ഗൂഢവിദ്യ പരീക്ഷിച്ചുനോക്കുന്നതിൽ—എന്താണു കുഴപ്പം?
യുവജനങ്ങൾ ചോദിക്കുന്നു . . .
ഗൂഢവിദ്യ പരീക്ഷിച്ചുനോക്കുന്നതിൽ—എന്താണു കുഴപ്പം?
കൗമാരപ്രായക്കാർ യഥാർഥത്തിൽ ഗൂഢവിദ്യയിൽ (ജ്യോതിഷമോ ഭാവികഥനമോ മന്ത്രവാദമോ പോലുള്ള ഏതെങ്കിലും മാർഗം ഉപയോഗിച്ച് ആത്മലോകവുമായി ബന്ധപ്പെടുന്നത്) തത്പരരാണോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ഒരു ഗവേഷക സംഘം 115 സ്കൂളുകളിൽ നിന്നുള്ള അപ്പർ പ്രൈമറി/ഹൈസ്കൂൾ വിദ്യാർഥികളുടെ ഇടയിൽ ഒരു സർവേ നടത്തി. അതിന്റെ ഫലങ്ങൾ ശ്രദ്ധേയമായിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേർ (54 ശതമാനം), ഗൂഢവിദ്യയിലും പ്രകൃത്യതീത ശക്തികളിലും തത്പരരാണെന്നു പറഞ്ഞു, കാൽ ഭാഗം (26 ശതമാനം) പേരാകട്ടെ, തങ്ങൾ അതിൽ “വളരെ തത്പരരാണ്” എന്നും.
ആങ്കറിജിലുള്ള അലാസ്കാ സർവകലാശാലയിലെ ഗവേഷകർ ഇങ്ങനെ എഴുതുന്നു: “സാത്താന്യ ആരാധനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ വൻവർധനവ് സംബന്ധിച്ചുള്ള പത്ര, മാസികാ റിപ്പോർട്ടുകൾ . . . അടുത്ത കാലത്ത് വളരെയധികം പെരുകിയിരിക്കുന്നു.” യുവജനങ്ങൾക്കിടയിൽ സാത്താന്യ ആരാധന വ്യാപകമാണെന്നു കാണിക്കുന്ന വസ്തുനിഷ്ഠമായ തെളിവുകൾ അധികമൊന്നുമില്ല എന്നു വിദഗ്ധർ പറയുന്നു. എങ്കിൽ പോലും, അനേകം യുവജനങ്ങളും സാത്താന്യ ആരാധനയുടെയും ഗൂഢവിദ്യയുടെയും വിവിധ വശങ്ങളിൽ തത്പരരാണ് എന്നതിൽ സംശയമില്ല, അത് വെറുമൊരു രസത്തിനായിരിക്കാമെങ്കിൽ പോലും.
അതുകൊണ്ട് ചില യുവജനങ്ങൾ ചോദിച്ചേക്കാം, ‘ഗൂഢവിദ്യ ഒന്നു പരീക്ഷിച്ചുനോക്കുന്നതിൽ എന്താണു കുഴപ്പം?’ ഉത്തരത്തിനായി നമുക്ക് യുവജനങ്ങൾ ഗൂഢവിദ്യയിൽ ഉൾപ്പെടാൻ ഇടയാക്കുന്ന ചില സംഗതികൾ പരിശോധിക്കാം.
ഗൂഢവിദ്യയിലേക്കുള്ള ആകർഷണം
യു.എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടിൽ വന്ന ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “ഇന്ന് കുട്ടികൾക്കും കൗമാരപ്രായക്കാർക്കും കുഴപ്പിക്കുന്നതും പലപ്പോഴും അലോസരപ്പെടുത്തുന്നതുമായ ദൃശ്യങ്ങളും വിവരങ്ങളും ധാരാളമായി ലഭ്യമാണ്. ഇത്തരമൊരു സ്ഥിതിവിശേഷത്തെ കുറിച്ച് 20 വർഷം മുമ്പ് പോലും ചിന്തിക്കാൻ കഴിയുമായിരുന്നില്ല.” ഗൂഢവിദ്യയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മാസികകളും വായിക്കാനും വീഡിയോകൾ കാണാനും ഇന്റർനെറ്റ് വെബ് സൈറ്റുകളിലൂടെ വിഹരിക്കാനും ജിജ്ഞാസ പല യുവജനങ്ങളെയും പ്രേരിപ്പിക്കുന്നു.
