ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
നല്ല ആരോഗ്യം “സകലർക്കും നല്ല ആരോഗ്യം—അതു സാധ്യമോ?” (ജൂലൈ 8, 2001) എന്ന ലേഖന പരമ്പര എനിക്ക് അളവറ്റ ആശ്വാസവും പ്രോത്സാഹനവും നൽകി. മാനസിക തകരാറ് ഉള്ള ഒരു വ്യക്തിയാണ് ഞാൻ. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചു ഞാൻ കഴിഞ്ഞകാലത്തു ചിന്തിച്ചിട്ടുണ്ട്. ‘ഇന്നത്തെ ദിവസം എങ്ങനെ തള്ളിനീക്കും?’ എന്നു ദിവസേന ഞാൻ എന്നോടുതന്നെ ചോദിക്കുന്നു. വെളിപ്പാടു 21:4-ലെ നമ്മുടെ “കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും” എന്ന യഹോവയുടെ വാഗ്ദാനത്തെ കുറിച്ച് ഈ മാസിക എന്നെ ഓർമിപ്പിച്ചു.
സി. ടി., ജപ്പാൻ (g02 2/8)
നിങ്ങളുടെ വിശിഷ്ട ലേഖനങ്ങൾക്കു നന്ദി. ഒരു പ്രകൃതി ചികിത്സകനായ ഞാൻ രോഗങ്ങൾ ഉണ്ടായിരിക്കുകയില്ലാത്ത കാലത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. ഈ ജോലി മതിയാക്കി അന്ന് എനിക്കു കൃഷിപ്പണി ഏറ്റെടുക്കാൻ കഴിയും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടാമത്തെ തൊഴിലാണ് അത്!
ബി. സി., ഐക്യനാടുകൾ (g02 2/8)
കവിത “വാക്കുകൾ കൊണ്ടുള്ള ചിത്രരചന” (ജൂൺ 8, 2001) (ഇംഗ്ലീഷ്) എന്ന നിങ്ങളുടെ ലേഖനം എന്നെ പുളകം കൊള്ളിച്ചു. ജോലിയിൽനിന്നു വിരമിച്ച ശേഷം ഞാൻ കവിതയെഴുത്തിലേക്കു തിരിഞ്ഞിരിക്കുകയാണ്. അത് എനിക്കു വളരെ സന്തോഷവും സംതൃപ്തിയും നൽകുന്നു.
ജെ. ബി., ബ്രിട്ടൻ (g02 2/8)
കുട്ടിക്കാലം മുതലേ എനിക്കു സാഹിത്യത്തോടു വലിയ കമ്പമായിരുന്നു. അങ്ങനെയാണ് കവിതയെഴുത്ത് എന്ന കല എന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ലേഖനത്തിൽ “ആഴമില്ലാത്ത ഒരു മനസ്സിൽനിന്ന് മനോഹര കവിതകൾ പുറപ്പെടുന്നത് വിരളമാണ്” എന്നു പറഞ്ഞതിനു നന്ദി. കവിതയെഴുത്തിനെ ബലഹീനതയുടെ സൂചനയായിട്ടാണു പലരും കാണുന്നത്. എന്നാൽ ഏറ്റവും സുന്ദരമായ സാഹിത്യ രൂപങ്ങളിൽ ഒന്നാണ് അത്. നമ്മുടെ സ്രഷ്ടാവും അങ്ങനെതന്നെയാണു വിചാരിക്കുന്നത് എന്നറിയുന്നതു സന്തോഷകരമാണ്.
എം. ടി., ചിലി (g02 2/8)
ശലഭങ്ങൾ എനിക്കു 14 വയസ്സുണ്ട്. “അഴകുള്ള ശലഭം” (ജൂലൈ 8, 2001) എന്ന ലേഖനം വളരെ നന്നായിരുന്നു. ശലഭങ്ങളെ എനിക്കു വലിയ പേടിയായിരുന്നു. എന്നാൽ ഇനിയിപ്പോൾ അവയെ അടിച്ചോടിക്കാൻ തുനിയുന്നതിനു മുമ്പ് ഞാൻ രണ്ടുവട്ടം ആലോചിക്കും!
