പ്രത്യാഘാതങ്ങളെ തരണം ചെയ്യൽ
പ്രത്യാഘാതങ്ങളെ തരണം ചെയ്യൽ
“രാവിലെ മുതൽ ഇങ്ങനെ അലയുകയാണ്, ജീവൻ രക്ഷിക്കാനുള്ള തത്രപ്പാട്. ആരുടെയും കൈയിൽ കുടിവെള്ളമോ ഭക്ഷണമോ ഇല്ല. ഞങ്ങളുടെ വീടുകളെല്ലാം തകർന്നുപോയിരിക്കുന്നു.”—ഹർജീവൻ, 7.9 പരിമാണതോതിൽ ഇന്ത്യയിൽ ഉണ്ടായ ഒരു ഭൂകമ്പത്തെ അതിജീവിച്ച വ്യക്തി.
ഒരു ഭൂകമ്പത്തിന്റെ ഉഗ്രകോപത്തെ നേരിടേണ്ടിവരിക എന്നതു ഭയാനകമായ ഒരു അനുഭവമാണ്. 1999-ൽ തായ്വാനിൽ ഉണ്ടായ ഒരു ഭൂകമ്പത്തെ അതിജീവിച്ച ഒരു വ്യക്തി പറയുന്നു: ‘കട്ടിലിനരികിലെ എട്ടടി പൊക്കമുള്ള ഒരു തടിയലമാരയിൽനിന്ന് പുസ്തകങ്ങൾ എനിക്കു ചുറ്റും ചിതറിവീണു. അലമാരയുടെ ഏറ്റവും മുകളിൽ വെച്ചിരുന്ന പുതിയ ഹെൽമെറ്റ് എന്റെ തലയുടെ തൊട്ടരികിലായി കിടക്കയിൽ വന്നുവീണു. എന്നെ സംരക്ഷിക്കുന്നതിനു വാങ്ങിയ അതുതന്നെ എന്റെ മരണത്തിനു കാരണമായേനെ.’
അതിജീവനത്തിനു ശേഷം
ഒരു ഭൂകമ്പാനുഭവത്തിലൂടെ കടന്നുപോകുന്നതു ഭയാനകമാണ്. എന്നാൽ അതിജീവനം തുടക്കം മാത്രമേ ആകുന്നുള്ളൂ. ഭൂകമ്പത്തെ തുടർന്നുള്ള മണിക്കൂറുകളിൽ ദുരിതാശ്വാസ പ്രവർത്തകർ ധൈര്യപൂർവം പരിക്കേറ്റവരെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകാൻ ശ്രമിക്കുന്നു. വീണ്ടും ഭൂചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കെയാണ് പലപ്പോഴും അവർ ഇതു ചെയ്യുന്നത്. എൽ സാൽവഡോറിൽ അടുത്തകാലത്ത് ഉണ്ടായ ഒരു ഭൂകമ്പത്തിൽ ഒരു പ്രദേശം മൊത്തം മൺകൂനയ്ക്കടിയിൽ ആയിപ്പോയപ്പോൾ അവിടെ തിരച്ചിൽ നടത്തുന്നതിനെ കുറിച്ചു ചിന്തിക്കുകയായിരുന്ന ഒരു വ്യക്തി പറഞ്ഞു: “ഞങ്ങൾ വളരെ ശ്രദ്ധാലുക്കൾ ആയിരിക്കേണ്ടതുണ്ട്. പെട്ടെന്നു വീണ്ടും ഒരു കുലുക്കം ഉണ്ടായാൽ ഈ കുന്നിന്റെ ബാക്കി ഭാഗംകൂടി ഇടിഞ്ഞു വീണേക്കാം.”
ഭൂകമ്പത്തിന് ഇരയായവരെ സഹായിക്കുന്നതിൽ ചില വ്യക്തികൾ അങ്ങേയറ്റം ആത്മത്യാഗം പ്രകടിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2001 ആദ്യം ഇന്ത്യയിൽ ഒരു വൻ ഭൂകമ്പം ഉണ്ടായപ്പോൾ ഐക്യനാടുകളിൽ താമസമാക്കിയ ഇന്ത്യക്കാരനായ മനു എന്ന വൃദ്ധൻ തന്റെ മാതൃദേശത്തേക്കു മടങ്ങി. “എനിക്കു പോയേ തീരൂ,” അദ്ദേഹം പറഞ്ഞു, “എന്റെ കുടുംബത്തെ മാത്രമല്ല ദുരിതം അനുഭവിക്കുന്ന ഏവരെയും സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” മനു സന്ദർശിച്ച സ്ഥലങ്ങളിലെല്ലാം അവസ്ഥകൾ അങ്ങേയറ്റം ദയനീയമായിരുന്നു. എന്നിരുന്നാലും, “ആളുകൾ അസാധാരണ മനക്കരുത്തു പ്രകടിപ്പിച്ചു” എന്ന് അദ്ദേഹം പറഞ്ഞു. ഒരു പത്രപ്രവർത്തകൻ എഴുതി: “എനിക്കറിയാവുന്ന എല്ലാവരും തങ്ങളാലാവുംവിധം സഹായിച്ചു. ഒരു ദിവസത്തെയോ ആഴ്ചത്തെയോ മാസത്തെയോ വേതനമോ തങ്ങളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗമോ ഒക്കെ അവർ നൽകി.”
