ജനിക്കുംമുമ്പേ പൊലിഞ്ഞുപോയ എന്റെ പിഞ്ചോമന
ജനിക്കുംമുമ്പേ പൊലിഞ്ഞുപോയ എന്റെ പിഞ്ചോമന
രണ്ടായിരം ഏപ്രിൽ 10 തിങ്കളാഴ്ച. നല്ല സൂര്യപ്രകാശമുള്ള തെളിഞ്ഞ ഒരു ദിവസം ആയിരുന്നു അത്. പുറത്തുപോയി ചില കാര്യങ്ങളൊക്കെ ചെയ്തുവരാം എന്നു ഞാൻ കരുതി. എനിക്ക് അപ്പോൾ നാലാം മാസം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അൽപ്പം ക്ഷീണമുണ്ടായിരുന്നെങ്കിലും പുറത്തു പോകാൻ എനിക്കു സന്തോഷമായിരുന്നു. പലചരക്കുകടയിൽ, വാങ്ങിയ സാധനങ്ങളുടെ പണമടയ്ക്കാൻ വരിയിൽ നിൽക്കവേ എനിക്ക് ആകപ്പാടെ ഒരു അസ്വസ്ഥത തോന്നി. എന്തോ പന്തികേട് ഉണ്ടെന്ന് എനിക്കു മനസ്സിലായി.
വീട്ടിൽ ചെന്നപ്പോൾ എന്റെ ഭയം അസ്ഥാനത്തല്ലെന്നു തെളിഞ്ഞു. എനിക്കു രക്തം പോകുന്നുണ്ടായിരുന്നു. മുമ്പ് രണ്ടു തവണ ഗർഭിണിയായിരുന്നപ്പോഴും എനിക്ക് ഇങ്ങനെ ഉണ്ടായിട്ടില്ല. ഞാൻ വല്ലാതെ ഭയന്നുപോയി! എന്നെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടർക്കു ഞാൻ ഫോൺ വിളിച്ചു. എന്നാൽ പിറ്റേ ദിവസത്തേക്ക് അപ്പോയിന്റ്മെന്റ് എടുത്തിരുന്നതിനാൽ അതുവരെ കാക്കാൻ അദ്ദേഹം നിർദേശിച്ചു. കുട്ടികളെ ഉറക്കുന്നതിനു മുമ്പ് ഞാനും ഭർത്താവും അവരോടൊപ്പമിരുന്നു പ്രാർഥിച്ചു, എന്തു സംഭവിച്ചാലും അതു നേരിടാൻ ആവശ്യമായ ഉൾക്കരുത്തു പകരാൻ ഞങ്ങൾ യഹോവയോട് അപേക്ഷിച്ചു. ഒടുവിൽ ഞാൻ ഉറങ്ങി.
എന്നാൽ ഏതാണ്ട് രണ്ടു മണിയായപ്പോൾ, കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞാൻ ഉറക്കമുണർന്നു. ക്രമേണ വേദന കുറഞ്ഞു. പക്ഷേ ഞാൻ ഉറക്കം പിടിച്ചു വന്നപ്പോഴേക്കും വീണ്ടും വേദന തുടങ്ങി. അതു കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരുന്നു. രക്തസ്രാവവും വർധിച്ചു. ഗർഭാശയമുഖത്തിന്റെ വികാസസങ്കോചം നടക്കുകയാണെന്ന് എനിക്കു മനസ്സിലായി. ഇങ്ങനെ സംഭവിക്കാൻ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായോ എന്നു ഞാൻ തലപുകഞ്ഞ് ആലോചിച്ചെങ്കിലും യാതൊരു കാരണവും കണ്ടെത്താൻ കഴിഞ്ഞില്ല.
വെളുപ്പിന് അഞ്ചു മണിയോടെ, ഇനി ആശുപത്രിയിൽ പോകാതെ രക്ഷയില്ലെന്ന് എനിക്കു മനസ്സിലായി. ഞാനും ഭർത്താവും ആശുപത്രിയിൽ എത്തിയപ്പോൾ അത്യാഹിത വിഭാഗത്തിലെ കരുണാസമ്പന്നരും സഹായമനസ്കരും സഹാനുഭൂതിയുള്ളവരുമായ ജീവനക്കാരുടെ കൈകളിൽ വന്നുചേർന്നത് ഞങ്ങൾക്ക് ആശ്വാസം നൽകി. രണ്ടു മണിക്കൂറിനു ശേഷം ഞങ്ങൾ ഭയന്നിരുന്ന ആ വാർത്ത ഡോക്ടർ ഞങ്ങളെ അറിയിച്ചു: എന്റെ കുഞ്ഞിനെ എനിക്കു നഷ്ടമായിരിക്കുന്നു.
