വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

തേനീ​ച്ച​ക്കൂ​ട്ടിൽ ജീവപ​ര്യ​ന്തം തടവ്‌

“നുഴഞ്ഞു​ക​യ​റ്റ​ക്കാ​രെ നിലയ്‌ക്കു​നി​റു​ത്തു​ന്ന​തിന്‌ ആഫ്രിക്കൻ തേനീ​ച്ചകൾ വിചി​ത്ര​മെ​ങ്കി​ലും വളരെ ഫലപ്ര​ദ​മായ ഒരു തന്ത്രം ആവിഷ്‌ക​രി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക പറയുന്നു. “തേനീ​ച്ചകൾ തങ്ങളുടെ കൂട്ടിലെ തടവറ​ക​ളിൽ അവയെ പൂട്ടി​യി​ടു​ന്നു. ഈ ശിക്ഷ പരാദ​ങ്ങ​ളു​ടെ പ്രവർത്ത​നത്തെ തടയുക മാത്രമല്ല ആവശ്യ​മെ​ങ്കിൽ തേനീച്ച കൂട്ടത്തി​നു രക്ഷപ്പെ​ടാൻ സമയവും നൽകുന്നു.” ഗവേഷകർ, “ദക്ഷിണാ​ഫ്രി​ക്ക​യി​ലെ തേനീ​ച്ചകൾ അവയുടെ കൂട്ടിൽ അതി​ക്ര​മി​ച്ചു കയറുന്ന, അവയുടെ പകുതി​യോ​ളം വലിപ്പം വരുന്ന അയ്‌തിന ടൂമിഡ വണ്ടിൽനി​ന്നു സ്വയം സംരക്ഷി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു പഠിച്ചു.” ഈ വണ്ടിന്റെ “ശരീര​പ്ര​കൃ​തി ഒരു ടാങ്കിനു സമാന​മാണ്‌” എന്ന്‌ ഗവേഷ​ക​രിൽ ഒരാളായ പീറ്റർ നോയ്‌മാൻ പറയുന്നു. അതു​കൊണ്ട്‌ തേനീ​ച്ച​കൾക്കു തങ്ങളെ​ത്തന്നെ സംരക്ഷി​ക്കാ​നുള്ള ഏക മാർഗം അവയെ തടവി​ലാ​ക്കുക എന്നതാണ്‌. “ചില തേനീ​ച്ചകൾ ഈ തടവറ​ക​ളു​ടെ നിർമാ​ണ​ത്തിൽ പങ്കെടു​ക്കു​മ്പോൾ മറ്റു ചിലത്‌ വണ്ടുകൾ രക്ഷപ്പെ​ടാ​തി​രി​ക്കാ​നാ​യി അവയ്‌ക്കു തുടർച്ച​യാ​യി കാവൽനിൽക്കു​ന്നു” എന്ന്‌ നോയ്‌മാൻ വിശദീ​ക​രി​ക്കു​ന്നു. നിർമാ​ണ​ത്തി​നാ​യി തേനീ​ച്ചകൾ മരക്കറ ശേഖരി​ച്ചു കൊണ്ടു​വ​രു​ന്നു. ഏകദേശം നാല്‌ ദിവസം പിടി​ക്കും നിർമാ​ണം പൂർത്തി​യാ​കാൻ. എന്നാൽ വടക്കേ അമേരി​ക്ക​യി​ലെ തേനീ​ച്ചകൾ ഉൾപ്പെടെ യൂറോ​പ്യൻ ഉത്ഭവം ഉള്ള തേനീ​ച്ച​കൾക്ക്‌ ഈ തന്ത്രം അറിയില്ല. അതു​കൊണ്ട്‌ അഞ്ചു വർഷം മുമ്പ്‌ അബദ്ധത്തിൽ ഐക്യ​നാ​ടു​ക​ളിൽ എത്തി​പ്പെ​ടാൻ ഇടയായ വണ്ടുകൾ അവി​ടെ​യുള്ള ഒരു തേനീ​ച്ച​ക്കൂട്‌ ആക്രമി​ക്കു​മ്പോൾ അത്‌ ‘ആ കൂടിന്റെ അവസാ​ന​മാണ്‌.’ (g02 2/22)

