വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രോഷത്തിന്റെ യുഗം എന്താണ്‌ അതിനു പിന്നിൽ?

രോഷത്തിന്റെ യുഗം എന്താണ്‌ അതിനു പിന്നിൽ?

രോഷ​ത്തി​ന്റെ യുഗം എന്താണ്‌ അതിനു പിന്നിൽ?

ചെക്ക്‌ റിപ്പബ്ലി​ക്കി​ലെ പ്രാഗി​ലുള്ള ഒരു ബാറിൽ ഒരാൾ വെടി​യേറ്റു മരിക്കു​ന്നു. കാരണം? അയാൾ തന്റെ കാസെറ്റ്‌ പ്ലെയറിൽ സംഗീതം ഉച്ചത്തിൽ വെച്ചതിൽ രോഷാ​കു​ല​നായ ഒരു വ്യക്തി അയാൾക്കു നേരെ നിറ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ദക്ഷിണാ​ഫ്രി​ക്ക​യി​ലെ കേപ്‌ ടൗണി​ലുള്ള ഒരു ജങ്‌ഷ​നിൽവെച്ച്‌ ഒരു ഡ്രൈവർ ഹോക്കി​സ്റ്റി​ക്കു​കൊ​ണ്ടുള്ള അടി​യേറ്റു മരിക്കു​ന്നു. അയാളു​ടെ വാഹന​ത്തി​ന്റെ ഹെഡ്‌​ലൈ​റ്റിൽനി​ന്നുള്ള പ്രകാശം കണ്ണില​ടി​ക്കാൻ ഇടയാ​യ​താണ്‌ അക്രമി​യെ പ്രകോ​പി​പ്പി​ച്ചത്‌. ഓസ്‌​ട്രേ​ലി​യ​യിൽ താമസ​മാ​ക്കിയ ഒരു ബ്രിട്ടീഷ്‌ നഴ്‌സി​ന്റെ വസതി​യു​ടെ വാതിൽ ചവിട്ടി​ത്തു​റന്ന്‌ അകത്തു കടന്ന മുൻ കാമുകൻ അവരുടെ മേൽ പെ​ട്രോൾ ഒഴിച്ചു തീവെ​ച്ച​തി​നു ശേഷം സ്ഥലം വിടുന്നു.

റോഡി​ലും വീട്ടി​ലും വിമാ​ന​ത്തി​ലു​മൊ​ക്കെ പ്രകട​മാ​കുന്ന രോഷത്തെ കുറി​ച്ചുള്ള റിപ്പോർട്ടു​കൾ ഊതി വീർപ്പി​ച്ച​വ​യാ​ണോ? അതോ ഒരു കെട്ടി​ട​ത്തി​ന്റെ ചുവരിൽ കാണുന്ന വിള്ളലു​കൾ പോലെ അവ ഗുരു​ത​ര​മായ ഒരു അടിസ്ഥാന പ്രശ്‌ന​ത്തി​ന്റെ ദൃശ്യ സൂചന​ക​ളാ​ണോ? രണ്ടാമതു പറഞ്ഞതാ​ണു ശരി​യെന്നു വസ്‌തു​തകൾ സൂചി​പ്പി​ക്കു​ന്നു.

“ഡ്രൈ​വർമാർക്കി​ട​യി​ലെ അക്രമം സംബന്ധിച്ച റിപ്പോർട്ടു​ക​ളിൽ 1990 മുതൽ ഓരോ വർഷവും 7 ശതമാ​ന​ത്തോ​ളം വർധന ഉണ്ടായി​ട്ടുണ്ട്‌” എന്ന്‌ ഗതാഗത സുരക്ഷ​യ്‌ക്കാ​യുള്ള അമേരി​ക്കൻ ഓട്ടോ​മൊ​ബൈൽ അസോ​സി​യേഷൻ (എഎഎ) ഫൗണ്ടേ​ഷന്റെ ഒരു സമീപ​കാല റിപ്പോർട്ടിൽ പറയുന്നു.

