതിനാൽ അവനു വേറെ ഭക്ഷണം തരപ്പെടുത്തി കൊടുക്കാൻ എനിക്കു സാധിച്ചു. ഞങ്ങൾ കൈകൊടുത്താണു പിരിഞ്ഞത്. അതിനുശേഷം അവന് എന്നോടു വലിയ ലോഹ്യമായിരുന്നു.” മൃദുവായ വാക്കുകൾക്ക് എത്ര ശക്തിയാണ് ഉള്ളതെന്നു കണ്ടോ? സദൃശവാക്യങ്ങൾ പറയുന്നതുപോലെ ‘മൃദുവായുള്ള നാവിന് അസ്ഥിയെ നുറുക്കാൻ’ സാധിക്കും.—സദൃശവാക്യങ്ങൾ 25:15.
സൗമ്യത—ബലഹീനതയോ ശക്തിയോ?
‘മൃദുവായ നാവ്’ ഉണ്ടായിരിക്കുക എന്ന ആശയം അത്ര ആകർഷകമായി തോന്നില്ലായിരിക്കാം എന്നതു ശരിയാണ്. ആരെങ്കിലും നമ്മോടു കോപിക്കുമ്പോൾ തിരിച്ചു കോപിക്കുന്നതാണ് പുരുഷത്വത്തിന്റെ അല്ലെങ്കിൽ ശക്തിയുടെ ലക്ഷണം എന്നു തോന്നിയേക്കാം. സൗമ്യതയോടെ പെരുമാറിയാൽ നിങ്ങൾ ദുർബലനാണെന്നു മറ്റുള്ളവർ കരുതുമെന്നു പോലും നിങ്ങൾ ഭയപ്പെട്ടേക്കാം. എന്നാൽ സൗമ്യരായിരിക്കുക എന്നതിന്റെ അർഥമെന്താണ്? ഒരു പരാമർശ കൃതി പറയുന്നതനുസരിച്ച് സൗമ്യതയുള്ളവർ ആയിരിക്കുകയെന്നാൽ ശാന്തരായിരിക്കുക എന്നാണർഥം. എന്നിരുന്നാലും അതേ ഗ്രന്ഥം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ആ ശാന്തതയ്ക്കു പിന്നിൽ ഉള്ളത് ഉരുക്കിന്റെ ശക്തിയാണ്.” അതുകൊണ്ട്, സൗമ്യത ബലഹീനതയുടെയല്ല മറിച്ച് ശക്തിയുടെ തെളിവാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
ഒരു സംഗതി, സൗമ്യനായ ഒരു വ്യക്തിക്ക് തന്റെമേൽ തന്നെ നല്ല നിയന്ത്രണം ഉണ്ടായിരിക്കും. അയാൾക്ക് അത്ര പെട്ടെന്നു സമനില നഷ്ടപ്പെടുകയില്ല. മറിച്ച്, സൗമ്യതയില്ലാത്ത ഒരു വ്യക്തി അരക്ഷിതനും നിരാശിതനും ആയിരിക്കുന്നതായി കാണപ്പെടുന്നു. അയാൾ സാഹസികമായി പ്രവർത്തിക്കാൻ പോലും മുതിർന്നേക്കാം. അത്തരമൊരു വ്യക്തിക്ക് ആത്മനിയന്ത്രണവും ഉണ്ടായിരിക്കുകയില്ല. വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ താൻ എപ്പോഴും വഴക്കുകളിൽ ചെന്നു ചാടുന്നതായി അയാൾ കണ്ടെത്താൻ സാധ്യതയുണ്ട്. അതേ, “ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.” (സദൃശവാക്യങ്ങൾ 25:28) അപ്പോൾ തീർച്ചയായും സൗമ്യനായ വ്യക്തിയാണു ശക്തൻ!