മലിനീ​ക​രണം അളക്കാൻ ജീവികൾ

വായു​വി​ലെ​യും മണ്ണി​ലെ​യും മലിനീ​ക​ര​ണ​ത്തി​ന്റെ തോത്‌ അളക്കാൻ പറ്റിയ ജീവി​ക​ളാണ്‌ മണ്ണിരകൾ എന്ന്‌ ജന്തുശാ​സ്‌ത്ര​ജ്ഞ​നായ സ്റ്റീവ്‌ ഹോപ്‌കിൻ പറയുന്നു. വലിയ ചെല​വൊ​ന്നും ഇല്ലാതെ ഇഷ്ടം​പോ​ലെ ലഭിക്കുന്ന ഈ നിസ്സാര ജീവികൾ സങ്കീർണ​മായ കൃത്രിമ ഉപകര​ണ​ങ്ങ​ളെ​ക്കാൾ നന്നായി തങ്ങളുടെ ജോലി ചെയ്യുന്നു. ജലത്തിന്റെ ഗുണം അളക്കാൻ കക്കയെ ഉപയോ​ഗി​ക്കു​ന്നു. റൈൻ, ഡാന്യൂബ്‌ നദിക​ളി​ലെ മലീന​കരണ നിരക്ക്‌ അളക്കു​ന്ന​തിൽ കക്കമോ​ണി​റ്റർ എന്നറി​യ​പ്പെ​ടുന്ന ഉപകരണം—ജീവനുള്ള എട്ടു കക്കകൾ അടങ്ങുന്ന ബക്കറ്റിന്റെ വലിപ്പ​മുള്ള ഒരു ഉപകരണം—ഫലപ്രദം ആണെന്ന്‌ ഇതി​നോ​ട​കം​തന്നെ തെളി​ഞ്ഞി​ട്ടുണ്ട്‌. “ഒരു മലിനീ​കാ​രി​യു​ടെ അളവിൽ പെട്ടെന്നു വർധന​യു​ണ്ടാ​യാൽ കക്കകൾ അതു മനസ്സി​ലാ​ക്കു​ന്നു” എന്ന്‌ ഈ ഉപകര​ണ​ത്തി​ന്റെ ഉപജ്ഞാ​താവ്‌ കീസ്‌ ക്രേമർ പറഞ്ഞു. തോട്‌ പൂട്ടി​ക്കൊ​ണ്ടാണ്‌ ആയിര​ക്ക​ണ​ക്കി​നു വ്യത്യസ്‌ത മലിനീ​കാ​രി​ക​ളോട്‌ ഈ കക്കകൾ പ്രതി​ക​രി​ക്കു​ന്നത്‌. ഇത്‌ മോണി​റ്റ​റി​ലെ ഒരു അലാറം ശബ്ദിക്കാൻ ഇടയാ​ക്കു​ന്നു. ഈ മോണി​റ്റ​റു​ക​ളു​ടെ ഏറ്റവും വലിയ പ്രയോ​ജനം അവ ജീവജാ​ല​ങ്ങ​ളു​ടെ മേൽ മലിനീ​ക​ര​ണ​ത്തി​നുള്ള ഫലം അളക്കുന്നു എന്നതാ​ണെന്ന്‌ സ്‌പെ​യി​നി​ലെ എൽ പായിസ്‌ റിപ്പോർട്ടു ചെയ്യുന്നു. (g02 2/22)

യുവജന മദ്യപാ​നം

സ്യൂറ്റ്‌ഡോ​യിച്ച്‌ റ്റ്‌​സൈ​റ്റുങ്‌ എന്ന ജർമൻ വർത്തമാ​ന​പ്പ​ത്രം റിപ്പോർട്ടു ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ “യൂറോ​പ്പിൽ തീരെ പ്രായം കുറഞ്ഞ യുവജ​നങ്ങൾ പോലും കൂടെ​ക്കൂ​ടെ, മദ്യപി​ച്ചു ലക്കു​കെ​ടു​ന്നു.” ആശങ്കാ​ജ​ന​ക​മായ ഈ പ്രവണത അടുത്ത​കാ​ലത്ത്‌ യൂറോ​പ്യൻ യൂണി​യ​നി​ലെ ആരോഗ്യ മന്ത്രി​മാ​രു​ടെ ശ്രദ്ധയിൽ കൊണ്ടു​വ​ര​പ്പെട്ടു. ഈ പ്രശ്‌നം എത്ര ഗുരു​ത​ര​മാണ്‌? ഉദാഹ​ര​ണ​മെന്ന നിലയിൽ 1998-ൽ നടത്തിയ ഒരു പഠനം പരിചി​ന്തി​ക്കുക: ചില രാജ്യ​ങ്ങ​ളിൽ 15 വയസ്സുള്ള ആൺകു​ട്ടി​ക​ളിൽ 40 ശതമാ​ന​ത്തി​നും 50 ശതമാ​ന​ത്തി​നും ഇടയ്‌ക്ക്‌ ആളുകൾ സ്ഥിരമാ​യി ബിയർ കുടി​ക്കു​ന്നു​വെ​ന്നും ഇംഗ്ലണ്ട്‌, സ്‌കോ​ട്ട്‌ലൻഡ്‌, വെയിൽസ്‌ എന്നിവി​ട​ങ്ങ​ളിൽ ആ പ്രായ​ത്തി​ലുള്ള പെൺകു​ട്ടി​കൾ വീഞ്ഞും മദ്യവും കുടി​ക്കുന്ന കാര്യ​ത്തിൽ ആൺകു​ട്ടി​കളെ കടത്തി​വെ​ട്ടു​ന്നു​വെ​ന്നും അതു കാണിച്ചു. ഡെൻമാർക്ക്‌, ഫിൻലൻഡ്‌, ബ്രിട്ടൻ എന്നിവി​ട​ങ്ങ​ളിൽ 15 വയസ്സു​കാ​രിൽ പകുതി​യി​ല​ധി​കം പേരും ഒന്നിൽ കൂടുതൽ തവണ കുടിച്ചു ലക്കു​കെ​ട്ടി​ട്ടുണ്ട്‌. ഓരോ വർഷവും യൂറോ​പ്യൻ യൂണി​യ​നിൽ ഉടനീളം 15-നും 29-നും ഇടയ്‌ക്ക്‌ പ്രായ​മുള്ള ആയിര​ക്ക​ണ​ക്കി​നു പേരുടെ മരണത്തി​നു കാരണ​മാ​യി​രി​ക്കു​ന്നത്‌ മദ്യമാ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. മദ്യപാ​ന​ത്തി​ന്റെ പരിണ​ത​ഫ​ല​ങ്ങളെ കുറിച്ചു യുവജ​ന​ങ്ങളെ ബോധ​വ​ത്‌ക​രി​ക്കുന്ന ഒരു വിദ്യാ​ഭ്യാ​സ പരിപാ​ടി​ക്കു തുടക്ക​മി​ടാൻ മന്ത്രി​മാ​രു​ടെ സമിതി ശുപാർശ ചെയ്‌തി​രി​ക്കു​ക​യാണ്‌. (g02 2/8)

പുകവലി മരണങ്ങൾ സമ്പദ്‌വ്യ​വ​സ്ഥ​യ്‌ക്കു ഗുണക​ര​മോ?