ലക്ഷണങ്ങൾ കണ്ടപ്പോൾത്തന്നെ ഇങ്ങനെയൊരു സാഹചര്യത്തെ നേരിടാനായി ഞാൻ തയ്യാറെടുത്തിരുന്നു. അതുകൊണ്ട് ഒരുവിധം ശാന്തമായി ഞാൻ ആ വാർത്ത ഏറ്റുവാങ്ങി. കൂടാതെ, എനിക്കു തുണയായി ഭർത്താവ് എപ്പോഴും എന്റെ അടുത്തുതന്നെ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞിനെ കൂടാതെ വീട്ടിലേക്കു ചെല്ലുമ്പോൾ മക്കളായ ആറു വയസ്സുകാരി കേറ്റ്ലിനോടും നാലു വയസ്സുകാരൻ ഡേവിഡിനോടും എന്തു പറയുമെന്നു ഞങ്ങൾ ചിന്തിച്ചു.
കുട്ടികളോട് എന്തു പറയും?
എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിക്കൊണ്ടാണ് കുട്ടികൾ ഉറങ്ങാൻ പോയത്. പക്ഷേ പിറക്കാനിരുന്ന അവരുടെ കുഞ്ഞുവാവ മരിച്ചുപോയെന്ന് എങ്ങനെ അവരോടു പറയും? സത്യസന്ധമായി എല്ലാം തുറന്നു പറയാൻ ഞങ്ങൾ തീരുമാനിച്ചു. എന്റെ അമ്മ ഞങ്ങളുടെ സഹായത്തിനെത്തി, കുഞ്ഞുവാവ ഞങ്ങളോടൊപ്പം വീട്ടിലേക്കു വരികയില്ലെന്ന് അമ്മ അവരോടു പറഞ്ഞു. ഞങ്ങൾ വീട്ടിലെത്തിയ പാടേ അവർ ഓടിവന്നു ഞങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. “കുഞ്ഞുവാവയ്ക്ക് ഒന്നും പറ്റിയില്ലല്ലോ?” എന്നായിരുന്നു അവരുടെ ആദ്യ ചോദ്യം. എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. എന്റെ ഭർത്താവ് ഞങ്ങളെ എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു: “കുഞ്ഞുവാവ മരിച്ചുപോയി.” അങ്ങനെ നിന്നുകൊണ്ട് ഞങ്ങൾ കരഞ്ഞു, വേദന ശമിക്കുന്നതിനുള്ള ആദ്യ പടിയായി അത് ഉതകി.
എങ്കിലും കുട്ടികളുടെ പിന്നീടുള്ള പ്രതികരണങ്ങളെ നേരിടാൻ ഞങ്ങൾ ഒരുങ്ങിയിരുന്നില്ല. ഉദാഹരണത്തിന്, ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞ് യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിൽ, പ്രായം ചെന്ന ഒരു സാക്ഷി മരിച്ചതായുള്ള അറിയിപ്പ് ഉണ്ടായി. ഞങ്ങളുടെ ഒരു അടുത്ത കുടുംബസുഹൃത്തുകൂടെയായിരുന്നു
അദ്ദേഹം. അറിയിപ്പിനെ തുടർന്ന് ഞങ്ങളുടെ നാലു വയസ്സുകാരനായ ഡേവിഡ് നിറുത്താതെ കരച്ചിൽ തുടങ്ങി. എന്റെ ഭർത്താവിന് അവനെയുംകൊണ്ടു ഹാളിനു പുറത്തു പോകേണ്ടിവന്നു. കരച്ചിൽ അടങ്ങിയപ്പോൾ, തന്റെ സുഹൃത്ത് മരിച്ചത് എന്തുകൊണ്ടാണെന്ന് ഡേവിഡ് ചോദിച്ചു. പിന്നെ, കുഞ്ഞുവാവ മരിച്ചത് എന്തുകൊണ്ടാണെന്ന് അവന് അറിയണമായിരുന്നു. അടുത്തതായി അവൻ ഡാഡിയോടു ചോദിച്ചു: “ഡാഡീ, ഡാഡിയും മരിച്ചുപോകുമോ?” യഹോവയാം ദൈവം എന്തുകൊണ്ടാണ് സാത്താനെ ഇതുവരെ നശിപ്പിക്കാത്തത് എന്നും “കാര്യങ്ങൾ എല്ലാം ശരിയാക്കാത്തത്” എന്നും അവന് അറിയണമായിരുന്നു. അവന്റെ കുഞ്ഞുമനസ്സിലൂടെ എന്തെല്ലാം കാര്യങ്ങളാണു കടന്നുപോകുന്നതെന്നു കണ്ട് ഞങ്ങൾ അതിശയിച്ചുപോയി.കേറ്റ്ലിനും നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു. പാവകളുമായി കളിക്കുമ്പോൾ അതിൽ ഒരെണ്ണത്തിനു സുഖമില്ലാത്തതായി അവൾ നടിക്കും, മറ്റു പാവകളെ നഴ്സുമാരോ കുടുംബാംഗങ്ങളോ ഒക്കെയാക്കും. കാർഡ്ബോർഡുകൊണ്ട് ഒരു പെട്ടി ഉണ്ടാക്കി അതിനെ അവൾ പാവകളുടെ ആശുപത്രിയാക്കും. ചിലപ്പോഴൊക്കെ തന്റെ ഒരു പാവ മരിച്ചുപോയതുപോലെയും അവൾ അഭിനയിക്കുമായിരുന്നു. മക്കളുടെ ചോദ്യങ്ങളും കളികളും ജീവിതത്തെ കുറിച്ചും പരിശോധനകളെ തരണം ചെയ്യാൻ ബൈബിളിനു നമ്മെ സഹായിക്കാനാകുന്ന വിധത്തെ കുറിച്ചും സുപ്രധാന പാഠങ്ങൾ അവരെ പഠിപ്പിക്കാൻ ഞങ്ങൾക്കു നിരവധി അവസരങ്ങൾ ഒരുക്കിത്തന്നു. ഭൂമിയെ എല്ലാവിധ കഷ്ടപ്പാടുകളിൽനിന്നും വേദനകളിൽനിന്നും വിമുക്തമായ, മനോഹരമായ ഒരു പറുദീസ ആക്കാനുള്ള ദൈവോദ്ദേശ്യത്തെ കുറിച്ചും ഞങ്ങൾ അവരെ ഓർമിപ്പിച്ചു.—വെളിപ്പാടു 21:3-5.