ബിബിസി ന്യൂസ് ഓൺലൈൻ പറയുന്നതനുസരിച്ച്, മന്ത്രവാദത്തെയും യക്ഷികളെയും കുറിച്ചും മറ്റുമുള്ള ജനപ്രീതിയാർജിച്ച ടിവി പരിപാടികൾ “കുട്ടികളിൽ മന്ത്രവാദത്തോടുള്ള താത്പര്യം വളർത്തുന്നതായി പറയപ്പെടുന്നു.” അതുപോലെ ചില ഹെവി-മെറ്റൽ സംഗീതങ്ങൾ അക്രമാസക്തിയെയും പൈശാചികതയെയും വിശേഷവത്കരിക്കുന്നതാണ്. പംക്തിയെഴുത്തുകാരൻ ടോം ഹാർപർ ടൊറന്റോയിലെ ഒരു വർത്തമാനപ്പത്രമായ ദ സൺഡേ സ്റ്റാറിൽ ഇങ്ങനെ എഴുതി: “[സംഗീത രംഗത്ത്] അരങ്ങേറുന്ന സംഭവവികാസങ്ങൾക്കെതിരെ ഞാൻ അതിശക്തമായ മുന്നറിയിപ്പു നൽകേണ്ടിയിരിക്കുന്നു. . . . ഇത്രയും അധഃപതിച്ച ഒന്ന് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഭ്രാന്ത്, പിശാചു ബാധ, ഭൂതങ്ങൾ, രക്തച്ചൊരിച്ചിൽ, ശാപവചനങ്ങൾ എന്നിവയും ബലാത്സംഗം, സ്വയംകൃത അംഗച്ഛേദം, കൊലപാതകം, ആത്മഹത്യ എന്നിങ്ങനെയുള്ള എല്ലാത്തരം അക്രമങ്ങളും ഗാനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. മരണം, നശീകരണം, വിനാശക പ്രവചനങ്ങൾ, നന്മയുടെ തിരസ്കരണം, തിന്മയുടെയും ദുഷ്ടതയുടെയും സ്വീകരണം ഇവയൊക്കെയാണ് അവയിലെ പ്രതിപാദ്യ വിഷയങ്ങൾ.”
ഇത്തരം ഗാനങ്ങൾ കേൾക്കുന്നത് വാസ്തവത്തിൽ വിനാശകരമായ പെരുമാറ്റത്തിലേക്കു നയിക്കുമോ? ഒരു കേസിലെങ്കിലും അങ്ങനെ സംഭവിച്ചതായി ഐക്യനാടുകളിൽ നിന്നുള്ള പിൻവരുന്ന അനുഭവം കാണിക്കുന്നു. അവിടെ 14 വയസ്സുള്ള ഒരു ബാലൻ തന്റെ മാതാവിനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയുണ്ടായി. അവന്റെ മുറിയുടെ ചുവരുകൾ നിറയെ ഹെവി-മെറ്റൽ റോക്ക് സംഗീതജ്ഞരുടെ പോസ്റ്ററുകൾ ആയിരുന്നു. പിന്നീട് അവന്റെ പിതാവ് ഇങ്ങനെ അഭ്യർഥിച്ചു: “മക്കൾ ഏതുതരം സംഗീതമാണു കേൾക്കുന്നതെന്നു ശ്രദ്ധിക്കാൻ ദയവായി മാതാപിതാക്കളോടു പറയൂ.” തന്റെ മകൻ ഈ കൊടുംപാതകം ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് “രക്തച്ചൊരിച്ചിലിനെയും സ്വന്തം അമ്മയെ കൊല്ലുന്നതിനെയും കുറിച്ചുള്ള” ഒരു റോക്ക് ഗാനം പാടിക്കൊണ്ടു നടന്നതായി അദ്ദേഹം പറഞ്ഞു.
