വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌കൂളിലുള്ള ആരെയെങ്കിലും കണ്ടുമുട്ടിയാലോ?

സ്‌കൂളിലുള്ള ആരെയെങ്കിലും കണ്ടുമുട്ടിയാലോ?

യുവജനങ്ങൾ ചോദിക്കുന്നു . . .

സ്‌കൂ​ളി​ലുള്ള ആരെ​യെ​ങ്കി​ലും കണ്ടുമു​ട്ടി​യാ​ലോ?

“തിങ്കളാഴ്‌ച സ്‌കൂ​ളിൽ പോകു​ന്നത്‌ എനി​ക്കെ​ന്നും ഒരു പേടി​സ്വ​പ്‌ന​മാ​യി​രു​ന്നു. കൂട്ടു​കാർ ആരെങ്കി​ലും എന്നെ കണ്ടിരു​ന്നെ​ങ്കിൽ, അവരോ​ടു പറയാൻ ഞാൻ വളരെ ആലോ​ചിച്ച്‌ ഓരോ​രോ കഥകൾ കെട്ടി​ച്ച​മ​യ്‌ക്കു​മാ​യി​രു​ന്നു. ലേബർ പാർട്ടി​ക്കു വേണ്ടി പണപ്പി​രി​വിന്‌ ഇറങ്ങി​യ​താ​ണെ​ന്നോ മറ്റോ ഞാൻ പറഞ്ഞു​പി​ടി​പ്പി​ക്കും.”

—ജെയിംസ്‌, ഇംഗ്ലണ്ട്‌.

“സ്‌കൂ​ളി​ലുള്ള ആരെങ്കി​ലും എന്നെ കണ്ടു പോയാൽ പിന്നെ തീർന്നു കഥ. അവരുടെ കളിയാ​ക്കൽ സഹിക്കാൻ പറ്റില്ലാ​യി​രു​ന്നു.”

—ഡിബോറ, ബ്രസീൽ.

കൂട്ടു​കാർ തങ്ങളെ കാണു​ന്ന​തി​നെ ഈ യുവജ​നങ്ങൾ ഇത്രയ​ധി​കം ഭയപ്പെ​ട്ടി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? അവർ എന്തെങ്കി​ലും നിയമ​വി​രുദ്ധ പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നോ? അല്ല, മറിച്ച്‌ അവർ ഇന്ന്‌ ഭൂമി​യിൽ ചെയ്യ​പ്പെ​ടുന്ന ഏറ്റവും ആദരണീ​യ​വും സുപ്ര​ധാ​ന​വു​മായ വേലയിൽ പങ്കെടു​ക്കു​ക​യാ​യി​രു​ന്നു. “ആകയാൽ നിങ്ങൾ പുറ​പ്പെട്ടു . . . ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ചതു ഒക്കെയും പ്രമാ​ണി​പ്പാൻ തക്കവണ്ണം ഉപദേ​ശി​ച്ചും​കൊ​ണ്ടു സകലജാ​തി​ക​ളെ​യും ശിഷ്യ​രാ​ക്കി​ക്കൊൾവിൻ” എന്ന യേശു​വി​ന്റെ കൽപ്പന അനുസ​രി​ച്ചു പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു അവർ.—മത്തായി 28:19, 20.

