ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ആരാധനാലയങ്ങളിലെ കവർച്ച
“നിയമം കൂടുതൽ കർശനമാക്കിയിട്ടും യൂറോപ്പിലെ ആരാധനാലയങ്ങളിലെ കവർച്ചകൾക്കും മോഷണ വസ്തുക്കളുടെ കൈമാറ്റത്തിലും കുറവു വന്നിട്ടില്ല” എന്ന് ഫ്രഞ്ച് വർത്തമാനപ്പത്രമായ ലാ ക്രവാ പറയുന്നു. കുരിശുകൾ, ഫർണിച്ചർ, സ്വർണംകൊണ്ടും വെള്ളികൊണ്ടുമുള്ള ഉരുപ്പടികൾ, പ്രതിമകൾ, ഛായാചിത്രങ്ങൾ, എന്തിന് അൾത്താരകൾ പോലും കളവു പോകുന്ന വസ്തുക്കളിൽ പെടുന്നു. ‘കാഴ്ചബംഗ്ലാവുകളുടെ അന്താരാഷ്ട്ര സമിതി’യുടെ കണക്കു പ്രകാരം സമീപ വർഷങ്ങളിൽ ചെക്ക് റിപ്പബ്ലിക്കിൽ 30,000-ത്തിനും 40,000-ത്തിനും ഇടയ്ക്ക് വസ്തുക്കൾ മോഷ്ടിക്കപ്പെട്ടിരിക്കുന്നു, ഇറ്റലിയിലാണെങ്കിൽ 88,000-ത്തിൽ അധികവും. 87 കത്തീഡ്രലുകൾ ഉള്ള ഫ്രാൻസും കള്ളന്മാർ നോട്ടമിടുന്ന ഒരു മുഖ്യ സ്ഥാനമാണ്. “ചരിത്ര സ്മാരകങ്ങളായി” വീക്ഷിക്കപ്പെട്ടിരുന്ന ഏതാണ്ട് 2,000 വസ്തുക്കൾ 1907-നും 1996-നും ഇടയ്ക്ക് ഫ്രാൻസിലെ മതസ്ഥാപനങ്ങളിൽനിന്നു മോഷണം പോയിരിക്കുന്നു. അവയിൽ 10 ശതമാനത്തിൽ താഴെ വസ്തുക്കൾ മാത്രമേ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. പള്ളികളിൽ കയറിപ്പറ്റാൻ എളുപ്പമായതുകൊണ്ടും പള്ളിപ്പരിസരങ്ങളിൽ വേണ്ടത്ര കാവൽ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടും ഇത്തരം മോഷണങ്ങൾ നിയന്ത്രിക്കുക പ്രയാസമാണ്. (g01 12/08)
മൂങ്ങയുടെ മൂളലിൽനിന്ന് അതിന്റെ ആരോഗ്യം അളക്കാം
തവിട്ടു നിറമുള്ള മൂങ്ങയുടെ മൂളൽ അതിന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്നു എന്ന് ദി ഇക്കണോമിസ്റ്റ് പറയുന്നു. “ബ്രിട്ടന്റെ ‘സെന്റർ ഫോർ ഇക്കോളജി ആൻഡ് ഹൈഡ്രോളജി’യിലെ സ്റ്റീവൻ റെഡ്പാത്തും സഹപ്രവർത്തകരും വടക്കേ ഇംഗ്ലണ്ടിലെ കിൽഡർ വനത്തിലെ തവിട്ടു നിറമുള്ള 22 മൂങ്ങകളെ പഠനവിധേയമാക്കി.” ഗവേഷകർ “ഒരു അപരിചിത ആൺ മൂങ്ങയുടെ ശബ്ദം റെക്കോർഡ് ചെയ്ത് ഉച്ചത്തിൽ കേൾപ്പിച്ചു. എന്നിട്ട്, പഠനവിധേയമാക്കിയിരിക്കുന്ന മൂങ്ങകൾ ഈ വെല്ലുവിളിയോടു പ്രതികരിക്കാൻ എടുക്കുന്ന സമയം അവർ അളന്നു.” രക്തത്തിൽ കൂടുതൽ പരാദങ്ങൾ ഉണ്ടായിരുന്ന