ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ചായ വൈറസിനെതിരെ പ്രവർത്തിക്കുന്നു
“വിപണിയിൽ ലഭ്യമായ ചായയുടെ വ്യത്യസ്ത ഇനങ്ങൾ വൈറസുകളെ നിർവീര്യമാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു” എന്ന് പരീക്ഷണശാലകളിലെ പ്രാഥമിക പഠനങ്ങൾ കാണിക്കുന്നുവെന്നു റോയിറ്റേഴ്സ് ഹെൽത്ത് ഇൻഫർമേഷൻ റിപ്പോർട്ടു ചെയ്യുന്നു. വിവിധതരം പച്ചത്തേയിലയും കറുത്ത തേയിലയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ചൂടുള്ളതോ ഐസിട്ടതോ ആയ ചായ ഹെർപ്പിസ് സിംപ്ലക്സ് 1-ഉം 2-ഉം ടൈപ്പുകളും റ്റിവൺ വൈറസും (ബാക്റ്റീരിയയെ ബാധിക്കുന്നത്) പോലുള്ള വൈറസുകൾ ബാധിച്ച ജന്തുകലകളിൽ പരീക്ഷിച്ചുനോക്കി. “ഐസിട്ട ചായയും ചൂടുചായയും ഏതാനും മിനിട്ടുകൾക്കുള്ളിൽ [ഹെർപ്പിസ്] വൈറസിനെ നശിപ്പിക്കുകയോ നിർവീര്യമാക്കുകയോ ചെയ്യുന്നു” എന്ന് ന്യൂയോർക്കിലെ പെയ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ഡോ. മിൽട്ടൺ ഷിഫൻബൗർ പറയുന്നു. റ്റിവൺ വൈറസിന്റെ കാര്യത്തിലും സമാന ഫലങ്ങൾ കാണുകയുണ്ടായി. ചായ ഈ വൈറസുകളുടെ അതിജീവനത്തെ രോധിക്കാനുള്ള കാരണം അറിവായിട്ടില്ലെങ്കിലും, തീരെ കടുപ്പം കുറഞ്ഞ ചായ പോലും ഇതിൽ ഫലപ്രദമാണെന്നു ഗവേഷകർ കണ്ടെത്തി. ഈ കാര്യത്തിൽ പച്ചത്തേയിലയെക്കാൾ മുന്തിനിന്നത് കറുത്ത തേയില ആയിരുന്നു. (g02 1/8)
ഒച്ച കേൾപ്പിച്ച് ഭക്ഷണം കഴിക്കുന്നതു സംബന്ധിച്ച വിവാദം
ഒച്ച കേൾപ്പിച്ച് ഭക്ഷണം കഴിക്കണമോ വേണ്ടയോ? ജപ്പാനിലെ പ്രസിദ്ധമായ നൂഡിൽ സൂപ്പ് റെസ്റ്ററന്റുകളിൽ എത്തുന്നവരെങ്കിലും പരിചിന്തിക്കുന്ന ചോദ്യമാണ് അത്. നീളമുള്ള നൂഡിൽസ് ചൂടോടെ സൂപ്പിന്റെ കൂട്ടത്തിൽ ഒച്ച കേൾപ്പിച്ചു കഴിക്കുന്നതാണ് വാസ്തവത്തിൽ കൂടുതൽ രുചികരം എന്ന് മധ്യവയസ്കരും പ്രായം ചെന്നവരുമായ നിരവധി ജപ്പാൻകാർ കരുതുന്നു. ഇങ്ങനെ ഒച്ച കേൾപ്പിക്കുന്നതു സ്വാഭാവികമാണെന്നും ഒരുവൻ ഭക്ഷണം നന്നായി ആസ്വദിക്കുന്നു എന്നതിന്റെ സൂചനയാണെന്നും അവർ കരുതുന്നു. എന്നാൽ പുത്തൻ ജാപ്പനീസ് തലമുറയ്ക്ക് നൂഡിൽസ് ഭോജനമര്യാദ സംബന്ധിച്ചു വ്യത്യസ്തമായ ഒരു വീക്ഷണമാണ് ഉള്ളത്. ദ ജപ്പാൻ ടൈംസ് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “തങ്ങളുടെ സിൽക്കു ടൈകളിലും [ഡിസൈനർ] വസ്ത്രങ്ങളിലും മറ്റും സൂപ്പ് വീഴിക്കാതിരിക്കാൻ കൂടുതൽ ശ്രദ്ധയുള്ളവരാണ് ഇളം ജാപ്പനീസ് തലമുറ. പാശ്ചാത്യ മര്യാദകളനുസരിച്ചു വളർന്നുവന്നവരും കൂടുതലായും പാശ്ചാത്യ രീതിയിലുള്ള ഒരു ഭക്ഷ്യക്രമം ശീലിച്ചവരുമായ അവർ, മറ്റുള്ളവർ ഒച്ച കേൾപ്പിച്ചു കഴിക്കുമ്പോൾ നീരസപ്പെടാനാണു സാധ്യത.” ഒച്ച കേൾപ്പിച്ചു കഴിക്കുന്നതു സംബന്ധിച്ചുള്ള ഈ പ്രശ്നം ജപ്പാന്റെ തലമുറവിടവിന്റെ ഒരു ഭാഗമായിരിക്കുകയാണ്. പൊതുസ്ഥലത്തിരുന്ന് നൂഡിൽസ് കഴിക്കുമ്പോൾ നിശ്ശബ്ദത ഭേദിക്കാതിരിക്കാൻ പ്രായം ചെന്നവരിൽ ചിലർ ഇപ്പോൾ ശ്രദ്ധാലുക്കളാണ്. ഈ പ്രശ്നത്തിൽ പ്രായം ചെന്നവരുടെ പക്ഷത്തു നിന്നുകൊണ്ട് ജപ്പാനിലെ ഒരു പ്രമുഖ പത്രം ഇങ്ങനെ വിലപിച്ചു: “മേലാൽ ആരും ഒച്ച കേൾപ്പിച്ചു കഴിക്കാതിരിക്കുമ്പോൾ, വല്ലാത്ത ഒരു ഏകാന്തത അനുഭവപ്പെടും എന്നതു തീർച്ചയാണ്.”(g02 1/22)
പുകവലിയുടെ അപകടങ്ങൾ
“പുകവലിക്കാത്തവരുടെ ഇടയിലെ ഓരോ എട്ട് ‘ശ്വാസകോശ അർബുദ മരണങ്ങ’ളിൽ ഒന്നിനു വീതം കാരണം മറ്റുള്ളവർ വലിച്ചുവിടുന്ന പുക ശ്വസിക്കുന്നതാണ്” എന്ന് ‘നാഷണൽ കാൻസർ സെന്റർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജപ്പാനി’ലെ നാവോഹിതോ യാമാഗൂച്ചി പറയുന്നു. ശ്വാസകോശ അർബുദം മൂലം മരിച്ച 52,000 ആളുകളെ കുറിച്ചു നടത്തിയ പഠനത്തിൽ അധിഷ്ഠിതമായിരുന്നു ശാസ്ത്രകാരന്മാരുടെ ഈ കണ്ടെത്തലുകൾ. മാത്രമല്ല, “പുകവലിക്കുന്നവർ ഉള്ളിലേക്കു നേരിട്ടു വലിക്കുന്ന പുകയിലേതിനെക്കാൾ അവർ പുറത്തേക്കു വിടുന്ന പുകയിൽ വിഷപദാർഥമായ കാർബൺ മോണോക്സൈഡും കാൻസറിന് ഇടയാക്കുന്ന ഘടകങ്ങളും കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നു ദീർഘകാല ഗവേഷണം കാണിക്കുന്നു” എന്ന് ആസാഹി ഷിംബുൻ എന്ന പത്രം പറയുന്നു. 14,000 പേരെ ഉൾപ്പെടുത്തിക്കൊണ്ട് 1999-ൽ ജാപ്പനീസ് ഗവൺമെന്റ് നടത്തിയ ഒരു പഠനത്തിൽ ജോലിസ്ഥലത്തോ സ്കൂളിലോ ആയിരിക്കുന്നവരിൽ 35 ശതമാനത്തിനും വീട്ടിൽ ആയിരിക്കുന്നവരിൽ 28 ശതമാനത്തിനും മറ്റുള്ളവർ വലിച്ചുവിടുന്ന പുക ശ്വസിക്കേണ്ടിവരുന്നു എന്നു കണ്ടെത്തി. “തങ്ങൾ പുകവലിക്കാത്തവർക്കു ഹാനി വരുത്തുന്നു എന്ന ബോധം പുകവലിക്കുന്നവരിൽ ഉണ്ടാകുമാറ് ഇരു കൂട്ടരെയും പരസ്പരം മാറ്റിനിറുത്താനുള്ള ബോധപൂർവകമായ ഒരു ശ്രമം നടത്തപ്പെടണം” എന്ന് യാമാഗൂച്ചി പറയുന്നു. (g02 1/8)
