മോസ്കോയിൽ സാക്ഷികളുടെ പ്രവർത്തനം ശ്ലാഘിക്കപ്പെടുന്നു
മോസ്കോയിൽ സാക്ഷികളുടെ പ്രവർത്തനം ശ്ലാഘിക്കപ്പെടുന്നു
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സിവിൽ കേസ് 1998-ൽ മോസ്കോയിലെ ഗൊലൊവിൻസ്കി ജില്ലയിലെ മുനിസിപ്പൽ കോടതിയുടെ മുമ്പാകെ വന്നിരുന്നു. അതുകൊണ്ട്, ഗൊലൊവിൻസ്കി ജില്ലയിലെ ഭരണനിർവഹണ അധികൃതർ ഈയിടെ യഹോവയുടെ സാക്ഷികളെ പ്രശംസിച്ചു എന്നു കേൾക്കുമ്പോൾ അത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം.
സാക്ഷികളെ മോസ്കോയിൽ നിരോധിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾത്തന്നെ അവർക്കു നഗരത്തിലെ അധികാരികളിൽനിന്നു പ്രശംസ ലഭിച്ചത് എന്തുകൊണ്ടാണ്? സാക്ഷികളുടെ അവിടത്തെ പ്രവർത്തനത്തെ കുറിച്ചുള്ള ഒരു ചെറിയ അവലോകനം അതിന് ഉത്തരം നൽകും.
മോസ്കോയിലെ സാക്ഷികൾ
ആയിരത്തിത്തൊള്ളായിരത്തമ്പതുകളുടെ മധ്യത്തിൽ, ഒരൊറ്റ യഹോവയുടെ സാക്ഷിപോലും ഇല്ലാത്ത ചുരുക്കം ചില തലസ്ഥാനനഗരികളിൽ ഒന്നായിരുന്നു മോസ്കോ. കാരണം? സോവിയറ്റ് യൂണിയനിലെ ആയിരക്കണക്കിനു വരുന്ന മറ്റു സാക്ഷികളോടൊപ്പം മോസ്കോയിലെ സാക്ഷികളും നാടുകടത്തപ്പെട്ടിരുന്നു. എവിടേക്ക്? മിക്കവരെയും സൈബീരിയയിലെ അടിമത്തൊഴിൽ പാളയങ്ങളിലേക്കായിരുന്നു കൊണ്ടുപോയത്.
വർഷങ്ങൾ കടന്നു പോയതോടെ, റഷ്യയിൽ നിരോധിക്കപ്പെട്ടിരുന്ന, സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് ചില മോസ്കോ പൗരന്മാർ ബൈബിൾ പഠിക്കാൻ തുടങ്ങി. 1970-കളുടെ മധ്യത്തിൽ, സാക്ഷികൾ ആയിക്കഴിഞ്ഞിരുന്ന ഏതാനും പേർ മോസ്കോയിലെ മുറാറ്റ് ഷക്കീറോവിന്റെ വീട്ടിൽ ബൈബിൾ പഠിക്കാൻ കൂടിവന്നിരുന്നു. 1980-കളിൽ, ഈ ചെറിയ കൂട്ടത്തിലെ അംഗങ്ങൾക്ക് നിരവധി ആളുകളിൽ ബൈബിൾ പഠനത്തോടുള്ള താത്പര്യം ജനിപ്പിക്കാൻ കഴിഞ്ഞു.
സോവിയറ്റ് യൂണിയനിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന് 1991 മാർച്ചിൽ നിയമാംഗീകാരം ലഭിച്ചപ്പോൾ മോസ്കോയിലെ സാക്ഷികളുടെ ഒരു വലിയ സഭ പരസ്യമായ പ്രവർത്തനം ആരംഭിച്ചു. സാക്ഷികൾ എന്തുകൊണ്ടാണു പീഡിപ്പിക്കപ്പെട്ടത് എന്നും ബൈബിൾ വാസ്തവത്തിൽ എന്താണു പഠിപ്പിക്കുന്നത് എന്നും അറിയാൻ ആയിരക്കണക്കിന് ആളുകൾ തത്പരരായിരുന്നു. അതുകൊണ്ട്, 1991 ആഗസ്റ്റിൽ യൂക്രെയിനിലെ കിയേവിൽ ഒരു കൺവെൻഷൻ നടന്നപ്പോൾ മോസ്കോയിൽനിന്ന് 2,000-ത്തിൽ അധികം ആളുകൾ ഏതാണ്ട് 890 കിലോമീറ്റർ യാത്ര ചെയ്ത് അതിൽ സംബന്ധിക്കാൻ ചെന്നു. അവിടെവെച്ചു സ്നാപനമേറ്റ 1,843 പേരുടെ കൂട്ടത്തിൽ ഇവരിൽ പലരും ഉണ്ടായിരുന്നു.
