വരയൻ കുതിര—ആഫ്രിക്കയിലെ സ്വൈരവിഹാരി
വരയൻ കുതിര—ആഫ്രിക്കയിലെ സ്വൈരവിഹാരി
ആഫ്രിക്കയിലെ ഉണരുക! ലേഖകൻ
ആഫ്രിക്കൻ പുൽപ്രദേശങ്ങളിലൂടെ ഒരായിരം വരയൻ കുതിരകൾ (സീബ്ര) സ്വതന്ത്രമായി കുതിച്ചുപായുന്നു. ദൃഢമായ ഓരോ കുതിപ്പിന്റെയും താളത്തിനൊത്ത് വരകൾ നിറഞ്ഞ അവയുടെ പാർശ്വഭാഗങ്ങൾ ഉയരുകയും താഴുകയും ചെയ്യുന്നു, സമൃദ്ധമായ കുഞ്ചിരോമമുള്ള കഴുത്തു മുന്നോട്ടും പിന്നോട്ടും ചലിക്കുന്നു. ഉണങ്ങി വരണ്ട സമതലത്തിലൂടെ കുതിച്ചുപായുന്ന അവയുടെ കുളമ്പടി ശബ്ദം അവിടമാകെ മുഴങ്ങുന്നു. അവ പിന്നിട്ട പാതയിലെ ചുവന്ന പൊടിപടലം കിലോമീറ്ററുകൾ അകലെനിന്നു കാണാം. സ്വൈര്യമായി, സ്വതന്ത്രമായി അവ ഓടുകയാണ്, വിലക്കുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ.
ഏതോ അദൃശ്യ അടയാളം കണ്ടിട്ടെന്നവണ്ണം വരയൻ കുതിരകൾ തങ്ങളുടെ ഗതിവേഗം കുറയ്ക്കുന്നു. അവ ഓട്ടം നിറുത്തി, ബലവും കട്ടിയുമുള്ള പല്ലുകൊണ്ട് ഉണങ്ങിയ പുല്ല് കടിച്ചു പറിക്കാൻ തുടങ്ങുന്നു. മുഴു പറ്റവും വളരെ ജാഗ്രതയിലാണ്. ഇടയ്ക്കിടെ അവ തല ഉയർത്തി നോക്കുന്നു. എന്തെങ്കിലും അപകടമുണ്ടോ എന്നറിയാനായി അവ ചെവിയോർക്കുകയും മണം പിടിക്കുകയും ചെയ്യുന്നു. അകലെ എവിടെയോ നിന്ന് ഒരു സിംഹത്തിന്റെ ഗർജനം കാറ്റിനൊപ്പം ഒഴുകിയെത്തുമ്പോൾ അവ നിശ്ചലമാകുന്നു. ആ ശബ്ദം അവയ്ക്കു നന്നായി അറിയാം. തൂങ്ങിക്കിടക്കുന്ന പുല്ല് വായ്ക്കകത്തേക്ക് ആക്കുക പോലും ചെയ്യാതെ അവ കാതു കൂർപ്പിച്ച് ശബ്ദം കേട്ട ദിശയിലേക്കു നോക്കുന്നു. ഇല്ല, അടുത്തെങ്ങും അപകടം ഇല്ല, വീണ്ടും തല താഴ്ത്തി അവ തീറ്റ തുടരുന്നു.
