‘ചിലപ്പോൾ തോന്നും ഞാൻ സ്വപ്‌നം കാണുകയാണെന്ന്!’
‘ചിലപ്പോൾ തോന്നും ഞാൻ സ്വപ്‌നം കാണുകയാണെന്ന്!’
വിറകൊള്ളുന്ന ചുണ്ടുകൾ പൊത്തിപ്പിടിച്ച് ലുർഡെസ് ജനാലയിലൂടെ പുറത്തേക്കു നോക്കി. ലാറ്റിൻ അമേരിക്കക്കാരിയായ അവർ 20-ലധികം വർഷം അക്രമാസക്തനായ തന്റെ ഭർത്താവിന്റെ കരങ്ങളാലുള്ള പീഡനം സഹിച്ചു. അവരുടെ ഭർത്താവ് ആൽഫ്രെഡോ, മാറ്റം വരുത്തിയിരിക്കുന്നു. എന്നിരുന്നാലും, താൻ അനുഭവിച്ച ശാരീരികവും വൈകാരികവുമായ വേദനയെ കുറിച്ചു സംസാരിക്കുമ്പോൾ ലുർഡെസിന് ഇപ്പോഴും കണ്ഠമിടറുന്നു.
“വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് പ്രശ്‌നം,” ലുർഡെസ് പതിഞ്ഞ സ്വരത്തിൽ പറയുന്നു. “ഒരിക്കൽ അദ്ദേഹത്തിന്റെ അടികൊണ്ട് എന്റെ രണ്ടു പല്ല് പോയി. മറ്റൊരിക്കൽ ഞാൻ ഒഴിഞ്ഞു മാറി, ശക്തമായ ആ ഇടി എനിക്കിട്ടു കൊള്ളാതെ അലമാരയ്ക്കിട്ടാണു കൊണ്ടത്. കൂടാതെ, ‘ഒന്നിനും കൊള്ളാത്ത സാധനം’ എന്നും മറ്റും അദ്ദേഹം എന്നെ വിളിച്ചിരുന്നു. അതാണ് എന്നെ ഏറെ വേദനിപ്പിച്ചത്. എനിക്കു ബുദ്ധി എന്നു പറയുന്ന ഒന്നേ ഇല്ലാത്തതു പോലെയാണ് അദ്ദേഹം എന്നോടു പെരുമാറിയിരുന്നത്. ബന്ധം ഉപേക്ഷിച്ചാലോ എന്നുവരെ ഞാൻ ചിന്തിച്ചു. എന്നാൽ മൂന്നു കുട്ടികൾ ഉള്ളപ്പോൾ എനിക്ക് അതിന് എങ്ങനെ കഴിയും?”
ലുർഡെസിന്റെ ചുമലിൽ മെല്ലെ കൈ വെച്ചുകൊണ്ട് ആൽഫ്രെഡോ പറയുന്നു: “ഞാൻ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ്. കോടതിയിൽനിന്ന് സമൻസു വരികയും സംരക്ഷണ ഓർഡർ ഉത്തരവാകുകയും ചെയ്തപ്പോൾ എനിക്കു വല്ലാത്ത നാണക്കേടു തോന്നി. മാറ്റം വരുത്താൻ ഞാൻ ശ്രമിച്ചു. എന്നാൽ താമസിയാതെ ഞാൻ വീണ്ടും പഴയപടി തന്നെ പ്രവർത്തിക്കാൻ തുടങ്ങി.”
പിന്നെ കാര്യങ്ങൾക്ക് എങ്ങനെയാണു മാറ്റം വന്നത്? സമനില ഏറെക്കുറെ വീണ്ടെടുത്ത ലൂർഡെസ് വിശദീകരിക്കുന്നു: “ഈ തെരുവിന്റെ ഏറ്റവും അറ്റത്തുള്ള കട നടത്തുന്ന സ്‌ത്രീ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. അവർ എന്നെ ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞു. യഹോവയാം ദൈവം സ്ത്രീകളെ വളരെ വിലയുള്ളവരായി വീക്ഷിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു പോകാൻ തുടങ്ങി. ആദ്യമൊക്കെ ഇത് ആൽഫ്രെഡോയെ വളരെ ദേഷ്യം പിടിപ്പിച്ചിരുന്നു. രാജ്യഹാളിൽ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവം ആയിരുന്നു. എനിക്ക് സ്വന്തം വിശ്വാസങ്ങൾ ഉണ്ടായിരിക്കാനും അവ സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും പോലും കഴിയുമെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ അതിശയിച്ചുപോയി. ഞാൻ ദൈവദൃഷ്ടിയിൽ വിലപ്പെട്ടവളാണെന്ന് എനിക്കു മനസ്സിലായി. ഇത് എനിക്കു ധൈര്യം പകർന്നു.
“എന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒരു സംഭവമുണ്ട്. അതു ഞാൻ ഒരിക്കലും മറക്കില്ല. ആൽഫ്രെഡോ പതിവു പോലെ എല്ലാ ഞായറാഴ്ചയും കത്തോലിക്കാ പള്ളിയിൽ കുർബാനയ്ക്കു പോകുകയും യഹോവയുടെ സാക്ഷികളുമായി ഞാൻ സഹവസിക്കുന്നതിനെ എതിർക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ കണ്ണിലേക്കു നോക്കി വളരെ ശാന്തമായി, ആത്മവിശ്വാസത്തോടെ പറഞ്ഞു: ‘ആൽഫ്രെഡോ, നമുക്കു രണ്ടുപേർക്കും തികച്ചും വ്യത്യസ്തമായ വീക്ഷണങ്ങളാണ് ഉള്ളത്.’ അദ്ദേഹം എന്നെ അടിച്ചില്ല! അധികം കഴിയുന്നതിനു മുമ്പ് ഞാൻ സ്നാപനമേറ്റു. അതിനു ശേഷമുള്ള ഈ അഞ്ചു വർഷക്കാലത്ത് അദ്ദേഹം എന്നെ ഒരിക്കൽപ്പോലും തല്ലിയിട്ടില്ല.”
