ചെറുപ്രായത്തിലെ ഡേറ്റിങ്—അതിൽ എന്താണു കുഴപ്പം?
യുവജനങ്ങൾ ചോദിക്കുന്നു . . .
ചെറുപ്രായത്തിലെ ഡേറ്റിങ്—അതിൽ എന്താണു കുഴപ്പം?
“ഈയിടെ സ്കൂളിലെ ചില ആൺകുട്ടികൾ അവരുടെ കൂടെ കറങ്ങാൻ ചെല്ലാമോ, അവരെ പ്രേമിക്കാമോ എന്നൊക്കെ ചോദിച്ച് എന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ടുണ്ട്.”—11 വയസ്സുകാരിയായ ബെക്കി. a
“ഞങ്ങളുടെ സ്കൂളിലെ മിക്ക കുട്ടികളും ഡേറ്റിങ്ങിൽ ഏർപ്പെടുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഇടനാഴിയിൽനിന്നു ചുംബിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്.”—ലിയാന്ന എന്ന 10-ാം ക്ലാസ് വിദ്യാർഥിനി.
തീരെ ചെറുപ്രായത്തിൽത്തന്നെ പ്രണയബന്ധത്തിൽ അകപ്പെടുന്നവർ ചുരുക്കമല്ല. പലപ്പോഴും അതിനെ ഒരു സാധാരണ സംഗതിയായി, നിരുപദ്രവകരമായ ഒന്നായി മാധ്യമങ്ങൾ ചിത്രീകരിക്കുന്നു. “ഞങ്ങളുടെ സ്കൂളിൽ എല്ലാവർക്കുംതന്നെ ഒരു ബോയ്ഫ്രണ്ടോ ഗേൾഫ്രണ്ടോ ഉണ്ട്” എന്ന് പന്ത്രണ്ടുകാരിയായ ഓനേഡ പറയുന്നു. ജെന്നിഫെർ എന്ന യുവതി അനുസ്മരിക്കുന്നു: “മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ചില ആൺകുട്ടികളും പെൺകുട്ടികളും പ്രേമിച്ചു നടക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്.” അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “11 വയസ്സുള്ളപ്പോൾത്തന്നെ ഡേറ്റിങ്ങിൽ ഏർപ്പെടാനുള്ള സമ്മർദം സമപ്രായക്കാരിൽനിന്ന് എനിക്ക് ഉണ്ടായിട്ടുണ്ട്.”
അതുകൊണ്ട് നിങ്ങൾ ഡേറ്റിങ്ങിൽ ഏർപ്പെടുന്നില്ലെങ്കിൽ ഒറ്റപ്പെട്ടു നിൽക്കുന്നതായി തോന്നിയേക്കാമെന്നുള്ളതു വാസ്തവം. ഒരുപക്ഷേ നിങ്ങൾ കളിയാക്കലിനോ പരിഹാസത്തിനോ പാത്രമായെന്നും വരാം. പ്രേമിക്കാനുള്ള പ്രായം ആയിട്ടില്ലെന്നു തോന്നിയതുകൊണ്ട് ജെന്നിഫെർ അവളുമായി ഡേറ്റിങ്ങിൽ ഏർപ്പെടാൻ ആഗ്രഹിച്ച ആൺകുട്ടികളുടെ അഭ്യർഥനകൾ നിരസിച്ചു. അവരുടെ പ്രതികരണം എന്തായിരുന്നു? ജെന്നിഫെർ പറയുന്നു: “അത് അവർക്ക് ഒരു വലിയ തമാശയായിരുന്നു. അവർ എന്നെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തു.” പരിഹസിക്കപ്പെടാൻ ആരും ഇഷ്ടപ്പെടുകയില്ലെന്നതു ശരിയാണ്. എന്നാൽ മറ്റുള്ളവർ ഡേറ്റിങ്ങിൽ ഏർപ്പെടുന്നു എന്ന കാരണത്താൽ നിങ്ങളും അങ്ങനെ ചെയ്യേണ്ടതുണ്ടോ? ഡേറ്റിങ് എന്നാൽ എന്താണ്? അതിന്റെ ഉദ്ദേശ്യം എന്ത്?
ഡേറ്റിങ് എന്നാൽ എന്താണ്?
