ജോർജിയയിലെ മതപീഡനം—എത്ര കാലം കൂടി?
ജോർജിയയിലെ മതപീഡനം—എത്ര കാലം കൂടി?
സുഖകരമായ കാലാവസ്ഥയുള്ള കരിങ്കടൽതീരം മുതൽ മഞ്ഞുറഞ്ഞ കോക്കസസ് പർവതനിരവരെ വ്യാപിച്ചു കിടക്കുന്ന ജോർജിയ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു നാടാണ്. നിബിഡവനങ്ങളും അരുവികളും ഹരിതാഭമായ താഴ്വരകളുമുള്ള ഈ പർവതപ്രദേശം യൂറോപ്പിന്റെയും ഏഷ്യയുടെയും അതിർത്തിയുടെ ഇരുവശത്തുമായി വ്യാപിച്ചുകിടക്കുന്നു. ജോർജിയയുടെ തലസ്ഥാനമായ ടിബിലിസി ആധുനിക കെട്ടിടങ്ങളും പുരാതന വാസ്തുശിൽപ്പ സ്മാരകങ്ങളും ഉള്ള തിരക്കേറിയ ഒരു നഗരമാണ്. എന്നാൽ ജോർജിയയുടെ ഏറ്റവും വലിയ സമ്പത്ത് അവിടത്തെ ജനങ്ങളാണ്. ഈടുറ്റ കുടുംബ ബന്ധങ്ങൾക്കും ഊഷ്മളമായ അതിഥിസത്കാരത്തിനും പേരുകേട്ടവരാണ് അവർ.
ചരിത്രത്തിലുടനീളം ജോർജിയയിലെ ജനങ്ങൾ മർദനത്തിന് ഇരകളായിട്ടുണ്ട്. റോമാക്കാർ, പേർഷ്യക്കാർ, ബൈസാന്റിയംകാർ, അറബികൾ, തുർക്കികൾ, മംഗോളിയക്കാർ, റഷ്യക്കാർ എന്നിവരും മറ്റുള്ളവരുമൊക്കെ ആ രാജ്യത്തെ ആക്രമിച്ചിട്ടുണ്ട്. ഒരു കണക്ക് അനുസരിച്ച്, ടിബിലിസി 29 തവണ നശിപ്പിക്കപ്പെട്ടിട്ടുണ്ട്! a എന്നാൽ അപ്പോൾ പോലും, ജീവിതം, കല, സംഗീതം, നൃത്തം എന്നിവയോടുള്ള ജോർജിയൻ നിവാസികളുടെ പ്രിയത്തിനു തെല്ലും മങ്ങലേറ്റില്ല. മാത്രമല്ല, സഹിഷ്ണുതയുള്ള ഒരു സമൂഹം എന്ന നിലയിലുള്ള തങ്ങളുടെ ഖ്യാതി കാത്തുകൊള്ളുന്നതിനും അവർക്കു സാധിച്ചു.
ദുഃഖകരമെന്നു പറയട്ടെ, ജോർജിയയിലെ എല്ലാ ആളുകളെ കുറിച്ചും മേലാൽ ഇതു പറയാനാവില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഒരു ചെറിയ സംഘം ജോർജിയക്കാർ നൂറുകണക്കിനു വരുന്ന തങ്ങളുടെ സഹ പൗരന്മാരെ ആക്രമിച്ചുകൊണ്ട് തങ്ങളുടെ രാജ്യത്തിന്റെ കീർത്തി നശിപ്പിച്ചിരിക്കുന്നു. കോപാക്രാന്തരായ ആക്രമണകാരികൾ നിർദോഷികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അതുപോലെ വൃദ്ധരെയും ശാരീരിക വൈകല്യം ഉള്ളവരെയും തല്ലിച്ചതച്ചിരിക്കുന്നു. ഈ ആക്രമണകാരികൾ ആണികൾ തറച്ച വടികൾകൊണ്ടും ഇരുമ്പുദണ്ഡുകൾകൊണ്ടും അവരെ പരിക്കേൽപ്പിക്കുകയും മുഖവും തലയുമെല്ലാം പിച്ചിച്ചീന്തുകയും ചെയ്തിരിക്കുന്നു. ജോർജിയയിലെ നിർദോഷികളായ ഈ പൗരന്മാർ ഇത്ര മൃഗീയമായി പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? അവർ യഹോവയുടെ സാക്ഷികൾ ആയതുകൊണ്ട്, ആക്രമണകാരികളിൽ പലരും ജനിക്കുന്നതിനു മുമ്പുതന്നെ
ജോർജിയയിൽ ഉണ്ടായിരുന്ന ഒരു ക്രിസ്തീയ സമൂഹത്തിന്റെ ഭാഗമായിരിക്കുന്നതുകൊണ്ട്.അപലപനത്തിൽനിന്ന് ആക്രമണത്തിലേക്ക്
ജോർജിയ മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ഒരു രാജ്യമാണെങ്കിലും, അവിടെ യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങൾ അധികാരികൾ കൂടെക്കൂടെ കണ്ടുകെട്ടിയിട്ടുണ്ട്. ജോർജിയൻ ഓർത്തഡോക്സ് സഭാ അധിപനായ പാത്രിയാർക്കീസിന്റെ അനുമതി ഉണ്ടെങ്കിലേ സാഹിത്യങ്ങൾ വിട്ടുകൊടുക്കൂ എന്ന് 1999 ഏപ്രിലിൽ കസ്റ്റംസ് അധികൃതർ പ്രസ്താവിച്ചു. b പിറ്റേ മാസം, ഓർത്തഡോക്സ് സഭ വീണ്ടും പരാമർശവിധേയമായി—ഇത്തവണ ജോർജിയയിലെ ഇസാനി-സാംഗോറി ജില്ലാ കോടതിയിൽ. അവിടെ പാർലമെന്ററി അംഗവും “സർവോപരി ജോർജിയ!” എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവുമായ ഗുരാം ഷാരാഡ്സെ, യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന നിയമപരമായ കോർപ്പറേഷനുകൾ പിരിച്ചുവിടുന്നതിനായി കേസു കൊടുത്തു. സാക്ഷികൾ രാജ്യദ്രോഹികളും അപകടകാരികളും ആണെന്ന് അദ്ദേഹം ആരോപിച്ചു. ഷാരാഡ്സെയുടെ ആരോപണത്തെ ആരാണു പിന്താങ്ങിയത്? അഖില-ജോർജിയ കാതോലിക്കോസ് പാത്രിയാർക്കീസിന്റെ സെക്രട്ടറിയുടെ ഒരു കത്ത് അദ്ദേഹം നൽകിയ പരാതിയുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
ജോർജിയ 1999 മേയ് 20-ന് ‘മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യൂറോപ്യൻ ഉടമ്പടി’ അംഗീകരിക്കുകയും അങ്ങനെ അതിലെ വ്യവസ്ഥകൾ ഉയർത്തിപ്പിടിക്കാനുള്ള ബാധ്യസ്ഥതയിൻ കീഴിൽ വരികയും ചെയ്തു. പ്രസ്തുത ഉടമ്പടിയിലെ 10-ാമത്തെ വ്യവസ്ഥ ഇങ്ങനെ പ്രസ്താവിക്കുന്നു: “ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഏവരുടെയും അവകാശമാണ്. പൊതുജന അധികാരികളിൽനിന്നുള്ള തടസ്സങ്ങളില്ലാതെയും രാജ്യാതിർത്തികൾ ഗണ്യമാക്കാതെയും അഭിപ്രായങ്ങൾ വെച്ചുപുലർത്താനും വിവരങ്ങളും ആശയങ്ങളും സ്വീകരിക്കാനും മറ്റുള്ളവർക്കു നൽകാനുമുള്ള സ്വാതന്ത്ര്യം പ്രസ്തുത അവകാശത്തിൽ ഉൾപ്പെടുന്നു.” മതസാഹിത്യങ്ങൾ നിരോധിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾ നിറുത്താൻ യഹോവയുടെ സാക്ഷികളുടെ ശത്രുക്കളെ ഇതു പ്രേരിപ്പിച്ചോ? തീർച്ചയായും ഇല്ല!
