ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
വിദ്വേഷം അടുത്തയിടെ എന്റെ ജ്യേഷ്ഠൻ എന്നെ കാണാൻ വന്നിരുന്നു. മറ്റു വർഗക്കാരോടുള്ള തന്റെ വെറുപ്പ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. വ്യത്യസ്ത വർഗക്കാരെ കുറിച്ചു വളരെ പുച്ഛത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. ജ്യേഷ്ഠനെ സഹായിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, അതെങ്ങനെ ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. “വിദ്വേഷത്തിന്റെ ചങ്ങല പൊട്ടിച്ചെറിയൽ” എന്ന 2001 സെപ്റ്റംബർ 8 ലക്കം ഉണരുക! എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായിരുന്നു.
എൽ. ബി., ഐക്യനാടുകൾ (g02 3/22)
യുക്തിസഹമായി ചിന്തിക്കുന്ന ആർക്കും നിങ്ങൾ എഴുതിയത് അംഗീകരിക്കാനാവില്ല. “മോശമായ ചായ്വുകളോടും പോരായ്മകളോടും കൂടിയാണ് അപൂർണ മനുഷ്യർ ജനിക്കുന്നതെന്നു ബൈബിൾ പറയുന്നുണ്ട്. (ഉല്പത്തി 6:5; ആവർത്തനപുസ്തകം 32:5) തീർച്ചയായും, അത് എല്ലാ മനുഷ്യരുടെയും കാര്യത്തിൽ സത്യമാണ്” എന്നു നിങ്ങൾ പറഞ്ഞു. എന്നാൽ ഈ തിരുവെഴുത്തുകൾ പ്രത്യേക സ്ഥലങ്ങളിലും കാലഘട്ടങ്ങളിലും ജീവിച്ചിരുന്ന രണ്ടു പ്രത്യേക കൂട്ടങ്ങളെ കുറിച്ചു പറയുന്നവയാണ്. അവ ഒരിക്കലും എല്ലാ മനുഷ്യർക്കും ബാധകമാക്കാനാവില്ല.
ഡി. സി., ചെക്ക് റിപ്പബ്ലിക്ക് (g02 3/22)
“ഉണരുക!”യുടെ പ്രതികരണം: ജലപ്രളയത്തിനു മുമ്പ് ജീവിച്ചിരുന്ന ജനങ്ങൾക്കും ഇസ്രായേൽ ജനതയ്ക്കും ഈ വാക്കുകൾ വിശേഷാൽ ബാധകമായി എന്നതു ശരിയാണ്. എന്നിരുന്നാലും ‘എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു’ എന്ന വസ്തുത ബൈബിൾ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. (റോമർ 3:23; 5:12; ഇയ്യോബ് 14:4; സങ്കീർത്തനം 51:5) ഈ മാനുഷിക അപൂർണതയ്ക്കുള്ള ഉദാഹരണങ്ങളായി ഇസ്രായേല്യരെയും ജലപ്രളയത്തിനു മുമ്പ് ജീവിച്ചിരുന്ന ജനങ്ങളെയും എടുത്തുകാണിച്ചിരിക്കുന്നു.
ഡയറികൾ “ഡയറി—ഒരു വിശ്വസ്ത മിത്രം” (സെപ്റ്റംബർ 8, 2001) എന്ന ലേഖനം കണ്ടപ്പോൾ എനിക്കെത്ര സന്തോഷം തോന്നിയെന്നോ! എനിക്ക് ഇപ്പോൾ 20 വയസ്സുണ്ട്. 11 വയസ്സുള്ളപ്പോൾ മുതൽ എനിക്ക് ഡയറി എഴുതുന്ന ശീലമുണ്ട്. എന്റെ വികൃതിത്തരങ്ങളെ കുറിച്ചും കൗമാരകാലത്ത് എതിർലിംഗവർഗത്തിൽ പെട്ടവരോട് ആദ്യമായി തോന്നിയ ആകർഷണങ്ങളെ കുറിച്ചും ചമ്മലുകളെ കുറിച്ചും അതുപോലെ എന്റെ കവിതകളും എന്റെ സ്നാപന ദിവസത്തെയും അന്നത്തെ എന്റെ വികാരങ്ങളെയും കുറിച്ചുമെല്ലാം വായിക്കുമ്പോൾ എനിക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ.
