ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
മത്സ്യത്തൊലികൊണ്ട് പാദരക്ഷകൾ
ലിമയിലെ വർത്തമാനപ്പത്രമായ എൽ കോമേഴ്സ്യോ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, പെറുവിലെ ആൻഡീസ് പർവതപ്രദേശത്ത് ഒരു പുതിയ വ്യവസായം ആരംഭിച്ചിരിക്കുന്നു—മത്സ്യത്തൊലികൊണ്ടുള്ള പാദരക്ഷ നിർമാണം. മീൻമുട്ടകൾ വിരിയിക്കുന്ന ശാലകളിൽനിന്നും മത്സ്യ ഫാമുകളിൽനിന്നും ലഭിക്കുന്ന തൊലി വൃത്തിയാക്കി, പ്രകൃതിജന്യ പദാർഥങ്ങൾ ഉപയോഗിച്ച് ഊറയ്ക്കിടുന്നു. തുടർന്ന് അവയിൽ എണ്ണയിട്ടശേഷം മഞ്ഞൾ, കൊക്കിനിയൽ, ആച്ചിയോട്ടെ എന്നിങ്ങനെയുള്ള പ്രകൃതി വസ്തുക്കൾ ഉപയോഗിച്ചു ചായം പൂശുന്നു. ഈ പ്രക്രിയ തൊലിപ്പുറത്തെ ആകർഷകമായ വജ്രാകാര രൂപമാതൃകകൾക്കു കോട്ടം വരുത്തുന്നില്ല. ഈ തോൽ “കൊച്ചുബാഗുകൾ, പേഴ്സ്, വാച്ചിന്റെ സ്ട്രാപ്പ്, മൊബൈൽ ഫോൺ ഉറകൾ” എന്നിവ നിർമിക്കാനും ഉപയോഗിക്കാം. ഈ സംരംഭത്തിനു നേതൃത്വം നൽകിയ വ്യാവസായിക എഞ്ചിനീയർ ബാർബറ ലേയോൺ പറയുന്നു: “ഊറയ്ക്കിടുന്നതിന് ക്രോമിയം പോലുള്ള കൃത്രിമ പദാർഥങ്ങൾ ഉപയോഗിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാന സംഗതി. അതുകൊണ്ടുതന്നെ മലിനീകരണമെന്ന പ്രശ്നമേ ഉദിക്കുന്നില്ല, മത്സ്യത്തൊലി പരിസ്ഥിതിക്ക് യാതൊരുവിധ ദോഷവും ചെയ്യുകയില്ല.”(g02 3/8)
ചിരി—ഇപ്പോഴും ഏറ്റവും മികച്ച ഔഷധം!
“നാല് ആഴ്ചത്തേക്ക് ദിവസവും അൽപ്പം തമാശ—വിഷാദലക്ഷണങ്ങൾ കുറയ്ക്കുന്നതിൽ ഇത് അങ്ങേയറ്റം ഫലപ്രദം ആയിരിക്കുന്നതായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു” എന്ന് ലണ്ടനിലെ ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടു ചെയ്യുന്നു. “ചികിത്സയുടെ ഭാഗമായി ദിവസവും 30 മിനിട്ടു നേരം തമാശ കാസെറ്റുകൾ ശ്രദ്ധിച്ച രോഗികളിൽ ചിലർ പൂർണ സൗഖ്യം പ്രാപിച്ചപ്പോൾ മറ്റു ചിലർ തങ്ങളുടെ രോഗലക്ഷണങ്ങളിൽ പകുതിയും ഇല്ലാതായിരിക്കുന്നതായി കണ്ടെത്തി.” നർമത്തിന്റെ ഫലമായുള്ള ചിരി പ്രയോജനപ്രദമാണെന്ന് ഐക്യനാടുകളിൽ നടത്തപ്പെട്ട 100-ലധികം പഠനങ്ങൾ കാണിച്ചിരിക്കുന്നു. വിഷാദരോഗികൾക്കു മാത്രമല്ല, അലർജി, കൂടിയ രക്തസമ്മർദം, ദുർബലമായ രോഗപ്രതിരോധ വ്യവസ്ഥ ഒക്കെ ഉള്ളവർക്കും, എന്തിന് കാൻസറും റൂമറ്റോയിഡ് ആർത്രൈറ്റിസും ഉള്ള രോഗികൾക്കു പോലും, ഈ ചികിത്സകൊണ്ടു നല്ല ഗുണമുണ്ടായിട്ടുണ്ട്. ചിരി ആരോഗ്യത്തിനു നല്ലതാണെന്നുള്ളത് കാലങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ്. എന്നാൽ അത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും, മനശ്ശാസ്ത്രവിദഗ്ധനായ ഡോ. എഡ് ഡങ്കിൾബ്ലൗ ഇങ്ങനെയൊരു മുന്നറിയിപ്പു നൽകുന്നു: മറ്റുള്ളവരെ അപമാനിക്കുന്ന തരം തമാശ ഒഴിവാക്കുക. അതുപോലെ തമാശ അതിരുകടക്കാതിരിക്കാനും ശ്രദ്ധിക്കണം. അല്ലെങ്കിൽ, തന്റെ പ്രശ്നം ആരും ഗൗരവത്തോടെ എടുക്കുന്നില്ലെന്ന് രോഗിക്കു തോന്നിയേക്കാം. (g02 3/8)
മതത്തിനു രണ്ടാം സ്ഥാനം
ബ്രസീലിയൻ നഗരങ്ങളിലെ പ്രായപൂർത്തിയായ ദരിദ്രർക്കിടയിൽ നടത്തിയ ഒരു സർവേ അനുസരിച്ച് അവരിൽ 67 ശതമാനം കത്തോലിക്കരാണെന്ന് അവകാശപ്പെട്ടെങ്കിലും, 35 ശതമാനത്തിനു മാത്രമേ യേശുവിലും മറിയയിലും സഭാ പഠിപ്പിക്കലുകളിലും വിശ്വാസം ഉണ്ടായിരുന്നുള്ളൂ. അതിലും കുറവാണ്—വെറും 30 ശതമാനം—എല്ലാ ആഴ്ചയിലും പള്ളിയിൽ പോകുന്നവരുടെ എണ്ണം. ബ്രസീലിലെ ബിഷപ്പുമാരുടെ ദേശീയ കോൺഫറൻസിന്റെ നിർദേശപ്രകാരം നടത്തപ്പെട്ട സർവേ, അനേകരും വിവാഹപൂർവ ലൈംഗികത (44 ശതമാനം), വിവാഹമോചനം (59 ശതമാനം), പുനർവിവാഹം (63 ശതമാനം), ഗർഭനിരോധനം (73 ശതമാനം) എന്നിവ സംബന്ധിച്ച സഭയുടെ ഔദ്യോഗിക പഠിപ്പിക്കലുകളുമായി വിയോജിക്കുന്നുവെന്നു വ്യക്തമാക്കി. ദൈവശാസ്ത്രജ്ഞനായ സെവെറിനോ വിസേൻറ്റെ പറയുന്നതനുസരിച്ച്, വൈദിക ക്ഷാമം, ബ്രസീലിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്മേലുള്ള സ്വാധീന നഷ്ടം, പൊള്ളയായ പഠിപ്പിക്കലുകൾ എന്നിവയെല്ലാം സഭയുടെ നില പരുങ്ങലിലാക്കുകയാണ്. അദ്ദേഹം പറയുന്നു: “കത്തോലിക്കരുടെ പുതിയ തലമുറ, വിശ്വാസങ്ങൾ വ്യക്തിപരമായ കാര്യമാണ് എന്ന ചിന്താഗതിക്കാരാണ്. അവർ മതത്തിനു മുഖ്യ സ്ഥാനം നൽകുന്നില്ല.”(g02 3/8)
ഉച്ചമയക്കത്തിന്റെ ശക്തി
ബ്രിട്ടനിലെ ലഫ്ബൊറ സർവകലാശാലയിലെ നിദ്രാ വിദഗ്ധൻ, പ്രൊഫസർ ജിം ഹോൺ പറയുന്നതനുസരിച്ച്, ഉച്ചകഴിഞ്ഞത്തെ ഉറക്കം തൂങ്ങലിനുള്ള ഏറ്റവും നല്ല പരിഹാരം “ഉച്ചയ്ക്ക് ഒരു പത്തു മിനിട്ട് മയങ്ങുന്നതാണ്” എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “അത് മറ്റേതൊരു ചികിത്സയും പോലെതന്നെയാണ്: പ്രശ്നം അനുഭവപ്പെടാൻ ഇടയുള്ള സമയത്തോട് എത്ര അടുത്താണോ ചികിത്സ ലഭ്യമാക്കുന്നത് അത് അത്ര ഫലപ്രദമായിരിക്കും” എന്ന് ഹോൺ പറയുന്നു. ഐക്യനാടുകളിലെ ചില കമ്പനികൾ, കിടക്ക, പുതപ്പ്, തലയിണ, ഉറക്കത്തിനു സഹായകമായ ശബ്ദങ്ങൾ എന്നിവയും ഓരോ 20 മിനിട്ടു കൂടുമ്പോഴും അടിക്കുന്ന അലാറങ്ങളും സഹിതം ജോലിക്കാർക്കായി പ്രത്യേകം സജ്ജീകരിച്ച ഉച്ചമയക്ക