വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യാപകർ അവർ നമുക്കു വേണ്ടപ്പെട്ടവർ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അധ്യാപകർ അവർ നമുക്കു വേണ്ടപ്പെട്ടവർ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അധ്യാ​പകർ അവർ നമുക്കു വേണ്ട​പ്പെ​ട്ടവർ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

“ഒരു നല്ല അധ്യാ​പ​ക​നോ​ടൊ​ത്തു ചെലവ​ഴി​ക്കുന്ന ഒരൊറ്റ ദിവസം ആയിരം ദിവസത്തെ ഉത്സുക​മായ പഠന​ത്തെ​ക്കാൾ ഗുണം ചെയ്യും.”—ഒരു ജാപ്പനീസ്‌ പഴമൊ​ഴി.

സ്‌കൂ​ളിൽ നിങ്ങളെ വളരെ​യ​ധി​കം സ്വാധീ​നിച്ച ഒരു അധ്യാ​പ​ക​നെ​യോ അധ്യാ​പി​ക​യെ​യോ നിങ്ങൾക്ക്‌ ഓർമ​യു​ണ്ടോ? നിങ്ങൾ ഇപ്പോ​ഴും ഒരു വിദ്യാർഥി​യാ​ണെ​ങ്കിൽ നിങ്ങളെ പഠിപ്പി​ക്കുന്ന ആരെ​യെ​ങ്കി​ലും നിങ്ങൾക്കു വളരെ ഇഷ്ടമാ​ണോ? ആണെങ്കിൽ, അങ്ങനെ ഇഷ്ടപ്പെ​ടാ​നുള്ള കാരണം എന്താണ്‌?

ഒരു നല്ല അധ്യാ​പകൻ വിദ്യാർഥി​ക​ളിൽ ആത്മവി​ശ്വാ​സം ഉൾനടു​ക​യും പഠനത്തെ രസകര​മാ​ക്കി​ത്തീർക്കു​ക​യും ചെയ്യും. ഇന്ത്യയിൽനി​ന്നുള്ള മധ്യവ​യ​സ്‌ക​നായ ഒരു ബിസി​ന​സ്സു​കാ​രൻ തന്റെ അനുഭവം പങ്കു​വെ​ക്കു​ന്നു. കൊൽക്കൊ​ത്ത​യി​ലെ സ്‌കൂ​ളിൽവെച്ച്‌ തന്നെ ഇംഗ്ലീഷ്‌ പഠിപ്പി​ച്ചി​രുന്ന അധ്യാ​പ​കനെ സ്‌നേ​ഹ​പൂർവം അനുസ്‌മ​രി​ച്ചു​കൊണ്ട്‌ അദ്ദേഹം പറയുന്നു: “നല്ല പഠിപ്പി​ക്കൽ രീതി​ക​ളാ​യി​രു​ന്നു സാസ്സൂൻ സാറി​ന്റേത്‌. അവ എന്നിൽ ഭാഷ​യോ​ടുള്ള താത്‌പ​ര്യം മാത്രമല്ല ആത്മാഭി​മാ​ന​വും വളർത്തി. പലപ്പോ​ഴും അദ്ദേഹം എന്റെ ഏറ്റവും നല്ല രചനകൾ തിര​ഞ്ഞെ​ടുത്ത്‌ അൽപ്പം ‘മിനു​ക്കു​പ​ണി​കൾ’ ഒക്കെ നടത്തി അവ വിവിധ പത്രങ്ങൾക്കും മാസി​ക​കൾക്കും അയച്ചു​കൊ​ടു​ക്കു​മാ​യി​രു​ന്നു. ആ പ്രബന്ധ​ങ്ങ​ളിൽ ചിലതു തിരസ്‌ക​രി​ക്ക​പ്പെ​ട്ടെ​ങ്കി​ലും പലതും അവർ സ്വീക​രി​ച്ചു. പത്രങ്ങൾ പ്രതി​ഫ​ല​മാ​യി നൽകിയ പണത്തെ​ക്കാൾ പ്രധാ​ന​മാ​യി, എന്റെ കൃതികൾ അച്ചടി​ച്ചു​വ​രു​ന്നതു കാണു​ന്ന​തി​ലുള്ള സന്തോഷം എഴുതാ​നുള്ള എന്റെ പ്രാപ്‌തി​യിൽ വിശ്വാ​സം നട്ടുവ​ളർത്താൻ സഹായി​ച്ചു.”

