ദൈവം ശക്തി പ്രയോഗിക്കുന്നതിനെ എല്ലായ്പോഴും ന്യായീകരിക്കാനാകുമോ?
ബൈബിളിന്റെ വീക്ഷണം
ദൈവം ശക്തി പ്രയോഗിക്കുന്നതിനെ എല്ലായ്പോഴും ന്യായീകരിക്കാനാകുമോ?
മാരകമായ ശക്തിപ്രകടനങ്ങൾ മനുഷ്യചരിത്രത്തിൽ നിരന്തരം അരങ്ങേറിയിട്ടുണ്ട്. ഒരു കണക്കനുസരിച്ച് 20-ാം നൂറ്റാണ്ടിൽ ഏകദേശം 17,00,00,000 ആളുകൾ തങ്ങളുടെ സ്വന്തം ഗവൺമെന്റുകളാൽ വധിക്കപ്പെട്ടിട്ടുണ്ട്. ബൈബിൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നതു പോലെ, മനുഷ്യൻ എല്ലായ്പോഴും മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു.—സഭാപ്രസംഗി 8:9.
മനുഷ്യൻ തെറ്റായ വിധത്തിൽ ശക്തി പ്രയോഗിച്ചിരിക്കുന്നതിന്റെ വീക്ഷണത്തിൽ, ശത്രുക്കളെ സംഹരിക്കുന്നതിന് ദൈവം ശക്തി ഉപയോഗിക്കുന്നതിനെ ചിലർ ചോദ്യം ചെയ്തേക്കാം. ദൈവത്തിന്റെ നേരിട്ടുള്ള കൽപ്പനപ്രകാരം യഹൂദന്മാർ വാഗ്ദത്ത ദേശത്തെ കനാന്യരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തില്ലേ? (ആവർത്തനപുസ്തകം 20:16, 17) കൂടാതെ, തന്റെ ഭരണാധിപത്യത്തെ എതിർക്കുന്ന എല്ലാ ഭരണകൂടങ്ങളെയും തകർത്തു നശിപ്പിക്കുമെന്നും ദൈവം തന്നെ പറയുന്നില്ലേ? (ദാനീയേൽ 2:44) ദൈവം ശക്തി പ്രയോഗിക്കുന്നതിനെ എല്ലായ്പോഴും ന്യായീകരിക്കാനാകുമോ എന്നു ചില ആത്മാർഥഹൃദയർ ചിന്തിച്ചിട്ടുണ്ട്.
ശക്തിയുടെ ദുർവിനിയോഗം
ശക്തി പ്രയോഗിക്കാനുള്ള പ്രാപ്തി ഒരു ഗവൺമെന്റിന് അവശ്യം ഉണ്ടായിരിക്കേണ്ട ഒരു ഘടകമാണെന്നു മനസ്സിലാക്കുന്നതു പ്രധാനമാണ്. തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത ഒരു ഭരണകൂടം ഫലത്തിൽ അശക്തമാണ്. ഉദാഹരണത്തിന്, പോലീസുകാർ അധികാരം ദുർവിനിയോഗം ചെയ്തിട്ടുള്ളതിന്റെ എണ്ണമറ്റ റിപ്പോർട്ടുകൾ ഉള്ളപ്പോൾ പോലും പോലീസ് സേനയുടെ സംരക്ഷണം വേണ്ടെന്നു വെക്കാൻ തയ്യാറാകുന്ന എത്ര പേർ ഉണ്ടായിരിക്കും? അതുപോലെ, പ്രബലമായ ഒരു നീതിന്യായ സംവിധാനം ഒരു ആവശ്യമാണ് എന്നതിനെ സുബുദ്ധിയുള്ള ഏതു മനുഷ്യനാണ് എതിർക്കുക?
അഹിംസാവാദിയായി പരക്കെ അറിയപ്പെടുന്ന മോഹൻദാസ് ഗാന്ധി ഒരിക്കൽ പറഞ്ഞു: “ഭ്രാന്തിളകിയ ഒരു മനുഷ്യൻ കയ്യിലൊരു വാളുമായി കണ്ണിൽ കാണുന്നവരെയെല്ലാം അരിഞ്ഞു വീഴ്ത്തിക്കൊണ്ട് ഓടിനടക്കുകയാണെന്നു കരുതുക. അയാളെ ജീവനോടെ പിടിച്ചുകെട്ടാൻ ആരും ധൈര്യപ്പെടുന്നുമില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ആ ഭ്രാന്തന്റെ കഥ കഴിക്കുന്ന വ്യക്തിയോട് സമൂഹം കടപ്പെട്ടിരിക്കും. അയാൾ ചെയ്തതിനെ ഒരു നന്മ പ്രവൃത്തിയായി അവർ കണക്കാക്കും.” അതേ, ശക്തി പ്രയോഗിക്കേണ്ടി വരുന്ന ചില സാഹചര്യങ്ങൾ ഉണ്ടെന്ന് ഗാന്ധി പോലും അംഗീകരിച്ചു.
