അതിർത്തി രേഖ കടക്കൽ
അതിർത്തി രേഖ കടക്കൽ
പോയകാലത്ത് വീണ്ടും ജീവിക്കുക അല്ലെങ്കിൽ ഭാവികാലം മുൻകൂട്ടി കാണാൻ കഴിയുക എന്നത് മനുഷ്യന്റെ ദീർഘനാളായുള്ള മോഹമാണ്. അതുകൊണ്ട്, ആളുകൾ ദിവസവും ഒരർഥത്തിൽ ഇതു ചെയ്യുന്നുണ്ട് എന്നു പറഞ്ഞാൽ നിങ്ങൾക്ക് അത്ഭുതം തോന്നുമോ? ഒരു യോഗത്തിൽ പങ്കെടുക്കാൻ ടോക്കിയോയിൽ നിന്ന് ന്യൂയോർക്കിലേക്കു പറക്കുന്ന ഒരു ബിസിനസ്സുകാരന്റെ കാര്യമെടുക്കാം. അദ്ദേഹത്തിന്റെ വിമാനം ഉച്ചയ്ക്കാണ് പുറപ്പെടുന്നതെങ്കിൽ, ലോകത്തിന്റെ പകുതിയോളം നിറുത്താതെ പറന്നശേഷം അത് അന്നു രാവിലെ—പ്രത്യക്ഷത്തിൽ, അദ്ദേഹം പുറപ്പെട്ട സമയത്തെക്കാൾ നേരത്തേ—ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും.
ഒരു ദീർഘയാത്ര നടത്തിയശേഷം യാത്ര പുറപ്പെട്ട സമയത്തിനു മുമ്പ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക എന്നതു സാധ്യമാണോ? തീർച്ചയായും അല്ല. എന്നാൽ വിദൂര നഗരങ്ങൾ വ്യത്യസ്ത സമയ മേഖലകളിലാണു സ്ഥിതി ചെയ്യുന്നത്. ഭൂഗോളത്തിലെ ഒരു അദൃശ്യരേഖയായ അന്തർദേശീയ ദിനാങ്കരേഖ മുറിച്ചുകടക്കുമ്പോൾ അതിന്റെ അർഥം, കലണ്ടർ തീയതികളിൽ മാറ്റം വരുത്തുന്ന ഒരു അംഗീകൃത അതിർത്തി മുറിച്ചുകടക്കുന്നു എന്നാണ്. ശരിക്കും കുഴപ്പിക്കുന്ന ഒരു സംഗതിതന്നെ! ഏതു ദിശയിൽ യാത്ര ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ നൊടിയിടകൊണ്ട് നിങ്ങൾക്ക് ഒരു ദിവസം ലാഭമോ നഷ്ടമോ ഉണ്ടാകും.
മുമ്പു പറഞ്ഞ ബിസിനസ്സുകാരൻ ചൊവ്വാഴ്ച വൈകിയാണ് ന്യൂയോർക്കിൽനിന്നു തിരിക്കുന്നത് എന്നു വിചാരിക്കുക. ഏതാണ്ട് 14 മണിക്കൂർ യാത്ര ചെയ്ത ശേഷം അദ്ദേഹം ജപ്പാനിൽ വന്നിറങ്ങുമ്പോൾ അവിടെ വ്യാഴാഴ്ചയായിക്കഴിഞ്ഞിരിക്കും. എത്ര വിചിത്രം! ഒരു മുഴു ദിവസംതന്നെ അദ്ദേഹത്തിനു നഷ്ടമായിരിക്കുന്നു! അന്തർദേശീയ ദിനാങ്കരേഖ മുറിച്ചു കടന്ന തന്റെ ആദ്യ യാത്രയെ കുറിച്ച് പരിചയസമ്പന്നയായ ഒരു യാത്രക്കാരി ഇങ്ങനെ പറഞ്ഞു: “ആ ദിവസം നഷ്ടമായത് എങ്ങനെയാണ് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. അത് എന്നെ ശരിക്കും കുഴപ്പിച്ചു.”
ദിനാങ്കരേഖ യാത്രക്കാരെ ഇങ്ങനെ ആശയക്കുഴപ്പത്തിലാക്കുന്നതുകൊണ്ട്, ഇങ്ങനെയൊരു അതിർവരമ്പിന്റെ ആവശ്യം എന്താണ് എന്നു ചിലർ ചിന്തിച്ചേക്കാം.