സൂര്യന്റെ ചൂട് ഏറിവരുന്നതോടെ അവ തങ്ങളുടെ സഞ്ചാരം തുടരുകയായി. അടുത്തതായി അവ നിൽക്കുന്നത് വെള്ളത്തിന്റെ ഗന്ധമേൽക്കുമ്പോഴാണ്. അവ കൂട്ടത്തോടെ നദിക്കരയിലേക്കു നീങ്ങുന്നു. ഉയർന്ന തീരത്തു നിന്നുകൊണ്ട് താഴെക്കൂടെ മെല്ലെ ഒഴുകുന്ന തവിട്ടുനിറമുള്ള വെള്ളത്തിലേക്കു നോക്കിനിൽക്കവേ, അവ മുക്കറയിടുകയും ഉണങ്ങിയ മണ്ണ് കാലുകൊണ്ടു തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നു. ശാന്തമായി തോന്നിക്കുന്ന ജലത്തിനടിയിലും അപകടങ്ങൾ പതിയിരിപ്പുണ്ടാകാം എന്ന് അറിയാവുന്നതിനാൽ അവ ശങ്കിച്ചുനിൽക്കുന്നു. എന്നാൽ ദാഹം അതികഠിനമാണ്. കൂട്ടത്തിൽ ചിലത് മുന്നോട്ട് ആയുന്നു. പിന്നെ ഒറ്റ കുതിപ്പിനു വെള്ളത്തിനടുത്ത് എത്തുന്നു. ഒന്നൊന്നായി വന്ന് വേണ്ടുവോളം വെള്ളം കുടിച്ച ശേഷം അവ വീണ്ടും സമതലപ്രദേശത്തേക്കു മടങ്ങുന്നു.
വൈകുന്നേരം ആകുമ്പോൾ നീളൻ പുല്ലുകൾക്കിടയിലൂടെ ആ വരയൻ കുതിര പറ്റം മെല്ലെ നടന്നു നീങ്ങുന്നു. അസ്തമയ
സൂര്യൻ ചെഞ്ചായം പൂശിയ പടിഞ്ഞാറൻ ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ സുന്ദരമായ ആ ആഫ്രിക്കൻ പുൽപ്രദേശത്ത് വരയൻ കുതിരകൾ നിൽക്കുന്ന കാഴ്ച പ്രൗഢഗംഭീരമാണ്.സംഘപ്രിയരായ വരയൻ കുതിരകൾ
ആഫ്രിക്കയിലെ സ്വതന്ത്ര വിഹാരികളായ ഈ വരയൻ കുതിരകളുടെ ദിനചര്യക്ക് ഒരിക്കലും മാറ്റം വരുന്നില്ല. ആഹാരവും വെള്ളവും അന്വേഷിച്ചുള്ള യാത്രയാണ് എല്ലായ്പോഴും. തുറസ്സായ സമതലങ്ങളിൽ പുല്ലുതിന്നു കഴിയുന്ന വരയൻ കുതിരകൾ നല്ല കൊഴുത്തുരുണ്ടാണിരിക്കുന്നത്. ദൃഢപേശിയുള്ള ശരീരത്തെ മൂടുന്ന അവയുടെ വൃത്തിയുള്ള വരയൻ കുപ്പായം ചുളിവുകളില്ലാതെ വലിഞ്ഞു മുറുകിയിരിക്കുന്നു. ഓരോ വരയൻ കുതിരയുടെയും ശരീരത്തിലെ വരകൾ അനുപമമാണ്. സമാനമായ വരകളോടു കൂടിയ രണ്ടു കുതിരകളെ കാണാൻ കഴിയില്ലെന്നാണു ചിലർ പറയുന്നത്. സമതലത്തിലെ മറ്റു മൃഗങ്ങളുടെ കൂട്ടത്തിൽ, ശ്രദ്ധേയമായ കറുപ്പും വെള്ളയും വരകൾ ഉള്ള വരയൻ കുതിരകൾ വിചിത്രമായി കാണപ്പെടുന്നു. എങ്കിലും അവയെ കാണാൻ നല്ല ഭംഗിയാണ്, ആഫ്രിക്കയുടെ അവിഭാജ്യ ഭാഗമാണ് അവ.