ജർമനി​യി​ലെ മ്യൂണി​ക്കിൽനി​ന്നുള്ള 50 കഴിഞ്ഞ പ്രസന്ന​വ​തി​യായ ഒരു സ്‌ത്രീ​യാ​ണു മാർഗിറ്റ്‌. അവർ പറയുന്നു: “എനിക്കു വളരെ ഇഷ്ടമുള്ള ഒരു ടീച്ചർ ഉണ്ടായി​രു​ന്നു. കടുക​ട്ടി​യാ​യി​ട്ടുള്ള വിഷയങ്ങൾ പോലും എത്ര ലളിത​മാ​യി​ട്ടാ​ണെ​ന്നോ ടീച്ചർ വിശദീ​ക​രി​ച്ചി​രു​ന്നത്‌. എന്തെങ്കി​ലും മനസ്സി​ലാ​യി​ല്ലെ​ങ്കിൽ ചോദി​ക്കാൻ അവർ എപ്പോ​ഴും ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. വളരെ സൗഹാർദ​ത്തോ​ടെ​യാണ്‌ ടീച്ചർ ഞങ്ങളോട്‌ ഇടപെ​ട്ടി​രു​ന്നത്‌. അതു​കൊണ്ട്‌ അവരുടെ ക്ലാസ്സുകൾ ഞാൻ വളരെ ആസ്വദി​ച്ചി​രു​ന്നു.”

ഓസ്‌​ട്രേ​ലി​യ​ക്കാ​ര​നായ പീറ്റർ തന്റെ കണക്ക്‌ അധ്യാ​പ​കനെ ഓർക്കു​ന്നു: “പഠിക്കുന്ന കാര്യ​ങ്ങ​ളു​ടെ പ്രയുക്തത മനസ്സി​ലാ​ക്കാൻ അദ്ദേഹം ഉദാഹ​ര​ണങ്ങൾ നൽകി ഞങ്ങളെ സഹായി​ച്ചി​രു​ന്നു. ത്രി​കോ​ണ​മി​തി പഠിപ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ, അതിന്റെ തത്ത്വങ്ങൾ ഉപയോ​ഗി​ച്ചു മാത്രം ഒരു കെട്ടി​ടത്തെ തൊടുക പോലും ചെയ്യാതെ, അതിന്റെ ഉയരം എങ്ങനെ അളക്കാ​നാ​കു​മെന്ന്‌ അദ്ദേഹം ഞങ്ങൾക്കു കാണി​ച്ചു​തന്നു. ‘ഹൊ, ഇത്‌ അതിശ​യ​മാ​യി​രി​ക്കു​ന്ന​ല്ലോ’ എന്നു ഞാൻ എന്നോ​ടു​തന്നെ പറഞ്ഞത്‌ ഞാൻ ഇന്നും ഓർക്കു​ന്നു.”