വീടു​ക​ളി​ലെ അക്രമം വളരെ വ്യാപ​ക​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌ 1998-ൽ, ഓസ്‌​ട്രേ​ലി​യൻ സംസ്ഥാ​ന​മായ ന്യൂ സൗത്ത്‌ വെയിൽസിൽ വീട്ടിലെ അക്രമം ഉൾപ്പെട്ട പോലീസ്‌ കേസു​ക​ളിൽ 50 ശതമാനം വർധന ഉണ്ടായി. ആ രാജ്യത്ത്‌, വിവാ​ഹി​ത​രായ അല്ലെങ്കിൽ വിവാഹം കഴിക്കാ​തെ ഒരു പുരു​ഷ​നോ​ടൊ​പ്പം താമസി​ക്കുന്ന സ്‌ത്രീ​ക​ളിൽ നാലിൽ ഒരാൾ വീതം തന്റെ ഇണയിൽ നിന്നുള്ള അക്രമ​ത്തിന്‌ ഇരയാ​യി​ട്ടുണ്ട്‌.

വ്യോ​മ​യാ​ത്ര​യി​ലും സമാന​മായ സ്ഥിതി​വി​ശേ​ഷ​മാ​ണു​ള്ളത്‌. വിമാന യാത്ര​ക്കാർ പെട്ടെന്ന്‌ രോഷാ​കു​ല​രാ​യി വിമാന ജോലി​ക്കാ​രെ​യും സഹയാ​ത്രി​ക​രെ​യും, പൈല​റ്റു​മാ​രെ​ത്ത​ന്നെ​യും ആക്രമി​ക്കാ​നുള്ള സാധ്യ​ത​യു​ള്ള​തി​നാൽ ഇപ്പോൾ ലോക​ത്തി​ലെ ചില പ്രമുഖ വിമാന കമ്പനികൾ തങ്ങളുടെ ജോലി​ക്കാർക്ക്‌ അത്തരം അക്രമി​കളെ സീറ്റി​നോ​ടു ചേർത്തു ബന്ധിക്കു​ന്ന​തി​നു വേണ്ടി പ്രത്യേ​കം രൂപസം​വി​ധാ​നം ചെയ്‌ത സാമ​ഗ്രി​കൾ പ്രദാനം ചെയ്യുന്നു.

കൂടുതൽ കൂടുതൽ ആളുകൾക്കു തങ്ങളുടെ വികാ​രങ്ങൾ നിയ​ന്ത്രി​ക്കാൻ കഴിയാ​തെ വരുന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഈ രോഷ​പ്ര​ക​ട​ന​ങ്ങ​ളി​ലേക്കു നയിക്കു​ന്നത്‌ എന്താണ്‌? ഈ വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കുക യഥാർഥ​ത്തിൽ സാധ്യ​മാ​ണോ?