വ്യക്തമായും, ശക്തി പ്രയോഗിക്കാനുള്ള പ്രാപ്തി കെട്ടുറപ്പുള്ള ഏതൊരു സമൂഹത്തിനും അവശ്യം വേണ്ട ഒരു ഘടകമാണ്. സാധാരണഗതിയിൽ, സഭാപ്രസംഗി 4:1-3.
ശക്തി പ്രയോഗിക്കുന്നതിന് എതിരെ ആളുകൾ മുറവിളി കൂട്ടുമ്പോൾ യഥാർഥത്തിൽ ശക്തിയുടെ ദുർവിനിയോഗത്തെയാണ് അവർ അപലപിക്കുന്നത്.—“അവന്റെ വഴികൾ ഒക്കെയും ന്യായം”
ദൈവം എപ്പോഴെങ്കിലും തന്റെ ശക്തി ദുർവിനിയോഗം ചെയ്തതിന്റെ യാതൊരു രേഖയും ചരിത്രത്തിലില്ല. സ്വേച്ഛാധിപത്യപരമായ വിധത്തിൽ ശക്തി പ്രയോഗിച്ചുകൊണ്ടല്ല ദൈവം ഭരണം നടത്തുന്നത്. സ്നേഹത്താൽ പ്രേരിതമായി നാം അവനെ ആരാധിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. (1 യോഹന്നാൻ 4:18, 19) ശക്തി പ്രയോഗിക്കുന്നത് ഒഴിവാക്കാൻ ന്യായമായ എന്തെങ്കിലും കാരണമുണ്ടെങ്കിൽ ദൈവം ഒരിക്കലും അതു ചെയ്യാതിരിക്കുന്നില്ല. (യിരെമ്യാവു 18:7, 8; 26:3, 13; യെഹെസ്കേൽ 18:32; 33:11) ഇനി, ശക്തി ഉപയോഗിക്കാൻ തീരുമാനിക്കുമ്പോൾ, ആഗ്രഹിക്കുന്ന എല്ലാവർക്കും തങ്ങളുടെ വഴി നേരെയാക്കുന്നതിന് അവസരം കിട്ടത്തക്ക വിധത്തിൽ അവൻ എല്ലായ്പോഴും തക്കതായ മുന്നറിയിപ്പു നൽകുന്നു. (ആമോസ് 3:7; മത്തായി 24:14) ഈ നടപടികളെല്ലാം ദൈവം ഒരു സ്വേച്ഛാധിപതിയും ക്രൂരനുമാണെന്നാണോ കാണിക്കുന്നത്?
ദൈവം ശക്തി പ്രയോഗിക്കുന്ന വിധത്തെ ഒരിക്കലും, മനുഷ്യർ ന്യായീകരിക്കാനാവാത്ത വിധത്തിൽ ശക്തി ദുർവിനിയോഗം ചെയ്യുന്നതിനോട് താരതമ്യപ്പെടുത്താനാവില്ല. ദൈവത്തെ കുറിച്ചു മോശെ പറയുന്നു: “അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ [“അവന്റെ പക്കൽ അനീതിയില്ല,” NW].” (ആവർത്തനപുസ്തകം 32:4) മനുഷ്യരുടെ സ്വേച്ഛാധിപത്യ ഗവൺമെന്റുകളെ പോലെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന തത്ത്വത്തിലല്ല ദൈവത്തിന്റെ ഗവൺമെന്റ് അധിഷ്ഠിതമായിരിക്കുന്നത്. എല്ലായ്പോഴും, തികഞ്ഞ അളവിലുള്ള തന്റെ സ്നേഹത്തിനും ജ്ഞാനത്തിനും നീതിക്കും ചേർച്ചയിൽ മാത്രമേ അവൻ തന്റെ ശക്തി പ്രയോഗിച്ചിട്ടുള്ളൂ.—സങ്കീർത്തനം 111:2, 3, 7; മത്തായി 23:37.