വടക്കേ ഇംഗ്ലണ്ടിൽനി​ന്നുള്ള പോളിൻ തന്റെ അധ്യാ​പ​ക​നോട്‌ “എനിക്കു കണക്ക്‌ വലിയ ബുദ്ധി​മു​ട്ടാണ്‌” എന്നു തുറന്നു പറഞ്ഞ​പ്പോൾ അദ്ദേഹം ചോദി​ച്ചു: “കുട്ടിക്കു മെച്ച​പ്പെ​ട​ണ​മെ​ന്നു​ണ്ടോ? എങ്കിൽ ഞാൻ സഹായി​ക്കാം.” അവർ പറയുന്നു: “അടുത്ത ഏതാനും മാസം അദ്ദേഹം എനിക്കു കൂടു​ത​ലായ ശ്രദ്ധ നൽകി. ക്ലാസ്‌ കഴിഞ്ഞു പോലും അദ്ദേഹം എന്നെ സഹായി​ച്ചി​രു​ന്നു. ഞാൻ വിജയി​ക്കാൻ അദ്ദേഹം ആഗ്രഹി​ച്ചി​രു​ന്നു​വെന്ന്‌, എന്നെക്കു​റിച്ച്‌ അദ്ദേഹം കരുതി​യി​രു​ന്നു​വെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. ഇത്‌ കൂടുതൽ ബുദ്ധി​മു​ട്ടി പഠിക്കാൻ എന്നെ പ്രേരി​പ്പി​ച്ചു. അങ്ങനെ ഞാൻ മെച്ച​പ്പെട്ടു.”

ഇപ്പോൾ തന്റെ 30-കളിൽ ആയിരി​ക്കുന്ന സ്‌കോ​ട്ട്‌ലൻഡു​കാ​രി​യായ ആഞ്ചി തന്നെ ചരിത്രം പഠിപ്പി​ച്ചി​രുന്ന ഗ്രഹാം സാറിനെ ഓർക്കു​ന്നു. “അദ്ദേഹ​ത്തി​ന്റെ ചരിത്ര ക്ലാസ്സുകൾ എത്ര രസകര​മാ​യി​രു​ന്നെ​ന്നോ! കഥ പറയു​ന്നതു പോ​ലെ​യാണ്‌ അദ്ദേഹം സംഭവങ്ങൾ വിവരി​ച്ചി​രു​ന്നത്‌. ഓരോ വിഷയത്തെ കുറിച്ചു സംസാ​രി​ക്കു​മ്പോ​ഴും അദ്ദേഹം വലിയ ഉത്സാഹം പ്രകട​മാ​ക്കി. സംഭവ​ങ്ങ​ളെ​ല്ലാം അപ്പപ്പോൾ മുമ്പിൽ നടക്കു​ന്ന​തു​പോ​ലെ തോന്നി​യി​രു​ന്നു.” ഒന്നാം ക്ലാസ്സിൽ തന്നെ പഠിപ്പി​ച്ചി​രുന്ന പ്രായ​മുള്ള ഹ്യൂ​വെറ്റ്‌ ടീച്ച​റെ​യും അവർ സ്‌നേ​ഹ​ത്തോ​ടെ അനുസ്‌മ​രി​ക്കു​ന്നു. “ടീച്ചർ കുട്ടി​ക​ളോ​ടു ദയയും കരുത​ലും പ്രകട​മാ​ക്കി​യി​രു​ന്നു. ഒരു ദിവസം ഞാൻ എന്തോ ചോദി​ക്കാൻ ചെന്ന​പ്പോൾ ടീച്ചർ എന്നെ വാരി​യെ​ടു​ത്തു. ടീച്ചർക്ക്‌ എന്നിൽ യഥാർഥ താത്‌പ​ര്യം ഉണ്ടെന്ന്‌ എനിക്കു തോന്നി​യി​രു​ന്നു.”

തെക്കൻ ഗ്രീസിൽനി​ന്നുള്ള തിമൊ​ഥി തന്റെ വിലമ​തി​പ്പു പ്രകടി​പ്പി​ക്കു​ന്നു: “എന്റെ ശാസ്‌ത്ര അധ്യാ​പ​കനെ ഞാൻ ഇന്നും ഓർക്കു​ന്നു. എനിക്കു ചുറ്റു​മുള്ള ലോക​ത്തെ​യും ജീവി​ത​ത്തെ​യും സംബന്ധിച്ച എന്റെ വീക്ഷണ​ത്തിന്‌ അദ്ദേഹം എന്നേക്കു​മാ​യി മാറ്റം വരുത്തി. ക്ലാസ്സ്‌മു​റി​യിൽ അതിശ​യ​ത്തി​ന്റെ​യും വിസ്‌മ​യ​ത്തി​ന്റെ​യും ഒരു അന്തരീക്ഷം അദ്ദേഹം സൃഷ്ടി​ച്ചി​രു​ന്നു. വിജ്ഞാ​ന​ത്തി​നും ഗ്രാഹ്യ​ത്തി​നു​മാ​യുള്ള ആഗ്രഹം അദ്ദേഹം ഞങ്ങളിൽ ഉൾനട്ടു.”

