പുരുഷന്മാർ സ്ത്രീകളെ മർദിക്കുന്നത് എന്തുകൊണ്ട്?
പുരുഷന്മാർ സ്ത്രീകളെ മർദിക്കുന്നത് എന്തുകൊണ്ട്?
സ്ത്രീ തന്റെ ഇണയാൽ കൊല്ലപ്പെടാനുള്ള സാധ്യത മറ്റ് അക്രമികളാൽ കൊല്ലപ്പെടാനുള്ള സാധ്യത ഒരുമിച്ച് എടുത്താലുള്ളതിനെക്കാൾ കൂടുതലാണ് എന്നു ചില വിദഗ്ധർ പറയുന്നു. ഭാര്യാമർദനം എന്ന പ്രശ്നത്തിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തിൽ നിരവധി പഠനങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. ഏതു തരം പുരുഷനാണ് ഭാര്യയെ മർദിക്കുന്നത്? അയാളുടെ ബാല്യം എങ്ങനെയുള്ളത് ആയിരുന്നു? വിവാഹത്തിനു മുമ്പ്, കോർട്ടിങ്ങിൽ ഏർപ്പെട്ടിരുന്ന സമയത്ത് അയാൾ അക്രമവാസന പ്രകടിപ്പിച്ചിരുന്നോ? അയാൾ ചികിത്സയോട് എങ്ങനെയാണു പ്രതികരിക്കുന്നത്?
ഭാര്യയെ മർദിക്കുന്ന എല്ലാ പുരുഷന്മാരും ഒരേ തരക്കാർ അല്ല എന്നതാണ് വിദഗ്ധർ മനസ്സിലാക്കിയിരിക്കുന്ന ഒരു സംഗതി. വല്ലപ്പോഴും മാത്രം ഭാര്യയെ ഉപദ്രവിക്കുന്നവർ മുതൽ സ്ഥിരമായി ഭാര്യയെ മർദിക്കുന്നവർ വരെയുണ്ട്. ആദ്യ വിഭാഗത്തിൽ പെടുന്ന വ്യക്തി ആയുധം ഉപയോഗിക്കുന്നില്ല, അയാൾ മുമ്പ് ഭാര്യയെ ഉപദ്രവിച്ചിരുന്നവനുമല്ല. നടന്ന അക്രമ സംഭവം അയാളുടെ സാധാരണ പ്രകൃതത്തിനു വിപരീതമായ ഒന്നായിരുന്നു. ബാഹ്യ ഘടകങ്ങൾ ആയിരിക്കാം അയാളെ അതിനു പ്രേരിപ്പിച്ചത്. എന്നാൽ രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇണയെ മർദിക്കുന്നത് ഒരു നിത്യ സംഭവമാണ്. പശ്ചാത്താപത്തിന്റെ ലക്ഷണങ്ങളൊന്നും അയാൾ പ്രകടമാക്കുന്നതുമില്ല.
എന്നിരുന്നാലും, വ്യത്യസ്ത രീതികളിലാണ് പുരുഷന്മാർ ഭാര്യയെ മർദിക്കുന്നത് എന്നതിനാൽ മർദനത്തിന്റെ ചില രൂപങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് ഗൗരവം കുറഞ്ഞതാണെന്നു വരുന്നില്ല. വാസ്തവത്തിൽ, ഏതു തരത്തിലുള്ള ശാരീരിക ഉപദ്രവവും പരിക്കിലോ മരണത്തിൽ പോലുമോ കലാശിച്ചേക്കാം. അതിനാൽ, ഒരു വ്യക്തി മറ്റൊരാളുടെ അത്രയും കൂടെക്കൂടെ അല്ലെങ്കിൽ അത്രയും കടുത്ത രീതിയിലുള്ള അക്രമം നടത്തുന്നില്ല എന്നത് അയാളുടെ പ്രവൃത്തിയെ യാതൊരു വിധത്തിലും ന്യായീകരിക്കുന്നില്ല. “സ്വീകാര്യമായ” മർദനം എന്ന ഒന്നില്ല. എന്നാൽ ശേഷിച്ച കാലം മുഴുവൻ താൻ പരിപാലിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കാൻ ഒരു പുരുഷനെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയായിരിക്കും?
