അധ്യാപകവൃത്തി തിരഞ്ഞെടുക്കാനുള്ള കാരണം
അധ്യാപകവൃത്തി തിരഞ്ഞെടുക്കാനുള്ള കാരണം
“മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന ഒരു തൊഴിലായതിനാലാണ് മിക്കവരും അധ്യാപകവൃത്തി തിരഞ്ഞെടുക്കുന്നത്. കുട്ടികളുടെ ജീവിതത്തെ ഉടച്ചുവാർക്കാനുള്ള ഒരു പ്രതിബദ്ധതയാണ് [അധ്യാപനത്തിൽ] ഉൾപ്പെട്ടിരിക്കുന്നത്.”—അധ്യാപകരും സ്കൂളുകളും സമൂഹവും (ഇംഗ്ലീഷ്).
ചില അധ്യാപകരെ കണ്ടാൽ അവരുടെ ജോലി പ്രയാസകരമായ ഒന്നാണെന്നു തോന്നുകയേ ഇല്ല. എന്നാൽ യഥാർഥത്തിൽ വളരെയേറെ വെല്ലുവിളികൾ നിറഞ്ഞ ഒരു തൊഴിലാണ് അത്. വളരെ കൂടുതൽ വിദ്യാർഥികളുള്ള ക്ലാസ്സുകൾ, വളരെയേറെ പേപ്പർ ജോലി, ചുവപ്പുനാട, പ്രതികരിക്കാത്ത വിദ്യാർഥികൾ, തുച്ഛമായ ശമ്പളം എന്നിവ അവയിൽ ചിലതാണ്. സ്പെയിനിലെ മാഡ്രിഡിൽനിന്നുള്ള ഒരു അധ്യാപകനായ പേദ്രോ അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ഒരു അധ്യാപകനായിരിക്കുക എന്നത് തീർച്ചയായും എളുപ്പമുള്ള സംഗതിയല്ല. അതിൽ വളരെയധികം ആത്മത്യാഗം ഉൾപ്പെട്ടിരിക്കുന്നു. പക്ഷേ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ബിസിനസ് മേഖലയിലെ ഒരു തൊഴിലിനെക്കാൾ പ്രതിഫലദായകമാണ് അധ്യാപകവൃത്തി എന്നു ഞാൻ വിശ്വസിക്കുന്നു.”
മിക്ക രാജ്യങ്ങളിലും, നഗരങ്ങളിലെ വലിയ സ്കൂളുകളിലുള്ള അധ്യാപകർ കടുത്ത വെല്ലുവിളികളെ നേരിടുന്നു. മയക്കുമരുന്ന്, കുറ്റകൃത്യം, അധഃപതിച്ച ധാർമിക നിലവാരങ്ങൾ എന്നിവയും ചിലപ്പോൾ മാതാപിതാക്കളുടെ നിസ്സംഗതയും സ്കൂൾ അന്തരീക്ഷത്തെയും അച്ചടക്കത്തെയും സാരമായി ബാധിക്കുന്നു. മത്സര മനോഭാവം വളരെ പ്രബലമാണ്. എങ്കിൽപ്പിന്നെ, നല്ല വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള പലരും അധ്യാപകവൃത്തി തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്?
ന്യൂയോർക്ക് നഗരത്തിലെ അധ്യാപികമാരാണ് ലീമാരിസും ഡയാനയും. നഴ്സറി പ്രായം മുതൽ പത്തു വയസ്സു വരെ പ്രായമുള്ള കുട്ടികളെയാണ് അവർ പഠിപ്പിക്കുന്നത്. ഇരുവരും രണ്ടു ഭാഷകളിൽ (ഇംഗ്ലീഷിലും സ്പാനിഷിലും) പ്രാവീണ്യമുള്ളവരാണ്. മുഖ്യമായും സ്പാനിഷ് കുട്ടികളെയാണ് അവർ പഠിപ്പിക്കുന്നത്. ഞങ്ങളുടെ ചോദ്യം ഇതായിരുന്നു . . .
അധ്യാപകരെ പ്രചോദിപ്പിക്കുന്നത് എന്താണ്?
ലീമാരിസ് പറഞ്ഞു: “എന്നെ പ്രചോദിപ്പിക്കുന്നത് എന്താണെന്നോ? കുട്ടികളോടുള്ള സ്നേഹം. ചില കുട്ടികളുടെ കാര്യത്തിൽ, അവരുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഏക വ്യക്തി ഞാനാണെന്ന് എനിക്കറിയാം.”