നാശാവശിഷ്ടങ്ങൾ നീക്കം ചെയ്യാനും പരിക്കേറ്റവരെ ചികിത്സിക്കാനും കഴിഞ്ഞാലും, ഏതാനും നിമിഷനേരത്തെ ഭീകരത തകിടം മറിച്ച ജീവിതങ്ങളെ സാധാരണ നിലയിലേക്കു തിരികെ കൊണ്ടുവരിക എന്നത് അത്ര എളുപ്പമല്ല. എൽ സാൽവഡോറിലെ ഭൂകമ്പത്തിൽ തന്റെ വീടു നഷ്ടപ്പെട്ട ഡെലോറസ് എന്ന സ്ത്രീയുടെ കാര്യമെടുക്കുക. അവർ പറയുന്നു: “ഇതു യുദ്ധത്തെക്കാൾ ഭയങ്കരമാണ്. ആ സമയത്ത് ഞങ്ങൾക്കു കേറിക്കിടക്കാൻ ഒരു ഇടമെങ്കിലും ഉണ്ടായിരുന്നു.”
പ്രാരംഭ ലേഖനത്തിൽ സൂചിപ്പിച്ചതു പോലെ, പലപ്പോഴും ഭൗതിക സഹായത്തോടൊപ്പം വൈകാരിക പിന്തുണയുടെയും വലിയ ആവശ്യമുണ്ട്. ഉദാഹരണത്തിന്, 1999-ന്റെ തുടക്കത്തിൽ പടിഞ്ഞാറൻ കൊളംബിയയിലെ ആർമേനിയയിൽ ഉണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേറെ പേർക്കു ജീവൻ നഷ്ടമായി. അതിലുമധികം പേരെ അത് നടുക്കത്തിന്റെയും നിരാശയുടെയും അവസ്ഥയിലേക്കു തള്ളിവിട്ടു. “എവിടെ ചെന്നാലും ആളുകൾ സഹായ അഭ്യർഥനയുമായി എത്തുകയാണ്” എന്ന് മനോരോഗ വിദഗ്ധനായ റോബർട്ടോ എസ്റ്റഫാൻ—ദുരന്തത്തിൽ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റ് കെട്ടിടവും തകർന്നിരുന്നു—പറഞ്ഞു. “ഒരു ഹാംബർഗർ കഴിക്കാൻ പുറത്തു പോയാലും, കണ്ടുമുട്ടുന്ന മിക്കവരും അവരുടെ ഉറക്കമില്ലായ്മയെയും ദുഃഖത്തെയും കുറിച്ചാണ് എന്നോടു പറയുന്നത്.”
ഡോ. എസ്റ്റഫാന് നന്നായി അറിയാവുന്നതു പോലെ, ഭൂകമ്പത്തിന്റെ ഫലമായുള്ള വൈകാരിക നടുക്കത്തിന് ഒരു വ്യക്തിയെ തളർത്തിക്കളയാനാകും. ഒരു ദുരിതാശ്വാസ ക്യാമ്പിന്റെ നിർമാണത്തിൽ സഹായിച്ച ഒരു സന്നദ്ധസേവിക നിരീക്ഷിച്ചതനുസരിച്ച് തൊഴിലുള്ള ചിലർ ജോലിക്കു പോകാൻ കൂട്ടാക്കുന്നില്ല. ഏതായാലും താമസിയാതെ തങ്ങൾ മരിക്കാൻ പോകുകയാണല്ലോ എന്ന ചിന്താഗതിയാണ് അവർക്ക്.
