ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ ദിനം
ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ ദിനം
രണ്ടായിരത്തൊന്ന് സെപ്റ്റംബർ 11. ദശലക്ഷങ്ങളുടെ, ഒരുപക്ഷേ ശതകോടികളുടെ തന്നെ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകില്ലാത്ത സംഭവങ്ങളാണ് ന്യൂയോർക്ക് നഗരത്തിലും വാഷിങ്ടൺ ഡി.സി.-യിലും പെൻസിൽവേനിയയിലും അന്ന് അരങ്ങേറിയത്. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററും വാഷിങ്ടണിലെ പെന്റഗണും ആക്രമിക്കപ്പെട്ടു എന്ന വാർത്ത അറിഞ്ഞപ്പോൾ നിങ്ങൾ എവിടെയായിരുന്നു?
ഏതാനും നിമിഷങ്ങൾകൊണ്ട് വൻ നാശനഷ്ടം വിതച്ച, അതിലുപരി അനേകരുടെ ജീവനൊടുക്കിയ ആ ദുരന്തം മനുഷ്യനു ചിന്തിക്കാൻ വക നൽകിയിരിക്കുന്നു.
നമ്മുടെ മുൻഗണനകളെ കുറിച്ച്, ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെ കുറിച്ച് ഇതു നമ്മെ എന്തു പഠിപ്പിച്ചു? ആത്മത്യാഗം, അനുകമ്പ, സഹനം, നിസ്വാർഥത എന്നിങ്ങനെ മനുഷ്യനിലെ ചില നല്ല ഗുണങ്ങളെ ഈ ദുരന്തം പുറത്തു കൊണ്ടുവന്നത് എങ്ങനെ? ഈ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം നൽകാനാണ് ഈ ലേഖനത്തിലൂടെയും അടുത്ത ലേഖനത്തിലൂടെയും ഞങ്ങൾ ശ്രമിക്കുന്നത്.
അതിജീവകർ തങ്ങളുടെ കഥ പറയുന്നു
ന്യൂയോർക്കിലെ ദുരന്തത്തെ തുടർന്ന് ഉടൻ ഭൂഗർഭ തീവണ്ടി സർവീസുകൾ നിറുത്തലാക്കിയതു മൂലം ആയിരക്കണക്കിനാളുകൾക്ക് മാൻഹട്ടന്റെ തെക്കൻ മേഖലയിൽനിന്നു പുറത്തു കടക്കുന്നതിനു നടക്കേണ്ടി വന്നു. അവരിൽ പലരും ബ്രുക്ലിൻ, മാൻഹട്ടൻ പാലങ്ങൾ വഴിയാണ് അപ്പുറം കടന്നത്. യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തിന്റെ ഓഫീസ് കെട്ടിടങ്ങളും ഫാക്ടറിയും അവർക്കു വ്യക്തമായി കാണാൻ കഴിഞ്ഞു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ഓടിയ ചിലർ അവിടെ അഭയം തേടി.
ആദ്യം എത്തിയവരിൽ ഒരാൾ ആലിഷാ (താഴെ വലത്ത്) ആയിരുന്നു. അവളുടെ അമ്മ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. പൊടിയിലും ചാരത്തിലും കുളിച്ചാണ് ആലിഷാ അവിടെ എത്തിയത്. a അവൾ വിശദീകരിക്കുന്നു: “ഞാൻ ജോലി സ്ഥലത്തേക്കു പോകവേ ട്രെയിനിൽ ഇരുന്നുതന്നെ വേൾഡ് ട്രേഡ് സെന്ററിൽനിന്നു പുക ഉയരുന്നതു കണ്ടു. സംഭവ സ്ഥലത്ത് വന്നിറങ്ങുമ്പോൾ അവിടയെങ്ങും കുപ്പിച്ചില്ലുകൾ ചിതറിക്കിടന്നിരുന്നു, ഭയങ്കര ചൂടും. ജനങ്ങൾ പരിഭ്രാന്തരായി നാലുപാടും ഓടുന്നുണ്ടായിരുന്നു. പ്രദേശത്തുനിന്ന് ആളുകളെയെല്ലാം ഒഴിപ്പിക്കാൻ പോലീസ് ശ്രമിച്ചുകൊണ്ടിരുന്നു. ശരിക്കുമൊരു യുദ്ധക്കളത്തിന്റെ പ്രതീതിയായിരുന്നു അവിടെങ്ങും.
