കാറ്റിനൊപ്പം
കാറ്റിനൊപ്പം
കാനഡയിലെ ഉണരുക! ലേഖകൻ
“കുറച്ചു തുണിയും കയറും എനിക്കു തരൂ, ലോകത്തെ അമ്പരപ്പിക്കുന്ന ഒന്നു ഞാൻ നിങ്ങളെ കാണിക്കാം!”—ജോസഫ്-മിഷെൽ മോണ്ട്ഗോൾഫിയർ, 1782.
വൂഷ്! വർണഭംഗിയാർന്ന ആ ഗോളാകാര സഞ്ചിയിലേക്കു തീജ്വാല ഉയർന്നപ്പോൾ അതു മെല്ലെ ആകാശത്തേക്ക് ഉയരാൻ തുടങ്ങി. മനോഹരമായ, മഴവിൽവർണത്തിലുള്ള ഒരു ഗോളാകാര സഞ്ചിയിൽ തൂങ്ങി സഞ്ചരിക്കുന്നത് ആവേശകരമാണ്, ഒപ്പം ജീവിതത്തിരക്കിൽനിന്ന് അൽപ്പം ആശ്വാസവും. ഉഷ്ണവായു നിറച്ച ബലൂണിൽ സഞ്ചരിച്ചു നല്ല പരിചയമുള്ള ഒരാൾ പറഞ്ഞു: “അതു ശാന്തമാണ്, ഒപ്പം ആവേശകരവും.”
മോണ്ട്ഗോൾഫിയർ സഹോദരന്മാർ—ജോസഫ്-മിഷെലും ഷാക്ക് എയ്റ്റ്യെനും—1780-കളുടെ തുടക്കത്തിൽ ആദ്യമായി വിജയപ്രദമായി ബലൂൺ പറത്തിയതിൽപ്പിന്നെ, ബലൂൺ സഞ്ചാരം മനുഷ്യനെ ആവേശം കൊള്ളിച്ചിട്ടുണ്ട്. (താഴത്തെ ചതുരം കാണുക.) എന്നാൽ, അഗ്നിരോധക തുണിയും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ രീതിയിലൂടെ പ്രൊപ്പെയ്ൻ എന്ന ഇന്ധനം കത്തിച്ച് ബലൂണിനകം ചൂടാക്കാനും താപനില നിയന്ത്രിക്കാനുമുള്ള സംവിധാനവും നിലവിൽ വന്ന 1960-കൾ മുതൽ മാത്രമാണ് ബലൂൺ സഞ്ചാരം ആളുകളെ ഹരം പിടിപ്പിക്കുന്ന ഒരു വിനോദമായി മാറിയത്.
അടുത്ത വീക്ഷണം
മനോഹരമായ ബലൂൺ അടുത്തു നിരീക്ഷിച്ചാൽ, വർണഭംഗിയാർന്ന നീണ്ട തുണിക്കഷണങ്ങൾ ചേർത്തുവെച്ച് മുകളിൽനിന്നു താഴെവരെ അവ നീളത്തോടു നീളം തുന്നിച്ചേർത്തിരിക്കുന്നതായി കാണാം. വായു നിറച്ചുകഴിയുമ്പോൾ, ചില ബലൂണുകൾക്ക് 50 അടി വീതിയും 80-ലധികം അടി ഉയരവും കാണും.
ബലൂൺ സഞ്ചാരികൾ തങ്ങളുടെ ഭാവനയ്ക്കൊത്ത് വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലുമുള്ള ബലൂണുകൾ രൂപസംവിധാനം ചെയ്യുന്നു. അതിൽ, മൃഗങ്ങളുടെയും കുപ്പികളുടെയും കോമാളികളുടെയും ഒക്കെ ആകൃതിയിലുള്ള ബലൂണുകൾ ഉണ്ടാകാം. ആകൃതി എന്തായിരുന്നാലും, ആകാശത്തിലെ ഈ നിശ്ശബ്ദ വാഹനങ്ങൾ പറപ്പിക്കുന്നതിലെ തത്ത്വങ്ങൾക്കു മാറ്റമില്ല.