അഖില-ജോർജിയ പാത്രിയാർക്കീസിന്റെ ഓഫീസിൽനിന്ന് 1999 ജൂൺ 21-ന് കസ്റ്റംസ് പരിശോധനാ വിഭാഗത്തിന്റെ തലവന് അയച്ച ഒരു കത്തിൽ “വിദേശ മതസാഹിത്യങ്ങളുടെ വിതരണം നിരോധിക്കണം” എന്നു നിഷ്കർഷിച്ചിരുന്നു. മാത്രമല്ല, യഹോവയുടെ സാക്ഷികൾ അപകടകാരികളാണെന്നും അവരെ നിരോധിക്കണമെന്നും ജോർജിയൻ ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക വക്താവായ ഗിയോർഗി ആൻഡ്രിയാഡ്സെ പ്രഖ്യാപിച്ചു. ഈ അപലപനങ്ങളുടെ ഫലം എന്തായിരുന്നു? കഴിഞ്ഞ കാലത്ത് യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങൾ അഗ്നിക്കിരയാക്കിയിരുന്ന മതഭ്രാന്തന്മാർക്കു സാക്ഷികളെ ആക്രമിക്കാമെന്നും അതിന്റെ പേരിൽ തങ്ങൾ ശിക്ഷിക്കപ്പെടുകയില്ലെന്നുമുള്ള അവസ്ഥ വന്നു. 1999 ഒക്ടോബർ 17 ഞായറാഴ്ച അവർ വീണ്ടും സാക്ഷികളുടെമേൽ ആക്രമണം അഴിച്ചുവിട്ടു.
അധികാരികൾ കൂട്ട ആക്രമണങ്ങൾക്കുനേരെ കണ്ണടയ്ക്കുന്നു
ആ ഞായറാഴ്ച പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം യഹോവയുടെ സാക്ഷികളായ 120-ഓളം പേർ ടിബിലിസിയിൽ ഒരു മതയോഗത്തിൽ സംബന്ധിക്കുകയായിരുന്നു. ഔദ്യോഗിക സ്ഥാനത്തുനിന്നു നീക്കപ്പെട്ട മുൻ ഓർത്തഡോക്സ് പുരോഹിതൻ വാസിലി മ്കാലാവിഷ്വിലിയും 200 അനുയായികളും പെട്ടെന്നു യോഗസ്ഥലത്തേക്ക് ഇരച്ചുകയറി. c അവർ സാക്ഷികളെ വളഞ്ഞ് മരവടികളും ഇരുമ്പു കുരിശുകളുംകൊണ്ട് തല്ലിച്ചതച്ചു. അക്രമികളിൽ നാലു പേർ ഒരാളുടെ കൈയിലും കഴുത്തിലും കടന്നു പിടിച്ച് ബലമായി തല കുനിച്ചുനിറുത്തി മുടി വടിച്ചുകളഞ്ഞു. ശേഷം അക്രമികൾ അദ്ദേഹം ഈ രീതിയിൽ അപമാനിക്കപ്പെടുന്നതു നോക്കിനിന്ന് ആസ്വദിച്ചു. ഒടുവിൽ ആ ഭ്രാന്തൻ ജനക്കൂട്ടം അവിടെനിന്നു പോയപ്പോൾ, 16 സാക്ഷികളെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നു. ഒരാളുടെ മൂന്നു വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. 40 വയസ്സുള്ള പാറ്റി എന്ന സഹോദരി പിന്നീട് ഇപ്രകാരം പറഞ്ഞു: “അവർ എന്റെ നേരെ അലറാൻ തുടങ്ങി, അവരിൽ ഒരാൾ സർവശക്തിയുമെടുത്ത് എന്നെ ഇടിച്ചു. അയാൾ എന്റെ മുഖത്തിനിട്ട്, കണ്ണിനിട്ടാണ് ഇടിച്ചത്. ഞാൻ കൈകൾകൊണ്ട് എന്റെ മുഖം മറയ്ക്കാൻ ശ്രമിച്ചു. എന്റെ വിരലുകളിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു.” ക്രൂരമായ ആ മർദനത്തിൽ പാറ്റിയുടെ ഇടതു കണ്ണിനു ക്ഷതമേറ്റു. അങ്ങനെ കണ്ണിനുണ്ടായ കേടുപാട് ഇന്നും നിലനിൽക്കുന്നു.
കിരാതമായ ഈ അക്രമം ടെലിവിഷനിൽ കണ്ട പ്രസിഡന്റ് എഡ്വേർഡ് ഷെവർഡ്നാഡ്സെ അതിനെ നിശിതമായി വിമർശിച്ചു. പിറ്റേന്ന് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “ഈ സംഭവത്തെ ഞാൻ അപലപിക്കുന്നു. നിയമപാലകർ ക്രിമിനൽ കുറ്റം ചാർജു ചെയ്യേണ്ടതാണെന്നു ഞാൻ വിശ്വസിക്കുന്നു.” സംഘനേതാവും ഉൾപ്പെട്ടിരുന്ന മറ്റുള്ളവരും ആരൊക്കെയാണെന്നു വീഡിയോയിൽ വളരെ വ്യക്തമായിരുന്നതിനാൽ അവരെ കുറ്റക്കാരെന്നു സ്ഥാപിക്കുക വളരെ എളുപ്പമായിരുന്നു. എന്നാൽ, രണ്ടു വർഷത്തിനു ശേഷവും ആ ആക്രമണകാരികളിൽ ആരെയും അധികാരികൾ കുറ്റക്കാരായി പ്രഖ്യാപിച്ചിട്ടില്ല.
ശിക്ഷിക്കപ്പെടാത്തതിൽനിന്ന് പ്രോത്സാഹനം ഉൾക്കൊണ്ട്
സർക്കാർ ഉദ്യോഗസ്ഥരുടെയും സഭാ അധികാരികളുടെയും ഭാഗത്തുനിന്നു നടപടിയൊന്നും ഉണ്ടാകാതിരുന്നപ്പോൾ അക്രമപ്രവൃത്തികൾക്കു തങ്ങൾ ശിക്ഷിക്കപ്പെടുകയില്ലെന്ന് അവർക്കു തോന്നിയതിൽ അതിശയമില്ല. കൂടുതൽ വീറോടെ അവർ യഹോവയുടെ സാക്ഷികളെ സ്വകാര്യ ഭവനങ്ങളിലും തെരുവുകളിലും ആരാധനാ സ്ഥലങ്ങളിലും വെച്ച് കവർച്ച ചെയ്യാനും ഉപദ്രവിക്കാനും തുടങ്ങി. 1999 ഒക്ടോബറിനും 2001 ആഗസ്റ്റിനും ഇടയിൽ 1,000-ത്തിലധികം യഹോവയുടെ സാക്ഷികൾ ഉൾപ്പെടുന്ന, രേഖാമൂലം തെളിവുള്ള 80 അക്രമപ്രവൃത്തികൾ അരങ്ങേറി. എന്നിട്ടും, 2001 ഫെബ്രുവരി 9-ന് ടിബിലിസിയിലുള്ള ഒരു സിറ്റി പ്രോസിക്യൂട്ടർ റിപ്പോർട്ടർമാരോടു പറഞ്ഞത് വാസിലി മ്കാലാവിഷ്വിലിക്ക് എതിരെയുള്ള അന്വേഷണം “ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്” എന്നാണ്. ദുഃഖകരമെന്നു പറയട്ടെ, ഈ ലേഖനം എഴുതുന്ന സമയത്തും ജോർജിയയിലെ അധികാരികൾ തങ്ങളുടെ വിദ്വേഷപൂരിതമായ കുറ്റകൃത്യങ്ങളിൽ തുടരാൻ യഹോവയുടെ സാക്ഷികളുടെ ശത്രുക്കളെ അനുവദിക്കുന്നു.—“കൂട്ട ആക്രമണം തുടരുന്നു” എന്ന ചതുരം കാണുക.