“ഞാൻ ജീവരക്ഷാർഥം അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറി. പെട്ടെന്നൊരു സ്ഫോടന ശബ്ദം കേട്ടു. രണ്ടാമത്തെ വിമാനം സൗത്ത് ടവറിൽ വന്നിടിച്ചതായിരുന്നു അത്. ആ രംഗം വർണിക്കുക ബുദ്ധിമുട്ടാണ്, എങ്ങും കറുത്ത പുക. അപകട മേഖല വിട്ടുപോകാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. ഈസ്റ്റ് നദി കടന്ന് ബ്രുക്ലിനിലേക്കു പോകുകയായിരുന്ന ഒരു ബോട്ടിൽ എന്നെ കയറ്റിവിട്ടു. മറുവശത്ത്
എത്തിയപ്പോൾ ‘വാച്ച്ടവർ’ എന്നു വലിയ അക്ഷരത്തിൽ എഴുതിവെച്ചിരിക്കുന്നത് ഞാൻ കണ്ടു. എന്റെ അമ്മയുടെ മതത്തിന്റെ ഹെഡ്ക്വാർട്ടേഴ്സ്! ഉടനെ ഞാൻ അതിന്റെ ഓഫീസ് കെട്ടിടത്തിലേക്കു പോയി. പോകാൻ അതിനെക്കാൾ നല്ലൊരിടം ഇല്ലെന്ന് എനിക്ക് അറിയാമായിരുന്നു. പെട്ടെന്നു മേലൊക്കെ കഴുകി വൃത്തിയാക്കിയശേഷം ഞാൻ എന്റെ മാതാപിതാക്കൾക്കു ഫോൺ ചെയ്തു.”രണ്ടു ഗോപുരങ്ങളുടെയും ഇടയിലായി സ്ഥിതിചെയ്തിരുന്ന മറിയറ്റ് ഹോട്ടലിലെ ജോലിക്കാരനായിരുന്നു വെൻഡൽ (വലത്ത്). അദ്ദേഹം പറഞ്ഞു: “ആദ്യ സ്ഫോടനം നടക്കുമ്പോൾ ഞാൻ ഹോട്ടലിലെ ലോബിയിൽ [സന്ദർശകർക്കു വാതിൽ തുറന്നുകൊടുക്കുന്ന] ജോലിയിലായിരുന്നു. തകർന്ന കെട്ടിട ഭാഗങ്ങളും മറ്റും ചുറ്റും വന്നു വീഴുന്നതു ഞാൻ കണ്ടു. എതിർ വശത്തുള്ള റോഡിലേക്കു നോക്കിയപ്പോൾ കണ്ടത് ആളിക്കത്തുന്ന ശരീരവുമായി നിലത്തു കിടക്കുന്ന ഒരു മനുഷ്യനെയാണ്. ഞാൻ എന്റെ കോട്ടും ഷർട്ടും വലിച്ചൂരി ഓടി അങ്ങോട്ടുചെന്നു തീ കെടുത്താൻ ശ്രമിച്ചു. ഒരു വഴിയാത്രികനും സഹായിക്കാൻ ഒപ്പമെത്തി. ഷൂസും സോക്സും ഒഴിച്ച് ആ മനുഷ്യന്റെ ദേഹത്തുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞു. അപ്പോൾ അഗ്നിശമന പ്രവർത്തകരെത്തി വൈദ്യസഹായം നൽകുന്നതിന് അദ്ദേഹത്തെ കൊണ്ടുപോയി.
“ഏറെ കഴിയുന്നതിനു മുമ്പ് സിബിഎസ് ടിവി ന്യൂസ് കേന്ദ്രത്തിൽനിന്ന് ബ്രൈയന്റ് ഗംബെൽ ഫോണിൽ വിളിച്ച് സംഭവങ്ങളുടെ ദൃക്സാക്ഷി വിവരണം നൽകാൻ ആവശ്യപ്പെട്ടു. ആ വിവരണം ടിവിയിൽ കേട്ടതുകൊണ്ട് വെർജിൻ ദ്വീപുകളിലെ എന്റെ കുടുംബത്തിന് ഞാൻ ജീവനോടിരിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞു.”
ഇരട്ട ഗോപുരങ്ങൾക്കും മറിയറ്റ് ഹോട്ടലിനും നേരെ എതിർവശത്തുള്ള വേൾഡ് ഫിനാൻഷ്യൽ സെന്ററിലെ ഒരു തൊഴിലാളിയായിരുന്നു ഡോണൾഡ്. സംഭവം നടക്കുമ്പോൾ
കെട്ടിടത്തിന്റെ 31-ാം നിലയിൽ ആയിരുന്നു അദ്ദേഹം. 6 അടി 5 ഇഞ്ച് ഉയരവും ഒത്ത വണ്ണവുമുള്ള ആ മനുഷ്യൻ തന്റെ അനുഭവം വിവരിക്കുന്നു: “ആ ഭയാനക കാഴ്ച കണ്ട് ഞാൻ പകച്ചുപോയി. നോർത്ത് ടവറിന്റെ ജനാലകളിൽനിന്ന് ആളുകൾ താഴേക്കു വീഴുന്നതും ചാടുന്നതും ഞാൻ കണ്ടു. എനിക്കു സമചിത്തത നഷ്ടപ്പെട്ടു. കഴിയുന്നത്ര വേഗത്തിൽ ഞാൻ എന്റെ കെട്ടിടത്തിൽനിന്ന് ഇറങ്ങിയോടി.”മറ്റൊരു അനുഭവം 60 വയസ്സിനുമേൽ പ്രായമുള്ള ഒരു അമ്മയുടെയും 40-കളിലുള്ള അവരുടെ രണ്ടു പെൺമക്കളുടേതുമാണ്. രൂത്തും അനുജത്തി ജോനിയും അമ്മ ജാനിസിനോടൊപ്പം ഇരട്ട ഗോപുരങ്ങൾക്ക് അടുത്തുള്ള ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. ഒരു രജിസ്റ്റേർഡ് നഴ്സായ രൂത്ത് സംഭവം വിവരിക്കുന്നു: “ഞാൻ കുളിക്കുകയായിരുന്നു. വേഗം ഇറങ്ങിവരാൻ എന്റെ അമ്മയും അനുജത്തിയും വിളിച്ചു പറഞ്ഞു. ഞങ്ങൾ 16-ാം നിലയിലായിരുന്നു. കെട്ടിടാവശിഷ്ടങ്ങളും മറ്റും താഴെ വീഴുന്നത് ജനാലയിലൂടെ അവർക്കു കാണാമായിരുന്നു. എവിടെനിന്നോ എടുത്തെറിഞ്ഞതു പോലെ ഒരു മനുഷ്യ ശരീരം അടുത്തുള്ള മേൽക്കൂരയുടെ മുകളിലൂടെ തെറിച്ചു പോകുന്നത് അമ്മ കണ്ടു.
