ഭൂകമ്പം—ഒരു അപഗ്രഥനം
ഭൂകമ്പം—ഒരു അപഗ്രഥനം
“ഉറപ്പുള്ള ഭൗമോപരിതലത്തിൽ ജീവിച്ചു ശീലിച്ചിരിക്കുന്ന നാം അത് ഇളകാൻ തുടങ്ങുമ്പോൾ പരിഭ്രാന്തരാകുന്നു.”—“രൗദ്ര ഭൂമി” (ഇംഗ്ലീഷ്).
“പ്രകൃതിയിലെ ഏറ്റവും വിനാശകവും ഉഗ്രവുമായ ശക്തികളിൽ ഒന്നാണ് ഭൂകമ്പങ്ങൾ” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. ആ പ്രസ്താവനയിൽ തെല്ലും അതിശയോക്തിയില്ല. കാരണം, വലിയ ഒരു ഭൂകമ്പത്തിന് ആദ്യത്തെ ആറ്റംബോംബ് പുറത്തു വിട്ടതിന്റെ 10,000 മടങ്ങ് ഊർജം പുറത്തു വിടാൻ കഴിയും! കൂടാതെ, ഋതുക്കൾ, കാലാവസ്ഥ, സമയം തുടങ്ങിയ വ്യത്യാസങ്ങളൊന്നും ഇല്ലാതെ ഭൂകമ്പങ്ങൾ ഉണ്ടായേക്കാം എന്നതും അതിന്റെ ഭീകരത വർധിപ്പിക്കുന്നു. ഇനിയും, ശക്തമായ ഭൂമികുലുക്കം അനുഭവപ്പെടാൻ ഇടയുള്ളത് എവിടെ ആണെന്നതിനെ കുറിച്ചു ശാസ്ത്രജ്ഞർക്ക് ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കാമെങ്കിലും അത് എപ്പോൾ സംഭവിക്കുമെന്നു കൃത്യമായി മുൻകൂട്ടി പറയാൻ അവർക്കാവില്ല.
ഭൂവൽക്കത്തിലെ ശിലാപടലങ്ങൾക്കു സ്ഥാനഭ്രംശം സംഭവിക്കുമ്പോഴാണ് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രവർത്തനം അവിരാമം നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ഭൂകമ്പ തരംഗങ്ങൾ പലപ്പോഴും ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടത്തക്കവിധം ശക്തമല്ല. എന്നാൽ, സീസ്മോഗ്രാഫ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ അവ കണ്ടുപിടിച്ചു രേഖപ്പെടുത്താൻ സാധിക്കും. പക്ഷേ മറ്റു ചിലപ്പോൾ വളരെയധികം പാറകൾ പൊട്ടിപ്പിളരുകയും കൂടുതൽ സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്യുന്നതിന്റെ ഫലമായി ഭൗമോപരിതലം അതിശക്തമായി കുലുങ്ങുന്നു.
എന്നാൽ ഭൂവൽക്കത്തിലെ അനുസ്യൂത ചലനങ്ങൾക്കു കാരണം എന്താണ്? “ഭൂശാസ്ത്ര രംഗത്തു വിപ്ലവം സൃഷ്ടിച്ച ഫലകവിവർത്തനിക (plate tectonics) സിദ്ധാന്തത്തിൽ അതിനുള്ള വിശദീകരണം കണ്ടെത്താനാകും” എന്ന് ‘ദേശീയ ഭൂകമ്പവിവര കേന്ദ്രം’ (എൻഇഐസി) പറയുന്നു. എൻഇഐസി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഭൗമോപരിതലം ഏഴു പ്രധാന ഫലകങ്ങൾ ചേർന്നതാണെന്നും അവ വീണ്ടും ചെറിയ ചെറിയ ഫലകങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നു എന്നും നമുക്ക് ഇപ്പോൾ അറിയാം. സദാ നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ഫലകങ്ങൾ പരസ്പരം അകലുകയോ അടുക്കുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്. ഓരോ വർഷവും ഇവയ്ക്ക് 10 മില്ലിമീറ്റർ മുതൽ 130 മില്ലിമീറ്റർ വരെ [1 ഇഞ്ചിന്റെ 3/8 മുതൽ 5 ഇഞ്ച് വരെ] സ്ഥാനഭ്രംശം സംഭവിക്കുന്നു.” ഫലകാതിർത്തി മേഖലകളിലാണ് മിക്ക ഭൂകമ്പങ്ങളും ഉണ്ടാകുന്നത് എന്ന് എൻഇഐസി പറയുന്നു. വലിയ ഭൂകമ്പങ്ങളിൽ 90 ശതമാനവും ഉണ്ടാകാൻ ഇടയുള്ളത് ഇവിടെയാണ്.