കടുപ്പമുള്ള വസ്തുക്കൾകൊണ്ടു നെയ്തെടുത്ത, ഭാരം കുറഞ്ഞ ഒരു കൂടയിലാണ് പൈലറ്റും യാത്രക്കാരും ഇരിക്കുന്നത്. കേബിൾകൊണ്ട് ബലൂണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ കൂട ബലൂണിന്റെ വായ്ക്ക് നേരെ കീഴിലായി സ്ഥാപിച്ചിരിക്കുന്നു. ചില കൂടകൾ ഉണ്ടാക്കുന്നത് അലൂമിനിയം കൊണ്ടാണ്. ബലൂണിന്റെ വായ്ക്ക് തൊട്ടു താഴെയായി ഇന്ധനം കത്തിക്കുന്ന ബർണറും അതു നിയന്ത്രിക്കുന്ന ഉപകരണവും ലോഹംകൊണ്ടുള്ള ഒരു തട്ടിൽ
ഉറപ്പിച്ചിട്ടുണ്ട്. ഇന്ധന ടാങ്കുകൾ കൂടയ്ക്കകത്താണു സ്ഥാപിച്ചിരിക്കുന്നത്.ഉയർന്നുപൊങ്ങാൻ തയ്യാറെടുക്കുക
ഒരു വിമാനത്തിനു പറന്നുയരാൻ നല്ല നീളമുള്ള ഒരു റൺവേ ആവശ്യമാണ്. എന്നാൽ, ചൂടു വായു നിറച്ച ബലൂണിന് ഉയരാൻ തുറസ്സായ ചെറിയ ഒരു പ്രദേശം മതി. തലയ്ക്കു മുകളിൽ സമീപത്തെങ്ങും തടസ്സങ്ങളില്ലെന്ന് ഉറപ്പു വരുത്തുന്നതു വളരെ പ്രധാനമാണ്. ഈ നിശ്ശബ്ദ വാഹനത്തിൽ യാത്ര ചെയ്യാൻ നിങ്ങൾക്ക് ആകാംക്ഷയായോ? കൂടയിലേക്കു കയറുന്നതിനു മുമ്പ് ചില പ്രാഥമിക പടികൾ സ്വീകരിക്കേണ്ടതുണ്ട്.
ഒന്നാമത്, കൂടയുടെ ഏതു ദിശയിലേക്കാണോ കാറ്റിന്റെ ഗതി, ആ ദിശയിൽ വായൂരഹിത ബലൂൺ നിലത്തു നിവർത്തിയിടുന്നു. കൂട ബലൂണിന്റെ ഒരു വശത്തായി വരത്തക്കവിധം വേണം വെക്കാൻ. അതിനുശേഷം, മോട്ടോർ ഘടിപ്പിച്ച നല്ല വലിപ്പമുള്ള ഒരു ഫാൻ ഉപയോഗിച്ച് ബലൂണിന്റെ വായിലേക്കു വായു അടിച്ചുകയറ്റുന്നു. തുടർന്ന്, ബലൂൺ ഉയർന്ന് കൂട ലംബമായി നിൽക്കുന്ന അളവോളം ബലൂണിലേക്കു ചൂടുവായു അടിക്കുന്നു. അതു കഴിഞ്ഞ് ഉപകരണ-സംവിധാനങ്ങളെല്ലാം അവസാനമായി ഒന്നുകൂടെ പരിശോധിക്കുകയായി. ഇതിൽ ഇന്ധന കണക്ഷനുകൾ പരിശോധിക്കുന്നതും ബലൂണിന്റെ വായൂനിർഗമനത്തെ നിയന്ത്രിക്കുന്ന കയറുകളും അതുപോലെ വീർത്ത ബലൂണിൽനിന്നു വായുനിർഗമനത്തെ നിയന്ത്രിക്കുന്ന കയറുകളും കൂടയിലേക്ക് എത്തിയിരിക്കുന്നു എന്ന് ഉറപ്പാക്കുന്നതും ഉൾപ്പെടുന്നു. ഇത്രയും ചെയ്തുകഴിയുമ്പോൾ യാത്രക്കാരെയുംകൊണ്ട് ഉയരാൻ പൈലറ്റ് റെഡിയാണ്. ചില ബലൂൺ സഞ്ചാരികൾ ഒരു റേഡിയോ ട്രാൻസ്മിറ്റർ കരുതുകയും താഴെയിറങ്ങിക്കഴിയുമ്പോൾ ബലൂണും അതുപോലെ യാത്രക്കാരെയും തിരികെ കൊണ്ടുവരാൻ ബലൂണിന്റെ പിന്നാലെ നിലത്തുകൂടി ഒരു വാഹനത്തിൽ പോകുന്നവരുമായി നിരന്തര സമ്പർക്കം പുലർത്തുകയും ചെയ്യുന്നു.