തുടർന്ന്, 1993-ൽ മോസ്കോയിലെ ലോക്കോമോട്ടിവ് സ്റ്റേഡിയത്തിൽ യഹോവയുടെ സാക്ഷികളുടെ ഒരു വലിയ അന്താരാഷ്ട്ര കൺവെൻഷൻ നടന്നു. 30-ൽപ്പരം രാജ്യങ്ങളിൽനിന്നായി 23,743 പേർ അതിൽ സംബന്ധിക്കുകയുണ്ടായി. ആ വർഷാവസാനം ആയപ്പോഴേക്കും മോസ്കോ മഹാനഗരത്തിലെ സഭകളുടെ എണ്ണം 21 ആയി വർധിച്ചിരുന്നു. ഇന്ന്, ഏതാണ്ട് എട്ടു വർഷത്തിനു ശേഷം അതേ പ്രദേശത്ത് 104 സഭകളാണ് ഉള്ളത്.
രണ്ടായിരത്തൊന്ന് ജൂൺ, ജൂലൈ മാസങ്ങളിൽ മോസ്കോയിൽ നടന്ന, യഹോവയുടെ സാക്ഷികളുടെ നാലു ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ 18,292 പേർ ഹാജരായി, 546 പേർ സ്നാപനം ഏൽക്കുകയും ചെയ്തു. സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നവരുടെ എണ്ണത്തിലെ ശ്രദ്ധേയമായ വർധന നിരീക്ഷിച്ച, റഷ്യൻ ഓർത്തഡോക്സ് സഭയിലെ നേതാക്കന്മാർ മോസ്കോയിലെ അധികാരികളെ സ്വാധീനിച്ച് സാക്ഷികളുടെ പ്രവർത്തനത്തെ നിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്.
സാക്ഷികളെ നിരോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് 1998-ന്റെ തുടക്കത്തിൽ ഗൊലൊവിൻസ്കി കോടതി വിചാരണയ്ക്ക് എടുത്തു. 2001 ഫെബ്രുവരി 23-ന്, സാക്ഷികൾക്കെതിരെയുള്ള ആരോപണങ്ങളൊന്നും സത്യമല്ലെന്നു കോടതി വിധിച്ചു. എന്നാൽ, പ്രോസിക്യൂഷൻ മോസ്കോയിലെ ഒരു മേൽക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന്, കേസ് പുനർവിചാരണയ്ക്കായി ആദ്യത്തെ കോടതിയിലേക്കു തിരിച്ചയച്ചു.
സാക്ഷികളെ നിരോധിക്കാനുള്ള ഈ ശ്രമങ്ങൾക്കിടയിൽ മോസ്കോയിലെ ഗൊലൊവിൻസ്കി ജില്ലയിലെ ഭരണനിർവഹണ അധികാരികൾ അവരെ പ്രശംസിച്ചത് എന്തിനായിരുന്നു?
