സഹായവും സഹാനുഭൂതിയും പലയിടങ്ങളിൽനിന്ന്
സഹായവും സഹാനുഭൂതിയും പലയിടങ്ങളിൽനിന്ന്
ഐക്യനാടുകളുടെ ഇതര ഭാഗങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള സന്നദ്ധ സേവകർ സഹായിക്കാനായി മുന്നോട്ടു വന്നു. അവരിൽ ഒരാളായിരുന്നു 29-കാരനായ ടോം (മുകളിൽ). അദ്ദേഹം കാനഡയിലെ ഒട്ടാവായിൽ നിന്നുള്ള ഒരു അഗ്നിശമന പ്രവർത്തകൻ ആയിരുന്നു. അദ്ദേഹം ഉണരുക!യോടു പറഞ്ഞു: “നടന്ന സംഭവങ്ങൾ ഞാൻ ടിവിയിൽ കണ്ടു. ന്യൂയോർക്കിലെ എന്റെ സഹ അഗ്നിശമന പ്രവർത്തകർക്കു ധാർമിക പിന്തുണ നൽകാൻ ഞാൻ ആഗ്രഹിച്ചു. വെള്ളിയാഴ്ച ഞാൻ അങ്ങോട്ടു തിരിച്ചു. ശനിയാഴ്ച സംഭവ സ്ഥലത്തെത്തി, സഹായം നൽകാൻ സന്നദ്ധനാണെന്ന് ഞാൻ അറിയിച്ചു. ‘ബക്കറ്റ് ബ്രിഗേഡ്’ എന്ന വിഭാഗത്തിലാണ് എനിക്കു നിയമനം ലഭിച്ചത്. നാശാവശിഷ്ടങ്ങൾ ബക്കറ്റിനകത്ത് കോരി നീക്കം ചെയ്യുക ആയിരുന്നു ഞങ്ങളുടെ ജോലി.
“ഞങ്ങൾ കോരികകൊണ്ട് മെല്ലെ, വളരെ സൂക്ഷിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്തു. അതിനടിയിൽ പെട്ടുപോയിരിക്കാവുന്ന അഗ്നിശമന സേനാംഗങ്ങളെ കുറിച്ചുള്ള എന്തെങ്കിലും സൂചനയ്ക്കായി ഞങ്ങൾ തിരഞ്ഞു. പൂട്ടിക്കിടക്കുന്ന കതകുകൾ തുറക്കാൻ സഹായിക്കുന്ന ഒരു ഹാലിഗൺ ഉപകരണവും രണ്ടു ഹോസുകൾ തമ്മിൽ യോജിപ്പിക്കുന്ന ഒരു കപ്ലിങ്ങും എനിക്കു കിട്ടി. വളരെ വിഷമം പിടിച്ച ജോലിയായിരുന്നു അത്. ഞങ്ങൾ ഏകദേശം 50 സന്നദ്ധ സേവകർക്ക് ഒരു ട്രക്ക് നിറയ്ക്കാൻ തന്നെ രണ്ടു മണിക്കൂർ വേണ്ടിവന്നു.
“സെപ്റ്റംബർ 17 തിങ്കളാഴ്ച, തലേ ചൊവ്വാഴ്ച കെട്ടിടത്തിലേക്ക് ഓടിക്കയറിയ ചില അഗ്നിശമന സേനാംഗങ്ങളുടെ ജഡങ്ങൾ ഞങ്ങൾ പുറത്തെടുത്തു. ആ രംഗം ഞാൻ ഒരിക്കലും മറക്കില്ല—മരിച്ച സഹപ്രവർത്തകരോടുള്ള ആദരസൂചകമായി രക്ഷാപ്രവർത്തകരെല്ലാം തങ്ങളുടെ ജോലി നിറുത്തി, തൊപ്പികളും ഹെൽമറ്റുകളുമെല്ലാം കൈയിൽ ഊരിപ്പിടിച്ച് നിശ്ചലരായി നിന്നു.