സൗമ്യതയുടെ ബൈബിൾ ദൃഷ്ടാന്തങ്ങൾ
യേശുക്രിസ്തുവിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. താൻ “സൌമ്യതയും താഴ്മയും ഉള്ളവൻ” ആണെന്ന് അവൻ പറഞ്ഞു. (മത്തായി 11:29) അവൻ ഒരിക്കലും പരുഷമായോ ന്യായബോധമില്ലാതെയോ പെരുമാറിയില്ല. അതുപോലെ അവൻ തിന്മെക്കു പകരം തിന്മ ചെയ്തതുമില്ല. യേശുവിന്റെ സുഹൃത്തായിരുന്ന അപ്പൊസ്തലനായ പത്രൊസ് അവനെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.” (1 പത്രൊസ് 2:23) എന്നാൽ ഈ യേശുതന്നെ ഒരിക്കൽ “ദൈവാലയത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും പുറത്താക്കി”യെന്ന് ഓർക്കുക. (മത്തായി 21:12) അതുപോലെ ദിവ്യപിന്തുണ എപ്പോഴെങ്കിലും ആവശ്യമായി വന്നിരുന്നെങ്കിൽ “പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതൻമാരെ” അവനു സഹായത്തിനു ലഭിക്കുമായിരുന്നു! (മത്തായി 26:53) അവൻ തീർച്ചയായും ബലഹീനൻ ആയിരുന്നില്ല.
ഇനി, ബൈബിളിൽ ന്യായാധിപന്മാർ 8:1-3-ൽ കാണുന്ന ന്യായാധിപനായ ഗിദെയോന്റെ ദൃഷ്ടാന്തവും പരിചിന്തിക്കുക. ഒരു വൻ സൈനിക വിജയം കൈവരിക്കപ്പെട്ടപ്പോൾ, തങ്ങൾക്ക് ആ യുദ്ധവിജയത്തിന്റെ മഹത്ത്വത്തിൽ പങ്കുചേരാൻ അവസരം നൽകിയില്ല എന്നു തോന്നിയ എഫ്രയീം ഗോത്രത്തിലെ ചില പടയാളികൾ കോപിഷ്ഠരായി. “നീ മിദ്യാന്യരോടു യുദ്ധംചെയ്വാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്വാൻ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു.” ഗിദെയോൻ ‘പരാക്രമശാലിയായ’ ഒരു പുരുഷനായിരുന്നു എന്ന് ഓർക്കണം. (ന്യായാധിപന്മാർ 6:12) തന്നെ പ്രകോപിപ്പിച്ച പടയാളികളെ ആക്രമിച്ചുകൊണ്ട് അവനു പ്രതികരിക്കാമായിരുന്നു. പകരം, രോഷം പൂണ്ട് നിന്നിരുന്ന അവരെ പൂർണമായി തണുപ്പിച്ച സൗമ്യമായ ഒരു മറുപടി അവൻ നൽകി. “നിങ്ങളോടു ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തതു എന്തുള്ളു?” എന്നു ഗിദെയോൻ ചോദിച്ചു. എളിമയോടു കൂടിയ ഈ പ്രതികരണത്തിന്റെ ഫലം എന്തായിരുന്നു? “അവർക്കു അവനോടുള്ള കോപം ശമിച്ചു.”
