നിങ്ങളുടെ ശരീരത്തിലെ അതിസൂക്ഷ്മ “ലോറികൾ”
നിങ്ങളുടെ ശരീരത്തിലെ അതിസൂക്ഷ്മ “ലോറികൾ”
അഞ്ചു ദിവസം മുമ്പ് അതു മർമ്മമുള്ള ഒരു കോശമായിരുന്നു. എന്നാൽ വളർച്ചയുടെയും വിഭജനത്തിന്റെയും ഘട്ടം പൂർത്തിയാക്കിയ ശേഷം, തീവ്രമായ സങ്കോചങ്ങളുടെ ഫലമായി അതു മർമ്മത്തെ പുറന്തള്ളിയിരിക്കുന്നു. ഇപ്പോൾ അത് ഒരു റെറ്റിക്കുലോസൈറ്റ് ആണ്. എന്നു പറഞ്ഞാൽ എന്താണെന്നല്ലേ? നിങ്ങളുടെ ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തിലേക്കു പ്രവേശിക്കാൻ തയ്യാറായി നിൽക്കുന്ന പൂർണ വളർച്ച പ്രാപിച്ചിട്ടില്ലാത്ത ഒരു അരുണ രക്താണുവാണ് അത്. രണ്ടു മുതൽ നാലു വരെ ദിവസം കഴിയുമ്പോൾ അതു പൂർണ വളർച്ചയെത്തിയ ഒരു അരുണ രക്താണുവായിത്തീരും.
ഈ ചെറിയ കോശത്തിന് ഒരു ലോറിയോടു വളരെയധികം സാദൃശ്യമുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്സിജൻ എത്തിക്കുന്ന ഹീമോഗ്ലോബിൻ എന്ന മാംസ്യത്തിന്റെ സഹായത്തോടെയാണ് അത് “ചരക്ക്” ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. അതിന്റെ നാലു മാസത്തെ ആയുസ്സിനിടയിൽ ഈ “ലോറി” നിങ്ങളുടെ ശരീരത്തിലൂടെ ഏകദേശം 250 കിലോമീറ്റർ ഓടുമെന്നു കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ശരീരത്തിൽ ഏതാണ്ട് 1,000 കോടി ലോമികകൾ (സൂക്ഷ്മ രക്തവാഹിനികൾ) ഉണ്ട്. അവയുടെ മൊത്തം നീളം ഭൂമിയുടെ ചുറ്റളവിന്റെ ഇരട്ടിയോളം വരും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്സിജൻ എത്തിക്കുന്നതിന് ശതസഹസ്രകോടിക്കണക്കിന് എറിത്രോസൈറ്റുകൾ (അരുണ രക്താണുക്കൾ) ആവശ്യമാണ്.
ഈ ചെറിയ “ലോറി” നിങ്ങളുടെ രക്തത്തിലൂടെ എല്ലായ്പോഴുംതന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സാഹചര്യത്തിന് അനുസൃതമായി അതിന്റെ വേഗം വ്യത്യാസപ്പെട്ടിരിക്കും. ഹൃദയത്തിൽനിന്നുള്ള “സൂപ്പർഹൈവേ”യായ മഹാധമനിയിലേക്കു രക്തം കടക്കുമ്പോഴാണ് ഇത് ഏറ്റവും കൂടിയ വേഗത്തിൽ സഞ്ചരിക്കുന്നത്—ഒരു സെക്കൻഡിൽ ഏതാണ്ട് 120 സെന്റിമീറ്റർ ആണ് അപ്പോഴത്തെ അതിന്റെ വേഗം. കോശം ശരീരത്തിലെ ഇടവഴികളിൽ പ്രവേശിക്കുമ്പോൾ അതിന്റെ വേഗം കുറഞ്ഞു കുറഞ്ഞു വരുന്നു. അറ്റത്തുള്ള ലോമികകളിൽ അതിന്റെ ശരാശരി വേഗം ഒരു സെക്കൻഡിൽ 0.3 മില്ലിമീറ്ററാണ്.