“ഞാൻ ഉടനെ വസ്ത്രം ധരിച്ചു. ഞങ്ങൾ വേഗം ഗോവണിപ്പടി വഴി താഴേക്കിറങ്ങി. ആളുകൾ നിലവിളിക്കുകയും അലറിക്കരയുകയും ചെയ്യുന്നുണ്ടായിരുന്നു. തെരുവിലേക്കിറങ്ങിയപ്പോൾ സ്ഫോടന ശബ്ദങ്ങൾ കേട്ടു, ഒപ്പം തീയും കണ്ടു. വേഗം തെക്കുള്ള ബാറ്ററി പാർക്കിലേക്കു പോകാൻ ഞങ്ങൾക്കു നിർദേശം ലഭിച്ചു. സ്റ്റേറ്റൻ ഐലൻഡിലേക്കുള്ള കടത്തു ബോട്ടു കാത്തുകിടക്കുന്നത് അവിടെയായിരുന്നു. അങ്ങോട്ടു പോകുന്ന വഴിക്ക് എങ്ങനെയോ അമ്മയെ കാണാതായി. എങ്ങും പൊടിയും പുകയും ചാരവും നിറഞ്ഞിരുന്നു. അമ്മയാണെങ്കിൽ കടുത്ത ആസ്തമാ രോഗിയും. അര മണിക്കൂർ ഞങ്ങൾ അമ്മയെ അവിടെയെല്ലാം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. എന്നിരുന്നാലും, അമ്മയ്ക്കു നല്ല കാര്യപ്രാപ്തിയും സമചിത്തതയും ഉള്ളതിനാൽ ആദ്യമൊന്നും ഞങ്ങൾക്കു വലിയ വിഷമം തോന്നിയില്ല.
“ഒടുവിൽ ബ്രുക്ലിൻ പാലം കടന്ന് അപ്പുറത്തേക്കു പോകാൻ ഞങ്ങൾക്കു നിർദേശം ലഭിച്ചു. അപ്പുറം കടന്നപ്പോൾ ‘വാച്ച്ടവർ’ എന്ന് വലിയ അക്ഷരത്തിൽ എഴുതിവെച്ചിരിക്കുന്നതു കണ്ട ഞങ്ങൾക്ക് എത്ര ആശ്വാസം തോന്നിയെന്നോ! അവിടെ ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.
“അവിടെ ഞങ്ങളെ ഊഷ്മളമായി സ്വീകരിക്കുകയും വേണ്ട താമസ സൗകര്യം നൽകുകയും ചെയ്തു. ഞങ്ങളുടെ കൈവശം മാറാൻ വസ്ത്രങ്ങളൊന്നും ഇല്ലായിരുന്നു. അതും ഞങ്ങൾക്ക് അവിടെനിന്നു നൽകി. എന്നാൽ അമ്മ എവിടെയായിരുന്നു? അമ്മ ഏതെങ്കിലും ആശുപത്രിയിൽ എത്തിപ്പെട്ടിട്ടുണ്ടോ എന്നറിയാനായി രാത്രി മുഴുവനും ഞങ്ങൾ അന്വേഷിച്ചു. എന്നാൽ ഒരു വിവരവും ലഭിച്ചില്ല. പിറ്റേന്ന് രാവിലെ പതിനൊന്നരയോടെ ഞങ്ങൾക്ക് ഒരു സന്ദേശം ലഭിച്ചു. അമ്മ താഴെ ലോബിയിൽ വന്നിട്ടുണ്ടത്രേ! അമ്മയ്ക്ക് എന്തായിരുന്നു സംഭവിച്ചത്?”