‘ഇതിനെ ഡേറ്റിങ് എന്നൊന്നും വിളിക്കാനാവില്ല. ഞങ്ങൾ വെറും സുഹൃത്തുക്കളാണ്,’ എതിർലിംഗത്തിൽപ്പെട്ട ഒരു വ്യക്തിയുമായി ഒട്ടേറെ സമയം ഒരുമിച്ചു ചെലവിടുന്നുണ്ടെങ്കിലും പല യുവജനങ്ങളും അവകാശപ്പെടുന്നത് അങ്ങനെയാണ്. എന്നാൽ നിങ്ങൾ അതിനെ എന്തു വിളിച്ചാലും ശരി—ഡേറ്റിങ്ങെന്നോ ഒരുമിച്ചു നടക്കലെന്നോ പരസ്പരം കാണലെന്നോ—ഒരു ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം അമിതമായ താത്പര്യം പ്രകടമാക്കുകയും എപ്പോഴും ഒരുമിച്ചായിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ അത് വെറുമൊരു സൗഹൃദബന്ധം അല്ല. ഡേറ്റിങ് എപ്പോഴും മുഖാമുഖംതന്നെ ആയിരിക്കണമെന്നും ഇല്ല. ഇന്റർനെറ്റിലെ ചാറ്റ് റൂമിലൂടെ, ഫോണിലൂടെ, കത്തിലൂടെ, ഇ-മെയിലിലൂടെ ഒക്കെയുള്ള സല്ലാപം ഡേറ്റിങ്ങിന്റെ വിവിധ രൂപങ്ങളായിരിക്കാവുന്നതാണ്.
ചോദ്യമിതാണ്, എതിർലിംഗത്തിൽപ്പെട്ട ഒരാളുമായി മാത്രം എപ്പോഴും സമയം ചെലവിടാൻ ശ്രമിക്കുന്നത് എത്രത്തോളം ഗൗരവമുള്ളതാണ്?
ഡേറ്റിങ്—അതിന്റെ അപകടങ്ങൾ
സദൃശവാക്യങ്ങൾ 30:19 ‘കന്യകയോടുകൂടെയുള്ള പുരുഷന്റെ വഴി’യെ കുറിച്ചു പറയുന്നു. സ്ത്രീപുരുഷ ബന്ധം ഒരു അടിസ്ഥാന രീതി പിൻപറ്റുന്നതായി ഈ വാക്യം കാണിക്കുന്നു. ഇരുകൂട്ടരും പക്വതയെത്തിയവരും ദൈവിക മൂല്യങ്ങളോടു പറ്റിനിൽക്കുന്നവരും ആണെങ്കിൽ ഡേറ്റിങ് പരസ്പര സ്നേഹത്തിലേക്കും ഒടുവിൽ മാന്യമായ വിവാഹബന്ധത്തിലേക്കും നയിക്കുന്ന ഒരു പടിയായിരിക്കും. ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നതുതന്നെ പരസ്പരം ആകർഷണം തോന്നത്തക്ക വിധത്തിലാണല്ലോ. എന്നാൽ നിങ്ങൾക്കു വിവാഹത്തിനു പ്രായമായിട്ടില്ലെങ്കിലോ? ചെറുപ്രായത്തിലേ ഡേറ്റിങ്ങിൽ ഏർപ്പെടുന്നെങ്കിൽ അതു നിങ്ങളെ വിപത്കരമായ ഒരു സാഹചര്യത്തിൽ കൊണ്ടെത്തിച്ചേക്കാം.
