വിനോദസഞ്ചാരം ഒരു ആഗോള വ്യവസായം
വിനോദസഞ്ചാരം ഒരു ആഗോള വ്യവസായം
ബഹാമാസിലെ ഉണരുക! ലേഖകൻ
‘കുറച്ചു ദിവസത്തേക്ക് എനിക്ക് എങ്ങോട്ടെങ്കിലും ഒന്നു പോകണം,’ നിങ്ങൾ അവസാനമായി അങ്ങനെ പറഞ്ഞത് എപ്പോഴാണ്? ദൈനംദിന സമ്മർദങ്ങളിൽനിന്ന് അൽപ്പം ആശ്വാസം ലഭിക്കാൻ നിങ്ങൾ ആഗ്രഹിച്ചിരിക്കാം. ഒരു മാറ്റത്തിനു വേണ്ടി നിങ്ങൾ എപ്പോഴെങ്കിലും ഏതെങ്കിലും ദൂരെദിക്കിലേക്കു യാത്ര പോയിട്ടുണ്ടോ? ഇതു പരിചിന്തിക്കുക: ഒരു നൂറ്റാണ്ടു മുമ്പു വരെ പോലും ഭൂമിയിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഇടയ്ക്കിടെ വിനോദ യാത്രകൾ നടത്തുന്ന പതിവ് ഉണ്ടായിരുന്നില്ല. കൂടാതെ, മിക്കവരും തങ്ങളുടെ ജന്മ സ്ഥലത്തിന് ഏതാനും നൂറു കിലോമീറ്റർ ചുറ്റുവട്ടത്തിലാണ് ആയുഷ്കാലം മുഴുവനും ചെലവഴിച്ചിരുന്നത്. ഉല്ലാസത്തിനോ വിജ്ഞാനത്തിനോ ആയി വിദൂര സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നത് സാഹസികരോ സമ്പന്നരോ ആയ വളരെ ചെറിയ ഒരു കൂട്ടത്തിന്റെ മാത്രം കുത്തകാവകാശം ആയിരുന്നു. എന്നാൽ ഇന്ന് ലക്ഷക്കണക്കിന് ആളുകൾക്കു സ്വന്തം രാജ്യത്ത് എവിടെയും എന്തിന് ലോകമെമ്പാടും പോലും യഥേഷ്ടം സഞ്ചരിക്കാൻ കഴിയും. എന്താണ് ഈ മാറ്റത്തിനു കാരണം?
വ്യാവസായിക വിപ്ലവത്തെ തുടർന്ന് ദശലക്ഷക്കണക്കിന് ആളുകൾ ഉത്പന്നങ്ങളുടെ നിർമാണത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിലും ഏർപ്പെട്ടുതുടങ്ങി. തത്ഫലമായി ആളുകളുടെ വരുമാനം വർധിച്ചു. സാങ്കേതികവിദ്യയുടെ കുതിച്ചു ചാട്ടം നൂതന യന്ത്രങ്ങളുടെ നിർമാണത്തിനു വഴിതെളിച്ചു. കഠിനാധ്വാനം ആവശ്യമായ പ്രവർത്തനങ്ങൾ മിക്കവയും ഈ യന്ത്രങ്ങൾ ഏറ്റെടുത്തു. ഇതു പലർക്കും കൂടുതൽ ഒഴിവു സമയം ലഭിക്കാൻ ഇടയാക്കി. ഈ സാഹചര്യങ്ങൾ നിലനിൽക്കെ 1900-ങ്ങളുടെ മധ്യത്തിൽ കുറേക്കൂടെ മിതമായ ചെലവിൽ പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമായിത്തുടങ്ങി. ഇത് വൻതോതിലുള്ള വിനോദസഞ്ചാരത്തിലേക്ക് (ടൂറിസം) ഉള്ള വാതിൽ തുറന്നു. കൂടാതെ, പുതുതായി നിലവിൽവന്ന പൊതു വാർത്താവിനിമയ വ്യവസായം അകലെയുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങൾ വീട്ടിലിരുന്നു കാണാൻ അവസരം ഒരുക്കി. ഇതും യാത്ര ചെയ്യാനുള്ള ആഗ്രഹം ആളുകളിൽ ഉണർത്തി.