നഷ്ടവുമായി പൊരുത്തപ്പെടുന്നു
ആശുപത്രിയിൽനിന്നു വീട്ടിൽ തിരിച്ചെത്തിയപ്പോൾ വൈകാരികമായി ആകെ മരവിച്ച് എന്തു ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ. കുറേ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടായിരുന്നെങ്കിലും എവിടെ, എങ്ങനെ തുടങ്ങണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ഇതേ അനുഭവത്തിലൂടെ കടന്നുപോയിട്ടുള്ള ഏതാനും സുഹൃത്തുക്കളുമായി ഞാൻ ബന്ധപ്പെട്ടു, അവർ വളരെയധികം ആശ്വാസം പകർന്നുതന്നു. പ്രിയപ്പെട്ട ഒരു കൂട്ടുകാരി ഞങ്ങൾക്കു പൂക്കൾ അയച്ചുതന്നു, അന്ന് ഉച്ചയ്ക്കു കുട്ടികളെ തന്നോടൊപ്പം കൊണ്ടുപോകട്ടെ എന്ന് അവൾ ചോദിച്ചു. അവൾ പ്രകടമാക്കിയ ഊഷ്മളമായ താത്പര്യത്തെയും നൽകിയ പ്രായോഗിക സഹായത്തെയും ഞാൻ എത്രയധികം വിലമതിച്ചെന്നോ!
ഞാൻ കുടുംബ ചിത്രങ്ങളെല്ലാം തരംതിരിച്ച് ആൽബങ്ങളിലാക്കി. എന്റെ കുഞ്ഞിനു വേണ്ടി തുന്നിയ കുട്ടിയുടുപ്പുകൾ കയ്യിൽ പിടിച്ച് ഞാൻ അവ നോക്കിയിരിക്കുമായിരുന്നു—ജനിക്കുംമുമ്പേ പൊലിഞ്ഞുപോയ എന്റെ പിഞ്ചോമനയുടെ ഓർമയായി എനിക്ക് ആകെയുണ്ടായിരുന്നത് അതായിരുന്നു. ആഴ്ചകളോളം മാനസികമായി ആകെ തകർന്ന അവസ്ഥയിലായിരുന്നു ഞാൻ. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടായിരുന്നിട്ടും ചില ദിവസങ്ങളിൽ എനിക്കു കരച്ചിൽ അടക്കാൻ കഴിഞ്ഞിരുന്നില്ല. ചിലപ്പോൾ ഭ്രാന്തുപിടിക്കുമെന്നു പോലും എനിക്കു തോന്നി. ഗർഭിണികളായ കൂട്ടുകാരികളുമൊത്ത് ആയിരിക്കുന്നതാണ് എനിക്ക് ഏറ്റവും വിഷമമായിരുന്നത്. ഗർഭമലസുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത്ര വലിയ കാര്യമാണെന്നൊന്നും മുമ്പ് എനിക്കു തോന്നിയിരുന്നില്ല. എന്നാൽ അത് എത്ര വലിയ തെറ്റിദ്ധാരണ ആയിരുന്നു! a
സ്നേഹം—ഏറ്റവും നല്ല ഔഷധം
കാലം കടന്നുപോകവേ, എന്റെ ഭർത്താവും സഹക്രിസ്ത്യാനികളും കാണിച്ച സ്നേഹം ഫലപ്രദമായ ഒരു ഔഷധമാണെന്നു തെളിഞ്ഞു. ഒരു സാക്ഷി അത്താഴം തയ്യാറാക്കിക്കൊണ്ടുവന്നു. സഭയിലെ ഒരു മൂപ്പനും ഭാര്യയും ഞങ്ങളെ കാണാൻ വന്നപ്പോൾ ഒരു ഗ്രീറ്റിങ് കാർഡും പൂക്കളും തന്നു. ആ വൈകുന്നേരം അവർ ഞങ്ങളോടൊപ്പം ചെലവഴിച്ചു. അവർ എത്ര തിരക്കുള്ളവർ ആണെന്ന് അറിയാമായിരുന്നതിനാൽ ഞങ്ങളിലുള്ള അവരുടെ താത്പര്യം ഞങ്ങളെ സ്പർശിച്ചു. മറ്റു പല സുഹൃത്തുക്കളും പൂക്കളും കാർഡുകളും അയച്ചുതന്നു. “ഞങ്ങൾ നിങ്ങളെ ഓർക്കുന്നു” എന്ന കൊച്ചു വാചകങ്ങൾ പോലും ഞങ്ങൾക്ക് എത്ര ആശ്വാസമാണു പകർന്നുതന്നത്! സഭയിലെ ഒരു സഹോദരി എഴുതി: “ജീവനെ കുറിച്ച് യഹോവയ്ക്കുള്ള അതേ വീക്ഷണമാണ് നമുക്കും ഉള്ളത്—അത് ഏറ്റവും അമൂല്യമാണ്. ഒരു കുരികിൽ നിലത്തു വീഴുന്നത് അവൻ അറിയുന്നുണ്ടെങ്കിൽ ഒരു മനുഷ്യ ഭ്രൂണം വീണുപോകുന്നതും തീർച്ചയായും അവൻ അറിയും.” എന്റെ ഒരു ബന്ധു എഴുതി: “ജനനം, ജീവൻ എന്നീ അത്ഭുതങ്ങൾ പൂർണമായി മനസ്സിലാക്കാൻ നമുക്കു കഴിയാത്തതുപോലെതന്നെ അവയ്ക്കു സംഭവിക്കുന്ന താളപ്പിഴകളും പൂർണമായി മനസ്സിലാക്കാൻ നമുക്കു കഴിയുന്നില്ല.”
ഏതാനും ആഴ്ചകൾക്കു ശേഷം രാജ്യഹാളിൽ ആയിരിക്കെ, എനിക്കു പെട്ടെന്നു കരച്ചിൽ വന്നു. യോഗം തുടങ്ങുന്നതിനു മുമ്പേ എനിക്കു ഹാളിൽനിന്നു പുറത്തുപോകേണ്ടിവന്നു. അതു ശ്രദ്ധിച്ച എന്റെ രണ്ടു പ്രിയ സുഹൃത്തുക്കൾ എന്നോടൊപ്പം വന്നു കാറിൽ ഇരുന്നു, എന്റെ കൈകൾ പിടിച്ചു, എന്നെ ചിരിപ്പിക്കാൻ ശ്രമിച്ചു. കുറച്ചു കഴിഞ്ഞ് ഞങ്ങൾ മൂന്നു പേരും ഹാളിലേക്കു മടങ്ങിച്ചെന്നു. ‘സഹോദരനെക്കാളും പററുള്ള സ്നേഹിതർ’ ഉണ്ടായിരിക്കുന്നത് എത്ര വലിയ സന്തോഷമാണ്!—സദൃശവാക്യങ്ങൾ 18:24.
വാർത്ത പരന്നതോടെ, ഇതേ അനുഭവത്തിലൂടെ കടന്നുപോയിട്ടുള്ള എത്ര സഹവിശ്വാസികളാണ് ഉള്ളത് എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. മുമ്പ് എനിക്ക് അത്രയ്ക്ക് അടുപ്പമില്ലായിരുന്നവർ പോലും പ്രത്യേക വിധങ്ങളിൽ സാന്ത്വനവും പ്രോത്സാഹനവും നൽകി. ആവശ്യ സമയത്ത് അവർ നൽകിയ സ്നേഹപൂർവകമായ പിന്തുണ ഈ ബൈബിൾ വാക്യം എന്നെ അനുസ്മരിപ്പിച്ചു: “ഒരു യഥാർഥ സ്നേഹിതൻ എല്ലാ സമയത്തും സ്നേഹിക്കുന്നു, കഷ്ടതയുള്ള നാളിലേക്കു ജനിച്ച ഒരു സഹോദരനുമാണവൻ.”—സദൃശവാക്യങ്ങൾ 17:17, NW.
ദൈവവചനത്തിൽനിന്ന് ആശ്വാസം
ഈ സംഭവം ഉണ്ടായി പിറ്റേ ആഴ്ചയായിരുന്നു ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം. ഒരു സായാഹ്നത്തിൽ, യേശുവിന്റെ അവസാന നാളുകളെ കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ ഞങ്ങൾ വായിക്കവേ പെട്ടെന്ന് ഒരു കാര്യം എന്റെ മനസ്സിൽ പതിഞ്ഞു: ‘നഷ്ടത്തിന്റെ വേദന യഹോവയ്ക്ക് അറിയാം. സ്വന്ത പുത്രന്റെ നഷ്ടം അവൻ അനുഭവിച്ചിട്ടുണ്ട്!’ നമ്മുടെ പിതാവായ യഹോവ സ്വർഗത്തിൽ ആയതുകൊണ്ട്, സ്ത്രീകളും പുരുഷന്മാരുമായ തന്റെ ദാസരെ അവൻ എത്ര നന്നായി മനസ്സിലാക്കുന്നുവെന്നും അവരോട് എത്ര സഹാനുഭൂതി ഉള്ളവനാണെന്നുമുള്ള കാര്യം ഞാൻ ചിലപ്പോൾ മറന്നു പോകുന്നു. എന്നാൽ യഹോവ എന്റെ വേദന മനസ്സിലാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം എനിക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസം അനുഭവപ്പെട്ടു. എനിക്ക് യഹോവയോട് മുമ്പെന്നത്തെക്കാളും അടുപ്പം തോന്നി.