കാരണം? എതിർലിംഗത്തിൽപ്പെട്ട ഒരാളുമായി ഏറെ സമയം ചെലവഴിക്കുന്നത് സ്വാഭാവികമായും ഉറങ്ങിക്കിടക്കുന്ന വികാരങ്ങളെ ഉണർത്തിയേക്കാം. ഏതു നേരവും മറ്റേ വ്യക്തിയെ കണ്ടുകൊണ്ടിരിക്കാൻ നിങ്ങൾ അറിയാതെതന്നെ ആഗ്രഹിച്ചേക്കാം. ഒരുമിച്ചായിരിക്കാത്ത സയമങ്ങളിലൊക്കെയും അവനെ അല്ലെങ്കിൽ അവളെ കുറിച്ചു മാത്രമായിരിക്കും നിങ്ങളുടെ ചിന്ത. ഒട്ടുമിക്കപ്പോഴും അനുരാഗം ഏകപക്ഷീയമായിരിക്കും, അതു മോഹഭംഗത്തിന് ഇടയാക്കുകയും ചെയ്യും. ഇനി, ഇരുവർക്കും പരസ്പരം ഇഷ്ടമാണെങ്കിൽത്തന്നെയും അവരിൽ ഒരാൾക്ക് വിവാഹത്തിനുള്ള പ്രായമോ പക്വതയോ ആയിട്ടില്ലെങ്കിൽ നിരാശയും ഹൃദയവേദനയും ആയിരിക്കും ഫലം. ആ ബന്ധം എന്തിലേക്കായിരിക്കും നയിക്കുക? ബൈബിളിലെ ഒരു സദൃശവാക്യം പറയുന്നു: “ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ?”—സദൃശവാക്യങ്ങൾ 6:27.
നീന എന്ന പെൺകുട്ടിയുടെ കാര്യമെടുക്കുക. അവൾ പറയുന്നു: “ഇന്റർനെറ്റിലൂടെ ഞാൻ ഒരു ആൺകുട്ടിയെ പരിചയപ്പെട്ടു. ദിവസവും ചാറ്റ് റൂമിൽ ഞങ്ങൾ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഞാൻ അവനുമായി അടുത്തു. ഊണിലും ഉറക്കത്തിലും അവനെ കുറിച്ചു മാത്രമായി എന്റെ ചിന്ത. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. അത് അവസാനിച്ചപ്പോൾ എനിക്കു വല്ലാത്ത ദുഃഖം തോന്നി. ഒരു ദിവസം അവൻ എന്നെ വിളിച്ച്, ഞങ്ങളുടെ ബന്ധം അവസാനിച്ചതിന്റെ ദുഃഖം കാരണം ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്നു പറഞ്ഞു. അത് എന്നെ ഒന്നുകൂടെ തളർത്തി.” നീന തുടർന്നു പറയുന്നതു കേൾക്കുക: “ആ ബന്ധം യാതൊരു തരത്തിലും എനിക്കു പ്രയോജനം ചെയ്തില്ല! അത് അവസാനിച്ചിട്ടു രണ്ടു വർഷമായി. എന്നാൽ അതിന്റെ വേദന ഇന്നും എന്നെ വിട്ടുമാറിയിട്ടില്ല.” അത്തരമൊരു വൈകാരിക ബന്ധം സ്ഥാപിക്കാനുള്ള പ്രായമായിട്ടില്ലായിരുന്നു നീനയ്ക്ക്.