അവസാനമായി, അബീഗയിൽ എന്നു പേരുള്ള ഒരു സ്ത്രീയെ കുറിച്ചുള്ള ബൈബിൾ വിവരണം പരിചിന്തിക്കുക. ഇസ്രായേലിന്റെ രാജാവും തന്റെ ശത്രുവുമായ ശൗലിൽനിന്ന് ദാവീദ് ഒളിച്ചു പാർക്കുന്ന സമയം. ഒളിവിലായിരുന്നെങ്കിലും ദാവീദിന്റെ ആളുകൾ പലപ്പോഴും സഹ ഇസ്രായേല്യരെ കാവൽ ചെയ്യുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു. അങ്ങനെ അവർ സഹായിച്ച ഒരു വ്യക്തിയായിരുന്നു അബീഗയിലിന്റെ ഭർത്താവായ നാബാൽ. അവൻ വലിയ ധനികനായിരുന്നു. അതേസമയം അവൻ “നിഷ്ഠുരനും ദുഷ്കർമ്മിയും” ആയിരുന്നു. ഒരിക്കൽ, തങ്ങൾക്ക് ആവശ്യം വന്ന ഒരു സന്ദർഭത്തിൽ ദാവീദിന്റെ ആളുകൾ നാബാലിനെ സമീപിച്ച് കുറച്ച് ആഹാരസാധനങ്ങൾ ചോദിച്ചു. ദാവീദും കൂട്ടരും തനിക്കു നൽകിയ സൗജന്യമായ സംരക്ഷണത്തിനു വിലമതിപ്പു പ്രകടിപ്പിക്കുന്നതിനു പകരം നാബാൽ ദാവീദിന്റെ ദൂതന്മാരെ “ശകാരിച്ചു” വെറും കൈയോടെ പറഞ്ഞയച്ചു.—1 ശമൂവേൽ 25:2-11, 14.
നടന്നത് എന്താണെന്നു കേട്ടപ്പോൾ ദാവീദിന്റെ കോപം ആളിക്കത്തി. അവൻ തന്റെ ആളുകളോടു: “എല്ലാവരും വാൾ അരെക്കു കെട്ടിക്കൊൾവിൻ” എന്ന് കൽപ്പിച്ചു. ദാവീദും കൂട്ടരും നാബാലിനെ മാത്രമല്ല അവന്റെ ഗൃഹത്തിലെ നിർദോഷികളായ എല്ലാ പുരുഷപ്രജകളെയും കൊല്ലുന്നതിനായി പുറപ്പെട്ടു. എന്നാൽ ആ സമയത്ത് അബീഗയിൽ ഇടപെട്ടു. ദാവീദിനെ അഭിവാദനം ചെയ്തശേഷം അവൾ അവനു ധാരാളം ഭക്ഷണപാനീയങ്ങൾ സമ്മാനിച്ചു. അവൾ തന്റെ ഭർത്താവിന്റെ നീതീകരിക്കാനാവാത്ത പ്രവൃത്തിക്ക് മാപ്പപേക്ഷിക്കുകയും നിർദോഷികളെ കൊല്ലരുതെന്ന് ദാവീദിനോട് അപേക്ഷിക്കുകയും ചെയ്തു.—1 ശമൂവേൽ 25:13, 18-31.
അബീഗയിലിന്റെ താഴ്മയോടുകൂടിയ അപേക്ഷ ദാവീദിന്റെ കോപത്തെ ശമിപ്പിച്ചു. തന്റെ കോപം എത്ര ആപത്കരമായ ഘട്ടത്തോളം എത്തിയിരുന്നു എന്നു തിരിച്ചറിഞ്ഞ ദാവീദ് ഇപ്രകാരം പറഞ്ഞു: “എന്നെ എതിരേല്പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്തോത്രം. നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.” (1 ശമൂവേൽ 25:32-35) അതേ, മിക്ക സന്ദർഭങ്ങളിലും ‘മൃദുവായ വാക്കിന്’ മറ്റുള്ളവരുടെ കോപത്തെ ശമിപ്പിക്കാൻ കഴിയും. എന്നാൽ, നിങ്ങളുടെ മൃദുവായ ഉത്തരത്തിന് ആ ഫലം ലഭിക്കുന്നില്ലെങ്കിലോ?