“സംഭവസ്ഥലം നിരീക്ഷിച്ചുകൊണ്ട് അങ്ങനെ നിന്നപ്പോൾ ഇന്ന് മനുഷ്യ ജീവിതം എത്ര ക്ഷണികമാണെന്ന വസ്തുത എന്നെ ആഴത്തിൽ സ്പർശിച്ചു. എന്റെ ജീവിതം, ജോലി, കുടുംബം, ഇതിനെക്കുറിച്ചെല്ലാം അതെന്നെ ഇരുത്തി ചിന്തിപ്പിച്ചു. അപകടകരമെങ്കിലും പ്രതിഫലദായകമായ ഒരു ജോലിയാണ് എന്റേത്. കാരണം അതിലൂടെ ആളുകളെ സഹായിക്കാൻ, ചിലപ്പോൾ അവരുടെ ജീവൻ രക്ഷിക്കാൻ പോലും കഴിയുന്നു.”
സാക്ഷികൾ പ്രായോഗിക സഹായം നൽകുന്നു
ദുരന്തത്തെ തുടർന്നുള്ള ആദ്യ രണ്ടു ദിവസങ്ങളിൽ 70-ഓളം ആളുകൾ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തിൽ അഭയം തേടി. തങ്ങളുടെ ഹോട്ടൽ മുറികളും സാമാനങ്ങളുമെല്ലാം നഷ്ടപ്പെട്ട ചിലർക്ക് താമസ സൗകര്യവും മാറി ധരിക്കാൻ വസ്ത്രവും നൽകുകയുണ്ടായി. ഭക്ഷണവും പ്രദാനം ചെയ്തു. ഒരുപക്ഷേ ഏറ്റവും പ്രധാനം അനുഭവസമ്പന്നരായ ക്രിസ്തീയ മൂപ്പന്മാർ അവർക്കു നൽകിയ വൈകാരിക സഹായം ആയിരുന്നിരിക്കാം.
ദുരന്ത മേഖലയിൽ—അതു ‘ഗ്രൗണ്ട് സീറോ’ എന്ന് അറിയപ്പെടാൻ ഇടയായി—പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർക്ക് വേണ്ട അടിയന്തിര സഹായ ഉപകരണങ്ങളും സാമഗ്രികളും യഹോവയുടെ സാക്ഷികൾ പ്രദാനം ചെയ്തു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരുന്നിടത്ത് അഗ്നിശമന സേനാംഗങ്ങളെ എത്തിക്കുന്നതിന് അഗ്നിശമന വിഭാഗത്തിന് വാഹനസൗകര്യങ്ങളും ലഭ്യമാക്കി. 39 വയസ്സുള്ള ഒരു സാക്ഷിയും
ശുചീകരണ പ്രവർത്തകരിൽ ഒരാളുമായ റിക്കാർഡോ (പേജ് 10, വലത്തു മുകളിൽ) സംഭവസ്ഥലത്തുനിന്ന് ദിവസവും ടൺകണക്കിന് നാശാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനത്തിൽ നൂറുകണക്കിനു മറ്റുള്ളവരോടൊപ്പം പങ്കെടുത്തു. റിക്കാർഡോ ഉണരുക!-യോടു പറഞ്ഞു: “അങ്ങേയറ്റം സമ്മർദപൂരിതമായ രംഗങ്ങൾ ആയിരുന്നു അവ, പ്രത്യേകിച്ചും തങ്ങളുടെ കാണാതായ സഹപ്രവർത്തകർക്കായി തിരയുന്ന അഗ്നിശമന സേനാംഗങ്ങളെ സംബന്ധിച്ചിടത്തോളം. ഒരു അഗ്നിശമന പ്രവർത്തകനെ അവർ ജീവനോടെ വലിച്ചു പുറത്തെടുക്കുന്നത് ഞാൻ കണ്ടു. മുകളിൽനിന്ന് ഒരു മനുഷ്യശരീരം ദേഹത്തു വന്നു വീണ് മറ്റൊരാൾ മരിച്ചിരുന്നു. അഗ്നിശമന പ്രവർത്തകരിൽ പലരും കരയുകയായിരുന്നു. ഞാനും നിയന്ത്രണം വിട്ടു കരഞ്ഞു. അന്നേ ദിവസം ഏറ്റവുമധികം ധൈര്യം പ്രകടമാക്കിയത് അവരായിരുന്നു.”“കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും”
ആയിരക്കണക്കിന് ആളുകൾ ദുരന്തത്തിൽ മരിച്ചു. ഇവരിൽ ദുരന്ത സമയത്ത് ആ കെട്ടിടങ്ങളിലോ അതിനടുത്തോ ഉണ്ടായിരുന്ന 14 സാക്ഷികളെങ്കിലും ഉണ്ട്. ട്രിനിഡാഡിൽ നിന്നുള്ള 65 വയസ്സുള്ള ജോയ്സ് കമ്മിങ്സിന് അന്ന് ലോക വ്യാപാര കേന്ദ്രത്തിന് അടുത്തുള്ള ഒരു ദന്ത ഡോക്ടറെ കാണാൻ അപ്പോയിന്റ്മെന്റ് ഉണ്ടായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, ദുരന്തം നടന്ന സമയത്തായിരുന്നു അത്. പുക കാരണം ശ്വാസം മുട്ടിയ അവരെ പെട്ടെന്നുതന്നെ അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” നിമിത്തം പലർക്കും നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളുടെ ഒരു ഉദാഹരണം മാത്രമാണിത്. (സഭാപ്രസംഗി 9:11, NW) ജോയ്സ് തീക്ഷ്ണതയുള്ള ഒരു സുവിശേഷക ആയി അറിയപ്പെട്ടിരുന്നു.