രക്താണുക്കൾ ഉത്ഭവിക്കുന്നത് എവിടെ?
സാധാരണഗതിയിൽ പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ മിക്ക രക്താണുക്കളും ഉത്പാദിപ്പിക്കപ്പെടുന്നത് അസ്ഥിമജ്ജയിലാണ്. ദിവസവും, നിങ്ങളുടെ ഓരോ കിലോഗ്രാം ശരീരഭാരത്തിനും ആനുപാതികമായി മജ്ജയിൽ 250 കോടി അരുണ രക്താണുക്കളും 100 കോടി ഗ്രാന്യൂലോസൈറ്റുകളും (ശ്വേത രക്താണുക്കൾ) 250 കോടി പ്ലേറ്റ്ലെറ്റുകളും ഉത്പാദിപ്പിക്കപ്പെടുന്നു. ഓരോ ദിവസവും നശിച്ചുപോകുന്ന കോശങ്ങളുടെ നഷ്ടം നികത്താൻ ഇതു സഹായിക്കുന്നു. പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ സാധാരണഗതിയിൽ ഓരോ സെക്കൻഡിലും ദശലക്ഷക്കണക്കിന് അരുണ രക്താണുക്കൾ നശിക്കുകയും പകരം പുതിയവ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടാണിരിക്കുന്നത്.
എന്നാൽ അസ്ഥിമജ്ജയിൽ ഉത്പാദിപ്പിക്കപ്പെടുന്ന അരുണ രക്താണുക്കൾ രക്തത്തിലേക്കു പ്രവേശിക്കുന്നത് എങ്ങനെയാണ്? പൂർണ വളർച്ച എത്തിയിട്ടില്ലാത്ത രക്താണു മജ്ജയിലെ ചെറിയ വാഹിനികളുടെ (സൈന്യുസോയിഡ്സ്) പുറത്തെ ഭിത്തിയുടെ അടുത്തേക്ക് ചെന്ന് മൈഗ്രേഷൻ പോർ എന്ന് അറിയപ്പെടുന്ന ഒരു ചെറിയ ദ്വാരത്തിലൂടെ രക്തത്തിൽ പ്രവേശിക്കുന്നു. ഏകദേശം മൂന്നു ദിവസത്തേക്കുംകൂടെ അത് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കുന്നതിൽ തുടരും. എന്നാൽ അതിനു ശേഷം അത് പൂർണ വളർച്ചയെത്തിയ അരുണ രക്താണു അഥവാ എറിത്രോസൈറ്റ് ആയിത്തീരുന്നതോടെ അതിന്റെ ആ ധർമം അവസാനിക്കും.
സിസ്റ്റമിക്, പൾമനറി രക്തപര്യയനങ്ങൾ
രക്തപര്യയനം രണ്ടു വിധമുണ്ടെന്ന് 17-ാം നൂറ്റാണ്ടിൽ ഡോക്ടർമാർ സ്ഥിരീകരിച്ചു. സിസ്റ്റമിക് രക്തപര്യയനത്തിൽ ശരീരത്തിലെ അതിസൂക്ഷ്മ “ലോറികൾ” ആയ അരുണ രക്താണുക്കൾ ഹൃദയത്തിൽനിന്നു നേരെ ശരീരകലകളിലേക്കു സഞ്ചരിക്കുന്നു. അവിടെ അവ ഓക്സിജൻ വിതരണം ചെയ്യുകയും പാഴ്വസ്തുവായ കാർബൺഡൈയോക്സൈഡ് സ്വീകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ആന്തരിക ശ്വസനം എന്നാണു വിളിക്കുന്നത്. എന്നിട്ട് അരുണ രക്താണുക്കൾ ഹൃദയത്തിലേക്കു മടങ്ങുന്നു. പൾമനറി രക്തപര്യയനത്തിൽ “ലോറികൾ” പുറപ്പെടുന്നത് ശ്വാസകോശത്തിലേക്കാണ്. അവിടെ പാഴ്വസ്തു ഇറക്കിയശേഷം അവ ഓക്സിജൻ കയറ്റിക്കൊണ്ടുപോരുന്നു. അങ്ങനെ പൾമനറി രക്തപര്യയനം ശരീരത്തിന്റെ ശ്വസന പ്രക്രിയയിൽ സഹായിക്കുന്നു.