ബൈബിളധിഷ്ഠിത സാഹിത്യങ്ങളിൽനിന്നും എനിക്കു വലിയ പ്രോത്സാഹനം ലഭിച്ചു, വിശേഷിച്ചും പ്രിയപ്പെട്ടവരുടെ നഷ്ടവുമായി എങ്ങനെ പൊരുത്തപ്പെടാം എന്നതു സംബന്ധിച്ച വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ മുൻ ലക്കങ്ങളിൽനിന്ന്. ഉദാഹരണത്തിന്, “ഒരു കുട്ടിയുടെ മരണത്തെ അഭിമുഖീകരിക്കൽ” എന്ന 1988 ഒക്ടോബർ 8 ലക്കം ഉണരുക!-യിലെ ലേഖനങ്ങളും നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ b എന്ന ലഘുപത്രികയും വളരെ സഹായകമായിരുന്നു.
ദുഃഖത്തിന് ഒരു അവസാനം
ദിവസങ്ങൾ കടന്നുപോകവേ, എന്റെ വൈകാരിക മുറിവ് ഉണങ്ങിക്കൊണ്ടിരിക്കുകയാണെന്ന് എനിക്കു മനസ്സിലായി. കുറ്റബോധമില്ലാതെ എനിക്കു ചിരിക്കാൻ കഴിയുമെന്നായി. ഏതു സംഭാഷണവും ഒടുവിൽ, നഷ്ടപ്പെട്ട കുഞ്ഞിൽ വന്നെത്തുന്ന അവസ്ഥ മാറി. എങ്കിലും, എന്റെ പ്രശ്നം അറിഞ്ഞിട്ടില്ലാത്ത സുഹൃത്തുക്കളെ കാണുകയോ ഒരു നവജാത ശിശുവിനെയുംകൊണ്ട് ആരെങ്കിലും രാജ്യഹാളിൽ വരികയോ ഒക്കെ ചെയ്യുമ്പോൾ വീണ്ടും എന്റെ മനസ്സ് കലങ്ങിമറിയുമായിരുന്നു.
ഒരു ദിവസം ഞാൻ ഉറക്കമുണർന്നപ്പോൾ എനിക്കു ചുറ്റും ഉരുണ്ടുകൂടിയിരുന്ന കാർമേഘങ്ങൾ നീങ്ങിപ്പോയിരിക്കുന്നതുപോലെ എനിക്കു തോന്നി. കണ്ണു തുറക്കുന്നതിനു മുമ്പുതന്നെ, എന്റെ മുറിവ് ഒടുവിൽ ഉണങ്ങിയിരിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കി. മാസങ്ങളായി ഞാൻ അനുഭവിച്ചിട്ടില്ലാഞ്ഞ ഒരുതരം ശാന്തതയും സമാധാനവും എനിക്ക് അനുഭവപ്പെട്ടു. എന്നാൽ കുഞ്ഞിനെ നഷ്ടപ്പെട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞ് വീണ്ടും ഗർഭിണിയായപ്പോൾ മുമ്പത്തെ പോലെ ഗർഭമലസുമോ എന്ന പേടി മനസ്സിൽ പൊങ്ങിവന്നു. സന്തോഷകരമെന്നു പറയട്ടെ, 2001 ഒക്ടോബറിൽ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനു ഞാൻ ജന്മം നൽകി.
നഷ്ടപ്പെട്ട എന്റെ കുഞ്ഞിനെ ഓർത്ത് ഇപ്പോഴും ഞാൻ ദുഃഖിക്കാറുണ്ട്. എങ്കിലും ആ സംഭവം ജീവനോടും എന്റെ കുടുംബത്തോടും സഹ ക്രിസ്ത്യാനികളോടും നമ്മെ ആശ്വസിപ്പിക്കുന്ന ദൈവത്തോടും ഉള്ള എന്റെ വിലമതിപ്പു വർധിപ്പിച്ചിരിക്കുന്നു. കൂടാതെ, ദൈവം നമ്മിൽനിന്നു കുട്ടികളെ എടുക്കുന്നതല്ല മറിച്ച് ‘നമ്മുടെമേലെല്ലാം കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും’ വന്നു ഭവിക്കുന്നതാണ് എന്ന ഹൃദയസ്പർശിയായ സത്യത്തിന് അത് അടിവരയിടുകയും ചെയ്തിരിക്കുന്നു.—സഭാപ്രസംഗി 9:11, NW.