കാറ്റിനൊപ്പം
നാട്ടിൻപുറങ്ങൾക്കു മുകളിലൂടെ ശാന്തമായി തെന്നിനീങ്ങാനും താഴെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും കഴിയുമാറ് മിക്ക ബലൂൺ സഞ്ചാരികൾക്കും 100 മീറ്ററിൽ കുറഞ്ഞ ഉയരമാണ് ഏറെ പ്രിയം. താഴെയുള്ള ആളുകൾ ചിരിക്കുന്നതും ഒച്ചവെക്കുന്നതുമൊക്കെ ആ ഉയരത്തിൽനിന്നു കേൾക്കാനാകും. നിലത്തുനിന്നുള്ള കാഴ്ചയും മനോഹരമാണ്, മൃദുവായ കാറ്റിൽ തെന്നിനീങ്ങുന്ന അപ്പൂപ്പൻതാടി പോലെ തോന്നിക്കും ഈ ബലൂണുകൾ. പതിവായി 600-ഓ അതിൽ കൂടുതലോ മീറ്റർ ഉയരത്തിലേക്കു പോകുന്നവരും ഉണ്ട്. എന്നാൽ, പ്രാണവായു കരുതാതെ 3,000 മീറ്ററിലധികം ഉയരത്തിലേക്കു പോകുന്നത് അഭികാമ്യമല്ല.—“വളരെ ഉയരത്തിലുള്ള പറക്കൽ” എന്ന ചതുരം കാണുക.
മുകളിൽ എത്തിയാൽപ്പിന്നെ എങ്ങനെയാണു താഴെ ഇറങ്ങുക? ഗുരുത്വാകർഷണത്താൽ. ബലൂണിന്റെ വായ്ഭാഗത്തുനിന്നുള്ള ഒരു കയറിൽ പിടിച്ചു വലിച്ച് അൽപ്പാൽപ്പമായി അതിനകത്തെ ചൂടുവായു പുറത്തുവിട്ടുകൊണ്ട് ബലൂണിന്റെ താഴേക്കുള്ള വരവിനെ നിങ്ങൾക്കു നിയന്ത്രിക്കാൻ കഴിയും. എന്നാൽ, തിരശ്ചീനമായ സഞ്ചാരം അതുപോലെയല്ല. ഇതിൽ പൈലറ്റിന് ചുറ്റുമുള്ള അവസ്ഥകളെ ആശ്രയിക്കേണ്ടിവരുന്നു. “ഓരോ പറക്കലും വ്യത്യസ്തമാണ്, കാരണം സഞ്ചാരഗതിയും വേഗവും നിർണയിക്കുന്നതു കാറ്റാണ്,” അനുഭവസമ്പന്നനായ ഒരു ബലൂൺ സഞ്ചാരി പറയുന്നു. അന്തരീക്ഷത്തിലെ ഭിന്ന തലങ്ങളിലുള്ള വായൂപ്രവാഹത്തിന് ബലൂണിന്റെ വേഗത്തിനും സഞ്ചാരദിശയ്ക്കും മാറ്റം വരുത്താനാകും. ഭൗമോപരിതലത്തിൽനിന്ന് 100 മീറ്റർ ഉയരത്തിൽ കാറ്റ് ഒരു ദിശയിലേക്കും 200 മീറ്റർ ഉയരത്തിൽ അതു മറ്റൊരു ദിശയിലേക്കും ആയിരിക്കുന്നത് അസാധാരണമല്ല.