മുറികൾ തന്നെ ഒരുക്കിയിട്ടുണ്ട്. എന്നാൽ കൂടുതൽ സമയം, ഉദാഹരണത്തിന് 25 മിനിട്ട് ഉറങ്ങുന്നുവെന്നിരിക്കട്ടെ, ഉണരുമ്പോൾ നിങ്ങൾക്ക് ഉന്മേഷം തോന്നാൻ ഇടയില്ല എന്ന് പ്രൊഫസർ ഹോൺ മുന്നറിയിപ്പു നൽകുന്നു. കാരണം, “ഉറങ്ങുമ്പോൾ പത്തു മിനിട്ടു കഴിഞ്ഞാൽ ശരീരം അതു രാത്രിയാണെന്നു തെറ്റിദ്ധരിച്ചുകൊണ്ട് ഗാഢനിദ്രയിലേക്ക് ആണ്ടുപോകും.”(g02 3/8)
പൊണ്ണത്തടിയും കാൻസറും
“പാശ്ചാത്യ നാടുകളിൽ പുകവലിക്കാത്തവരുടെ ഇടയിൽ കാൻസറിന് ഇടയാക്കുന്നതും എന്നാൽ ഒഴിവാക്കാനാകുന്നതുമായ ഘടകങ്ങളിൽ ഏറ്റവും മുഖ്യം പൊണ്ണത്തടിയാണ്” എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ജീവിത ശൈലിയിലെ മാറ്റത്തിന്—അമിതവണ്ണം കുറയ്ക്കുന്നത് ഉൾപ്പെടെ—പുകവലിക്കാത്തവരുടെ ഇടയിലെ കാൻസർ നിരക്ക് പകുതിയായി കുറയ്ക്കാനാകുമെന്ന് അമ്പതു വർഷത്തെ ഗവേഷണ ഫലങ്ങൾ കാണിച്ചിരിക്കുന്നു. “നിങ്ങൾ പുകവലിക്കാത്ത ആളാണെങ്കിൽ അമിതവണ്ണം, ഉദരത്തിലെയും ഗർഭാശയമുഖത്തെയും കാൻസറിന് കാരണമായ വൈറസുകൾ എന്നിവയാണ് ഏറ്റവുമധികം ശ്രദ്ധ അർഹിക്കുന്ന കാര്യങ്ങൾ” എന്ന് ബ്രിട്ടനിലെ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ജൂലിയൻ പീറ്റോ പറയുന്നു. “ആഹാരക്രമം നിയന്ത്രിച്ചുകൊണ്ട് ജന്തുക്കളിൽ നടത്തിയ പരീക്ഷണങ്ങൾ അവയിൽ കാൻസർ സാധ്യത വളരെ കുറച്ചതായി കാണിച്ചു.” പ്രായം, ലിംഗം, ഉയരം, ശരീരഘടന എന്നീ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ അഭികാമ്യമായ ശരീരഭാരത്തെക്കാൾ 20 ശതമാനം കൂടുതലാണ് ഒരു വ്യക്തിയുടെ തൂക്കമെങ്കിൽ, വൈദ്യശാസ്ത്രപരമായി ആ വ്യക്തിയെ പൊണ്ണത്തടിയുള്ളവരുടെ ഗണത്തിൽ പെടുത്താം. (g02 3/8)
വിവാഹത്തിനു മുമ്പ് ഒരുമിച്ചു പാർക്കൽ
“വിവാഹത്തിനു മുമ്പ് ഒരുമിച്ചു ജീവിച്ചിട്ടുള്ള മാതാപിതാക്കൾ വേർപിരിയാനുള്ള സാധ്യത ഏതാണ്ട് ഇരട്ടിയാണ്” എന്നു കാനഡയിലെ നാഷണൽ പോസ്റ്റ് പറയുന്നു. ഒരു കുഞ്ഞ് ഉണ്ടായിരിക്കുന്നത് മാതാപിതാക്കൾക്കു പരസ്പരമുള്ള പ്രതിബദ്ധതയുടെ തെളിവ് ആണെന്നു കണ്ടെത്താനാണു ഗവേഷകർ പ്രതീക്ഷിച്ചത് എന്ന് ‘സ്റ്റാറ്റിസ്റ്റിക്സ് കാനഡ’ നടത്തിയ ഒരു പഠനത്തിൽ പങ്കെടുത്ത ഹെതർ ജൂബി പറഞ്ഞു. “എന്നാൽ, വിവാഹം കൂടാതെ ഒരുമിച്ചു ജീവിക്കാൻ തയ്യാറാകുന്നവർ ബന്ധം വേർപെടുത്താനും എളുപ്പം തയ്യാറാകുന്നു.” വിവാഹത്തിനു മുമ്പ് ഒരുമിച്ചു ജീവിച്ചവരിൽ 25.4 ശതമാനം വേർപിരിഞ്ഞപ്പോൾ, അങ്ങനെ ചെയ്യാഞ്ഞവരിൽ 13.6 ശതമാനം മാത്രമേ വേർപിരിഞ്ഞുള്ളൂ എന്ന് ഗവേഷകർ കണ്ടെത്തി. “വിവാഹത്തിനു മുമ്പ് ഒരുമിച്ചു ജീവിക്കുന്നവരുടെ ബന്ധത്തിന് അത്ര ഉറപ്പില്ല. കാരണം, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കാൻ തയ്യാറാകുന്നവർ ഒരുപക്ഷേ വിവാഹപ്രതിബദ്ധതയുടെ മൂല്യത്തെ കുറച്ചു കാണുന്നവർ ആയിരിക്കാം” എന്നു ജൂബി പറയുന്നു. (g02 3/8)