തത്ഫലമായി, ത്വരിതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന വിനോദസഞ്ചാര വ്യവസായം രൂപംകൊണ്ടു. രാജ്യാന്തര തലത്തിൽ യാത്ര നടത്തുന്നവരുടെ എണ്ണം 1997-ലെ 61.3 കോടിയിൽനിന്ന് 2020 എന്ന വർഷം ആകുമ്പോഴേക്കും 160 കോടിയായി വർധിക്കുമെന്നും ഈ വർധനയിൽ കുറവു വരാനുള്ള യാതൊരു സാധ്യതയും ഇതുവരെ കാണുന്നില്ലെന്നും ലോക വിനോദസഞ്ചാര സംഘടന (ഡബ്ല്യുടിഒ) മുൻകൂട്ടി പറയുന്നു. ഈ വർധനയ്ക്കൊത്ത് വിനോദസഞ്ചാരികൾക്കായുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന ബിസിനസ്സുകളിലും സുഖവാസ കേന്ദ്രങ്ങളിലും രാജ്യങ്ങളിലും വർധന ഉണ്ടായിരിക്കുന്നു.
പല രാജ്യങ്ങളും വിനോദസഞ്ചാര വ്യവസായ രംഗത്തേക്കു പ്രവേശിക്കുന്നു
തത്ത്വത്തിൽ, ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികൾക്കും പ്രയോജനം ചെയ്യുന്ന ഒന്നാണ് വിനോദസഞ്ചാരം. തന്റെ സാധാരണ ദിനചര്യയിൽനിന്നു രക്ഷപ്പെട്ട്, സുഖസൗകര്യങ്ങളും വിനോദവും ആസ്വദിക്കുന്നതിനോ വിജ്ഞാനം നേടുന്നതിനോ ഉള്ള അവസരം അതു വിനോദസഞ്ചാരിക്കു പ്രദാനം ചെയ്യുന്നു. എന്നാൽ സംഘാടകർക്ക് ഇതുകൊണ്ടുള്ള നേട്ടം എന്താണ്? ആഗോള വിനോദസഞ്ചാര വ്യവസായം, വിദേശ നാണ്യം നേടാനുള്ള ഏറ്റവും നല്ല മാർഗമാണ്. വിദേശ രാജ്യങ്ങളിൽനിന്നു തങ്ങൾക്കു ലഭിക്കുന്ന വസ്തുക്കൾക്കും സേവനങ്ങൾക്കുമുള്ള പണം അടയ്ക്കുന്നതിന് മിക്ക രാജ്യങ്ങൾക്കും വിദേശ നാണ്യം ആവശ്യമാണ്.
ഒരു ഡബ്ല്യുടിഒ റിപ്പോർട്ട് പ്രസ്താവിക്കുന്നു: “ലോകത്തിൽ ഏറ്റവും അധികം വിദേശ നാണ്യം സമ്പാദിക്കുന്ന ബിസിനസ്സാണ് ആഗോള വിനോദസഞ്ചാരം. അതുപോലെ പല രാജ്യങ്ങൾ തമ്മിലുള്ള കണക്കുകൾ തീർക്കുന്നതിലെ ഒരു സുപ്രധാന ഘടകവുമാണ് അത്. ആഗോള വിനോദസഞ്ചാര വ്യവസായത്തിൽ നിന്നുള്ള വിദേശ നാണ്യ വരുമാനം 1996-ൽ 42,300 കോടി യുഎസ് ഡോളറിൽ എത്തി. പെട്രോളിയം ഉത്പന്നങ്ങൾ, മോട്ടോർ വാഹനങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ, തുണിത്തരങ്ങൾ എന്നിവയിൽനിന്നും
കയറ്റുമതി ചെയ്ത മറ്റെല്ലാ ഉത്പന്നങ്ങളിൽനിന്നും സേവനങ്ങളിൽനിന്നും ലഭിച്ചതിനെക്കാൾ കൂടുതലാണ് ഈ തുക.” അതേ റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന വ്യവസായമാണ് വിനോദസഞ്ചാരം.” “ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും മൊത്തം ദേശീയ ഉത്പാദനത്തിന്റെ 10 ശതമാനത്തോളം” ആയിരുന്നു അത്. അതുകൊണ്ട് മിക്ക രാജ്യങ്ങളും, മുൻ സോവിയറ്റ് യൂണിയനിലെ ചില രാഷ്ട്രങ്ങൾ പോലും ആഗോള വിനോദസഞ്ചാര വ്യവസായ രംഗത്തേക്കു പ്രവേശിച്ചിരിക്കുന്നതിലോ അതിനായി തിടുക്കപ്പെടുന്നതിലോ അതിശയമില്ല.വിനോദസഞ്ചാരത്തിൽനിന്നു ഗവൺമെന്റിനു ലഭിക്കുന്ന വരുമാനം പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിലവാരം കൂടിയ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും മറ്റ് അടിയന്തിര ദേശീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉപകരിക്കുന്നു. എല്ലാ ഗവൺമെന്റുകളും തന്നെ തങ്ങളുടെ പൗരന്മാർക്ക് തൊഴിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. വിനോദസഞ്ചാരം സൃഷ്ടിക്കുന്ന തൊഴിൽ അവസരങ്ങൾ ഈ ലക്ഷ്യം നേടാൻ സഹായിക്കുന്നു.
