ഭീകര ദൃശ്യങ്ങൾ ഒപ്പം പ്രത്യാശാ കിരണങ്ങളും
ഭീകര ദൃശ്യങ്ങൾ ഒപ്പം പ്രത്യാശാ കിരണങ്ങളും
“ചുറ്റുമുള്ള കെട്ടിടങ്ങളെല്ലാം കുലുങ്ങിക്കൊണ്ടിരുന്നു. അവയിൽനിന്നു തീജ്വാലകൾ പുറപ്പെട്ടു. നാലുപാടുമുള്ള ആളുകൾ അലമുറയിടുന്നതും പ്രാർഥിക്കുന്നതും സഹായത്തിനായി നിലവിളിക്കുന്നതും ഓട്ടത്തിനിടയിൽ എനിക്കു കേൾക്കാൻ കഴിഞ്ഞു. ലോകാവസാനം വന്നെത്തിയെന്നാണ് ഞാൻ വിചാരിച്ചത്.”—ജി. ആർ., ഒരു ഭൂകമ്പ അതിജീവകൻ.
ഭൂവൽക്കത്തിലെ തുടർച്ചയായ ചലനങ്ങളുടെ ഫലമായി ഓരോ വർഷവും ദശലക്ഷക്കണക്കിനു ഭൂകമ്പങ്ങൾ ഉണ്ടാകുന്നു. എന്നാൽ അവയിൽ മിക്കവയും അനുഭവവേദ്യമാകാറില്ല. a എന്നിരുന്നാലും ഓരോ വർഷവും ഉണ്ടാകുന്ന ഭൂകമ്പങ്ങളിൽ ശരാശരി 140 എണ്ണത്തോളം “ശക്തം,” “കഠിനം,” “അതികഠിനം” എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടാൻ തക്ക വലുതാണ്. ചരിത്രത്തിലുടനീളം ഇത്തരം ഭൂകമ്പങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനും വസ്തുവകകളുടെ വൻതോതിലുള്ള നാശനഷ്ടത്തിനും ഇടയാക്കിയിരിക്കുന്നു.
ഭൂകമ്പങ്ങൾ അതിജീവകരുടെമേൽ കനത്ത വൈകാരിക ആഘാതവും ഏൽപ്പിക്കുന്നു. ഉദാഹരണത്തിന്, 2001-ന്റെ തുടക്കത്തിൽ എൽ സാൽവഡോറിനെ കിടിലം കൊള്ളിച്ച രണ്ടു ഭൂകമ്പങ്ങളെ തുടർന്ന് ആ രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ ‘മാനസികാരോഗ്യ ഉപദേശക സമിതി’ കോ-ഓർഡിനേറ്റർ ഇങ്ങനെ പറഞ്ഞു: “ആളുകൾ ദുഃഖം, നിരാശ, കോപം എന്നിങ്ങനെയുള്ള മാനസിക പ്രശ്നങ്ങൾ നിറഞ്ഞ ഒരു ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്.” എൽ സാൽവഡോറിലെ ആരോഗ്യ പ്രവർത്തകർ വിഷാദവും ഉത്കണ്ഠയും അനുഭവിക്കുന്ന രോഗികളുടെ എണ്ണത്തിൽ 73 ശതമാനം വർധന റിപ്പോർട്ടു ചെയ്തിരിക്കുന്നതിൽ അതിശയമില്ല. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ അടിയന്തിര ആവശ്യങ്ങളിൽ വെള്ളം കഴിഞ്ഞാൽ അടുത്തത് മാനസിക ആരോഗ്യ പരിപാലനം ആണെന്ന് സർവേകൾ കാണിക്കുന്നു.
എന്നാൽ ഭൂകമ്പങ്ങളെ കുറിച്ചു പറയുമ്പോൾ മരണം, നാശം, നിരാശ എന്നിവയെ കുറിച്ചു മാത്രമല്ല പറയാനുള്ളത്. പലപ്പോഴും ഇത്തരം വിപത്തുകൾ അസാധാരണമായ സഹായമനസ്കതയും ആത്മത്യാഗവും പ്രകടിപ്പിക്കാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾ പുതുക്കിപ്പണിയാനും തകർന്നടിഞ്ഞ ജീവിതങ്ങൾ വീണ്ടും കരുപ്പിടിപ്പിക്കാനും ചിലർ അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്. നാം കാണാൻ പോകുന്നതു പോലെ അങ്ങേയറ്റം ഭീകരമായ ദൃശ്യങ്ങൾക്കു മധ്യേയും ഇത്തരത്തിലുള്ള പ്രത്യാശാ കിരണങ്ങൾ പ്രകാശം ചൊരിഞ്ഞിരിക്കുന്നു. (g02 3/22)
[അടിക്കുറിപ്പ്]
a ഇതിൽ അതിമൃദുല ഭൂകമ്പങ്ങൾ ഉൾപ്പെടുന്നു, ഇങ്ങനെയുള്ള ആയിരക്കണക്കിന് ഭൂകമ്പങ്ങൾ ദിവസവും ഉണ്ടാകുന്നുണ്ട്.
[2, 3 പേജുകളിലെ ചിത്രങ്ങൾ]
രണ്ടും മൂന്നും പേജുകൾ: ഗ്രീസിലെ ഏഥൻസിൽ നിലംപൊത്തിയ ഒരു കെട്ടിടത്തിനുള്ളിൽ തന്റെ അമ്മ കുടുങ്ങിപ്പോയതായി മനസ്സിലാക്കിയ പരിഭ്രാന്തയായ ഒരു യുവതി. തന്റെ അഞ്ചു വയസ്സുള്ള മകൾ രക്ഷപ്പെടുത്തപ്പെട്ടതിൽ സന്തോഷഭരിതനായ ഒരു പിതാവ്
[കടപ്പാട്]
AP Photos/Dimitri Messinis