ഐക്യ​നാ​ടു​ക​ളിൽ നടത്തിയ ഒരു ‘ഗാലപ്പ്‌ സർവേ’ അനുസ​രിച്ച്‌ കൗമാ​ര​പ്രാ​യ​ക്കാ​രിൽ 90 ശതമാ​ന​ത്തി​ല​ധി​കം ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വ​രാണ്‌. പകുതി​യോ​ളം പേർ എല്ലാ ആഴ്‌ച​യും പള്ളിയിൽ പോകു​ന്നു. പല യുവജ​ന​ങ്ങ​ളും പള്ളിയി​ലെ ഗായക​സം​ഘ​ത്തിൽ ചേരു​ന്നതു പോ​ലെ​യുള്ള പള്ളിവക പരിപാ​ടി​ക​ളിൽ പങ്കെടു​ക്കു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും തങ്ങളുടെ സഹപാ​ഠി​ക​ളോ​ടു ദൈവത്തെ കുറിച്ചു സംസാ​രി​ക്കു​ന്നവർ ചുരു​ക്ക​മാണ്‌. എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ അങ്ങനെയല്ല. വീടു​തോ​റു​മുള്ള പ്രസംഗ പ്രവർത്ത​ന​ത്തിന്‌ അവർ ലോക​മെ​ങ്ങും പ്രസി​ദ്ധ​രാണ്‌. ആയിര​ക്ക​ണ​ക്കി​നു യുവ​പ്രാ​യ​ക്കാ​രും ഈ വേലയിൽ പങ്കുപ​റ്റു​ന്നു.

നിങ്ങൾ ഒരു യുവ സാക്ഷി​യാ​ണെ​ങ്കിൽ നിശ്ചയ​മാ​യും നിങ്ങൾ ഇപ്പോൾത്തന്നെ ഈ പ്രസംഗ പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്നുണ്ട്‌. എന്നാൽ അതു ചെയ്യു​ന്നത്‌ ഒരുപക്ഷേ നിങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം എളുപ്പ​മാ​യി​രി​ക്കില്ല. തുടക്ക​ത്തിൽ ഉദ്ധരിച്ച യുവജ​ന​ങ്ങളെ പോലെ, വീടു​തോ​റു​മുള്ള വേലയിൽ ഏർപ്പെ​ടവേ സ്‌കൂ​ളി​ലുള്ള ആരെ​യെ​ങ്കി​ലും കണ്ടുമു​ട്ടു​ന്നത്‌ നിങ്ങൾക്ക്‌ ഒരു പേടി​സ്വ​പ്‌നം ആയിരി​ക്കാം. ബ്രിട്ട​നി​ലുള്ള ജെന്നി എന്ന യുവ​പ്രാ​യ​ക്കാ​രി ഇങ്ങനെ സമ്മതിച്ചു പറയുന്നു: “സ്‌കൂ​ളിൽ പോകു​മ്പോ​ഴ​ത്തേ​തി​നെ​ക്കാൾ ടിപ്പ്‌ ടോപ്പിൽ വസ്‌ത്ര​വും ധരിച്ച്‌ കൈയിൽ ഒരു ബാഗു​മൊ​ക്കെ​യാ​യി ഞാൻ പോകു​ന്നത്‌ സ്‌കൂ​ളി​ലുള്ള ആരെങ്കി​ലും കാണു​ന്ന​തി​നെ​ക്കാൾ വലിയ നാണ​ക്കേട്‌ വേറെ ഇല്ലായി​രു​ന്നു.”

സ്‌കൂ​ളി​ലു​ള്ള ആരെങ്കി​ലും തന്നെ കാണു​മെന്ന അങ്ങേയ​റ്റത്തെ ഭയം നിമിത്തം ചില യുവ ക്രിസ്‌ത്യാ​നി​കൾ അവരുടെ കണ്ണിൽപ്പെ​ടാ​തി​രി​ക്കാ​നുള്ള മാർഗങ്ങൾ അവലം​ബി​ക്കു​ന്നു. ലിയോൺ എന്ന യുവാവു പറയുന്നു: “വയൽസേ​വ​ന​ത്തി​നു പോകു​മ്പോൾ തലയുടെ മുകളി​ലൂ​ടെ വലിച്ചി​ടാ​വുന്ന ഒരുതരം ജാക്കറ്റ്‌ ധരിക്കുന്ന ഒരു കുട്ടിയെ എനിക്ക്‌ അറിയാം. സ്‌കൂ​ളി​ലെ കൂട്ടു​കാ​രെ ആരെ​യെ​ങ്കി​ലും കണ്ടാലു​ടനെ അവൻ അതു​കൊണ്ട്‌ തന്റെ മുഖം മറയ്‌ക്കും.” മറ്റു ചില യുവജ​നങ്ങൾ ചില സ്ഥലങ്ങളിൽ സാക്ഷീ​ക​രി​ക്കു​ന്ന​തിൽനി​ന്നു വിട്ടു​നിൽക്കു​ന്നു. സൈമൺ എന്ന യുവാവ്‌ ഇപ്രകാ​രം പറയുന്നു: “ഒരു പ്രത്യേക പ്രദേ​ശത്തു പ്രവർത്തി​ക്കേണ്ടി വരരുതേ എന്നു പ്രാർഥി​ച്ചി​ട്ടു​ള്ളത്‌ ഞാൻ ഓർക്കു​ന്നു. കാരണം അവിടെ എന്റെ സ്‌കൂ​ളി​ലുള്ള പലരും താമസി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു.”