ഗർഭമലസുന്നതിന്റെ ശാരീരികവും വൈകാരികവുമായ വേദനയുൾപ്പെടെ എല്ലാ കഷ്ടതകളും ദുഃഖവും വേദനയും ദൈവം നീക്കം ചെയ്യാൻ പോകുന്ന ആ സമയത്തിനായി ഞാൻ കാത്തുകാത്തിരിക്കുകയാണ്! (യെശയ്യാവു 65:17-23) അപ്പോൾ അനുസരണമുള്ള എല്ലാ മനുഷ്യർക്കും ഇങ്ങനെ ചോദിക്കാൻ സാധിക്കും: “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?”—1 കൊരിന്ത്യർ 15:55; യെശയ്യാവു 25:8.—സംഭാവന ചെയ്യപ്പെട്ടത്. (g02 3/22)
[അടിക്കുറിപ്പുകൾ]
a ഗർഭമലസുന്നതിനോട് ഓരോ വ്യക്തിയും വ്യത്യസ്തമായാണു പ്രതികരിക്കുന്നതെന്ന് ഗവേഷണം കാണിക്കുന്നു. ചിലർ ആശയക്കുഴപ്പത്തിലാകുന്നു, മറ്റു ചിലർ നിരാശിതരാകുന്നു, വേറെ ചിലരാകട്ടെ തീവ്രമായ ദുഃഖത്തിന് അടിപ്പെടുന്നു. ഗർഭമലസൽ പോലുള്ള ഒരു കനത്ത നഷ്ടത്തോടുള്ള സ്വാഭാവിക പ്രതികരണമാണ് ദുഃഖം എന്നും അത് മുറിവുണങ്ങലിന്റെ ഒരു ഭാഗമാണെന്നും ഗവേഷകർ പറയുന്നു.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[21-ാം പേജിലെ ചതുരം]
ഗർഭമലസൽ —കണക്കുകളും കാരണങ്ങളും
“സ്ഥിരീകരിക്കപ്പെട്ട ഗർഭങ്ങളിൽ 15 മുതൽ 20 വരെ ശതമാനം അലസിപ്പോകുന്നതായി പഠനങ്ങൾ കാണിക്കുന്നു” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. “ഗർഭധാരണത്തെ (ബീജസങ്കലനത്തെ) തുടർന്നുള്ള ആദ്യത്തെ രണ്ടാഴ്ചകളിലാണ്—അപ്പോൾ മിക്ക സ്ത്രീകളും തങ്ങൾ ഗർഭിണികളാണെന്നു മനസ്സിലാക്കിയിട്ടുപോലും ഉണ്ടാവില്ല—ഗർഭമലസാൻ ഏറ്റവും സാധ്യതയുള്ളത്.” “ഗർഭമലസൽ കേസുകളിൽ 80 ശതമാനത്തിലധികവും സംഭവിക്കുന്നത് ഗർഭധാരണത്തെ തുടർന്നുള്ള ആദ്യത്തെ 12 ആഴ്ചകളിലാണ്” എന്ന് മറ്റൊരു പുസ്തകം പറയുന്നു. ഇതിൽ പകുതിയെങ്കിലും ഭ്രൂണത്തിന്റെ ക്രോമസോമുകളിലെ തകരാറുകൾകൊണ്ടു സംഭവിക്കുന്നതാണെന്നു കരുതപ്പെടുന്നു. എന്നാൽ ഈ തകരാറുകൾ, മാതാവിന്റെയോ പിതാവിന്റെയോ ക്രോമസോമുകളിലുള്ള സമാനമായ തകരാറുകളുടെ ഫലമായി ഉണ്ടാകുന്നവയല്ല.
മാതാവിന്റെ ആരോഗ്യപ്രശ്നങ്ങളായിരിക്കാം ഗർഭമലസലിലേക്കു നയിക്കുന്ന മറ്റൊരു ഘടകം. ഹോർമോൺ തകരാറുകൾ, രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാറുകൾ, അണുബാധ, ഗർഭാശയത്തിന്റെയോ ഗർഭാശയമുഖത്തിന്റെയോ വൈകല്യങ്ങൾ തുടങ്ങിയവയിലേക്കു വൈദ്യചികിത്സകർ വിരൽചൂണ്ടുന്നു. പ്രമേഹം (ഉചിതമായി നിയന്ത്രിക്കപ്പെടുന്നില്ല എങ്കിൽ), ഉയർന്ന രക്തസമ്മർദം തുടങ്ങിയ മാറാരോഗങ്ങളും കാരണങ്ങളാണ്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, വ്യായാമം ചെയ്യുന്നതോ ഭാരമുള്ള വസ്തുക്കൾ എടുക്കുന്നതോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതോ അവശ്യം ഗർഭമലസലിന് ഇടയാക്കുന്നില്ല. വീഴുന്നതോ ഒരു ചെറിയ പ്രഹരമേൽക്കുന്നതോ പെട്ടെന്ന് പേടിച്ചുപോകുന്നതോ ഗർഭമലസലിന് ഇടയാക്കാനുള്ള സാധ്യത കുറവാണ്. ഒരു പരമാർശ കൃതി ഇങ്ങനെ പറയുന്നു: “നിങ്ങളുടെ ജീവൻ അപകടപ്പെടുത്തിയേക്കാവുന്നത്ര ഗുരുതരമായ ഒരു ക്ഷതം സംഭവിക്കുന്നെങ്കിൽ മാത്രമേ ഭ്രൂണത്തെയും അതു ബാധിക്കാൻ സാധ്യതയുള്ളൂ.” അതേ, ഗർഭാശയത്തിന്റെ രൂപകൽപ്പന തീർച്ചയായും ജ്ഞാനിയും സ്നേഹവാനുമായ ഒരു സ്രഷ്ടാവിന്റെ അസ്തിത്വത്തിനു തെളിവു നൽകുന്നു!—സങ്കീർത്തനം 139:13, 14.