രോഷം വർധി​ക്കു​ന്ന​തി​നുള്ള കാരണം

രോഷാ​കു​ല​രാ​കുക എന്നാൽ ഉഗ്ര​കോ​പം തോന്നു​ക​യോ പ്രകടി​പ്പി​ക്കു​ക​യോ ചെയ്യുക എന്നാണർഥം. ഉഗ്രമാ​യി പൊട്ടി​ത്തെ​റി​ക്കു​ന്നതു വരെ കോപം ഉള്ളിൽ പതഞ്ഞു​പൊ​ങ്ങാൻ അനുവ​ദി​ക്കു​ന്ന​തി​ന്റെ ഫലമാണ്‌ രോഷ​പ്ര​ക​ട​നങ്ങൾ. “റോഡി​ലെ അക്രമം മിക്ക​പ്പോ​ഴും ഒരൊറ്റ സംഭവ​ത്തി​ന്റെ ഫലമല്ല. മറിച്ച്‌ അവ ഒരു ഡ്രൈ​വ​റു​ടെ വ്യക്തി​പ​ര​മായ മനോ​ഭാ​വ​ങ്ങ​ളു​ടെ​യും അയാളു​ടെ​മേൽ കുന്നു​കൂ​ടുന്ന സമ്മർദ​ത്തി​ന്റെ​യും ഫലമാ​യി​രി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു” എന്ന്‌ ഗതാഗത സുരക്ഷ​യ്‌ക്കാ​യുള്ള എഎഎ ഫൗണ്ടേഷൻ പ്രസി​ഡന്റ്‌ ഡേവിഡ്‌ കെ. വില്ലിസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ദിവസ​വും നാം അഭിമു​ഖീ​ക​രി​ക്കുന്ന വിജ്ഞാന പ്രളയം, ഈ സമ്മർദ​ത്തി​നു സംഭാവന ചെയ്യുന്നു. ഡേവിഡ്‌ ലൂയി​സി​ന്റെ വിജ്ഞാന പെരുപ്പം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ പുറം​ച​ട്ട​യു​ടെ പിന്നിൽ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “ഇന്നു പല തൊഴി​ലാ​ളി​ക​ളും വിജ്ഞാന പ്രളയ​ത്തിൽ മുങ്ങി​ത്താ​ണു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌ . . . വിജ്ഞാന ആധിക്യ​ത്തി​ന്റെ ഭാരം താങ്ങാ​നാ​വാ​തെ . . . അവർ സമ്മർദ​ത്തിന്‌ അടിമ​ക​ളും അക്ഷമരും ആയിത്തീ​രു​ന്നു, അത്‌ അവരുടെ പ്രവർത്തന ശേഷിയെ ബാധി​ക്കു​ന്നു.” വിവര​ങ്ങ​ളു​ടെ ഈ പ്രളയ​ത്തി​നുള്ള ഒരു ഉദാഹ​രണം നൽകി​ക്കൊണ്ട്‌ ഒരു വർത്തമാ​ന​പ്പ​ത്രം പറഞ്ഞു: “ഒരു വർത്തമാ​ന​പ്പ​ത്ര​ത്തി​ന്റെ ഇടദിവസ പതിപ്പിൽ, 17-ാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന ഒരു സാധാരണ വ്യക്തിക്ക്‌ തന്റെ ആയുഷ്‌കാ​ലം​കൊ​ണ്ടു നേടി​യെ​ടു​ക്കാൻ ആകുമാ​യി​രു​ന്ന​തി​നെ​ക്കാൾ അധികം വിവരങ്ങൾ അടങ്ങി​യി​രി​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു.”

നമ്മുടെ വായി​ലേക്കു പോകു​ന്ന​വ​യും ദേഷ്യത്തെ പരി​പോ​ഷി​പ്പി​ക്കു​ന്നു​ണ്ടാ​കാം. വർധിച്ച ശത്രു​ത​യ്‌ക്ക്‌ സിഗരറ്റു വലി, മദ്യപാ​നം, അനാ​രോ​ഗ്യ​ക​ര​മായ ആഹാര​ക്രമം എന്നിവ​യു​മാ​യെ​ല്ലാം ബന്ധമു​ണ്ടെന്ന്‌ വിപു​ല​മായ രണ്ടു പഠനങ്ങൾ കാണി​ച്ചി​രി​ക്കു​ന്നു. വ്യാപ​ക​മാ​യി കാണ​പ്പെ​ടുന്ന ഇത്തരം ശീലങ്ങൾ സമ്മർദ​വും നിരാ​ശ​യും വർധി​പ്പി​ക്കു​ന്നു. ഈ നിരാശ ചീത്ത വിളി, അക്ഷമ, അസഹി​ഷ്‌ണുത എന്നിവ​യു​ടെ രൂപത്തിൽ പുറത്തു വരുന്നു.