പ്രസംഗ പ്രവർത്ത​ന​ത്തി​ലാ​യി​രി​ക്കെ, പരിച​യ​ക്കാ​രെ ആരെ​യെ​ങ്കി​ലും കണ്ടാൽ സ്വാഭാ​വി​ക​മാ​യും അൽപ്പം ചമ്മൽ തോന്നി​യേ​ക്കാം. എന്നാൽ ആ ഭയം നിങ്ങളെ കീഴട​ക്കാൻ അനുവ​ദി​ക്കു​ന്നെ​ങ്കിൽ അതു നിങ്ങൾക്കു ദോഷം ചെയ്യും. ജർമൻ യുവതി​യായ ആലിസ പറയുന്നു: “പ്രസംഗ പ്രവർത്ത​നത്തെ കുറിച്ച്‌ വളരെ മോശ​മായ ഒരു മനോ​ഭാ​വ​മാണ്‌ എനിക്ക്‌ ഉണ്ടായി​രു​ന്നത്‌. അത്‌ എന്റെ ആത്മീയ​തയെ പ്രതി​കൂ​ല​മാ​യി ബാധിച്ചു.”

എന്നാൽ നിങ്ങൾ പ്രസം​ഗി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌—പ്രത്യേ​കി​ച്ചും, അതു നിങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇത്രയും ബുദ്ധി​മു​ട്ടാ​യി​രി​ക്കുന്ന സ്ഥിതിക്ക്‌? ഉത്തരമെന്ന നിലയിൽ, ദൈവം നിങ്ങളു​ടെ​മേൽ ഈ കടമ വെച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു നമുക്കു പരി​ശോ​ധി​ക്കാം. പിന്നെ, ശ്രമവും നിശ്ചയ​ദാർഢ്യ​വും ഭയത്തെ തരണം ചെയ്യാൻ നിങ്ങളെ എങ്ങനെ സഹായി​ക്കു​മെ​ന്നും.

പ്രസം​ഗി​ക്കാ​നുള്ള കടമ

ഒന്നാമ​താ​യി, നിങ്ങളു​ടെ വിശ്വാ​സം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്ന​തിൽ പുതി​യ​തോ അസാധാ​ര​ണ​മോ ആയ ഒന്നുമി​ല്ലെന്ന വസ്‌തുത മനസ്സി​ലാ​ക്കു​ന്നതു സഹായ​ക​മാ​യി​രു​ന്നേ​ക്കും. പുരാതന കാലം മുതൽ ദൈവ​ഭ​യ​മുള്ള സ്‌ത്രീ​പു​രു​ഷ​ന്മാർ അങ്ങനെ ചെയ്‌തി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു കൂറ്റൻ പെട്ടകം നിർമിച്ച വ്യക്തി എന്ന നിലയി​ലാണ്‌ നോഹ പരക്കെ അറിയ​പ്പെ​ടു​ന്നത്‌. (ഉല്‌പത്തി 6:14-16) എന്നാൽ 2 പത്രൊസ്‌ 2:5 അനുസ​രിച്ച്‌, അവൻ ഒരു ‘നീതി​പ്ര​സം​ഗി​യും’ കൂടെ ആയിരു​ന്നു. ആസന്നമായ നാശത്തെ കുറിച്ചു മറ്റുള്ള​വർക്കു മുന്നറി​യി​പ്പു നൽകാ​നുള്ള കടമ തനിക്ക്‌ ഉണ്ടെന്നു നോഹ​യ്‌ക്കു തോന്നി.—മത്തായി 24:37-39.