“പുകവ​ലി​ക്കു​ന്ന​വ​രു​ടെ അകാല മരണങ്ങൾ ചികിത്സാ ചെലവു​കൾ ലാഭി​ക്കാൻ സഹായി​ക്കു​ന്നു . . . എന്നു നിഗമനം ചെയ്യുന്ന ഒരു സാമ്പത്തിക അപഗ്രഥന റിപ്പോർട്ട്‌ ചെക്ക്‌ റിപ്പബ്ലി​ക്കി​ലെ ഫിലിപ്‌ മോറിസ്‌ കമ്പനി അധികൃ​തർ വിതരണം ചെയ്‌ത”തായി ദ വാൾ സ്‌ട്രീറ്റ്‌ ജേർണൽ പറഞ്ഞു. “സിഗരറ്റ്‌ കമ്പനി​യു​ടെ നിർദേ​ശ​പ്ര​കാ​രം . . . തയ്യാറാ​ക്കിയ റിപ്പോർട്ട്‌ സിഗര​റ്റി​ന്മേൽ ലഭിക്കുന്ന നികു​തി​യും ‘അകാല മരണങ്ങൾ നിമി​ത്ത​മുള്ള ആരോഗ്യ-പരിപാ​ലന ചെലവു​ക​ളി​ലെ ലാഭവും’ ഉൾപ്പെടെ പുകവലി നിമിത്തം ദേശീയ സമ്പദ്‌വ്യ​വ​സ്ഥ​യ്‌ക്ക്‌ ഉണ്ടാകുന്ന ‘പ്രയോ​ജ​നങ്ങൾ’ നിരത്തു​ന്നു.” ലേഖനം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഗുണവും ദോഷ​വും തൂക്കി​നോ​ക്കിയ ശേഷം, പുകവലി 1999-ൽ ഗവൺമെ​ന്റിന്‌ 5.82 ശതകോ​ടി ക്രൗൺ (1,471 ലക്ഷം ഡോളർ) അറ്റാദാ​യം ഉണ്ടാക്കി​ക്കൊ​ടു​ത്ത​താ​യി റിപ്പോർട്ടു നിഗമനം ചെയ്‌തു.” എന്നാൽ അധികം കഴി​യേണ്ടി വന്നില്ല, റിപ്പോർട്ടി​നെ​തി​രെ മുറവി​ളി​കൾ ഉയർന്നു. ഒരു കോള​മെ​ഴു​ത്തു​കാ​രി എഴുതി: “സിഗരറ്റു വലി ആളുക​ളു​ടെ മരണത്തിന്‌ ഇടയാ​ക്കു​ന്നു​വെന്ന കാര്യം പുകയില കമ്പനികൾ നിഷേ​ധി​ച്ചി​രു​ന്നു. എന്നാൽ ഇപ്പോ​ഴി​താ അവർ അതിനെ കുറിച്ചു വീമ്പടി​ക്കു​ക​യാണ്‌.” സാമ്പത്തിക ശാസ്‌ത്ര​ജ്ഞ​നായ കെന്നത്ത്‌ വാർണർ പറഞ്ഞു: “ഉപഭോ​ക്താ​ക്കളെ കൊന്നു​കൊണ്ട്‌ ദേശീയ ഖജനാ​വി​നു പണം ഉണ്ടാക്കി​ക്കൊ​ടു​ക്കു​ന്ന​തി​നെ കുറിച്ചു വീമ്പടി​ക്കുന്ന മറ്റേ​തെ​ങ്കി​ലും കമ്പനി ഉണ്ടായി​രി​ക്കു​മോ? ഉണ്ടെന്ന്‌ എനിക്കു തോന്നു​ന്നില്ല.” പിറ്റേ ആഴ്‌ച ഫിലിപ്‌ മോറിസ്‌ ഒരു ക്ഷമാപണം പ്രസി​ദ്ധീ​ക​രി​ച്ചു. “അത്‌ വളരെ വലിയ ഒരു തെറ്റു മാത്രമല്ല, സദാചാ​ര​വി​രു​ദ്ധ​മായ ഒരു പ്രസ്‌താ​വന തന്നെ ആയിരു​ന്നു​വെന്ന്‌ ഞങ്ങൾ തിരി​ച്ച​റി​യു​ന്നു” എന്ന്‌ സീനിയർ വൈസ്‌ പ്രസി​ഡന്റ്‌ സ്റ്റീവൻ സി. പാരിഷ്‌ പറഞ്ഞു. “അത്‌ അങ്ങേയറ്റം അനുചി​തം ആയിരു​ന്നു എന്നു പറഞ്ഞാ​ലും മതിയാവില്ല.”(g02 2/8)

ഭൗതി​കത്വ ചിന്താ​ഗതി കുറയ്‌ക്കാൻ കുട്ടി​കളെ സഹായി​ക്കൽ

കാനഡ​യു​ടെ ഗ്ലോബ്‌ ആൻഡ്‌ മെയിൽ വർത്തമാ​ന​പ്പ​ത്രം റിപ്പോർട്ടു ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ “ഒരു വിൽപ്പ​ന​ക്കാ​രന്റെ സ്വപ്‌ന​ത്തി​ലെ ഉപഭോ​ക്താ​ക്കൾ” ആണ്‌ കുട്ടികൾ. കാരണം തീരെ കൊച്ചു കുട്ടി​കളെ പോലും “സാധനങ്ങൾ വാങ്ങി​ക്കൂ​ട്ടാ​നുള്ള ജ്വരം” പിടി​കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. “ഈ പ്രവണ​ത​യ്‌ക്കു കടിഞ്ഞാ​ണി​ടാൻ യാതൊ​ന്നി​നും കഴിഞ്ഞി​ട്ടില്ല.” എന്നാൽ സ്റ്റാൻഫോർഡ്‌ യൂണി​വേ​ഴ്‌സി​റ്റി സ്‌കൂൾ ഓഫ്‌ മെഡി​സി​നി​ലെ ഒരു സംഘം പ്രൊ​ഫ​സർമാർ തങ്ങൾ ഇതിനുള്ള ഒരു പരിഹാ​രം കണ്ടെത്തി​യി​രി​ക്കു​ന്ന​താ​യി കരുതു​ന്നു. ടിവി വീക്ഷണം കുറയ്‌ക്കാ​നും പരിപാ​ടി​കൾ ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടു​ക്കാ​നും കുട്ടി​കളെ സഹായി​ക്കുക എന്ന ലക്ഷ്യത്തി​ലുള്ള ആറു മാസത്തെ ഒരു പഠനപ​രി​പാ​ടി​യാണ്‌ അത്‌. അധ്യയന വർഷത്തി​ന്റെ ഒടുവിൽ ഈ പരിപാ​ടി​യിൽ പങ്കെടുത്ത കുട്ടികൾ പുതിയ കളിപ്പാ​ട്ടങ്ങൾ വാങ്ങി​ത്ത​രാൻ മാതാ​പി​താ​ക്ക​ളോട്‌ ആവശ്യ​പ്പെ​ടാ​നുള്ള സാധ്യത ഗണ്യമാ​യി കുറഞ്ഞി​രു​ന്നു. ഗ്ലോബ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ “1970-കളിൽ സാധാ​ര​ണ​ഗ​തി​യിൽ ഒരു കുട്ടി ഒരു വർഷം 20,000 പരസ്യങ്ങൾ കണ്ടിരുന്ന സ്ഥാനത്ത്‌ ഇപ്പോൾ 40,000 പരസ്യങ്ങൾ കാണുന്നു.” (g02 2/8)