കാറ്റിന്റെ വേഗത്തിൽ ബലൂൺ സഞ്ചരിക്കുന്നതിനാൽ, നിങ്ങൾ നിശ്ചലം തൂങ്ങി കിടക്കുകയാണെന്നും കീഴെ ഭൂമി തിരിഞ്ഞുകൊണ്ടിരിക്കുകയാണെന്നും തോന്നും. “ബലൂൺ സഞ്ചാരികൾ കാറ്റിന്റെ അതേ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ, അവർ ഒരു ഭൂപടം നിവർത്തിപ്പിടിച്ചാൽ അതു പറന്നുപോകില്ല,” സ്മിത്ത്സോണിയൻ മാസിക പറയുന്നു.
പറക്കുന്നതിൽ പരിചയം നേടൽ
പറക്കാൻ ഏറ്റവും പറ്റിയ സമയം വായുചലനം ഏറ്റവും കുറഞ്ഞിരിക്കുമ്പോഴാണ്. സാധാരണഗതിയിൽ ഇതു സൂര്യോദയം കഴിഞ്ഞ് അധികം താമസിയാതെയോ സൂര്യാസ്തമയത്തിനു തൊട്ടുമുമ്പോ ആയിരിക്കും. പ്രഭാതങ്ങളാണ് ഏറ്റവും അനുയോജ്യം. കാരണം, സാധാരണഗതിയിൽ അന്തരീക്ഷത്തിനു തണുപ്പു കൂടുതലായിരിക്കുമെന്നതിനാൽ ബലൂൺ ഉയർന്നുപോകാൻ എളുപ്പമാണ്. വൈകുന്നേരം പറക്കുന്നത് വെളിച്ചക്കുറവ് മൂലമുള്ള പ്രശ്നങ്ങൾക്കു കാരണമായേക്കാം.
വളരെക്കാലംകൊണ്ടേ ബലൂൺ സഞ്ചാരത്തിൽ വേണ്ടത്ര പരിചയം ലഭിക്കൂ. അഭികാമ്യമായ ദിശയിൽ സഞ്ചരിക്കുന്ന ഒരു വായൂപിണ്ഡം കണ്ടെത്തി അതിനുള്ളിൽ നിൽക്കുക എന്നതാണ് പ്രധാന സംഗതി. നല്ല അനുഭവപരിചയമുള്ള
ബലൂൺ സഞ്ചാരികൾ ‘സ്റ്റെയർ-സ്റ്റെപ്പിങ്’ എന്നു വിളിക്കപ്പെടുന്ന ഒന്നിൽ വൈദഗ്ധ്യം നേടുന്നു. അവർ ഒരു നിശ്ചിത ഉയരത്തിലെത്തി ബലൂണിനെ സ്ഥിരമാക്കി നിറുത്തുന്നു. തുടർന്ന് ബർണർ കത്തിക്കുമ്പോൾ ചൂടാകുന്ന വായു ബലൂണിന്റെ ഏറ്റവും മുകളിലേക്ക് ഉയരും. അങ്ങനെ ബലൂണിനെ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കുന്നു.പൈലറ്റിനു ബലൂണിന്റെ നിയന്ത്രണം കൈവിട്ടു പോകാതിരിക്കാൻ ഉചിതമായ സമയങ്ങളിൽ ബർണർ കത്തിക്കുകയും നിതാന്ത ശ്രദ്ധ പുലർത്തുകയും ചെയ്യുന്നത് അനിവാര്യമാണ്. അൽപ്പം ശ്രദ്ധക്കുറവു മതി ബലൂൺ അപ്രതീക്ഷിതമായി താഴേക്കു പോരാൻ. താപത്തിന്റെ ഉറവ് ബലൂണിന്റെ മുകൾഭാഗത്തുനിന്ന് 50-60 അടി താഴെയായതിനാൽ ബർണർ ഉപയോഗിച്ച് ചൂടാക്കുമ്പോൾ ബലൂൺ മുകളിലേക്ക് ഉയരാൻ 15 മുതൽ 30 വരെ സെക്കൻഡ് എടുക്കുമെന്നും ജാഗ്രതയുള്ള ഒരു പൈലറ്റ് ഓർത്തിരിക്കും.