എന്നാൽ അതിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആൽഫ്രെഡോ പറയുന്നു: “ലുർഡെസ് സ്നാപനമേറ്റ് ഏകദേശം മൂന്നു വർഷം കഴിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികളിൽ ഒരാളായ ഒരു സഹപ്രവർത്തകൻ എന്നെ അദ്ദേഹത്തിന്റെ ഭവനത്തിലേക്കു ക്ഷണിച്ചു. ബൈബിളിൽനിന്നുള്ള വിസ്മയകരമായ കാര്യങ്ങൾ അദ്ദേഹം എനിക്കു വിശദീകരിച്ചു തന്നു. ഭാര്യയെ അറിയിക്കാതെ ഞാൻ അദ്ദേഹത്തോടൊപ്പം ബൈബിൾ പഠിക്കാൻ ആരംഭിച്ചു. അധികം താമസിയാതെ, ഞാൻ ലുർഡെസിനോടൊപ്പം യോഗങ്ങൾക്കു പോകാൻ തുടങ്ങി. അവിടെ ഞാൻ കേട്ട പ്രസംഗങ്ങളിൽ അധികവും കുടുംബജീവിതത്തെ കുറിച്ച് ഉള്ളവയായിരുന്നു. അവ കേട്ടപ്പോൾ എനിക്കു വളരെ നാണക്കേടു തോന്നി.”
യോഗങ്ങൾക്കു ശേഷം പുരുഷന്മാരടക്കമുള്ള സഭാംഗങ്ങൾ നിലം അടിച്ചു വാരുന്നതു കണ്ടപ്പോൾ ആൽഫ്രെഡോയ്ക്കു വളരെ മതിപ്പു തോന്നി. അവരുടെ വീടുകൾ സന്ദർശിച്ചപ്പോൾ ഭർത്താക്കന്മാർ പാത്രം കഴുകാൻ തങ്ങളുടെ ഭാര്യമാരെ സഹായിക്കുന്നത് അദ്ദേഹം കണ്ടു. യഥാർഥ സ്‌നേഹം പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്നു കാണാൻ ഈ കൊച്ചു കൊച്ചു കാര്യങ്ങൾ ആൽഫ്രെഡോയെ സഹായിച്ചു.
താമസിയാതെ, ആൽഫ്രെഡോ സ്നാപനമേറ്റു. ഇപ്പോൾ അദ്ദേഹവും ഭാര്യയും മുഴുസമയ ശുശ്രൂഷകരായി പ്രവർത്തിക്കുകയാണ്. “അദ്ദേഹം മിക്കപ്പോഴും ഭക്ഷണത്തിനു ശേഷം മേശ വൃത്തിയാക്കുന്നതിനും കിടക്ക വിരിക്കുന്നതിനുമൊക്കെ എന്നെ സഹായിക്കുന്നു,” ലുർഡെസ് പറയുന്നു. “അദ്ദേഹം എന്റെ പാചകത്തെ പുകഴ്ത്തുകയും ഏതുതരം സംഗീതം കേൾക്കണം, വീട്ടിലേക്ക് എന്തൊക്കെ വാങ്ങണം എന്നിങ്ങനെയുള്ള സംഗതികളിൽ തിരഞ്ഞെടുപ്പുകൾ നടത്താൻ എന്നെ അനുവദിക്കുകയും ചെയ്യുന്നു. മുമ്പ് ആൽഫ്രെഡോ ഇതൊക്കെ ചെയ്യുന്നതിനെ കുറിച്ച് ഓർക്കാൻ കൂടെ വയ്യാ! അടുത്തയിടെ ആദ്യമായി അദ്ദേഹം എനിക്ക് വേണ്ടി പൂക്കൾ വാങ്ങിക്കൊണ്ടു വന്നു. ചിലപ്പോൾ എനിക്കു തോന്നും ഞാൻ സ്വപ്‌നം കാണുകയാണെന്ന്!”(g01 11/8)
[10-ാം പേജിലെ ചിത്രം]
“ഞാൻ ദൈവദൃഷ്ടിയിൽ വിലപ്പെട്ടവളാണെന്ന് എനിക്കു മനസ്സിലായി. ഇത് എനിക്കു ധൈര്യം പകർന്നു”
[10-ാം പേജിലെ ചിത്രം]
ഭർത്താക്കന്മാർ പാത്രം കഴുകാൻ തങ്ങളുടെ ഭാര്യമാരെ സഹായിക്കുന്നത് അദ്ദേഹം കണ്ടു
[10-ാം പേജിലെ ചിത്രം]
യോഗങ്ങൾക്കു ശേഷം പുരുഷന്മാരടക്കമുള്ള സഭാംഗങ്ങൾ നിലം അടിച്ചു വാരുന്നതു കണ്ടപ്പോൾ ആൽഫ്രെഡോയ്ക്കു വളരെ മതിപ്പു തോന്നി
[10-ാം പേജിലെ ചിത്രം]
“അടുത്തയിടെ ആദ്യമായി അദ്ദേഹം എനിക്ക് വേണ്ടി പൂക്കൾ വാങ്ങിക്കൊണ്ടു വന്നു”