വിനോദസഞ്ചാരത്തിന് ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മേൽ എന്തു ഫലം ഉണ്ടായിരിക്കാൻ കഴിയുമെന്നു കാണാൻ ഒരു ഉദാഹരണം പരിചിന്തിക്കുക. ഐക്യനാടുകളിലെ ഫ്ളോറിഡയ്ക്കും ക്യൂബ എന്ന ദ്വീപിനും ഇടയിൽ മെക്സിക്കൻ ഉൾക്കടലിന്റെ പ്രഭവസ്ഥാനത്തിനു കുറുകെയായി നീണ്ടുകിടക്കുന്ന ഒരു ചെറിയ ദ്വീപരാഷ്ട്രമാണ് ബഹാമാസ്. വൻ തോതിലുള്ള വാണിജ്യാടിസ്ഥാന കൃഷികളോ വ്യവസായ പ്രാധാന്യമുള്ള അസംസ്കൃത വസ്തുക്കളോ ഒന്നും ബഹാമാസിൽ ഇല്ല. എന്നാൽ ഊഷ്മള കാലാവസ്ഥയും വൃത്തിയുള്ള ഉഷ്ണമേഖലാ കടലോരങ്ങളും സൗഹൃദ പ്രകൃതമുള്ള രണ്ടര ലക്ഷത്തോളം വരുന്ന ജനങ്ങളും ഐക്യനാടുകളോടുള്ള സാമീപ്യവും ഈ ദ്വീപുകളുടെ ആസ്തികളാണ്. ഇവയെല്ലാം, തഴച്ചുവളരുന്ന ഒരു വിനോദസഞ്ചാര വ്യവസായത്തിനു രൂപം നൽകിയിരിക്കുന്നു. എന്നാൽ വിനോദസഞ്ചാരികൾക്ക് സന്തോഷകരവും സുരക്ഷിതവുമായ ഒഴിവുകാലം പ്രദാനം ചെയ്യുന്നതിന് എന്തെല്ലാം ആവശ്യമാണ്?
ആധുനിക വിനോദസഞ്ചാരികളെ തൃപ്തിപ്പെടുത്തൽ
ആഗോള വിനോദസഞ്ചാര വ്യവസായത്തിന്റെ ശൈശവ ദശയിൽ ഒരു വിദേശ രാജ്യത്തേക്കുള്ള യാത്ര അതിൽത്തന്നെ അസാധാരണമായ ഒരു അനുഭവം ആയിരുന്നതിനാൽ അന്നൊക്കെ യാത്ര ക്ലേശകരമായിരുന്നെങ്കിൽ കൂടി സഞ്ചാരികളെ തൃപ്തിപ്പെടുത്താൻ അതു മാത്രം മതിയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല. പൊതു വാർത്താവിനിമയത്തിന്റെ ഫലമായി ഇപ്പോൾ വീട്ടിൽ സുഖമായി ഇരുന്നുകൊണ്ടുതന്നെ ടിവിയിൽ ദൂരെയുള്ള ദേശങ്ങളുടെ ദൃശ്യങ്ങൾ കാണാൻ കഴിയും. അതുകൊണ്ട് വീട്ടിലേതുപോലുള്ള അല്ലെങ്കിൽ അതിനെക്കാൾ മെച്ചമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ഒരു സ്ഥലത്തേക്കുള്ള സന്ദർശനം വളരെ അവിസ്മരണീയമായ ഒരു അനുഭവം ആക്കിത്തീർക്കുകയും ചെയ്യുക എന്ന വെല്ലുവിളിയെ ഇപ്പോൾ സുഖവാസ കേന്ദ്രങ്ങൾ നേരിടുന്നു. കൂടാതെ, പല വിനോദസഞ്ചാരികളും കൂടെക്കൂടെ യാത്ര ചെയ്യുന്നവരായതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ആഗോള മത്സരത്തെയും അഭിമുഖീകരിക്കേണ്ടി വരുന്നു.