ഇന്റർനെറ്റിലെ സ്മാരക ശുശ്രൂഷകൾ
ദ ജപ്പാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, ഇപ്പോൾ ഇന്റർനെറ്റിൽ കല്ലറകൾ സന്ദർശിക്കുക സാധ്യമാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മരിച്ചയാൾക്ക് ഇന്റർനെറ്റിലൂടെ ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയും. കല്ലറയുടെ ചിത്രത്തോടൊപ്പം മരിച്ചയാളുടെ ഫോട്ടോയും വ്യക്തിയെ കുറിച്ചു ചുരുക്കത്തിലുള്ള വിശദാംശങ്ങളും കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയും. സന്ദർശകർക്ക് സന്ദേശങ്ങൾ എഴുതാനുള്ള ഒരു ഇടവുമുണ്ട്. ബുദ്ധമതക്കാരായ സന്ദർശകരുടെ ആവശ്യങ്ങൾ മാനിച്ച് കമ്പ്യൂട്ടർ മൗസ് ഉപയോഗിച്ച് പുഷ്പഫലാദികളും സാമ്പ്രാണിത്തിരികളും ലഹരിപാനീയങ്ങളും ഒക്കെ സ്ക്രീനിലെ കല്ലറയ്ക്കൽ അർപ്പിക്കാനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. ഇന്റർനെറ്റ് സ്മാരക ശൂശ്രൂഷാ കമ്പനിയുടെ പ്രസിഡന്റ് റ്റാഡാഷി വാട്ടാനാബെ പറയുന്നതനുസരിച്ച്, “വിദേശതാമസക്കാരെ പോലെ കൂടെക്കൂടെ നേരിട്ടു കല്ലറ സന്ദർശിക്കാൻ കഴിയാത്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രായോഗികമായ ഒരു ആശയമാണ് ഇതെന്നാണ് ചിലരുടെ അഭിപ്രായം.”(g02 3/22)
ആർട്ടിക് മുന്നറിയിപ്പ്
“വ്യാവസായിക വികസനത്തിന്റെ തോത് കുറയാത്തപക്ഷം ഈ നൂറ്റാണ്ടിന്റെ പകുതി ആകുമ്പോഴേക്കും, എളുപ്പത്തിൽ നശിപ്പിക്കപ്പെടാവുന്ന ആർട്ടിക് മേഖലയുടെ ഏതാണ്ട് 80 ശതമാനത്തിനു സാരമായ ക്ഷതമേറ്റിരിക്കും” എന്നു കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ വർത്തമാനപ്പത്രം പറയുന്നു. ‘യുഎൻ പരിസ്ഥിതി പ്രോഗ്രാം’ തയ്യാറാക്കിയ ഒരു റിപ്പോർട്ട് മുഴു ആർട്ടിക് മേഖലയിലും മനുഷ്യർ നടത്തിയിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ വർധിച്ചുവരുന്ന അനന്തരഫലങ്ങളെ കുറിച്ച് അഭിപ്രായപ്പെടുന്നു. അതനുസരിച്ച്, അവിടെ 1940 മുതൽ 1990 വരെ നടത്തപ്പെട്ട അതേ തോതിൽ വ്യാവസായിക വികസനം തുടരുകയാണെങ്കിൽ അതിന്റെ ഫലങ്ങൾ വിപത്കരമായിരിക്കും. പല ആർട്ടിക് ജന്തുക്കളും ദേശാടനം ചെയ്യുന്നവ ആയതിനാൽ ഈ ഹാനി മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ ഇടയുണ്ടെന്ന് അതു പറയുന്നു. “ഇപ്പോൾത്തന്നെ വ്യാവസായിക വികസനം ലോകത്തിലെ ആർട്ടിക് മേഖലയുടെ 10-15 ശതമാനത്തെ [പ്രതികൂലമായി] ബാധിച്ചിരിക്കുന്നു” എന്ന് പത്രറിപ്പോർട്ട് പറയുന്നു. (g02 3/22)