ഉദാഹരണത്തിന്, അനേകം വർഷം മുന്നറിയിപ്പു നൽകിയ ശേഷമാണ് ദൈവം ജലപ്രളയത്തിൽ ദുഷ്ടന്മാരെ നശിപ്പിച്ചത്. ആർക്കു വേണമെങ്കിലും പെട്ടകത്തിൽ കയറി രക്ഷ പ്രാപിക്കാൻ കഴിയുമായിരുന്നു. എന്നാൽ എട്ടു പേർ മാത്രമേ രക്ഷയ്ക്കുള്ള ആ കരുതൽ പ്രയോജനപ്പെടുത്തിയുള്ളൂ. (1 പത്രൊസ് 3:19, 20; 2 പത്രൊസ് 2:5) യോശുവയുടെ നാളുകളിൽ ഇസ്രായേല്യർ ദുഷിച്ച കനാന്യരുടെ മേലുള്ള ദൈവത്തിന്റെ ന്യായവിധി നടപ്പിലാക്കി എന്നതു ശരിയാണ്. എന്നാൽ ആ ന്യായവിധി സന്ദേശം ഉച്ചരിക്കപ്പെട്ടത് എപ്പോഴായിരുന്നു? 400 വർഷങ്ങൾക്കു മുമ്പ്! (ഉല്പത്തി 15:13-21) ആ സമയത്തെല്ലാം ഇസ്രായേല്യർ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയാണെന്നതിന്റെ ശക്തമായ തെളിവുകൾ സംബന്ധിച്ച് കനാന്യർ അജ്ഞരായിരുന്നിരിക്കാൻ ഇടയില്ല. (യോശുവ 2:9-21; 9:24-27) എന്നിരുന്നാലും, ഗിബയോന്യർ ഒഴികെയുള്ള ഒരു കനാന്യ രാഷ്ട്രവും കരുണയ്ക്കായി അപേക്ഷിക്കുകയോ ഇസ്രായേല്യരുമായി സഖ്യത സ്ഥാപിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുകയോ ചെയ്തില്ല. പകരം, കനാന്യർ ദൈവത്തിനെതിരെ തങ്ങളുടെ ഹൃദയം കഠിനമാക്കുകയാണു ചെയ്തത്.—യോശുവ 11:19, 20.
ദൈവത്തിന് അധികാരം ഉണ്ട്
ദൈവം ശക്തി പ്രയോഗിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, ആദ്യംതന്നെ ദൈവ മുമ്പാകെയുള്ള നമ്മുടെ സ്ഥാനം സംബന്ധിച്ച ഒരു അടിസ്ഥാന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്. “ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു” എന്ന് യെശയ്യാ പ്രവാചകൻ താഴ്മയോടെ അംഗീകരിച്ചു. (യെശയ്യാവു 64:8) പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ ദൈവത്തിനു തീർച്ചയായും താൻ ആഗ്രഹിക്കുന്നതു പോലെ ശക്തി പ്രയോഗിക്കാനാകും. ദൈവത്തിന്റെ അധികാരം തിരിച്ചറിഞ്ഞുകൊണ്ട് ശലോമോനെ പോലെ നമുക്കു പറയാൻ കഴിയും: “രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആർ ചോദിക്കും?”—സഭാപ്രസംഗി 8:4; റോമർ 9:20, 21.
സർവശക്തനായ സ്രഷ്ടാവ് എന്ന നിലയിൽ ദൈവത്തിന് ഭൗമിക ജീവൻ നൽകാനും എടുക്കാനും ഉള്ള അധികാരമുണ്ട്. ദൈവം ശക്തി പ്രയോഗിക്കുന്ന വിധത്തെ ചോദ്യം ചെയ്യാനുള്ള അവകാശമോ അറിവോ മനുഷ്യന് ഇല്ല. തന്റെ ചിന്തകളെ ദൈവത്തിന്റെ ചിന്തകളുമായി അനുരൂപപ്പെടുത്താൻ മനുഷ്യൻ പഠിക്കേണ്ടതുണ്ട്. “നിങ്ങളുടെ മാർഗ്ഗങ്ങളല്ലേ നീതിരഹിതം?” എന്ന് യഹോവ ഉചിതമായിത്തന്നെ ചോദിച്ചു.—യെഹെസ്കേൽ 18:29, പി.ഒ.സി ബൈബിൾ; യെശയ്യാവു 45:9.
യഹോവയുടെ ന്യായബോധവും മനുഷ്യരോടുള്ള സ്നേഹവുമാണ് ശക്തി ദുർവിനിയോഗം ചെയ്യുന്ന, മറ്റുള്ളവരുടെ അവകാശങ്ങൾ ചവിട്ടിയരയ്ക്കുന്ന ആളുകളെ ഭൂമിയിൽനിന്നു നീക്കം ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നത്. ഈ ശക്തി പ്രകടനത്തിലൂടെ ദൈവം സമാധാനകാംക്ഷികളായ ആളുകൾ ആഗ്രഹിക്കുന്ന തരത്തിലുള്ള അവസ്ഥകൾ ഭൂമിയിൽ സ്ഥാപിക്കും. (സങ്കീർത്തനം 37:10, 11; നഹൂം 1:9) അങ്ങനെ ദൈവത്തിന്റെ രാജ്യം കുറ്റമറ്റതാണെന്നു തെളിയിക്കപ്പെടുകയും നിത്യമായി സംസ്ഥാപിക്കപ്പെടുകയും ചെയ്യും.—വെളിപ്പാടു 22:12-15. (g01 11/8)