അമ്മ കഥ തുടരുന്നു: “ഹോട്ടലിൽനിന്നു തിടുക്കത്തിൽ ഇറങ്ങിയോടുമ്പോൾ ഞങ്ങളോടൊപ്പം പോരാൻ കഴിയാഞ്ഞ, പ്രായമായ ഒരു സുഹൃത്തിനെ കുറിച്ചോർത്ത് എനിക്കു വലിയ വിഷമം തോന്നി. തിരിച്ചു ചെന്ന് അവരെ എടുത്തോണ്ടു പോന്നാലോ എന്നു ഞാൻ ചിന്തിച്ചു. എന്നാൽ അത് അങ്ങേയറ്റം അപകടകരമായിരുന്നു. ആ ബഹളത്തിനിടയിൽ ഞാനെങ്ങനെയോ എന്റെ മക്കളിൽനിന്ന് ഒറ്റപ്പെട്ടു പോയി. എന്നാൽ അവരെക്കുറിച്ച് ഓർത്ത് എനിക്കു വലിയ വേവലാതിയൊന്നും തോന്നിയില്ല. അവർ സ്വന്തം കാര്യം നോക്കാൻ പ്രാപ്തരാണെന്ന് എനിക്ക് അറിയാം. കൂടാതെ രൂത്താണെങ്കിൽ ഒരു നഴ്സും.
“നോക്കുന്നിടത്തെല്ലാം ആളുകൾക്കു സഹായം ആവശ്യമായിരുന്നു—പ്രത്യേകിച്ചും കൊച്ചു കുട്ടികൾക്ക്. ആവുന്നത്ര പേരെ ഞാൻ സഹായിച്ചു. പരിക്കുകളുടെ ഗൗരവം അനുസരിച്ച് ആളുകളെ തരംതിരിക്കുകയും അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്തുകൊണ്ടിരുന്ന സ്ഥലത്തേക്ക് ഞാൻ പോയി. കരിയും പൊടിയുംകൊണ്ടു മൂടിയ പോലീസുകാരെയും
അഗ്നിശമന പ്രവർത്തകരെയും കൈയും മുഖവുമെല്ലാം കഴുകി വൃത്തിയാക്കാൻ ഞാൻ സഹായിച്ചു. വെളുപ്പിന് ഏതാണ്ട് 3:00 മണി വരെ ഞാൻ അവിടെ തങ്ങി. പിന്നെ അവസാനത്തെ ബോട്ടിൽ ഞാൻ സ്റ്റേറ്റൻ ഐലൻഡിലേക്കു പോയി. മക്കൾ അവിടെ കാണുമെന്നാണു ഞാൻ വിചാരിച്ചത്. എന്നാൽ അവർ അവിടെ ഉണ്ടായിരുന്നില്ല.“രാവിലെ ആദ്യത്തെ ബോട്ടിൽ തിരിച്ചു മാൻഹട്ടനിലേക്കു വരാൻ ഞാൻ ശ്രമിച്ചു. എന്നാൽ ഞാൻ അടിയന്തിര രക്ഷാപ്രവർത്തകരിൽപ്പെട്ട ഒരാൾ അല്ലായിരുന്നതിനാൽ അതിന് എന്നെ അനുവദിച്ചില്ല. അപ്പോൾ ഞാൻ സഹായിച്ച ഒരു പോലീസുകാരനെ കണ്ടു. ‘ജോൺ! എനിക്കു മാൻഹട്ടനിലേക്കു തിരിച്ചുപോകണമല്ലോ’ എന്നു ഞാൻ വിളിച്ചു പറഞ്ഞപ്പോൾ ‘എന്റെ കൂടെ പോരൂ’ എന്ന് അദ്ദേഹം പറഞ്ഞു.
“മാൻഹട്ടനിൽ എത്തിയ ഉടനെ ഞാൻ വീണ്ടും മറിയറ്റ് ഹോട്ടലിലേക്കു പോയി. പ്രായമായ എന്റെ സുഹൃത്തിനെ ഒരുപക്ഷേ സഹായിക്കാൻ കഴിഞ്ഞേക്കും എന്നു ഞാൻ കരുതി. എന്നാൽ അവിടെയെത്തിയ ഞാൻ കണ്ടത് ആ ഹോട്ടൽ തകർന്നു തരിപ്പണമായി കിടക്കുന്നതാണ്! നഗരത്തിന്റെ ഹൃദയഭാഗം നിശ്ചലമായിരുന്നു. മാൻഹട്ടൻ തരിച്ചുനിൽക്കുന്നതു പോലെ തോന്നി. മുഖത്ത് ദുഃഖം നിഴലിക്കുന്ന അവശരായ പോലീസുകാരെയും അഗ്നിശമന സേനാംഗങ്ങളെയും മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളൂ.
“ഞാൻ ബ്രുക്ലിൻ പാലത്തിന്റെ ഭാഗത്തേക്കു നടന്നു. പാലം കടന്ന് അപ്പുറത്ത് എത്താറായപ്പോൾ ‘വാച്ച്ടവർ’ എന്ന് എഴുതിയിരിക്കുന്ന പരിചിതമായ കെട്ടിടം കണ്ടു. മക്കൾ ഒരുപക്ഷേ അവിടെ കാണുമെന്നു കരുതി ഞാൻ അങ്ങോട്ടു പോയി. എന്റെ ഊഹം ശരിയായിരുന്നു. ലോബിയിൽ കാത്തിരുന്ന എന്റെയടുത്തേക്ക് അവർ ഇറങ്ങിവന്ന ആ നിമിഷം . . . ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് എത്ര കരഞ്ഞെന്നോ!