വിനോദസഞ്ചാരികളെ ആകർഷിക്കത്തക്ക വിധത്തിലുള്ള ശ്രദ്ധേയമായ ആകർഷണ സംവിധാനങ്ങളും സുഖവാസ കേന്ദ്രങ്ങളും ഉയർന്നു വരാൻ ഇത് ഇടയാക്കിയിരിക്കുന്നു. ഉദാഹരണത്തിന് ബഹാമാസിലെ ഒരു വലിയ സുഖവാസ കേന്ദ്രത്തിന്റെ കാര്യം എടുക്കുക. “നിങ്ങളുടെ താമസത്തെ തികച്ചും അവിസ്മരണീയമായ ഒന്ന് ആക്കിത്തീർക്കും വിധത്തിലാണ് ഈ ഹോട്ടലും പരിസരവും രൂപകൽപ്പന ചെയ്തിരിക്കുന്നത്” എന്ന് അതിന്റെ സംഘാടന വികസന ഡയറക്ടറായ ബെവർളി സോൺഡെഴ്സ് പറയുന്നു. “എന്നാൽ അതുകൊണ്ട് മാത്രം ഞങ്ങൾ തൃപ്തരല്ല. ഇവിടത്തുകാരുമായുള്ള ഇടപെടലുകളും നിങ്ങളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” അത്തരം കേന്ദ്രങ്ങൾ തങ്ങളുടെ അതിഥികളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നത് എങ്ങനെയാണ്?
സുഖവാസ കേന്ദ്രത്തിലെ അണിയറ പ്രവർത്തനങ്ങൾ
“ഇവിടത്തെ 2,300 മുറികളിലും താമസക്കാർ ഉള്ളപ്പോൾ ഞങ്ങൾക്ക് ഒരേസമയം 7,500-നും 8,000-ത്തിനും ഇടയ്ക്ക് അതിഥികളെ തൃപ്തിപ്പെടുത്തേണ്ടി വരുന്നു” എന്നു ബെവർളി പറയുന്നു. “കാര്യങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ഈ അതിഥികളുടെയെല്ലാം ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ആവശ്യമായ സംഘാടനം ഒരു ചെറിയ നഗരം നടത്തിക്കൊണ്ടുപോകാൻ ആവശ്യമായിരിക്കുന്നതിനു തുല്യമാണ്. കൂടുതലായ മറ്റു പല വെല്ലുവിളികളും ഉണ്ട്. അതിഥികൾ വീട്ടിൽ കഴിച്ചു ശീലിച്ചിട്ടുള്ള ഭക്ഷണങ്ങൾ ലഭ്യമാക്കണം. എന്നാൽ അവരുടെ താമസം അവിസ്മരണീയമാക്കണമെങ്കിൽ ഭക്ഷണത്തിനും വിനോദത്തിനുമുള്ള അസാധാരണ അവസരങ്ങളും പ്രദാനം ചെയ്യേണ്ടതുണ്ട്. പല സുഖവാസകേന്ദ്രങ്ങളിലും സേവനങ്ങൾ പ്രദാനം ചെയ്യുന്ന ജോലിക്കാരിൽ 50 ശതമാനമോ അതിലധികമോ ഭക്ഷണപാനീയങ്ങളോടു ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.”