വരയൻ കുതിരകൾ അന്യോന്യം നന്നായി ഇണങ്ങി കഴിയുന്നു. അവ തമ്മിൽ ദൃഢമായ ആജീവനാന്ത ബന്ധം വളർത്തിയെടുക്കാറുണ്ട്. ഒരു വലിയ പറ്റത്തിൽ ആയിരക്കണക്കിനു വരയൻ കുതിരകൾ ഉണ്ടായിരിക്കാമെങ്കിലും, അതിൽത്തന്നെ ചെറിയ ചെറിയ കൂട്ടങ്ങൾ അഥവാ കൊച്ചു കുടുംബങ്ങൾ ഉണ്ടായിരിക്കും. അങ്ങനെയുള്ള ഓരോ കൂട്ടത്തിലും ഒരു ആൺകുതിരയും ഏതാനും പെൺകുതിരകളും ആയിരിക്കും ഉണ്ടായിരിക്കുക. ഈ ചെറിയ കുടുംബത്തിൽ ഓരോ അംഗത്തിനും ഒരു നിശ്ചിത സ്ഥാനമുണ്ട്. അങ്ങനെ അച്ചടക്കം കാത്തുസൂക്ഷിക്കപ്പെടുന്നു. മുഖ്യ സ്ഥാനമുള്ള പെൺകുതിരയാണ് കൂട്ടം എപ്പോൾ പോകണം, എങ്ങോട്ടു പോകണം എന്നൊക്കെ നിശ്ചയിക്കുന്നത്. മറ്റു പെൺ കുതിരകളും കുഞ്ഞുങ്ങളും തങ്ങളുടെ സ്ഥാനം അനുസരിച്ച് വരിയായി അവളെ അനുഗമിക്കുന്നു. എന്നാൽ അവസാന വാക്ക് എപ്പോഴും ആൺകുതിരയുടേതാണ്. വേറൊരു ദിശയിൽ പോകണമെന്നുണ്ടെങ്കിൽ അവൻ കൂട്ടത്തെ നയിക്കുന്ന പെൺകുതിരയുടെ അടുത്തെത്തി അതിനെ പുതിയ ഒരു ദിശയിലേക്കു തിരിച്ചുവിടും.
കൂട്ടത്തിലെ മറ്റുള്ള കുതിരകൾ ദേഹം വൃത്തിയാക്കിക്കൊടുക്കുന്നത് വരയൻ കുതിരയ്ക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്. അവ പരസ്പരം തലകൊണ്ട് ഉരസുന്നതും പാർശ്വഭാഗങ്ങളിലും തോളിലും മുതുകിലുമെല്ലാം പല്ലുകൊണ്ട് ചൊറിഞ്ഞു കൊടുക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. പരസ്പരം ഉള്ള ഈ വൃത്തിയാക്കൽ വരയൻ കുതിരകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതായി കാണപ്പെടുന്നു. കുഞ്ഞുങ്ങൾക്ക് ഏതാനും ദിവസം പ്രായമാകുമ്പോൾത്തന്നെ ഇതു തുടങ്ങുന്നു. ദേഹം വൃത്തിയാക്കാൻ കുടുംബത്തിലുള്ള ആരെയും കിട്ടിയില്ലെങ്കിൽ, ചൊറിച്ചിൽ തോന്നുമ്പോൾ വരയൻ കുതിര പൊടിയിൽ കിടന്നുരുളുകയോ ഒരു മരത്തിലോ ചിതൽപ്പുറ്റിലോ മറ്റോ ദേഹം ഉരസുകയോ ചെയ്തുകൊണ്ട് ആശ്വാസം നേടാൻ ശ്രമിക്കും.
അതിജീവനത്തിനായുള്ള പോരാട്ടം
അപകടം നിറഞ്ഞ ജീവിതമാണു വരയൻ കുതിരയുടേത്. സിംഹം, കാട്ടുനായ്ക്കൾ, കഴുതപ്പുലി, പുള്ളിപ്പുലി, മുതല എന്നിവയുടെയെല്ലാം ഇഷ്ടപ്പെട്ട ഇരയാണ് അത്. 250 കിലോഗ്രാം തൂക്കമുള്ള വരയൻകുതിരയെ കിട്ടിയാൽ ശാപ്പാട് കുശാലായല്ലോ. വരയൻ കുതിരയ്ക്ക് മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയും. എന്നാൽ ചിലപ്പോൾ മറഞ്ഞിരുന്ന് പെട്ടെന്ന് അവയുടെമേൽ ചാടിവീണുകൊണ്ട് ശത്രുക്കൾ അവയെ പിടികൂടുന്നു. സിംഹങ്ങൾ പതിയിരുന്നും മുതലകൾ ചെളിവെള്ളത്തിനടിയിൽ പൂണ്ടുകിടന്നും പുള്ളിപ്പുലികൾ ഇരുട്ടത്ത് മറഞ്ഞിരുന്നും ആക്രമിക്കുന്നു.