നിരാശിതർക്കു പ്രത്യാശ പകരുന്നു
ഇങ്ങനെയുള്ള അടിയന്തിരഘട്ടങ്ങളിൽ യഹോവയുടെ സാക്ഷികൾ അതിജീവകരെ ഭൗതികമായി മാത്രമല്ല, ആത്മീയമായും
വൈകാരികമായും സഹായിക്കാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, നേരത്തേ പരാമർശിച്ച കൊളംബിയയിലെ ഭൂകമ്പം ഉണ്ടായ ഉടനെ യഹോവയുടെ സാക്ഷികളുടെ അവിടത്തെ ബ്രാഞ്ച് ഓഫീസ് ഒരു പ്രാദേശിക അടിയന്തിര സഹായ കമ്മിറ്റി രൂപീകരിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള സാക്ഷികളായ ആയിരക്കണക്കിന് സന്നദ്ധ സേവകർ ഭക്ഷണസാധനങ്ങളും പണവും സംഭാവന ചെയ്തു. പെട്ടെന്നുതന്നെ ഏതാണ്ട് 70 ടൺ ഭക്ഷണസാധനങ്ങൾ ഭൂകമ്പബാധിത പ്രദേശത്ത് എത്തിക്കാൻ കഴിഞ്ഞു.പലപ്പോഴും ആത്മീയ സഹായമാണ് ഏറ്റവും ആവശ്യമായിരിക്കുന്നത്. കൊളംബിയ ഭൂകമ്പത്തിൽ തകർന്നുതരിപ്പണമായ ആർമേനിയ നഗരത്തിലൂടെ ഒരു ദിവസം രാവിലെ അങ്ങേയറ്റം വിഷണ്ണയായ ഒരു സ്ത്രീ നടന്നുപോകുന്നത് സ്ഥലത്തെ യഹോവയുടെ സാക്ഷിയായ ഒരു വനിത ശ്രദ്ധിച്ചു. അവർ ആ സ്ത്രീയെ സമീപിച്ച് മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? എന്ന ലഘുലേഖ നൽകി. a
ആ സ്ത്രീ ലഘുലേഖ വീട്ടിൽ കൊണ്ടുപോയി ശ്രദ്ധാപൂർവം വായിച്ചു. അടുത്ത തവണ യഹോവയുടെ സാക്ഷികളിൽ ഒരാൾ അവരുടെ ഭവനം സന്ദർശിച്ചപ്പോൾ അവർ തന്റെ കഥ പറഞ്ഞു. ആ നഗരത്തിൽ അവർക്ക് അനേകം വീടുകൾ ഉണ്ടായിരുന്നു. അതിൽനിന്നു നല്ല വരുമാനവും ലഭിച്ചിരുന്നു. എന്നാൽ ഭൂകമ്പത്തിൽ അവയെല്ലാം നശിച്ചു. അതിന്റെ ഫലമായി അവർ ദാരിദ്ര്യത്തിൽ ആയിരുന്നു. അത്രയുമല്ല, അവർ താമസിച്ചിരുന്ന വീടു ഭൂകമ്പത്തിൽ നശിച്ചതിന്റെ ഫലമായി അവരുടെ 25 വയസ്സുള്ള മകൻ മരിക്കുകയും ചെയ്തിരുന്നു. മുമ്പ് മതത്തിൽ ഒട്ടും താത്പര്യം ഇല്ലായിരുന്നെങ്കിലും ഇപ്പോൾ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് ആ സ്ത്രീ സാക്ഷിയോടു പറഞ്ഞു. ആ ലഘുലേഖ അവർക്കു യഥാർഥ പ്രത്യാശ നൽകിയിരുന്നു. പെട്ടെന്നുതന്നെ ഒരു ഭവന ബൈബിൾ അധ്യയനം ആരംഭിച്ചു.
ഭൂകമ്പം ഉൾപ്പെടെയുള്ള പ്രകൃതി വിപത്തുകളൊന്നും മനുഷ്യവർഗത്തിനു മേലാൽ ഭീഷണി ആയിരിക്കുകയില്ലാത്ത ഒരു സമയം വരുമെന്ന കാര്യത്തിൽ യഹോവയുടെ സാക്ഷികൾക്കു പൂർണ ഉറപ്പുണ്ട്. അതിന്റെ കാരണം അടുത്ത ലേഖനം വിശദമാക്കും. (g02 3/22)
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[6-ാം പേജിലെ ചതുരം]
ഒരുങ്ങിയിരിക്കുക!