“ഇത്രയധികം പൊടിയും പുകയുമെല്ലാം അടിച്ചിട്ടും എനിക്ക് ആ സമയത്ത് ഒരു പ്രാവശ്യം പോലും വലിവുണ്ടായില്ല എന്നതാണ് അതിശയം. ഞാൻ മുഴുസമയവും പ്രാർഥിക്കുകയായിരുന്നു. മറ്റുള്ളവർക്ക് ഒരു ഭാരമായിരിക്കാനല്ല അവരെ സഹായിക്കാനാണു ഞാൻ ആഗ്രഹിച്ചത്.”
“വിമാനം ഇറക്കാൻ പറ്റിയ സ്ഥലമൊന്നും ഇവിടെ ഇല്ലല്ലോ!”
ഇരുപത്തിനാലുകാരിയായ റേച്ചൽ ഒരു ഉണരുക! ലേഖകനോടു പറഞ്ഞു: “ഞാൻ മാൻഹട്ടനിലെ എന്റെ ബ്ലോക്കിൽനിന്ന് നടന്നു വരികയായിരുന്നു. മുകളിൽ ഒരു വിമാനം പറക്കുന്ന ശബ്ദം കേട്ടു. അതിഭയങ്കര ശബ്ദം ആയിരുന്നതിനാൽ ഞാൻ തല ഉയർത്തി നോക്കി. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല—ഒരു കൂറ്റൻ ജെറ്റ് വിമാനം താഴേക്കിറക്കുക ആയിരുന്നു. അത് ഇത്ര വേഗത്തിൽ ഇത്ര താഴ്ന്നു പറക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായില്ല. വിമാനം ഇറക്കാൻ പറ്റിയ സ്ഥലമൊന്നും ഇവിടെ ഇല്ലല്ലോ! ഇനി, പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതായിരിക്കുമോ എന്നു ഞാൻ ചിന്തിച്ചു. അപ്പോൾ, ‘ആ വിമാനം കെട്ടിടത്തിൽ ഇടിച്ചു!’ എന്ന് ഒരു സ്ത്രീ വിളിച്ചു പറഞ്ഞു. നോർത്ത് ടവറിൽ ഒരു വലിയ അഗ്നിഗോളം രൂപപ്പെട്ടു. ആ കൂറ്റൻ കെട്ടിടത്തിൽ കറുപ്പു നിറത്തിൽ ഒരു വലിയ ദ്വാരം പ്രത്യക്ഷപ്പെട്ടു.
“എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ കാഴ്ചയായിരുന്നു അത്. അതു ശരിക്കും നടക്കുകയാണെന്നു വിശ്വസിക്കാനായില്ല. ഞാൻ അന്തംവിട്ടു നോക്കിനിന്നു. അൽപ്പം കഴിഞ്ഞപ്പോൾ രണ്ടാമതൊരു വിമാനം അടുത്ത ടവറിലും വന്നിടിച്ചു. തുടർന്ന് രണ്ടു കെട്ടിടങ്ങളും തകർന്നു വീണു. എനിക്ക് സമചിത്തത നഷ്ടപ്പെട്ടു. എനിക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്!”
“നീന്തേണ്ടി വന്നാൽ നീന്താം”
പതിനാറു വയസ്സുള്ള ഡെനിസ് വേൾഡ് ട്രേഡ് സെന്ററിൽനിന്ന് മൂന്നു ബ്ലോക്ക് തെക്കു മാറി സ്ഥിതിചെയ്യുന്ന അമേരിക്കൻ സ്റ്റോക്ക് എക്സ്ചേഞ്ചിനടുത്തുള്ള തന്റെ സ്കൂളിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. “9:00 മണി കഴിഞ്ഞ സമയം. കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കു മനസ്സിലായി. എന്നാൽ അത് എന്താണെന്ന് അറിയില്ലായിരുന്നു. ഞാൻ സ്കൂളിന്റെ 11-ാം നിലയിലായിരുന്നു. ഞങ്ങൾക്ക് ചരിത്രത്തിന്റെ ക്ലാസ്സ് നടക്കുകയായിരുന്നു. കുട്ടികളെല്ലാം ആകെ പേടിച്ചരണ്ടിരുന്നു. എന്നിട്ടും ഞങ്ങളുടെ ടീച്ചർ ഒരു പരീക്ഷ നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഞങ്ങൾക്കാകട്ടെ, എങ്ങനെയെങ്കിലുമൊന്നു വീട്ടിൽ എത്തിയാൽ മതിയെന്നും.
