കുറ്റബോധം അത് എല്ലായ്പോഴും അനഭിലഷണീയമോ?
ബൈബിളിന്റെ വീക്ഷണം
കുറ്റബോധം അത് എല്ലായ്പോഴും അനഭിലഷണീയമോ?
അനഭിലഷണീയമായ ഒരു വികാരമായാണ് ഇന്ന് പലരും കുറ്റബോധത്തെ കാണുന്നത്. “എക്കാലവും മനുഷ്യനെ അടക്കി വാണിരിക്കുന്ന അതിഭീകരമായ ഒരു വ്യാധിയാണ് കുറ്റബോധം” എന്ന ജർമൻ തത്ത്വചിന്തകനായ ഫ്രിഡ്രിഹ് നിച്ചിയുടെ അഭിപ്രായത്തോട് അവർ യോജിക്കുന്നു.
എന്നാൽ ഇപ്പോൾ ചില ഗവേഷകർ വ്യത്യസ്തമായ ഒരു നിഗമനത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. അന്തർദേശീയ അംഗീകാരം ലഭിച്ചിട്ടുള്ള ചികിത്സകയും ഗ്രന്ഥകാരിയുമായ സൂസൻ ഫോർവേർഡ് (പിഎച്ച്.ഡി) പറയുന്നത് ഇങ്ങനെയാണ്: “വികാരങ്ങളുള്ള, ഉത്തരവാദിത്വബോധത്തോടു കൂടിയ ഒരു വ്യക്തിയായിരിക്കുന്നതിന് അനുപേക്ഷണീയമായ ഒരു ഘടകമാണ് കുറ്റബോധം. അത് മനസ്സാക്ഷിയുടെ ഒരു ഭാഗമായി വർത്തിക്കുന്നു.” അങ്ങനെയെങ്കിൽ, കുറ്റബോധത്തിന്റേതായ എല്ലാ തോന്നലുകളും അനഭിലഷണീയമാണോ? കുറ്റബോധം സഹായകമായിരിക്കാവുന്ന സന്ദർഭങ്ങൾ ഉണ്ടോ?
എന്താണു കുറ്റബോധം?
സ്നേഹിക്കുന്ന ആരെയെങ്കിലും മുറിപ്പെടുത്തിയെന്നു തിരിച്ചറിയുമ്പോഴോ പാലിക്കേണ്ടതെന്നു നാം വിശ്വസിക്കുന്ന മാനദണ്ഡങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ കഴിയാതെ വരുമ്പോഴോ നമ്മിൽ കുറ്റബോധം നാമ്പെടുത്തേക്കാം. ഒരു പരാമർശ കൃതി പറയുന്നതുപോലെ, “ഒരു പരാജയം സംഭവിക്കുന്നതിന്റെ അല്ലെങ്കിൽ ഒരു കുറ്റമോ കുറ്റകൃത്യമോ പാപമോ ചെയ്യുന്നതിന്റെ ഫലമായി ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ബാധ്യതയുടേതായ തോന്നലാണ്” കുറ്റബോധം.
ഒരു ഇസ്രായേല്യൻ ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു ജീവിക്കാൻ പരാജയപ്പെടുമ്പോൾ അയാൾക്കു കുറ്റബോധം തോന്നേണ്ടിയിരുന്നു എന്ന് എബ്രായ തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (ലേവ്യപുസ്തകം 5:15) സമാനമായി, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലും കുറ്റബോധമെന്ന ആശയം ദൈവത്തിനെതിരെയുള്ള ഗുരുതരമായ പാപങ്ങളോടുള്ള ബന്ധത്തിലാണു പ്രത്യക്ഷപ്പെടുന്നത്.—1 കൊരിന്ത്യർ 11:27.