വ്യായാമം വിഷാദം കുറയ്ക്കുന്നു
“ചില രോഗികളെ സംബന്ധിച്ചിടത്തോളം, വിഷാദത്തിനുള്ള ചികിത്സയിൽ സാധാരണ നടത്തിവരുന്ന മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയെക്കാൾ ശാരീരിക വ്യായാമം ഏറെ ഫലം ചെയ്തേക്കാം” എന്ന് ഐക്യനാടുകളിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ നടത്തിയ ഗവേഷണത്തെ കുറിച്ചു പറയവേ ദ ഹാർഡ്വാർഡ് മെന്റൽ ഹെൽത്ത് ലെറ്റർ പ്രസ്താവിക്കുന്നു. കടുത്ത വിഷാദം അനുഭവിച്ചിരുന്ന 50 പേർ വീതം അടങ്ങിയ മൂന്നു വിഭാഗങ്ങൾക്ക് നാലു മാസത്തേക്കു വ്യത്യസ്തമായ ചികിത്സ നൽകി. ഒരു വിഭാഗം വിഷാദം മാറുന്നതിനുള്ള മരുന്നു കഴിച്ചു, രണ്ടാമത്തെ വിഭാഗം വ്യായാമം മാത്രം ചെയ്തു, മൂന്നാമത്തെ വിഭാഗം അവ രണ്ടും ചെയ്തു. നാലു മാസത്തിനു ശേഷം, ഈ മൂന്നു വിഭാഗങ്ങളിലെയും 60 മുതൽ 70 വരെ ശതമാനം രോഗികൾക്ക് “മേലാൽ വിഷാദരോഗം ഇല്ലായിരുന്നു” എന്ന് ആ ഹെൽത്ത് ലെറ്റർ പറഞ്ഞു. എന്നാൽ, തുടർന്നുവന്ന ആറു മാസക്കാലത്ത്, വ്യായാമ ചികിത്സയ്ക്കു വിധേയരാക്കിയ രോഗികൾ “വൈകാരികമായും ശാരീരികമായും മെച്ചപ്പെട്ട അവസ്ഥയിൽ ആയിരുന്നു; അവരിൽ എട്ടു ശതമാനത്തിൽ മാത്രമാണു വീണ്ടും വിഷാദത്തിന്റെ ലക്ഷണങ്ങൾ കണ്ടത്.” എന്നാൽ മരുന്നു കഴിച്ചവരിൽ 38 ശതമാനത്തിനും വ്യായാമം ചെയ്യുകയും മരുന്നു കഴിക്കുകയും ചെയ്തവരിൽ 31 ശതമാനത്തിനും വീണ്ടും വിഷാദം ഉണ്ടായി. (g02 1/8)
മദ്യത്തിന്റെ അപകടങ്ങൾ
“സമീപ വർഷങ്ങളിൽ, യൂറോപ്പിലുള്ള യുവപ്രായക്കാരുടെ ഇടയിൽ മദ്യവുമായി ബന്ധപ്പെട്ട അപകടങ്ങളും വൈകല്യങ്ങളും മരണവും ഞെട്ടിപ്പിക്കുംവിധം വർധിച്ചിരിക്കുന്നു” എന്ന് ബ്രിട്ടനിലെ മെഡിക്കൽ ജേർണലായ ദ ലാൻസെറ്റ് പറയുന്നു. ലോകത്തിൽ ഏറ്റവുമധികം മദ്യം ഉപയോഗിക്കപ്പെടുന്ന യൂറോപ്പിൽ പ്രതിവർഷം മദ്യപാനം മൂലം മരിക്കുന്ന യുവജനങ്ങളുടെ എണ്ണം 55,000 ആണ്. ഒരു സർവേയുടെ ഭാഗമായി, മദ്യപാന ശീലങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ അയർലൻഡ്, ഗ്രീൻലൻഡ്, ഡെന്മാർക്ക്, ഫിൻലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലെ വിദ്യാർഥികളിൽ മൂന്നിലൊന്ന് തങ്ങൾ തലേ മാസം ചുരുങ്ങിയതു മൂന്നു പ്രാവശ്യമെങ്കിലും മദ്യപിച്ചു ലക്കുകെട്ടതായി സമ്മതിച്ചു. 