യു.എസ്‌.എ-യിലെ കാലി​ഫോർണി​യ​യിൽനി​ന്നുള്ള റാമോ​ണ​യാണ്‌ മറ്റൊരു ഉദാഹ​രണം. അവർ എഴുതു​ന്നു: “എന്റെ ഹൈസ്‌കൂൾ അധ്യാ​പി​ക​യ്‌ക്ക്‌ ഇംഗ്ലീഷ്‌ എന്നു പറഞ്ഞാൽ ജീവനാ​യി​രു​ന്നു. ആ ഉത്സാഹം ഞങ്ങളി​ലേ​ക്കും വ്യാപി​ച്ചു. എത്ര ബുദ്ധി​മു​ട്ടു പിടിച്ച ഭാഗം പോലും വളരെ എളുപ്പ​മാ​ണെന്നു തോന്നി​പ്പി​ക്കാ​നുള്ള കഴിവു​ണ്ടാ​യി​രു​ന്നു ടീച്ചർക്ക്‌.”

കാനഡ​യിൽനി​ന്നുള്ള ജെയ്‌ൻ തന്റെ കായി​കാ​ഭ്യാ​സ അധ്യാ​പ​കനെ കുറിച്ച്‌ ഉത്സാഹ​പൂർവം പറയുന്നു: “സാറിന്‌ പഠനവും വിനോ​ദ​വും സംബന്ധിച്ച്‌ വ്യത്യ​സ്‌ത​ങ്ങ​ളായ എത്ര ആശയങ്ങ​ളാണ്‌ ഉണ്ടായി​രു​ന്ന​തെ​ന്നോ! അദ്ദേഹം ഞങ്ങളെ വെളി​യിൽ കൊണ്ടു​പോ​യി സ്‌കീ​യിങ്‌, ഐസിലെ മീൻപി​ടി​ത്തം എന്നിങ്ങ​നെ​യുള്ള വിനോ​ദങ്ങൾ പരിച​യ​പ്പെ​ടു​ത്തി. ഞങ്ങൾ സ്വയം തീകൂട്ടി അതിൽ അമേരി​ക്കൻ ഇന്ത്യക്കാ​രു​ടെ ഒരു അപ്പമായ ബാനൊക്ക്‌ ഉണ്ടാക്കുക പോലും ചെയ്‌തു. സാധാ​ര​ണ​ഗ​തി​യിൽ പുസ്‌ത​ക​ത്തിൽ മുഖവും പൂഴ്‌ത്തി വീട്ടിൽ അടച്ചു​പൂ​ട്ടി​യി​രി​ക്കുന്ന ഒരു പെൺകു​ട്ടി​യെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്ഭുത​ക​ര​മായ അനുഭ​വ​ങ്ങ​ളാ​യി​രു​ന്നു ഇവയെ​ല്ലാം!”

