സുഗന്ധദ്രവ്യങ്ങൾ ചരിത്ര താളുകളിലൂടെ
സുഗന്ധദ്രവ്യങ്ങൾ ചരിത്ര താളുകളിലൂടെ
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
സുഗന്ധദ്രവ്യങ്ങൾക്ക് അതിപുരാതനമായ ചരിത്രമാണ് ഉള്ളത്. മതകർമങ്ങളിൽ മരക്കറകൾ കത്തിച്ചു ധൂപവർഗം അർപ്പിക്കാൻ തുടങ്ങിയതോടെ ആദ്യകാല സുഗന്ധദ്രവ്യ നിർമാണം ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു. ഈജിപ്തുകാർ പണ്ടു മുതലേ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചിരുന്നതായി പുരാതന രേഖകൾ കാണിക്കുന്നു. തൂത്തൻഖാമൻ ഫറവോന്റെ ശവകുടീരത്തിൽ സുഗന്ധദ്രവ്യങ്ങൾ നിറച്ച 3,000-ത്തിലധികം ഭരണികൾ കണ്ടെത്തി. 30-ലേറെ നൂറ്റാണ്ടുകൾക്കു ശേഷവും അവയുടെ സൗരഭ്യം നഷ്ടപ്പെട്ടിരുന്നില്ല!
പൊതുയുഗത്തിന് 1,500 വർഷങ്ങൾക്കു മുമ്പ്, ഇസ്രായേല്യ പുരോഹിതന്മാർ ഉപയോഗിക്കേണ്ടിയിരുന്ന വിശുദ്ധ അഭിഷേകതൈലക്കൂട്ടിൽ ‘മേത്തരം സുഗന്ധവർഗങ്ങൾ’ ഉൾപ്പെടുത്താൻ ദൈവം പറഞ്ഞിരുന്നു. (പുറപ്പാടു 30:23-33) എബ്രായർ സൗന്ദര്യ വർധനയ്ക്കും ചികിത്സയ്ക്കുമായി സുഗന്ധ ലേപനങ്ങൾ ഉപയോഗിച്ചിരുന്നു. കൂടാതെ, അവ അണുനാശിനികളും ദുർഗന്ധഹാരികളും ആയി വർത്തിച്ചതിനാൽ ശവശരീരങ്ങൾ അടക്കം ചെയ്യുമ്പോഴും അവർ അവ ഉപയോഗിച്ചു. ഉദാഹരണത്തിന്, യേശുവിന്റെ ശരീരത്തിൽ പൂശുന്നതിന് സ്ത്രീകൾ സുഗന്ധവർഗവും പരിമളതൈലവും അവന്റെ കല്ലറയിലേക്കു കൊണ്ടുപോയി. (ലൂക്കൊസ് 23:56; 24:1) വീട്ടിൽ വരുന്ന അതിഥിയുടെ പാദങ്ങളിൽ പരിമളതൈലം പൂശുന്നത് ആതിഥ്യ മര്യാദയായി ഇസ്രായേല്യർ കണക്കാക്കിയിരുന്നു.—ലൂക്കൊസ് 7:37-46.
ഒന്നാം നൂറ്റാണ്ടിൽ റോമാക്കാർ ഒരു വർഷം ഏകദേശം 2,800 ടൺ കുന്തുരുക്കവും 550 ടൺ മൂരും ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ശിശുവായ യേശുവിനു ലഭിച്ച സമ്മാനങ്ങളുടെ കൂട്ടത്തിൽ അത്തരം സുഗന്ധക്കൂട്ടുകൾ ഉണ്ടായിരുന്നു. (മത്തായി 2:1, 11) പൊ.യു. 54-ൽ റോമൻ ചക്രവർത്തിയായ നീറോ ഒരു വിരുന്നു സത്കാരവേളയിൽ പരിമളം പരത്തുന്നതിനായി 46,00,000 രൂപയ്ക്കു തുല്യമായ തുക ചെലവഴിക്കുകയുണ്ടായത്രേ. പുറമേ കാണാൻ കഴിയാത്ത വിധത്തിൽ അദ്ദേഹത്തിന്റെ ഊണുമുറികളിൽ സ്ഥാപിച്ചിരുന്ന പൈപ്പുകളിൽനിന്ന് സുഗന്ധദ്രവ്യം കലർത്തിയ ജലം അതിഥികളുടെമേൽ നേർത്ത മഞ്ഞുകണങ്ങൾപോലെ പെയ്തുകൊണ്ടിരുന്നു. പൊ.യു. ഏഴാം നൂറ്റാണ്ടു മുതൽ ചൈനക്കാർ സുഗന്ധദ്രവ്യങ്ങൾ ചെറുസഞ്ചികളിലും മറ്റും നിറച്ച് ഉപയോഗിക്കാൻ തുടങ്ങി. മധ്യയുഗങ്ങളിൽ സുഗന്ധദ്രവ്യങ്ങളുടെ—പ്രത്യേകിച്ചും പനിനീർ പുഷ്പത്തിന്റെ പരിമളമുള്ളവയുടെ—ഉപയോഗം ഇസ്ലാമിക സംസ്കാരത്തിന്റെയും ഭാഗമായിത്തീർന്നു.
പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിൽ സുഗന്ധദ്രവ്യ വ്യവസായം സുസ്ഥാപിതം ആയിത്തീർന്നു. ലൂയി പതിനഞ്ചാമന്റെ രാജസദസ്സ് ‘പരിമളം പരത്തുന്ന രാജസദസ്സ്’ എന്ന് അറിയപ്പെടാൻ പോലും ഇടയായി. ദേഹത്തു മാത്രമല്ല, വസ്ത്രങ്ങളിലും കൈയുറകളിലും പങ്കകളിലും ഫർണിച്ചറിലുമെല്ലാം സുഗന്ധദ്രവ്യങ്ങൾ പൂശിയിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ സുഗന്ധദ്രവ്യമായ കൊളോൺ രംഗത്തെത്തി. അത് കുളിക്കുന്ന വെള്ളത്തിലും വീഞ്ഞിലും കലർത്തി ഉപയോഗിച്ചു തുടങ്ങി. വായ്നാറ്റം അകറ്റുന്നതിന് അത് ഒരു പഞ്ചസാരക്കട്ടയോടൊപ്പം തിന്നുന്ന രീതിയും ഉണ്ടായിരുന്നു. അതുപോലെ എനിമകളിലും വ്രണങ്ങളിൽ പുരട്ടുന്ന ലേപനങ്ങളിലും അതു ചേർക്കുമായിരുന്നു. 19-ാം നൂറ്റാണ്ടിൽ കൃത്രിമ സുഗന്ധദ്രവ്യങ്ങളുടെ ഉത്പാദനം ആരംഭിച്ചു. അങ്ങനെ ചരിത്രത്തിലാദ്യമായി ചികിത്സാപരമായ ഗുണങ്ങളില്ലാത്ത സുഗന്ധദ്രവ്യങ്ങൾ വിപണിയിലെത്തി. ഇന്ന് സുഗന്ധദ്രവ്യ നിർമാണം കോടിക്കണക്കിനു രൂപയുടെ ഒരു ബിസിനസ്സാണ്. a(g02 2/8)
[അടിക്കുറിപ്പ്]
a സുഗന്ധദ്രവ്യങ്ങൾ മൂലമുള്ള അലർജിയെ കുറിച്ച് 2000 ആഗസ്റ്റ് 8 ലക്കം ഉണരുക! ചർച്ച ചെയ്തിരുന്നു.
[31-ാം പേജിലെ ചിത്രം]
ഈജിപ്ത്, തൂത്തൻഖാമന്റെ ശവകുടീരത്തിൽ കണ്ടെത്തിയ സുഗന്ധദ്രവ്യങ്ങൾ അടങ്ങിയ ഭരണി, പൊ.യു.മു. 14-ാം നൂറ്റാണ്ട്
[കടപ്പാട്]
Werner Forman/Egyptian Museum, Cairo, Egypt/Art Resource, NY
[31-ാം പേജിലെ ചിത്രം]
ഗ്രീസ്, പൊ.യു.മു. 5-ാം നൂറ്റാണ്ട്
[കടപ്പാട്]
Musée du Louvre, Paris
[31-ാം പേജിലെ ചിത്രം]
ഫ്രാൻസ്, പൊ.യു. 18-ാം നൂറ്റാണ്ട്
[കടപ്പാട്]
Avec lʹaimable autorisation du Musée de la Parfumerie Fragonard, Paris
[31-ാം പേജിലെ ചിത്രം]
ഒരു ആധുനിക സുഗന്ധദ്രവ്യ കുപ്പി