സമുദ്രയാത്രികരുടെ കണ്ടെത്തൽ
ഒരു ദിനാങ്കരേഖയുടെ ആവശ്യം എന്തായിരുന്നുവെന്ന് 1522 എന്ന വർഷത്തിലേക്കു പിന്തിരിഞ്ഞു നോക്കിയാൽ വ്യക്തമാകും. ഫെർഡിനാൻഡ് മഗല്ലനോടൊപ്പം യാത്രതിരിച്ച സമുദ്രയാത്രികർ ഭൂമിക്കു ചുറ്റുമുള്ള ആദ്യത്തെ കപ്പൽ യാത്ര പൂർത്തിയാക്കിയ വർഷമാണ് അത്. മൂന്നു വർഷം കടലിലൂടെ യാത്ര ചെയ്തശേഷം സെപ്റ്റംബർ 7-ാം തീയതി ഞായറാഴ്ച അവർ സ്പെയിനിൽ എത്തിച്ചേർന്നു. എന്നാൽ അവർ കപ്പലിൽ സൂക്ഷിച്ച രേഖ പ്രകാരം അന്ന് സെപ്റ്റംബർ 6-ാം തീയതി ശനിയാഴ്ച ആയിരുന്നു. ഈ വ്യത്യാസത്തിനു കാരണം? ഭൂമിക്കു ചുറ്റും സൂര്യന്റെ അതേ ദിശയിൽ യാത്ര ചെയ്തിരുന്നതിനാൽ സ്പെയിനിലെ ആളുകളെ അപേക്ഷിച്ച് അവർ ഒരു സൂര്യോദയം കുറവാണ് കണ്ടത്.
ഗ്രന്ഥകാരനായ ജൂൽസ് വേൺ എൺപതു ദിവസംകൊണ്ട് ലോകത്തിനു ചുറ്റും എന്ന തന്റെ ഇംഗ്ലീഷ് നോവലിൽ ഇതിനു നേർവിപരീതമായ പ്രതിഭാസത്തെ കുറിച്ചു
പ്രതിപാദിച്ചു. ഒരു വലിയ തുക സമ്മാനമായി നേടാൻ പുസ്തകത്തിലെ പ്രധാന കഥാപാത്രം 80 ദിവസംകൊണ്ട് ഭൂമിയെ വലംവെക്കാൻ ഇറങ്ങിത്തിരിക്കുന്നു. ഒറ്റയൊരു ദിവസം വൈകിപ്പോയതുകൊണ്ട് സമ്മാനം നഷ്ടമായ ദുഃഖത്തിൽ അയാൾ തിരിച്ചെത്തുന്നു. എന്നാൽ, വാസ്തവത്തിൽ കൃത്യദിവസംതന്നെയാണ് താൻ തിരിച്ചെത്തിയിരിക്കുന്നത് എന്നു മനസ്സിലാക്കിയപ്പോൾ അയാൾ അതിശയിച്ചു പോയി. പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: “അറിയാതെയാണെങ്കിലും ഫിലിയസ് ഫോഗ് തന്റെ യാത്രയിൽ ഒരു ദിവസം കൂടുതൽ നേടിയിരുന്നു. കാരണം, അയാൾ യാത്രയിൽ ഉടനീളം കിഴക്കോട്ടാണ് സഞ്ചരിച്ചത്.”അന്തർദേശീയ ദിനാങ്കരേഖ വേണിന്റെ കഥയ്ക്ക് ഒരു ശുഭപര്യവസാനം നൽകിയതായി തോന്നിയേക്കാമെങ്കിലും, 1873-ൽ വിഖ്യാതമായ ഈ നോവൽ പ്രസിദ്ധീകരിക്കുമ്പോൾ പ്രസ്തുത രേഖ സ്ഥാപിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ശാന്തസമുദ്രം മുറിച്ചു കടക്കുമ്പോൾ അന്നത്തെ കപ്പിത്താന്മാർ കലണ്ടറിൽ ഒരു ദിവസത്തെ പൊരുത്തപ്പെടുത്തൽ വരുത്തുകയായിരുന്നു പതിവ്. എന്നാൽ അവരുടെ ഭൂപടങ്ങളിൽ ഇന്നത്തെ ദിനാങ്കരേഖ ഉണ്ടായിരുന്നില്ല. സമയ മേഖലകളുടെ ഒരു ആഗോള സംവിധാനം സ്ഥാപിക്കുന്നതിനു മുമ്പായിരുന്നു അത്. അതുകൊണ്ട്, അലാസ്ക റഷ്യയുടെ അധീനതയിലായിരുന്ന കാലത്ത് അവിടത്തെ ജനങ്ങൾ മോസ്കോക്കാരുടെ അതേ കലണ്ടറാണു പിൻപറ്റിയിരുന്നത്. എന്നാൽ 1867-ൽ അലാസ്ക ഐക്യനാടുകളുടെ ഭാഗം ആയപ്പോൾ അവർ ഐക്യനാടുകളുടെ കലണ്ടർ സ്വീകരിച്ചു.