കുടുംബ സ്വാധീനം
ഇണയെ ശാരീരികമായി ഉപദ്രവിക്കുന്ന പുരുഷന്മാരിൽ വലിയൊരു പങ്കും തങ്ങളുടെ കുടുംബങ്ങളിൽ അത്തരം ഉപദ്രവം നടക്കുന്നതു കണ്ടു വളർന്നവരാണ് എന്നുള്ളതിൽ യാതൊരു അതിശയവുമില്ല. കുടുംബത്തിൽ നടക്കുന്ന മർദനത്തെ കുറിച്ചു ഗവേഷണം ചെയ്യുന്നതിനു രണ്ടിലധികം ദശാബ്ദക്കാലം ചെലവഴിച്ച മൈക്കൾ ഗ്രൂച്ച് എഴുതുന്നു: “ഇണയെ ഉപദ്രവിക്കുന്ന സ്വഭാവക്കാരിൽ മിക്കവരും വളർന്നു വന്നത് ‘യുദ്ധഭൂമി’കളോടു സദൃശമായ ഭവനങ്ങളിലാണ്. വൈകാരികവും ശാരീരികവുമായ അക്രമത്തെ ‘സാധാരണം’ ആയി വീക്ഷിച്ചിരുന്ന ശത്രുത നിറഞ്ഞ ചുറ്റുപാടുകളിലാണ് അവർ ശൈശവവും കുട്ടിക്കാലവും ചെലവഴിച്ചത്.” ഒരു വിദഗ്ധ പറയുന്നത് അനുസരിച്ച് അത്തരമൊരു ചുറ്റുപാടിൽ വളർന്നുവരുന്ന ഒരു ആൺകുട്ടി “വളരെ ചെറുപ്രായത്തിൽത്തന്നെ സ്ത്രീകളോടുള്ള
തന്റെ പിതാവിന്റെ അവജ്ഞ അതേപടി ഒപ്പിയെടുക്കുന്നു. പുരുഷൻ എപ്പോഴും സ്ത്രീയെ തന്റെ ചൊൽപ്പടിയിൽ നിറുത്തണമെന്നും അതിനുള്ള മാർഗം അവളെ ഭയപ്പെടുത്തുകയും ഉപദ്രവിക്കുകയും തരംതാഴ്ത്തുകയും ചെയ്യുകയാണെന്നും കുട്ടി പഠിക്കുന്നു. അതുപോലെ പിതാവിന്റെ അംഗീകാരം ലഭിക്കാനുള്ള ഏറ്റവും നല്ല വിധം അദ്ദേഹത്തെപ്പോലെതന്നെ പെരുമാറുകയാണ് എന്നും അവൻ മനസ്സിലാക്കുന്നു.”മാതാപിതാക്കളുടെ നടത്തയ്ക്കു കുട്ടികളുടെമേലുള്ള സ്വാധീനം വളരെ വലുതാണെന്നു ബൈബിൾ വ്യക്തമാക്കുന്നു. അതിന് കുട്ടിയെ നല്ല രീതിയിലോ മോശമായ രീതിയിലോ സ്വാധീനിക്കാനാകും. (സദൃശവാക്യങ്ങൾ 22:6; കൊലൊസ്സ്യർ 3:21) തീർച്ചയായും, കുടുംബ പശ്ചാത്തലം ഒരിക്കലും അത്തരം ഉപദ്രവത്തിന് ന്യായീകരണം ആകുന്നില്ല. എന്നിരുന്നാലും അക്രമ പ്രവണതയുടെ വിത്തുകൾ വിതയ്ക്കപ്പെട്ടത് എവിടെയാണെന്നു മനസ്സിലാക്കുന്നതിന് അത് ഒരുപക്ഷേ സഹായിച്ചേക്കാം.
സാംസ്കാരിക സ്വാധീനം
ചില രാജ്യങ്ങളിൽ സ്ത്രീകളെ തല്ലുന്നത് സ്വീകാര്യമായ, സാധാരണം പോലുമായ ഒരു സംഗതിയായി കണക്കാക്കുന്നു. “സ്വന്തം ഭാര്യയെ തല്ലാനോ ദേഹോപദ്രവത്തിലൂടെ ഭയപ്പെടുത്താനോ ഉള്ള അവകാശം ഭർത്താവിന് ഉണ്ടെന്ന് പല സമൂഹങ്ങളും അടിയുറച്ചു വിശ്വസിക്കുന്നു” എന്ന് ഐക്യരാഷ്ട്രങ്ങളുടെ ഒരു റിപ്പോർട്ടു പറയുന്നു.