യഥാർഥത്തിൽ കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കിലും ചിലപ്പോൾ നമുക്കു കുറ്റബോധം തോന്നിയേക്കാം. ഉദാഹരണത്തിന്, പൂർണതാവാദിയായ ഒരു വ്യക്തി തനിക്കുവേണ്ടിത്തന്നെ ന്യായയുക്തമല്ലാത്ത ചില നിലവാരങ്ങൾ വെച്ചേക്കാം. അവയിൽ എത്തിച്ചേരാൻ കഴിയാതെ വരുന്ന ഓരോ തവണയും അയാൾക്ക് അനാവശ്യമായ കുറ്റബോധം അനുഭവപ്പെട്ടേക്കാം. (സഭാപ്രസംഗി 7:16) അല്ലെങ്കിൽ ചിലപ്പോൾ, ചെയ്തുപോയ തെറ്റിനെ പ്രതി തോന്നുന്ന ഉചിതമായ പശ്ചാത്താപം തീവ്രമായ ആത്മനിന്ദയ്ക്കു വഴിമാറാൻ അനുവദിച്ചുകൊണ്ട് നാം അനാവശ്യമായി സ്വയം ശിക്ഷിച്ചേക്കാം. അങ്ങനെയെങ്കിൽ, കുറ്റബോധത്തിനു പ്രയോജനകരമായിരിക്കാൻ കഴിയുന്നത് എങ്ങനെ?
കുറ്റബോധം പ്രയോജനം ചെയ്തേക്കാം
കുറ്റബോധം കുറഞ്ഞത് മൂന്നു വിധങ്ങളിലെങ്കിലും പ്രയോജനം ചെയ്തേക്കാം. ആദ്യമായി, സ്വീകാര്യമായ മാനദണ്ഡങ്ങളെ കുറിച്ചു നാം ബോധവാന്മാരാണെന്ന് അതു കാണിക്കുന്നു. നമുക്ക് പ്രവർത്തനക്ഷമമായ ഒരു മനസ്സാക്ഷി ഉണ്ടെന്നുള്ളതിന് ഒരു തെളിവാണ് അത്. (റോമർ 2:15) സമൂഹത്തിനു ഭീഷണി ഉയർത്തുന്ന പെരുമാറ്റരീതികളിലേക്കു നയിച്ചേക്കാവുന്ന ഒരു സ്ഥിതിവിശേഷമായിട്ടാണ് അമേരിക്കൻ സൈക്കിയാട്രിക് അസോസിയേഷന്റെ ഒരു പ്രസിദ്ധീകരണം കുറ്റബോധമില്ലായ്മയെ വർണിക്കുന്നത്. ദുഷിച്ച അല്ലെങ്കിൽ മരവിച്ച മനസ്സാക്ഷിയുള്ള വ്യക്തികൾക്കു ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം കാണാൻ ബുദ്ധിമുട്ടാണ്, അത് അപകടകരമായിരുന്നേക്കാം.—തീത്തൊസ് 1:15, 16.
രണ്ടാമതായി, കുറ്റബോധമുള്ള മനസ്സാക്ഷി അനുചിതമായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ നമ്മെ സഹായിക്കും. ശാരീരിക വേദന ഏതെങ്കിലുമൊരു ആരോഗ്യ പ്രശ്നത്തെ കുറിച്ചു സൂചന നൽകുന്നതുപോലെ, കുറ്റം ചെയ്യുന്നതിനെ തുടർന്ന് ഉണ്ടാകുന്ന വൈകാരിക വേദന, ധാർമികമോ ആത്മീയമോ ആയ ഒരു പ്രശ്നത്തിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ആ ബലഹീനതയെ കുറിച്ചു നാം ബോധവാന്മാർ ആയിക്കഴിഞ്ഞാൽ ഭാവിയിൽ വീണ്ടും നമ്മെത്തന്നെയോ നമ്മുടെ പ്രിയപ്പെട്ടവരെയോ മറ്റുള്ളവരെയോ മുറിപ്പെടുത്തുന്നത് ഒഴിവാക്കാൻ നാം ചായ്വുള്ളവർ ആയിരിക്കും.—മത്തായി 7:12.