30 യൂറോപ്യൻ നാടുകളിൽ 15-നും 16-നും ഇടയിൽ പ്രായമുള്ള 1,00,000 വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനം, യുവജന മദ്യപാനത്തിൽ ഏറ്റവുമധികം വർധനവ് ഉള്ള രാജ്യങ്ങൾ പോളണ്ട്, ലിത്വാനിയ, സ്ലോവാക്ക് റിപ്പബ്ലിക്ക്, സ്ലോവേനിയ എന്നിവ ആണെന്നു വെളിപ്പെടുത്തി. ലണ്ടനിലെ ഇൻഡിപെൻഡന്റ് പത്രത്തിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച്, “40-കളിലും 50-കളിലും ആയിരിക്കുന്ന മുഴുക്കുടിയന്മാരിൽ സാധാരണ കണ്ടുവരാറുള്ള ഗുരുതരമായ കരൾവീക്കം” 20-കളുടെ ആരംഭത്തിലുള്ള യുവതികളിലും “ഇപ്പോൾ കണ്ടുതുടങ്ങിയിരിക്കുന്നതായി” ബ്രിട്ടനിലെ ‘റോയൽ കോളെജ് ഓഫ് ഫിസിഷ്യൻസ്’ മുന്നറിയിപ്പു നൽകുന്നു. ആ സ്ഥാപനം “ബ്രിട്ടനിലെ ഏറ്റവും ചെലവേറിയ പൊതുജന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നായി മദ്യത്തെ തിരിച്ചറിയിച്ചു.”(g02 1/22)
രോഗികളോടുള്ള സൗഹാർദ സമീപനം സുഖപ്പെടൽ ത്വരിതപ്പെടുത്തുന്നു
“രോഗികൾ സുഖപ്പെടുമെന്ന ഉറപ്പു നൽകുകയും അവരോടു നന്നായി പെരുമാറുകയും ചെയ്യുന്ന സൗഹാർദ മനോഭാവമുള്ള ഒരു ഡോക്ടർക്ക് യഥാർഥത്തിൽ മെച്ചമായ ഫലങ്ങൾ ലഭിക്കും” എന്ന് ലണ്ടനിലെ ദ ടൈംസ് പ്രസ്താവിക്കുന്നു. പ്രസ്തുത വിഷയത്തെ കുറിച്ചുള്ള 25 പഠനങ്ങളുടെ റിപ്പോർട്ടുകൾ വിശകലനം ചെയ്തശേഷം, ഇംഗ്ലണ്ടിലെ യോർക്ക്, എക്സെറ്റർ, ലീഡ്സ് എന്നീ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഗവേഷകർ ഈ നിഗമനത്തിലെത്തി: “രോഗികളുമായി ഊഷ്മളവും ഹൃദ്യവുമായ ഒരു ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും അവർ പെട്ടെന്നുതന്നെ സുഖമാകുമെന്ന് ഉറപ്പു നൽകുകയും ചെയ്ത ഡോക്ടർമാർ, രോഗികളുമായി വ്യക്തിഗത ബന്ധം സ്ഥാപിക്കാതെ രോഗീസന്ദർശനത്തെ ഔപചാരികമായ തലത്തിൽ നിറുത്തുകയും സുഖപ്പെടൽ സംബന്ധിച്ച് അവർക്ക് യാതൊരു വിധ ഉറപ്പും നൽകാതിരിക്കുകയും ചെയ്ത ഡോക്ടർമാരെക്കാൾ ഏറെ ഫലപ്രദരെന്നു തെളിഞ്ഞു.” “ഡോക്ടർ, രോഗികൾ സുഖം പ്രാപിക്കുമെന്ന് ഉറപ്പു നൽകുകയും ചോദ്യങ്ങൾ ചോദിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും കൂടുതലായി അൽപ്പസമയം അവരോടൊത്തു ചെലവഴിക്കുകയും ചെയ്തപ്പോൾ അവർ വേഗത്തിൽ സുഖം പ്രാപിച്ചു” എന്ന് സ്വീഡനിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കി. (g02 1/22)