പോലീസിന്റെ പങ്ക് എന്താണ്? അവർ യഹോവയുടെ സാക്ഷികൾക്ക് എതിരെയുള്ള ആക്രമണങ്ങൾ അനുവദിക്കുക മാത്രമല്ല, അവയിൽ ഏർപ്പെടുക പോലും ചെയ്തതായി വാർത്താ റിപ്പോർട്ടുകളും വീഡിയോ ചിത്രങ്ങളും കാണിക്കുന്നു! ഉദാഹരണത്തിന്, സുഗ്ദിദി നഗരത്തിൽ 2000 സെപ്റ്റംബർ 8-ന് 700 യഹോവയുടെ സാക്ഷികൾ സമാധാനപരമായി
ഒരു കൺവെൻഷൻ നടത്തിക്കൊണ്ടിരിക്കെ, ലാത്തികളേന്തിയ പോലീസുകാർ അതു പിരിച്ചുവിട്ടു. മുഖംമൂടി ധരിച്ച പോലീസ് ഉദ്യോഗസ്ഥർ 50-ലധികം സാക്ഷികളെ തല്ലിച്ചതച്ചുകൊണ്ട് “നാശത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചു” എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ടാങ്കുകൾക്കെതിരെ ഉപയോഗിക്കുന്ന, തിരയൊഴിഞ്ഞ ഷെല്ലുകൾ തലയ്ക്കു മീതെ പൊട്ടിയപ്പോൾ കുട്ടികളുടെ മുഖത്തെ ഭീതി കാണുക “ഹൃദയഭേദകമായിരുന്നു” എന്ന് ആ കൺവെൻഷൻ സ്ഥലത്തിന്റെ ഉടമ പറഞ്ഞു. പോലീസ് ആ സ്ഥലം തല്ലിത്തകർക്കുകയും തീ വെക്കുകയും ചെയ്തു. എന്നിട്ടും, അവരാരും നാളിതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.ഈ ഹീന സംഭവം ഒറ്റപ്പെട്ട ഒന്നല്ലാത്തതിനാൽ (“പോലീസിന്റെ പങ്ക്” എന്ന ചതുരം കാണുക) ‘പീഡനത്തിന് എതിരെയുള്ള ഐക്യരാഷ്ട്ര കമ്മിറ്റി’ “നിയമപാലകർ ജോർജിയയിൽ തുടർന്നുപോരുന്ന പീഡനത്തെയും ക്രൂരവും മനുഷ്യത്വഹീനവും അധമവുമായ പെരുമാറ്റത്തെയും അല്ലെങ്കിൽ ശിക്ഷയെയും” അതുപോലെതന്നെ “പീഡനത്തിന്റെ നിരവധി ആരോപണങ്ങൾ സംബന്ധിച്ച് അടിയന്തിരവും പക്ഷപാതരഹിതവും സമഗ്രവുമായ അന്വേഷണങ്ങൾ നടത്തുന്നതിലുള്ള തുടർച്ചയായ പരാജയത്തെയും” കുറിച്ച് ഉചിതമായിത്തന്നെ ആകുലത പ്രകടിപ്പിച്ചു. d കുറ്റവാളികൾ ആരെന്ന് അറിയാമായിരുന്നിട്ടും യഹോവയുടെ സാക്ഷികൾ പോലീസിനു നൽകിയിട്ടുള്ള 400-ലധികം പരാതികളിൽ ഒന്നിനോടു പോലും ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല! അതുകൊണ്ട്, പാർലമെന്റ് തിരഞ്ഞെടുത്തു നിയമിച്ച ജോർജിയയുടെ പബ്ലിക് ഡിഫന്റർ (സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസുകളുടെ അന്വേഷണ ചുമതല വഹിക്കുന്ന അധികാരി) ഇങ്ങനെ അഭിപ്രായപ്പെട്ടു: “മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ നിയമിക്കപ്പെട്ടവർതന്നെ അവ ലംഘിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം, മനുഷ്യാവകാശങ്ങൾക്ക് ഒരു കടലാസു തുണ്ടിന്റെ അത്രയും വിലയേ ഉള്ളൂ.”
സുപ്രീം കോടതി വിധി ആശയക്കുഴപ്പം സൃഷ്ടിക്കുന്നു
ജനങ്ങളും പോലീസും നടത്തുന്ന നിയമവിരുദ്ധ ആക്രമണങ്ങൾ മതിയാകാഞ്ഞിട്ടെന്നപോലെ,
യഹോവയുടെ സാക്ഷികളുടെ അവകാശങ്ങൾ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു വിധിന്യായം ജോർജിയയിലെ സുപ്രീം കോടതി അടുത്തയിടെ പുറപ്പെടുവിച്ചു.നമുക്ക് അതു സംബന്ധിച്ച ചില പശ്ചാത്തല വിവരങ്ങൾ പരിചിന്തിക്കാം. യഹോവയുടെ സാക്ഷികളുടെ നിയമപരമായ കോർപ്പറേഷനുകൾ പിരിച്ചുവിടാനായി രാഷ്ട്രീയ പ്രവർത്തകനായ ഗൂരാം ഷാരാഡ്സെ കേസു കൊടുത്തു. 2000 ഫെബ്രുവരി 29-ന് കോടതി അദ്ദേഹത്തിന്റെ കേസു തള്ളിക്കളഞ്ഞെങ്കിലും, അപ്പീൽ കൊടുത്ത ഷാരാഡ്സെ കേസിൽ വിജയിച്ചു. അതേത്തുടർന്ന് യഹോവയുടെ സാക്ഷികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 2001 ഫെബ്രുവരി 22-ന് സുപ്രീം കോടതി സാക്ഷികൾക്കു പ്രതികൂലമായി വിധി പുറപ്പെടുവിച്ചു, മുഖ്യമായും ഇത് നിയമപരമായ സാങ്കേതിക കാരണങ്ങളെ പ്രതി ആയിരുന്നു. ഭരണഘടന അനുസരിച്ച്, മതസംഘടനകൾ നിയമപരമായി രജിസ്റ്റർ ചെയ്തിരിക്കണമെന്നും എന്നാൽ അത്തരമൊരു നിയമം ഇനിയും നിലവിൽ വന്നിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ നിയമത്തിന്റെ അഭാവത്തിൽ യഹോവയുടെ സാക്ഷികൾക്കു മറ്റൊരു രൂപത്തിലും രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല എന്നു കോടതി നിഗമനം ചെയ്തു. എന്നാൽ, മതപരമായ പ്രവർത്തനത്തെ പിന്താങ്ങുന്ന 15-ഓളം മറ്റു സംഘടനകൾ ജോർജിയയിൽ നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സുപ്രീം കോടതിയുടെ തീരുമാനത്തോടു പ്രതികരിച്ചുകൊണ്ട് ജോർജിയയിലെ നിയമകാര്യ മന്ത്രി മിഖെയിൽ സാക്കാഷ്വിലി ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു: “നിയമപരമായ ഒരു നിലപാടിൽനിന്നു നോക്കുമ്പോൾ, ഈ തീരുമാനം ചോദ്യം ചെയ്യത്തക്കതാണ്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വിജയപ്രദമായ ഒരു അധ്യായമാണ് ഇതെന്നൊന്നും ഞാൻ കരുതുന്നില്ല.” പ്രസ്തുത വിധിന്യായം “മതന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ നമ്മുടെ [ജോർജിയൻ ഓർത്തഡോക്സ്] സഭയിലെ തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന”തിനാൽ അതു സംബന്ധിച്ച് താൻ “വളരെ ആശങ്കയുള്ളവൻ” ആണെന്ന് ജോർജിയയിലെ പാർലമെന്ററി നിയമകാര്യ കമ്മിറ്റിയുടെ താത്കാലിക അധ്യക്ഷനായ സുരാബ് ആഡയിഷ്വിലി, കെസ്റ്റൺ വാർത്താ സർവീസിനോടു പറഞ്ഞു. ദുഃഖകരമെന്നു പറയട്ടെ, ആഡയിഷ്വിലി ഭയപ്പെട്ടതു പോലെതന്നെ കാര്യങ്ങൾ സംഭവിച്ചു. കോടതി ആ വിധിന്യായം പുറപ്പെടുവിച്ച് ഏതാനും ദിവസങ്ങൾക്കകം യഹോവയുടെ സാക്ഷികൾക്കു നേരെയുള്ള അക്രമം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. 2001-ാം ആണ്ടിൽ, ജനക്കൂട്ടവും പോലീസും ഓർത്തഡോക്സ് പുരോഹിതന്മാരും ഫെബ്രുവരി 27, മാർച്ച് 5, മാർച്ച് 6, മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 7, ഏപ്രിൽ 29, ഏപ്രിൽ 30, മേയ് 7, മേയ് 20, ജൂൺ 8, ജൂൺ 17, ജൂലൈ 11, ആഗസ്റ്റ് 12, സെപ്റ്റംബർ 28, സെപ്റ്റംബർ 30 എന്നീ തീയതികളിൽ സാക്ഷികളെ ആക്രമിച്ചു. ആ പട്ടിക ഇനിയും തുടരുന്നു.