[23-ാം പേജിലെ ചതുരം/ചിത്രം]
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹായിക്കാനാകുന്ന വിധം
ഗർഭമലസിപ്പോയ ഒരു കുടുംബാംഗത്തെയോ സുഹൃത്തിനെയോ കാണുമ്പോൾ എന്തു ചെയ്യണം അഥവാ പറയണം എന്നറിയാതെ നാം വിഷമിച്ചേക്കാം. പലരും പലവിധത്തിലാണ് ഈ നഷ്ടത്തോടു പ്രതികരിക്കുന്നത് എന്നതുകൊണ്ട്, ആശ്വാസവും സഹായവും പ്രദാനം ചെയ്യാൻ ഒരു ഒറ്റമൂലി ഇല്ല. എങ്കിലും ഏതാനും നിർദേശങ്ങൾ c ഇതാ:
നിങ്ങൾക്കു നൽകാൻ കഴിയുന്ന പ്രായോഗിക സഹായങ്ങൾ:
◆ മറ്റു കുട്ടികൾ ഉണ്ടെങ്കിൽ ഇടയ്ക്കൊക്കെ അവരുടെ പരിപാലനം ഏറ്റെടുക്കുക.
◆ കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണം തയ്യാറാക്കിക്കൊണ്ടുവന്നു കൊടുക്കുക.
◆ പിതാവിനും പിന്തുണ നൽകുക. ഒരു പിതാവു പറഞ്ഞപ്രകാരം, ഒരു കമ്പനിയും “ഇത്തരം സാഹചര്യത്തിലുള്ള പിതാക്കന്മാർക്കു വേണ്ടി പ്രത്യേക കാർഡുകൾ ഉണ്ടാക്കുന്നില്ല.”
പറയാൻ കഴിയുന്ന കാര്യങ്ങൾ:
◆ “സംഭവം ഞാൻ അറിഞ്ഞു, എനിക്ക് അതിയായ ദുഃഖമുണ്ട്.”
ലളിതമായ ഈ വാക്കുകൾ വലിയ സഹായം ചെയ്യും, ആശ്വാസപ്രദമായ കൂടുതൽ കാര്യങ്ങൾ പറയുന്നതിന് അതു വഴി തുറക്കും.
◆ “കരഞ്ഞോളൂ, അതിൽ വിഷമിക്കാനൊന്നുമില്ല.”
ഗർഭമലസലിനെ തുടർന്നുള്ള ആദ്യത്തെ ആഴ്ചകളിൽ അല്ലെങ്കിൽ മാസങ്ങളിൽ കരയാനുള്ള പ്രവണത കൂടുതലാണ്. വികാരം തുറന്നു പ്രകടിപ്പിക്കുന്നതുകൊണ്ട് ആ വ്യക്തിയെ യാതൊരു കാരണവശാലും നിങ്ങൾ കുറച്ചുകാണുന്നില്ലെന്ന് ഉറപ്പുകൊടുക്കുക.
◆“എങ്ങനെയുണ്ടെന്നറിയാൻ അടുത്ത ആഴ്ച ഞാൻ വീണ്ടും വിളിച്ചോട്ടെ?”
തുടക്കത്തിൽ ഇവർക്ക് ആളുകളിൽനിന്നു വളരെയധികം സഹാനുഭൂതി ലഭിച്ചേക്കാം, എന്നാൽ ദിവസങ്ങൾ കടന്നുപോയശേഷവും അവരുടെ ഹൃദയവേദന ശമിച്ചെന്നു വരില്ല. അപ്പോൾ എല്ലാവരും തങ്ങളെ മറന്നതായി അവർക്കു തോന്നിയേക്കാം. നിങ്ങൾ തുടർന്നും അവരെ പിന്തുണയ്ക്കുന്നുണ്ടെന്ന് അവർ അറിയുന്നതു നന്നായിരിക്കും. ആഴ്ചകളോ മാസങ്ങളോ പിന്നിട്ടാലും ഇടയ്ക്കിടെ ദുഃഖം അണപൊട്ടിയേക്കാം. അടുത്ത കുട്ടിയുടെ ജനനത്തിനു ശേഷംപോലും അതു സംഭവിക്കാവുന്നതാണ്.
