തേൻ—മധുരമുള്ള ഒരു ഔഷധം
തേൻ—മധുരമുള്ള ഒരു ഔഷധം
പഴുപ്പും വീക്കവും തടയുന്നതിലെ തേനിന്റെ ഫലപ്രദത്വം സംബന്ധിച്ച് ചില വൈദ്യശാസ്ത്ര ഗവേഷകർ ആവേശഭരിതരാണ്. കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ വർത്തമാനപ്പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള സൂക്ഷ്മാണുക്കളുടെ മുന്നിൽ അടിയറവു പറഞ്ഞിരിക്കുന്ന മനുഷ്യനിർമിത ആന്റിബയോട്ടിക്കുകളിൽനിന്നു വ്യത്യസ്തമായി, തേനിന് മുറിവുകളിലെ രോഗാണുക്കളിൽ ചിലതിനെയെങ്കിലും ചെറുത്തു തോൽപ്പിക്കാൻ കഴിയുന്നതായി കാണപ്പെടുന്നു.”
തേനിന്റെ ഈ ഔഷധഗുണത്തിനു പിന്നിൽ എന്താണ്? പുഷ്പങ്ങളിൽനിന്നു തേൻ ശേഖരിക്കുന്ന ജോലിക്കാരായ തേനീച്ചകൾക്ക് ഇതിൽ പങ്കുണ്ട്. തേനീച്ചയുടെ ഉമിനീരിൽ പൂന്തേനിലെ ഗ്ലൂക്കോസിനെ വിഘടിപ്പിക്കുന്ന ഒരു പ്രധാന രാസാഗ്നിയായ (enzyme) ഗ്ലൂക്കോസ്-ഓക്സിഡേസ് അടങ്ങിയിട്ടുണ്ട്. ഈ വിഘടനത്തിന്റെ ഒരു ഉപോത്പന്നമായ ഹൈഡ്രജൻ പെറോക്സൈഡ് സാധാരണമായി മുറിവുകൾ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ഉപയോഗിക്കാറുണ്ട്. ഹൈഡ്രജൻ പെറോക്സൈഡ് നേരിട്ട് ഒരു മുറിവിൽ പുരട്ടുമ്പോൾ സാധാരണഗതിയിൽ അതിന്റെ ഗുണം ഏറെ നേരം നീണ്ടുനിൽക്കാറില്ല. എന്നാൽ തേനിന്റെ കാര്യത്തിൽ സംഗതി വ്യത്യസ്തമാണ്. “മുറിവിൽ പുരട്ടുമ്പോൾ ശരീരദ്രവങ്ങൾ കലർന്ന് തേനിന് സ്വാഭാവികമായുള്ള അമ്ലത കുറയുന്നു” എന്ന് ഗ്ലോബ് പറയുന്നു. അമ്ലത കുറഞ്ഞ ഈ ചുറ്റുപാടിൽ മേൽ പരാമർശിച്ച രാസാഗ്നി പ്രവർത്തിക്കുന്നു. തേനിലെ പഞ്ചസാരയുടെ വിഘടനം സാവധാനത്തിലും തുടർച്ചയായും നടക്കുന്നു. ആരോഗ്യമുള്ള ശരീര കലകൾക്കു കേടുവരുത്താതെ ഒരു പ്രദേശത്തുള്ള ബാക്ടീരിയയെ നശിപ്പിക്കാൻ ആവശ്യമായത്ര അളവിലുള്ള ഹൈഡ്രജൻ പെറോക്സൈഡ് മാത്രമേ ഈ പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ.
ഗ്ലോബ് പറയുന്നതനുസരിച്ച്, മുറിവ് ഉണങ്ങാൻ സഹായിക്കുന്ന പല സവിശേഷതകളും തേനിനുണ്ട്. “തേൻ നനവു പ്രദാനം ചെയ്യുന്നതിനാൽ അതു ചർമത്തെ സംരക്ഷിക്കുകയും മുറിവിൽ പൊറ്റകെട്ടുന്നതു തടയുകയും ചെയ്യുന്നു. തേൻ പുതിയ രക്തലോമികകൾ രൂപംകൊള്ളാനും വളരാനും ഇടയാക്കുകയും പുതിയ ത്വക്ക് വളരുന്നതിനിടയാക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.” കൂടാതെ, തേനിൽ അടങ്ങിയിരിക്കുന്ന ഓക്സീകരണരോധികൾ “വീക്കം തടയാനും രക്തപര്യയനം മെച്ചപ്പെടുത്താനും മുറിവുകളിലൂടെ ദ്രവങ്ങൾ പുറത്തേക്ക് ഒഴുകുന്നതു തടയാനും” സഹായിക്കുന്നു.
“എന്നാൽ തേൻ എല്ലാവരുടെയും ചികിത്സയിൽ ഉപയോഗിക്കാനാവില്ല” എന്ന് റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. തേനിന്റെ 5 ശതമാനത്തിൽ ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്ന ബോട്ടുലിനം അണുക്കൾ അടങ്ങിയിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. ‘ഹെൽത്ത് കാനഡ’യുടെ ‘ബോട്ടുലിസം റെഫറൻസ് സർവീസും’ ശിശുരോഗചികിത്സാ സൊസൈറ്റികളും മറ്റും ഒരു വയസ്സിനു താഴെയുള്ള ശിശുക്കൾക്കു തേൻ നൽകുന്നതിനെതിരെ ബുദ്ധിയുപദേശിക്കുന്നു. കാരണം, “ആ ബാക്ടീരിയത്തിൽനിന്നുള്ള സംരക്ഷണത്തിന് ആവശ്യമായ സൂക്ഷ്മജീവികൾ അപ്പോഴും കുഞ്ഞുങ്ങളുടെ കുടലിൽ വേണ്ട അളവിൽ ഉണ്ടായിരിക്കുകയില്ല.”(g02 3/8)