മൂങ്ങകൾ പ്രതികരിക്കാൻ കൂടുതൽ സമയം എടുത്തു—ഏറ്റവും അധികം പരാദങ്ങൾ ഉണ്ടായിരുന്നവ പരാദങ്ങൾ ഇല്ലായിരുന്ന മൂങ്ങകൾ എടുത്തതിന്റെ ഇരട്ടിയിലധികം സമയം എടുത്തു. കൂടാതെ, അവയ്ക്ക് ആരോഗ്യമുള്ള പക്ഷികളെക്കാൾ ശബ്ദം കുറവായിരുന്നു. “അങ്ങനെ, മൂങ്ങകൾ അറിയാതെതന്നെ തങ്ങളുടെ ആരോഗ്യസ്ഥിതി വിളിച്ചറിയിക്കുകയാണ്,” ദി ഇക്കണോമിസ്റ്റ് പറയുന്നു. (g01 12/22)
ലണ്ടനു ഭീഷണി ഉയർത്തുന്ന ജലനിരപ്പ്
ലണ്ടനിൽ, “ഭൂമിക്കടിയിലെ വെള്ളം [നഗരത്തെ] മുക്കിക്കളയുമെന്ന കാരണത്താൽ അതു മുകളിലേക്ക് അടിച്ചു കയറ്റുന്നതിന് കുഴൽക്കിണറുകൾ കുഴിക്കുകയാണ്” എന്ന് ദി ഇക്കോണമിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം വ്യാവസായിക ആവശ്യങ്ങൾക്കായി കോടിക്കണക്കിനു ലിറ്റർ ഭൂഗർഭ ജലം ഉപയോഗിച്ചിരുന്ന സമയത്ത് ട്രാഫൽഗാർ സ്ക്വയറിന്റെ ഭൂനിരപ്പിന് 93 മീറ്റർ താഴെയായിരുന്ന ഭൂഗർഭ ജലവിതാനം ഇപ്പോൾ ഉയർന്ന് വെറും 40 മീറ്റർ താഴെ ആയിരിക്കുന്നു. ഓരോ വർഷവും ഏതാണ്ട് 3 മീറ്റർ എന്ന തോതിൽ അത് ഉയർന്നുകൊണ്ടിരിക്കുകയാണ്. ലണ്ടന്റെ ഭൂഗർഭ റെയിൽവേ സംവിധാനം, കിലോമീറ്ററുകളോളം വരുന്ന ഭൂഗർഭ വയറിങ്, കെട്ടിടങ്ങളുടെ അടിത്തറകൾ എന്നിവയെ ഇതു സാരമായി ബാധിച്ചേക്കാം. ഏകദേശം 50 കുഴൽക്കിണറുകൾ കുഴിക്കേണ്ടി വരുമെന്നു കണക്കാക്കപ്പെടുന്നു. “ലണ്ടനിൽ ഇപ്പോൾ ദിവസേന ഏകദേശം [5 കോടി ലിറ്റർ] വെള്ളം ഭൂമിക്കടിയിൽനിന്നു മുകളിലേക്ക് അടിച്ചു കയറ്റുന്നുണ്ടെന്ന് ‘പരിസ്ഥിതി ഏജൻസി’ കണക്കാക്കുന്ന”തായി മാസിക പറയുന്നു. എന്നാൽ സ്ഥിതി നിയന്ത്രണാധീനമാകണമെങ്കിൽ പത്തു വർഷത്തിനകം ആ അളവ് ഇരട്ടിയാക്കേണ്ടി വരും. (g01 12/08)
അശ്ലീല വ്യവസായം
“ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ബേസ്ബോൾ വ്യവസായങ്ങൾ ഒരുമിച്ചെടുത്താൽ ഉള്ളതിനെക്കാൾ വലിയ ഒരു വ്യവസായമാണ് അശ്ലീലം. സിനിമാ ടിക്കറ്റുകൾക്കും മറ്റെല്ലാത്തരം കലാപ്രകടനങ്ങളുടെ ആസ്വാദനത്തിനും ചെലവഴിക്കുന്നതിനെക്കാൾ പണം അമേരിക്കയിൽ ഓരോ വർഷവും അശ്ലീലത്തിനായി ആളുകൾ ചെലവഴിക്കുന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ടെലിവിഷനിലെയും