പീഡനത്തിന്റെ ഈ പുതിയ അല ആഞ്ഞടിക്കാൻ തുടങ്ങിയതിന്റെ വെളിച്ചത്തിൽ, സുപ്രീം കോടതി അസാധാരണമായ ഒരു നടപടി കൈക്കൊണ്ടു. കോടതിയുടെ തീരുമാനം പരസ്യമായി വ്യക്തമാക്കിക്കൊണ്ട് അത് ഇങ്ങനെ പ്രസ്താവിച്ചു: “യഹോവയുടെ സാക്ഷികളുടെ യൂണിയന്റെ രജിസ്ട്രേഷൻ സുപ്രീം കോടതി റദ്ദാക്കിയതിനെ പൊതുജനം തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നതു നിർഭാഗ്യകരമാണ് . . . സ്വകാര്യ നിയമപ്രകാരമുള്ള നിയമാനുസൃത സംഘടന എന്ന നിലയിൽ പ്രതിഭാഗത്തിന്റെ രജിസ്ട്രേഷൻ കോടതി റദ്ദാക്കിയെങ്കിലും, ചിന്താസ്വാതന്ത്ര്യവും മനസ്സാക്ഷി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും പുലർത്താനുള്ള അവരുടെ അവകാശത്തെ പ്രത്യക്ഷമായോ പരോക്ഷമായോ തടസ്സപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ല. പരസ്യമായി അല്ലെങ്കിൽ സ്വകാര്യമായി, ഒരാൾക്കോ ഒന്നിലധികം പേർക്കോ തങ്ങളുടെ മതം മാറാനുള്ള അവരുടെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടിട്ടില്ല. . . . ആശയങ്ങളും വിവരങ്ങളും സ്വീകരിക്കാനും അവ പ്രചരിപ്പിക്കാനുമുള്ള പ്രതികളുടെ അവകാശത്തെയും കോടതിയുടെ തീരുമാനം നിയന്ത്രിക്കുന്നില്ല. സമാധാനപരമായി യോഗങ്ങൾ നടത്താനുള്ള അവരുടെ അവകാശത്തെയും അതു നിരോധിക്കുന്നില്ല.”
ആയിരക്കണക്കിനു ജോർജിയക്കാർ പീഡനത്തോടു പ്രതികരിക്കുന്നു
സുപ്രീം കോടതിയുടെ പ്രസ്താവനയ്ക്ക് അക്രമികളുടെമേൽ കാര്യമായ എന്തെങ്കിലും ഫലം
ഉണ്ടായിട്ടുള്ളതായി തോന്നുന്നില്ലെങ്കിലും, ജോർജിയയിലെ ആയിരക്കണക്കിനു പൗരന്മാർ ഈ പീഡനത്തെ ഇപ്പോൾത്തന്നെ കുറ്റം വിധിച്ചിരിക്കുന്നു എന്നതു സന്തോഷകരമാണ്. കൂട്ട ആക്രമണങ്ങളിൽനിന്നു തങ്ങളെ സംരക്ഷിക്കണമെന്നും ജോർജിയൻ പൗരന്മാർക്കെതിരെയുള്ള അക്രമങ്ങളിൽ പങ്കെടുക്കുന്നവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന ഒരു പരാതി യഹോവയുടെ സാക്ഷികൾ 2001 ജനുവരി 8 മുതൽ പൊതുജനങ്ങളുടെ ഇടയിൽ പ്രചരിപ്പിച്ചു. രണ്ടാഴ്ചയ്ക്കകം ജോർജിയയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പ്രായപൂർത്തിയായ 1,33,375 പൗരന്മാർ ആ പരാതിയിൽ ഒപ്പുവെച്ചു. ജോർജിയയിലെ യഹോവയുടെ സാക്ഷികളുടെ എണ്ണം വെറും 15,000 ആണെന്നതു പരിചിന്തിക്കുമ്പോൾ, ആ പരാതിയിൽ ഒപ്പിട്ട ബഹുഭൂരിപക്ഷവും ജോർജിയൻ ഓർത്തഡോക്സ് സഭയിലെ അംഗങ്ങൾ ആയിരിക്കാനാണു സാധ്യത. എന്നാൽ 2001 ജനുവരി 22-ന് ആ പരാതി അപ്രത്യക്ഷമായി. എന്താണു സംഭവിച്ചത്?അന്ന്, ആ പരാതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് ജോർജിയയിലെ പബ്ലിക് ഡിഫന്ററായ നാനാ ദെവ്ദാറിയാനിയുടെ ഓഫീസിൽ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി. സമ്മേളനം നടന്നുകൊണ്ടിരിക്കെ വാസിലി മ്കാലാവിഷ്വിലിയും മറ്റു പത്തു പേരും പെട്ടെന്ന് ആ ഓഫീസിലേക്ക് ഇടിച്ചുകയറി പരാതിയടങ്ങിയ 14 വാല്യങ്ങളും തട്ടിയെടുക്കാൻ ശ്രമിച്ചു. സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന കോക്കേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രതിനിധി ആ പരാതി സംരക്ഷിക്കാൻ ഒരു ശ്രമം നടത്തി. എന്നാൽ അക്രമികൾ അവരെയും ആക്രമിച്ചു. മ്കാലാവിഷ്വിലി അസഭ്യ വർഷം നടത്തിക്കൊണ്ടിരിക്കെ, അയാളുടെ അനുയായികൾ ആ സംഘാടകരിൽനിന്ന് 14-ൽ 12 വാല്യങ്ങളും ബലപ്രയോഗത്തിലൂടെ കരസ്ഥമാക്കി. ഇതു കണ്ട ഒരു വിദേശ നയതന്ത്രജ്ഞൻ “ഇത് അവിശ്വസനീയം!” എന്നു പറഞ്ഞു. സന്തോഷകരമെന്നു പറയട്ടെ, ഫെബ്രുവരി 6-ന് ആ പരാതി വീണ്ടും സാക്ഷികളുടെ കസ്റ്റഡിയിൽ വന്നു. 2001 ഫെബ്രുവരി 13-ന് അത് ജോർജിയയുടെ പ്രസിഡന്റിനു സമർപ്പിക്കപ്പെട്ടു.
