ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
മുത്തശ്ശീമുത്തശ്ശന്മാർ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് എങ്ങനെ എന്റെ മുത്തശ്ശീമുത്തശ്ശന്മാരുമായി കൂടുതൽ അടുക്കാൻ കഴിയും?” (ജൂൺ 8, 2001) എന്ന ലേഖനം ഞാൻ വായിച്ചുകഴിഞ്ഞതേ ഉള്ളൂ. മുത്തശ്ശീമുത്തശ്ശന്മാരുമായി നല്ല ഒരു ബന്ധം ഉണ്ടായിരിക്കാൻ വളരെക്കാലമായി എന്റെ മാതാപിതാക്കൾ എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ അവരും എന്റെ അമ്മയുടെ മാതാപിതാക്കളും തമ്മിൽ അത്ര രസത്തിലല്ലാത്തതുകൊണ്ട് എന്റെ മുത്തശ്ശീമുത്തശ്ശന്മാരുമായി സംസാരിക്കുന്നതു ശരിയല്ലെന്ന് എനിക്കു തോന്നിയിരുന്നു. എന്നാൽ ആരുടെയും പക്ഷം പിടിക്കാതെ എന്റെ മുത്തശ്ശീമുത്തശ്ശന്മാരുമായി ഒരു നല്ല ബന്ധം പുലർത്താൻ യഹോവ ആഗ്രഹിക്കുന്നുവെന്നു മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു. ഞാൻ യഹോവയുടെ പക്ഷത്തേ നിലകൊള്ളൂ.
സി.എൽ.എം., ഐക്യനാടുകൾ (g02 1/22)
മുത്തശ്ശീമുത്തശ്ശന്മാരെ കുറിച്ചുള്ള എത്ര വിശിഷ്ടമായ ലേഖനങ്ങൾ! അവർക്കു കത്തെഴുതുന്നതിനെ കുറിച്ചു നിങ്ങൾ പരാമർശിച്ചതു വളരെ നന്നായി. ‘പ്രായം കുറഞ്ഞ’ നമ്മിൽ ചിലർ പോലും—എനിക്ക് 36 വയസ്സുണ്ട്—കിട്ടുന്ന ഓരോ കത്തും കാർഡും സൂക്ഷിച്ചുവെക്കാറുണ്ട്. ബില്ലുകൾക്കും നോട്ടീസുകൾക്കുമെല്ലാം പുറമേ എന്തെങ്കിലും കിട്ടുന്നത് നാം എത്ര വിലമതിക്കുന്നു!
എം. ക്യു., ഐക്യനാടുകൾ (g02 1/22)
ഒരു കാര്യം ചോദിച്ചോട്ടേ? എന്റെ മുത്തശ്ശനു തീരെ സുഖമില്ല, മുത്തശ്ശിക്കാണെങ്കിൽ പണവുമില്ല. ഒരുമിച്ച് പുറത്തൊന്നും പോകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എനിക്കെങ്ങനെയാണ് അവരുമായി അടുക്കാൻ കഴിയുക?
ടി. ഒ., ഐക്യനാടുകൾ
“ഉണരുക!”യുടെ മറുപടി: നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാർ അടുത്തെവിടെയെങ്കിലുമാണു താമസിക്കുന്നതെങ്കിൽ, ഇടയ്ക്കിടയ്ക്ക് അവരെ സന്ദർശിക്കുകയോ ഫോണിൽ അവരോടു സംസാരിക്കുകയോ ചെയ്യാവുന്നതാണ്. അവരുടെ അവസ്ഥ കണക്കിലെടുക്കുമ്പോൾ പുറത്തുപോയി ചെയ്യേണ്ട ഏതെങ്കിലും കാര്യങ്ങളൊക്കെ അവർക്കു ചെയ്തു കൊടുക്കാൻ പോലും നിങ്ങൾക്കു സാധിച്ചേക്കും. ലേഖനത്തിൽ പറഞ്ഞിരുന്നതുപോലെ, മുത്തശ്ശീമുത്തശ്ശന്മാർക്ക് കത്ത് എഴുതുന്നതും അവരുമായി അടുക്കാനുള്ള ഒരു മാർഗമാണ്. എന്തായിരുന്നാലും, അവരുമായി സമ്പർക്കം പുലർത്താൻ നിങ്ങൾ നടത്തുന്ന ഏതു ശ്രമത്തെയും അവർ വിലമതിക്കുമെന്നതിനു സംശയമില്ല.(g02 1/22)
ടെലിഫോണുകൾ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിൽ ജോലി ചെയ്യുന്ന ഞാൻ “നിങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു—എങ്ങനെ?” (ജൂൺ 8, 2001) എന്ന ലേഖനം വളരെ വിലമതിച്ചു. അതു വളരെ വ്യക്തമായിരുന്നു. ഭൗതികശാസ്ത്രം മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ് എന്നു കരുതുന്നവർക്ക് ഇത് ഒരു പ്രോത്സാഹനം ആയിരിക്കുമെന്നു പ്രത്യാശിക്കുന്നു.