നിലത്തിറങ്ങുന്നത് വളരെ ആവേശകരമായിരിക്കാൻ കഴിയും, പ്രത്യേകിച്ചും നല്ല കാറ്റുള്ളപ്പോൾ പരിമിതമായ ഒരു ഇടത്ത് ഇറങ്ങേണ്ടിവരുന്നത്! ഒരു ബലൂൺ സഞ്ചാര വിദഗ്ധൻ പറയുന്നു, അത്തരം സാഹചര്യങ്ങളിൽ “വേഗത്തിൽ നല്ല ഒരു സ്ഥാനത്ത് ഇടിച്ചിറങ്ങുന്നതാണ് മെല്ലെ ഇറങ്ങുമ്പോൾ മൃഗശാലയിലെ ഒരു സിംഹക്കൂട്ടിൽ ചെന്നു പെടുന്നതിനെക്കാൾ മെച്ചം.” എന്നാൽ, കാറ്റിന്റെ ഗതി അനുകൂലമായിരിക്കുമ്പോൾ സാവധാനം ഇറങ്ങാവുന്നതാണ്.
ബലൂൺ സഞ്ചാരവേഗ മത്സരങ്ങളിലും റാലികളിലും ഉത്സവങ്ങളിലുമൊക്കെ നിരവധി പേർ പങ്കെടുക്കുകയും മറ്റുള്ളവർ വെറും ഹരത്തിനായി ഇതിൽ ഏർപ്പെടുകയും ചെയ്യവേ, ചൂടുവായു നിറച്ച ബലൂണുകളിൽ വിനോദാർഥമുള്ള സഞ്ചാരം തീർച്ചയായും തുടർന്നുപോരുകതന്നെ ചെയ്യും. (g02 3/8)
[16, 17 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ബലൂൺ പറക്കലിന്റെ ആദ്യകാല ചരിത്രം
ഫ്രാൻസിലെ ആനോനേയിലെ ഒരു സമ്പന്ന കടലാസ് നിർമാതാവായ മോണ്ട്ഗോൾഫിയറുടെ പുത്രന്മാരായ ജോസഫ്-മിഷെലും ഷാക്ക് എയ്റ്റ്യെനും ചൂടുവായു നിറച്ച ആദ്യത്തെ ബലൂൺ നിർമിച്ചു പറപ്പിച്ച വ്യക്തികൾ എന്ന നിലയിൽ ചരിത്രത്തിൽ ആദരിക്കപ്പെടുന്നു. കടലാസ് ബലൂണുകളാണ് 1780-കളുടെ തുടക്കത്തിൽ അവർ പ്രാഥമിക പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചത്. കച്ചിയും ആട്ടുരോമവും കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക മൂലമാണ് അവ ഉയർന്നുപോകുന്നതെന്ന് അവർ വിശ്വസിച്ചിരുന്നു. എന്നാൽ, ചൂടുവായു നിമിത്തമാണ് അവ ഉയരുന്നത് എന്ന് അവർ താമസിയാതെ മനസ്സിലാക്കി.