സൗത്ത് ടവറിന്റെ 84-ാം നിലയിലെ ഒരു ബ്രോക്കറേജ് കമ്പനിയിൽ ആയിരുന്നു കാൽവിൻ ഡോസൺ (ചതുരം കാണുക) ജോലി ചെയ്തിരുന്നത്. നോർത്ത് ടവറിൽ വിമാനം വന്നിടിച്ചപ്പോൾ അദ്ദേഹം തന്റെ ഓഫീസിലായിരുന്നു. അവിടെയിരുന്ന് അദ്ദേഹത്തിനു സംഭവങ്ങളെല്ലാം വ്യക്തമായി കാണാമായിരുന്നു. സ്ഥലത്തില്ലായിരുന്ന ബോസ് എന്താണു സംഭവിക്കുന്നതെന്ന് അറിയാൻ കാൽവിനു ഫോൺ ചെയ്തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “കണ്ട കാര്യങ്ങൾ എന്നോടു പറയാൻ കാൽവിൻ ശ്രമിക്കുകയായിരുന്നു. ‘ആളുകൾ താഴേക്കു ചാടുകയാണ്!’ എന്ന് അദ്ദേഹം പറഞ്ഞു. ഓഫീസിലുള്ള എല്ലാവരെയും കൂട്ടി പെട്ടെന്ന് പുറത്തു കടക്കാൻ ഞാൻ പറഞ്ഞു.” എന്നാൽ കാൽവിന് രക്ഷപ്പെടാൻ സാധിച്ചില്ല. ബോസ് തുടർന്നു: “കാൽവിൻ വളരെ നല്ല വ്യക്തിയായിരുന്നു. ഞങ്ങളെല്ലാം, ആത്മീയ കാര്യങ്ങളിൽ താത്പര്യമില്ലാത്തവർ പോലും അദ്ദേഹത്തെ വിലമതിച്ചിരുന്നു. അദ്ദേഹത്തിന്റെ ദൈവഭക്തിയും മനുഷ്യത്വവും ഞങ്ങളെ അതിശയിപ്പിച്ചിരുന്നു.”
നാലു കുട്ടികളുടെ പിതാവും ന്യൂയോർക്ക് അഗ്നിശമന വിഭാഗത്തിന്റെ ക്യാപ്റ്റനുമായിരുന്ന ജെയിംസ് ആമാറ്റോ (എതിർവശത്തെ പേജിൽ വലത്ത് താഴെ)
ആയിരുന്നു ദുരന്തത്തിനിരയായ മറ്റൊരു സാക്ഷി. അദ്ദേഹം വളരെ ധൈര്യശാലിയും “എല്ലാവരും പുറത്തേക്ക് ഓടുമ്പോഴും കത്തുന്ന ഒരു കെട്ടിടത്തിനുള്ളിലേക്കു പോകാൻ മടിയില്ലാത്ത ആളും” ആയിരുന്നു എന്ന് അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞു. ജെയിംസിന്റെ മരണശേഷം ബറ്റാലിയൻ ചീഫായുള്ള നിയമനം അദ്ദേഹത്തെ തേടിയെത്തി.സാക്ഷിയായ മറ്റൊരു അഗ്നിശമന പ്രവർത്തകൻ ജോലിയിൽ ഏഴു വർഷത്തെ പരിചയമുള്ള ജോർജ് ഡിപാസ്ക്വാലി ആയിരുന്നു. അദ്ദേഹത്തിനും ഭാര്യ മെലിസ്സയ്ക്കും രണ്ടു വയസ്സുള്ള ഒരു മകളുണ്ട്, ജോർജ റോസ്. സ്റ്റേറ്റൻ ഐലൻഡിലെ യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽ മൂപ്പനായിരുന്നു അദ്ദേഹം. സൗത്ത് ടവർ തകർന്നുവീണപ്പോൾ അദ്ദേഹം അതിന്റെ പത്താം നിലയിലായിരുന്നു. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അദ്ദേഹത്തിനും തന്റെ ജീവൻ നഷ്ടമായി.