ഇനി, കളിക്കാർക്ക് ക്ഷുദ്രക്കാരോ അല്ലെങ്കിൽ മാന്ത്രിക ശക്തിയുള്ള മറ്റാരെങ്കിലുമായോ അഭിനയിക്കാൻ കഴിയുന്ന ചില സങ്കൽപ്പ-കഥാപാത്ര കളികളും ഉണ്ട്. ഈ കളികളിൽ പലതും പൈശാചിക അക്രമം അടങ്ങിയതാണ്. a
എന്നിരുന്നാലും, ‘മീഡിയാസ്കോപ്’ എന്ന ഗവേഷക സംഘടന ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: ‘പഠനങ്ങൾ കാണിക്കുന്നതനുസരിച്ച്, ഹെവി മെറ്റൽ സംഗീതത്തോടുള്ള പ്രിയം സൂചിപ്പിക്കുന്നത് ലഹരിപദാർഥ ദുരുപയോഗം, ഒറ്റപ്പെടൽ, മാനസിക തകരാറുകൾ, ആത്മഹത്യ പ്രവണത അല്ലെങ്കിൽ കൗമാരപ്രായക്കാരുടെ ഇടയിലെ സാഹസിക പെരുമാറ്റം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് വളരെയധികം സാധ്യത ഉണ്ടെന്നാണ്. എന്നാൽ സംഗീതമല്ല ഇത്തരം പെരുമാറ്റത്തിന് ഇടയാക്കുന്നത്. അപ്പോൾത്തന്നെ അത്തരം പ്രശ്നങ്ങളുമായി മല്ലിടുന്ന കൗമാരപ്രായക്കാരെ തങ്ങളുടെ കലുഷിത വികാരങ്ങൾ ഉൾക്കൊള്ളുന്ന വരികളുള്ള ഹെവി മെറ്റൽ ഗാനങ്ങൾ ആകർഷിക്കുന്നതായി കരുതപ്പെടുന്നു.’
പൈശാചിക സംഗീതം ശ്രവിക്കുന്നത് അപകടകരമാണ് എന്നതിനോട് എല്ലാ ഗവേഷകരും യോജിക്കുകയില്ലായിരിക്കാം. എന്നാൽ സ്ഥിരമായി അക്രമത്തെയും സ്വനശീകരണത്തെയും വിശേഷവത്കരിക്കുന്ന തരം വീഡിയോകൾ കാണുന്നതും സംഗീതം കേൾക്കുന്നതും കളികളിൽ ഏർപ്പെടുന്നതുമൊക്കെ മനസ്സിനെ വിഷലിപ്തമാക്കാതിരിക്കുമോ? എന്നാൽ ക്രിസ്ത്യാനികൾക്കു ഗൂഢവിദ്യ പരീക്ഷിച്ചുനോക്കാതിരിക്കാൻ കൂടുതലായ കാരണമുണ്ട്.
ഗൂഢവിദ്യ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം
പൗലൊസ് അപ്പൊസ്തലൻ 1 കൊരിന്ത്യർ 10:20-ൽ ക്രിസ്ത്യാനികളോടു പിൻവരുന്നപ്രകാരം പറഞ്ഞു: “നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല.” ഈ ഭൂതങ്ങൾ ആരാണ്, അവരുമായുള്ള സമ്പർക്കം അങ്ങേയറ്റം അപകടകരമായിരിക്കുന്നത് എന്തുകൊണ്ടാണ്? ലളിതമായി പറഞ്ഞാൽ, പിശാചായ സാത്താനെ അനുഗമിക്കാൻ തീരുമാനിച്ച മുൻ ദൂതന്മാരാണ് ഭൂതങ്ങൾ. സാത്താൻ എന്നാൽ “എതിരാളി” എന്നും പിശാച് എന്നാൽ “ദൂഷകൻ” എന്നുമാണ് അർഥം. ദൈവത്തിനെതിരെ മത്സരിച്ചുകൊണ്ട് ദൈവത്തിന്റെ ഈ മുൻ ദൂതപുത്രൻ തന്നെത്തന്നെ ഒരു എതിരാളിയും ദൂഷകനും ആക്കിത്തീർത്തു എന്നു ബൈബിൾ പറയുന്നു. കാലക്രമത്തിൽ, ഈ മത്സരഗതിയിൽ തന്നോടൊപ്പം ചേരാൻ മറ്റു ദൂതന്മാരെ വശീകരിക്കാനും അവനു കഴിഞ്ഞു. പിശാചിന്റെ ഈ കൂട്ടാളികളാണ് ഭൂതങ്ങൾ.—ഉല്പത്തി 3:1-15; 6:1-4; യൂദാ 6.
യേശു സാത്താനെ “ഈ ലോകത്തിന്റെ പ്രഭു [“ഭരണാധിപൻ,” NW]” എന്നു വിളിച്ചു. (യോഹന്നാൻ 12:31) തങ്ങളുടെ നാശം ആസന്നമാണെന്ന് അറിയാവുന്ന സാത്താനും അവന്റെ ഭൂതങ്ങളും “മഹാക്രോധത്തോടെ” പ്രവർത്തിക്കുകയാണ്. (വെളിപ്പാടു 12:9-12) അതുകൊണ്ട് ഭൂതങ്ങളുമായി സമ്പർക്കത്തിൽ വരുന്നവർ, അവരെ അക്രമാസക്തരായി കണ്ടെത്തുന്നതിൽ അതിശയമില്ല. സുരിനാമിൽ ആത്മവിദ്യ ആചരിച്ചിരുന്ന ഒരു കുടുംബത്തിൽ വളർന്നുവന്ന ഒരു സ്ത്രീ, ഭൂതങ്ങൾ ‘തങ്ങൾക്കു വഴങ്ങാത്ത ഇരകളെ ദണ്ഡിപ്പിക്കുന്നതിൽ ആനന്ദിക്കുന്നു’ എന്ന് അനുഭവത്തിൽനിന്നു മനസ്സിലാക്കി. b അതുകൊണ്ടു ക്രൂരരായ ഈ ആത്മജീവികളുമായുള്ള ഏതു സമ്പർക്കവും അത്യന്തം അപകടകരമാണ്!