റേഡിയോയിലെയും അശ്ലീലം, കൂടുതൽ പണം കൊടുത്താൽ കാണാനാകുന്ന കേബിൾ ടെലിവിഷനിലെയും സാറ്റലൈറ്റ് ചാനലുകളിലെയും സിനിമകൾ, ഇന്റർനെറ്റ് വെബ് സൈറ്റുകൾ, ഹോട്ടലുകളിൽ താമസക്കാർക്കായി പ്രത്യേകം ഇട്ടുകൊടുക്കുന്ന സിനിമകൾ, ടെലിഫോൺ ലൈംഗികത, ലൈംഗിക ഉത്തേജനത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ . . . മാസികകൾ, ഇവയെല്ലാം കൂട്ടിയാൽ പ്രതിവർഷം 1,000 കോടി ഡോളറിനും 1,400 കോടി ഡോളറിനും മധ്യേ വരുന്ന ഒരു വ്യവസായമാണ് അശ്ലീലം.” ലേഖനം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “1,000 കോടി ഡോളറിന്റെ അശ്ലീല വ്യവസായത്തെ മേലാൽ ഒരു മുഖ്യ ബിസിനസിനോടൊപ്പം—60 കോടി ഡോളറിന്റെ ബ്രോഡ്വേ നാടക വ്യവസായം പോലുള്ള ഒന്ന്—നീങ്ങുന്ന സൈഡ് ബിസിനസ് എന്നു വിശേഷിപ്പിക്കാനാവില്ല, അതാണ് മുഖ്യ ബിസിനസ്.” ഉദാഹരണത്തിന് കഴിഞ്ഞ വർഷം ഹോളിവുഡ് 400 പുതിയ സിനിമകൾ പുറത്തിറക്കിയപ്പോൾ അശ്ലീല വ്യവസായം ‘എ’ സർട്ടിഫിക്കറ്റ് ഉള്ള 11,000 വീഡിയോകൾ നിർമിച്ചു. എന്നാൽ അവ കാണുന്നുണ്ടെന്നു സമ്മതിക്കുന്ന അമേരിക്കക്കാരെ കണ്ടെത്തുക പ്രയാസമാണ്. ടൈംസ് പറയുന്നു, “അശ്ലീല വ്യവസായം പോലുള്ള ഒരു ബിസിനസ് വേറെയില്ല. ആരും കാണാത്ത, എന്നാൽ അത്ഭുതകരമായി തുടർന്നും ഓടിക്കൊണ്ടിരിക്കുന്ന ഏക പ്രദർശനമാണ് അത്.” (g01 12/08)
കുട്ടിക്കു വായിച്ചുകൊടുക്കുന്നതിന്റെ പ്രയോജനങ്ങൾ
“അച്ഛനും അമ്മയും മനസ്സോടെ വായിക്കുന്നതു കാണുമ്പോൾ [കുട്ടികൾ] അവരെ അനുകരിക്കാൻ ശ്രമിക്കുന്നു” എന്ന് പോളിഷ് വാരികയായ പ്ച്ചിയാച്ചൂക്ക പറയുന്നു. കുട്ടികൾ വളരെയധികം സമയം
ടിവിയുടെ മുമ്പിൽ ചെലവഴിക്കുന്ന ഈ യുഗത്തിൽ അവർക്കു പുസ്തകങ്ങൾ വായിച്ചുകൊടുക്കുന്നതും അവയിലെ ചിത്രങ്ങളിലേക്കു ശ്രദ്ധ തിരിക്കുന്നതും അവ വിശദീകരിച്ചു കൊടുക്കുന്നതുമൊക്കെ വളരെ പ്രയോജനം ചെയ്യുമെന്ന് ലേഖനം അഭിപ്രായപ്പെടുന്നു. രണ്ടു വയസ്സു മാത്രമുള്ള കുട്ടികൾക്കു പോലും അതു ഗുണം ചെയ്യും. വായിച്ച ഭാഗം കുട്ടിക്കു മനസ്സിലായോ ഇല്ലയോ എന്നറിയാനായി മാതാപിതാക്കൾക്ക് അതിൽനിന്നു ചില ചോദ്യങ്ങൾ കുട്ടിയോടു ചോദിക്കാനാകും. “പെട്ടെന്ന് അവനു