പതിവു വ്യായാമത്തിന്റെ മൂല്യം
കായികാധ്വാനമില്ലാത്ത ഓഫീസ് ജീവിതത്തിന്റെ ഫലമായുള്ള അമിത വണ്ണം, ഹൃദ്രോഗം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കുക എന്ന ലക്ഷ്യത്തിൽ പലരും വല്ലപ്പോഴുമൊക്കെ കഠിന വ്യായാമത്തിൽ ഏർപ്പെടുന്നു. എന്നിരുന്നാലും, ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ വല്ലപ്പോഴുമുള്ള തീവ്ര വ്യായാമത്തെക്കാൾ പതിവായുള്ള മിതമായ വ്യായാമമാണു മെച്ചമെന്ന് ഒരു സമീപകാല പഠനം തെളിയിക്കുന്നുവെന്ന് ജർമനിയിലെ സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് എന്ന പത്രം പറയുന്നു. ഡച്ചു ഗവേഷകനായ ഡോ. ക്ലാസ് വെസ്റ്റർടെർപ്പ്, സ്വമേധയാ മുന്നോട്ടു വന്ന 30 പേരുടെ ഓരോ മിനിട്ടിലെയും ഊർജവ്യയം പഠനവിധേയമാക്കി. “നിഷ്ക്രിയതയുടെ ഘട്ടങ്ങളെ ഇടയ്ക്കുള്ള തീവ്രമായ ഊർജിത പ്രവർത്തനങ്ങൾകൊണ്ട് സമനിലയിൽ വരുത്താൻ” ശ്രമിക്കുന്നതിനെക്കാൾ വളരെ ഫലപ്രദമാണു വർധിച്ച ശാരീരിക പ്രവർത്തനം അനുദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നത് എന്ന് ആ പഠനത്തിന്റെ ഫലങ്ങൾ പ്രകടമാക്കി. ആ റിപ്പോർട്ട് ഇങ്ങനെ ശുപാർശ ചെയ്യുന്നു: “തുടർച്ചയായി ഇരിക്കുകയും നിൽക്കുകയും ചെയ്യേണ്ടിവരുന്നെങ്കിൽ, നടക്കുന്നതോ സൈക്കിൾ ചവിട്ടുന്നതോ പോലുള്ള ഊർജിത പ്രവർത്തനങ്ങളിൽ സാധിക്കുമ്പോഴെല്ലാം ഏർപ്പെടുക.”(g02 1/22)
സമ്മർദം അനുഭവിക്കുന്ന കുട്ടികൾ
“പണ്ടൊക്കെ ബാല്യകാലമെന്നതു പുറത്തു കളിച്ചുനടക്കാൻ കഴിയുന്ന, അല്ലലോ പിരിമുറുക്കമോ ഇല്ലാത്ത ഒരു കാലഘട്ടമായിരുന്നു. എന്നാൽ ഇന്ന് ആ കാലമൊക്കെ പൊയ്പോയിരിക്കുന്നു,” മെക്സിക്കോ നഗരത്തിലെ എൽ യൂണിവെഴ്സാൽ എന്ന പത്രം പറയുന്നു. 