ഡയാന പറഞ്ഞു: “എന്റെ മൂത്ത ആങ്ങളയുടെ മകന് പഠനകാര്യത്തിൽ, പ്രത്യേകിച്ചും വായനയിൽ, ബുദ്ധിമുട്ടു നേരിട്ടപ്പോൾ ഞാൻ അവനെ പഠിപ്പിച്ചു. അവനും മറ്റുള്ളവരും പഠിക്കുന്നതു കാണുന്നത് എനിക്ക് എത്ര സംതൃപ്തി നൽകിയെന്നോ! അതുകൊണ്ട് ഒരു അധ്യാപികയാകാൻ ഞാൻ നിശ്ചയിച്ചു. ബാങ്കിലെ ജോലി രാജിവെക്കുകയും ചെയ്തു.”
ഉണരുക! ഇതേ ചോദ്യം പല രാജ്യങ്ങളിൽനിന്നുള്ള അധ്യാപകരോടു ചോദിച്ചു. ലഭിച്ച ഉത്തരങ്ങളിൽ ചിലതു താഴെ കൊടുക്കുന്നു.
നാൽപ്പതിനുമേൽ പ്രായമുള്ള ജൂല്യാനോ വിശദീകരിച്ചു: “വിദ്യാർഥി ആയിരുന്നപ്പോൾത്തന്നെ (വലത്ത്) എനിക്ക് ഈ തൊഴിലിനോടു വലിയ ആകർഷണം തോന്നിയിരുന്നു. അങ്ങനെയാണ് ഞാൻ ഇതു തിരഞ്ഞെടുത്തത്. ഫലോത്പാദകവും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിന് അനേകം അവസരങ്ങൾ ഉള്ളതുമായ ഒന്നായാണ് ഞാൻ അതിനെ വീക്ഷിച്ചത്. തുടക്കത്തിലെ ഉത്സാഹം ജോലിയുടെ പ്രാരംഭഘട്ടങ്ങളിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ എന്നെ സഹായിച്ചു.”
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത്
വെയിൽസിൽനിന്നുള്ള നിക്ക് ഇങ്ങനെ പറഞ്ഞു: “എന്റെ രാസ ഗവേഷണ രംഗത്ത് തൊഴിൽ അവസരങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ വിദ്യാഭ്യാസ രംഗത്ത് അങ്ങനെയായിരുന്നില്ല. എന്നാൽ പഠിപ്പിക്കാൻ തുടങ്ങിയതോടെ ഈ തൊഴിൽ എത്ര ആസ്വാദ്യമാണെന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു, കുട്ടികളും അത് ആസ്വദിക്കുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്.”അധ്യാപകർ ആയിത്തീർന്നിട്ടുള്ള പലരെയും സ്വാധീനിച്ച ഒരു പ്രമുഖ ഘടകം മാതാപിതാക്കളുടെ മാതൃക ആയിരുന്നു. ഞങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമായി കെനിയയിൽനിന്നുള്ള വില്ല്യം പറഞ്ഞു: “1952-ൽ എന്റെ പിതാവ് ഒരു അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ മാതൃക എന്നെ വളരെയധികം സ്വാധീനിച്ചു. പഠിപ്പിക്കാനുള്ള ആഗ്രഹം എനിക്കും ഉണ്ടായി. ഞാൻ യുവ മനസ്സുകളെ രൂപപ്പെടുത്തുകയാണ് എന്ന അറിവ് ഈ തൊഴിലിനോടു പറ്റിനിൽക്കാൻ സഹായിച്ചിരിക്കുന്ന ഒരു ഘടകമാണ്.”
കെനിയയിൽനിന്നു തന്നെയുള്ള റോസ് മേരി പറഞ്ഞു: “സഹായം ആവശ്യമുള്ളവർക്ക് എന്നെത്തന്നെ ലഭ്യമാക്കാൻ ഞാൻ എല്ലായ്പോഴും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഒന്നുകിൽ നഴ്സ് അല്ലെങ്കിൽ അധ്യാപിക ആകാൻ ഞാൻ തീരുമാനിച്ചു. പഠിപ്പിക്കാനുള്ള അവസരമാണ് ആദ്യം എന്നെ തേടിയെത്തിയത്. ഞാൻ ഒരു അമ്മയാണ് എന്നതും ഈ തൊഴിലിനോടു കൂടുതൽ സ്നേഹം തോന്നാൻ ഇടയാക്കിയിരിക്കുന്നു.”