ചരിത്രപരമായ സംഭവവികാസങ്ങൾ
സമയവുമായി ബന്ധപ്പെട്ട ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ 1884-ൽ, ‘അന്താരാഷ്ട്ര പ്രധാന രേഖാംശരേഖ കോൺഫറൻസിൽ’ സംബന്ധിക്കാനായി 25 രാഷ്ട്രങ്ങളിലെ പ്രതിനിധികൾ വാഷിങ്ടൺ ഡി.സി.-യിൽ എത്തിച്ചേർന്നു. അവർ 24 സമയ മേഖലകളുടെ ഒരു ആഗോള സംവിധാനത്തിനു രൂപം കൊടുത്തു. കൂടാതെ, ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലൂടെ കടന്നുപോകുന്ന രേഖാംശരേഖയെ പ്രധാന രേഖാംശരേഖയായി അംഗീകരിക്കുകയും ചെയ്തു. a അത്, ഭൂഗോളത്തിലെ കിഴക്കു-പടിഞ്ഞാറു സ്ഥാനങ്ങൾ അളക്കുന്നതിനുള്ള ആരംഭസ്ഥാനമായി മാറി.
ഗ്രീനിച്ചിൽനിന്ന് ഭൂമിയുടെ പാതിദൂരത്തുള്ള സ്ഥാനം—കിഴക്കുനിന്ന് അല്ലെങ്കിൽ പടിഞ്ഞാറുനിന്ന് 12 സമയ മേഖലകൾ അകലെയുള്ള സ്ഥാനം—ഒരു അന്തർദേശീയ ദിനാങ്കരേഖയ്ക്കു പറ്റിയതാണെന്നു കാണപ്പെട്ടു. 1884-ലെ കോൺഫറൻസിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും, 180-ഡിഗ്രി ധ്രുവരേഖ വിശേഷിച്ചും അനുയോജ്യമായ ഒരു സ്ഥാനമായി കണക്കാക്കപ്പെട്ടു. കാരണം, ദിനാങ്കരേഖ അപ്പോൾ ഒരു ഭൂഖണ്ഡത്തിലൂടെ കടന്നുപോകില്ലെന്നുള്ളതു തീർച്ചയായിരുന്നു. നിങ്ങൾ താമസിക്കുന്ന രാജ്യത്തിന്റെ ഒരു പകുതിയിൽ ഞായറാഴ്ചയും മറ്റേ പകുതിയിൽ തിങ്കളാഴ്ചയും ആണെങ്കിൽ ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം സങ്കൽപ്പിച്ചു നോക്കൂ!
ഒരു ലോകഭൂപടം അല്ലെങ്കിൽ ഗ്ലോബ് പരിശോധിച്ചാൽ, ഹവായ്ക്കു പടിഞ്ഞാറായി 180-ഡിഗ്രി ധ്രുവരേഖ നിങ്ങൾക്കു കാണാൻ സാധിക്കും. അന്തർദേശീയ ദിനാങ്കരേഖ ധ്രുവരേഖയിലൂടെ കൃത്യമായി കടന്നുപോകുന്നില്ല എന്നു ശ്രദ്ധിക്കുക. കരയെ പൂർണമായും ഒഴിവാക്കാൻ ശാന്തസമുദ്രത്തിലൂടെ, പോകുന്ന ഈ രേഖയിൽ അൽപ്പസ്വൽപ്പം ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. ദിനാങ്കരേഖ സ്ഥാപിക്കപ്പെട്ടത് പൊതു ധാരണ പ്രകാരമായതിനാലും അന്താരാഷ്ട്ര കരാറിന്റെ അടിസ്ഥാനത്തിൽ അല്ലായിരുന്നതിനാലും ഓരോ രാജ്യത്തിന്റെയും അഭിപ്രായം അനുസരിച്ച് അതിനു മാറ്റം വരുത്തുക സാധ്യമാണ്. ഉദാഹരണത്തിന്, 1995-ൽ കിരിബാറ്റി ദ്വീപശൃംഖലയിലൂടെ കടന്നുപോകുന്ന അന്തർദേശീയ ദിനാങ്കരേഖയുടെ പാതയ്ക്ക്, ഏറ്റവും കിഴക്കുള്ള ദ്വീപിനെ കൂടെ ഉൾപ്പെടുത്തത്തക്കവിധം മാറ്റം വരുത്തുമെന്ന് കിരിബാറ്റി പ്രഖ്യാപിച്ചു. അതുകൊണ്ട്, ഏറ്റവും പുതിയ ഭൂപടങ്ങളിൽ കിരിബാറ്റി ദ്വീപുകൾ എല്ലാം രേഖയുടെ ഒരേ വശത്താണു സ്ഥിതി ചെയ്യുന്നത് എന്നു കാണാൻ കഴിയും. അതുകൊണ്ട് ദ്വീപുകളിലെല്ലാം തീയതി ഒന്നുതന്നെയായിരിക്കും.