ആളുകളെ രക്ഷിക്കാൻ ധൈര്യപൂർവം ശ്രമിക്കുന്നതിനിടയിൽ കെട്ടിടങ്ങൾ തകർന്നു വീണു മരിച്ച നൂറുകണക്കിന് അഗ്നിശമന പ്രവർത്തകരിലും പോലീസുകാരിലും അടിയന്തിര രക്ഷാപ്രവർത്തകരിലും രണ്ടു പേർ മാത്രമാണിവർ. ഈ രക്ഷാപ്രവർത്തകരുടെ ധൈര്യത്തെ കുറിച്ച് എത്ര പറഞ്ഞാലും അധികമാവില്ല. ന്യൂയോർക്ക് നഗരത്തിന്റെ മേയർ റുഡോൾഫ് ജൂലിയാനി സ്ഥാനക്കയറ്റം ലഭിച്ച ഒരു സംഘം അഗ്നിശമന സേനാംഗങ്ങളോടു പിന്നീട് ഇങ്ങനെ പറഞ്ഞു: “ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിൽ നിർഭയം മുന്നോട്ടു പോകാനുള്ള നിങ്ങളുടെ സന്നദ്ധത ഞങ്ങൾക്കെല്ലാം പ്രചോദനമാണ്. . . . ധീരതയുടെ കാര്യത്തിൽ ന്യൂയോർക്കിലെ അഗ്നിശമന വിഭാഗത്തെക്കാൾ മെച്ചമായ ഒരു ഉദാഹരണം വേറെയില്ല.”
ആശ്വാസം പകരുന്ന ശുശ്രൂഷ
ദുരന്തത്തെ തുടർന്നുള്ള ദിവസങ്ങളിൽ ഐക്യനാടുകളിലുള്ള 9,00,000-ത്തോളം യഹോവയുടെ സാക്ഷികൾ രാജ്യത്തെമ്പാടുമുള്ള ദുഃഖാർത്തരെ ആശ്വസിപ്പിക്കുന്നതിന് ഒരു പ്രത്യേക ശ്രമം നടത്തി. അയൽസ്നേഹം ദുഃഖിതരെ ആശ്വസിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചു. (മത്തായി 22:39) ദുരിതമനുഭവിക്കുന്ന മനുഷ്യവർഗത്തിനുള്ള ഏക പ്രത്യാശയിലേക്ക് ആളുകളുടെ ശ്രദ്ധ തിരിക്കാനും തങ്ങളുടെ ശുശ്രൂഷയിലൂടെ അവർ ശ്രമിച്ചിരിക്കുന്നു.—2 പത്രൊസ് 3:13.
സാക്ഷികൾ ആളുകളെ അനുകമ്പാപൂർവം സമീപിച്ചു. തിരുവെഴുത്തുകളിൽനിന്ന് ആശ്വാസം പകരുകയും “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു” എന്നു പറഞ്ഞ ക്രിസ്തുവിന്റെ നവോന്മേഷദായകമായ മാതൃക പിൻപറ്റുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം.—മത്തായി 11:28-30.