1950-ൽ 25 വയസ്സുള്ള ഒരാൾക്ക് ഉണ്ടായിരുന്ന അത്രയും സമ്മർദം ഇന്ന് ഒരു 10-വയസ്സുകാരന് ഉണ്ട് എന്നു ഗവേഷകർ നിഗമനം ചെയ്തിരിക്കുന്നു. കുട്ടികളുടെ സമ്മർദത്തിൽ അധികത്തിനും കാരണം മെച്ചപ്പെട്ട ഒരു ഭാവി ഉണ്ടായിരിക്കാൻ അവരെ സഹായിക്കുമെന്നു മാതാപിതാക്കൾ വിചാരിക്കുന്ന ക്ലാസ്സുകളും മറ്റു പ്രവർത്തനങ്ങളുമാണ്. എന്നാൽ കൂടുതലായ ഈ ഭാരം “അവന്റെ ആരോഗ്യത്തെയും വിശ്രമത്തെയും വളർച്ചയെ തന്നെയും ബാധിക്കുന്നു” എന്ന് ആ പത്രം അഭിപ്രായപ്പെടുന്നു. കുട്ടികൾക്കു കൂടുതൽ സമയം വീട്ടിൽ ചെലവഴിക്കാൻ കഴിയുമാറ്, അവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രവർത്തനങ്ങളെ പുനരവലോകനം ചെയ്യാൻ ആ റിപ്പോർട്ട് മാതാപിതാക്കളോടു ശുപാർശ ചെയ്യുന്നു. എന്നാൽ സ്കൂൾ കഴിഞ്ഞുള്ള സമയം മുഴുവൻ യാതൊന്നും ചെയ്യാതെ ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിൽ കുത്തിയിരിക്കുക എന്നതല്ല, മറിച്ച് “അവർ പുറത്തു പോയി മറ്റു കുട്ടികളുമായി കളിക്കുകയും ഓടിനടക്കുകയും സൈക്കിൾ ചവിട്ടുകയും പുസ്തകങ്ങളിലും മറ്റുമുള്ള വിഷമപ്രശ്നങ്ങൾ പരിഹരിക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ഒക്കെ ചെയ്യണം എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.”(g02 1/22)
ഫ്രാൻസിലെ വേഗമേറിയ ട്രെയിനുകൾ
പാരീസിൽനിന്നു തെക്കുള്ള മാഴ്സേയിലേക്ക് തീവണ്ടിമാർഗം യാത്ര ചെയ്യാൻ 1867-ൽ 16 മണിക്കൂർ വേണമായിരുന്നു. 1960-കളിൽ, അത് ഏഴര മണിക്കൂറായി കുറഞ്ഞു. എന്നാൽ, 2001 ജൂണിൽ ‘ഫ്രഞ്ച് നാഷണൽ റെയിൽവെയ്സ്’ ഈ രണ്ടു നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പുതിയ ഹൈ-സ്പീഡ് റെയിൽ സംവിധാനം ഏർപ്പെടുത്തി. ഇപ്പോൾ യാത്രക്കാർക്ക് 740 കിലോമീറ്റർ വരുന്ന ആ ദൂരം മണിക്കൂറിൽ 300-ലധികം കിലോമീറ്റർ വേഗത്തിൽ വെറും മൂന്നു മണിക്കൂർകൊണ്ട് സഞ്ചരിക്കാനാകും. 500-ലധികം പാലങ്ങളും മനോഹരമായ ആർച്ചുപാലങ്ങൾ ഉൾപ്പെട്ട 17 കിലോമീറ്റർ ഭാഗവും ഏകദേശം 8 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു തുരങ്കവും കടന്നാണ് ലിയോണിനു തെക്കുള്ള 150 കിലോമീറ്റർ ദൂരം തീവണ്ടികൾ പിന്നിടുന്നത്. ആവശ്യമെങ്കിൽ, “ഇരുദിശകളിലേക്കും മണിക്കൂറിൽ 20 ട്രെയിനുകൾ വരെ അങ്ങേയറ്റം സുരക്ഷിതമായി ഓടിക്കാനാകും” എന്നു ഫ്രഞ്ച് പത്രമായ ല മോൺട് പറയുന്നു. അപ്പോൾ ഓരോ മൂന്നു മിനിട്ടിലും ഒരു ട്രെയിൻ വീതമായിരിക്കും ഇതിലൂടെ സഞ്ചരിക്കുന്നത്. (g02 1/22)