എന്നിരുന്നാലും “വിനോദസഞ്ചാരത്തിന് നേപ്പാളിന്മേലുള്ള സാമൂഹിക-സാംസ്കാരിക സ്വാധീനം” എന്ന തന്റെ പ്രബന്ധത്തിൽ ഐ. കെ പ്രഥാൻ ഇങ്ങനെ പറയുന്നു: “യാത്ര സന്തോഷപ്രദവും ആസ്വാദ്യവും ആക്കിത്തീർക്കുന്നതിലെ ഏറ്റവും പ്രധാന ഘടകങ്ങൾ അതിഥികളോടുള്ള സ്ഥലവാസികളുടെ പെരുമാറ്റവും അവർക്ക് അനുഭവിക്കാൻ കഴിയുന്ന സുരക്ഷാബോധവും ആണ്.”
ലോകമെമ്പാടുമുള്ള മുഖ്യ ടൂറിസ്റ്റ് സുഖവാസ കേന്ദ്രങ്ങൾ ഈ മണ്ഡലങ്ങളിൽ അങ്ങേയറ്റത്തെ സംതൃപ്തി ഉറപ്പുവരുത്തുന്നത് എങ്ങനെയാണ്? “പരിശീലനം, നല്ല പെരുമാറ്റ രീതികൾ ഉൾനടൽ, തിരുത്തൽ, മുന്തിയ നിലവാരമുള്ള സേവനങ്ങൾ തുടർച്ചയായി ലഭ്യമാക്കാനുള്ള ഒടുങ്ങാത്ത ആഗ്രഹം എന്നിവയിലൂടെ,” ബഹാമാസിലെ ഏറ്റവും മികച്ച സുഖവാസ കേന്ദ്രത്തിലെ പരിശീലന വിഭാഗത്തിന്റെ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥ പറയുന്നു. “ബഹാമാസുകാരിൽ ഒട്ടുമിക്കവരും സ്വതവേ നല്ലവരാണ്. എന്നിരുന്നാലും ജോലി ചെയ്യുമ്പോൾ എല്ലായ്പോഴും സൗഹൃദഭാവം പ്രകടമാക്കാനും പ്രസന്നവദനരായിരിക്കാനും പുഞ്ചിരിച്ചുകൊണ്ടിരിക്കാനുമൊക്കെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് തങ്ങളുടെ പങ്ക് എന്തായിരുന്നാലും, ഒരു ഡോക്ടറോ അഭിഭാഷകനോ ഇൻഷ്വറൻസ് ഏജന്റോ തന്റെ തൊഴിലിൽ പ്രകടമാക്കുന്ന അതേ വൈദഗ്ധ്യത്തോടെ അതിനെ സമീപിക്കാൻ ഞങ്ങൾ ജീവനക്കാരെ പ്രത്യേകം പഠിപ്പിക്കുന്നത്. മുഴു ടൂറിസ്റ്റ് അനുഭവത്തിനും സംഭാവന ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും കാര്യത്തിൽ അന്താരാഷ്ട്ര നിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു. ഈ നിലവാരങ്ങളിൽ എത്തിച്ചേരുന്നതിന് ഒരു ടീം എന്ന നിലയിൽ ഞങ്ങൾ എത്ര കഠിനമായി അധ്വാനിക്കുന്നുവോ അത്രയും സുഗമമായിരിക്കും തുടർച്ചയായി ഉയർന്ന പ്രകടനം കാഴ്ച വെക്കുക എന്നത്.”
നാണയത്തിന്റെ മറുവശം
നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, എത്ര നന്നായി ആസൂത്രണം ചെയ്താലും മുൻകൂട്ടി കാണാഞ്ഞ എന്തെങ്കിലുമൊക്കെ ചെലവുകൾ എല്ലായ്പോഴും ഉണ്ടാകുന്നതായി നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? ടൂറിസം സംഘാടകർക്കും ഇതേ അനുഭവമാണ് ഉള്ളത്.