ആവശ്യത്തിനു രക്താണുക്കൾ ഇല്ലാത്തപ്പോൾ
ചിലപ്പോൾ ശരീരത്തിലെ അരുണ രക്താണുക്കളുടെ എണ്ണം സാധാരണയിലും കുറയുന്നു. ഈ അവസ്ഥയെയാണ് ഡോക്ടർമാർ അനീമിയ എന്നു വിശേഷിപ്പിക്കുന്നത്. പല കാരണങ്ങളാൽ ഇതുണ്ടാവാം. (1) അരുണ രക്താണുക്കളുടെ ഉത്പാദന-വളർച്ചാ പ്രക്രിയകളിലെ തകരാറ്, (2) അവയുടെ അധികമായ നാശം, (3) അമിതമായ രക്തസ്രാവം എന്നിവ അവയിൽ ചിലതാണ്. പഴകിയ വീക്കങ്ങളുടെയോ ട്യൂമറുകളുടെയോ ഫലമായും അനീമിയ ഉണ്ടാകാം.
രക്തത്തിലെ ഇരുമ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നങ്ങൾ ഉണ്ടാകും. ഇരുമ്പിന്റെ അളവ് തീരെ കുറവാണെങ്കിൽ അരുണ രക്താണുക്കൾക്കു സാധാരണ വിധത്തിൽ വളരാൻ കഴിയാതെ പോകും. തത്ഫലമായി അവ സാധാരണയിലും ചെറുതും നിറം മങ്ങിയതും ആയിരിക്കും. മിക്കപ്പോഴും ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാനുള്ള ചികിത്സകളിലൂടെ പ്രശ്നം പരിഹരിക്കാവുന്നതാണ്. എന്നാൽ മറ്റു ചിലപ്പോൾ രക്തത്തിലെ ഇരുമ്പിന്റെ അളവ് കൂടിപ്പോകുന്നു. കേടു സംഭവിച്ച അരുണ രക്താണുക്കൾ പൊട്ടുകയും ശരീരത്തിൽ മുഴുവനും ഇരുമ്പിന്റെ അംശം വ്യാപിക്കുകയും ചെയ്യുന്നതിന്റെ ഫലമായി ഇത് ഉണ്ടാകാം. അങ്ങനെ, ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും വിഷബാധയേൽക്കുന്നു. ഹൃദയത്തിനു വിഷബാധ ഏൽക്കുന്നത് വിശേഷിച്ചും ഗുരുതരമാണ്. ഈ അവസ്ഥയിലുള്ള രോഗികൾ സാധാരണമായി വിട്ടുമാറാത്ത ഹൃദ്രോഗം മൂലമാണ് മരിക്കാറ്.
ശരീരത്തിലെ രക്താണുക്കളുടെ ധർമങ്ങൾ പൂർണമായി വിവരിക്കാൻ അനേകം പുസ്തകങ്ങൾതന്നെ വേണ്ടിവരും. എന്നിരുന്നാലും ഭാഗികമായ ഈ വിവരണത്തിൽനിന്നുതന്നെ അവയുടെ അത്ഭുതകരമായ സങ്കീർണത ജീവന്റെ രൂപരചയിതാവും സ്രഷ്ടാവുമായവന്റെ ജ്ഞാനത്തെ പ്രകീർത്തിക്കുന്നുവെന്ന് വ്യക്തമാകുന്നു. ജ്ഞാനിയായ മഹാ സ്രഷ്ടാവിനെ കുറിച്ച് പുരാതന കാലത്തെ അവന്റെ ഒരു ഭക്തൻ പറഞ്ഞു: “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.”—പ്രവൃത്തികൾ 17:28.(g01 11/22)