മാൻഹട്ടനിലെ പ്രാദേശിക സഭകളിൽനിന്നുള്ള മൂപ്പന്മാരുടെ സംഘങ്ങൾക്ക് ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തകരോടു സംസാരിക്കാനും അവരെ ആശ്വസിപ്പിക്കാനും അനുമതി കിട്ടി. വളരെ നല്ല പ്രതികരണമാണു ലഭിച്ചത്. ആ ശുശ്രൂഷകർ ഇങ്ങനെ പറഞ്ഞു: “അവരുമായി തിരുവെഴുത്തുകൾ പങ്കുവെച്ചപ്പോൾ ആ പുരുഷന്മാരുടെ കണ്ണുകൾ ഈറനണിഞ്ഞു.” രക്ഷാപ്രവർത്തകർ ജെട്ടിയിലെ ഒരു ബോട്ടിൽ വിശ്രമിക്കുകയായിരുന്നു. “കണ്ട കാര്യങ്ങൾ ഉൾക്കൊള്ളാനാവാതെ തല കുമ്പിട്ട് ആകെ തകർന്ന അവസ്ഥയിൽ ഇരിക്കുകയായിരുന്നു അവർ. ഞങ്ങൾ അവരോടൊപ്പമിരുന്ന് ചില ബൈബിൾ വാക്യങ്ങൾ വായിച്ചു കേൾപ്പിച്ചു. തങ്ങൾക്ക് ഈ ആശ്വാസവചനങ്ങൾ അത്യാവശ്യമായിരുന്നു എന്നു പറഞ്ഞുകൊണ്ട് ആ പുരുഷന്മാർ അങ്ങേയറ്റം നന്ദി പ്രകടിപ്പിച്ചു.”
ദുരന്തത്തെ തുടർന്ന് ആളുകളെ സമീപിച്ചപ്പോൾ അവരിൽ മിക്കവരും എന്തെങ്കിലും വായിക്കാൻ ആഗ്രഹിച്ചു, ആയിരക്കണക്കിനു ലഘുപത്രികകൾ അവർക്കു സൗജന്യമായി നൽകി. നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ? (ഇംഗ്ലീഷ്), ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്നീ ലഘുപത്രികകളായിരുന്നു അവയിൽ ചിലത്. കൂടാതെ ഉണരുക! മാസികയുടെ രണ്ടു ലക്കങ്ങളിലെ ആമുഖ ലേഖനപരമ്പരകളും വിശേഷവത്കരിക്കപ്പെട്ടു: “ഭീകരപ്രവർത്തനം—അതിന്റെ മാറുന്ന മുഖം” (ജൂൺ 8, 2001), “മാനസികാഘാതാനന്തര സമ്മർദവുമായി പൊരുത്തപ്പെടൽ” (ആഗസ്റ്റ് 22, 2001) (ഇംഗ്ലീഷ്) എന്നിവ. പലപ്പോഴും സാക്ഷികൾ ബൈബിളിൽനിന്നുള്ള പുനരുത്ഥാന പ്രത്യാശ ആളുകളുമായി പങ്കുവെച്ചു. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) ഒരുപക്ഷേ ദശലക്ഷക്കണക്കിന് ആളുകളുടെ അടുക്കൽ ഈ ആശ്വാസ സന്ദേശം എത്തിക്കുകയുണ്ടായി.
ഇത് നമുക്കു ചിന്തിക്കാൻ വക നൽകുന്നു
ന്യൂയോർക്ക് നഗരത്തിൽ ഉണ്ടായതു പോലുള്ള ദുരന്തങ്ങൾ നാം നമ്മുടെ ജീവിതം എങ്ങനെ ചെലവഴിക്കുന്നു എന്നു ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. സ്വന്തം സ്വാർഥ താത്പര്യങ്ങൾക്കായി മാത്രമാണോ നാം ജീവിക്കുന്നത്, അതോ മറ്റുള്ളവർക്കു സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ നാം ശ്രമിക്കുന്നുവോ? പ്രവാചകനായ മീഖാ ചോദിച്ചു: “ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ 6:8) മരിച്ചവർക്കായുള്ള യഥാർഥ പ്രത്യാശ കണ്ടെത്താനും ഭൂമിയിൽ പറുദീസാവസ്ഥകൾ പുനഃസ്ഥിതീകരിക്കാൻ ദൈവം പെട്ടെന്നുതന്നെ എന്തു ചെയ്യുമെന്നു മനസ്സിലാക്കാനും ദൈവവചനത്തിലേക്കു നോക്കാൻ താഴ്മ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. ബൈബിൾ വാഗ്ദാനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നു.—യെശയ്യാവു 65:17, 21-25; വെളിപ്പാടു 21:1-5. (g02 1/8)