ജർമനിയിലെ ഡൂറെനിൽനിന്നുള്ള ബെർട്ടോൾട്ട് അധ്യാപകനായതിനു പിന്നിൽ വ്യത്യസ്തമായ ഒരു കാരണമായിരുന്നു ഉണ്ടായിരുന്നത്: “എനിക്കു ഒരു നല്ല അധ്യാപകൻ ആയിരിക്കാൻ കഴിയുമെന്ന് എന്റെ ഭാര്യ എന്നെ പറഞ്ഞു ബോധ്യപ്പെടുത്തി.” അതു ശരിയാണെന്നു തെളിഞ്ഞു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്റെ തൊഴിൽ ഇപ്പോൾ എനിക്കു വളരെയേറെ സന്തോഷം നൽകുന്നു. വിദ്യാഭ്യാസത്തിന്റെ മൂല്യത്തെ കുറിച്ചു ബോധ്യവും കുട്ടികളിലുള്ള താത്പര്യവും ഇല്ലാത്തപക്ഷം ഒരു വ്യക്തിക്ക് വിജയപ്രദനും സംതൃപ്തനുമായ ഒരു നല്ല അധ്യാപകൻ ആയിരിക്കാനോ ഈ ജോലിയിൽ തുടരാനോ സാധിക്കുകയില്ല.”
നാകാറ്റ്സൂ നഗരത്തിൽനിന്നുള്ള മാസാഹീരോ എന്ന ജാപ്പനീസ് അധ്യാപകൻ പറഞ്ഞു: “അപ്പർ പ്രൈമറി സ്കൂളിലെ ആദ്യ വർഷം എനിക്കു വളരെ നല്ല ഒരു അധ്യാപകൻ ഉണ്ടായിരുന്നു. പൂർണമായ അർപ്പണ ബോധത്തോടെയാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ആ സാറാണ് അധ്യാപകവൃത്തി തിരഞ്ഞെടുക്കുന്നതിൽ എനിക്കു പ്രചോദനമായത്. ഞാൻ ഈ തൊഴിലിൽ തുടരാനുള്ള മുഖ്യ കാരണം കുട്ടികളോടുള്ള എന്റെ സ്നേഹമാണ്.”
ജപ്പാനിൽനിന്നു തന്നെയുള്ള 54 വയസ്സുകാരനായ യോഷിയായ്ക്ക് ഒരു ഫാക്ടറിയിൽ നല്ല ശമ്പളമുള്ള ജോലിയുണ്ടായിരുന്നു. എന്നാൽ ജോലിക്കും യാത്രയ്ക്കും മാത്രമേ തനിക്കു സമയമുള്ളു എന്ന് അദ്ദേഹം കണ്ടെത്തി. “ഒരു ദിവസം ഞാൻ ചിന്തിച്ചു, ‘എത്രകാലം ഞാൻ ഇങ്ങനെ ജീവിക്കും?’ വസ്തുക്കളെക്കാൾ കൂടുതലായി ആളുകളുമായി ഇടപഴകാൻ കഴിയുന്ന ഒരു ജോലി കണ്ടെത്താൻ ഞാൻ തീരുമാനിച്ചു. അധ്യാപനം അനുപമമാണ്. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്കു കഴിയുന്നു. അത് മനുഷ്യത്വപരമായ ഒരു തൊഴിലാണ്.”
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ വാലെന്റിനയും അധ്യാപനത്തിന്റെ ആ വശത്തെ വിലമതിക്കുന്നു. അവർ പറഞ്ഞു: “എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയാണ് പഠിപ്പിക്കൽ. 37 വർഷമായി ഞാൻ ഒരു പ്രൈമറി സ്കൂൾ അധ്യാപികയാണ്. കുട്ടികളെ, പ്രത്യേകിച്ചും കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നതു ഞാൻ വളരെ ആസ്വദിക്കുന്നു. ഞാൻ എന്റെ തൊഴിലിനെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലിയിൽനിന്നു വിരമിക്കാത്തത്.”