ഡി. എസ്., ഐക്യനാടുകൾ (g02 2/8)
ഈ ലേഖനം വായിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ശലഭം വന്ന് എന്റെ കാൽക്കൽ സ്ഥാനം പിടിച്ചു. അത്രയും സുന്ദരമായ ഒരു ശലഭത്തെ ഞാൻ മുമ്പു കണ്ടിട്ടേയില്ല! പ്രകൃതി തീർച്ചയായും വിസ്മയാവഹമാണ്. അതിനെ നിരീക്ഷിക്കുകയാണെങ്കിൽ ദൈവത്തോടുള്ള നമ്മുടെ സ്നേഹം തീർച്ചയായും വർധിക്കും.
ജി. പി., ഇറ്റലി (g02 2/8)
യഹോവയുടെ സൃഷ്ടികളായ ശലഭങ്ങൾ ഇത്രയേറെ അഴകും വൈവിധ്യവും ഉള്ളവയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അവയെ മുഷിപ്പൻ പ്രാണികളായാണ് ഞാൻ കണ്ടിരുന്നത്. ഈ ലേഖനം വായിച്ചു കഴിഞ്ഞ് ചെടി നനച്ചുകൊണ്ടിരുന്നപ്പോൾ മനോഹരമായ ഒരു ശലഭം എന്റെയടുത്തേക്കു പറന്നു വന്നു. ഞാൻ യഹോവയ്ക്ക് അവന്റെ സൃഷ്ടികൾക്കായും അവയെ കൂടുതൽ അടുത്തു നിരീക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ച ലേഖനത്തിനായും നന്ദി നൽകി.
സി. എസ്., ഐക്യനാടുകൾ (g02 2/8)
പ്രാർഥന “യുവജനങ്ങൾ ചോദിക്കുന്നു . . . ദൈവം എന്റെ പ്രാർഥനകൾ കേൾക്കുമോ? (ജൂലൈ 8, 2001) എന്ന ലേഖനം എന്നെ ശരിക്കും ശക്തീകരിച്ചു. ആശുപത്രിയിൽ കിടക്കുമ്പോഴാണ് എനിക്ക് ഈ മാസിക കിട്ടുന്നത്. യോഗങ്ങൾക്കും കൺവെൻഷനും പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. എനിക്ക് എന്തെന്നില്ലാത്ത ദുഃഖം തോന്നി. എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ഞാൻ നന്നേ പാടുപെട്ടു. എന്നാൽ യഹോവയോടു പ്രാർഥിച്ചപ്പോൾ എനിക്കു സമാധാനം ലഭിച്ചു. എനിക്ക് അതിശയകരമായ ഒരു നവോന്മേഷം അനുഭവപ്പെട്ടു. യഹോവ എന്നെ ഒരിക്കലും മറന്നുകളയില്ല എന്ന് അറിയുന്നത് ആശ്വാസകരമാണ്.
എ. ഒ., ജപ്പാൻ (g02 2/22)
പതിനെട്ടു വയസ്സുള്ള ഞാൻ ഒരു സാധാരണ പയനിയർ എന്ന നിലയിൽ മുഴുസമയ ശുശ്രൂഷകയായി പ്രവർത്തിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസമായി ഞാൻ വിഷാദത്തിന്റെ പിടിയിലാണ്. ലേഖനത്തിൽ സ്റ്റീവ് എന്ന യുവാവു പറഞ്ഞതു പോലെ സ്വന്തം പ്രശ്നങ്ങളാൽ ദൈവത്തെ അസഹ്യപ്പെടുത്തരുതെന്ന് എനിക്കും തോന്നിയിരുന്നു. എന്നാൽ ഞാൻ ലൂക്കൊസ് 12:6, 7-ലെ വാക്കുകൾ ശ്രദ്ധാപൂർവം പരിചിന്തിച്ചു. എന്റെ മനസ്സ് കൂടുതൽ ശാന്തമായി. യഹോവയുടെ മുമ്പാകെ ഹൃദയം പകരാൻ അതെന്നെ പ്രേരിപ്പിച്ചു.
എം. ഡി., നിക്കരാഗ്വ (g02 2/22)