ബൈബിൾ പരിഭാ​ഷ​യി​ലെ പുതിയ റെക്കോർഡ്‌

“പൂർണ​മാ​യോ ഭാഗി​ക​മാ​യോ ബൈബിൾ ഇപ്പോൾ മൊത്തം 2,261 ഭാഷക​ളിൽ ലഭ്യമാണ്‌, 12 മാസം മുമ്പു​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാൾ 28 ഭാഷ കൂടു​ത​ലാണ്‌ അത്‌” എന്ന്‌ ബ്രിട്ട​നി​ലെ ബൈബിൾ സൊ​സൈറ്റി റിപ്പോർട്ടു ചെയ്യുന്നു. “പൂർണ രൂപത്തിൽ [ബൈബിൾ] ഇപ്പോൾ 383 ഭാഷക​ളിൽ ലഭ്യമാണ്‌, അതായത്‌, ഒരു വർഷം മുമ്പ​ത്തേ​തി​നെ​ക്കാൾ 13 ഭാഷക​ളിൽ കൂടെ.” എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യോ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ​യോ—പഴയനി​യ​മ​മെ​ന്നും പുതി​യ​നി​യ​മ​മെ​ന്നും കൂടെ അറിയ​പ്പെ​ടു​ന്നു—പൂർണ വാല്യങ്ങൾ ഇപ്പോൾ 987 ഭാഷക​ളിൽ ലഭ്യമാണ്‌. (g02 2/22)

രക്തപ്പർച്ച​യു​ടെ അപകടങ്ങൾ

“[ന്യൂ സൗത്ത്‌ വെയിൽസി​ന്റെ] ആരോ​ഗ്യ​പ​രി​പാ​ലന നിർദേ​ശങ്ങൾ ലംഘി​ച്ചു​കൊ​ണ്ടാണ്‌ മൂന്നു രക്തപ്പകർച്ച​ക​ളിൽ ഒന്നു വീതം നടത്ത​പ്പെ​ട്ടത്‌” എന്ന്‌ ഓസ്‌​ട്രേ​ലി​യ​യി​ലെ സിഡ്‌നി മോർണിങ്‌ ഹെറാൾഡ്‌ റിപ്പോർട്ടു ചെയ്യുന്നു. “ആരോ​ഗ്യ​പ​രി​പാ​ലന നിർദേ​ശങ്ങൾ അനുസ​രിച്ച്‌ രോഗി​യു​ടെ ഹീമോ​ഗ്ലോ​ബിൻ അളവ്‌ ഏഴോ അതിൽ കുറവോ ആണെങ്കിൽ മാത്രമേ രക്തപ്പകർച്ച നടത്താവൂ.” രക്തത്തിന്റെ ഉപയോ​ഗത്തെ കുറിച്ചു പഠനം നടത്തിയ ഡോ. റോസ്‌ വിൽസൺ വിശദീ​ക​രി​ച്ച​ത​നു​സ​രിച്ച്‌ “ആവശ്യ​മി​ല്ലാ​തെ രക്തപ്പകർച്ച നടത്തു​ന്നത്‌ ഹൃദയാ​ഘാ​തം ഉണ്ടാകു​ന്ന​തി​നും രോഗി മരിക്കു​ന്ന​തി​നും ഇടയാ​ക്കി​യേ​ക്കാം.” ആറുവർഷം മുമ്പ്‌ ഡോ. വിൽസൺ നടത്തിയ ഒരു പഠനം അനുസ​രിച്ച്‌ “പ്രതി​വർഷം ഏകദേശം 18,000 [ഓസ്‌​ട്രേ​ലി​യ​ക്കാർ] അവർക്കു ലഭിക്കുന്ന വൈദ്യ​ചി​കി​ത്സ​യു​മാ​യി നേരിട്ടു ബന്ധപ്പെട്ട പ്രശ്‌ന​ങ്ങ​ളു​ടെ ഫലമായി മരിക്കു​ന്നു.” രക്തപ്പകർച്ച നടത്താൻ ഡോക്ടർമാർ ആവശ്യ​പ്പെ​ടുന്ന ഓരോ തവണയും ആരോ​ഗ്യ​പ​രി​പാ​ലന നിർദേ​ശ​ങ്ങളെ കുറിച്ച്‌ അവരെ ഓർമ​പ്പെ​ടു​ത്താ​നും ഡോക്ട​റോ​ടു നേരിട്ടു കാര്യങ്ങൾ ചോദി​ക്കാ​നും കഴി​യേ​ണ്ട​തിന്‌ രോഗി​കളെ അതു സംബന്ധിച്ച്‌ അറിയി​ക്കാ​നും ഡോ. വിൽസൺ ശുപാർശ ചെയ്യുന്നു. (g02 2/22)