ബോറടിക്കുന്നെങ്കിൽ . . . വിവരണാത്മകമായ ആംഗ്യങ്ങൾ ഉപയോഗിച്ചും സ്വരത്തിൽ ഭേദഗതി വരുത്തിയും വായന ജീവസുറ്റതാക്കാൻ ശ്രമിക്കുക.” കുട്ടിക്കു താത്പര്യമുള്ളത് എന്തിലാണെന്നു മനസ്സിലാക്കി അവയെ കുറിച്ച് അവനോടു സംസാരിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. “നിങ്ങൾ കുട്ടിയായിരുന്നപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന പുസ്തകങ്ങളെ കുറിച്ചു സംസാരിക്കുക, താത്പര്യജനകമായ ചില പുസ്തകങ്ങളുടെ പേരുകൾ നിർദേശിക്കുക. . . . കുട്ടി സ്വന്തമായി വായിക്കാൻ പഠിച്ചുകഴിഞ്ഞാലും അവനു വായിച്ചുകൊടുക്കുന്നതു നിറുത്തിക്കളയരുത്” എന്ന് പ്ച്ചിയാച്ചൂക്ക പറയുന്നു. “ചിലപ്പോൾ കുട്ടിയെ പ്രചോദിപ്പിക്കുന്നതിന് ആദ്യത്തെ ഏതാനും പേജുകൾ വായിച്ചുകൊടുത്താൽ മതിയാകും, ബാക്കി ഭാഗം അവൻ തനിയെ സന്തോഷപൂർവം വായിച്ചുതീർത്തുകൊള്ളും.”(g01 12/22)ക്ഷീരോത്പാദനത്തിൽ ഒന്നാം സ്ഥാനം
ഇപ്പോൾ ക്ഷീരോത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാഷ്ട്രം ഇന്ത്യയാണെന്ന് ദ ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു. “പരിസ്ഥിതി കേന്ദ്രീകൃത വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് [വാഷിങ്ടൺ, ഡി.സി.] ഇന്ത്യയുടെ ഈ ക്ഷീര വിപ്ലവത്തെ പ്രശംസിച്ചിരിക്കുന്നു” എന്ന് റിപ്പോർട്ടു പറയുന്നു. “1994 മുതൽ പാലാണ് ഇന്ത്യയുടെ മുഖ്യ കാർഷികോത്പന്നം. 1997-ൽ യു.എസ്-നെ കടത്തിവെട്ടി അത് ലോകത്തിലെ ഏറ്റവുമധികം പാൽ ഉത്പാദിപ്പിക്കുന്ന രാഷ്ട്രം ആയിത്തീർന്നു.” വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ ലെസ്റ്റർ ബ്രൗണിനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “കാലിത്തീറ്റയായി ധാന്യങ്ങൾ ഉപയോഗിക്കാതെ, കാർഷിക ഉപോത്പന്നങ്ങളും വിളവെടുപ്പിനെ തുടർന്ന് അവശേഷിക്കുന്ന സസ്യ ഭാഗങ്ങളും ഉപയോഗിച്ചുതന്നെ ഈ നേട്ടം കൈവരിച്ചു എന്നതാണു ശ്രദ്ധേയം. മനുഷ്യ ഉപഭോഗത്തിനായുള്ള ധാന്യം കാലിത്തീറ്റയായി ഉപയോഗിക്കാതെതന്നെ പ്രോട്ടീൻ ഉത്പാദനം വർധിപ്പിക്കാൻ ഇന്ത്യക്കു കഴിഞ്ഞിരിക്കുന്നു.”(g01 12/22)
കുപ്പി വെള്ളമോ പൈപ്പു വെള്ളമോ?