◼ വെള്ളം ചൂടാക്കുന്ന ഹീറ്ററുകൾ നന്നായിട്ടു പൂട്ടിയിട്ടുണ്ടെന്നും ഭാരം കൂടിയ സാധനങ്ങൾ തറയിലോ അലമാരയുടെയും മറ്റും താഴത്തെ തട്ടുകളിലോ ആണ് വെച്ചിരിക്കുന്നതെന്നും ഉറപ്പു വരുത്തുക.
◼ വൈദ്യുതി, ഗ്യാസ്, വെള്ളം ഇവയെല്ലാം ഓഫ് ചെയ്യാൻ കുടുംബാംഗങ്ങളെ പഠിപ്പിക്കുക.
◼ വീട്ടിൽ ഒരു അഗ്നിശമനിയും ഫസ്റ്റ് എയിഡ് ബോക്സും കരുതുക.
◼ പുതിയ ബാറ്ററികൾ ഉള്ള കൊണ്ടുനടക്കാവുന്ന ഒരു റേഡിയോ ഉണ്ടായിരിക്കുക.
◼ ഭൂകമ്പം ഉണ്ടായാൽ എന്തു ചെയ്യണമെന്നതിന്റെ റിഹേഴ്സലുകൾ വീട്ടിൽ നടത്തുക. പിൻവരുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകുക: (1) പരിഭ്രമിക്കാതിരിക്കുക, (2) സ്റ്റൗവും ഹീറ്ററുമൊക്കെ ഓഫ് ചെയ്യുക, (3) കട്ടിളപ്പടിയിൽ നിൽക്കുകയോ മേശയുടെയോ കസേരയുടെയോ മറ്റോ അടിയിൽ കയറുകയോ ചെയ്യുക, (4) ജനലുകൾ, കണ്ണാടി, ചിമ്മിനി എന്നിവയുടെ അടുത്തുനിന്നു മാറുക.
[7-ാം പേജിലെ ചതുരം/ചിത്രം]
ഇസ്രായേലിലെ ഭൂകമ്പങ്ങൾ
“ഈ ഭൂമുഖത്ത് ഭൂകമ്പങ്ങളുടെ ഏറ്റവും നീണ്ട, തുടർച്ചയായ ചരിത്രം ഉള്ളത്” ഇസ്രായേലിനാണ് എന്ന് പ്രൊഫസർ ആമോസ് നുർ എഴുതുന്നു. മഹാ ഭ്രംശതാഴ്വര അതായത് മെഡിറ്ററേനിയൻ, അറേബ്യൻ ഭൂഫലകങ്ങൾക്കിടയിലെ വിള്ളൽ ഇസ്രായേലിലൂടെ—വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ—കടന്നു പോകുന്നതാണ് ഇതിന്റെ കാരണം.
രസാവഹമായി, പുരാതന എഞ്ചിനീയർമാർ ഭൂകമ്പത്തിന്റെ കെടുതികൾ കുറയ്ക്കാൻ ഒരു പ്രത്യേക തന്ത്രം ഉപയോഗിച്ചിരുന്നതായി ചില പുരാവസ്തു ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. ശലോമോന്റെ നിർമാണ പദ്ധതിയെ കുറിച്ചുള്ള ബൈബിൾ വിവരണവുമായി സാമ്യമുള്ളതാണ് ഇത്: “മുഖ്യാങ്കണത്തിനു ചുറ്റുമെന്നതുപോലെ കർത്താവിന്റെ ആലയത്തിനും പൂമുഖത്തിനും ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുപ്പലകയും ഉണ്ടായിരുന്നു.” (1 രാജാക്കന്മാർ 6:36; 7:12; പി.ഒ.സി ബൈബിൾ) കെട്ടിടം പണിയുമ്പോൾ കല്ലിനിടയിൽ തടി പാകുന്ന ഈ രീതി ഉപയോഗിച്ചതിന്റെ തെളിവുകൾ പല സ്ഥലങ്ങളിൽ—ശലോമോന്റെ കാലത്തോ അതിനു മുമ്പോ നിർമിച്ചതെന്ന് കരുതപ്പെടുന്ന മെഗിദ്ദോയിലെ ഒരു പ്രവേശനകവാടം ഉൾപ്പെടെ—കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. തടി “പാകിയതിന്റെ ഉദ്ദേശ്യം കെട്ടിടത്തെ ഭൂകമ്പ കെടുതികളിൽനിന്നു രക്ഷിക്കുക” എന്നതായിരുന്നിരിക്കാം എന്ന് പണ്ഡിതനായ ഡേവിഡ് എം. റോൾ വിശ്വസിക്കുന്നു.