പിന്നീട്‌, യഹൂ​ദേ​ത​ര​രോ​ടു പ്രസം​ഗി​ക്കാ​നുള്ള പ്രത്യേക കൽപ്പന​യൊ​ന്നും ഇല്ലാഞ്ഞി​ട്ടും യഹൂദ​ന്മാ​രിൽ പലരും തങ്ങളുടെ വിശ്വാ​സം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ച്ച​താ​യി കാണാം. വിജാ​തീയ സ്‌ത്രീ​യായ രൂത്ത്‌ യഹോ​വയെ കുറിച്ച്‌ അറിയാ​നി​ട​യാ​യത്‌ അങ്ങനെ​യാണ്‌. അവൾ യഹൂദ​സ്‌ത്രീ​യായ തന്റെ അമ്മായി​യമ്മ നൊ​വൊ​മി​യോ​ടുള്ള നന്ദി നിമിത്തം ഇപ്രകാ​രം പറഞ്ഞു: “നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത്‌ 1:16) പല വിജാ​തീ​യ​രും യഹോ​വ​യു​ടെ “മഹത്വ​മുള്ള നാമത്തെ” കുറിച്ചു കേൾക്കാൻ ഇടയാ​കു​ക​യും അവനെ ആരാധി​ക്കാൻ അവന്റെ ആലയത്തി​ലേക്കു വരിക​യും ചെയ്യു​മെന്ന്‌ പിന്നീട്‌ ശലോ​മോൻ രാജാവ്‌ സൂചി​പ്പി​ക്കു​ക​യു​ണ്ടാ​യി.—1 രാജാ​ക്ക​ന്മാർ 8:41, 42.

നേരി​ട്ടു​ള്ള കൽപ്പന​യൊ​ന്നും ഇല്ലാഞ്ഞി​ട്ടു കൂടി ഈ പുരാതന ദൈവ​ദാ​സർ മറ്റുള്ള​വ​രോ​ടു തങ്ങളുടെ വിശ്വാ​സത്തെ കുറിച്ചു സംസാ​രി​ച്ചെ​ങ്കിൽ ഇന്ന്‌ ക്രിസ്‌ത്യാ​നി​കൾക്കു പ്രസം​ഗി​ക്കാൻ എത്ര വലിയ കടപ്പാടു തോ​ന്നേ​ണ്ട​താണ്‌! കാരണം, “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം” പ്രസം​ഗി​ക്കാ​നുള്ള കൽപ്പന നമുക്കു ലഭിച്ചി​രി​ക്കു​ന്നു. (മത്തായി 24:14) അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​നെ പോലെ സുവാർത്ത പ്രസം​ഗി​ക്കാ​നുള്ള നിർബന്ധം നമ്മുടെ മേലുണ്ട്‌. (1 കൊരി​ന്ത്യർ 9:16) നമ്മുടെ രക്ഷ അതിനെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. റോമർ 10:9, 10 പറയുന്നു: ‘യേശു​വി​നെ കർത്താവു എന്നു വായി​കൊ​ണ്ടു ഏററു​പ​റ​ഞ്ഞാൽ നീ രക്ഷിക്ക​പ്പെ​ടും. ഹൃദയം​കൊ​ണ്ടു നീതി​ക്കാ​യി വിശ്വ​സി​ക്ക​യും വായി​കൊ​ണ്ടു രക്ഷെക്കാ​യി ഏററു​പ​റ​ക​യും ചെയ്യുന്നു.’