പുതിയ യോഗസ്ഥലം ഉൾപ്പെട്ട സംഭവം
മ്യിഹൈൽക്കോവ്സ്കി പാർക്കിനടുത്തുള്ള ഒരു വലിയ ഇരുനില കെട്ടിടം 1998 ഡിസംബറിൽ സാക്ഷികൾ വിലയ്ക്കു വാങ്ങി. മുമ്പ് ആ കെട്ടിടം ഒരു സാംസ്കാരിക കേന്ദ്രമായി ഉപയോഗിച്ചിരുന്നു. കുറച്ചു നാൾ മുമ്പ് സാക്ഷികളായ പ്രവർത്തകർ ഈ വലിയ കെട്ടിടം പുതുക്കി പണിയാൻ തുടങ്ങി. അതിൽ യഹോവയുടെ സാക്ഷികളുടെ 22 സഭകൾക്ക് യോഗങ്ങൾക്കു കൂടിവരുന്നതിനുള്ള അഞ്ച് രാജ്യഹാളുകൾ ഉണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ 15-ന്, ഗൊലൊവിൻസ്കി ജില്ലയിലെ ഭരണനിർവഹണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥ സാക്ഷികളോട്
മ്യിഹൈൽക്കോവ്സ്കി പാർക്ക് ഏപ്രിൽ 21-നു ശുചീകരിക്കാൻ അഭ്യർഥിച്ചു. വസന്തകാലത്ത് പാർക്കുകളും ഹൈവേകളും ശുചീകരിക്കുന്നതിൽ റഷ്യയിലെ നിവാസികളും സാമുദായിക കൂട്ടങ്ങളും പങ്കെടുക്കുന്നതു സാധാരണമാണ്. ഏപ്രിൽ 17-ന്, ശുചീകരണ വേലയ്ക്കു വേണ്ട ആസൂത്രണങ്ങൾ ചെയ്യാനായി സാക്ഷികൾ കൂടിവന്നു. 700 പ്രവർത്തകരുടെ ആവശ്യമുണ്ടെന്നു യോഗം തീരുമാനിച്ചു.വേല നിർവഹിക്കുന്നു
ഏപ്രിൽ 18-ന്, ആവശ്യമായ മൺകോരികകളുടെയും മറ്റ് ഉപകരണങ്ങളുടെയും എണ്ണം സാക്ഷികൾ ഗൊലൊവിൻസ്കി ജില്ലയിലെ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ 700-ഓളം പ്രവർത്തകർ ഉണ്ടായിരിക്കുമെന്നത് അധികാരികൾ വിശ്വസിച്ചില്ല. എന്നാൽ, 21-ാം തീയതി രാവിലെ 9:30-ഓടെ ഭരണനിർവഹണ വിഭാഗത്തിലെ ജോലിക്കാർ പാർക്കിലെത്തിയപ്പോൾ, നൂറുകണക്കിനു സാക്ഷികൾ അവിടെ പണിക്ക് എത്തിക്കഴിഞ്ഞിരുന്നു. പക്ഷേ അവർക്ക് എല്ലാവർക്കും കൂടെ ഉപയോഗിക്കാൻ ആകെ 200 പണിയായുധങ്ങളേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കഴിഞ്ഞപ്പോൾ ഏകദേശം 200 ഉപകരണങ്ങൾ കൂടെ എത്തിച്ചു. ഉപകരണങ്ങൾ ഇല്ലാഞ്ഞവർ കൈകൊണ്ട് ചപ്പുചവറുകൾ ശേഖരിച്ച് പ്ലാസ്റ്റിക് ബാഗുകളിൽ ആക്കി. കൂടാതെ, അവിടത്തെ വലിയ കുളം വൃത്തിയാക്കുന്നതിന് സാക്ഷികൾ ഒരു ബോട്ടും വെള്ളം കടക്കാത്ത തരം ബൂട്ടുകളും വരെ കരുതിയിരുന്നു.
അവിടെ നടന്ന പണി കണ്ട് ഭരണനിർവഹണ പ്രതിനിധികൾ അതിശയിച്ചുപോയി. സ്വന്തം സ്ഥലം വൃത്തിയാക്കുന്നതുപോലെയാണ് ആളുകൾ പണിയെടുത്തത് എന്നും സന്തോഷത്തോടും ഉത്സാഹത്തോടും കൂടെയാണ് അവർ അതു ചെയ്തത് എന്നും അവർ നിരീക്ഷിച്ചു. മൊത്തം, ആയിരത്തോളം യഹോവയുടെ സാക്ഷികൾ മ്യിഹൈൽക്കോവ്സ്കി പാർക്ക് വൃത്തിയാക്കുന്നതിൽ പങ്കെടുത്തു, 250-ൽ അധികം ടൺ ചപ്പുചവറുകൾ അവർ നീക്കം ചെയ്തു. പാർക്ക് ഇത്രയ്ക്കു വൃത്തിയായി കിടക്കുന്നതു കണ്ടിട്ട് നാളേറെയായി എന്ന് ആ പ്രദേശത്തെ താമസക്കാർ അഭിപ്രായപ്പെട്ടു.
തുടക്കത്തിൽ പ്രതിപാദിച്ചതുപോലെ, സാക്ഷികൾ ചെയ്ത വേല അധികാരികളിൽ വളരെ മതിപ്പുളവാക്കി. അവർ സാക്ഷികളോടു കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്തു. ഗൊലൊവിൻസ്കി ജില്ലയിലെ ഒരു അധികാരി ഇങ്ങനെ എഴുതി: “മോസ്കോയിലെ ഉത്തര ഭരണനിർവഹണ മേഖലയിലെ ഗൊലൊവിൻസ്കി ജില്ലാ
ഭരണനിർവഹണ വിഭാഗം, മ്യിഹൈൽക്കോവ്സ്കി പാർക്ക് വൃത്തിയാക്കുന്നതിൽ യഹോവയുടെ സാക്ഷികളുടെ മതസമുദായം വഹിച്ച പങ്കിന് അവരോടു നന്ദി രേഖപ്പെടുത്തുന്നു.” മറ്റൊരു അധികാരിയും തന്റെ കൃതജ്ഞത അറിയിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “അവശ്യം ചെയ്യേണ്ടിയിരുന്ന മഹത്തായ ഈ വേല പാർക്കിലെ എല്ലാ സന്ദർശകർക്കും പ്രയോജനവും സന്തോഷവും കൈവരുത്തും.”തങ്ങളുടെ സ്ഥലത്തിനു ചുറ്റമുള്ള പ്രദേശങ്ങളും മറ്റും ഭംഗിയാക്കാനും മേൽ വിവരിച്ചതുപോലുള്ള പ്രവർത്തനങ്ങളിൽ ഉൾപ്പെടാനുമൊക്കെ യഹോവയുടെ സാക്ഷികൾക്കു സന്തോഷമാണെങ്കിലും ഇന്നത്തെ അവരുടെ മുഖ്യ വേല ആളുകളുമായി ദൈവരാജ്യത്തെ, ഭൂവ്യാപകമായി പറുദീസാവസ്ഥകൾ കൊണ്ടുവരാൻ പോകുന്ന ഗവൺമെന്റിനെ, കുറിച്ചുള്ള സുവാർത്ത പങ്കുവെക്കുക എന്നതാണ്. (മത്തായി 24:14) അർമഗെദോനു ശേഷം മുഴു ഭൂമിയും മനോഹരമാക്കി മാറ്റുക എന്ന വേലയ്ക്കുള്ള ഒരു പ്രയോഗിക പരിശീലനമാണ് ഇത് എന്ന് മ്യിഹൈൽക്കോവ്സ്കി പാർക്ക് വൃത്തിയാക്കുന്നതിനിടെ ചിലർ പറയുന്നതായി കേട്ടു.—വെളിപ്പാടു 16:14, 16.
അതേ, ആദ്യ മനുഷ്യ ജോഡിയെ സൃഷ്ടിച്ചപ്പോൾ ദൈവം ഉദ്ദേശിച്ചിരുന്നതുപോലെ, മുഴു ഭൂമിയും സുന്ദരമായ ഒരു പാർക്ക് പോലെ ആയിത്തീരുന്ന കാലത്തിനായി ബൈബിളിനെ സ്നേഹിക്കുന്ന ഏവരും നോക്കിപ്പാർത്തിരിക്കുന്നു.—ഉല്പത്തി 1:28; 2:8, 9, 15; വെളിപ്പാടു 21:3-5. (g01 12/22)
[23-ാം പേജിലെ ചിത്രം]
1970-കളുടെ മധ്യത്തിൽ മുറാറ്റ് ഷക്കീറോവിന്റെ വീട്ടിൽ കൂടിവന്നിരുന്നവരുടെ ഒരു പുനഃസമാഗമനം
[24-ാം പേജിലെ ചിത്രങ്ങൾ]
2001-ൽ മോസ്കോയിൽ നടന്ന നാലു കൺവെൻഷനുകളിൽ മൊത്തം 18,292 പേർ ഹാജരായി
[25-ാം പേജിലെ ചിത്രങ്ങൾ]
മുമ്പ് ഒരു സാംസ്കാരിക കേന്ദ്രമായി ഉപയോഗിച്ചിരുന്ന ഈ കെട്ടിടം പുതുക്കിപ്പണിതു, ഇപ്പോൾ ഇവിടെ അഞ്ചു രാജ്യഹാളുകൾ ഉണ്ട്
[26-ാം പേജിലെ ചിത്രങ്ങൾ]
250-ൽ അധികം ടൺ ചപ്പുചവറുകൾ നീക്കം ചെയ്തു