“എല്ലാ വിദ്രോഹ പ്രവത്തികൾക്കും . . . എതിരെ നടപടി സ്വീകരിക്കുന്നതാണ്”
ജോർജിയയിലും അതുപോലെ ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലുമുള്ള യഹോവയുടെ സാക്ഷികൾ ഈ പരാതി സംബന്ധിച്ച് ജോർജിയയുടെ പ്രസിഡന്റ് നടപടി കൈക്കൊള്ളുന്നതു കാണാൻ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. കഴിഞ്ഞ കാലത്ത് പ്രസിഡന്റ് ഷെവർഡ്നാഡ്സെ യഹോവയുടെ സാക്ഷികളുടെ നേർക്കുള്ള പീഡനത്തെ ആവർത്തിച്ചാവർത്തിച്ചു കുറ്റം വിധിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികളുടെ മേലുള്ള ആക്രമണങ്ങളെ “വെച്ചുപൊറുപ്പിക്കാനാവാത്ത” “സംഘടിത കൂട്ടക്കൊല” എന്ന് 1999 ഒക്ടോബർ 18-ന് പ്രസിഡന്റ് വിളിച്ചു. 2000 ഒക്ടോബർ 20-ന് യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗത്തിന് അയച്ച കത്തിൽ പ്രസിഡന്റ് ഷെവർഡ്നാഡ്സെ ഇങ്ങനെ പറഞ്ഞു: “അക്രമം അവസാനിപ്പിക്കുന്നതിന് ഞങ്ങൾ പരമാവധി പ്രവർത്തിക്കും.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ജോർജിയയിലെ അധികാരികൾ മനുഷ്യാവകാശങ്ങളുടെയും മനസ്സാക്ഷി സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിനായി തികച്ചും പ്രതിജ്ഞാബദ്ധരായി നിലകൊള്ളുമെന്നു ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു.” തുടർന്ന്, 2000 നവംബർ 2-ന് യൂറോപ്പിലെ സുരക്ഷാ-സഹകരണ കമ്മീഷന് അയച്ച ഒരു കത്തിൽ പ്രസിഡന്റ് ഷെവർഡ്നാഡ്സെ ഇങ്ങനെ പ്രസ്താവിച്ചു: “[ജോർജിയയിലെ ന്യൂനപക്ഷ മതങ്ങളുടെ സ്ഥാനം സംബന്ധിച്ച] ഈ പ്രശ്നം ഞങ്ങളുടെ ജനങ്ങളുടെയും ഗവൺമെന്റിന്റെയും ഗൗരവമായ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഒന്നായി തീർന്നിരിക്കുന്നു.” അദ്ദേഹം കമ്മീഷന് ഈ ഉറപ്പു നൽകി: “എല്ലാ വിദ്രോഹ പ്രവൃത്തികൾക്കും ശാരീരിക അക്രമത്തിനും എതിരെ നടപടി സ്വീകരിക്കുന്നതാണ്, അതിന് ഉത്തരവാദികൾ ആയവർ നിയമത്തിന്റെ മുന്നിൽ കണക്കു ബോധിപ്പിക്കേണ്ടിവരും.”
പ്രസിഡന്റ് ഷെവർഡ്നാഡ്സെയുടെ വാക്കുകൾ പെട്ടെന്നുതന്നെ സത്യമായിത്തീരും എന്നാണ് യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള തത്പരകക്ഷികളായ നിരീക്ഷകരുടെ പ്രത്യാശ. അതിനിടെ, ഇവിടത്തെ ധീര സാക്ഷികൾ കടുത്ത പീഡനത്തിന്മധ്യേ യഹോവയെ സേവിക്കുന്നതിൽ തുടരവേ, ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഈ സഹവിശ്വാസികൾക്കായി പ്രാർഥിക്കുന്നതിൽ തുടരുന്നു.—സങ്കീർത്തനം 109:3, 4; സദൃശവാക്യങ്ങൾ 15:29. (g02 1/22)
[അടിക്കുറിപ്പുകൾ]
a ജോർജിയയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, 1998 ജനുവരി 22 ലക്കം ഉണരുക!യിൽ വന്ന “ജോർജിയ—പരിരക്ഷിക്കപ്പെട്ട ഒരു പുരാതന പൈതൃകം” എന്ന ലേഖനം കാണുക.
b എന്നാൽ അധികാരികൾ യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങൾ കണ്ടുകെട്ടുന്നത് 2001-ൽ നിറുത്തി.
c ‘ലോക സഭാ സമിതി’ൽ അംഗത്വം നേടിയതിന് ജോർജിയൻ ഓർത്തഡോക്സ് സഭയെ നിശിതമായി വിമർശിച്ചതിന്റെ പേരിൽ വാസിലി മ്കാലാവിഷ്വിലി 1990-കളുടെ മധ്യത്തിൽ സഭയിൽനിന്നു പുറത്താക്കപ്പെട്ടു. (പിന്നീട് ജോർജിയൻ ഓർത്തഡോക്സ് സഭ, ‘ലോക സഭാ സമിതി’യിലെ അംഗത്വം പിൻവലിച്ചു.) മ്കാലാവിഷ്വിലി മെത്രാപ്പോലീത്ത കിപ്രിയാന്റെ കീഴിലുള്ള ‘ഗ്രീക്ക് ഓൾഡ് കലണ്ടറിസ്റ്റുക’ളോടു ചേർന്നു.
d ‘പീഡനത്തിനും ക്രൂരവും മനുഷ്യത്വഹീനവും അധമവുമായ പെരുമാറ്റത്തിനും അല്ലെങ്കിൽ ശിക്ഷയ്ക്കും എതിരെയുള്ള ഐക്യരാഷ്ട്ര ഉടമ്പടി’യെ അംഗീകരിക്കുന്ന 123 രാഷ്ട്രങ്ങളിൽ ഒന്നാണ് ജോർജിയ. അതിലൂടെ, ജോർജിയ “പീഡനത്തെ നിരോധിക്കാനുള്ള” പ്രതിബദ്ധത സ്വയം ഏറ്റെടുത്തിരിക്കുകയാണ്.
[28-ാം പേജിലെ ആകർഷക വാക്യം]
“എല്ലാ വിദ്രോഹ പ്രവൃത്തികൾക്കും ശാരീരിക അക്രമത്തിനും എതിരെ നടപടി സ്വീകരിക്കുന്നതാണ്, അതിന് ഉത്തരവാദികളായവർ നിയമത്തിന്റെ മുന്നിൽ കണക്കു ബോധിപ്പിക്കേണ്ടിവരും.”—ജോർജിയൻ പ്രസിഡന്റ് എഡ്വേർഡ് ഷെവർഡ്നാഡ്സെ, നവംബർ 2, 2000
[28-ാം പേജിലെ ആകർഷക വാക്യം]
“[മതന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അക്രമം] അവസാനിക്കുമെന്നും ജോർജിയയിലെ എല്ലാ മതവിഭാഗങ്ങൾക്കും തങ്ങളുടെ മതവിശ്വാസങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള പൂർണ സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു.”—ദാവിദ് സുംബാഡ്സെ, ഐക്യനാടുകളിലെ വാഷിങ്ടൺ ഡി.സി.-യിലുള്ള ജോർജിയ എംബസിയിലെ സീനിയർ ഉപദേഷ്ടാവ്, ജൂലൈ 3, 2001
[24-ാം പേജിലെ ചതുരം/ചിത്രം]
കൂട്ട ആക്രമണം തുടരുന്നു
യഹോവയുടെ സാക്ഷികളെ ആക്രമിച്ചവർക്കെതിരെ നടപടി എടുക്കുന്നതിൽ ജോർജിയയിലെ അധികാരികൾ വീഴ്ച വരുത്തിയതിന്റെ ഫലമായി സാക്ഷികൾക്കു കൂടുതൽ പീഡനം സഹിക്കേണ്ടിവന്നിരിക്കുന്നു.