ഈ ‘ഏറ്റുപ​റ​ച്ചിൽ’ നിങ്ങൾക്ക്‌ എങ്ങനെ​യാ​ണു ചെയ്യാൻ കഴിയുക? അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​ത്തിന്‌ അതിന്റെ സ്ഥാനം ഉണ്ടെങ്കി​ലും വീടു​തോ​റു​മുള്ള വേല ഇപ്പോ​ഴും മറ്റുള്ള​വ​രു​ടെ അടുക്കൽ സുവാർത്ത എത്തിക്കു​ന്ന​തി​നുള്ള ഏറ്റവും ഫലപ്ര​ദ​മായ മാർഗ​ങ്ങ​ളിൽ ഒന്നാണ്‌. (പ്രവൃ​ത്തി​കൾ 5:42; 20:20) പ്രായം കുറവാ​ണെന്ന കാരണ​ത്താൽ ഈ വേലയിൽ പങ്കുപ​റ്റു​ന്ന​തിൽനി​ന്നു നിങ്ങൾ ഒഴിവു​ള്ള​വ​രാ​ണോ? അല്ല. സങ്കീർത്തനം 148:12, 13-ൽ ബൈബിൾ ഇങ്ങനെ കൽപ്പി​ക്കു​ന്നു: “യുവാ​ക്ക​ളും യുവതി​ക​ളും, വൃദ്ധന്മാ​രും ബാലന്മാ​രും, ഇവരൊ​ക്ക​യും യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കട്ടെ.”

സഹപാ​ഠി​ക​ളോ​ടു സാക്ഷീ​ക​രി​ക്കുക എന്ന വെല്ലു​വി​ളി

ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോൾ സ്‌കൂ​ളി​ലുള്ള ആരെ​യെ​ങ്കി​ലും കണ്ടുമു​ട്ടു​ന്നത്‌ ചമ്മലും അസ്വസ്ഥ​ത​യും ഉളവാ​ക്കി​യേ​ക്കാം എന്നതു ശരിയാണ്‌. സ്വാഭാ​വി​ക​മാ​യും നാമെ​ല്ലാം മറ്റുള്ള​വ​രാൽ അംഗീ​ക​രി​ക്ക​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്നു. തന്നെ ആരെങ്കി​ലും കളിയാ​ക്കാ​നോ അവഹേ​ളി​ക്കാ​നോ ആക്ഷേപി​ക്കാ​നോ ഒന്നും ആരും ആഗ്രഹി​ക്കു​ക​യില്ല. ടാന്യ എന്ന പെൺകു​ട്ടി പറയുന്നു: “സ്‌കൂ​ളി​ലെ കുട്ടി​കൾക്ക്‌ എത്ര ക്രൂര​മാ​യി പെരു​മാ​റാൻ ആകു​മെ​ന്നോ!” അതു​കൊണ്ട്‌, നല്ല വസ്‌ത്ര​മൊ​ക്കെ​യിട്ട്‌ കൈയിൽ ബൈബി​ളും പിടി​ച്ചു​കൊണ്ട്‌ നിങ്ങളെ കണ്ടാൽ സ്‌കൂ​ളി​ലെ കുട്ടികൾ എന്തു വിചാ​രി​ക്കും എന്നു നിങ്ങൾ സ്വാഭാ​വി​ക​മാ​യും ചിന്തി​ച്ചേ​ക്കാം. ദുഃഖ​ക​ര​മെന്നു പറയട്ടെ, അവർ നിങ്ങളെ കളിയാ​ക്കാ​നുള്ള സകല സാധ്യ​ത​യും ഉണ്ട്‌. ബ്രസീ​ലി​ലെ ഫിലിപ്പി എന്നു പേരുള്ള ഒരു യുവാവ്‌ തന്റെ അനുഭവം അനുസ്‌മ​രി​ക്കു​ന്നു: “ഞങ്ങളുടെ അതേ കെട്ടി​ട​ത്തിൽ എന്റെ ക്ലാസ്സിലെ ഒരു കുട്ടി താമസി​ച്ചി​രു​ന്നു. അവൻ പറയു​മാ​യി​രു​ന്നു, ‘എത്തിയ​ല്ലോ, ബൈബി​ളും തൂക്കി​ക്കൊണ്ട്‌! ആ പെട്ടി​ക്ക​കത്ത്‌ എന്താണാ​വോ?’”