കാര്യജ്ഞാനത്തോടെയുള്ള സമ്മതം—നിലപാടിൽ മാറ്റമില്ല
ഇറ്റലിയിലെ ആരോഗ്യ മന്ത്രാലയം ആദ്യമായി 1991 ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്ന് പത്തു വർഷത്തിനു ശേഷം വീണ്ടും രോഗിയുടെ കാര്യജ്ഞാനത്തോടെയുള്ള സമ്മതം കൂടാതെ രക്തപ്പകർച്ച നടത്താൻ പാടില്ല എന്ന് എടുത്തു പറഞ്ഞിരിക്കുന്നു. 2001 ജനുവരി 25-ന് പുറപ്പെടുവിച്ച ഈ ഉത്തരവ് ഗാറ്റ്സെറ്റാ ഊഫിചിയാലെ ഡെല്ലാ റേപൂബ്ലിക്കാ ഇറ്റാലിയാനയിൽ (ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ഗസെറ്റ്) പ്രസിദ്ധീകരിച്ചു. അതിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “രക്തമോ രക്തഘടകങ്ങളോ ഘടകാംശങ്ങളോ ഉപയോഗിച്ചുള്ള ചികിത്സ അപകടവിമുക്തമല്ലെന്ന് അറിയിച്ചശേഷം, രോഗി തന്റെ സമ്മതമോ വിസ്സമ്മതമോ രേഖാമൂലം നൽകേണ്ടതാണ്.” (g02 3/22)
ഗർഭിണികൾ മർദനത്തിന് ഇരകൾ
“ഗർഭകാലത്ത് സാധാരണമായി ഉണ്ടാകാൻ ഇടയുള്ള ആരോഗ്യപ്രശ്നങ്ങളെക്കാൾ കൂടുതലായി ഇണയിൽനിന്നുള്ള അക്രമം അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യുന്നതായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു” എന്ന് ലണ്ടനിലെ ദി ഇൻഡിപെൻഡന്റ് പറയുന്നു. “ബ്രിട്ടനിൽ വീടുകളിലെ അക്രമം സംബന്ധിച്ച് റോയൽ കോളെജ് ഓഫ് ഓബ്സ്റ്റെട്രിഷ്യൻസ് നടത്തിയ ഒരു പഠനം, സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിൽ മൂന്നിലൊന്നും ആദ്യമായി അരങ്ങേറിയത് അവർ ഗർഭിണികൾ ആയിരിക്കെയാണെന്നു കാണിച്ചു. ഒരു കുഞ്ഞ് ഉണ്ടാകാൻ പോകുന്നു എന്ന വസ്തുത ജനിപ്പിക്കുന്ന അസൂയ ചില പുരുഷന്മാർ അക്രമാസക്തരായിത്തീരാൻ ഇടയാക്കുന്നു എന്നതിന് വർധിച്ചുവരുന്ന തെളിവുകൾ ഉണ്ട്.” “യുകെ-യിലെ കണക്കുകൾ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു” എന്നു റോയൽ കോളെജ് ഓഫ് ഓബ്സ്റ്റെട്രിഷ്യൻസിലെ പ്രൊഫസർ ജെയിംസ് ഡ്രൈഫ് പറഞ്ഞു. ഐക്യനാടുകളിൽ നടത്തിയ സമാനമായ ഒരു പഠനം അവിടെ ഗർഭിണികൾക്കിടയിലെ മരണങ്ങളിൽ അഞ്ചിലൊന്ന് കൊലപാതമാണെന്നു കാണിച്ചു. അങ്ങനെ അത് അവിടത്തെ “ഗർഭിണികളുടെ മരണകാരണങ്ങളിൽ ഏറ്റവും സാധാരണമായത് ആയിത്തീർന്നിരിക്കുന്നു.”(g02 3/22)