ഇത്തരം ഉപദ്രവം സ്വീകാര്യമായി കണക്കാക്കാത്ത രാജ്യങ്ങളിൽപ്പോലും അക്രമാസക്തമായ രീതികൾ അവലംബിക്കുന്ന വ്യക്തികൾ കുറവല്ല. ഈ വിഷയത്തെ സംബന്ധിച്ച ചില പുരുഷന്മാരുടെ യുക്തിഹീനമായ ചിന്താരീതി ഞെട്ടിക്കുന്നതാണ്. ദക്ഷിണാഫ്രിക്കയിലെ വീക്ക്ലി മെയ്ൽ ആൻഡ് ഗാർഡിയൻ പറയുന്നതനുസരിച്ച് കേപ് ഉപദ്വീപിൽ നടത്തിയ ഒരു പഠനം തങ്ങൾ ഭാര്യമാരെ ഉപദ്രവിക്കാറില്ല എന്നു പറഞ്ഞ പുരുഷന്മാരിൽ ഭൂരിപക്ഷവും സ്ത്രീയെ തല്ലുന്നതിൽ കുഴപ്പമില്ലെന്നും അതിനെ അക്രമത്തിന്റെ ഗണത്തിൽ പെടുത്താനാവില്ലെന്നും വിശ്വസിച്ചതായി കണ്ടെത്തി.
തെളിവനുസരിച്ച് അത്തരം വികലമായ ഒരു വീക്ഷണം രൂപംകൊള്ളുന്നത് പലപ്പോഴും കുട്ടിക്കാലത്താണ്. ഉദാഹരണത്തിന്, 11-ഉം 12-ഉം വയസ്സുള്ള ആൺകുട്ടികളിൽ 75 ശതമാനവും, പ്രകോപിപ്പിക്കപ്പെട്ടാൽ പുരുഷൻ സ്ത്രീയെ അടിക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്നതായി ബ്രിട്ടനിൽ നടത്തിയ ഒരു പഠനം കാണിച്ചു.
മർദനത്തിന് ഒരു ന്യായീകരണവുമില്ല
മുകളിൽ പരാമർശിച്ച ഘടകങ്ങൾ ഭാര്യാമർദനത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാൻ സഹായിച്ചേക്കാം. എന്നാൽ അവ ഒരിക്കലും അതിനെ ന്യായീകരിക്കുന്നില്ല. വ്യക്തമായി പറഞ്ഞാൽ, ഒരുവന്റെ ഇണയെ ഉപദ്രവിക്കുന്നത് ദൈവദൃഷ്ടിയിൽ കൊടിയ പാപമാണ്. അവന്റെ വചനമായ ബൈബിളിൽ നാം ഇപ്രകാരം വായിക്കുന്നു: “ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോററി പുലർത്തുകയത്രേ ചെയ്യുന്നതു.”—എഫെസ്യർ 5:28, 29.
ഈ വ്യവസ്ഥിതിയുടെ “അന്ത്യകാലത്തു” അനേകർ “വാത്സല്യമില്ലാത്തവരും,” “ഉഗ്രന്മാരും,” “ദ്രോഹികളും” ആയിരിക്കുമെന്ന് ബൈബിൾ വളരെക്കാലം മുമ്പുതന്നെ മുൻകൂട്ടി പറഞ്ഞിരുന്നു. (2 തിമൊഥെയൊസ് 3:1-4) വ്യാപകമായ അളവിൽ ഭവനങ്ങളിൽ അരങ്ങേറുന്ന ദ്രോഹം അഥവാ മർദനം, നാം ഈ പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്ന കാലഘട്ടത്തിലാണു ജീവിക്കുന്നത് എന്നുള്ളതിനു തെളിവു നൽകുന്നു. എന്നാൽ ശാരീരിക പീഡനത്തിന് ഇരയാകുന്നവരെ സഹായിക്കാൻ എന്തു ചെയ്യാൻ കഴിയും? ഭാര്യമാരെ ഉപദ്രവിക്കുന്നവർക്ക് തങ്ങളുടെ പെരുമാറ്റ രീതിയിൽ മാറ്റം വരുത്താൻ കഴിയും എന്നതിന് എന്തെങ്കിലും പ്രതീക്ഷയുണ്ടോ?(g01 11/8)
[5-ാം പേജിലെ ആകർഷകവാക്യം]
“ഭാര്യാമർദനം ഒരു അപരിചിതനെ കയ്യേറ്റം ചെയ്യുന്നതിനോളംതന്നെ ഗൗരവമുള്ള കുറ്റമാണ്.”—പുരുഷന്മാർ സ്ത്രീകളെ മർദിക്കുമ്പോൾ
[6-ാം പേജിലെ ചതുരം]
വീട്ടിനുള്ളിലെ അക്രമം—ഒരു ആഗോള പ്രശ്നം
സ്ത്രീകളെ ഉപദ്രവിക്കാൻ ചായ്വുള്ള ദുരഭിമാനികളായ പുരുഷന്മാർ ഒരു ലോകവ്യാപക പ്രശ്നമാണെന്നു തെളിയിക്കുന്ന ചില റിപ്പോർട്ടുകൾ താഴെ കൊടുക്കുന്നു.