“തുടർന്ന് രണ്ടാമത്തെ വിമാനം സൗത്ത് ടവറിൽ വന്നിടിച്ചപ്പോൾ ഞങ്ങളുടെ കെട്ടിടം കുലുങ്ങി. എന്നിട്ടും എന്താണു സംഭവിച്ചതെന്നു ഞങ്ങൾക്കു മനസ്സിലായില്ല. പെട്ടെന്നു ടീച്ചറുടെ വാക്കി-ടോക്കിയിലൂടെ കേട്ടു: ‘രണ്ടു വിമാനങ്ങൾ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചിരിക്കുന്നു!’ ഞാൻ ചിന്തിച്ചു, ‘ഇവിടെ ഇങ്ങനെയിരുന്നാൽ ശരിയാവില്ല. ഇത് ഭീകരപ്രവർത്തനമാണ്. അടുത്തത് സ്റ്റോക്ക് എക്സ്ചേഞ്ച് ആയിരിക്കും.’ അതുകൊണ്ട് ഞങ്ങൾ അവിടെനിന്നും പുറത്തു കടന്നു.
“ഞങ്ങൾ ബാറ്ററി പാർക്കിലേക്ക് ഓടി. അതിനിടെ, എന്താണു സംഭവിക്കുന്നതെന്നു കാണാൻ ഞാൻ ഒന്നു തിരിഞ്ഞു നോക്കി. സൗത്ത് ടവർ ഏതു നിമിഷവും വീഴുമെന്ന് എനിക്കു മനസ്സിലായി. ഒരുപക്ഷേ അതേത്തുടർന്ന് ഉയർന്ന കെട്ടിടങ്ങളെല്ലാം ഒന്നൊന്നായി നിലംപൊത്തിയേക്കുമോ എന്നു ഞാൻ ഭയന്നു. മൂക്കിലും തൊണ്ടയിലുമെല്ലാം ചാരവും പൊടിയും നിറഞ്ഞതിനാൽ എനിക്കു ശ്വാസംമുട്ടി. ‘നീന്തേണ്ടി വന്നാൽ നീന്താം’ എന്നു വിചാരിച്ച് ഞാൻ ഈസ്റ്റ് നദിയുടെ ഭാഗത്തേക്ക് ഓടി. ‘എന്നെ രക്ഷിക്കണേ’ എന്ന് ഓട്ടത്തിനിടയിൽ ഞാൻ യഹോവയോടു പ്രാർഥിക്കുന്നുണ്ടായിരുന്നു.
“ഒടുവിൽ, ന്യൂജേഴ്സിയിലേക്കുള്ള ഒരു ബോട്ടിൽ എന്നെ കയറ്റി. അഞ്ചിലേറെ മണിക്കൂർ കഴിഞ്ഞാണ്
എന്റെ അമ്മയ്ക്ക് എന്റെ അടുത്തെത്താൻ സാധിച്ചത്, എന്തായാലും എനിക്കു കുഴപ്പമൊന്നും സംഭവിച്ചില്ല!”“ഇത് എന്റെ ജീവിതത്തിലെ അവസാനത്തെ ദിവസമാണോ?”
ന്യൂജേഴ്സിയിലെ പ്രിൻസ്റ്റണിൽനിന്നുള്ള 28 വയസ്സുകാരനായ ജോഷ്വ നോർത്ത് ടവറിന്റെ 40-ാം നിലയിൽ ഒരു ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പറയുന്നു: “പൊടുന്നനേ ഒരു ബോംബ് സ്ഫോടനം നടന്നതുപോലെ തോന്നി. കെട്ടിടം വിറച്ചപ്പോൾ ഞാൻ വിചാരിച്ചു, ‘അല്ല, അത് ഒരു ഭൂമികുലുക്കം ആയിരുന്നു.’ പുറത്തേക്കു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി—പുക ഉയരുന്നു, കെട്ടിട ഭാഗങ്ങൾ നാലുപാടും ചിതറിത്തെറിക്കുന്നു. ഞാൻ കുട്ടികളോടു പറഞ്ഞു, ‘എല്ലാവരും വേഗം പുറത്തു കടക്കൂ, സാധനങ്ങളൊന്നും എടുക്കേണ്ട!’
“ഞങ്ങൾ ഗോവണിപ്പടിയിറങ്ങി ഓടി. അവിടമെങ്ങും പുക നിറയുകയായിരുന്നു. സ്പ്രിങ്കളറുകളിൽനിന്ന് വെള്ളവും വരുന്നുണ്ടായിരുന്നു. എന്നാൽ ആരും വെപ്രാളപ്പെട്ടില്ല. തീയുമായി മുഖാമുഖം വരരുതേ എന്നതായിരുന്നു എന്റെ പ്രാർഥന മുഴുവനും.
“ഗോവണിപ്പടിയിലൂടെ താഴേക്ക് ഓടുമ്പോൾ ഞാൻ ചിന്തിച്ചു ‘ഇത് എന്റെ ജീവിതത്തിലെ അവസാനത്തെ ദിവസമാണോ?’ ഞാൻ യഹോവയോടു പ്രാർഥിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് എനിക്ക് എന്തെന്നില്ലാത്ത ഒരു സമാധാനം അനുഭവപ്പെട്ടു. അത്തരം സമാധാനം ഞാൻ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല.