അതു പ്രവർത്തിക്കുന്ന വിധം
ദിനാങ്കരേഖ കടക്കുമ്പോൾ ഒരു ദിവസം നഷ്ടപ്പെടുകയോ നേടുകയോ ചെയ്യുന്നതിന്റെ കാരണം മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം പരിചിന്തിക്കാം. നിങ്ങൾ ഭൂമിക്കു ചുറ്റും കപ്പലിൽ യാത്ര ചെയ്യുകയാണെന്നു കരുതുക. നിങ്ങൾ കിഴക്കോട്ടാണ് പോകുന്നത്. നിങ്ങൾ തിരിച്ചറിയുന്നില്ലെങ്കിലും, ഓരോ സമയ മേഖലയിലൂടെ യാത്ര ചെയ്യുമ്പോഴും നിങ്ങൾ ഒരു മണിക്കൂർ വീതം നേടുകയാണ്. ഭൂമിക്കു ചുറ്റുമുള്ള യാത്ര പൂർത്തിയാകുമ്പോൾ നിങ്ങൾ 24 സമയ മേഖലകളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകും. ഒരു അന്തർദേശീയ ദിനാങ്കരേഖ ഇല്ലായിരുന്നെങ്കിൽ, പ്രാദേശിക സമയത്തിന് ഒരു ദിവസം മുമ്പ് നിങ്ങൾ എത്തിച്ചേർന്നതായി കണക്കാക്കപ്പെടും. അന്തർദേശീയ ദിനാങ്കരേഖ ഈ പ്രശ്നം പരിഹരിക്കുന്നു. ഇത് അൽപ്പം ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടല്ലേ? മഗല്ലന്റെ സഹയാത്രികരും ഫിലിയസ് ഫോഗ് എന്ന കഥാപാത്രവും ലോകത്തിനു ചുറ്റുമുള്ള തങ്ങളുടെ യാത്ര പൂർത്തിയാക്കിയ ദിവസം കണക്കാക്കിയപ്പോൾ പിശകു വരുത്തിയതിൽ അത്ഭുതപ്പെടാനില്ല!
ദിനാങ്കരേഖ മുറിച്ചു കടന്നിട്ടുള്ളവർക്ക്, പെട്ടെന്ന് ഒരു ദിവസം നഷ്ടപ്പെടുകയോ നേടുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന വിചിത്രമായ അനുഭവം അറിയാം. എന്നാൽ അന്തർദേശീയ ദിനാങ്കരേഖ ഇല്ലായിരുന്നെങ്കിൽ യാത്രകൾ ഇതിലും ആശയക്കുഴപ്പം സൃഷ്ടിച്ചേനെ. (g01 12/22)
[അടിക്കുറിപ്പുകൾ]
a സമയ മേഖലകളെയും രേഖാംശരേഖകളെയും കുറിച്ചുള്ള കൂടുതലായ വിവരങ്ങൾക്ക് 1995 മാർച്ച് 8 ലക്കം ഉണരുക!-യിലെ “ഉപയോഗപ്രദമായ ആ സാങ്കൽപ്പിക രേഖകൾ” എന്ന ലേഖനം കാണുക.
[21-ാം പേജിലെ രേഖാചിത്രം/മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മാർച്ച് | മാർച്ച്
2 | 1
[22-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: ഗ്രീനിച്ച് റോയൽ ഒബ്സർവേറ്ററി
വലത്ത്: ഈ കൽപ്പാത പ്രധാന രേഖാംശ രേഖയെ കുറിക്കുന്നു