പരിമാണവും തീവ്രതയും
ഒരു ഭൂകമ്പത്തിന്റെ പരിമാണം (magnitude) അല്ലെങ്കിൽ തീവ്രത അളന്നുകൊണ്ട് അതിന്റെ ശക്തി കണക്കാക്കാൻ കഴിയും. ഭൂകമ്പങ്ങളുടെ പരിമാണം അളക്കുന്നതിനുള്ള ഒരു ഉപകരണം 1930-കളിൽ ചാൾസ് റിക്ടർ എന്ന വ്യക്തി വികസിപ്പിച്ചെടുത്തു. സീസ്മോഗ്രാഫ് സ്റ്റേഷനുകളുടെ എണ്ണം വർധിച്ചതോടെ റിക്ടറുടെ ആശയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മറ്റ് തോതുകളും വികസിപ്പിക്കപ്പെട്ടു. ഉദാഹരണത്തിന്,
ആഘൂർണ പരിമാണ തോത് (moment magnitude scale) ഒരു ഭൂകമ്പത്തിന്റെ ഉത്ഭവ കേന്ദ്രത്തിൽനിന്നു പുറന്തള്ളപ്പെടുന്ന ഊർജത്തെ അളക്കുന്നു.എന്നാൽ ഈ തോതുകൾ എല്ലായ്പോഴും ഒരു ഭൂകമ്പം വിതയ്ക്കുന്ന നാശത്തിന്റെ അളവ് സൂചിപ്പിക്കുന്നില്ല. 1994 ജൂണിൽ വടക്കൻ ബൊളീവിയയിൽ ഉണ്ടായ ഒരു ഭൂകമ്പത്തിന്റെ കാര്യമെടുക്കുക. റിപ്പോർട്ടനുസരിച്ച്, 8.2 പരിമാണ തോത് രേഖപ്പെടുത്തിയ ആ ഭൂകമ്പത്തിൽ അഞ്ചു പേർ മാത്രമാണ് കൊല്ലപ്പെട്ടത്. എന്നാൽ അതിനോടുള്ള താരതമ്യത്തിൽ 1976-ൽ ചൈനയിലെ ടാങ്ഷാനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പരിമാണ തോത് കുറവായിരുന്നെങ്കിലും (8.0), അത് ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കി!
പരിമാണ തോതിൽനിന്നു വ്യത്യസ്തമായി, തീവ്രതാ തോത് മനുഷ്യരുടെയും കെട്ടിടങ്ങളുടെയും പരിസ്ഥിതിയുടെയും മേലുള്ള ഭൂകമ്പത്തിന്റെ ഫലത്തെ കാണിക്കുന്നു. മനുഷ്യന് ഉണ്ടായ നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്ന ഒരു സമ്പ്രദായം ആണിത്. വാസ്തവത്തിൽ, കുലുക്കം അതിൽത്തന്നെ സാധാരണഗതിയിൽ മനുഷ്യർക്ക് ഉപദ്രവകരമല്ല. മറിച്ച്, ചുവരുകൾ ഇടിഞ്ഞു വീഴുന്നതും പ്രകൃതിവാതക, വൈദ്യുത ലൈനുകൾ പൊട്ടുന്നതും വസ്തുക്കൾ താഴെ വീഴുന്നതുമൊക്കെയാണ് ഏറ്റവും കൂടുതൽ പരിക്കുകൾക്കും മരണങ്ങൾക്കും ഇടയാക്കുന്നത്.