വരയൻ കുതിരകളുടെ സുരക്ഷ പറ്റത്തിലെ അംഗങ്ങളുടെ ജാഗ്രതയെയും കൂട്ടായ ശ്രമത്തെയും ആശ്രയിച്ചിരിക്കുന്നു. മിക്കവയും രാത്രിയിൽ ഉറങ്ങുമെങ്കിലും ചില വരയൻ കുതിരകൾ എല്ലായ്പോഴും ഉണർന്ന് കാതുകൂർപ്പിച്ച് കാവലിരിക്കും. ശത്രുക്കളെ കണ്ടാൽ ഉടനെ വരയൻ കുതിര ഒരു പ്രത്യേക തരത്തിൽ മുക്കറയിട്ടുകൊണ്ട് മുഴു പറ്റത്തിനും മുന്നറിയിപ്പു
കൊടുക്കും. കൂട്ടത്തിലെ ഒരു അംഗത്തിനു പ്രായാധിക്യമോ രോഗമോ നിമിത്തം മറ്റുള്ളവയുടെ അത്ര വേഗത്തിൽ ഓടാൻ കഴിയാതാകുമ്പോൾ പലപ്പോഴും മുഴു കൂട്ടവും തങ്ങളുടെ വേഗം കുറയ്ക്കുകയോ ബലം കുറഞ്ഞ വരയൻ കുതിരയ്ക്കു കൂട്ടത്തോടൊപ്പം വരാൻ കഴിയുന്നതു വരെ കാത്തുനിൽക്കുകയോ ചെയ്യും. ഏതെങ്കിലും ഇരപിടിയൻ മുന്നിലെത്തിയാൽ ആൺകുതിര നിർഭയം അതിനും പെൺകുതിരകൾക്കും ഇടയിൽ സ്ഥാനം പിടിക്കും. പിന്നെ ഉശിരൻ പോരാട്ടമാണ്, അവൻ ശത്രുവിനെ കടിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്യും. അതിനിടയിൽ ബാക്കിയുള്ള വരയൻ കുതിരകൾക്കു രക്ഷപ്പെടാൻ സമയം ലഭിക്കും.ആഫ്രിക്കയിലെ സെറെങ്ഗെറ്റി സമതലത്ത് പ്രകൃതി ശാസ്ത്രജ്ഞനായ ഹ്യൂഹോ വാൻ ലാവിക് കണ്ട ഒരു സംഭവം വരയൻ കുതിരകളുടെ ഈ കുടുംബ ഐക്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഒരു കൂട്ടം കാട്ടുനായ്ക്കൾ ഒരു വരയൻ കുതിര പറ്റത്തെ പിന്തുടർന്ന് ഓടിക്കാൻ തുടങ്ങി. ഒരു പെൺ കുതിരയെയും അവളുടെ ചെറിയ കുഞ്ഞിനെയും ഒരു വയസ്സ് പ്രായമുള്ള കുട്ടിയെയും കൂട്ടത്തിൽനിന്ന് ഒറ്റപ്പെടുത്താൻ നായ്ക്കൾക്കു കഴിഞ്ഞു. മറ്റുള്ള വരയൻ കുതിരകൾ പാഞ്ഞുപോയപ്പോൾ അമ്മയും മൂത്ത കുട്ടിയും നായ്ക്കളോടു സധീരം പോരാടി. എന്നാൽ നായ്ക്കൾ കൂടുതൽ ശൗര്യത്തോടെ ആക്രമണം തുടർന്നപ്പോൾ അവ തളർന്നു തുടങ്ങി. അവയുടെ അവസാനം അടുത്തെത്തിയതായി കാണപ്പെട്ടു. യാതൊരു പ്രത്യാശയുമില്ലെന്നു തോന്നിച്ച ആ സന്ദർഭത്തെ കുറിച്ച് വാൻ ലാവിക് പറയുന്നു: “പെട്ടെന്ന് ഭൂമി പ്രകമ്പനം കൊണ്ടു. തിരിഞ്ഞു നോക്കിയപ്പോൾ ശരവേഗത്തിൽ പാഞ്ഞുവരുന്ന പത്തു വരയൻ കുതിരകളെ കണ്ട് ഞാൻ അതിശയിച്ചു പോയി. ഞൊടിയിടയിൽ അവയെത്തി അമ്മയെയും അവളുടെ രണ്ടു കുഞ്ഞുങ്ങളെയും പൊതിഞ്ഞു. അവയെ അങ്ങനെ കൂട്ടത്തിന്റെ നടുക്കു നിറുത്തിക്കൊണ്ട് ആ പത്തു വരയൻ കുതിരകൾ വന്ന വഴിക്കു മടങ്ങിപ്പോയി. നായ്ക്കൾ 50 മീറ്ററോളം അവയുടെ പിന്നാലെ ഓടി. എന്നാൽ പറ്റത്തെ വേർപെടുത്താൻ കഴിയാതെ അവ പെട്ടെന്നുതന്നെ ശ്രമം ഉപേക്ഷിച്ചു.”