ഉദാഹരണത്തിന്, 2001 ജനുവരി 22-ന് ടിബിലിസിയിലെ സ്വാനെറ്റിസ് ഉബാനി പ്രദേശത്ത് 70 സാക്ഷികൾ മതപരമായ ഒരു യോഗം നടത്തിക്കൊണ്ടിരിക്കെ, മുൻ ഓർത്തഡോക്സ് പുരോഹിതനായ വാസിലി മ്കാലാവിഷ്വിലിയും കൂട്ടരും അവിടെ അതിക്രമിച്ചു കയറി. അവർ സാക്ഷികളെ ഇടിക്കുകയും തൊഴിക്കുകയും മരംകൊണ്ടും ഇരുമ്പുകൊണ്ടും ഉള്ള കുരിശുകൾ ഉപയോഗിച്ചു പ്രഹരിക്കുകയും ചെയ്തു. ഒരാൾ ഒരു വലിയ മരക്കുരിശുകൊണ്ട് ഒരു സാക്ഷിയുടെ തലയ്ക്കിട്ട് അടിച്ച അടിയുടെ ശക്തിയിൽ ആ കുരിശിന്റെ തിരശ്ചീനമായ തണ്ട് ഒടിഞ്ഞുപോയി. ചില സാക്ഷികളെ ഒരു ഇരുട്ടുമുറിയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പലർ ചേർന്ന് അവരെ പ്രഹരിച്ചു. പ്രായംചെന്ന സാക്ഷികളെ രണ്ടുനിര ആളുകളുടെ ഇടയിലൂടെ ഓടിച്ചു, ഓടിക്കവേ ആ സാക്ഷികളെ മുഷ്ടികൊണ്ടും കുരിശുകൊണ്ടും ഇടിച്ചു. രണ്ടു പുരുഷന്മാർ 14 വയസ്സുള്ള നിസ്സഹായനായ ഒരു ബാലനെ ഓടിച്ചിട്ട് ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. 30 വയസ്സുള്ള ഒരു അക്രമി ഒരു 12 വയസ്സുകാരന്റെ പിന്നാലെ ഓടിച്ചെന്ന് വലിയ ഒരു ജോർജിയൻ ബൈബിൾകൊണ്ട് അവന്റെ തലയ്ക്കിട്ടടിച്ചു. ഒരു സാക്ഷി പോലീസിനെ വിളിക്കാൻ ആ വീട്ടിൽനിന്നു പുറത്തേക്ക് ഓടിയപ്പോൾ അക്രമികൾ അദ്ദേഹത്തെ പിടികൂടി മുഖത്തു ശക്തിയായി ഇടിക്കാൻ തുടങ്ങി. വായിൽ രക്തം നിറഞ്ഞ അദ്ദേഹം ഛർദിക്കാൻ തുടങ്ങി. ഒടുവിൽ നിർദയരായ ആ അക്രമികൾ അവിടം വിട്ടു. അവർ ഇപ്പോഴും ശിക്ഷിക്കപ്പെടാതെ കഴിയുന്നു.
വീണ്ടും 2001 ഏപ്രിൽ 30-ന് യഹോവയുടെ സാക്ഷികളുടെ അതേ സഭ ഒരു യോഗം നടത്തിക്കൊണ്ടിരുന്നപ്പോൾ, മ്കാലാവിഷ്വിലിയുടെ അനുഗാമികൾ യോഗസ്ഥലത്തേക്ക് അതിക്രമിച്ചുകയറി. അവർ ആ സാക്ഷികളെ പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി ആണികൾ തറച്ച വടികൊണ്ട് പ്രഹരിച്ചു. താമാസ് എന്നു പേരുള്ള ഒരു സാക്ഷിയുടെ വലതുകയ്യും ഇടതു കൈത്തണ്ടയും ഇടത്തെ പാദവും ഇടത്തെ കവിളും ആണികൊണ്ട് കീറി. മാത്രമല്ല, അദ്ദേഹത്തിന്റെ തലയിലേറ്റ ആഴമായ ഒരു മുറിവിന് അഞ്ചു തുന്നിക്കെട്ടുകൾ ഇടേണ്ടിവന്നു. ആ അക്രമികൾ യോഗം നടന്ന വീട്ടിലും നാശം വിതച്ചു, ഫർണിച്ചറും വൈദ്യുത ഉപകരണങ്ങളും ജനാലകളുമൊക്കെ തല്ലിയുടച്ചു. തുടർന്ന് അവർ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച സാഹിത്യങ്ങൾ ഒരു വലിയ തീ കൂട്ടി അതിലിട്ട് കത്തിച്ചുകളഞ്ഞു. 2001 ജൂൺ 7-ന്, ‘മനുഷ്യാവകാശ നിരീക്ഷണ സംഘടന’ ഈ അക്രമവും അടുത്ത കാലത്തെ മറ്റ് അക്രമങ്ങളും അഴിച്ചുവിട്ടവരെ ശിക്ഷിക്കാൻ കൈക്കൊണ്ട നടപടികളെ കുറിച്ച് ജോർജിയയിലെ ആഭ്യന്തര മന്ത്രി കാഹാ താർഗാമാഡ്സെയോടും ജോർജിയയിലെ പ്രോസിക്യൂട്ടർ ജനറലായ ഗിയാ മെപ്പാരിഷ്വിലിയോടും വിശദീകരണം ആവശ്യപ്പെട്ടു. ഇതുവരെയും ആ അക്രമികളിൽ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.
[25-ാം പേജിലെ ചതുരം]
പോലീസിന്റെ പങ്ക്
യഹോവയുടെ സാക്ഷികൾ കയറിയ 19 ബസ്സുകൾ 2000 സെപ്റ്റംബർ 16-ന് ഒരു കൺവെൻഷൻ സ്ഥലത്ത് എത്താതിരിക്കാൻ മാർനെയുളി നഗരത്തിൽ നിന്നുള്ള പോലീസുകാർ വഴി തടഞ്ഞു. വഴിതടഞ്ഞ ഒരിടത്ത് അക്രമികൾ സാക്ഷികളുടെ ബസ്സിനു നേരെ കല്ലെറിഞ്ഞു. ഒരു സഹോദരിയുടെ തലയ്ക്ക് ഏറു കൊണ്ടു. കുറെ അക്രമികൾ നിരവധി സാക്ഷികളെ ബസ്സിൽനിന്നു വലിച്ചിറക്കി പ്രഹരിച്ചു, അതേസമയം മറ്റ് അക്രമികൾ ബസ്സിലുള്ള യാത്രക്കാരുടെ സാധനങ്ങൾ കവർച്ച ചെയ്തു. എന്നാൽ കൺവെൻഷൻ സ്ഥലം നശിപ്പിക്കാനായി ഇറങ്ങിപുറപ്പെട്ട മ്കാലാവിഷ്വിലിയുടെ അനുയായികൾ കയറിയ ബസ്സുകൾ ഒരു തടസ്സവും കൂടാതെ കടന്നുപോകാൻ പോലീസ് അനുമതി നൽകി. ആ അക്രമികൾ ഒന്നര ടൺ മതസാഹിത്യങ്ങൾ കത്തിച്ചുകളഞ്ഞു. അവിടെ ഉണ്ടായിരുന്ന പോലീസുകാർ സാക്ഷികളെ തല്ലുന്നതിൽ പങ്കെടുത്തു.