മര്യാ​ദ​യി​ല്ലാ​യ്‌മ​യു​ടെ​യും സിനി​മ​ക​ളു​ടെ​യും പങ്ക്‌

മര്യാ​ദ​യി​ല്ലാ​യ്‌മ​യും കുറ്റകൃ​ത്യ​ങ്ങ​ളും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ ഓസ്‌​ട്രേ​ലി​യൻ കുറ്റകൃ​ത്യ​ശാ​സ്‌ത്ര ഇൻസ്റ്റി​റ്റ്യൂ​ട്ടി​ന്റെ (എഐസി) ഡയറക്ടർ ഡോ. ആഡം ഗ്രേക്കാർ ഇപ്രകാ​രം പറഞ്ഞു: “ആദരവി​നും മര്യാ​ദ​യ്‌ക്കും കൂടു​ത​ലായ ഊന്നൽ നൽകു​ന്നത്‌ ആയിരി​ക്കാം ചെറിയ കുറ്റകൃ​ത്യ​ങ്ങൾ കുറയ്‌ക്കു​ന്ന​തി​ലേക്കു നയിക്കുന്ന ഏറ്റവും പ്രമു​ഖ​മായ പടിക​ളിൽ ഒന്ന്‌.” ക്ഷമയും സഹിഷ്‌ണു​ത​യും പ്രകടി​പ്പി​ക്കു​ന്ന​തി​നെ​യും ചീത്ത പറച്ചിൽ ഒഴിവാ​ക്കു​ന്ന​തി​നെ​യും ഇൻസ്റ്റി​റ്റ്യൂട്ട്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അതിൽ പരാജ​യ​പ്പെ​ടു​ന്ന​പക്ഷം മര്യാ​ദ​യി​ല്ലാത്ത പെരു​മാ​റ്റ​ത്തിന്‌ അക്രമാ​സക്ത പെരു​മാ​റ്റ​ത്തി​ലേക്കു നയിക്കാ​നാ​കും എന്ന്‌ അതു പറയുന്നു. വൈരു​ദ്ധ്യ​മെന്നു പറയട്ടെ, നിരാ​ശ​യ്‌ക്കും സമ്മർദ​ത്തി​നും അയവു വരുത്തു​ന്ന​തിന്‌ പലരും തിര​ഞ്ഞെ​ടു​ക്കുന്ന ഒരു മാർഗം യഥാർഥ​ത്തിൽ അസഹി​ഷ്‌ണു​ത​യെ​യും രോഷ​ത്തെ​യും ഊട്ടി​വ​ളർത്തു​ക​യാ​ണു ചെയ്യു​ന്നത്‌. എങ്ങനെ?

ഒരു എഐസി റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു: “മരണത്തി​ന്റെ​യും നശീക​ര​ണ​ത്തി​ന്റെ​യും ചിത്രീ​ക​ര​ണങ്ങൾ കാണാൻ സിനിമ തീയറ്റ​റു​ക​ളി​ലേക്കു കുട്ടി​ക​ളു​ടെ​യും മുതിർന്ന​വ​രു​ടെ​യും വൻ പ്രവാ​ഹ​മാണ്‌. അക്രമം നിറഞ്ഞ വീഡി​യോ​കൾക്കു നല്ല ചെലവാണ്‌. യുദ്ധവു​മാ​യി ബന്ധപ്പെട്ട കളി​ക്കോ​പ്പു​കൾ അനേകം കുട്ടി​ക​ളു​ടെ​യും ഹരമാണ്‌, എല്ലായ്‌പോ​ഴും മാതാ​പി​താ​ക്കൾ അത്‌ ഇഷ്ടപ്പെ​ടു​ന്നി​ല്ലെ​ങ്കിൽ പോലും. ടെലി​വി​ഷ​നിൽ പ്രദർശി​പ്പി​ക്ക​പ്പെ​ടുന്ന അക്രമം കുട്ടി​ക​ളും മുതിർന്ന​വ​രും ഒരു​പോ​ലെ ആസ്വദി​ക്കു​ന്നു. ടെലി​വി​ഷന്‌ സാംസ്‌കാ​രിക മൂല്യ​ങ്ങ​ളു​ടെ കൈമാ​റ്റ​ത്തിൽ ഒരു പ്രമുഖ പങ്കുണ്ട്‌.” തെരു​വി​ലെ​യും വീട്ടി​ലെ​യും രോഷ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ഇതിന്‌ എന്തു ബന്ധമാണ്‌ ഉള്ളത്‌? റിപ്പോർട്ട്‌ ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “സമൂഹം അക്രമത്തെ വെച്ചു​പൊ​റു​പ്പി​ക്കുന്ന അളവി​നൊ​ത്താണ്‌ ആ സമൂഹ​ത്തി​ലെ വ്യക്തി​ക​ളു​ടെ മൂല്യങ്ങൾ രൂപ​പ്പെ​ടു​ന്നത്‌.”