ഈജിപ്ത്: അലക്സാൻഡ്രിയയിൽ നടന്ന മൂന്നു മാസത്തെ ഒരു പഠനം സ്ത്രീകൾക്ക് ഏൽക്കുന്ന പരിക്കുകളുടെ മുഖ്യ കാരണം വീട്ടിനുള്ളിലെ അക്രമം ആണെന്നു കാണിച്ചു. പ്രാദേശിക ചികിത്സാലയങ്ങൾ സന്ദർശിക്കുന്ന സ്ത്രീകളിൽ 27.9 ശതമാനത്തിന് അങ്ങനെ ചെയ്യേണ്ടി വരുന്നതിന്റെ കാരണവും അതുതന്നെ.—വനിതകളെ കുറിച്ചുള്ള നാലാം ലോക സമ്മേളനം, സംഗ്രഹം 5.
തായ്ലൻഡ്: ബാങ്കോക്കിന്റെ പ്രാന്തപ്രദേശങ്ങളിലെ ഏറ്റവും ജനപ്പാർപ്പുള്ള മേഖലയിൽ, വിവാഹിതരായ സ്ത്രീകളിൽ 50 ശതമാനവും സ്ഥിരമായി പ്രഹരിക്കപ്പെടുന്നവരാണ്.—സ്ത്രീ ക്ഷേമത്തിനായുള്ള പസഫിക് ഇൻസ്റ്റിറ്റ്യൂട്ട്.
ഹോങ്കോംഗ്: “ഇണ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നു പറയുന്ന സ്ത്രീകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 40 ശതമാനത്തിലധികം വർധനവ് ഉണ്ടായി.”—സൗത്ത് ചൈന മോർണിങ് പോസ്റ്റ്, ജൂലൈ 21, 2000.
ജപ്പാൻ: അഗതിമന്ദിരങ്ങളിൽ അഭയം തേടുന്ന സ്ത്രീകളുടെ എണ്ണം 1995-ൽ 4,843 ആയിരുന്നത് 1998-ൽ 6,340 ആയി ഉയർന്നു. “അവരിൽ ഏതാണ്ട് മൂന്നിലൊന്നു പേർ ഭർത്താവിന്റെ അക്രമാസക്തമായ പെരുമാറ്റത്തിൽനിന്നു രക്ഷപ്പെടുന്നതിനാണ് തങ്ങൾ അഭയം തേടിയതെന്നു പറഞ്ഞു.”—ദ ജപ്പാൻ ടൈംസ്, സെപ്റ്റംബർ 10, 2000.
ബ്രിട്ടൻ: “ഓരോ ആറു സെക്കൻഡിലും ബ്രിട്ടനിലെ ഏതെങ്കിലുമൊരു ഭവനത്തിൽ ഒരു ബലാത്സംഗമോ ദേഹോപദ്രവമോ കത്തിക്കുത്തോ നടക്കുന്നു.” സ്കോട്ട്ലൻഡ്യാർഡിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് “ഓരോ ദിവസവും, വീടുകളിൽ അക്രമത്തിന് ഇരയാകുന്ന 1,300 പേരിൽനിന്നുള്ള ഫോൺകോളുകൾ പോലീസിനു ലഭിക്കുന്നു—ഒരു വർഷം 5,70,000-ത്തിലും അധികം. അവരിൽ എൺപത്തൊന്ന് ശതമാനവും പുരുഷന്മാരാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളാണ്.”—ദ ടൈംസ്, ഒക്ടോബർ 25, 2000.