ഒടുവിൽ, കുറ്റം ഏറ്റുപറയുന്നത് കുറ്റം ചെയ്ത ആളെയും അതിന് ഇരയായ വ്യക്തിയെയും ഒരുപോലെ സഹായിക്കും. ഉദാഹരണത്തിന്, കുറ്റബോധം ദാവീദു രാജാവിന് തീവ്രമായ വൈകാരിക വേദന ഉളവാക്കി. “ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി” എന്ന് അവൻ എഴുതി. എന്നാൽ ദൈവത്തോടു തന്റെ കുറ്റം ഏറ്റുപറഞ്ഞ ശേഷം ദാവീദ് ആനന്ദത്തോടെ ഇങ്ങനെ പാടി: “രക്ഷയുടെ ഉല്ലാസഘോഷംകൊണ്ടു നീ എന്നെ ചുററിക്കൊള്ളും.” (സങ്കീർത്തനം 32:3, 7) കുറ്റക്കാരൻ തന്റെ തെറ്റ് ഏറ്റുപറയുന്നത് അതിന് ഇരയായ വ്യക്തിക്കും ആശ്വാസം നൽകും. കാരണം തന്നെ വേദനിപ്പിച്ചതിൽ പശ്ചാത്തപിക്കുന്ന അളവോളം മറ്റേയാൾ തന്നെ സ്നേഹിക്കുന്നുവെന്ന് അത് അയാൾക്ക് ഉറപ്പു നൽകുന്നു.—2 ശമൂവേൽ 11:2-15.
കുറ്റബോധം സംബന്ധിച്ച സന്തുലിത വീക്ഷണം
പാപികളെയും പാപത്തെയും കുറിച്ചുള്ള യേശുവിന്റെയും പരീശന്മാരുടെയും കാഴ്ചപ്പാടിലെ വൈരുദ്ധ്യം മനസ്സിലാക്കുന്നത്, കുറ്റബോധം സംബന്ധിച്ച് ഒരു സന്തുലിത വീക്ഷണം ഉണ്ടായിരിക്കാൻ നമ്മെ സഹായിക്കും. യേശു ഒരു പരീശന്റെ ഭവനത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവിടേക്ക് ഒരു അധാർമിക സ്ത്രീ കടന്നുചെന്നതായി ലൂക്കൊസ് 7:36-50-ൽ നാം വായിക്കുന്നു. ആ സ്ത്രീ യേശുവിന്റെ അരികിൽ ചെന്ന് തന്റെ കണ്ണുനീരുകൊണ്ട് അവന്റെ പാദം കഴുകി വിലയേറിയ പരിമളതൈലം പൂശി.
മതഭക്തനായിരുന്ന ആ പരീശൻ, തന്റെ സമയമോ ശ്രദ്ധയോ അർഹിക്കാത്ത ഒരുവളായിട്ടാണ് ആ സ്ത്രീയെ വീക്ഷിച്ചത്. അവൻ തന്നോടുതന്നെ പറഞ്ഞു: “ഇവൻ [യേശു] പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ.” (ലൂക്കൊസ് 7:39) എന്നാൽ യേശു ഉടനെ ആ പരീശന്റെ ചിന്താഗതിയെ തിരുത്തിക്കൊണ്ട് പറഞ്ഞു: “നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമളതൈലംകൊണ്ടു എന്റെ കാൽ പൂശി. ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ.” അനുകമ്പ തുളുമ്പുന്ന ഈ വാക്കുകൾ ആ സ്ത്രീയെ പ്രോത്സാഹിപ്പിക്കുകയും അവളുടെ ഹൃദയഭാരം കുറയ്ക്കുകയും ചെയ്തു എന്നതിനു സംശയമില്ല.—ലൂക്കൊസ് 7:46, 47.