[11-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
റ്റാറ്റ്യാനയുടെ പ്രാർഥന
കാൽവിൻ ഡോസന്റെ വിധവ ലീന ഉണരുക!യോട് ഏഴു വയസ്സുകാരിയായ തന്റെ മകൾ, തന്റെ പിതാവ് ഇനിയൊരിക്കലും വീട്ടിലേക്കു തിരിച്ചുവരികയില്ലെന്ന് അറിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞ്, നടത്തിയ പ്രാർഥനയെ കുറിച്ചു പറഞ്ഞു. ലീന പ്രാർഥിച്ചു കഴിഞ്ഞപ്പോൾ റ്റാറ്റ്യാന ചോദിച്ചു, “മമ്മീ ഞാൻ ഒന്നു പ്രാർഥിച്ചോട്ടേ?” അമ്മ സമ്മതം മൂളിയപ്പോൾ റ്റാറ്റ്യാന പ്രാർഥിച്ചു: “ഞങ്ങളുടെ സ്വർഗീയ പിതാവായ യഹോവേ, ഈ ഭക്ഷണത്തിനും ഇന്നത്തെ ദിവസത്തിനും ഞങ്ങൾ നന്ദി പറയുന്നു. ശക്തിയോടെയിരിക്കാൻ എനിക്കും മമ്മിക്കും നിന്റെ ആത്മാവിനെ തരണേ. ഡാഡി തിരിച്ചുവരുമ്പോൾ ശക്തിയോടെയിരിക്കാനായി നിന്റെ ആത്മാവിനെ ഡാഡിക്കും കൊടുക്കണേ. തിരിച്ചു വരുമ്പോൾ ഡാഡിക്ക് നല്ല ശക്തിയും സന്തോഷവും ആരോഗ്യവും ഉണ്ടായിരിക്കണേ, ഞങ്ങൾക്ക് ഇനിയും ഡാഡിയെ കാണാൻ കഴിയണേ. യേശുവിന്റെ നാമത്തിൽ . . . ഓ, മമ്മിയെയും ശക്തീകരിക്കാൻ മറക്കല്ലേ. ആമേൻ.”
സംഭവിച്ചതെന്താണെന്നു റ്റാറ്റ്യാനയ്ക്ക് ശരിക്കും മനസ്സിലായോ എന്നു സംശയം തോന്നിയ ലീന പറഞ്ഞു: “റ്റിയാന, അതു വളരെ നല്ല പ്രാർഥനയായിരുന്നു. എന്നാൽ മോളേ, ഡാഡി ഇനി തിരിച്ചു വരില്ലെന്നു നിനക്ക് അറിയില്ലേ?” പെട്ടെന്ന് റ്റാറ്റ്യാനയുടെ മുഖത്ത് അമ്പരപ്പു പടർന്നു. “ഡാഡി വരില്ലേ?,” അവൾ ചോദിച്ചു. അവളുടെ അമ്മ മറുപടി പറഞ്ഞു: “ഇല്ല, മോളോട് മമ്മി അതു പറഞ്ഞതാണല്ലോ. ഡാഡി തിരിച്ചുവരില്ലെന്നുള്ള കാര്യം നിനക്കു മനസ്സിലായിക്കാണുമെന്നാണു ഞാൻ കരുതിയത്.” റ്റാറ്റ്യാന പറഞ്ഞു: “എന്നാൽ ഡാഡി പുതിയ ലോകത്തിൽ തിരിച്ചു വരുമെന്നല്ലേ മമ്മി എപ്പോഴും എന്നോടു പറഞ്ഞത്!” തന്റെ മകൾ എന്താണ് ഉദ്ദേശിച്ചതെന്ന് ലീനയ്ക്ക് ഒടുവിൽ മനസ്സിലായി. അവർ പറഞ്ഞു: “റ്റാറ്റ്യാനാ, മമ്മിയോടു ക്ഷമിക്ക്. മോള് പറഞ്ഞതു മമ്മിക്കു മനസ്സിലായില്ലായിരുന്നു. ഡാഡി നാളെ വരുന്നതിനെ കുറിച്ചാണ് നീ പറയുന്നതെന്നാണ് മമ്മി കരുതിയത്.” ലീന ഇങ്ങനെ പറയുന്നു: “പുതിയ ലോകം അവൾക്ക് അത്ര യഥാർഥമാണെന്ന് അറിഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി.”