ഒരു അധ്യാപകൻ കൂടെയായ വില്ല്യം ഏയെഴ്സ് ഇപ്രകാരം എഴുതി: “കുട്ടികളോടും യുവജനങ്ങളോടുമുള്ള സ്നേഹം,
അവരോടൊപ്പം സമയം ചെലവഴിക്കാനുള്ള ആഗ്രഹം, അവർ കൂടുതൽ കഴിവും പ്രാപ്തിയും നേടുന്നതും ലോകത്തിൽ കരുത്തുറ്റ വ്യക്തികളായി വളരുന്നതും കാണുന്നതിലെ സന്തോഷം, ഇതൊക്കെയാണ് ആളുകളെ അധ്യാപനത്തിലേക്ക് ആകർഷിക്കുന്നത്. അധ്യാപകർ . . . തങ്ങളെത്തന്നെ മറ്റുള്ളവർക്കു വിട്ടുകൊടുക്കുകയാണ്. ഈ ലോകത്തെ മെച്ചപ്പെട്ട ഒരു സ്ഥലമാക്കാനുള്ള പ്രതീക്ഷയോടെയാണു ഞാൻ പഠിപ്പിക്കുന്നത്.”അതേ, ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടെങ്കിലും അർപ്പണ മനോഭാവമുള്ള ആയിരക്കണക്കിനു സ്ത്രീപുരുഷന്മാർ അധ്യാപകവൃത്തിയിലേക്ക് ആകർഷിക്കപ്പെടുന്നു. അവർ നേരിടുന്ന ചില വലിയ വെല്ലുവിളികൾ എന്തൊക്കെയാണ്? അടുത്ത ലേഖനം ആ ചോദ്യത്തിന് ഉത്തരം നൽകും. (g02 3/8)
[6-ാം പേജിലെ ചതുരം]
അധ്യാപകരും മാതാപിതാക്കളും തമ്മിൽ ആശയവിനിമയം നടത്തുന്നതിനുള്ള നിർദേശങ്ങൾ
✔ മാതാപിതാക്കളെ അടുത്തറിയാൻ ശ്രമിക്കുക. അതു സമയം പാഴാക്കലാണെന്നു വിചാരിക്കരുത്. ഇരുകൂട്ടർക്കും അതിൽനിന്നു പ്രയോജനം ലഭിക്കും. നിങ്ങളുടെ ശ്രമങ്ങളിൽ നിങ്ങളെ പിന്തുണയ്ക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്ന വ്യക്തികളുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാനുള്ള അവസരമാണ് അത്.
✔ മാതാപിതാക്കളുടെ നിലയിൽനിന്നു സംസാരിക്കുക—നിങ്ങളെക്കാൾ ബുദ്ധികുറഞ്ഞവരോ അറിവില്ലാത്തവരോ ആയവരോടെന്ന പോലെ പെരുമാറരുത്. സംസാരത്തിൽ അധ്യാപക ശൈലി ഒഴിവാക്കുക.
✔ കുട്ടികളെ കുറിച്ചു പറയുമ്പോൾ അവരുടെ നല്ല വശങ്ങൾ എടുത്തു പറയുക. പ്രശംസയാണ് കുറ്റപ്പെടുത്തലിനെക്കാൾ ഫലപ്രദം. കുട്ടിയുടെ വിജയത്തിനു മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാനാകുമെന്നു വിശദീകരിക്കുക.
✔ മാതാപിതാക്കളെ സംസാരിക്കാൻ അനുവദിക്കുക, അവർ പറയുന്നതു ശ്രദ്ധിച്ചു കേൾക്കുക.
✔ കുട്ടിയുടെ ഗൃഹാന്തരീക്ഷം എങ്ങനെയുള്ളതാണെന്നു മനസ്സിലാക്കുക. സാധ്യമെങ്കിൽ ഭവനം സന്ദർശിക്കുക.
✔ അടുത്ത കൂടിക്കാഴ്ചയ്ക്കുള്ള തീയതി നിശ്ചയിക്കുക. ഇതു പ്രധാനമാണ്. നിങ്ങളുടെ താത്പര്യം യഥാർഥമാണെന്ന് അതു കാണിക്കുന്നു.—അമേരിക്കയിലെ അധ്യാപനത്തെ (ഇംഗ്ലീഷ്) അടിസ്ഥാനമാക്കിയുള്ളത്.
[6-ാം പേജിലെ ചിത്രം]
‘എന്റെ പിതാവും ഒരു അധ്യാപകനായിരുന്നു.’—വില്ല്യം, കെനിയ
[7-ാം പേജിലെ ചിത്രം]
‘കുട്ടികളെ പഠിപ്പിക്കുന്നതു ഞാൻ വളരെ ആസ്വദിക്കുന്നു.’—വാലെന്റിന, റഷ്യ
[7-ാം പേജിലെ ചിത്രങ്ങൾ]
“അധ്യാപനം അനുപമമാണ്. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്കു കഴിയുന്നു.” —യോഷിയാ, ജപ്പാൻ