എൽ. സി., ഇറ്റലി (g02 3/22)
ശിശുദ്രോഹത്തിന്റെ ഒരു ഇരയായിരുന്ന എനിക്ക് സ്വന്തം വികാരങ്ങൾ മെച്ചമായി മനസ്സിലാക്കാനും വൈകാരിക വേദന തരണം ചെയ്യാനും ഡയറി എഴുത്തിലൂടെ സാധിച്ചിട്ടുണ്ട്. ആത്മീയ കാര്യങ്ങളിൽ പുരോഗതി വരുത്താൻ എനിക്കു കഴിഞ്ഞിരിക്കുന്നു.
ഇ. എൽ., ഐക്യനാടുകൾ (g02 3/22)
പ്രാർഥന “യുവജനങ്ങൾ ചോദിക്കുന്നു . . . പ്രാർഥനയ്ക്ക് എന്നെ എങ്ങനെ സഹായിക്കാനാവും?” (ആഗസ്റ്റ് 8, 2001) എന്ന ലേഖനത്തിനു നന്ദി. തങ്ങളുടെ പ്രശ്നങ്ങൾ നേരിടാൻ പ്രാർഥന അനേകം യുവജനങ്ങളെ എങ്ങനെ സഹായിച്ചിരിക്കുന്നു എന്നു വായിച്ചത് യഹോവയോടു കൂടുതലായി ഹൃദയം തുറന്നു സംസാരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.
ഡി. ബി., ഇറ്റലി (g02 3/22)
ദൈവവുമായി കൂടുതൽ അടുത്ത ഒരു ബന്ധം എനിക്ക് ആവശ്യമാണെന്നു മനസ്സിലാക്കാൻ പ്രസ്തുത ലേഖനം എന്നെ സഹായിച്ചു. എന്റെ ഈ പ്രായത്തിൽ—എനിക്കു 16 വയസ്സുണ്ട്—അതു വളരെ ദുഷ്കരമാണ്. നാനാതരം പ്രലോഭനങ്ങളും സമപ്രായക്കാരിൽ നിന്നുള്ള സമ്മർദങ്ങളുമുണ്ട്. എനിക്ക് ഒരു ബൈബിൾ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അറിയാൻ ആഗ്രഹിക്കുന്നു.
എം. എ., ഐക്യനാടുകൾ
“ഉണരുക!”യുടെ പ്രതികരണം: യഹോവയുടെ സാക്ഷികൾ ഈ വായനക്കാരിയെ സന്ദർശിച്ച് ഒരു ബൈബിൾ നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തുകഴിഞ്ഞു. (g02 3/22)
മനസ്സമാധാനത്തിനായി യഹോവയോടു പ്രാർഥിച്ച യുവാവായ പോളിന്റെ വാക്കുകൾ എനിക്കു നന്നേ ഇഷ്ടമായി. എന്റെ അനുദിന ജീവിതത്തിലും എനിക്ക് എടുക്കേണ്ട തീരുമാനങ്ങളിലും സമനില പ്രകടമാക്കാൻ എന്നെ സഹായിക്കുന്നതിന് ഞാൻ സദാ യഹോവയോടു പ്രാർഥിച്ചിട്ടുണ്ട്. ഇനി ഞാൻ മനസ്സമാധാനത്തിനായും പ്രാർഥിക്കും. നമ്മുടെ യുവജനങ്ങളിൽനിന്നു നമുക്കു വളരെയധികം പഠിക്കാൻ സാധിക്കും. എനിക്ക് 62 വയസ്സുണ്ട്.
എം. പി., ഓസ്ട്രേലിയ (g02 3/22)
അതിദാരുണ ദുരന്തം തെരേസയ്ക്കും കുടുംബത്തിനും നേരിട്ട നടുക്കുന്ന ദുരന്തത്തെ കുറിച്ചുള്ള അനുഭവം എന്നെ ആഴത്തിൽ സ്പർശിച്ചു. യഹോവയുടെ വാഗ്ദത്ത പുതിയലോകത്തിൽ തെരേസയെ ആശ്ലേഷിക്കാൻ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അവളുടെ കുടുംബത്തോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
എൽ. ടി., ഇറ്റലി (g02 3/8)