◆“വാസ്തവത്തിൽ എന്തു പറയണമെന്ന് എനിക്ക് അറിയില്ല.”
പലപ്പോഴും ഒന്നും പറയാതിരിക്കുന്നതിനെക്കാൾ നല്ലത് ഇങ്ങനെ പറയുന്നതാണ്. നിങ്ങളുടെ സത്യസന്ധതയും ഒപ്പം ആശ്വാസവും സഹായവും നൽകാനുള്ള ആഗ്രഹവും ആ വ്യക്തിയിലുള്ള നിങ്ങളുടെ താത്പര്യത്തെ പ്രകടമാക്കുന്നു.
പറയരുതാത്ത കാര്യങ്ങൾ:
◆ “സാരമില്ല, ഇനി ഒരു കുഞ്ഞ് കൂടെ ആകാമല്ലോ.”
അത് ശരിയായിരിക്കാമെങ്കിലും അത് സമാനുഭാവമില്ലായ്മയെ പ്രതിഫലിപ്പിക്കുന്നു. ഏതെങ്കിലുമൊരു കുഞ്ഞിനെയല്ല, നഷ്ടമായ ആ കുഞ്ഞിനെയാണ് മാതാപിതാക്കൾക്കു വേണ്ടിയിരുന്നത്. മറ്റൊരു കുഞ്ഞിനെ കുറിച്ചു ചിന്തിക്കുന്നതിനുമുമ്പ് നഷ്ടമായ കുഞ്ഞിനെ കുറിച്ച് അവർ വ്യസനിക്കേണ്ടത് ആവശ്യമായിരുന്നേക്കാം.
◆ “അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നിരിക്കണം.”
അത് ശരിയായിരിക്കാമെങ്കിലും ആശ്വാസദായകമായ ഒരു പ്രസ്താവനയല്ല അത്. അമ്മയെ സംബന്ധിച്ചിടത്തോളം അവർ മനസ്സിൽ താലോലിച്ചിരുന്നത് ആരോഗ്യമുള്ള ഒരു കുഞ്ഞിനെയാണ്.
◆ “ഇപ്പോൾത്തന്നെ ഇതു സംഭവിച്ചതു നന്നായി, കുഞ്ഞുണ്ടായ ശേഷമാണ് ഇതു സംഭവിച്ചിരുന്നതെങ്കിലോ?”
മിക്ക സ്ത്രീകളും കുഞ്ഞ് ജനിക്കുന്നതിനു വളരെ മുമ്പുതന്നെ അതുമായി ഒരു ആത്മബന്ധം വളർത്തിയെടുത്തിട്ടുണ്ടാകും. ആ കുഞ്ഞു മരിക്കുമ്പോൾ ദുഃഖം ഉണ്ടാകുന്നതു സ്വാഭാവികമാണ്. അമ്മയെ പോലെ മറ്റാരും ആ കുഞ്ഞിനെ അറിഞ്ഞിരുന്നില്ല എന്ന വസ്തുത ദുഃഖം വർധിപ്പിക്കുന്നു.
◆“ഒന്നുമല്ലെങ്കിൽ നിങ്ങൾക്കു വേറെ കുട്ടികൾ ഉണ്ടല്ലോ.”
ദുഃഖാർത്തരായ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം, ഒരു കൈ നഷ്ടമായ വ്യക്തിയോട് “ഒന്നുമല്ലെങ്കിൽ നിങ്ങൾക്കു മറ്റേ കൈ ഉണ്ടല്ലോ” എന്നു പറയുന്നതിനു തുല്യമാണ് അത്.
എന്നിരുന്നാലും, വളരെയധികം പരിഗണനയും ആത്മാർഥതയും ഉള്ള ആളുകൾ പോലും പറയാൻ പാടില്ലാത്ത കാര്യങ്ങൾ ചിലപ്പോൾ പറഞ്ഞുപോയേക്കാം എന്ന സംഗതി തിരിച്ചറിയേണ്ടതുണ്ട്. (യാക്കോബ് 3:2) അതുകൊണ്ട്, ഗർഭസ്ഥ ശിശുവിനെ നഷ്ടമായ സ്ത്രീകൾ ക്രിസ്തീയ സ്നേഹവും വിവേചനയും പ്രകടമാക്കാൻ ആഗ്രഹിക്കും, അബദ്ധമെങ്കിലും സദുദ്ദേശ്യത്തോടെ പറഞ്ഞ വാക്കുകളെ പ്രതി അവർ മറ്റുള്ളവരോടു നീരസം പുലർത്തുകയില്ല.—കൊലൊസ്സ്യർ 3:13.
[അടിക്കുറിപ്പ്]
c ന്യൂസിലൻഡിലെ വെല്ലിങ്ടണിലുള്ള ‘മിസ്കാരേജ് സപ്പോർട്ട് ഗ്രൂപ്പ്’ തയ്യാറാക്കിയ ഗർഭമലസലുമായി പൊരുത്തപ്പെടാൻ ഒരു വഴികാട്ടി (ഇംഗ്ലീഷ്) എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് ഇവ.