കുഞ്ഞുങ്ങളെ വളർത്തൽ
പെൺ കുതിര അത്യന്തം ശ്രദ്ധയോടെ തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നു. ആദ്യമൊക്കെ ആരെയും, കൂട്ടത്തിലെ മറ്റ് അംഗങ്ങളെ പോലും അവൾ അടുപ്പിക്കുകയില്ല. മറ്റാരുമായി സമ്പർക്കം ഇല്ലാതെ കഴിയുന്ന ഈ സമയത്ത് കുഞ്ഞ് തള്ളയുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കുന്നു. തന്റെ അമ്മയുടെ കറുപ്പും വെള്ളയും വരകളുടെ തനതു മാതൃക കുഞ്ഞിന്റെ മനസ്സിൽ പതിയുന്നു. പിന്നീട് തള്ളയുടെ വിളി, ഗന്ധം, വരകളുടെ മാതൃക എന്നിവയെല്ലാം തിരിച്ചറിയാൻ കഴിയുന്നതിനാൽ കുഞ്ഞ് മറ്റൊരു പെൺ കുതിരയെയും സ്വീകരിക്കുകയില്ല.
തള്ളയുടെയും തന്തയുടെയും ശ്രദ്ധേയമായ കറുപ്പും വെള്ളയും വരകളോടെയല്ല വരയൻ കുതിര കുഞ്ഞുങ്ങൾ ജനിക്കുന്നത്. അവയുടെ വരകൾക്കു ചുവപ്പു കലർന്ന തവിട്ടു നിറമാണ്. മുതിർന്നു വരുന്നതോടെയേ അവയ്ക്കു കറുപ്പു നിറമാകുകയുള്ളൂ. ഒരു വലിയ വരയൻ കുതിര പറ്റത്തിലെ വിവിധ കുടുംബങ്ങളിൽ നിന്നുള്ള വരയൻ കുതിര കുട്ടികൾ കളിക്കാൻ ഒരുമിച്ചു കൂടാറുണ്ട്. പരസ്പരം ഓടിച്ചും തൊഴിച്ചുമൊക്കെ കളിക്കുന്ന അവയോടൊപ്പം ചിലപ്പോൾ മുതിർന്ന വരയൻ കുതിരകളും കൂടുന്നു. പക്ഷികളെയും മറ്റു ചെറിയ മൃഗങ്ങളെയും ഓടിക്കുന്നത് വണ്ണംകുറഞ്ഞ കാലുകളിൽ ഓടിച്ചാടി നടക്കുന്ന വരയൻ കുതിര കുഞ്ഞുങ്ങളുടെ ഇഷ്ടവിനോദമാണ്. നീണ്ടു മെലിഞ്ഞ കാലുകളും വിടർന്ന, വലിയ കറുത്ത കണ്ണുകളും തിളങ്ങുന്ന രോമക്കുപ്പായങ്ങളും ഉള്ള ഈ കൊച്ചു മൃഗങ്ങളെ നോക്കി നിൽക്കാൻ നല്ല രസമാണ്.