ആഭ്യന്തര മന്ത്രാലയം ഈ അക്രമത്തെ കുറിച്ച് അന്വേഷിച്ച് “ഉചിതമായ നടപടികൾ” സ്വീകരിക്കുമെന്ന് കോക്കസസ് പ്രസ് റിപ്പോർട്ടു ചെയ്തു. അക്രമികൾക്കെതിരെ നടപടി എടുക്കുന്നതിന് അധികാരികൾക്കു മതിയായ കാരണമുണ്ട്. കാരണം, ജോർജിയയുടെ ഭരണഘടനയുടെ 25-ാം വകുപ്പ് എല്ലാ ആളുകൾക്കും പരസ്യയോഗം നടത്താനുള്ള അവകാശം ഉറപ്പു നൽകുന്നുണ്ട്. എന്നാൽ, ഇതുവരെ ആ അക്രമികളിൽ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. രണ്ടു കൺവെൻഷനുകൾ നടത്തുന്നതിൽനിന്നു യഹോവയുടെ സാക്ഷികളെ തടയാൻ മാർനെയൂളിയിലെയും സുഗ്ദിദിയിലെയും അധികാരികളെ “സർവോപരി ജോർജിയ!” എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായ ഗൂരാം ഷാരാഡ്സെ സ്വാധീനിച്ചിരുന്നതായി പ്രസ്തുത ആക്രമണം നടന്ന് അഞ്ചു മാസങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ഒരു വക്കീൽ സമ്മതിച്ചു പറഞ്ഞതായി കെസ്റ്റൺ ന്യൂസ് സർവീസ് റിപ്പോർട്ടു ചെയ്തു.
[25-ാം പേജിലെ ചതുരം]
ജോർജിയയുടെ ഭരണഘടന സംരക്ഷണം ഉറപ്പു നൽകുന്നു
പിൻവരുന്നതു സൂചിപ്പിക്കുന്നതു പോലെ, 1995 ആഗസ്റ്റ് 24-ന് നിലവിൽവന്ന ജോർജിയയുടെ ഭരണഘടന മതസ്വാതന്ത്ര്യവും മൃഗീയമായ ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണവും ഉറപ്പേകുന്നു:
വകുപ്പ് 17—(1) ഒരു വ്യക്തിയുടെ അന്തസ്സും മാന്യതയും ലംഘിക്കപ്പെടാൻ പാടില്ല. (2) പീഡനവും മനുഷ്യത്വഹീനമോ മൃഗീയമോ അധമമോ ആയ പെരുമാറ്റവും/ശിക്ഷയും അനുവദനീയമല്ല.
വകുപ്പ് 19—(1) ഏതൊരു വ്യക്തിക്കും സംസാരം, അഭിപ്രായം, മനസ്സാക്ഷി, മതം, വിശ്വാസം എന്നീ കാര്യങ്ങളിലുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്നതിന് അവകാശമുണ്ട്. (2) ഒരു വ്യക്തിയെ തന്റെ ആശയങ്ങളുടെയോ വിശ്വാസങ്ങളുടെയോ മതത്തിന്റെയോ പേരിൽ പീഡിപ്പിക്കാൻ പാടില്ല.
വകുപ്പ് 24—(1) ഏതൊരാൾക്കും വിവരങ്ങൾ സ്വതന്ത്രമായി സ്വീകരിക്കാനും പ്രചരിപ്പിക്കാനും വാചികമായോ എഴുത്തിലൂടെയോ മറ്റേതെങ്കിലും രൂപത്തിലോ തന്റെ അഭിപ്രായം പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.
വകുപ്പ് 25—(1) സൈന്യത്തിലോ പോലീസിലോ സുരക്ഷാ വിഭാഗങ്ങളിലോ അല്ലാത്ത ഏതൊരാൾക്കും മുൻകൂർ അനുവാദമില്ലാതെ നിരായുധരായി ഒരു കെട്ടിടത്തിനകത്തുവെച്ചോ പുറത്തുവെച്ചോ പരസ്യ യോഗങ്ങൾ നടത്താനുള്ള അവകാശമുണ്ട്.
[26-ാം പേജിലെ ചതുരം]
ലോകം നിരീക്ഷിക്കുകയാണ്
യഹോവയുടെ സാക്ഷികളുടെ നേർക്കുള്ള പീഡനം തടയുന്നതിലുള്ള ജോർജിയയുടെ പരാജയത്തെ അന്താരാഷ്ട്ര സമൂഹം എങ്ങനെയാണു വീക്ഷിക്കുന്നത്?
ഐക്യനാടുകളുടെയും ഗ്രേറ്റ് ബ്രിട്ടന്റെയും ഗവൺമെന്റുകൾ സംയുക്തമായി ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവയുടെ സാക്ഷികളുടെ ഒരു യോഗം അലങ്കോലപ്പെടുത്തപ്പെട്ടു. നിരവധി ആളുകൾ മൃഗീയമായ പെരുമാറ്റത്തിന് ഇരകളായി, മറ്റുള്ളവർക്കു യോഗസ്ഥലത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെയും ഗ്രേറ്റ് ബ്രിട്ടന്റെയും എംബസികൾ ഈ സംഭവത്തിലും ജോർജിയയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉള്ളവർക്ക് എതിരെ സമീപകാലത്തു നടന്ന മറ്റു ഗുരുതരമായ പ്രവർത്തനങ്ങളിലും ആകുലരാണ്. . . . ഈ സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താനും സകലരുടെയും മതപരമായ അവകാശങ്ങൾ ആദരിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്നതിൽ ശുഷ്കാന്തി കാണിക്കാനും ജോർജിയയിലെ ഗവൺമെന്റിനോടു ഞങ്ങൾ ആവശ്യപ്പെടുന്നു.”
യൂറോപ്യൻ യൂണിയൻ—ജോർജിയ പാർലമെന്ററി സഹകരണ കമ്മിറ്റിയിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ അധ്യക്ഷയായ ഉർസൂല ഷ്ലൈഹെർ ഇപ്രകാരം പ്രസ്താവിച്ചു: “അടുത്തകാലത്ത് പത്രപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും യഹോവയുടെ സാക്ഷികളുടെയും നേർക്കുണ്ടായ അക്രമ പരമ്പരയിലെ ഒടുവിലത്തെ സംഭവം സംബന്ധിച്ച് യൂറോപ്യൻ പാർലമെന്റ് പ്രതിനിധിസംഘത്തിന്റെ പേരിൽ എന്റെ ഉത്കണ്ഠ പ്രകടമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു . . . ‘മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനായുള്ള യൂറോപ്യൻ ഉടമ്പടി’യിൽ ഒപ്പുവെച്ചുകൊണ്ട് ഏതു മൗലിക മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയാണോ ജോർജിയ ഏറ്റെടുത്തിരിക്കുന്നത് അവയ്ക്കു നേരെയുള്ള കടുത്ത ആക്രമണമായി ഞാൻ ഇത്തരം പ്രവർത്തനത്തെ കണക്കാക്കുന്നു.”