‘കന്യകയോടുകൂടെയുള്ള പുരുഷന്റെ വഴി’യെ കുറിച്ചു ബൈബിൾ പറയുമ്പോൾ, അത് ലൈംഗിക ബന്ധത്തെ പരാമർശിക്കുകയായിരിക്കാം. ഇന്നത്തെ ലോകത്തിൽ, ഡേറ്റിങ് മിക്കപ്പോഴും ശാരീരികവേഴ്ചയിലേക്കു നയിക്കുന്നതായാണു കാണുന്നത്. നിഷ്കളങ്കമായി കരം ഗ്രഹിക്കുന്നതിലൂടെ ആയിരിക്കാം തുടക്കം. പിന്നെ അത്, പെട്ടെന്നുള്ള ഒരു ആലിംഗനമോ കവിളത്ത് ഒരു ചുംബനമോ ആയി പുരോഗമിച്ചേക്കാം. വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന രണ്ട് യുവവ്യക്തികൾ ഉചിതമായ സ്നേഹപ്രകടനങ്ങൾ നടത്തുന്നതിൽ തെറ്റില്ലെങ്കിലും വിവാഹപ്രായം എത്തിയിട്ടില്ലാത്തവരുടെ കാര്യത്തിൽ അങ്ങനെയുള്ള പ്രകടനങ്ങൾ അനാവശ്യമായി ലൈംഗികതൃഷ്ണ ജനിപ്പിച്ചേക്കാം. “സ്നേഹ”പ്രകടനങ്ങൾ തികച്ചും അനുചിതമോ അശുദ്ധമോ ആയിത്തീർന്നേക്കാം. ഒടുവിൽ അതു പരസംഗത്തിലേക്കു നയിച്ചേക്കാം. b
പരസംഗത്തിന്റെ ഫലം തിക്തമായിരിക്കും. അതിൽ ഏർപ്പെടുന്ന ചിലർക്ക് ലൈംഗിക രോഗങ്ങൾ പിടിപെടുന്നു. മറ്റു ചിലരുടെ കാര്യത്തിൽ അത് ആത്മാഭിമാനം നഷ്ടമാകുന്നതിനും മനസ്സാക്ഷിക്കു ക്ഷതമേൽക്കുന്നതിനും ഇടയാക്കുന്നു. അനാവശ്യ ഗർഭധാരണമാണ് മറ്റൊരു ദുരന്തഫലം. അപ്പോൾ, “ദുർന്നടപ്പു [“പരസംഗം,” NW] വിട്ടു ഓടുവിൻ” എന്നു ബൈബിൾ കൽപ്പിക്കുന്നതു നല്ല കാരണത്തോടെയല്ലേ? (1 കൊരിന്ത്യർ 6:13, 18; 1 തെസ്സലൊനീക്യർ ) ചെറുപ്രായത്തിലുള്ള ഡേറ്റിങ് ഒഴിവാക്കുന്നത് ഈ കൽപ്പന പിൻപറ്റാൻ നിങ്ങളെ സഹായിക്കും. 4:3
ഡേറ്റിങ് എപ്പോൾ?
ഒരിക്കലും നിങ്ങൾക്കു ഡേറ്റിങ്ങിൽ ഏർപ്പെടാനാവില്ല എന്നല്ല അതിനർഥം. എന്നാൽ നിങ്ങൾ ഒരു കൗമാരപ്രായക്കാരനോ കൗമാരപ്രായക്കാരിയോ ആണെങ്കിൽ “നവയൗവ്വനം” എന്നു ബൈബിൾ വിശേഷിപ്പിക്കുന്ന ഘട്ടത്തിലായിരിക്കാം നിങ്ങൾ. (1 കൊരിന്ത്യർ 7:36, NW) നിങ്ങളിൽ യൗവ്വനം മൊട്ടിടാൻ തുടങ്ങിയിട്ടേ ഉള്ളൂ, നിങ്ങളുടെ വ്യക്തിത്വം പൂർണമായി രൂപംകൊണ്ടിട്ടില്ല. ഈ ഘട്ടത്തിൽ നിങ്ങൾ ശാരീരികവും വൈകാരികവും ലൈംഗികവുമായി പക്വത പ്രാപിക്കാൻ തുടങ്ങുന്നു. ലൈംഗിക മോഹങ്ങൾ ഉൾപ്പെടെയുള്ള നിങ്ങളുടെ വികാരങ്ങൾ എപ്പോഴത്തേതിനെക്കാളും ശക്തമായിരിക്കും. എന്നിരുന്നാലും, ആ വികാരങ്ങൾക്കു ത്വരിതഗതിയിൽ മാറ്റം സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ, കൗമാര പ്രണയങ്ങൾ അധികനാൾ നീണ്ടുനിൽക്കാറില്ല. “എന്റെ പ്രേമബന്ധങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിന്നിട്ടില്ല” എന്ന് ഒരു കൗമാരപ്രായക്കാരി പറയുന്നു.
“നവയൗവ്വന”കാലത്ത് പ്രണയബന്ധത്തിൽ അകപ്പെടുന്നത് ബുദ്ധിയായിരിക്കില്ലെന്നു വ്യക്തം. നിങ്ങൾ നിങ്ങളെത്തന്നെ നന്നായി മനസ്സിലാക്കുന്നതുവരെ, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയുന്നതുവരെ, ജീവിതത്തിൽ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ എന്താണെന്നു തീരുമാനിക്കുന്നതുവരെ കാത്തിരിക്കുന്നതായിരിക്കും നല്ലത്. കൂടാതെ, വിവാഹജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ വഹിക്കാനുള്ള പ്രായവും നിങ്ങൾക്കാകണം. ഉദാഹരണത്തിന്, ഒരു ഭർത്താവ് തന്റെ കുടുംബത്തിന്റെ ശാരീരികവും ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ നിറവേറ്റാൻ യഹോവ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഒരു കൗമാരപ്രായക്കാരനാണെന്നിരിക്കട്ടെ. ഒരു ജോലി സമ്പാദിക്കാനും ഭാര്യയെയും കുട്ടികളെയും പോറ്റാനും നിങ്ങൾ പ്രാപ്തനാണോ? തങ്ങളുടെ ആത്മീയത കാത്തുസൂക്ഷിക്കുന്നതിൽ അവരെ സഹായിക്കാനുള്ള ഒരു സ്ഥാനത്താണോ നിങ്ങൾ? ഇനി, നിങ്ങൾ ഒരു പെൺകുട്ടിയാണെങ്കിലോ? ഒരു ഭാര്യ തന്റെ ഭർത്താവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് ദൈവം ആവശ്യപ്പെടുന്നു; അയാൾ എടുക്കുന്ന തീരുമാനങ്ങളെ അവൾ പിന്തുണയ്ക്കുകയും വേണം. ദീർഘകാലത്തേക്ക് അപ്രകാരം ചെയ്യാൻ നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ? ദിവസേന വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാനും ഭക്ഷണം പാകം ചെയ്യാനും കുട്ടികളെ നോക്കാനും ഒക്കെ പ്രാപ്തയാണോ നിങ്ങൾ?—എഫെസ്യർ 5:22-25, 28-31; 1 തിമൊഥെയൊസ് 5:8.
ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക: വീട്ടിലെ കാർ ഓടിക്കുക എന്നത് പാശ്ചാത്യ നാടുകളിലെ യുവപ്രായക്കാരുടെ സ്വപ്നമാണ്. എന്നാൽ അതിന് അനുവാദം ലഭിക്കുന്നതിനു മുമ്പ് അവർ എന്തു ചെയ്യണം? മിക്ക രാജ്യങ്ങളിലും, വണ്ടി ഓടിക്കാൻ ലൈസൻസ് ലഭിക്കുന്നതിനു മുമ്പ് നിങ്ങൾ ആവശ്യമായ പരിശീലനം നേടുകയും ടെസ്റ്റിൽ വിജയിക്കുകയും വേണം. കാരണം? വാഹനം ഓടിക്കുന്നത് ഗൗരവമുള്ള ഒരു ചുമതലയാണ്. സ്റ്റിയറിങ് കയ്യിലെടുത്താൽ നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ നിങ്ങളുടെ കയ്യിലാണ്. വിവാഹവും അതുപോലെതന്നെ ഗൗരവമുള്ള ഒരു ഉത്തരവാദിത്വമാണ്! കൗമാരപ്രായത്തിലുള്ള ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക് ആ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പ്രാപ്തി കൈവന്നിരിക്കില്ല. അതുകൊണ്ട്, ഡേറ്റിങ്ങിൽ ഏർപ്പെടാനുള്ള പ്രലോഭനത്തെ ചെറുക്കുന്നതായിരിക്കും ബുദ്ധി. കാരണം അത്, വിവാഹ ഇണയെ കണ്ടെത്തുന്നതിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. ചുരുക്കി പറഞ്ഞാൽ, വിവാഹത്തിന് ഒരുങ്ങിയിട്ടില്ലെങ്കിൽ നിങ്ങൾ ഡേറ്റിങ്ങിൽ ഏർപ്പെടാൻ പാടുള്ളതല്ല.
ഇക്കാര്യത്തിൽ ജ്ഞാനപൂർവകമായ ഒരു തീരുമാനം എടുക്കാൻ, നിങ്ങൾക്ക് ബൈബിൾ പറയുന്നതുപോലെ, “പരിജ്ഞാനവും വകതിരിവും” ആവശ്യമാണ്. (സദൃശവാക്യങ്ങൾ 1:4) അതുകൊണ്ട്, നിങ്ങളെക്കാൾ പ്രായമുള്ള ആരുടെയെങ്കിലും ജ്ഞാനവും അനുഭവപരിചയവും പ്രയോജനപ്പെടുത്തുന്നതു നന്നായിരിക്കും. നിങ്ങൾക്ക് വിവാഹപ്രായമായിട്ടുണ്ടോ എന്നു വിലയിരുത്തുന്നതിൽ നിങ്ങളെ സഹായിക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്ത് ആയിരിക്കുന്നത് സാധാരണഗതിയിൽ ക്രിസ്തീയ മാതാപിതാക്കളാണ്. ക്രിസ്തീയ സഭയിലെ പക്വതയുള്ള അംഗങ്ങളുടെ ഉപദേശം സ്വീകരിക്കുന്നതും ബുദ്ധിയായിരിക്കും. നിങ്ങൾ ഡേറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾക്കു സ്വീകാര്യമല്ലെങ്കിൽ അവരുമായി സഹകരിക്കുന്നതായിരിക്കും നല്ലത്. കാരണം, “വിപത്തു നീക്കിക്കള”യാൻ നിങ്ങളെ സഹായിക്കുക എന്നതാണ് അവരുടെ ആഗ്രഹം.—സഭാപ്രസംഗി 11:10, NW.