“ഒഴിഞ്ഞുപോകൂ”
സാഹചര്യത്തിൽനിന്ന് അകന്നുമാറിക്കൊണ്ട് നിങ്ങൾക്ക് എരിതീയിൽ എണ്ണയൊഴിക്കുന്നത് ഒഴിവാക്കാനാകും. “വിറകു ഇല്ലാഞ്ഞാൽ തീ കെട്ടുപോകും” എന്നു ബൈബിൾ പറയുന്നു. അത് ഇങ്ങനെയും ബുദ്ധിയുപദേശിക്കുന്നു: “അണപൊട്ടിച്ച് വെള്ളം വിടുന്നതുപോലെയാണ് കലഹത്തിന്റെ ആരംഭം; അതിനാൽ കലഹം തുടങ്ങുംമുമ്പെ ഒഴിഞ്ഞുപോകൂ.” (സദൃശവാക്യങ്ങൾ 17:14, ഓശാന ബൈബിൾ; 26:20) 17 വയസ്സുള്ള മെറിസ പറയുന്നു: “സ്കൂളിൽ എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന ഒരു ആൺകുട്ടി ഒരിക്കൽ എന്റെയടുത്തു വന്ന് സംസാരിക്കാൻ തുടങ്ങി. ഞാൻ സുന്ദരിയാണെന്ന് അവൻ എന്നോടു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ഗേൾഫ്രണ്ട് കലിതുള്ളിക്കൊണ്ട് പാഞ്ഞെത്തി. ഞാൻ അവളുടെ ബോയ്ഫ്രണ്ടുമായി കൊഞ്ചികുഴഞ്ഞെന്ന് അവൾ ആരോപിച്ചു. ഞാനുമായി ശരിക്കും അടികൂടാൻതന്നെയായിരുന്നു അവളുടെ ഭാവം! എന്താണു സംഭവിച്ചതെന്ന് വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ അതൊന്നും കേൾക്കാൻ അവൾക്കു മനസ്സില്ലായിരുന്നു. സ്കൂൾ കഴിഞ്ഞതും അവൾ ചില പെൺകുട്ടികളെയും കൂട്ടി എന്നെ അടിക്കാൻ വന്നു! ഞാൻ വേഗംതന്നെ സെക്യൂരിറ്റി ഗാർഡിന്റെ സഹായം തേടി. എന്നിട്ട് കലിതുള്ളി നിന്നിരുന്ന അവളോട്, ഞാൻ ആരുമായും അടികൂടാറില്ലെന്നും അവളുടെ ബോയ്ഫ്രണ്ടാണ് എന്റെ അടുക്കൽ വന്നു സംസാരിച്ചതെന്നും പറഞ്ഞു. അത്രയും പറഞ്ഞിട്ട് ഞാൻ അവിടെനിന്നും പോയി.” മെറിസ തന്നെ ഭരിക്കാൻ വികാരങ്ങളെ അനുവദിച്ചില്ല. അവൾ വഴക്കിൽനിന്ന് ഒഴിഞ്ഞുപോകുക മാത്രമല്ല ചെയ്തത്. മറിച്ച് ആത്മരക്ഷയ്ക്കു വേണ്ട നടപടികളും സ്വീകരിച്ചു. സദൃശവാക്യങ്ങൾ 17:27 പറയുന്നതുപോലെ “വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.”
എന്നാൽ അറിഞ്ഞോ അറിയാതെയോ നിങ്ങൾ മറ്റൊരാളെ കോപിഷ്ഠനാക്കുന്നെങ്കിലോ? ക്ഷമ ചോദിക്കുക, അതും എത്രയും പെട്ടെന്ന്! അതു മാത്രം മതിയായിരിക്കും മറ്റേ വ്യക്തിയുടെ കോപത്തെ ശമിപ്പിക്കാൻ. ഇത് സമ്മർദപൂരിതമായ നാളുകളാണ്. ആളുകൾക്കു കോപം വരുന്നതു പെട്ടെന്നാണ്. എന്നാൽ നിങ്ങളുടെ ഇടപെടലുകളിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയാൽ മറ്റൊരു വ്യക്തിയുടെ കോപത്തിന് ഇരയാകുന്നത് സാധ്യതയനുസരിച്ചു നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയും. (g01 11/22)
[24-ാം പേജിലെ ചിത്രങ്ങൾ]
“മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു”
[25-ാം പേജിലെ ചിത്രം]
ചില സന്ദർഭങ്ങളിൽ ഒഴിഞ്ഞു മാറിയാൽ മാത്രം മതിയാകും