ഉള്ളിലെ കോപം പുറത്തു പ്രകടി​പ്പി​ക്കു​ന്നത്‌ സമ്മർദ​ത്തോ​ടുള്ള സ്വാഭാ​വി​ക​മായ പ്രതി​ക​രണം മാത്ര​മാണ്‌, സമ്മർദ​പൂ​രി​ത​വും അക്രമാ​സ​ക്ത​വു​മായ നമ്മുടെ സമൂഹ​ത്തിൽ അവ ഒഴിവാ​ക്കാ​നാ​വില്ല എന്ന്‌ പലരും ഇന്നു ന്യായ​വാ​ദം ചെയ്‌തേ​ക്കാം. അങ്ങനെ​യെ​ങ്കിൽ, “കോപം തോന്നു​മ്പോൾ അതു പ്രകടി​പ്പി​ക്കുക” എന്ന പരക്കെ​യുള്ള ചിന്താ​ഗതി യഥാർഥ​ത്തിൽ നല്ലതാ​ണോ?

രോഷം നിയ​ന്ത്രി​ക്കേ​ണ്ട​തു​ണ്ടോ?

ഒരു അഗ്നിപർവതം പൊട്ടി​ത്തെ​റി​ക്കു​മ്പോൾ അതു ചുറ്റു​പാ​ടു​മു​ള്ള​വ​രു​ടെ മേൽ നാശം വിതയ്‌ക്കു​ന്ന​തു​പോ​ലെ​തന്നെ ഒരു വ്യക്തി കോപ​ത്താൽ പൊട്ടി​ത്തെ​റി​ക്കു​മ്പോൾ അയാൾ തനിക്കു ചുറ്റു​മു​ള്ള​വർക്കു ദോഷം ചെയ്യുന്നു. കൂടാതെ, ആ വ്യക്തി തനിക്കു​ത​ന്നെ​യും ദ്രോഹം ചെയ്യു​ക​യാണ്‌. എങ്ങനെ? “കോപ​പ്ര​ക​ട​നങ്ങൾ കൂടു​ത​ലായ അക്രമ​ത്തി​ലേക്കു നയിക്കു​ന്നു” എന്ന്‌ ദ ജേർണൽ ഓഫ്‌ ദി അമേരി​ക്കൻ മെഡിക്കൽ അസോ​സി​യേഷൻ (ജാമ) പറയുന്നു. കോപം പ്രകടി​പ്പി​ക്കുന്ന പുരു​ഷ​ന്മാർ “50 വയസ്സി​നു​ള്ളിൽ മരിക്കാ​നുള്ള സാധ്യത മറ്റുള്ള​വരെ അപേക്ഷി​ച്ചു കൂടു​ത​ലാണ്‌” എന്ന്‌ ഗവേഷ​ണങ്ങൾ കാണി​ക്കു​ന്നു.

സമാന​മാ​യി, ‘ദി അമേരി​ക്കൻ ഹാർട്ട്‌ അസോ​സി​യേഷൻ’ പറയുന്നു: “കോപ​ത്താൽ പൊട്ടി​ത്തെ​റി​ക്കുന്ന പുരു​ഷ​ന്മാർക്ക്‌ കോപം നിയ​ന്ത്രി​ക്കു​ന്ന​വ​രോ​ടുള്ള താരത​മ്യ​ത്തിൽ മസ്‌തി​ഷ്‌കാ​ഘാ​തം ഉണ്ടാകാ​നുള്ള സാധ്യത ഇരട്ടി​യാണ്‌.” ഈ മുന്നറി​യി​പ്പു​കൾ പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും ബാധക​മാണ്‌.

അപ്പോൾ ഫലപ്ര​ദ​മായ ബുദ്ധി​യു​പ​ദേശം നമുക്ക്‌ എവിടെ ലഭിക്കും? ലൗകിക വിദഗ്‌ധ​രും, മാനുഷ ബന്ധങ്ങളെ കുറിച്ച്‌ ആധികാ​രി​ക​മാ​യി സംസാ​രി​ക്കുന്ന ഗ്രന്ഥങ്ങ​ളിൽ വെച്ച്‌ ഏറ്റവും വ്യാപ​ക​മാ​യി വിതരണം ചെയ്യ​പ്പെ​ട്ടി​ട്ടുള്ള ഗ്രന്ഥമായ ബൈബി​ളും നൽകുന്ന ബുദ്ധി​യു​പ​ദേ​ശ​ത്തി​ലെ സമാന​തകൾ ശ്രദ്ധി​ക്കുക.