നേരത്തേ ഉദ്ധരിച്ച പ്രഥാൻ ഇങ്ങനെ പറയുന്നു: “വിനോദസഞ്ചാര വ്യവസായത്തിന് നമ്മുടെ വികസ്വര സമൂഹത്തിനു പല പ്രയോജനങ്ങളും നേടിത്തരാൻ കഴിയും.” എന്നാൽ വേണ്ട നടപടികൾ കൈക്കൊള്ളാതിരുന്നാൽ “പരിഹരിക്കാനാവാത്ത സാമൂഹിക പ്രശ്നങ്ങളും ഉടലെടുത്തേക്കാം” എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “ആധുനിക വിനോദസഞ്ചാരത്തിന്റെ വിവിധ ഫലങ്ങളെ കുറിച്ചു ബോധവാന്മാരായിരുന്നുകൊണ്ട് [നാം] സജ്ജരായിരിക്കണം.” ഏതു പ്രശ്നങ്ങളെ കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്?
“നിരവധി വിനോദസഞ്ചാരികൾക്ക് ആതിഥ്യം അരുളുന്ന രാഷ്ട്രങ്ങൾ അറിയാതെയാണെങ്കിലും എല്ലായ്പോഴുംതന്നെ തങ്ങളുടെ പരമ്പരാഗത ജീവിതരീതികൾ ദുർബലമാകുന്നതായി കണ്ടെത്തുന്നു. ചില സ്ഥലങ്ങളിൽ പ്രാദേശിക സംസ്കാരം പൂർണമായി തുടച്ചു നീക്കപ്പെട്ടിട്ടുണ്ട്.” ഇങ്ങനെയാണ് ‘ബഹാമാസ് വിനോദസഞ്ചാര മന്ത്രാലയ’ത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായ കോർഡൽ തോംപ്സൺ വിനോദസഞ്ചാരത്തിന്റെ ഒരു പൊതു പാർശ്വഫലത്തെ കുറിച്ചു പറഞ്ഞത്. തന്റെ രാജ്യത്തിന് വിനോദസഞ്ചാരത്തിൽനിന്നു ലഭിച്ചിട്ടുള്ള പ്രയോജനങ്ങളെ കുറിച്ച് അഭിമാനപൂർവം സംസാരിക്കുമ്പോൾതന്നെ തോംപ്സൺ തദ്ദേശവാസികളെക്കാൾ അധികം വിനോദസഞ്ചാരികൾ ഉള്ള, അല്ലെങ്കിൽ അവർ ജനസംഖ്യയിൽ ഭൂരിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു രാജ്യത്തു ജീവിക്കുന്നത് പലപ്പോഴും അപ്രതീക്ഷിതമായ മറ്റു പല അനന്തര ഫലങ്ങളും ഉളവാക്കിയിട്ടുണ്ടെന്ന് അംഗീകരിക്കുന്നു.
ഉദാഹരണത്തിന്, ജോലിയുടെ ഭാഗമായി വിനോദസഞ്ചാരികളോടൊപ്പം വളരെ സമയം ചെലവഴിക്കുന്ന ചിലരുടെ മനസ്സിൽ, സന്ദർശകൻ എല്ലായ്പോഴും ഇത്തരമൊരു ജീവിതമാണു നയിക്കുന്നതെന്ന തെറ്റിദ്ധാരണ സ്ഥാനം പിടിച്ചേക്കാം. താൻ വിഭാവന ചെയ്യുന്ന അത്തരമൊരു ജീവിതശൈലി അനുകരിക്കാൻ അയാൾ ശ്രമിച്ചേക്കാം. മറ്റുള്ളവർ ബാധിക്കപ്പെടുന്നത് ഈ രീതിയിലായിരിക്കില്ല. ഒഴിവു സമയത്തിലേറെയും സഞ്ചാരികൾക്കായുള്ള സുഖവാസ കേന്ദ്രങ്ങളിൽ ചെലവഴിക്കുന്നതിന്റെ ഫലമായി അവർ കാലക്രമത്തിൽ തങ്ങളുടെ പരമ്പരാഗത ജീവിതശൈലി ഉപേക്ഷിച്ചേക്കാം. ചിലപ്പോൾ പ്രാദേശിക ആളുകളിൽ മിക്കവരും വിനോദസഞ്ചാരികൾക്കായുള്ള സ്ഥലങ്ങളിലേക്കു തിരിയുന്നതിനാൽ ക്രമേണ തദ്ദേശ സാംസ്കാരിക കേന്ദ്രങ്ങൾ ഉപേക്ഷിക്കപ്പെടുകയും ചില സ്ഥലങ്ങളിൽ അവ പൂർണമായും തുടച്ചുനീക്കപ്പെടുകയും ചെയ്യുന്നു.