“കുപ്പി വെള്ളം വളരെ ജനപ്രീതി ആർജിച്ചിരിക്കുന്നതിനാൽ ഇപ്പോൾ 700-ലധികം ബ്രാൻഡുകൾ ലോകവ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. എന്നിരുന്നാലും “മിക്കപ്പോഴും പൈപ്പു വെള്ളവും വില കൂടിയ കുപ്പി വെള്ളവും തമ്മിലുള്ള ഏക വ്യത്യാസം രണ്ടാമത്തേത് കുപ്പിയിൽ കിട്ടുന്നുവെന്നതു മാത്രമാണ്.” ‘ആഗോള പ്രകൃതി സംരക്ഷണ നിധി’ ചൂണ്ടിക്കാണിക്കുന്നതു പോലെ “പല രാജ്യങ്ങളിലും കുപ്പിയിൽ കിട്ടുന്ന വെള്ളം പൈപ്പു വെള്ളത്തെക്കാൾ സുരക്ഷിതമോ ആരോഗ്യകരമോ അല്ലായിരിക്കാമെങ്കിലും 1,000 ഇരട്ടി വിലയ്ക്കുവരെ അതു വിൽക്കപ്പെടുന്നു.” പൈപ്പു വെള്ളം ഉപയോഗിക്കുന്നത് പണം ലാഭിക്കുന്നതിനു മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിനും ഉതകുന്നു. കാരണം വെള്ളം നിറയ്ക്കുന്നതിനുള്ള കുപ്പികൾ ഉണ്ടാക്കുന്നതിനായി ഓരോ വർഷവും 15 ലക്ഷം ടൺ പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്. “കുപ്പികൾ നിർമിക്കുമ്പോഴും നശിപ്പിച്ചു കളയുമ്പോഴും പുറന്തള്ളപ്പെടുന്ന രാസ വിഷങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന വാതകങ്ങൾ ഉത്പാദിപ്പിച്ചേക്കാം.” ‘ആഗോള പ്രകൃതി സംരക്ഷണ നിധി’യുടെ ശുദ്ധജല പദ്ധതിയുടെ തലവനായ ഡോ. ബിക്ഷം ഗൂജ പറയുന്നതനുസരിച്ച് “യൂറോപ്പിലും ഐക്യനാടുകളിലും കുപ്പിവെള്ള വ്യവസായത്തിനു ബാധകമാകുന്നതിനെക്കാൾ കൂടുതൽ മാനദണ്ഡങ്ങൾ പൈപ്പു വെള്ളത്തിനു ബാധകമാകുന്നുണ്ട്.”(g01 12/08)
മലിനമായ പണം
“കറൻസി നോട്ടുകൾ ബാക്ടീരിയയെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്” എന്ന് കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ പറയുന്നു. ഐക്യനാടുകളിൽ അടുത്തകാലത്ത് നടത്തിയ ഗവേഷണം കാണിച്ചത് ഉപയോഗത്തിലുള്ള ഏതാണ്ട് എല്ലാ നോട്ടുകളുംതന്നെ സ്ട്രെപ്റ്റൊക്കോക്കസ്, എന്റെറോബാക്ടർ, സ്യൂഡോമോണാസ് തുടങ്ങി പലതരം അണുക്കളാൽ മലിനമാണ് എന്നാണ്. ഈ അണുക്കൾ “ദുർബലമായ പ്രതിരോധ വ്യവസ്ഥയുള്ള വൃദ്ധർക്കും എച്ച്ഐവി-എയ്ഡ്സ് രോഗികൾക്കും മറ്റും ഭീഷണിയായേക്കാം” എന്ന് ദ ഗ്ലോബ് പറയുന്നു. ചില നോട്ടുകളിൽ ഇവയെക്കാൾ അപകടകരമായ ബാക്ടീരിയ ഉണ്ട്. അക്ഷരീയമായിത്തന്നെ “പണം കഴുകുന്നതിന്” സമയം ആയിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. ജപ്പാനിലെ ഉപഭോക്താക്കൾക്ക് ഇപ്പോൾത്തന്നെ വൃത്തിയുള്ള ഓട്ടോമാറ്റിക് ടെല്ലർ മെഷീനുകളിൽ”നിന്ന് “200 ഡിഗ്രി സെൽഷ്യസു വരെ—പണം കരിച്ചുകളയാതെ പല ബാക്ടീരിയയെയും കൊല്ലാൻ കഴിയുന്ന ചൂട്—ചൂടാക്കിയ യെൻ ലഭിക്കും.” ഗ്ലോബ് ബുദ്ധിയുപദേശിക്കുന്നു: പണം കൈകാര്യം ചെയ്തുകഴിഞ്ഞ് “കൈ കഴുകുക!” (g01 12/22)
ഐക്യനാടുകളിൽ മസ്ജിദുകളുടെ എണ്ണം പെരുകുന്നു
രാജ്യത്തെ മുസ്ലീങ്ങളുടെ എണ്ണം വർധിക്കുന്നുവെന്നതിന്റെ സൂചകമെന്ന നിലയിൽ “ആറു വർഷത്തിനുള്ളിൽ ഐക്യനാടുകളിലെ മുസ്ലീം പള്ളികളുടെ എണ്ണത്തിൽ ഏതാണ്ട് 25 ശതമാനം വർധന ഉണ്ടായിരിക്കുന്ന”തായി ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. അവിടെ ഇപ്പോൾ “1,200-ൽ അധികം മസ്ജിദുകൾ ഉണ്ട്.” ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ മുസ്ലീം-ക്രിസ്ത്യൻ ധാരണയ്ക്കായുള്ള കേന്ദ്രത്തിന്റെ ഡയറക്ടർ ജോൺ എസ്പോസീറ്റോ കരുതുന്ന പ്രകാരം മുസ്ലീങ്ങളുടെ എണ്ണം ഇപ്പോൾ “40 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയ്ക്കു വരും.” നാല് അമേരിക്കൻ ഇസ്ലാമിക സംഘടനകൾ അടുത്തകാലത്ത് സ്പോൺസർ ചെയ്ത ഒരു പഠനം അനുസരിച്ച് ഈ സംഖ്യ അതിലും അധികമായിരിക്കാം. എന്തായിരുന്നാലും “തുടർച്ചയായ കുടിയേറ്റവും മുസ്ലീം കുടുംബങ്ങളുടെ വലിപ്പക്കൂടുതലും” ഈ വർധന തുടരുന്നതിന് ഇടയാക്കുമെന്ന് എസ്പോസീറ്റോ അഭിപ്രായപ്പെട്ടു. “ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ഇസ്ലാം അമേരിക്കയിലെ രണ്ടാമത്തെ വലിയ മതമായിത്തീരും.” മസ്ജിദുകളിൽ ഹാജരാകുന്നവർ “ഏറിയപങ്കും പുരുഷന്മാരാണ്” എന്ന് ടൈംസ് പറയുന്നു. “ഭക്തർ വിവിധ വർഗക്കാരാണ്” എന്നും പഠനം കാണിച്ചു. “മൂന്നിലൊന്ന് ദക്ഷിണ ഏഷ്യക്കാരും 30 ശതമാനം ആഫ്രിക്കൻ അമേരിക്കക്കാരും 25 ശതമാനം അറബികളും ആയിരുന്നു.” (g01 12/22)