ഷാങ്‌ഹാ​യിൽ ജനിച്ച്‌ ഹോ​ങ്കോം​ഗി​ലെ ഒരു സ്‌കൂ​ളിൽ വിദ്യാ​ഭ്യാ​സം നേടിയ ലജ്ജാശീ​ല​യായ ഒരു സ്‌ത്രീ​യാണ്‌ ഹെലൻ. അവർ അനുസ്‌മ​രി​ക്കു​ന്നു: “അഞ്ചാം ക്ലാസ്സിൽ ഞങ്ങൾക്ക്‌ കായി​കാ​ഭ്യാ​സ ക്ലാസ്സു​ക​ളും പെയി​ന്റിംഗ്‌ ക്ലാസ്സു​ക​ളും എടുത്തി​രുന്ന അധ്യാ​പ​കന്റെ പേര്‌ ചൻ എന്നായി​രു​ന്നു. എനിക്കു വലിപ്പം കുറവാ​യി​രു​ന്ന​തി​നാൽ വോളി​ബോൾ, ബാസ്‌ക​റ്റ്‌ബോൾ എന്നീ കളിക​ളി​ലെ​ല്ലാം ഞാൻ വളരെ പിന്നി​ലാ​യി​രു​ന്നു. എന്നാൽ അദ്ദേഹം എന്നെ ബുദ്ധി​മു​ട്ടി​ച്ചി​രു​ന്നില്ല. എനിക്കു കൂടുതൽ അനു​യോ​ജ്യ​മായ ബാഡ്‌മി​ന്റൺ പോലുള്ള കളിക​ളിൽ ഏർപ്പെ​ടാൻ സാർ എന്നെ അനുവ​ദി​ച്ചു. അദ്ദേഹം വളരെ പരിഗ​ണ​ന​യും ദയയും പ്രകട​മാ​ക്കി.

“പെയി​ന്റിം​ഗി​ന്റെ കാര്യ​ത്തി​ലും അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു—വസ്‌തു​ക്ക​ളെ​യും ആളുക​ളെ​യും വരയ്‌ക്കുന്ന കാര്യ​ത്തിൽ ഞാൻ വട്ടപൂ​ജ്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ എനിക്കു കൂടുതൽ എളുപ്പ​മായ ഡി​സൈ​നു​ക​ളും പാറ്റേ​ണു​ക​ളും വരയ്‌ക്കാൻ അദ്ദേഹം എന്നെ അനുവ​ദി​ച്ചു. മറ്റുള്ള വിദ്യാർഥി​ക​ളെ​ക്കാൾ എനിക്കു പ്രായം കുറവാ​യി​രു​ന്ന​തി​നാൽ ആ ക്ലാസ്സിൽ ഒരു വർഷം കൂടി ഇരിക്കു​ന്ന​താ​ണു നല്ലതെന്ന്‌ അദ്ദേഹം എന്നെ പറഞ്ഞു ബോധ്യ​പ്പെ​ടു​ത്തി. ഇത്‌ എന്റെ സ്‌കൂൾ ജീവി​ത​ത്തി​ലെ ഒരു വഴിത്തി​രിവ്‌ ആയിരു​ന്നു. ഞാൻ ആത്മവി​ശ്വാ​സം കൈവ​രിച്ച്‌ പുരോ​ഗ​മി​ച്ചു. ഇതിനു ഞാൻ എന്നും അദ്ദേഹ​ത്തോ​ടു കടപ്പെ​ട്ടി​രി​ക്കും.”