അത്തരം കളിയാ​ക്ക​ലി​നു പാത്ര​മാ​കുക എന്നതു തീർച്ച​യാ​യും തമാശയല്ല. അബ്രാ​ഹാ​മി​ന്റെ പുത്ര​നായ ഇസ്‌ഹാ​ക്കിന്‌ തന്റെ അർധ സഹോ​ദ​ര​നായ ഇശ്‌മാ​യേ​ലിൽ നിന്നുള്ള ക്രൂര​മായ പരിഹാ​സം സഹി​ക്കേണ്ടി വന്നതായി ബൈബിൾ പറയുന്നു. (ഉല്‌പത്തി 21:9) ഈ ദുഷ്‌പെ​രു​മാ​റ്റത്തെ ഒരു നിസ്സാര സംഗതി​യാ​യി​ട്ടല്ല അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ കണ്ടത്‌. ഗലാത്യർ 4:29-ൽ അപ്പൊ​സ്‌തലൻ ഉചിത​മാ​യി​ത്തന്നെ അതിനെ ‘ഉപദ്രവം’ എന്നു വിളിച്ചു.

സമാന​മാ​യി, ചിലർ തന്റെ അനുഗാ​മി​ക​ളോ​ടു ശത്രുത മനോ​ഭാ​വം പ്രകട​മാ​ക്കു​മെന്ന മുന്നറി​യിപ്പ്‌ യേശു നൽകി. അവൻ പറഞ്ഞു: “ലോകം നിങ്ങളെ പകെക്കു​ന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചി​രി​ക്കു​ന്നു എന്നു അറിവിൻ. നിങ്ങൾ ലോക​ക്കാർ ആയിരു​ന്നു എങ്കിൽ ലോകം തനിക്കു സ്വന്തമാ​യ​തി​നെ സ്‌നേ​ഹി​ക്കു​മാ​യി​രു​ന്നു; എന്നാൽ നിങ്ങൾ ലോക​ക്കാ​രാ​യി​രി​ക്കാ​തെ ഞാൻ നിങ്ങളെ ലോക​ത്തിൽനി​ന്നു തിര​ഞ്ഞെ​ടു​ത്ത​തു​കൊ​ണ്ടു ലോകം നിങ്ങളെ പകെക്കു​ന്നു.”—യോഹ​ന്നാൻ 15:18, 19.