പെറു: പോലീസിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളിൽ എഴുപതു ശതമാനവും ഭാര്യാമർദനം ഉൾപ്പെടുന്ന കേസുകളാണ്.—സ്ത്രീ ക്ഷേമത്തിനായുള്ള പസഫിക് ഇൻസ്റ്റിറ്റ്യൂട്ട്.
റഷ്യ: “ഒരു വർഷം 14,500 റഷ്യൻ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരാൽ കൊല്ലപ്പെട്ടു. വേറെ 56,400 പേർക്ക് വീട്ടിനുള്ളിലെ അക്രമത്തിന്റെ ഫലമായി വൈകല്യം സംഭവിക്കുകയോ സാരമായി പരിക്കേൽക്കുകയോ ചെയ്തു.”—ദ ഗാർഡിയൻ.
ചൈന: “ഇത് ഒരു പുതിയ പ്രശ്നമാണ്. വളരെ വേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഇത്, പ്രത്യേകിച്ചും നഗര പ്രദേശങ്ങളിൽ” എന്ന് ജിങ്ലൂൻ കുടുംബ കേന്ദ്രത്തിന്റെ ഡയറക്ടർ ചെൻ യിയൂൻ പറയുന്നു. “വീടുകളിൽ നടക്കുന്ന അക്രമത്തെ തടയാൻ അയൽക്കാരുടെ ഇടപെടലുകൾക്ക് ഇപ്പോൾ കഴിയുന്നില്ല.”—ദ ഗാർഡിയൻ.
നിക്കരാഗ്വ: “നിക്കരാഗ്വയിൽ സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ കുതിച്ചുയരുകയാണ്. ഒരു സർവേ അനുസരിച്ച് കഴിഞ്ഞ വർഷം മാത്രം നിക്കരാഗ്വയിലെ സ്ത്രീകളിൽ 52 ശതമാനം തങ്ങളുടെ പങ്കാളികളിൽനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള ഉപദ്രവത്തിന് ഇരകളായിട്ടുണ്ട്.”—ബിബിസി വാർത്ത.
[7-ാം പേജിലെ ചതുരം]
അപകട സൂചനകൾ
യു.എസ്.എ.-യിലെ റോഡ് ഐലന്റ് സർവകലാശാലയിൽനിന്നുള്ള റിച്ചർഡ് ജെ. ജെൽസിന്റെ നേതൃത്വത്തിൽ നടന്ന ഒരു പഠനം ഭവനത്തിൽ ശാരീരികമോ വൈകാരികമോ ആയ പീഡനം ഉണ്ടായേക്കാം എന്നതിന്റെ സൂചനകളായി പിൻവരുന്ന ഘടകങ്ങളെ ചൂണ്ടിക്കാണിക്കുന്നു:
1.പുരുഷൻ മുമ്പും വീട്ടിനുള്ളിലെ അക്രമത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
2.അയാൾ തൊഴിൽരഹിതനാണ്.
3.വർഷത്തിൽ ഒരിക്കലെങ്കിലും അയാൾ നിയമവിരുദ്ധ മയക്കുമരുന്ന് ഉപയോഗിക്കുന്നു.
4.സ്വന്തം വീട്ടിൽ അച്ഛൻ അമ്മയെ തല്ലുന്നത് അയാൾ കണ്ടിരുന്നു.
5.സ്ത്രീയും പുരുഷനും വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്നവരാണ്.
6.തൊഴിൽ ഉണ്ടെങ്കിലും വളരെ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്.
7.അയാൾ ഹൈസ്കൂൾ പാസായിട്ടില്ല.
8.18-നും 30-നും ഇടയ്ക്കാണ് അയാളുടെ പ്രായം.
9.വീട്ടിൽ മാതാപിതാക്കളിൽ ആരെങ്കിലും അല്ലെങ്കിലും ഇരുവരും കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാറുണ്ട്.
10.വരുമാനം ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.
11.പുരുഷനും സ്ത്രീയും വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിൽനിന്നുള്ളവരാണ്.
[7-ാം പേജിലെ ചിത്രം]
കുടുംബത്തിനുള്ളിലെ അക്രമത്തിന് കുട്ടികളെ സാരമായി ബാധിക്കാൻ കഴിയും