കോപം അടക്കുക—രോഷം ഒഴിവാ​ക്കു​ക

ജാമയിൽ ഡോ. റെഡ്‌ഫോർഡ്‌ ബി. വില്യംസ്‌ പറയുന്നു: “‘കോപം തോന്നു​മ്പോൾ അതു പ്രകടി​പ്പി​ക്കുക’ എന്ന ലാഘവ​ത്തോ​ടെ​യുള്ള ബുദ്ധി​യു​പ​ദേശം പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കാ​നുള്ള സാധ്യത കുറവാണ്‌. നിങ്ങളു​ടെ കോപത്തെ വിശക​ലനം ചെയ്‌ത്‌ നിയ​ന്ത്രി​ക്കാൻ പഠിക്കു​ന്ന​താണ്‌ ഏറെ പ്രധാനം.” പിൻവ​രുന്ന ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കാൻ അദ്ദേഹം നിർദേ​ശി​ക്കു​ന്നു: “(1) ഈ സാഹച​ര്യം എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രധാ​ന​മാ​ണോ? (2) ബന്ധപ്പെട്ട വസ്‌തു​തകൾ കണക്കി​ലെ​ടു​ക്കു​മ്പോൾ എന്റെ ചിന്തക​ളും വികാ​ര​ങ്ങ​ളും ഉചിത​മാ​ണോ? (3) എനിക്ക്‌ ഈ കോപം തോന്നേണ്ട ആവശ്യ​മി​ല്ലാ​ത്ത​വണ്ണം സാഹച​ര്യ​ത്തെ മെച്ച​പ്പെ​ടു​ത്താൻ സാധി​ക്കു​മോ?”

സദൃശ​വാ​ക്യ​ങ്ങൾ 14:29; 29:11 “ദീർഘ​ക്ഷ​മ​യു​ള്ളവൻ മഹാബു​ദ്ധി​മാൻ; മുൻകോ​പി​യോ ഭോഷ​ത്വം ഉയർത്തു​ന്നു. മൂഢൻ തന്റെ കോപത്തെ മുഴു​വ​നും വെളി​പ്പെ​ടു​ത്തു​ന്നു; ജ്ഞാനി​യോ അതിനെ അടക്കി ശമിപ്പി​ക്കു​ന്നു.”

എഫെസ്യർ 4:26 “കോപി​ച്ചാൽ പാപം ചെയ്യാ​തി​രി​പ്പിൻ. സൂര്യൻ അസ്‌ത​മി​ക്കു​വോ​ളം നിങ്ങൾ കോപം വെച്ചു​കൊ​ണ്ടി​രി​ക്ക​രു​തു.”

കോപത്തെ കൈകാ​ര്യം ചെയ്യൽപുരു​ഷ​ന്മാർക്കു വേണ്ടി​യുള്ള സ്വസഹായ നിർദേ​ശങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ ഫ്രാങ്ക്‌ ഡോ​ണോ​വൻ പറയുന്നു: “അങ്ങേയറ്റം കോപം തോന്നുന്ന സാഹച​ര്യ​ങ്ങ​ളിൽ വളരെ പ്രാധാ​ന്യ​വും മൂല്യ​വും ഉള്ള ഒരു തന്ത്രമാണ്‌ കോപ​ത്തിൽനിന്ന്‌ ഒഴിഞ്ഞു മാറുക—അല്ലെങ്കിൽ കൂടുതൽ കൃത്യ​മാ​യി പറഞ്ഞാൽ കോപ​ത്തി​നി​ട​യാ​ക്കുന്ന സാഹച​ര്യ​ത്തിൽനി​ന്നും വ്യക്തി​ക​ളിൽനി​ന്നും ഒഴിഞ്ഞു മാറുക—എന്നത്‌.”