അതു​കൊണ്ട്‌, ഒരു ക്രിസ്‌ത്യാ​നി​യെന്ന നിലയിൽ ഉപദ്രവം സഹിക്കാൻ നിങ്ങൾ ഒരുക്ക​മു​ള്ളവർ ആയിരി​ക്കണം. (2 തിമൊ​ഥെ​യൊസ്‌ 3:12) ബൈബി​ളി​നെ കുറിച്ചു സഹപാ​ഠി​ക​ളോട്‌ ഒരിക്ക​ലും സംസാ​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും നിങ്ങൾ പെരു​മാ​റ്റം സംബന്ധിച്ച ഉയർന്ന നിലവാ​രങ്ങൾ പാലി​ക്കു​ന്ന​തി​നാ​ലും വികൃ​തി​കൾ കാണി​ക്കാൻ അവരോ​ടൊ​പ്പം ചേരാ​ത്ത​തി​നാ​ലും അവരിൽ ചിലർ നിങ്ങളെ ഉപദ്ര​വി​ച്ചേ​ക്കാം. (1 പത്രൊസ്‌ 4:4) എന്നിരു​ന്നാ​ലും യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ ആശ്വാ​സ​ദാ​യ​ക​മാണ്‌. അവൻ പറഞ്ഞു: “എന്റെ നിമിത്തം നിങ്ങളെ പഴിക്ക​യും ഉപദ്ര​വി​ക്ക​യും നിങ്ങ​ളെ​ക്കൊ​ണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യു​മ്പോൾ നിങ്ങൾ ഭാഗ്യ​വാ​ന്മാർ [“സന്തുഷ്ടർ,” NW].” (മത്തായി 5:11) കളിയാ​ക്ക​ലി​നും അവഹേ​ള​ന​ത്തി​നു​മൊ​ക്കെ നിങ്ങളെ സന്തുഷ്ട​രാ​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾ യഹോ​വ​യാം ദൈവ​ത്തി​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ക​യാ​ണെന്നു നിങ്ങൾക്ക്‌ അറിയാം! (സദൃശ​വാ​ക്യ​ങ്ങൾ 27:11) ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​മ്പോൾ നിങ്ങൾ നിത്യ​ജീ​വ​നാ​കുന്ന സമ്മാനം നേടാ​നു​ള്ള​വ​രു​ടെ നിരയി​ലേക്കു വരിക​യാണ്‌!—ലൂക്കൊസ്‌ 10:25-28.

സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, ശുശ്രൂ​ഷ​യിൽ നിങ്ങൾ കണ്ടുമു​ട്ടുന്ന നിങ്ങളു​ടെ സ്‌കൂ​ളി​ലെ എല്ലാവ​രു​മൊ​ന്നും—ബഹുഭൂ​രി​പ​ക്ഷ​വും—നിങ്ങ​ളോ​ടു ശത്രു​ത​യോ​ടെ പെരു​മാ​റാൻ ഇടയില്ല. ബ്രിട്ട​നിൽ നിന്നുള്ള ആഞ്ചെല നമ്മെ ഇങ്ങനെ ഓർമി​പ്പി​ക്കു​ന്നു: “സ്‌കൂ​ളി​ലെ കുട്ടി​കളെ വീടു​തോ​റു​മുള്ള സാക്ഷീ​ക​ര​ണ​ത്തി​നി​ട​യിൽ കണ്ടുമു​ട്ടു​മ്പോൾ പലപ്പോ​ഴും നിങ്ങ​ളെ​ക്കാൾ അസ്വസ്ഥത അനുഭ​വ​പ്പെ​ടു​ന്നത്‌ അവർക്കാണ്‌!” ചിലർക്കാ​ണെ​ങ്കിൽ നിങ്ങൾ എന്താണു പറയു​ന്നത്‌ എന്നറി​യാൻ ജിജ്ഞാസ ഉണ്ടായി​രി​ക്കും. എന്തായി​രു​ന്നാ​ലും പല യുവ ക്രിസ്‌ത്യാ​നി​കൾക്കും തങ്ങളുടെ സഹപാ​ഠി​ക​ളോ​ടു സാക്ഷീ​ക​രി​ക്കു​ന്ന​തിൽ വലിയ വിജയം കൈവ​രി​ക്കാൻ സാധി​ച്ചി​ട്ടുണ്ട്‌. നിങ്ങൾക്കും അതിനു കഴിയുന്ന ചില വിധങ്ങൾ ഈ പരമ്പര​യി​ലെ അടുത്ത ലേഖനം ചർച്ച ചെയ്യും. (g02 2/22)

[23-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ ആയിരി​ക്കെ ഏതെങ്കി​ലും സഹപാ​ഠി​യെ കണ്ടുമു​ട്ടി​യേ​ക്കു​മോ എന്നു പല യുവജ​ന​ങ്ങ​ളും ഭയപ്പെ​ടു​ന്നു

[25-ാം പേജിലെ ചിത്രം]

നിങ്ങളുടെ വിശ്വാ​സം സംബന്ധി​ച്ചു ലജ്ജ തോന്നാൻ കളിയാ​ക്ക​ലി​നെ ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