എസ്. ടി., ബ്രിട്ടൻ (g02 1/22)
“നിങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു—എങ്ങനെ?” എന്ന ലേഖനത്തിനു നന്ദി. ഞാൻ പലപ്പോഴും ഇതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ട്. ഒരു ഹൈസ്കൂൾ വിദ്യാർഥിനിയായ എനിക്ക് ഉണരുക! വായിക്കാൻ വളരെ ഇഷ്ടമാണ്. സ്കൂൾ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൽ ഈ കാലോചിത മാസിക എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിനു നന്ദി!
എച്ച്. ഡബ്ല്യു., ഐക്യനാടുകൾ (g02 1/22)
അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ 1866-ൽ സ്ഥാപിച്ച ടെലഗ്രാഫ് കേബിൾ ആദ്യത്തേത് ആയിരുന്നില്ല. അയർലണ്ടിനെയും ന്യൂഫൗണ്ട്ലാൻഡിനെയും ബന്ധിപ്പിച്ചുകൊണ്ട് 1858-ലാണ് ആദ്യമായി കേബിൾ സ്ഥാപിച്ചത്. അത് വളരെക്കാലം നിലനിൽക്കാഞ്ഞതുകൊണ്ട് ഇപ്പോൾ വിസ്മരിക്കപ്പെട്ടിരിക്കുന്നു എന്നു മാത്രം.
എൽ. ഡി., ബ്രിട്ടൻ
“ഉണരുക!”യുടെ മറുപടി: ഞങ്ങളുടെ ലേഖനത്തിൽ “1886-ൽ, അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ, അയർലണ്ടിനെയും ന്യൂഫൗണ്ട്ലാൻഡിനെയും ബന്ധിപ്പിക്കുന്ന ഒരു ‘ടെലഗ്രാഫ്’ കേബിൾ വിജയപ്രദമായി സ്ഥാപിക്കുകയുണ്ടായി” എന്നു മാത്രമാണു പറഞ്ഞിരുന്നത്. ആദ്യത്തേത് നിങ്ങൾ പറഞ്ഞതുപോലെ 1858-ലാണു സ്ഥാപിച്ചത്. എന്നിരുന്നാലും, ഏതാനും ആഴ്ചകൾക്കകം പ്രവർത്തനം നിലച്ച അത് തുടർന്ന് ഉപേക്ഷിക്കുകയാണുണ്ടായത്.(g02 1/22)
വന്യജീവി സങ്കേത സന്ദർശനം എനിക്ക് 13 വയസ്സുണ്ട്. “ഘാനയിലെ ഒരു വന്യജീവി സങ്കേതം സന്ദർശിക്കുന്നു” (ജൂൺ 8, 2001) എന്ന ലേഖനം ഞാൻ വളരെ ആസ്വദിച്ചു. മൃഗങ്ങളെ കുറിച്ചു വായിക്കാൻ എനിക്കു വലിയ ഇഷ്ടമാണ്. ഈ മാസികകൾ പ്രസിദ്ധീകരിക്കുന്നതു നിറുത്തി കളയരുതേ!
ജെ. ഡബ്ല്യു., ഐക്യനാടുകൾ (g02 1/8)