“ഒടുവിൽ ഞങ്ങൾ കെട്ടിടത്തിനു പുറത്തെത്തിയപ്പോൾ പോലീസ് എല്ലാവരെയും അവിടെനിന്ന് ഒഴിപ്പിക്കുകയായിരുന്നു. ഞാൻ തിരിഞ്ഞ് ആ കെട്ടിടങ്ങളിലേക്കു നോക്കി. രണ്ടു ഗോപുരങ്ങളും പിളർന്നിരിക്കുന്നതു കണ്ടു. അത് അവിശ്വസനീയമായിരുന്നു.
“ഒരു ശ്മശാന മൂകത അവിടയെങ്ങും തളംകെട്ടി—ആയിരക്കണക്കിനാളുകൾ ഒരുമിച്ചു ശ്വാസമടക്കി നിന്നാലെന്നതുപോലെ. ന്യൂയോർക്ക് നഗരം വിറങ്ങലിച്ചു നിൽക്കുന്നതു പോലെ തോന്നി. തുടർന്ന് ഒരു കൂട്ടനിലവിളി ഉയർന്നു. സൗത്ത് ടവർ നിലംപതിക്കുകയായിരുന്നു! പുകയും ചാരവും പൊടിയുമൊക്കെ ഞങ്ങൾ നിന്നിരുന്ന ഭാഗത്തേക്ക് ആഞ്ഞടിച്ചു. സിനിമയിലും മറ്റും കാണുന്ന സ്പെഷൽ ഇഫക്ടുകൾ പോലെയായിരുന്നു അത്. ഒരു വ്യത്യാസം മാത്രം, ഇതു ശരിക്കും സംഭവിക്കുകയായിരുന്നു. പൊടിപടലം കൊണ്ട് അവിടമാകെ മൂടിയതിനെ തുടർന്ന് ഞങ്ങൾക്ക് ശ്വസിക്കാൻ പോലും കഴിയാതായി.
“മാൻഹട്ടൻ പാലത്തിനടുത്ത് എത്തിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. നോർത്ത് ടവർ അതിന്റെ വലിയ ടിവി ആന്റിനയോടൊപ്പം തകർന്നു വീഴുകയായിരുന്നു. പാലം കടക്കവേ, ബെഥേലിൽ, യഹോവയുടെ സാക്ഷികളുടെ ലോക ഹെഡ്ക്വാർട്ടേഴ്സിൽ സുരക്ഷിതനായി എത്തണേ എന്നായിരുന്നു എന്റെ പ്രാർഥന. ആ കെട്ടിടം കണ്ട് ഇത്രയധികം സന്തോഷം തോന്നിയിട്ടുള്ള വേറൊരു അവസരം മുമ്പ് ഉണ്ടായിട്ടില്ല. അവിടത്തെ ഫാക്ടറി മതിലിൽ ആയിരങ്ങൾക്കു ദിവസവും വായിക്കാൻ പാകത്തിൽ ‘ദൈവവചനമായ വിശുദ്ധ ബൈബിൾ ദിവസവും വായിക്കുക!’ എന്ന് വലുതായിട്ട് എഴുതി വെച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ ഞാൻ ചിന്തിച്ചു: ‘അവിടെ എത്താറായി. തളർന്നു പോകരുത്.’
“ആ സംഭവങ്ങളെ കുറിച്ചു ചിന്തിക്കുമ്പോൾ, ശരിയായ മുൻഗണനകൾ വെക്കേണ്ടത് എത്ര പ്രധാനമാണെന്ന് എനിക്കു കാണാൻ കഴിയുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കുതന്നെ പ്രഥമ സ്ഥാനം നൽകാൻ നാം ശ്രദ്ധിക്കണം.”
“ആളുകൾ ടവറിൽനിന്ന് എടുത്തുചാടുകയായിരുന്നു”
ഒരു ഭൂഗർഭ തീവണ്ടി സ്റ്റേഷനിൽനിന്നു പുറത്തു വന്നപ്പോഴാണ് 22 വയസ്സുള്ള ജെസിക്ക ആ രംഗം കാണുന്നത്. “ചാരവും കെട്ടിടാവശിഷ്ടങ്ങളും ലോഹക്കഷണങ്ങളുമൊക്കെ താഴേക്കു വീഴുന്നതു ഞാൻ കണ്ടു. പബ്ലിക്ക് ടെലിഫോൺ ഉപയോഗിക്കാൻ ആളുകൾ കാത്തുനിൽക്കുകയായിരുന്നു. കാലതാമസം നിമിത്തം എല്ലാവരും കൂടുതൽ കൂടുതൽ പരിഭ്രാന്തരാകുകയായിരുന്നു. ശാന്തമായിരിക്കാൻ എന്നെ സഹായിക്കണേ എന്നു ഞാൻ പ്രാർഥിച്ചു. തുടർന്ന് മറ്റൊരു സ്ഫോടനമുണ്ടായി. ആകാശത്തുനിന്ന് ഉരുക്കും കുപ്പിച്ചില്ലും വന്നു വീഴാൻ തുടങ്ങി. ‘അതു മറ്റൊരു വിമാനമായിരുന്നു!’ എന്ന് ആളുകൾ വിളിച്ചുപറയുന്നതു ഞാൻ കേട്ടു.