വന്യം, വിസ്മയകരം
സ്വർണനിറമുള്ള വിശാലമായ ആഫ്രിക്കൻ പുൽപ്പുറങ്ങളിലൂടെ സ്വതന്ത്രമായി വിഹരിക്കുന്ന വലിയ വരയൻ കുതിര പറ്റങ്ങളെ ഇപ്പോഴും കാണാം. അത് അത്ഭുതകരമായ ഒരു ദൃശ്യമാണ്.
അനുപമമായ വെള്ളയും കറുപ്പും വരകളുള്ള, തീവ്രമായ കുടുംബ വിശ്വസ്തത പുലർത്തുന്ന, വന്യവും സ്വതന്ത്രവുമായ പ്രകൃതമുള്ള വരയൻ കുതിര മതിപ്പുളവാക്കുന്ന വിസ്മയകരമായ ഒരു സൃഷ്ടിയല്ലെന്ന് ആരാണു പറയുക? ഈ മൃഗത്തെ കുറിച്ചുള്ള അറിവ് ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ സഹായിക്കുന്നു: “വനഗർദ്ദഭത്തെ [“വരയൻ കുതിരയെ,” NW] കെട്ടഴിച്ചതാർ?” (ഇയ്യോബ് 39:5) ഉത്തരം വ്യക്തമാണ്. അത് സമസ്ത ജീവജാലങ്ങളുടെയും സ്രഷ്ടാവായ യഹോവയാം ദൈവമാണ്. (g02 1/22)
[16-ാം പേജിലെ ചതുരം]
വരയൻ കുതിരയ്ക്ക് വരകൾ ഉള്ളത് എന്തുകൊണ്ട്?
വരയൻ കുതിരയുടെ വരകൾ പരിണാമവാദികൾക്ക് എന്നും ഒരു കീറാമുട്ടി ആയിരുന്നിട്ടുണ്ട്. ശത്രുക്കളെ വിരട്ടിയോടിക്കാൻ അതു വരയൻ കുതിരയെ സഹായിക്കുന്നുവെന്ന് ചിലർ കരുതുന്നു. എന്നാൽ സിംഹങ്ങൾക്കും മറ്റു വലിയ ഇരപിടിയന്മാർക്കും വരയൻ കുതിരയുടെ വരകളെ ലവലേശം പേടിയില്ല എന്നതാണു വാസ്തവം.
ആൺ കുതിരകളെയും പെൺ കുതിരകളെയും തമ്മിൽ ആകർഷിക്കുന്നത് ഈ വരകളാണ് എന്നതാണു മറ്റൊരു കൂട്ടരുടെ മതം. എന്നാൽ എല്ലാ വരയൻ കുതിരകൾക്കും സമാനമായ വരകൾ ഉണ്ടായിരിക്കുന്നതിനാലും ലിംഗഭേദമനുസരിച്ചല്ല അവയുടെ വരകളുടെ പ്രത്യേകത എന്നതിനാലും അക്കാര്യത്തിനും സാധ്യത കാണുന്നില്ല.
ആഫ്രിക്കയിലെ വെയിലിന്റെ കൊടും ചൂടിൽനിന്നുള്ള രക്ഷയ്ക്കാണ് വെള്ളയും കറുപ്പും വരകൾ പരിണമിച്ചത് എന്ന ഒരു അഭിപ്രായവും ഉണ്ട്. അങ്ങനെയെങ്കിൽ ഇവിടത്തെ മറ്റു മൃഗങ്ങൾക്കൊന്നും ഈ വരകൾ ഇല്ലാത്തത് എന്തുകൊണ്ടാണ്?