ഈ കാരണത്താൽ ഗൂഢവിദ്യയുടെ എല്ലാ രൂപങ്ങളും ഒഴിവാക്കാൻ ദൈവം തന്റെ പുരാതന ജനമായ ഇസ്രായേല്യരോടു കൽപ്പിച്ചു. “ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു അകുന്നു” എന്ന് ആവർത്തനപുസ്തകം 18:10-12 മുന്നറിയിപ്പു നൽകുന്നു. അതുപോലെ “ആത്മവിദ്യക്കാർ” ദൈവത്താൽ നശിപ്പിക്കപ്പെടുമെന്ന മുന്നറിയിപ്പു ക്രിസ്ത്യാനികൾക്കും നൽകപ്പെട്ടിരുന്നു. (വെളിപ്പാടു 21:8, NW) ഗൂഢവിദ്യ ഒന്നു പരീക്ഷിച്ചുനോക്കുന്നതു പോലും ദൈവം കുറ്റംവിധിക്കുന്ന സംഗതിയാണ്. “അശുദ്ധമായതു ഒന്നും തൊടരുതു” എന്നു ബൈബിൾ കൽപ്പിക്കുന്നു.—2 കൊരിന്ത്യർ 6:16.
ഗൂഢവിദ്യയിൽനിന്നു സ്വതന്ത്രരാകൽ
ഗൂഢവിദ്യ പരീക്ഷിച്ചുനോക്കുക എന്ന അബദ്ധത്തിൽ നിങ്ങൾ ചെന്നു ചാടിയിരിക്കുന്നുവോ? എങ്കിൽ ഒന്നാം നൂറ്റാണ്ടിലെ എഫെസൊസ് നഗരത്തിൽ സംഭവിച്ചതു പരിചിന്തിക്കുക. അവിടെയുള്ള പലരും ‘ക്ഷുദ്രപ്രയോഗം ചെയ്തിരുന്നു.’ എന്നാൽ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ അപ്പൊസ്തലനായ പൗലൊസ് നിർവഹിച്ച വീര്യ പ്രവൃത്തികൾ അവരിൽ ചിലരെ ആഴത്തിൽ സ്പർശിച്ചു. ഫലമെന്തായിരുന്നു? “ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു. ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.”—പ്രവൃത്തികൾ 19:11-20.
ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു? ഭൂതങ്ങളുടെ പിടിയിൽനിന്നു രക്ഷപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, ഒരു വ്യക്തി സാത്താന്യ ആരാധനയുമായി ബന്ധപ്പെട്ട സകല വസ്തുക്കളും നശിപ്പിക്കേണ്ടതുണ്ട്! ഇതിൽ പുസ്തകങ്ങൾ, മാസികകൾ, പോസ്റ്ററുകൾ, കോമിക് പുസ്തകങ്ങൾ, വീഡിയോകൾ, ഏലസ്സുകൾ (“സംരക്ഷണത്തിന്” ധരിക്കുന്ന വസ്തുക്കൾ), ഇന്റർനെറ്റിൽനിന്നു ലഭിക്കുന്ന ഭൂതാരാധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. (ആവർത്തനപുസ്തകം 7:25, 26) ആത്മവിദ്യയിൽ ഉപയോഗിക്കുന്ന സ്ഫടിക ഗോളങ്ങളും വീജാ ബോർഡുകളും പോലുള്ള എല്ലാ വസ്തുക്കളും നശിപ്പിക്കുക. കൂടാതെ, സാത്താന്യ ആരാധനയുമായി ബന്ധപ്പെട്ട സംഗീതമോ വീഡിയോകളോ ഉണ്ടെങ്കിൽ അവയും.