ഭൂകമ്പങ്ങളെ കുറിച്ചു നേരത്തേതന്നെ മുന്നറിയിപ്പു കൊടുക്കുക എന്നതാണ് ഭൂകമ്പ ശാസ്ത്രജ്ഞരുടെ ഒരു ലക്ഷ്യം. ശാസ്ത്രജ്ഞർ ഇപ്പോൾ ‘ആധുനിക ഭൂകമ്പ ഗവേഷണ, നിരീക്ഷണ സംവിധാനം’ എന്ന ഒരു ഡിജിറ്റൽ പ്രോഗ്രാം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, ഈ സംവിധാനത്തോടൊപ്പം വിവരങ്ങൾ പെട്ടെന്നു ലഭ്യമാക്കാനുള്ള വിദ്യകളും വളരെ കാര്യക്ഷമതയുള്ള സോഫ്റ്റ്വെയർ പ്രോഗ്രാമുകളും കൂടെ ആകുമ്പോൾ അധികൃതർക്ക് “ഭൂമികുലുക്കം ഏറ്റവും ശക്തമായി അനുഭവപ്പെട്ട പ്രദേശങ്ങൾ ഉടൻ മനസ്സിലാക്കാൻ കഴിയും.” ഭൂകമ്പബാധിത പ്രദേശങ്ങളിൽ എളുപ്പം സഹായം എത്തിക്കാൻ ഇത് അവരെ പ്രാപ്തരാക്കും.
തീർച്ചയായും, ഭൂകമ്പ സാധ്യത കണക്കിലെടുത്ത് അതിനായി ഒരുങ്ങിയിരിക്കുന്നത് പരിക്കുകളും വസ്തുനാശവും കുറയ്ക്കാനും ഏറ്റവും പ്രധാനമായി ജീവൻ രക്ഷിക്കാനും സഹായിക്കും. എന്നാൽ, ഭൂകമ്പങ്ങൾ തുടർന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിനാൽ ഒരു ചോദ്യം ഉയർന്നു വരുന്നു: ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ തരണം ചെയ്യാൻ ആളുകളെ സഹായിച്ചിരിക്കുന്നത് എന്താണ്? (g02 3/22)
[അടിക്കുറിപ്പ്]
ഭൂകമ്പസമയത്തെ പ്രതലചലനം അളന്നു രേഖപ്പെടുത്തുന്ന ഒരു ഉപകരണമാണ് സീസ്മോഗ്രാഫ്. ആദ്യമായി ഈ ഉപകരണം വികസിപ്പിച്ചെടുത്തത് 1890-ൽ ആയിരുന്നു. ഇന്ന് ലോകവ്യാപകമായി 4,000-ത്തിലേറെ സീസ്മോഗ്രാഫ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്.
[5-ാം പേജിലെ ചാർട്ട്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഭൂകമ്പങ്ങൾ എത്രതരം?
വിശേഷണം പരിമാണം വാർഷിക ശരാശരി
അതികഠിനം 8-ഓ അതിലധികമോ 1
കഠിനം 7-7.9 18
ശക്തം 6-6.9 120
മിതം 5-5.9 800
ലഘു 4-4.9 6,200
മൃദുലം 3-3.9 49,000
അതിമൃദുലം <3.0 പരിമാണം 2-3:
ദിവസവും 1,000-ത്തോളം
പരിമാണം 1-2:
ദിവസവും 8,000-ത്തോളം
ഏകദേശ കണക്ക്.
[കടപ്പാട്]
ഉറവിടം: ‘ദേശീയ ഭൂകമ്പ വിവര കേന്ദ്രം’ By permission of USGS/National Earthquake Information Center, USA
[5-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
4, 5 പേജുകളിലെ സീസ്മോഗ്രാം: Figure courtesy of the Berkeley Seismological Laboratory