പെട്ടെന്ന് ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാനാണു വരയൻ കുതിരകൾക്കു വരകൾ ഉണ്ടായത് എന്നതാണു വ്യാപകമായ മറ്റൊരു സിദ്ധാന്തം. ആഫ്രിക്കൻ സമതലങ്ങളിൽനിന്ന് ഉയരുന്ന ചൂട് വരയൻ കുതിരയുടെ രൂപം അവ്യക്തമാകാനും മങ്ങാനും ഇടയാക്കുന്നതിനാൽ അതിനെ ദൂരെനിന്നു കാണാൻ ബുദ്ധിമുട്ടാണ് എന്നു ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതുകൊണ്ട് വരയൻ കുതിരയ്ക്കു വലിയ ഗുണം ഒന്നുമില്ല. കാരണം, അതിന്റെ മുഖ്യ ശത്രുവായ സിംഹം അടുത്തുനിന്നു മാത്രമേ ആക്രമിക്കുകയുള്ളൂ.
പേടിച്ചരണ്ട വരയൻ കുതിരകൾ കൂട്ടത്തോടെ പായുമ്പോൾ അവയുടെ ദേഹത്തെ വരകൾ പിന്തുടരുന്ന സിംഹങ്ങളെ കുഴപ്പിക്കുമെന്നും ഏതെങ്കിലും ഒരു മൃഗത്തിന്മേൽ ശ്രദ്ധ പതിപ്പിക്കുക ബുദ്ധിമുട്ടാക്കി തീർക്കുമെന്നും ഉള്ള വാദഗതിയും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, വന്യജീവികളെ കുറിച്ചുള്ള പഠനങ്ങൾ കാണിക്കുന്നത് യഥാർഥത്തിൽ മറ്റെല്ലാ മൃഗങ്ങളെയും വേട്ടയാടുന്നതു പോലെതന്നെ വരയൻ കുതിരകളെ വേട്ടയാടുന്ന കാര്യത്തിലും സിംഹങ്ങൾ വിദഗ്ധരാണെന്നാണ്.
വരയൻ കുതിരയുടെ വരകൾ ചിലപ്പോൾ അതിന് ഗുണത്തെക്കാളേറെ ദോഷം ചെയ്തേക്കാം എന്നുള്ളതു കൂടുതൽ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു. രാത്രിയിലെ നിലാവിൽ കുളിച്ചു കിടക്കുന്ന സമതലങ്ങളിൽ ഏകവർണമുള്ള മൃഗങ്ങളെക്കാൾ വെള്ളയും കറുപ്പും വരകളുള്ള വരയൻ കുതിരയെ കാണാനാണു കൂടുതൽ എളുപ്പം. സിംഹം സാധാരണഗതിയിൽ ഇരപിടിക്കുന്നത് രാത്രിയിൽ ആയതിനാൽ ഇത് വരയൻ കുതിരയെ അപകടത്തിലാക്കിയേക്കാം.
അപ്പോൾപ്പിന്നെ വരയൻ കുതിരയ്ക്ക് അതിന്റെ വരകൾ കിട്ടിയത് എവിടെനിന്നാണ്? “യഹോവയുടെ കൈ ഇതു പ്രവർത്തിച്ചിരിക്കുന്നു” എന്ന ലളിതമായ പ്രസ്താവനയിൽ അതിനുള്ള ഉത്തരം ഉണ്ട്. (ഇയ്യോബ് 12:9) അതേ, ഭൂമിയിലെ ജീവജാലങ്ങൾക്കെല്ലാം സ്രഷ്ടാവ് തനതായ ഗുണങ്ങളും സവിശേഷതകളും നൽകിയിരിക്കുന്നു. മനുഷ്യന് ഒരുപക്ഷേ പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും ഇവയെല്ലാം ജീവിതത്തിന് അത്ഭുതകരമായ വിധത്തിൽ അവയെ സജ്ജമാക്കുന്നു. ജീവികളുടെ വിസ്മയകരമായ രൂപരചനയിലൂടെ മറ്റൊരു ഉദ്ദേശ്യം കൂടെ നിവർത്തിക്കപ്പെടുന്നു. അത് മനുഷ്യനു സന്തോഷവും ആനന്ദവും പകരുന്നു. സൃഷ്ടിയിലെ സൗന്ദര്യം ദർശിക്കുന്ന പലർക്കും ഇന്ന് പുരാതന കാലത്തെ ദാവീദിനു തോന്നിയ അതേ വികാരമാണുള്ളത്. അവൻ എഴുതി: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.”—സങ്കീർത്തനം 104:24.