നിങ്ങൾക്ക് ഡേറ്റിങ്ങിൽ ഏർപ്പെടാൻ പ്രായമായിട്ടില്ലെന്ന് അവർക്കു തോന്നുന്നെങ്കിൽ, മുഴു ശ്രദ്ധയും ഒരാളിൽത്തന്നെ കേന്ദ്രീകരിക്കുന്നതിനു പകരം നിങ്ങളുടെ സുഹൃദ്വലയം വലുതാക്കാൻ അവർ നിർദേശിച്ചേക്കാം. വിവാഹിതരും അവിവാഹിതരും പ്രായമായവരും ചെറുപ്പക്കാരും അതുപോലെതന്നെ നിങ്ങളുടെ സമപ്രായക്കാരും ഒത്തുള്ള സഹവാസത്തിന് നിങ്ങളുടെ വ്യക്തിത്വത്തെ നന്നായി രൂപപ്പെടുത്താനും ജീവിതത്തെയും വിവാഹത്തെയും കുറിച്ച് യാഥാർഥ്യബോധത്തോടു കൂടിയ ഒരു വീക്ഷണം നേടിയെടുക്കാനും നിങ്ങളെ സഹായിക്കാൻ കഴിയും.
മേൽപ്പറഞ്ഞ രീതിയിലുള്ള കാത്തിരിപ്പ് എളുപ്പമായിരിക്കില്ല. എന്നാൽ അതു തക്ക മൂല്യമുള്ളതാണ്. പക്വതയും ഉത്തരവാദിത്വബോധവും ഉള്ള ഒരു പുരുഷൻ അല്ലെങ്കിൽ സ്ത്രീ ആയി വളർച്ച പ്രാപിക്കേണ്ടതിന് “നവയൗവ്വന”കാലം പ്രയോജനപ്പെടുത്തുകവഴി നിങ്ങൾക്ക് ഒട്ടേറെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. കാരണം, വിവാഹജീവിതത്തിലെ സമ്മർദങ്ങളും ഉത്തരവാദിത്വങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഒരു വ്യക്തിയായി നിങ്ങൾ വളർന്നു കഴിഞ്ഞിരിക്കും. മാത്രമല്ല, ഒരു ആത്മീയ വ്യക്തിയായി വളരാനും നിങ്ങൾക്കു സമയം ലഭിച്ചിരിക്കും. അങ്ങനെ, ഒടുവിൽ ഡേറ്റിങ്ങിനുള്ള പ്രായമാകുമ്പോൾ നിങ്ങളെ അടുത്തറിയാൻ പലരും ആഗ്രഹിച്ചെന്നുവരും. (g01 12/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b പരസംഗം എന്നതിന്റെ മൂല ഗ്രീക്ക് പദം പോർണിയ എന്നാണ്. അത് ജനനേന്ദ്രിയങ്ങളുടെ ഉപയോഗം ഉൾപ്പെടുന്ന, വിവാഹബന്ധത്തിനു പുറത്തുള്ള ലൈംഗിക പ്രകടനങ്ങളെ പരാമർശിക്കുന്നു. അതിൽ അധരസംഭോഗവും ലൈംഗിക അവയവങ്ങളുടെ തലോടലും ഉൾപ്പെടുന്നു.
[14-ാം പേജിലെ ചിത്രം]
പ്രേമപ്രകടനങ്ങൾ മിക്കപ്പോഴും കുഴപ്പങ്ങളിലേക്കു നയിക്കുന്നു