ഭൂകമ്പങ്ങളും ബൈബിൾ പ്രവചനവും നിങ്ങളും
ഭൂകമ്പങ്ങളും ബൈബിൾ പ്രവചനവും നിങ്ങളും
യേശു തന്റെ മരണത്തിനു മുമ്പായി ഈ “വ്യവസ്ഥിതിയുടെ സമാപന”ത്തെ കുറിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും മുൻകൂട്ടി പറയുകയുണ്ടായി. പകർച്ചവ്യാധികൾ, ഭക്ഷ്യക്ഷാമം, വ്യാപകമായ യുദ്ധം എന്നിവ ആ കാലഘട്ടത്തെ തിരിച്ചറിയിക്കുമെന്ന് അവൻ പറഞ്ഞു. അക്കൂട്ടത്തിൽ ‘വലിയ ഭൂകമ്പങ്ങൾ അവിടവിടെ ഉണ്ടാകു’മെന്നും അവൻ പറഞ്ഞു. (മത്തായി 24:3, 7; ലൂക്കൊസ് 21:10, 11) യേശു നമ്മുടെ കാലത്തെ പരാമർശിക്കുകയായിരുന്നോ?
അല്ല എന്നു പലരും അഭിപ്രായപ്പെടുന്നു. ഭൂകമ്പങ്ങളുടെ എണ്ണത്തിൽ അടുത്ത ദശകങ്ങളിൽ ശ്രദ്ധാർഹമായ വർധനയൊന്നും ഉണ്ടായിട്ടില്ല എന്ന് അവർ പറയുന്നു. ‘യു.എസ്. ദേശീയ ഭൂകമ്പ വിവര കേന്ദ്ര’ത്തിന്റെ റിപ്പോർട്ടനുസരിച്ചാണെങ്കിൽ 7-ഓ അതിലധികമോ പരിമാണ തോതുള്ള ഭൂകമ്പങ്ങളുടെ എണ്ണത്തിൽ 20-ാം നൂറ്റാണ്ടിൽ ഉടനീളം “കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.” a
എന്നാൽ യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിക്ക് ഭൂകമ്പങ്ങളുടെ എണ്ണം അല്ലെങ്കിൽ ശക്തി വർധിക്കേണ്ടതില്ലെന്നു ശ്രദ്ധിക്കുക. വലിയ ഭൂകമ്പങ്ങൾ അവിടവിടെ ഉണ്ടാകുമെന്നു മാത്രമേ യേശു പറഞ്ഞുള്ളൂ. ഈ സംഭവങ്ങൾ ‘കഠോര വേദനയുടെ തുടക്കത്തെ’ കുറിക്കുമെന്നും അവൻ പറഞ്ഞു. (മത്തായി 24:8, NW) ഭൂകമ്പങ്ങളുടെ എണ്ണമോ റിക്ടർ പരിമാണ തോതോ അല്ല, മറിച്ച് മനുഷ്യരെ അത് എത്രമാത്രം ബാധിക്കുന്നു എന്നതാണ് വേദന അളക്കുന്നതിനുള്ള അടിസ്ഥാനം.
ഭൂകമ്പങ്ങൾ തീർച്ചയായും നമ്മുടെ കാലത്തു വളരെയധികം വേദനയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 20-ാം നൂറ്റാണ്ടിൽ ദശലക്ഷക്കണക്കിന് ആളുകൾ ഈ വിപത്തുകളുടെ ഫലമായി കൊല്ലപ്പെടുകയോ ഭവനരഹിതരാക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ഈ മരണങ്ങളിൽ മിക്കതും ഒഴിവാക്കാൻ കഴിയുന്നവ ആയിരുന്നു എന്നാണു വിദഗ്ധരുടെ അഭിപ്രായം. ബിബിസി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു: “വികസ്വര രാഷ്ട്രങ്ങളിൽ ത്വരിതഗതിയിലുള്ള നഗരവത്കരണം ചെലവുകുറഞ്ഞ വീടുകൾ പെട്ടെന്നു പണിയേണ്ടത് ആവശ്യമാക്കിത്തീർക്കുമ്പോൾ നിർമാണച്ചട്ടങ്ങളൊക്കെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുന്നു.” നഗരങ്ങളിലെ വിപത്തുകൾ വിശകലനം ചെയ്യുന്ന ബെൻ വിൻസർ സമീപകാലത്ത് ഉണ്ടായ രണ്ടു ദുരന്തങ്ങളെ കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ആളുകളുടെ മരണത്തിന് ഇടയാക്കിയതു ഭൂകമ്പങ്ങൾ ആയിരുന്നില്ല. മറിച്ച് മനുഷ്യന്റെ പിഴവുകളും നിസ്സംഗതയും അഴിമതിയും അത്യാഗ്രഹവും ഒക്കെയായിരുന്നു.”
അതേ, ചിലസമയങ്ങളിൽ ഒരു ഭൂകമ്പത്തെ മാരകമാക്കിത്തീർക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങൾ മനുഷ്യന്റെ സ്വാർഥതയും അശ്രദ്ധയുമാണ്. ‘അന്ത്യകാല’ത്തെ കുറിച്ചുള്ള മറ്റൊരു ബൈബിൾ പ്രവചനത്തിൽ ഇത്തരം ദുർഗുണങ്ങൾ പരാമർശിച്ചിരിക്കുന്നു എന്നതു താത്പര്യജനകമാണ്. ആ സമയത്ത് ആളുകൾ ‘സ്വാർത്ഥരും ദ്രവ്യാഗ്രഹികളും വാത്സല്യമില്ലാത്തവരും’ ആയിരിക്കുമെന്നു ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 3:1-5, NW) വ്യവസ്ഥിതിയുടെ സമാപനത്തെ കുറിച്ചുള്ള യേശുവിന്റെ പ്രസ്താവനയോടൊപ്പം ഈ പ്രവചനവും യാതന അനുഭവിക്കുന്ന മനുഷ്യവർഗത്തിന് ആശ്വാസം കൈവരുത്താനുള്ള ദൈവത്തിന്റെ സമയം അടുത്തു വരികയാണെന്നുള്ളതിനു വ്യക്തമായ തെളിവു നൽകുന്നു. അപ്പോൾ, ഭൂകമ്പങ്ങൾ ഉൾപ്പെടെ ഇന്നു വേദനയ്ക്കും കഷ്ടപ്പാടിനും ഇടയാക്കുന്ന എല്ലാ സംഗതികളും പൊയ്പോയിരിക്കും.—സങ്കീർത്തനം 37:11.
ഈ ബൈബിളധിഷ്ഠിത പ്രത്യാശയെ കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ 5-ാം പേജിലെ ഉചിതമായ മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക. (g02 3/22)
[അടിക്കുറിപ്പ്]
a ഭൂകമ്പങ്ങളുടെ എണ്ണത്തിൽ എന്തെങ്കിലും വർധന റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അത് കൂടുതൽ ഭൂകമ്പ തരംഗങ്ങളുടെ രേഖപ്പെടുത്തൽ സാധ്യമാക്കിയിരിക്കുന്ന സാങ്കേതിക വിദ്യയിലെ പുരോഗതിയുടെ ഫലം മാത്രമാണെന്നു ചിലർ പറയുന്നു.