യഹോവയുടെ സാക്ഷികളുടെ മേലുള്ള ആക്രമണത്തെ കുറിച്ച് യൂറോപ്പിലെ യു.എസ്. സുരക്ഷാ-സഹകരണ കമ്മീഷൻ പ്രസിഡന്റ് ഷെവർഡ്നാഡ്സെയ്ക്ക് ഇപ്രകാരം എഴുതി: “അടുത്തകാലത്തെ സംഭവങ്ങൾ അങ്ങേയറ്റം ആകുലപ്പെടുത്തുന്നതാണ്, ജോർജിയയിലെ സംഭവങ്ങൾ നിയന്ത്രണാതീതമാകുകയാണോ എന്ന ഭയാശങ്ക അവ ഉയർത്തുന്നു. അതിനെതിരെ നടപടി സ്വീകരിക്കാത്തപക്ഷം, മതന്യൂനപക്ഷങ്ങൾക്കു നേരെ അക്രമം അഴിച്ചുവിടുന്നവർക്ക് അതു തങ്ങളുടെ അക്രമങ്ങളിൽ തുടരാനുള്ള ഒരു പ്രോത്സാഹനം ആകും. രാഷ്ട്രത്തലവൻ എന്ന നിലയിൽ, താങ്കൾ പൊതുജനങ്ങൾക്കും ജോർജിയയിലെ ഉദ്യോഗസ്ഥർക്കും മാതൃക വെക്കുകയും ശക്തവും വ്യക്തവുമായ രണ്ടു സന്ദേശങ്ങൾ അവരെ അറിയിക്കുകയും ചെയ്യുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു: മറ്റു മതങ്ങളെ സംബന്ധിച്ച ഒരുവന്റെ കാഴ്ചപ്പാട് എന്തുതന്നെ ആയിരുന്നാലും, അത് ആചരിക്കുന്നവർക്കെതിരെ യാതൊരുവിധ അക്രമവും അവലംബിക്കുന്നത് അനുവദനീയമല്ല; അത്തരം അക്രമത്തിൽ ഏർപ്പെടുന്നവർക്ക്—ഈ നിന്ദാകരമായ പ്രവൃത്തികളെ സഹായിക്കുകയോ വാസ്തവത്തിൽ അവയിൽ പങ്കെടുക്കുകയോ ചെയ്യുന്ന പോലീസുകാർക്ക് പ്രത്യേകിച്ചും—നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ ലഭിക്കും.” യു.എസ്. കോൺഗ്രസിലെ ഏഴ് അംഗങ്ങൾ ആ കത്തിൽ ഒപ്പിട്ടിരുന്നു.
യൂറോപ്പിലെ സുരക്ഷാ-സഹകരണ കമ്മീഷന്റെ സഹ-അധ്യക്ഷനായ യു.എസ്. കോൺഗ്രസ് അംഗമായ ക്രിസ്റ്റഫർ എച്ച്. സ്മിത്ത് ഇങ്ങനെ പ്രസ്താവിച്ചു: “തങ്ങൾ ചെയ്യുമെന്നു പറഞ്ഞതുപോലെ, ജോർജിയ എന്തുകൊണ്ടാണു മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉയർത്തിപ്പിടിക്കാത്തത്? . . . സാഹിത്യങ്ങൾ കത്തിക്കുന്നത് ഹെൽസിങ്കി ഉടമ്പടിക്കു കടകവിരുദ്ധമാണ്, അതു നാസി ഭരണകാലത്ത് പുസ്തകങ്ങൾ കത്തിച്ച സംഭവങ്ങളെയാണു കമ്മീഷനിലെ ഞങ്ങളിൽ ചിലരുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്.”
‘മനുഷ്യാവകാശ നിരീക്ഷണ സംഘടന’യുടെ യൂറോപ്പ്-മധ്യേഷ്യാ വിഭാഗത്തിന്റെ താത്കാലിക എക്സിക്യൂട്ടീവ് ഡയറക്ടർ ഇപ്രകാരം എഴുതി: “മതന്യൂനപക്ഷങ്ങൾക്കു നേരെ മുമ്പു നടന്ന കടുത്ത ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാൻ ജോർജിയയിലെ ഗവൺമെന്റ് പരാജയപ്പെട്ടു എന്ന സംഗതി കണക്കിലെടുക്കുമ്പോൾ, കൂടുതലായ അത്തരം അക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യത സംബന്ധിച്ച് ‘മനുഷ്യാവകാശ നിരീക്ഷണ സംഘടന’ വളരെ ആകുലപ്പെടുന്നു. ഉടനടി ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് ഉത്തരവിടാനും അതിനു കാരണക്കാരായവരെ ശിക്ഷിക്കാനും ഞങ്ങൾ നിങ്ങളോട് അടിയന്തിരമായി ആവശ്യപ്പെടുകയാണ്.”
ലോകം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജോർജിയ അതിന്റെ അന്താരാഷ്ട്ര പ്രതിബദ്ധതകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുമോ? ജോർജിയയുടെ സത്കീർത്തി അപകടത്തിലാണ്.
[27-ാം പേജിലെ ചതുരം]
യൂറോപ്യൻ കോടതിയിൽ ഒരു അപ്പീൽ
ജോർജിയയിലെ നിയമപാലകർ തുടർന്നുപോരുന്ന നിഷ്ക്രിയത്വത്തിന് എതിരായി 2001 ജൂൺ 29-ന് യഹോവയുടെ സാക്ഷികൾ ‘യൂറോപ്യൻ മനുഷ്യാവകാശ കോടതി’യിൽ ഒരു ഔദ്യോഗിക അപേക്ഷ സമർപ്പിച്ചു. ഏതാനും ദിവസങ്ങൾക്കു ശേഷം, അതായത് 2001 ജൂലൈ 2-ന്, അതു സംബന്ധിച്ച് യൂറോപ്യൻ കോടതി മറുപടി നൽകി. ഈ കേസിനു “മുൻഗണന കൊടുക്കണം” എന്ന അഭിപ്രായമാണ് ജുഡീഷ്യൽ ചേംബറിന്റെ പ്രസിഡന്റിന് ഉള്ളതെന്നു കോടതി രജിസ്ട്രാർ എഴുതി.
[22-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
റഷ്യ
ജോർജിയ
കരിങ്കടൽ
ടർക്കി
[22-ാം പേജിലെ ചിത്രം]
മേയ് 13, 2001-ഒരു മതതീവ്രവാദി തീവെച്ചതിന്റെ ഫലമായി ഷാമോയാൻ കുടുംബത്തിനു വീടു നഷ്ടപ്പെട്ടു
[22-ാം പേജിലെ ചിത്രം]
ജൂൺ 17, 2001-യഹോവയുടെ സാക്ഷികളുടെ യോഗത്തിൽ സംബന്ധിക്കവേ, ക്രൂരമായ അക്രമത്തിന് ഇരയായ ഗിയോർഗി ബാഗിഷ്വിലി
[23-ാം പേജിലെ ചിത്രം]
ജൂലൈ 11, 2001-യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിക്കവേ, ഡേവിഡ് സാലാറിഡ്സെയ്ക്ക് തലയിൽ വടികൊണ്ടു പ്രഹരമേറ്റു, അക്രമികൾ അദ്ദേഹത്തിന്റെ പുറത്തും നെഞ്ചിലും അടിച്ചു
[27-ാം പേജിലെ ചിത്രം]
ജൂൺ 28, 2000-ടിബിലിസിയിൽ യഹോവയുടെ സാക്ഷികളുടെ ഒരു സാഹിത്യ ഡിപ്പോ അക്രമികൾ തീവെച്ചു നശിപ്പിച്ചു
[27-ാം പേജിലെ ചിത്രം]
ആഗസ്റ്റ് 16, 2000-ഗ്ല്ദാനി നാഡ്സാലാഡെവി കോടതിമുറിയിൽവെച്ച് മ്കാലാവിഷ്വിലിയുടെ ഒരു അനുയായി കനേഡിയൻ സാക്ഷിയായ വോറെൻ ഷൂഫെൽറ്റിനെ ആക്രമിച്ചു
[28-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
AP Photo/Shakh Aivazov