“ഞാൻ മുകളിലേക്കു നോക്കി. അതിഭീകരമായിരുന്നു ആ കാഴ്ച—തീയും പുകയുംകൊണ്ടു നിറഞ്ഞ മുകളിലത്തെ നിലകളിൽനിന്ന് ആളുകൾ എടുത്തു ചാടുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനും വീഴുന്ന രംഗം, അത് ഇപ്പോഴും എന്റെ കൺമുമ്പിൽ മായാതെ നിൽക്കുന്നു. കുറച്ചു നേരം ഒരു ജനാലയിൽ തൂങ്ങിക്കിടന്ന അവർ പിന്നീടു പിടിവിട്ട് താഴേക്കു വീണു. അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു ആ കാഴ്ച.
“ഒടുവിൽ ഞാൻ ബ്രുക്ലിൻ പാലത്തിനടുത്ത് എത്തി. ഷൂസ് ഇട്ടുകൊണ്ട് ഓടാൻ ബുദ്ധിമുട്ടായിരുന്നതിനാൽ അവിടെ എത്തിയപ്പോൾ അത് ഊരിമാറ്റിയിട്ട്, ഞാൻ നദിയുടെ മറുകരയിലേക്ക് ഓടി. എന്നിട്ടു നേരെ വാച്ച്ടവർ ഓഫീസ് കെട്ടിടത്തിലേക്കു ചെന്നു. സമനില കൈവരിക്കാൻ അവിടെ എനിക്ക് ഉടനെ സഹായം ലഭിച്ചു.
“അന്നു രാത്രി വീട്ടിലെത്തിയപ്പോൾ ഞാൻ 2001 ആഗസ്റ്റ് 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) ‘മാനസികാഘാതാനന്തര സമ്മർദവുമായി പൊരുത്തപ്പെടുക’ എന്ന ലേഖനപരമ്പര വായിച്ചു. എനിക്ക് അതിലെ വിവരങ്ങൾ അത്യാവശ്യമായിരുന്നു!”
ദുരന്തത്തിന്റെ വ്യാപ്തി, തങ്ങളാലാവുന്ന വിധങ്ങളിലെല്ലാം മറ്റുള്ളവരെ സഹായിക്കാൻ ആളുകളെ പ്രേരിപ്പിച്ചു. അടുത്ത ലേഖനം സംഭവത്തിന്റെ ആ വശത്തെ കുറിച്ചു ചർച്ച ചെയ്യുന്നു. (g02 1/8)
[അടിക്കുറിപ്പുകൾ]
a ദുരന്തത്തെ അതിജീവിച്ച അനേകരുമായി ഉണരുക! അഭിമുഖം നടത്തി. ഈ ഹ്രസ്വ ലേഖനങ്ങളിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഈ വിവരണങ്ങൾ പൂർത്തീകരിക്കാനും സ്ഥിരീകരിക്കാനും അവ സഹായിച്ചിട്ടുണ്ട്.
[8, 9 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
നശിപ്പിക്കപ്പെട്ടത്
1 നോർത്ത് ടവർ 1 വേൾഡ് ട്രേഡ് സെന്റർ
2 സൗത്ത് ടവർ 2 വേൾഡ് ട്രേഡ് സെന്റർ
3 മറിയറ്റ് ഹോട്ടൽ 3 വേൾഡ് ട്രേഡ് സെന്റർ
7 7 വേൾഡ് ട്രേഡ് സെന്റർ
കനത്ത കേടുപാടുകൾ സംഭവിച്ചത്
4 4 വേൾഡ് ട്രേഡ് സെന്റർ
5 5 വേൾഡ് ട്രേഡ് സെന്റർ
L വൺ ലിബർട്ടി പ്ലാസ
D ഡോയിഷ് ബാങ്ക് 130 ലിബർട്ടി സ്ട്രീറ്റ്
6 യു.എസ്. കസ്റ്റംസ് ഹൗസ് 6 വേൾഡ് ട്രേഡ് സെന്റർ
N S കാൽനടക്കാർക്കായുള്ള നോർത്ത്, സൗത്ത് പാലങ്ങൾ
ഭാഗികമായ കേടുപാടുകൾ സംഭവിച്ചത്
2F 2 ലോക സാമ്പത്തിക കേന്ദ്രം
3F 3 ലോക സാമ്പത്തിക കേന്ദ്രം
W വിന്റർ ഗാർഡൻ
[കടപ്പാട്]
As of October 4, 2001 3D Map of Lower Manhattan by Urban Data Solutions, Inc.
[ചിത്രങ്ങൾ]
ഏറ്റവും മുകളിൽ: സൗത്ത് ടവർ ആദ്യം തകർന്നുവീണു
തൊട്ടു മുകളിൽ: ചിലർ വാച്ച്ടവർ കെട്ടിടങ്ങളിൽ അഭയം പ്രാപിച്ചു
വലത്ത്: നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് അക്ഷീണം പ്രവർത്തിച്ചു
[കടപ്പാട്]
AP Photo/Jerry Torrens
Andrea Booher/FEMA News Photo
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
AP Photo/Marty Lederhandler
[4-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
AP Photo/Suzanne Plunkett