യേശു യാതൊരുപ്രകാരത്തിലും അധാർമികതയെ ശരിവെക്കുകയായിരുന്നില്ല. യഥാർഥത്തിൽ അവൻ, ദൈവത്തെ സേവിക്കുന്നതിനുള്ള പ്രചോദന ഘടകമെന്ന നിലയിൽ സ്നേഹത്തിന്റെ ശ്രേഷ്ഠതയെ കുറിച്ച് അഹങ്കാരിയായ ആ പരീശനെ പഠിപ്പിക്കുകയായിരുന്നു. (മത്തായി 22:36-40) തന്റെ കഴിഞ്ഞകാല ജീവിതഗതി സംബന്ധിച്ച് ആ സ്ത്രീക്കു കുറ്റബോധം തോന്നിയത് ഉചിതമായിരുന്നു. അവൾ അനുതപിച്ചിരുന്നു എന്നതും വ്യക്തമാണ്. അവൾ കരഞ്ഞതും തന്റെ മുൻനടത്തയെ ന്യായീകരിക്കാൻ ശ്രമിക്കാഞ്ഞതും യേശുവിനെ പരസ്യമായി ആദരിക്കാൻ സജീവമായ പടികൾ സ്വീകരിച്ചതും അതിനു തെളിവാണ്. അതുകണ്ട് യേശു അവളോട് ഇങ്ങനെ പറഞ്ഞു: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക.”—ലൂക്കൊസ് 7:50.
എന്നാൽ, ആ പരീശൻ തുടർന്നും അവളെ പാപിനിയായി കണക്കാക്കുകയും നിന്ദയോടെ വീക്ഷിക്കുകയും ചെയ്തു. ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന ഭയം അവളിൽ ഉളവാക്കാനും ആത്മനിന്ദ ജനിപ്പിക്കാനും അയാൾ ആഗ്രഹിച്ചിരിക്കാം. നാം വിചാരിക്കുന്ന വിധത്തിൽ മറ്റുള്ളവർ എല്ലായ്പോഴും കാര്യങ്ങൾ ചെയ്യാതെ വരുമ്പോൾ അവരിൽ കുറ്റബോധം ജനിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നത് സ്നേഹമില്ലായ്മയാണ്, ഒടുവിൽ അതു വിപരീതഫലം ചെയ്തേക്കാം. (2 കൊരിന്ത്യർ 9:7) നല്ല മാതൃക വെക്കുകയും മറ്റുള്ളവരെ ആത്മാർഥമായി അഭിനന്ദിക്കുകയും അവരിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്തുകൊണ്ട്—ചിലപ്പോൾ ശാസനയും ബുദ്ധിയുപദേശവും നൽകേണ്ടതുണ്ടായിരിക്കാം—യേശുവിനെ അനുകരിക്കുന്നത് ഏറ്റവും നല്ല ഫലം കൈവരുത്തും.—മത്തായി 11:28-30; റോമർ 12:10; എഫെസ്യർ 4:29.
അതുകൊണ്ട്, എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ കുറ്റബോധം തോന്നുന്നതു നല്ലതാണ്, ചിലപ്പോൾ അത് അനിവാര്യം പോലുമാണ്. “പാപപരിഹാരം അർഹിക്കുന്ന കുറ്റത്തെ ഭോഷന്മാർ നിസ്സാരമായി തള്ളുന്നു” എന്ന് സദൃശവാക്യങ്ങൾ 14:9 (നോക്സ്) പറയുന്നു. തെറ്റ് ഏറ്റുപറയാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും കുറ്റബോധമുള്ള ഒരു മനസ്സാക്ഷി നമ്മെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും യഹോവയെ സേവിക്കാനുള്ള നമ്മുടെ അടിസ്ഥാന കാരണം എല്ലായ്പോഴും സ്നേഹമായിരിക്കണം അല്ലാതെ കുറ്റബോധം ആയിരിക്കരുത്. (ഇയ്യോബ് 1:9-11; 2:4, 5) ഇക്കാര്യം മനസ്സിൽ പിടിച്ചുകൊണ്ട് നല്ലവരായ ആളുകൾക്കു പ്രോത്സാഹനവും ആശ്വാസവും പ്രദാനം ചെയ്യുമ്പോൾ അവർ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യും എന്ന് ബൈബിൾ ഉറപ്പുതരുന്നു. അതിലുപരി, സന്തോഷത്തോടെ ആയിരിക്കും അവർ അതു ചെയ്യുക. (g02 3/8)