പിന്നീട് തുണി കൊണ്ടുള്ള ബലൂണുകൾ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ, അനുക്രമം വലിപ്പം കൂടിയ ബലൂണുകൾ വിക്ഷേപിക്കുകവഴി അവ കൂടുതൽ ഉയരത്തിൽ എത്തിക്കാനും അവയിൽ കൂടുതൽ ഭാരം കയറ്റാനും കഴിയുമെന്ന് അവർ കണ്ടെത്തി. 1783 ജൂണിൽ ആനോനേയിലെ പൊതു നഗരചത്വരത്തിൽനിന്നു തങ്ങൾ അന്നുവരെ ഉണ്ടാക്കിയ ഏറ്റവും വലിയ ബലൂൺ അവർ പറപ്പിച്ചു. അതു നിലത്തേക്കു താഴുന്നതിനു മുമ്പ് 10 മിനിട്ടോളം ആകാശത്തേക്ക് ഉയർന്നുപോയി.
ആ നേട്ടത്തോടെ, ആളുകളെ വഹിച്ചുകൊണ്ടുള്ള ബലൂണുകൾ വിക്ഷേപിക്കാനുള്ള സമയമായെന്ന് അവർ നിഗമനം ചെയ്തു. എന്നാൽ, ആദ്യം വേഴ്സായിയിൽ ആയിരക്കണക്കിനു കാണികൾ കണ്ടുനിൽക്കെ ഒരു പൂവൻ കോഴിയെയും താറാവിനെയും ആടിനെയും കയറ്റിയ ബലൂൺ 1783 സെപ്റ്റംബറിൽ അവർ പറപ്പിച്ചു. എട്ടു മിനിട്ടുനേരം പറന്നശേഷം ആ ബലൂൺ നിലത്തിറങ്ങി. ആ മൂന്നു ജീവികൾക്കും പരിക്കൊന്നും പറ്റിയില്ല. തുടർന്ന്, 1783 നവംബർ 21-ന് മനുഷ്യരെ കയറ്റിയ ആദ്യത്തെ ബലൂൺ പറപ്പിക്കാനുള്ള ശ്രമം നടന്നു. രണ്ടു പ്രഭുക്കന്മാർക്ക് ആ പദവി നൽകാൻ ലൂയി പതിനാറാമനെ പറഞ്ഞു സമ്മതിപ്പിച്ചു. അവരെ ആകാശത്തേക്കു പറത്തിവിട്ടത് ഷാറ്റോ ദെ ലാ മൂയെറ്റിൽ നിന്നായിരുന്നു, എട്ട് കിലോമീറ്ററോളം അവർ വായുവിൽ ഒഴുകിനടന്നു. ഏകദേശം 25 മിനിട്ടിനുശേഷം ബലൂണിനു തീ പിടിച്ചപ്പോൾ നിലത്തിറങ്ങാൻ അവർ നിർബന്ധിതരായി.
അക്കാലത്താണ് പാരീസിലെ ശാസ്ത്ര അക്കാദമി ഈ പുത്തൻ കണ്ടുപിടിത്തത്തിൽ താത്പര്യം പ്രകടമാക്കിയത്. അന്നത്തെ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞരിൽ ഒരാളായ പ്രൊഫസർ ഷാക്ക് ഷാൾ രണ്ടു വിദഗ്ധ മെക്കാനിക്കുകൾ ആയിരുന്ന ഷാളിനോടും എം. എൻ. റോബർട്ടിനോടും സഹകരിച്ച് ഹൈഡ്രജൻ നിറച്ച ആദ്യത്തെ ബലൂൺ ഉണ്ടാക്കി 1783 ആഗസ്റ്റ് 27-ന് പരീക്ഷണം നടത്തി. 45 മിനിട്ടോളം അന്തരീക്ഷത്തിൽ ഒഴുകിനടന്ന അത് 24 കിലോമീറ്ററോളം സഞ്ചരിച്ചു. ആ ബലൂണിന് ഷാർളിയർ എന്ന പേരു കിട്ടി. ഇത്തരം ബലൂണുകൾ ഇന്നും അതിന്റെ ആദ്യ മാതൃകയിൽ പറയത്തക്ക മാറ്റമൊന്നും കൂടാതെ നിലനിൽക്കുന്നു.