[ചിത്രം]
ഭൂകമ്പ നാശാവശിഷ്ടങ്ങൾ —ബേത്ത്ശിയാൻ, ഇസ്രായേൽ
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ഭീതിദമായ രണ്ടു നിമിഷം—ഒരു അതിജീവകന്റെ വിവരണം
ഇന്ത്യയിലെ അഹമ്മദാബാദിൽ ഞങ്ങളുടെ കുടുംബം ഒരു ബന്ധുവിന്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. 2001 ജനുവരി 26-ാം തീയതി രാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ടല്ല, മറിച്ച് ശക്തമായ കുലുക്കം അനുഭവപ്പെട്ടാണ് ഞാൻ ഉണർന്നത്. ലോഹ അലമാരകൾ മുമ്പോട്ടും പുറകോട്ടും നിരങ്ങിനീങ്ങുന്ന ശബ്ദം കേട്ടപ്പോൾ എന്തോ കുഴപ്പം ഉണ്ടെന്ന് എനിക്കു മനസ്സിലായി. “എല്ലാവരും വേഗം വീടിനു പുറത്തു കടക്കൂ” എന്ന് എന്റെ ഇളയച്ഛൻ വിളിച്ചു പറഞ്ഞു. പുറത്തിറങ്ങി നോക്കിയപ്പോൾ വീട് അങ്ങോട്ടും ഇങ്ങോട്ടും ആടുകയായിരുന്നു. അതങ്ങനെ അനന്തമായി നീണ്ടുപോകുന്നതു പോലെ തോന്നിച്ചു. എന്നാൽ വാസ്തവത്തിൽ വെറും രണ്ടു നിമിഷത്തേക്കേ ആ കുലുക്കം അനുഭവപ്പെട്ടുള്ളൂ.
പെട്ടെന്ന് ഇതെല്ലാം കൂടി സംഭവിച്ചപ്പോൾ മാനസികമായി ആകെ തളർന്നുപോയി. കുടുംബാംഗങ്ങൾക്കൊന്നും കുഴപ്പമില്ലെന്ന് ഞങ്ങൾ ഉറപ്പു വരുത്തി. ഫോൺ കണക്ഷനും വൈദ്യുതിയും നിലച്ചതിനാൽ സമീപ പട്ടണങ്ങളിലെ ബന്ധുക്കളെ പറ്റി ഉടനെ വിവരമൊന്നും കിട്ടിയില്ല. ഉത്കണ്ഠാഭരിതമായ ഒരു മണിക്കൂറിനു ശേഷം അവരെല്ലാം സുരക്ഷിതരാണെന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ എല്ലാവരുടെയും സ്ഥിതി അതായിരുന്നില്ല. ഉദാഹരണത്തിന്, അഹമ്മദാബാദിൽ നൂറിലേറെ കെട്ടിടങ്ങൾ തകർന്നു, 500-ലധികം പേർക്കു ജീവൻ നഷ്ടമായി.
ആഴ്ചകളോളം ഭയം എല്ലാവരെയും ഗ്രസിച്ചിരുന്നു. ഒരു ഭൂകമ്പം കൂടെ ഉണ്ടാകുമെന്ന മുന്നറിയിപ്പു ലഭിച്ചിരുന്നതിനാൽ ആളുകൾ ഭയത്തോടെയാണു ദിവസവും ഉറങ്ങാൻ പോയത്. ജീവിതം സാധാരണ നിലയിലേക്കു തിരിച്ചുവരാൻ ഏറെ സമയം എടുത്തു. പലർക്കും ഭവനങ്ങൾ നഷ്ടപ്പെട്ടു. വെറും രണ്ടു നിമിഷമേ നീണ്ടുനിന്നുള്ളൂ എങ്കിലും ഞങ്ങളുടെ മനസ്സുകളിൽനിന്ന് ഒരിക്കലും മാഞ്ഞുപോകില്ലാത്ത ഒരു ഭൂകമ്പത്തിന്റെ ഫലമായിരുന്നു ഇതെല്ലാം.—സമീർ സരൈയ്യ പറഞ്ഞപ്രകാരം.
[6, 7 പേജുകളിലെ ചിത്രം]
ഇന്ത്യയിൽ 2001 ജനുവരിയിൽ ഉണ്ടായ ഭൂകമ്പത്തെ അതിജീവിച്ച ഒരാൾ, അതിൽ മരിച്ച തന്റെ അമ്മയുടെ ചിതയ്ക്കരികിൽ അവരുടെ ഫോട്ടോയുമായി
[കടപ്പാട്]
© Randolph Langenbach/UNESCO (www.conservationtech.com)