ഇത്തരത്തിലുള്ള ധീര നടപടികൾ എടുക്കുന്നതിന് ധൈര്യവും നിശ്ചയദാർഢ്യവും ആവശ്യമാണ്. എന്നാൽ അവ വളരെ പ്രയോജനങ്ങൾ കൈവരുത്തും. ജിൻ c എന്ന ഒരു ക്രിസ്തീയ വനിത തുടക്കത്തിൽ നിരുപദ്രവകരമെന്നു തോന്നിച്ച ഒരു കംപ്യൂട്ടർ ഗെയിം വാങ്ങി. എന്നാൽ കളി പുരോഗമിച്ചപ്പോൾ അതിന് ആത്മവിദ്യയുമായി ബന്ധമുള്ളതായി അവർ കണ്ടെത്തി. പെട്ടെന്നുതന്നെ ജിൻ രാത്രിയിൽ ദുഃസ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണരാൻ തുടങ്ങി! ജിൻ പറയുന്നു: “ഒരു ദിവസം ഞാൻ പാതിരാത്രിക്ക് എണീറ്റ് ആ ഗെയിം അടങ്ങിയ സിഡികൾ നശിപ്പിച്ചുകളഞ്ഞു.” ഫലം എന്തായിരുന്നു? “അതിനു ശേഷം എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.”
ഗൂഢവിദ്യയിൽനിന്നു സ്വതന്ത്രരാകാൻ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നെങ്കിൽ നിങ്ങൾ വിജയിക്കും. പിശാച് തന്നെ ആരാധിക്കുന്നതിന് യേശുവിനെ പ്രേരിപ്പിക്കാൻ ശ്രമിച്ചപ്പോൾ യേശു പ്രകടിപ്പിച്ച നിശ്ചയദാർഢ്യം ഓർക്കുക. ‘യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ പിശാചു അവനെ വിട്ടുപോയി.’—മത്തായി 4:8-11.
ഒറ്റയ്ക്കു പൊരുതാൻ ശ്രമിക്കരുത്
എല്ലാ ക്രിസ്ത്യാനികൾക്കും ‘സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനകളോട് പോരാട്ടം ഉണ്ടെന്ന്’ അപ്പൊസ്തലനായ പൗലൊസ് നമ്മെ ഓർമിപ്പിക്കുന്നു. (എഫെസ്യർ 6:12) എന്നാൽ സാത്താനോടും അവന്റെ ഭൂതങ്ങളോടും ഒറ്റയ്ക്കു പൊരുതാൻ ശ്രമിക്കരുത്. ദൈവഭയമുള്ള നിങ്ങളുടെ മാതാപിതാക്കളുടെയും പ്രാദേശിക ക്രിസ്തീയ സഭയിലെ മൂപ്പന്മാരുടെയും സഹായം തേടുക. ഭൂതങ്ങളുമായുള്ള നിങ്ങളുടെ ഇടപെടലിനെ കുറിച്ച് അവരോടു തുറന്നു പറയുന്നതു ബുദ്ധിമുട്ടായിരിക്കാം, എന്നാൽ നിങ്ങൾക്ക് അത്യാവശ്യമായ സഹായം നൽകാൻ അവർക്കു സാധിക്കും.—യാക്കോബ് 5:14, 15.
“പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്ന ബൈബിൾ വാക്യവും മനസ്സിൽ പിടിക്കുക. (യാക്കോബ് 4:7, 8) അതേ, നിങ്ങൾക്കു യഹോവയാം ദൈവത്തിന്റെ പിന്തുണയുണ്ട്! ഗൂഢവിദ്യയുടെ ബന്ധനത്തിൽനിന്നു സ്വതന്ത്രരാകാൻ അവൻ നിങ്ങളെ സഹായിക്കും. (g02 1/22)
[അടിക്കുറിപ്പുകൾ]
a 1999 ആഗസ്റ്റ് 22 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . സങ്കൽപ്പ-കഥാപാത്ര കളികൾ—എന്തെങ്കിലും അപകടം പതിയിരിക്കുന്നുണ്ടോ?” എന്ന ലേഖനം കാണുക.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഉണരുക!യുടെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിന്റെ 1988 സെപ്റ്റംബർ 1 ലക്കത്തിൽ വന്ന “ആത്മവിദ്യയുടെ നുകം കുടഞ്ഞുകളയൽ” എന്ന ലേഖനം കാണുക.
c പേരിനു മാറ്റം വരുത്തിയിരിക്കുന്നു.
[14-ാം പേജിലെ ചിത്രം]
സാത്താന്യ ആരാധനയുമായി ബന്ധമുള്ള സകലതും നശിപ്പിക്കുക
[14-ാം പേജിലെ ചിത്രം]
ആത്മവിദ്യയോടു ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ വെബ് സൈറ്റുകൾ സംബന്ധിച്ച് ജാഗ്രത പുലർത്തുക