സദൃശ​വാ​ക്യ​ങ്ങൾ 17:14 [ഓശാന ബൈബിൾ] “അണപൊ​ട്ടിച്ച്‌ വെള്ളം വിടു​ന്ന​തു​പോ​ലെ​യാണ്‌ കലഹത്തി​ന്റെ ആരംഭം; അതിനാൽ കലഹം തുടങ്ങും​മു​മ്പെ ഒഴിഞ്ഞു​പോ​കൂ.”

ദ ഹ്യൂമാ​നിസ്റ്റ്‌ എന്ന മാസി​ക​യിൽ ബർട്രാം റോത്ത്‌​ചൈൽഡ്‌ ഇങ്ങനെ എഴുതി: “കോപം . . . പ്രധാ​ന​മാ​യും ഒരുവന്റെ വ്യക്തി​പ​ര​മായ ഉത്തരവാ​ദി​ത്വ​മാണ്‌. ദേഷ്യ​പ്പെ​ടാ​നുള്ള കാരണങ്ങൾ നമ്മുടെ മനസ്സി​ലാ​ണു കുടി​കൊ​ള്ളു​ന്നത്‌. . . . കോപി​ച്ച​തി​ലൂ​ടെ നിങ്ങൾക്ക്‌ ഉദ്ദേശിച്ച ഫലം ലഭിച്ചി​ട്ടുള്ള സന്ദർഭങ്ങൾ അത്‌ കാര്യങ്ങൾ വഷളാ​ക്കി​യി​ട്ടുള്ള അവസര​ങ്ങ​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ ഒന്നുമ​ല്ലാ​താ​കു​ന്നു. തീർച്ച​യാ​യും, കോപം പ്രകടി​പ്പി​ക്കാ​ത്ത​താണ്‌ അതു പ്രകടി​പ്പി​ക്കു​ന്ന​തി​നെ​ക്കാൾ മെച്ചം.”

സങ്കീർത്ത​നം 37:8 “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷി​ഞ്ഞു​പോ​ക​രു​തു; അതു ദോഷ​ത്തി​ന്നു ഹേതു​വാ​കേ​യു​ള്ളു.”

സദൃശ​വാ​ക്യ​ങ്ങൾ 15:1 “മൃദു​വായ ഉത്തരം ക്രോ​ധത്തെ ശമിപ്പി​ക്കു​ന്നു; കഠിന​വാ​ക്കോ കോപത്തെ ജ്വലി​പ്പി​ക്കു​ന്നു.”

സദൃശ​വാ​ക്യ​ങ്ങൾ 29:22 “കോപ​മു​ള്ളവൻ വഴക്കു​ണ്ടാ​ക്കു​ന്നു; ക്രോ​ധ​മു​ള്ളവൻ അതി​ക്രമം വർദ്ധി​പ്പി​ക്കു​ന്നു.”

ലോക​വ്യാ​പ​ക​മാ​യുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷികൾ ഈ ബുദ്ധി​യു​പ​ദേശം അംഗീ​ക​രി​ക്കു​ന്നു. നിങ്ങളു​ടെ പ്രാ​ദേ​ശിക രാജ്യ​ഹാ​ളി​ലെ അവരുടെ യോഗ​ങ്ങൾക്കു ഹാജരാ​യി​ക്കൊണ്ട്‌ രോഷ​ത്തി​ന്റെ ഈ യുഗത്തി​ലും ബൈബിൾ ബുദ്ധി​യു​പ​ദേശം അനുസ​രി​ച്ചു ജീവി​ക്കു​ന്നതു പ്രാ​യോ​ഗി​ക​മാ​ണെന്ന വസ്‌തുത നേരിൽ കാണാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ക​യാണ്‌. (g02 2/8)

[21-ാം പേജിലെ ചിത്രങ്ങൾ]

അനിയന്ത്രിതമായി രോഷം കൊള്ളുന്ന വ്യക്തി, പൊട്ടി​ത്തെ​റി​ക്കുന്ന ഒരു അഗ്നിപർവതം പോലെ ദോഷം ചെയ്യുന്നു

[22-ാം പേജിലെ ചിത്രങ്ങൾ]

ബൈബിളിന്റെ ബുദ്ധി​യു​പ​ദേശം തികച്ചും പ്രാ​യോ​ഗി​ക​മാണ്‌