ജനപ്രീതി നേടിയ പല വിനോദസഞ്ചാര കേന്ദ്രങ്ങളും ആകെ ആശയക്കുഴപ്പത്തിലാണ്. വിനോദസഞ്ചാരികളുടെ പ്രവാഹത്തിൽനിന്നു ലഭിക്കുന്ന വരുമാനം അവർ സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും ചില വിനോദസഞ്ചാരികളുടെ നിയമവിരുദ്ധ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിസിനസ്സുകൾ നിമിത്തം സംജാതമാകുന്ന സാമൂഹിക പ്രശ്നങ്ങൾ അവർക്കു തലവേദനയായി തീരുകയാണ്.
വിനോദസഞ്ചാരം—സമനിലയോടെ
ആധുനിക വിനോദസഞ്ചാരത്തിന്റെ ഏറ്റവും വലിയ പ്രയോജനങ്ങൾതന്നെ അതിന്റെ നിലനിൽപ്പിനു ഭീഷണി ഉയർത്തുന്നതിനാൽ സമനിലയോടെയുള്ള വിനോദസഞ്ചാരം എന്ന ആശയത്തിന് ഇപ്പോൾ പ്രചാരം സിദ്ധിച്ചിരിക്കുന്നു. ലാഭകരമായ ചില വിനോദസഞ്ചാര നടപടികളുടെ ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള പ്രയോജനങ്ങൾ ‘പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുന്ന’ ഫലം ചെയ്തേക്കുമെന്ന് ചിലർ തിരിച്ചറിയുന്നതായി അതു പ്രകടമാക്കുന്നു. ഈ വ്യവസായം എന്നും നിലനിൽക്കണമെന്നുണ്ടെങ്കിൽ ദുഷ്കരമായ ചില പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്.
വിനോദസഞ്ചാരത്തിന് പരിസ്ഥിതിയുടെയും പ്രാദേശിക സംസ്കാരങ്ങളുടെയും മേലുള്ള ഫലം, ലാഭോന്മുഖ സുഖവാസ കേന്ദ്രങ്ങളുടെയും വൻ സുഖവാസ കേന്ദ്രങ്ങളുടെയും ലക്ഷ്യങ്ങളും ആതിഥേയ രാഷ്ട്രത്തിന്റെ ദേശീയ ലക്ഷ്യങ്ങളും തമ്മിലുള്ള പൊരുത്തം എന്നിവ വരുംകാലങ്ങളിൽ സമനിലയിൽ കൊണ്ടുവരേണ്ട വിഷയങ്ങളിൽ മുഖ്യമായവയാണ്. അടുത്തകാലത്ത് സുരക്ഷിതത്വത്തെ കുറിച്ചുള്ള ഉത്കണ്ഠ യാത്രാ വ്യവസായത്തെ സാരമായി ബാധിച്ചിരിക്കുന്നു. കാലക്രമത്തിൽ ഈ പ്രശ്നവും കണക്കിലെടുക്കേണ്ടി വരും. ഇത് ഭാവിയിൽ ആധുനിക വിനോദസഞ്ചാര വ്യവസായത്തിന്റെ വളർച്ചയെ എങ്ങനെ ബാധിക്കും എന്നതു കണ്ടറിയേണ്ടിയിരിക്കുന്നു.
അടുത്ത പ്രാവശ്യം ദൈനംദിന ചര്യയിൽനിന്നു രക്ഷപ്പെട്ട് ദൂരെയെവിടെയെങ്കിലുമുള്ള ഒരു സുഖവാസ കേന്ദ്രത്തിൽ വിശ്രമിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വ്യവസായമായ ദേശീയ, അന്തർദേശീയ വിനോദസഞ്ചാരത്തെ നിങ്ങൾ നിസ്സാരമായിട്ട് എടുക്കുകയില്ലായിരിക്കാം. (g02 2/8)
[17-ാം പേജിലെ ചിത്രം]