ഏത്‌ അധ്യാ​പ​ക​രാണ്‌ വിദ്യാർഥി​ക​ളിൽ ഏറ്റവു​മ​ധി​കം സ്വാധീ​നം ചെലു​ത്തു​ന്നത്‌? അധ്യാ​പനം—ഒരു അധ്യാ​പ​കന്റെ യാത്ര (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ വില്ല്യം ഏയെഴ്‌സ്‌ ഉത്തരം നൽകുന്നു: “നല്ല അധ്യാ​പനം കാഴ്‌ച​വെ​ക്ക​ണ​മെ​ങ്കിൽ ഏറ്റവും പ്രധാ​ന​മാ​യി ഒരു അധ്യാ​പകൻ കരുത​ലും ചിന്തയും ഉള്ളവനും വിദ്യാർഥി​കൾക്കാ​യി തന്നെത്തന്നെ ഉഴിഞ്ഞു​വെ​ച്ച​വ​നും ആയിരി​ക്കണം. . . . പഠിപ്പി​ക്ക​ലിൽ പ്രധാ​ന​മാ​യും ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ സ്‌നേ​ഹ​മാണ്‌. . . . അല്ലാതെ ഏതെങ്കി​ലും പ്രത്യേക രീതി​ക​ളോ ശൈലി​ക​ളോ പദ്ധതി​ക​ളോ ഒക്കെ ബാധക​മാ​ക്കു​ന്നതല്ല.” അപ്പോൾ വിജയ​പ്ര​ദ​നായ അധ്യാ​പകൻ ആരാണ്‌? അദ്ദേഹം പറയുന്നു: “നിങ്ങളു​ടെ ഹൃദയത്തെ സ്‌പർശിച്ച, നിങ്ങളെ മനസ്സി​ലാ​ക്കു​ക​യും ഒരു വ്യക്തി​യെന്ന നിലയിൽ നിങ്ങൾക്കാ​യി കരുതു​ക​യും ചെയ്‌ത, എന്തി​നോ​ടെ​ങ്കി​ലു​മുള്ള—സംഗീതം, കണക്ക്‌, ലാറ്റിൻ, പട്ടം പറത്തൽ അങ്ങനെ എന്തി​നോ​ടെ​ങ്കി​ലു​മുള്ള—സ്‌നേഹം നിങ്ങളി​ലേക്കു പകർത്തിയ, നിങ്ങളെ പ്രവർത്ത​ന​ത്തി​നു പ്രചോ​ദി​പ്പിച്ച അധ്യാ​പകൻ.”

തീർച്ച​യാ​യും പല അധ്യാ​പ​കർക്കും തങ്ങളുടെ വിദ്യാർഥി​ക​ളിൽനി​ന്നും അവരുടെ മാതാ​പി​താ​ക്ക​ളിൽനി​ന്നും പോലും നന്ദി​പ്ര​ക​ട​നങ്ങൾ കേൾക്കാൻ സാധി​ച്ചി​ട്ടുണ്ട്‌. തിരി​ച്ച​ടി​കൾ ഉണ്ടാകു​മ്പോ​ഴും പഠിപ്പി​ക്ക​ലിൽ തുടരാൻ ഇത്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഇത്തരം വിലമ​തി​പ്പിൻ പ്രകട​ന​ങ്ങ​ളിൽ മിക്ക​പ്പോ​ഴും കാണുന്ന പൊതു ഘടകം അധ്യാ​പകൻ വിദ്യാർഥി​യോ​ടു കാണിച്ച യഥാർഥ താത്‌പ​ര്യ​വും ദയയും ആണ്‌.

എല്ലാ അധ്യാ​പ​ക​രും ഇത്തരം ഗുണങ്ങൾ പ്രകടി​പ്പി​ക്കാ​റില്ല എന്നതു ശരിയാണ്‌. എങ്കിൽപ്പോ​ലും വിദ്യാർഥി​കൾക്കാ​യി തങ്ങൾക്കു ചെയ്യാൻ കഴിയു​ന്ന​തി​നെ പരിമി​ത​പ്പെ​ടു​ത്തുന്ന പല സമ്മർദ​ങ്ങ​ളെ​യും അധ്യാ​പകർ പലപ്പോ​ഴും നേരി​ടു​ന്നുണ്ട്‌ എന്നു നാം ഓർക്കേ​ണ്ട​താണ്‌. ഇത്‌ ഒരു ചോദ്യം ഉയർത്തു​ന്നു, ഇത്രയും പ്രയാ​സ​ക​ര​മായ ഒരു തൊഴിൽ ആളുകൾ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (g02 3/8)

[4-ാം പേജിലെ ചിത്രം]

“പഠിപ്പി​ക്ക​ലിൽ പ്രധാ​ന​മാ​യും ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ സ്‌നേ​ഹ​മാണ്‌”