മാരി​ഹ്വാ​ന​യും ഹൃദയ​വും

“മാരി​ഹ്വാ​ന ഉപയോ​ഗി​ക്കുന്ന മധ്യവ​യ​സ്‌കർക്ക്‌ അവർ അതു വലിച്ച്‌ ഒരു മണിക്കൂ​റി​നു​ള്ളിൽ ഹൃദയാ​ഘാ​തം ഉണ്ടാകാ​നുള്ള സാധ്യത അഞ്ചു മടങ്ങാണ്‌,” ഒരു പുതിയ പഠനത്തെ കുറിച്ചു റിപ്പോർട്ടു ചെയ്യവേ കാനഡ​യു​ടെ ഗ്ലോബ്‌ ആൻഡ്‌ മെയിൽ പറഞ്ഞു. “മാരി​ഹ്വാ​ന വലിക്കു​ന്നത്‌ ഹൃദയ​മി​ടി​പ്പി​ന്റെ വേഗം വർധി​പ്പി​ക്കു​ക​യും—മിക്ക​പ്പോ​ഴും അത്‌ ഇരട്ടി​യാ​കു​ന്നു—രക്ത സമ്മർദ​ത്തിൽ വ്യത്യാ​സം വരുത്തു​ക​യും ചെയ്യും . . . രക്തം കട്ടപി​ടി​ക്കു​ന്ന​തി​നും അങ്ങനെ ഹൃദയ പേശി​യി​ലേ​ക്കുള്ള രക്തത്തിന്റെ ഒഴുക്ക്‌ തടസ്സ​പ്പെ​ടു​ന്ന​തി​നും ഇടയാ​ക്കി​ക്കൊണ്ട്‌ അത്‌ ഹൃദയാ​ഘാ​ത​ത്തി​ലേ​ക്കും നയി​ച്ചേ​ക്കാം.” ടൊറ​ന്റോ സർവക​ലാ​ശാ​ല​യി​ലെ ഡോ. ഹാറൾഡ്‌ കലാന്റ്‌ പറഞ്ഞു: “പ്രായം കൂടി​യ​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഹൃദയ​ത്തി​ന്റെ ജോലി​ഭാ​രം കൂടു​ന്നത്‌ ഹൃദയാ​ഘാ​ത​ത്തി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന ഒരു ഘടകമാണ്‌.” എന്നാൽ റിപ്പോർട്ട്‌ അനുസ​രിച്ച്‌ കൊ​ക്കെയ്‌ൻ അതിലും അപകട​കാ​രി​യാണ്‌. കാരണം, അത്‌ ഉപയോ​ഗിച്ച ശേഷമുള്ള ആദ്യ മണിക്കൂ​റിൽ ഹൃദയാ​ഘാ​തം ഉണ്ടാകാ​നുള്ള സാധ്യത 25 മടങ്ങ്‌ കൂടു​ത​ലാണ്‌. (g02 2/22)