[19-ാം പേജിലെ ചതുരം]
വളരെ ഉയരത്തിലുള്ള പറക്കൽ
ഇംഗ്ലണ്ടുകാരനായ ഹെൻട്രി കോക്സ്വെൽ ഏറ്റവും ഉയരത്തിൽ ബലൂൺ പറപ്പിച്ച പൈലറ്റ് എന്ന പേരു നേടി. 1862 സെപ്റ്റംബറിൽ, ‘ബ്രിട്ടീഷ് മീറ്റിയൊറോളജിക്കൽ സൊസൈറ്റി’യിലെ ജയിംസ് ഗ്ലൈഷർ ശാസ്ത്രീയ നിരീക്ഷണങ്ങൾക്കായി വളരെ ഉയരത്തിലേക്കു തന്നെ കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ സഹായം തേടി. കൃത്രിമ ശ്വസനോപാധിയൊന്നും കൂടാതെ അവർ ഏകദേശം 9 കിലോമീറ്റർ ഉയരത്തിലെത്തി!
അവർ 8,000 മീറ്റർ ഉയരത്തിൽ എത്തിയപ്പോൾ തണുപ്പു കൂടുകയും വായുവിലെ ഓക്സിജന്റെ അളവ് കുറയുകയും ചെയ്തതു നിമിത്തം ശ്വാസോച്ഛ്വാസം ചെയ്യുക ദുഷ്കരമായിത്തീർന്നു. തന്മൂലം, കോക്സ്വെൽ താഴേക്ക് ഇറങ്ങുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ, ബലൂണിന്റെ തുടർച്ചയായ ചുറ്റലിന്റെ ഫലമായി വായു പുറത്തുവിടുന്ന വാൽവിൽനിന്നു താഴേക്കു കിടന്ന കയർ മറ്റു കയറുകളിൽ ചുറ്റാൻ തുടങ്ങി. അത് കുരുക്കിൽനിന്നു മാറ്റാൻ കോക്സ്വെലിനു മുകളിലേക്കു കയറേണ്ടിവന്നു. ഗ്ലൈഷർ അപ്പോൾ അബോധാവസ്ഥയിൽ ആയിരുന്നു. കൈകൾ തണുത്തു മരവിച്ചതിനാൽ ആ കയറിൽ കടിച്ചുപിടിച്ചാണ് കോക്സ്വെൽ വലിച്ചത്. ഒടുവിൽ അവരുടെ ബലൂൺ താഴാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരുടെയും ശാരീരിക അവസ്ഥ മെച്ചപ്പെടുകയും ബലൂണിന്റെ താഴേക്കുള്ള വരവിന്റെ വേഗം കുറയ്ക്കാൻ അവർക്കു സാധിക്കുകയും ചെയ്തു. ഏകദേശം 10,000 മീറ്ററോളം ഉയരത്തിൽ അവർ എത്തിയിരുന്നു. ഒരു നൂറ്റാണ്ടിലേറെക്കാലം അത് റെക്കോർഡായി നിലനിന്നു. ബലൂണിനോടു ഘടിപ്പിച്ച തുറന്ന കൂടയിലുള്ള അവരുടെ സഞ്ചാരം ബലൂൺ-സഞ്ചാര രംഗത്തെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്. കാരണം, ഓക്സിജൻ കരുതാതെ, സംരക്ഷണാർഥം അധികം വസ്ത്രങ്ങളൊന്നും ഇല്ലാതെ, അന്തരീക്ഷത്തിന്റെ മേൽത്തട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് അവർ ആ യാത്ര നടത്തിയത്.
[17-ാം പേജിലെ ചിത്രം]
കാറ്റടിച്ചു വീർപ്പിക്കുന്ന സമയത്ത് ഒരു ബലൂണിന്റെ അന്തർഭാഗം
[17-ാം പേജിലെ ചിത്രം]
ബലൂൺ ഉയരാനും പറക്കാനുമായി ചൂടുവായു അതിലേക്ക് അടിച്ചുകയറ്റുന്നു
[18-ാം പേജിലെ ചിത്രം]
അസാധാരണ ആകൃതികളുള്ള ബലൂണുകൾ